Quantcast
MediaOne Logo

പി.കെ നിയാസ്

Published: 18 May 2022 5:03 AM GMT

ലെബനാന്‍: ആശങ്കകള്‍ അവസാനിക്കുന്നില്ല

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാത്ത, 2019 ലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 14 സ്വതന്ത്രര്‍ വിജയിച്ചത് മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുകയും ആഭ്യന്തര യുദ്ധത്തിനുശേഷം ലെബനാനെ മുച്ചൂടും തകര്‍ച്ചയിലേക്ക് നയിച്ച രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് ഇവര്‍ വോട്ടര്‍മാരെ സമീപിച്ചത്.

ലെബനാന്‍: ആശങ്കകള്‍ അവസാനിക്കുന്നില്ല
X
Listen to this Article

ആഭ്യന്തര, വിദേശ ശക്തികള്‍ ഒരു പോലെ ഇറങ്ങിക്കളിക്കുന്ന രാജ്യമാണ് ലെബനാന്‍. പതിനഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്ന കരാര്‍ നിലവില്‍ വന്ന് മൂന്നു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ലെബനാന്‍ പഴയ ലെബനാന്‍ തന്നെയാണിപ്പോഴും. 2005 ഫെബ്രുവരിയില്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ ജീവന്‍ അപഹരിച്ച ചാവേര്‍ ആക്രമണം ഉള്‍പ്പെടെ ആശാന്തി വിതച്ച നിരവധി സംഭവങ്ങള്‍ക്ക് ഇക്കാലയളവില്‍ ലെബനാന്‍ സാക്ഷ്യം വഹിക്കുകയുണ്ടായി.

1975-90 കാലത്തെപ്പോലെ വലിയ കലാപങ്ങള്‍ ഉണ്ടായില്ലെങ്കിലും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഏതാണ്ട് തുല്യ ശതമാനമുള്ള ലെബനാനെ രാഷ്ട്രീയമായ പകപോക്കലുകളും സെക്റ്റേറിയന്‍ ചിന്തകളും വല്ലാതെ ബാധിക്കുന്നുണ്ട്. സുന്നികളും ശിഈകളും നേതൃത്വം നല്‍കുന്ന രണ്ട് ചേരികളാണ് ലെബനാന്‍ രാഷ് ട്രീയത്തെ നിയന്ത്രിക്കുന്നത്. രണ്ട് പ്രമുഖ ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ ഇരുപക്ഷത്തും അണിനിരക്കുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.


ലെബനാനില്‍ മേയ് 15 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ശിഈ പാര്‍ട്ടിയായ ഹിസ്ബുല്ല നേതൃത്വം നല്‍കുന്ന ഇറാന്‍-സിറിയ അനുകൂല മാര്‍ച്ച് എട്ട് സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു. നാലു വര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ ഉണ്ടായിരുന്ന സഖ്യത്തിന് ഒമ്പത് സീറ്റുകളാണ് കുറഞ്ഞത്. അതിനര്‍ഥം മറുപക്ഷത്തിന് ഭൂരിപക്ഷം കിട്ടിയെന്നല്ല. 128 സീറ്റുകളുള്ള പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 65 സീറ്റുകളാണ്. ഇത്രയും സീറ്റുകള്‍ സുന്നി വിഭാഗം നേതൃത്വം നല്‍കുന്ന സൗദി പിന്തുണയുള്ള സിറിയന്‍ വിരുദ്ധ മാര്‍ച്ച് 14 സഖ്യത്തിനു കിട്ടിയിട്ടുമില്ല. കാരണം, 14 സീറ്റുകളില്‍ ഇരു സഖ്യത്തിലും ഉള്‍പെടാത്ത സ്വതന്ത്രന്മാരാണ് വിജയിച്ചത്. അപ്പോള്‍ ഇവരായിരിക്കും ശരിയായ കിംഗ് മേക്കര്‍മാര്‍.

ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ഹിസ്ബുല്ലയുടെ ശക്തി ഒട്ടും ചോര്‍ന്നിട്ടില്ല എന്നതാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഹിസ്ബുല്ലയുടെ ബാനറില്‍ മത്സരിച്ച 13 സ്ഥാനാര്‍ഥികളും ജയിച്ചിട്ടുണ്ട്. മാത്രമല്ല, ശിഈ വിഭാഗത്തിന് സംവരണം ചെയ്ത 27 സീറ്റുകളും ഹിസ്ബുല്ലയും പാര്‍ലമെന്റ് സ്പീക്കര്‍ നബി ബെരി നേതൃത്വം നല്‍കുന്ന അമല്‍ ഗ്രൂപ്പും നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇരു പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 26 സീറ്റുകളായിരുന്നു. കൂടെയുള്ള ക്രിസ്ത്യന്‍, ഡ്രൂസ് സഖ്യ കക്ഷികള്‍ ചില സീറ്റുകളില്‍ പരാജയപ്പെട്ടതാണ് സഖ്യത്തിന് കേവല ഭൂരിപക്ഷം നഷ്ടപ്പെടുത്തിയത്.


2018ല്‍ നടന്ന ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാഗമായിരുന്ന പ്രസിഡന്റ് മിഷേല്‍ ഔന്‍ നേതൃത്വം നല്‍കുന്ന ഫ്രീ പെയ്ട്രിയറ്റ് മൂവ്‌മെന്റ് (എഫ്.പി.എം) 21 സീറ്റുകളുമായി പാര്‍ലമെന്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ബ്ലോക്ക് ആയി മാറിയിരുന്നു. എന്നാല്‍, ഇത്തവണ എഫ്.പി.എമ്മിന് മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടുകയും ഹിസ്ബുല്ലയുടെ കടുത്ത എതിരാളികളായ ലെബനീസ് ഫോഴ്‌സ് (എല്‍.എഫ്) 21 സീറ്റുകളുമായി ഏറ്റവും വലിയ ക്രിസ്ത്യന്‍ പാര്‍ട്ടി മാത്രമല്ല, പാര്‍ലമെന്റിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ആയി മാറുകയും ചെയ്തതാണ് ആകെക്കൂടി പറയാവുന്ന ഒരു ടേണിങ് പോയിന്റ്.

സൗദി പിന്തുണയുള്ള മാര്‍ച്ച് 14 മൂവ്മെന്റിലെ പ്രമുഖ കക്ഷിയായ എല്‍.എഫ് സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടിയെങ്കിലേ ഹിസ്ബല്ലയുടെ സമ്മര്‍ദം ഇല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവൂ. പ്രധാന മന്ത്രി പദവി സുന്നികള്‍ക്ക് സംവരണം ചെയ്തതിനാല്‍ ശിഈ കക്ഷിയായ ഹിസ്ബുല്ലക്കോ അമലിനോ അവരുടെ ക്രിസ്ത്യന്‍ സഖ്യകക്ഷിക്കോ അതില്‍ കാര്യമില്ല. എന്നാല്‍, ഹിസ്ബുല്ല സഖ്യത്തിന് ഭൂരിപക്ഷമുള്ള ഒരു പാര്‍ലമെന്റില്‍ സുന്നികളില്‍ തന്നെ ആര് പ്രധാന മന്ത്രിയാകണമെന്ന് ഹിസ്ബുല്ലയുടെ സമ്മതത്തോടെ മാത്രമേ തീരുമാനിക്കാനാവൂ. അങ്ങനെ പൂര്‍ണമായും ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള ഭരണമാണ് ലെബനാനില്‍ നടന്നുപോന്നത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച ഫ്യൂചര്‍ പാര്‍ട്ടി നേതാവ് സഅദ് ഹരീരി ഉള്‍പ്പെടെയുള്ളവര്‍ ഇത് അനുഭവിച്ചവരാണ്.


ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാത്ത, 2019ലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 14 സ്വതന്ത്രര്‍ വിജയിച്ചത് മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുകയും ആഭ്യന്തര യുദ്ധത്തിനുശേഷം ലെബനാനെ ഇപ്പരുവത്തിലാക്കിയ രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് ഇവര്‍ വോട്ടര്‍മാരെ സമീപിച്ചത്. എന്നാല്‍, ഇവര്‍ പാര്‍ലമെന്റില്‍ ഒറ്റ ബ്ലോക്കായി ഇരിക്കുമെന്ന് ഒരുറപ്പുമില്ല. ചുരുക്കത്തില്‍, ലെബനീസ് ഫോഴ്‌സും ഹിസ്ബുല്ലയും സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലെബനാന്‍ വീണ്ടും പഴയ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് ശക്തമായ പിന്തുണ നല്‍കുന്ന കക്ഷിയാണ് ഹിസ്ബുല്ല. അസദിന്റെ കൂലിപ്പടയാളികളായി നിരവധി ഹിസ്ബുല്ല മിലീഷ്യകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് രഹസ്യമല്ല. അസദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹിസ്ബുല്ല ചേരിയില്‍പെട്ട ചില പ്രമുഖര്‍ പരാജയപ്പെട്ടതും എടുത്തു പറയേണ്ടതാണ്. സഖ്യത്തിലെ ക്രിസ്ത്യന്‍ ഓര്‍തഡോക്‌സ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ എലി ഫെര്‍സ്ലി അതിലൊരാളാണ്. പടിഞ്ഞാറന്‍ ബെക്കയില്‍ ഡ്രൂസ് നേതാവ് വലീദ് ജംബലാട്ട് പിന്തുണച്ച സ്ഥാനാര്‍ഥിയോടാണ് ഫെര്‍സ്ലി പരാജയപ്പെട്ടത്. ഹിസ്ബുല്ല സഖ്യത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഡ്രൂസ് നേതാവ് തലാല്‍ അര്‍സലാന്‍ പുതുമുഖമായ മാര്‍ക്ക് ദൗവിനോട് പരാജയപ്പെട്ടതും വലിയ തിരിച്ചടിയായി. തലാല്‍ അര്‍സലാന്‍ 1992 മുതല്‍ എം.പിയാണ്.


അതേസമയം മറുപക്ഷത്തും പ്രമുഖര്‍ നിലംപൊത്തിയിട്ടുണ്ട്. കുടുംബ രാഷ്ട്രീയത്തിലൂടെ ഏറെക്കാലമായി പദവിയില്‍ തുടരുന്നു സുന്നി വിഭാഗം നേതാവ് ഫൈസല്‍ കറാമി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ട്രിപ്പോളിയിലാണ് പരാജയമറിഞ്ഞത്. ഇത്തവണ എട്ട് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതും റെക്കോര്‍ഡാണ്. അതില്‍ പകുതിയും പുതുമുഖങ്ങളാണ്. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ലെബനീസ് ജനത തികഞ്ഞ അസംതൃപതരാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് വോട്ടിംഗ് ശതമാനകണക്ക്. വെറും 41 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

പേരില്‍ ജനാധിപത്യ രാജ്യമൊക്കെയാണെങ്കിലും മുസ്‌ലിം, ക്രിസ്ത്യന്‍ ആഭിമുഖ്യമുള്ള പാര്‍ട്ടികളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ലെബനാന്‍. എഴുപതുകളുടെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട ഭീകരമായ ആഭ്യന്തര യുദ്ധത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഉണ്ടാക്കിയ സാമുദായിക സമവാക്യം പക്ഷേ, ലെബനാനെ രക്ഷിക്കാനല്ല, കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് സഹായിച്ചത്. പ്രധാനമന്ത്രി പദവി സുന്നി വിഭാഗക്കാരനും പ്രസിഡന്റ് പദവി മറോണൈറ്റ് ക്രിസ്ത്യാനിക്കും പാര്‍ലമെന്റ് സ്പീക്കറുടെ സ്ഥാനം ശിഈ വിഭാഗക്കാരനും സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ചില പാര്‍ട്ടികള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണ് ഈ പദവികള്‍. ഈ പാര്‍ട്ടികള്‍ പറയുന്നതേ രാജ്യത്ത് നടക്കൂ. ഓരോ പാര്‍ട്ടികളും അവരുടെ തട്ടകങ്ങള്‍ സ്വകാര്യ സാമ്രാജ്യമാക്കി മാറ്റിയിരിക്കുന്നു.


ഇരുനൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ 2020 ഓഗസ്റ്റിലുണ്ടായ ബൈറൂത്ത് പോര്‍ട്ടിലെ അതിശക്തമായ സ്ഫോടനത്തിന്റെ അന്വേഷണം പോലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അട്ടിമറിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നീതി തേടിയുള്ള അലച്ചില്‍ തുടരുന്നു. അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജഡ്ജി ത്വാരിഖ് ബിതാര്‍ പക്ഷപാതിയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഹിസ്ബുല്ലയും സഖ്യകക്ഷിയായ അമല്‍ പാര്‍ട്ടിയും നടത്തിയ പ്രതിഷേധം ഇക്കഴിഞ്ഞ ഒക്ടോബറില്‍ വലിയ കലാപത്തിലേക്കാണ് നീങ്ങിയത്. ഹിസ്ബുല്ലയുടെ പ്രതിഷേധം നേരിടാന്‍ മാര്‍ച്ച് 14 സഖ്യത്തില്‍പെട്ട ലെബനീസ് ഫോഴ്സസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് പ്രശ്നം രൂക്ഷമാക്കി.


