Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 15 Dec 2023 5:45 AM GMT

കമ്യൂണിസം മുതലാളിത്തത്തിന് കൂടുതല്‍ മാനുഷികത നല്‍കിയതായി സനൂസി

1998ല്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പി. ഗോവിന്ദപിള്ളയുമായി ഉണ്ടായ ആശയസംവാദം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സനൂസി സംഭവത്തില്‍ ഇരുകൂട്ടരും വസ്തുതകള്‍ അംഗീകരിക്കാതെ പോയെന്നും കൂട്ടിച്ചേര്‍ത്തു.

പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി
X

കമ്യൂണിസം മുതലാളിത്തത്തിന് കൂടുതല്‍ മാനുഷിക മുഖം നല്‍കിയതായി പ്രശസ്ത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി. 'കമ്യൂണിസം എന്ന ആശയത്തിന് ഞാന്‍ എതിരാണെങ്കിലും അത് മനുഷ്യരാശിക്ക് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ സാധിക്കില്ല. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ലോകത്ത് അങ്ങോളമിങ്ങോളം ഉയര്‍ന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ മാര്‍ക്‌സിസത്താല്‍ പ്രചോദിതമായി ഉണ്ടായതാണ്,' വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഐ.ഐ.എഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തനിക്ക് നല്‍കാന്‍ തീരുമാനിച്ചതിനെ ആദരവോടെ കാണുന്നു. 'അത് സര്‍ക്കാരിന്റെ സഹിഷ്ണുതയും സിവിലിറ്റിയുമാണ് കാണിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ഒരു പരിധി വരെ വിപ്ലവ പ്രവര്‍ത്തനം പരിണാമ പ്രവര്‍ത്തനമാണ്. വിപ്ലവത്തിന്റെ ചില ഏടുകള്‍ നീതികരിക്കാവുന്നതുമാണ്. യുക്തിയില്‍ തനിക്കു വിശ്വാസമുണ്ടെന്ന് പറഞ്ഞ സനൂസി പക്ഷെ യുക്തിക്കു പരിമിതി ഉണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. 'നാം നഷ്ടപ്പെടുത്തിയ ആത്മീയതയുടെ തലം വീണ്ടെടുക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയിലെ ഗോത്രവംശജര്‍ ഈയൊരു ആത്മീയ ഭാവം കാത്തുസൂക്ഷിക്കുന്നവരാണ്,' സനൂസി പറഞ്ഞു.

രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണെങ്കിലും അത് പ്രൊപ്പഗണ്ട ആകാതെയിരിക്കണം. മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള സ്വതന്ത്ര്യ സിനിമകള്‍ യൂറോപ്യന്‍ സിനിമകളില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ട്. സാങ്കേതിക വിദ്യ സിനിമയില്‍ ഉണ്ടാക്കിയ മാറ്റം പിടിച്ചുകുലുക്കുന്നതാണെന്നും സനൂസി അഭിപ്രായപ്പെട്ടു. പ്രഗത്ഭ സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവിസ്‌കി, സിനിമാട്ടോഗ്രാഫര്‍ എഡ്വിര്‍ഡ് ക്ലോസിന്‍സ്‌കി എന്നിവരുടെ സിനിമാ സംഭാവനകളെക്കുറിച്ചും സനൂസി സംസാരിച്ചു. 2013 ല്‍ റിലീസ് ചെയ്ത പോളിഷ് സിനിമ 'CU' അദ്ദേഹം എടുത്തുപറഞ്ഞു.

ഉപേക്ഷിച്ച സിനിമാ ആശയങ്ങള്‍ പുസ്തകമാക്കും

സിനിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുകയും എന്നാല്‍, പിന്നീട് താന്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്ത ആശയങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്നും പകര്‍പ്പവകാശം ഇല്ലാതെ ആര്‍ക്കും പുസ്തകത്തിലെ സിനിമാ ആശയങ്ങള്‍ ഉപയോഗിക്കാമെന്നും ക്രിസ്റ്റോഫ് സനൂസി പറഞ്ഞു.

പി.ജി ശക്തമായ വ്യക്തിത്വം

1998ല്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പി. ഗോവിന്ദപിള്ളയുമായി ഉണ്ടായ ആശയസംവാദം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സനൂസി സംഭവത്തില്‍ ഇരുകൂട്ടരും വസ്തുതകള്‍ അംഗീകരിക്കാതെ പോയെന്നും കൂട്ടിച്ചേര്‍ത്തു. പി.ജി ശക്തമായ വ്യക്തിത്വത്തിന് ഉടമയാണെന്നും സനൂസി പറഞ്ഞു



TAGS :