കൗരവസഭയിലെ കൃഷ്ണന്‍; വഖഫ് ബോര്‍ഡ് ചര്‍ച്ചയില്‍ കെ.സി വേണുഗോപാല്‍ പറഞ്ഞുവെക്കുന്നത്
'ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് വേര്‍തിരിക്കേണ്ടതുണ്ട്' എന്ന് മലയാളത്തിലെ എക്കാലത്തേയും വലിയ എഴുത്തുകാരനായ ഒ.വി വിജയന്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ആ സാംസ്‌കാരിക ദൗത്യം തന്നെയാണ്, മലയാളിയായ ഒരു രാഷ്ട്രീയ നേതാവിലൂടെ ഇപ്പോള്‍ നിര്‍വഹിക്കപ്പെടുന്നതും.
'who is afraid of virginia woolf ' (വിര്‍ജീനിയ വൂള്‍ഫിനെ ആര്‍ക്കാണ് പേടി) എന്ന നാടകത്തിന്റെ ശീര്‍ഷകം വി.കെ.എന്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ 'വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ് പേടി' എന്നാണ് ആയത്. അതെന്തായാലും, കഴിഞ്ഞ പാര്‍ലമെന്റ് സെഷന്‍ കണ്ട് കഴിഞ്ഞ ആളുകളെ സംബന്ധിച്ച് ആലോചിക്കാവുന്ന ഒരു ശീര്‍ഷകം 'ഗുരുവായൂരപ്പനെ ദില്ലിയില്‍ ആരാണ് പേടിക്കേണ്ടത്?' എന്ന് കൂടിയാണ്. ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്, അടുത്തടുത്ത ദിവസങ്ങളുടെ ഇടവേളയില്‍ ഗുരുവായൂര്‍ ക്ഷേത്രം പരാമര്‍ശിക്കപ്പെടുന്നത്. വിശ്വാസികളെ സംബന്ധിച്ച് ഗുരുവായൂരപ്പന്‍ ആശ്രിത വത്സലനും ആപല്‍ബാന്ധവനും ആണ്. അതേസമയം, ശരാശരി മലയാളിയെ സംബന്ധിച്ച് ഗുരുവായൂരപ്പന്‍ വിശ്വാസത്തിന്റെ കള്ളിയില്‍ മാത്രം ഒതുക്കാന്‍ കഴിയുന്ന ഒരു പ്രതിഭാസം അല്ല, മറിച്ച് അത് സംസ്‌കാരിക സഞ്ചയത്തിന്റേയും കൂടി ഭാഗമാണ്.
ഏറ്റവും അവസാനം ലോക്‌സഭയില്‍ കെ.സി വേണുഗോപാലിന്റെ പ്രസംഗത്തില്‍ ഗുരുവായൂരമ്പലം കടന്ന് വരുന്നത് വഖഫ് നിയമ ഭേദഗതികളുമായി ബന്ധപ്പെട്ടിട്ടാണ്. ആ പ്രസംഗത്തില്‍ വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിലെ പ്രകടമായ അനീതിയെ അദ്ദേഹം ചോദ്യം ചെയ്യുന്നത്, അയോധ്യയിലോ, ഗുരുവായൂരിലോ അത് സാധ്യമാണോയെന്ന ഒറ്റ ചോദ്യത്തിലൂടെയാണ്.
