Quantcast
MediaOne Logo

ഇളം കൈകളില്‍ പുസ്തകം കരുതട്ടെ; ജൂണ്‍ 12: ലോക ബാലവേല വിരുദ്ധ ദിനം

അഞ്ചു വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സാധാരണ ബാല്യം ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്താനും ബാലവേലക്കെതിരായ അവബോധം സൃഷ്ടിക്കാനുമാണ് അന്താരാഷ്ട തലത്തില്‍ ജൂണ്‍ 12 ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.

ജൂണ്‍ 12: അന്താരാഷ്ട ബാലവേല വിരുദ്ധ ദിനം.
X

കുട്ടികളുടെ വളര്‍ച്ചാ കാലഘട്ടത്തെയും അവര്‍ക്ക് ലഭിക്കേണ്ട പ്രാഥമിക വിദ്യാഭ്യാസത്തെയും നിഷേധിക്കുകയും അതുവഴി അവരുടെ മാനസികവും ശാരീരികവും സാമൂഹ്യവും ധാര്‍മികവുമായ വളര്‍ച്ചക്ക് ദോഷകരമായ രീതിയില്‍ അവരെ ഏതെങ്കിലും തരത്തിലുള്ള ജോലികളില്‍ നിര്‍ബന്ധപൂര്‍വം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനെയാണ് ബാലവേല എന്ന് നിഷ്‌കര്‍ഷിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയും ഇന്റര്‍നാഷ്ണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐ.എല്‍.ഒ) സംയുക്തമായി 2002-ലാണ് ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന് തുടക്കം കുറിച്ചത്. അഞ്ചു വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സാധാരണ ബാല്യം ഉറപ്പവരുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്താനും ബാലവേലക്കെതിരായ അവബോധം സൃഷ്ടിക്കാനുമാണ് അന്താരാഷ്ട തലത്തില്‍ ജൂണ്‍ 12 ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസം, ആരോഗ്യം, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍, സ്വാതന്ത്ര്യം അവരുടെ പ്രായത്തിന്റെ വികാസത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് അന്താരാഷ്ട ബാലവേല വിരുദ്ധ ദിനം ലക്ഷ്യമിടുന്നത്.

പൗരസമൂഹം രാജ്യത്തിന്റെ പുരോഗതിക്കായി കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഡോ എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞതുപോലെ, രാജ്യത്തിന്റെ ഭാവി അത് കുട്ടികളിലാണ് എന്നത് നമ്മള്‍ പാടെ മറന്നുപോകുന്നു. ഈ ക്രൂരകൃത്യത്തിനെതിരെ ഇന്ത്യാ രാജ്യം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, സമീപവര്‍ഷങ്ങളില്‍ ആഗോള പ്രവണത വിപരീതമായാണ് കാണപ്പെടുന്നത്. ഇത്, ബാലവേല വേരോടെ പിഴുതെറിയുന്നതിനുള്ള നടപടികള്‍ ഏകീകരിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറയുന്നു.


വിദ്യാഭ്യാസം നിഷേധിക്കുന്നതിനോടൊപ്പം തന്നെ ഇത്തരം പ്രവര്‍ത്തികള്‍ കുട്ടികളുടെ ജീവിതത്തിലെ ഒരു സുപ്രധാന കാലഘട്ടത്തെ നരകതുല്യമാക്കുന്നു. ഇത് മാനസികമായും ആരോഗ്യപരമായും അവരെ വേട്ടയാടുന്നു. വിദ്യാഭ്യാസത്തോടൊപ്പം തന്നെ അവരുടെ വളര്‍ച്ചാഘട്ടത്തില്‍ അവര്‍ക്ക് ലഭിക്കേണ്ട പോഷകാഹാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുട്ടികളില്‍ ജീവിതത്തോട് വെറുപ്പ് വളരുന്നു. 2000 മുതല്‍ ഏകദേശം രണ്ടര പതിറ്റാണ്ടുകാലമായി ബാലവേല കുറയ്ക്കുന്നതില്‍ ലോകം പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വ്യത്യസ്തങ്ങളായ സംഘര്‍ഷങ്ങളും പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയുമൊക്കെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും കുട്ടികള്‍ ബാലവേലക്ക് നിരബന്ധിതരാവുകയും ചെയ്തു. കുടുംബങ്ങള്‍ എത്തിപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ബാലവേലയെ ആശ്രയിക്കുന്നു.