മിഡിലീസ്റ്റിലെ പാരീസെന്നും മെഡിറ്ററേനിയന്‍ തീരത്തെ രത്നമെന്നുമൊക്കെ ഒരുകാലത്ത് വിളിക്കപ്പെട്ടിരുന്ന ലെബനാന്‍ തലസ്ഥാനമായ ബൈറൂത്ത് കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഭീകരമായ തെരുവു യുദ്ധത്തിനാണ് അതോടെ സാക്ഷ്യം വഹിച്ചത്. 1975 മുതല്‍ 1990 വരെ നീണ്ട നിര്‍ഭാഗ്യകരമായ ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിലേക്ക് രാജ്യം എടുത്തെറിയപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവെക്കുകയുണ്ടായി. അന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറു പേരും ഹിസ്ബുല്ല, അമല്‍ പാര്‍ട്ടികളില്‍പെട്ട ശിഈ വിഭാഗക്കാരായിരുന്നു. അവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ക്രിസ്ത്യന്‍ പാര്‍ട്ടിയായ ലെബനീസ് ഫോഴ്സസിന്റെ പ്രവര്‍ത്തകരും.

ശക്തമായ ക്രിസ്ത്യന്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് സമീര്‍ ജഅജ നയിക്കുന്ന ലെബനീസ് ഫോഴ്സസ്. ആഭ്യന്തര കലാപകാലത്തെ സെക്റ്റേറിയന്‍ സംഘട്ടനങ്ങളില്‍ കാര്യമായ പങ്കുണ്ട് മറോണൈറ്റ് ക്രിസ്ത്യാനികളുടെ ഈ പാര്‍ട്ടിക്ക്. ഇസ്രായിലിന്റെ ലെബനാന്‍ അധിനിവേശത്തിന് ഒത്താശ ചെയ്തുകൊടുത്തത് ബഷീര്‍ ഗമായേല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ കാലത്തായിരുന്നു. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) ലെബനാനില്‍നിന്ന് പുറത്താക്കാന്‍ ഇസ്രായില്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഫലാഞ്ചിസ്റ്റ് മിലീഷ്യകളെ അതിന് നിയോഗിച്ചതും ബഷീര്‍ ഗമായേല്‍ ആയിരുന്നു.


1982 സെപ്റ്റംബറില്‍ ഇസ്രായിലിന്റെ ഐ.ഡി.എഫും ഫലാഞ്ചുകളും ചേര്‍ന്നാണ് സബ്റയിലെയും ശത്തിലയിലെയും ഫലസ്ത്വീന്‍ ക്യാമ്പുകളില്‍ കൂട്ടക്കൊല നടത്തിയത്. ഫലസ്ത്വീനികളും ലെബനീസ് ശിഈകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. തുടര്‍ന്ന് ഇസ്രായിലിന് തെക്കന്‍ ലെബനാനില്‍ അധിനിവേശത്തിന് സൗകര്യമൊരുക്കിയതും ലെബനീസ് ഫോഴ്സസ് ആയിരുന്നു. എല്‍.എഫിന്റെ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ക്ക് എതിരെ രംഗത്ത് വന്ന പാര്‍ട്ടിയാണ് ഹിസ്ബുല്ല.

ശിഈ പാര്‍ട്ടിയായ ഹിസ്ബുല്ലക്ക് ലെബനാന്റെ ഔദ്യോഗിക സൈന്യത്തേക്കാള്‍ കരുത്തുണ്ടെന്നത് രഹസ്യമല്ല. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയുടെ മിലീഷ്യയെ പിരിച്ചുവിടണമെന്ന ആവശ്യം പലപ്പോഴും ഉയര്‍ന്നതാണ്. എന്നാല്‍, അതു നടക്കുന്ന കാര്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇസ്രായിലിന്റെ ലെബനാന്‍ അധിനിവേശത്തിന് പ്രതിബന്ധം ഹിസ്ബുല്ലയാണ്. തെക്കന്‍ ലെബനാനില്‍നിന്ന് ഇസ്രായേല്‍ സേനയെ കെട്ടുകെട്ടിച്ചതും 2008ല്‍ ലെബനാനെതിരെ ഇസ്രായേല്‍ നടത്തിയ ഭീകരമായ യുദ്ധത്തില്‍ സയണിസ്റ്റ് സൈന്യത്തെ പ്രതിരോധിക്കാന്‍ രംഗത്തുണ്ടായതും സയ്യിദ് ഹസന്‍ നസറുല്ല നേതൃത്വം നല്‍കുന്ന ഹിസ്ബുല്ലയായിരുന്നു.


