കുഞ്ഞമ്മയും സാറാമ്മയും ചില കൂട്ടുകാരികളും
സ്ത്രീ സ്വന്തം ഇടം കണ്ടെത്തി തുടങ്ങുന്ന പുതിയ കാലത്ത് പോലും പ്രതീക്ഷിക്കാനാവാത്ത വിധം ചുറുചുറുക്കും ഓജസ്സും പുലര്‍ത്തുന്ന കഥാപാത്രങ്ങളാണ് കുഞ്ഞമ്മയും സാറാമ്മയും. സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ക്ക് ഇടം നല്‍കാതിരുന്ന ഒരു കാലത്ത് സ്ത്രീ അവളുടെ ഇടം കണ്ടെത്തേണ്ടതാണെന്ന ബോധ്യം ഉറൂബിന്റെയും ബഷീറിന്റെയും പുരോഗമനാത്മകമായ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്.
'പേടിക്യോ '
'എന്തിന്'
'കെട്ടിക്കൊണ്ടുവരുന്നവനെ പേടിക്യോന്ന് ?'
'കെട്ടിക്കൊണ്ടര്ണത് പേടിക്കാനാ?'
(ഉറൂബ്, കുഞ്ഞമ്മയും കൂട്ടുകാരും)
'പ്രിയപ്പെട്ട എടീ, ഞാന്‍ ചായ എങ്ങനെ കുടിക്കും?'
'ത്യജിക്കൂ, ഞാന്‍ എന്തെല്ലാം ത്യാഗം ചെയ്തവളാണ്!'
'ഞാന്‍ സാറാമ്മയ്ക്ക് വേണ്ടി തലകുത്തി നിന്നതോ? '
'ഓ,അത് വലിയ ത്യാഗമാണോ? പ്രേമത്തിനുവേണ്ടി മഹാസാമ്രാജ്യങ്ങള്‍ ഉപേക്ഷിച്ചവരില്ലേ? ചീങ്കണ്ണിയുമായി യുദ്ധം ചെയ്തവരില്ലേ?'
(വൈക്കം മുഹമ്മദ് ബഷീര്‍, പ്രേമലേഖനം )
ഒരേ കാലഘട്ടത്തില്‍ ജീവിച്ച സ്ത്രീപക്ഷ വീക്ഷണം എഴുത്തിലും ജീവിതത്തിലും പുലര്‍ത്തിയ രണ്ട് എഴുത്തുകാരുടെ കഥാപാത്രങ്ങളാണ് കുഞ്ഞമ്മയും സാറാമ്മയും. രണ്ടുപേരും തങ്ങളുടെ പ്രണയ ജീവിതം സ്വയം തിരഞ്ഞെടുത്തവരാണ്. ജാതിമത ചിന്തകള്‍ ഉയര്‍ന്നു നിന്നിരുന്ന കേരളീയ സാമൂഹികാവസ്ഥയില്‍ വിപ്ലവകരമായും സ്വതന്ത്രമായും ചിന്തിച്ചവരാണ് ഈ കഥാപാത്രങ്ങള്‍.