160 ദശലക്ഷം, അതായത് ലോകമെമ്പാടുമുള്ള പത്തില്‍ ഒരു കുട്ടി ഇപ്പോഴും ബാലവേലയില്‍ ഏര്‍പ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാലവേല ചെയ്യുന്ന കുട്ടികളുടെ സ്ഥാനത്തില്‍ ആഫ്രിക്ക ഒന്നാമതും (72 ദശലക്ഷം) ഏഷ്യാ പസഫിക്ക് രണ്ടാമതുമാണ് (62 ദശലക്ഷം).

ഇന്ത്യയില്‍ 1986ല്‍ ആണ് ബാലവേല നിരോധന നിയമം നടപ്പാക്കുന്നത്. ഈ നിയമം അനുസരിച്ച് ഒരു 'കുട്ടി' എന്നത് 14 വയസ്സിന് താഴെയുള്ള വ്യക്തിയാണെന്ന് നിര്‍വചിക്കപ്പെടുന്നു. 2016-ല്‍ നിയമം ഭേദഗതി ചെയ്തു -

(ബാലവേല (നിരോധനവും നിയന്ത്രണവും) ഭേദഗതി നിയമം 2016 (Child Labour (Prohibition and Regulation) Amendment Act, 2016 ) . ഭേദഗതി പ്രകാരം, എല്ലാ തൊഴില്‍ മേഖലകളിലും കുട്ടികള്‍ തൊഴിലെടുക്കുന്നതും കൗമാരക്കാരായ കുട്ടികള്‍ (14 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ 'കൗമാരക്കാര്‍' എന്ന് നിര്‍വചിച്ചിരിക്കുന്നു) അപകടകരമായ തൊഴിലുകളിലും പ്രക്രിയകളിലും അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും നിരോധിച്ചു. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് കര്‍ശനമായ ശിക്ഷയും നിഷ്‌കര്‍ഷിച്ചു. ഗാര്‍ഹിക സഹായം ഒഴികെയുള്ള ജോലികളില്‍ കുട്ടികളെ ഏര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. 1948-ലെ ഫാക്ടറി ആക്ട് പ്രകാരം, ഖനനം, ജ്വലന പദാര്‍ത്ഥങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍, മറ്റ് അപകടകരമായ പ്രക്രിയകള്‍, എന്നിവയിലൊഴികെ കൗമരക്കാര്‍ക്ക് ജോലി ചെയ്യാന്‍ അനുവാദമുണ്ട്.

രാജ്യത്തിന് തന്നെ വെല്ലുവിളിയാകുന്ന ഈ പ്രശ്‌നത്തിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ സജീവ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, ദാരിദ്ര്യത്തോടും നിരക്ഷരതയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക-സാമ്പത്തിക പ്രശ്‌നമെന്ന നിലയില്‍ ബാലവേല ഇല്ലാതാക്കാന്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും അനുയോജ്യമായ ശ്രമങ്ങള്‍ ആവശ്യമാണ്. വളരെ കൃത്യമായി പറഞ്ഞാല്‍ ഇത് കുട്ടികള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഒരു വിലങ്ങു തടിയാണ്. വിദ്യാഭ്യാസം മുടങ്ങുന്നത് വഴി അവരുടെ ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്ഥിരമായി ജോലിയില്‍ ഏര്‍പ്പെടുത്തുന്നത് അവരുടെ ശരീരത്തിന് കാര്യമായ ക്ഷതം സംഭവിക്കാനും അതുവഴി ആരോഗ്യം അപകടത്തിലാകാനും സാധ്യത ഏറെയാണ്. ശാരീരിക ആരോഗ്യത്തെപ്പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കുട്ടികളുടെ മാനസിക ആരോഗ്യവും. ജോലിയുടെ സമ്മര്‍ദവും കഠിനമായ ഭാരവും കുട്ടികളില്‍ വിഷാദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുന്നു. സാമൂഹിക സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാതെ വരുന്നതോടെ അവരുടെ വ്യക്തിത്വം ദുര്‍ബലമാകുന്നു. ഇതിനുപുറമേ, അവരുടെ ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍, ആസക്തികള്‍ എന്നിവ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വരുന്നു. ഇത് അലക്ഷ്യ ബോധത്തോടെ ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. കുട്ടികളില്‍ വലിയ ശതമാനം ബാലവേല എന്ന ക്രൂരകൃത്യത്തിന്റെ ഇരകളാണ്. തുമ്പിയെക്കൊണ്ട് കല്ല് എടുപ്പിക്കുന്ന ഈ രീതി സമൂഹത്തില്‍ ഇനിയും തുടരണോ എന്ന് സമൂഹം കാര്യമായി ചിന്തിക്കേണ്ടതുണ്ട്.




TAGS :