ഗുരുവായൂരപ്പനെക്കുറിച്ച് എഴുതിയിട്ടുള്ളത് പരമഭക്തരായിരുന്ന പൂന്താനവും മേല്‍പ്പുത്തൂരും മാത്രമല്ല, ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ ആവുന്നതിന് മുന്‍പുള്ള മാധവിക്കുട്ടിക്കും, ഇസ്‌ലാംമത വിശ്വാസി തന്നെയായ യൂസഫലി കേച്ചേരിക്കും കൂടി അവകാശപ്പെട്ടതാണ് സര്‍ഗസപര്യയിലെ ഗുരുവായൂരപ്പന്‍. അതേസമയം ഗുരുവായൂരപ്പന്‍ ഒരു രാഷ്ട്രീയ രൂപകം ആവുന്നത് കെ. കരുണാകരനോട് കൂടിയാണ്. കരുണാകരന്റെ ഗുരുവായൂര്‍ യാത്രകളെ പലതവണ രാഷ്ട്രീയ എതിരാളികള്‍ കേരള നിയമസഭയില്‍ പരിഹസിച്ചിട്ടുണ്ട്. അതിനെയെല്ലാം അനുയായികളുടെ ലീഡര്‍ സ്വതസിദ്ധമായ മന്ദഹാസത്തോട് കൂടിയാണ് നേരിട്ടത്. അതേസമയം, വിശ്വാസിയായ കരുണാകരന് ഏറ്റവും വലിയ പ്രതിബന്ധം സൃഷ്ടിച്ചത് സംഘ്പരിവാര്‍ തന്നെയാണ്. നിലയ്ക്കല്‍ സമരകാലത്ത് ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ഉള്ള സംഘ്പരിവാര്‍ പദ്ധതികളെ പൊളിച്ചതിന്റെ പേരില്‍, അവര്‍ അദ്ദേഹത്തിന്റെ ആരാധാനാ സ്വാതന്ത്ര്യത്തെപ്പോലും അപകടത്തില്‍പെടുത്തി. അക്കാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ തൊഴാനെത്തിയ കരുണാകരനെ ആര്‍.എസ്.എസ്സുകാര്‍ തടസ്സപ്പെടുത്തുകയും, അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അതായത് കരുണാകരന്റെ ഗുരുവായൂര്‍ യാത്രകള്‍ അറിഞ്ഞോ അറിയായെയോ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ രാഷ്ട്രീയ ദൗത്യം കൂടി നിര്‍വഹിച്ചിരുന്നു അന്ന് കേരളത്തില്‍. ഇപ്പോള്‍ ദല്‍ഹിയില്‍ വെറുപ്പിന്റെ ധ്രുവീകരണത്തിനെതിരില്‍ സാക്ഷാല്‍ ഗുരുവായൂരപ്പനെ സാക്ഷി നിര്‍ത്തി സംസാരിക്കുന്നത്, കണ്ണൂരിലെ കണ്ണോത്ത് കരുണാകരന്റെ അതേ കളരിയില്‍ നിന്ന് വരുന്ന മറ്റൊരു കണ്ണൂരുകാരന്‍ കെ.സി വേണുഗോപാല്‍ ആവുന്നത് ചരിത്രത്തിലെ മറ്റൊരു യാദൃശ്ചികത മാത്രം ആവാം.
ഏറ്റവും അവസാനം ലോക്‌സഭയില്‍ കെ.സി വേണുഗോപാലിന്റെ പ്രസംഗത്തില്‍ ഗുരുവായൂരമ്പലം കടന്ന് വരുന്നത് വഖഫ് നിയമ ഭേദഗതികളുമായി ബന്ധപ്പെട്ടിട്ടാണ്. ആ പ്രസംഗത്തില്‍ വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിലെ പ്രകടമായ അനീതിയെ അദ്ദേഹം ചോദ്യം ചെയ്യുന്നത്, അയോധ്യയിലോ, ഗുരുവായൂരിലോ അത് സാധ്യമാണോയെന്ന ഒറ്റ ചോദ്യത്തിലൂടെയാണ്. അതിന് മുന്‍പ് ലോക്‌സഭയില്‍ കെ.സി വേണുഗോപാല്‍ നടത്തിയ പ്രസംഗത്തിന്റെ തുടര്‍ച്ചയായി തന്നെ വേണം ഈ പ്രസംഗത്തേയും കാണാന്‍. അന്നത്തെ പ്രസംഗം 'ഞാന്‍ മാസത്തിലൊരിക്കല്‍ ഗുരുവായൂരില്‍ പോവും, വര്‍ഷത്തിലൊരിക്കല്‍ ശബരിമലയില്‍ പോവും, പക്ഷേ, വത്തിക്കാനിലും അജ്മീറിലും പോവും. 'രണ്ട് പ്രസംഗങ്ങളുടേയും രത്‌നചുരുക്കം രണ്ട് കാര്യങ്ങള്‍ ആണ്. 1, സ്വന്തം വിശ്വാസത്തിലുള്ള അപകര്‍ഷതാരഹിതമായ ആത്മവിശ്വാസം 2, അതേസമയം അപരവിശ്വാസങ്ങളോടും ഉള്ള ആദരവ്. രണ്ടിലും ഏറ്റവും വലിയ മാതൃക ഗാന്ധി തന്നെയാണ്.