ആണ്‍കോയ്മ വ്യവസ്ഥിതിയെയും മുഖ്യധാരാസമ്പ്രദായങ്ങളെയും പൊളിച്ചെഴുതുന്ന നായികയായിരുന്നു സാറാമ്മ. അമ്മയുടെ മരണവും അച്ഛന്റെ വിവാഹവും സാറാമ്മയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സാറാമ്മ സ്വാനുഭവങ്ങളിലൂടെ വായനയുടെ ലോകത്തിലൂടെ, സ്വതന്ത്ര ചിന്ത വളര്‍ത്തുന്നു. സ്വയം പര്യാപ്തയാവണമെന്ന സാറാമ്മയുടെ ആഗ്രഹമാണ് തന്നെ പ്രണയിക്കുക എന്ന ജോലിയിലൂടെ കേശവന്‍ നായര്‍ സാധിച്ചു കൊടുക്കുന്നത്. പ്രണയത്തിന് ശമ്പളം വാങ്ങുന്ന ലോക സാഹിത്യത്തിലെ തന്നെ ആദ്യ നായികയായി സാറാമ്മ മാറുന്നു. അതൊരു ഫുള്‍ടൈം ജോലിയായി സാറാമ്മ കരുതുന്നു. കാരണം, 'ജോലി വളരെ കടുപ്പമുള്ളതാണ്. ഭവാന് ഇരുപത്തിനാലു മണിക്കൂറില്‍ ഒന്‍പതു മണിക്കൂര്‍ മാത്രമേ ജോലിയുള്ളൂ. പതിനഞ്ചു മണിക്കൂറും തനിവിശ്രമമല്ലേ? എന്റെ ജോലിയോ - ഒരു നിമിഷം പോലും വിശ്രമമുള്ളതല്ല. രാവും പകലും, ഊണിലും ഉറക്കത്തിലും - കേശവന്‍ നായരെപ്പറ്റി ഓര്‍ക്കണം - വേണ്ടേ?... കേശവന്‍നായര്‍ കരയുമ്പോള്‍ ഞാനും കരയണം. ചിരിക്കുമ്പോള്‍ ഞാനും ചിരിക്കണം. ഉണ്ണുമ്പോള്‍ ഞാന്‍ ഉണ്ണാതിരിക്കണം. ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരുന്നു കേശവന്‍ നായരെ സ്‌നേഹിക്കണം!'
സ്വന്തം ഇഷ്ടങ്ങള്‍ അടിയറ വയ്ക്കാതെ തന്നെ പരസ്പര സൗഹൃദം സൂക്ഷിക്കുന്ന പ്രണയ സങ്കല്‍പമാണ് സാറാമ്മയുടെത്. പ്രണയിയെ തലകുത്തി നിര്‍ത്തുന്ന മറ്റൊരു നായികയെ ലോക സാഹിത്യത്തിലെവിടെയും നമുക്ക് കാണാനാവില്ല. (പുട്ടിനുള്ളില്‍ തന്റെ പ്രണയിക്കായി മുട്ട ഒളിപ്പിച്ചു വെക്കുന്ന സൈനബയും അങ്ങനെ തന്നെ!) സ്വന്തം ഇഷ്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്ന കാഴ്ചപ്പാടാണ് സാറാമ്മ പുലര്‍ത്തുന്നത് .
'കെട്ടിക്കൊണ്ടരണ്ത് പേടിക്കാനാ?' എന്ന് നിഷ്‌കളങ്കമായി ഭര്‍ത്താവായ ചാത്തപ്പനോട് ചോദിക്കുന്ന കുഞ്ഞമ്മയും സാറാമ്മയെ പോലെ തന്നെ വ്യതിരിക്തത പുലര്‍ത്തുന്ന സ്ത്രീ കഥാപാത്രമാണ്. പരസ്പര പങ്കാളിത്തമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം എന്ന വീക്ഷണം രണ്ടു കഥാപാത്രങ്ങളും പുലര്‍ത്തുന്നു.