എന്നാല്‍, ഹിസ്ബുല്ല സമാന്തര സൈന്യമായി നിലകൊള്ളുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയാണെന്നാണ് എതിരാളികളുടെ ആരോപണം. സര്‍ക്കാറിനെ സൃഷ്ടിക്കാനും താഴെയിറക്കാനും കെല്‍പുള്ള ഹിസ്ബുല്ല, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നിനെയും അംഗീകരിക്കാറില്ല. സിറിയയില്‍ ഏകാധിപതിയും യുദ്ധക്കുറ്റവാളിയുമായ ബശ്ശാറുല്‍ അസദിനെ താങ്ങിനിര്‍ത്തുന്നതില്‍ ഹിസ്ബുല്ലയുടെ പങ്ക് കുപ്രസിദ്ധമാണ്. ലെബനീസ് പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയായ പാര്‍ട്ടിയാണെന്നതു മാത്രമല്ല, ഇസ്രായിലിനെ നേരിടാന്‍ ത്രാണി ഹിസുബുല്ലക്ക് മാത്രമേയുള്ളൂവെന്ന് വലിയൊരു വിഭാഗം ലെബനീസ് ജനതയും സമ്മതിക്കുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഹിസ്ബുല്ലയെ ഭീകരപ്പട്ടികയില്‍ പെടുത്തി (ഇസ്രായിലിനെ എതിരിടുന്നതാണ് കാരണം) ലെബനാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്ക കലക്കുവെള്ളത്തില്‍നിന്ന് മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ്. അതും പ്രശ്നങ്ങള്‍ രൂക്ഷമാക്കാനേ സഹായിക്കൂ.

ഹിസ്ബുല്ല നിയന്ത്രിക്കുന്ന ലെബനാനെ പിന്തുണക്കാന്‍ പല രാജ്യങ്ങളും തയ്യാറല്ല. ലെബനാനെ സാമ്പത്തികമായി ഏറ്റവുമധികം സഹായിക്കുന്ന സൗദി അറേബ്യയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈയ്യിടെ ഹിസ്ബുല്ല സഖ്യത്തില്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ പാര്‍ട്ടിയിലെ മന്ത്രി യമനിലെ യുദ്ധവുമായി ബന്ധപ്പെട്ട് നടത്തിയ സൗദി വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പലതും തങ്ങളുടെ സ്ഥാനപതിമാരെ തിരിച്ചുവിളിക്കുകയും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. സംഭവം ലെബനാന്റെ സാമ്പത്തിക മേഖലക്ക് ഏല്‍പ്പിച്ച ആഘാതം ചില്ലറയല്ല. ഒടുവില്‍ മന്ത്രി രാജിവെച്ചതോടെയാണ് പ്രശ്ന പരിഹാരമുണ്ടായത്.


ഞായറാഴ്ചത്തെ വോട്ടെടുപ്പ് കഴിഞ്ഞ് മേയ് 16ന് ആദ്യ ഫലങ്ങള്‍ പുറത്തുവന്നയുടന്‍ ഡോളറുമായുള്ള ലെബനീസ് പൗണ്ടിന്റെ മൂല്യം മൂന്നു ശതമാനമാണ് കുറഞ്ഞതെങ്കില്‍ പതിനേഴിന് അത് പത്തു ശതമാനത്തിലെത്തി. ഇപ്പോള്‍ ഒരു ഡോളര്‍ കിട്ടാന്‍ 30,000 ലെബനീസ് പൗണ്ട് നല്‍കണം. ഇരുപത്തിരണ്ടു വര്‍ഷത്തോളം ഡോളറിന് 1,500 പൗണ്ട് മാത്രം കൊടുത്താല്‍ മതിയായിരുന്ന സ്ഥാനത്താണ് ഭീകരമായ ഈ മൂല്യശോഷണം! രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മുച്ചൂടും തകര്‍ക്കുന്ന വിധത്തിലുള്ള കറന്‍സി ഇടിവ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലാണ് ദൃശ്യമായിത്തുടങ്ങിയത്.

18.05.2022, മീഡിയവണ്‍ ഷെല്‍ഫ്

TAGS :