വിഭജനകാലത്ത് മുസ്‌ലിംകളുടെ ജീവനും സ്വത്തിനും കാവല്‍ നിന്നതിന്റെ പേരിലാണ്, ഗാന്ധിയെ ഹിന്ദുത്വതീവ്രവാദം കൊന്ന് കളഞ്ഞത്. വിഭജനാനന്തരം മുസ്‌ലിംകളുടെ സ്വത്ത് സംഘടിതമായും, നിയമത്തിന്റെ പിന്‍ബലത്തോടെയും നടപ്പക്കാനുള്ള ഏറ്റവും വലിയ നീക്കം ആണ് ഇപ്പോള്‍ വഖഫ് നിയമഭേദഗതിയുടെ പേരില്‍ നടക്കുന്നത്. ഗാന്ധിയന്‍ ധാര്‍മികതയുടെ പുനരുജ്ജീവനം മാത്രം ആണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് മുന്നിലുള്ള ഏക പോംവഴി. കെ.സി വേണുഗോപാലിന്റെ പ്രസംഗത്തില്‍ ഗോഡ്‌സെയുടെ വഴിയ്ക്ക് പ്രതിവിധിയായി ഗാന്ധിയുടെ വഴിയെ അവതരിപ്പിക്കുന്നുണ്ട്. 'ഗാന്ധിയും ഗോഡ്‌സെയും ഗീതയില്‍ വിശ്വസിച്ചവര്‍ ആണ്. ഗാന്ധി ഗീതയില്‍ സഹിഷ്ണുതയും അഹിംസയും കണ്ടെത്തിയപ്പോള്‍, ഗോഡ്‌സെ അതിനെ അക്രമം പ്രവത്തിക്കാനുള്ള പ്രചോദനമാക്കി, ഞങ്ങള്‍ വിശ്വസിക്കുന്നത് ഗാന്ധിയുടെ ഹിന്ദൂയിസത്തിലാണ്, അല്ലാതെ ഗോഡ്‌സേയുടേതിലല്ലാ. 'ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് വേര്‍തിരിക്കേണ്ടതുണ്ട് എന്ന് മലയാളത്തിലെ എക്കാലത്തേയും വലിയ എഴുത്തുകാരനായ ഒ.വി വിജയന്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ആ സാംസ്‌കാരിക ദൗത്യം തന്നെയാണ്, മലയാളിയായ ഒരു രാഷ്ട്രീയ നേതാവിലൂടെ ഇപ്പോള്‍ നിര്‍വഹിക്കപ്പെടുന്നതും. കൗരവസഭയിലേക്ക് സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ദൂതുപോകുന്നത്, ദുര്യോധനനോട് പാണ്ഡവര്‍ക്ക് അവകാശപ്പെട്ട വിഹിതം കൊടുക്കണം എന്ന് പറയാനാണ്. അതിനാല്‍ തന്നെ ലോക്‌സഭയില്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ സ്വത്ത് സംരക്ഷിക്കപ്പെടണം എന്ന് തന്നെയാണ്, ഒരു യഥാര്‍ഥ ഗുരുവായൂരപ്പഭക്തന്‍ പറയേണ്ടതും. അത് തന്നെയാണ് കെ.സി വേണുഗോപാലിലൂടെ ലോക്‌സഭയില്‍ സംഭവിച്ചിരിക്കുന്നതും.