കുഞ്ഞമ്മക്ക് ചാത്തപ്പനെ ഇഷ്ടമാണ്. ചാത്തപ്പന് കുഞ്ഞമ്മയെയും. 'ചളി വാരി എറിയുന്ന പെണ്ണ്' എന്നാണ് ഉറൂബ് കുഞ്ഞമ്മയെ പരിചയപ്പെടുത്തുന്നത്. ഗ്രാമ്യതയും നന്മയും നിഷ്‌കളങ്ക സ്‌നേഹവും ഒപ്പം ആര്‍ജവവും പുലര്‍ത്തുന്നുണ്ട് കുഞ്ഞമ്മ. തന്റെ ഇഷ്ടങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസരിച്ച് മുന്നോട്ട് പോകുന്ന കഥാപാത്രമാണ് കുഞ്ഞമ്മ. കുഞ്ഞമ്മയെ ഉറൂബ് അവതരിപ്പിക്കുന്നത് നോക്കുക. 'കുഞ്ഞമ്മ എന്ന് പേര്. ഇരുണ്ട നിറം, ഉരുണ്ട കവിളുകള്‍, ചാട്ടുളി പോലത്തെ കണ്ണുകള്‍. അവകൊണ്ട് തിമിങ്ങലത്തെ പിടിക്കാം എന്ന് തോന്നും.'പോടാ പുല്ലേ' എന്ന മട്ടിലുള്ള നടത്തവും. '
ചാത്തപ്പന്റെ ശരീരത്തില്‍ ചെളി വാരിയെറിഞ്ഞാണ് കുഞ്ഞമ്മ ചാത്തപ്പനോടുള്ള പ്രണയം പ്രകടിപ്പിക്കുന്നത്.
'എനിക്കതിട്ടാ' എന്നാണ് ചാത്തപ്പന്റെ മറുപടി.
'അലകും ചെര്യാ, പുടിയും ചെര്യാ, പിന്നെന്തിനാ ഒരെടപ്പൂള് ' എന്ന് ചാത്തപ്പന്‍ ചോദിക്കുന്നത് കുഞ്ഞമ്മ ചോത്യാരെ ചെറുമനായ താന്‍ വിവാഹം കഴിക്കുന്നതിനെതിരെ പ്രതികരിക്കുന്നവരോടാണ്. വിവാഹശേഷം ഒരിക്കല്‍ ചാത്തപ്പനെ ധിക്കരിച്ച് ഗര്‍ഭിണിയായ പൂച്ചയെ വളര്‍ത്താന്‍ തീരുമാനിക്കുന്ന കുഞ്ഞമ്മയോട് പിണങ്ങി ഇറങ്ങിപ്പോകുന്ന ചാത്തപ്പന്റെ മുമ്പിലും കുഞ്ഞമ്മ തന്റെ ഇഷ്ടങ്ങള്‍ അടിയറ വയ്ക്കുന്നില്ല. സ്‌നേഹവും കണ്ണീരും ഒപ്പം ഉറച്ച നിലപാടും സ്‌നേഹയുക്തികളും കൊണ്ട് അവള്‍ ചാത്തപ്പനെ കീഴ്‌പെടുത്തുകയാണ് ചെയ്യുന്നത്.
നിരവധി ഗ്രാമ്യകഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കുഞ്ഞമ്മയും കൂട്ടുകാരും എന്ന നോവലില്‍ ഏറ്റവും മിഴിവുള്ള കഥാപാത്രമായി കുഞ്ഞമ്മ മാറുന്നത് കാപട്യമല്ലാത്ത സ്‌നേഹം കൊണ്ടും ഉള്ളലിവുകൊണ്ടും ഒപ്പം സ്വന്തം ശരികളില്‍ ഉറച്ചു നില്‍ക്കാനുള്ള കരുത്തുകൊണ്ട് കൊണ്ടുകൂടിയാണ്.
ബഷീറിന്റെ സാറാമ്മയെ പോലെ അഭിപ്രായസ്വാതന്ത്ര്യവും പുതുകാഴ്ചപ്പാടുകളും പുലര്‍ത്തുന്ന നിരവധി കഥാപാത്രങ്ങളാണ് ഉറൂബിന്റെ നോവല്‍ പ്രപഞ്ചത്തില്‍ നാം കണ്ടുമുട്ടുന്നത്. പ്രണയ ജീവിതത്തിനായി സ്വന്തം സ്വത്വബോധം ബലി കൊടുക്കേണ്ടതില്ലെന്നും സൗഹൃദത്തില്‍ നിന്ന് ഉത്ഭവിക്കുന്ന സ്‌നേഹമാണ് ദാമ്പത്യജീവിതത്തില്‍ അടിസ്ഥാനമാകേണ്ടതെന്നുമുള്ള കാഴ്ചപ്പാടാണ് ഉറൂബിന്റെ ചിന്നമ്മു എന്ന കഥാപാത്രവും മുന്നോട്ടുവയ്ക്കുന്നത്. 'പിന്നേയ്, ഞാനിപ്പോള്‍ ഇരിക്കുന്ന പാട്ടിനിരിക്കും, നിങ്ങള്‍ നിങ്ങളുടെ പാട്ടിനും. ഒരുമിച്ചു കഴിഞ്ഞു കൂടുകയും ചെയ്യും. എന്താ, സമ്മതമാണോ?' എന്ന് അബ്ദുവിനോട് പറയുന്ന വാക്കുകളില്‍ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വതന്ത്രമായി സാഹചര്യങ്ങളോടെതിരിട്ടു ജീവിക്കുവാനുള്ള ചിന്നമ്മുവിന്റെ കരുത്ത് പ്രകടമാണ്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കാം എന്ന സങ്കല്‍പം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ചിന്നമ്മുവിനു കഴിഞ്ഞു. 'വെളുത്ത ചീനി മുളക്', 'പമ്പരം പോലത്തെ പെണ്ണ്' എന്നിങ്ങനെയാണ് ചിന്നമ്മുവിനെ ഉറൂബ് വിശേഷിപ്പിക്കുന്നത്.
'പുരുഷന്‍ എന്നും പ്രകൃതി, സമൂഹം, ദൈവം തുടങ്ങി ബാഹ്യലോകവുമായുള്ള ബന്ധത്തിലൂടെ നിര്‍വചിക്കപ്പെടുന്നു. എന്നാല്‍, സ്ത്രീ എപ്പോഴും പുരുഷനുമായുള്ള ബന്ധത്തിലൂടെയാണ് നിര്‍വ്വചിക്കപ്പെടുന്നത്. ' (Mary Ann Ferguson)
സമൂഹത്തിന്റെ ഈ നിലപാടിനെ ലംഘിച്ചുകൊണ്ട് സ്വന്തം കാലില്‍ നിന്നുകൊണ്ട് തന്നെ സൗഹൃദത്തില്‍ ഊന്നിയ ബന്ധം കൊണ്ട് പുരുഷന് തുണയായി അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയായി ബഷീറിന്റെയും ഉറൂബിന്റെയും സ്ത്രീകഥാപാത്രങ്ങള്‍ നിലനില്‍ക്കുന്നു. രണ്ടുപേര്‍ക്കും സ്ത്രീകളോടുള്ള ആദരവ്, സ്ത്രീപക്ഷ വീക്ഷണം എന്നിവ ഈ കഥാപാത്രസൃഷ്ടിക്ക് കാരണമാണ്.
സ്ത്രീ സ്വന്തം ഇടം കണ്ടെത്തി തുടങ്ങുന്ന പുതിയ കാലത്ത് പോലും പ്രതീക്ഷിക്കാനാവാത്ത വിധം ചുറുചുറുക്കും ഓജസ്സും പുലര്‍ത്തുന്ന കഥാപാത്രങ്ങളാണ് ഇവര്‍. സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ക്ക് ഇടം നല്‍കാതിരുന്ന ഒരു കാലത്ത് സ്ത്രീ അവളുടെ ഇടം കണ്ടെത്തേണ്ടതാണെന്ന ബോധ്യം ബഷീറിന്റെയും ഉറൂബിന്റെയും പുരോഗമനാത്മകമായ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്. കാലത്തിന്റെ പ്രയാണത്തെ മുന്നില്‍ കണ്ട കഥാപാത്രസൃഷ്ടിയാണ് ഈ എഴുത്തുകാരെയും കാലാതിവര്‍ത്തിയാക്കുന്നത്.