ഉമര്‍ ഖാലിദ് എന്ന സ്വാതന്ത്ര്യ സമര പോരാളിക്ക്...
ഇന്ത്യന്‍ ഭരണഘടനയുടെ ആദര്‍ശങ്ങളില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ധൈര്യം ഒരു പ്രകാശകിരണവും പ്രത്യാശയുടെ ദീപസ്തംഭവുമാണ്
പ്രിയപ്പെട്ട ഡോ. ഉമര്‍ ഖാലിദ്,
വൈകിയുള്ള ജന്മദിനാശംസകളും സ്വാതന്ത്ര്യദിനാശംസകളും! തീര്‍ച്ചയായും, നിങ്ങള്‍ ജയിലില്‍ ചെലവഴിച്ച രണ്ടാമത്തെ ജന്മദിനമായതിനാല്‍ അത് പറയുമ്പോള്‍ ഞാന്‍ അല്‍പം ഭയപ്പെടുന്നുണ്ട്. നിങ്ങളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലില്‍ 'ആസാദി കാ അമൃത് മഹോത്സവം' അവര്‍ എങ്ങനെ ആഘോഷിച്ചുവെന്ന് എനിക്കറിയില്ല. പക്ഷേ, ഇവിടെ ദരിദ്രര്‍ തെരുവുകളില്‍ മൂവര്‍ണ്ണ പതാക വിറ്റപ്പോള്‍ സമ്പന്നര്‍ വാരാന്ത്യത്തില്‍ നീണ്ട അവധിയെടുത്തു. ഇന്ത്യയുടെ വ്യവസ്ഥാപിത പ്രശ്‌നങ്ങളെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കാനായി ജെ.എന്‍.യുവില്‍ നിന്ന് പി.എച്ച്.ഡി നേടാന്‍ നിങ്ങളെ പ്രേരിപ്പിച്ച ആഴത്തിലുള്ള അസമത്വത്തിന്റെ ഒരു ചെറിയ സാമ്പിളാണ് ഇതെന്ന് ഞാന്‍ ഊഹിക്കുന്നു.
2017 സെപ്റ്റംബറില്‍ ഡല്‍ഹി പ്രസ് ക്ലബില്‍ വച്ച് നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയത് ഞാന്‍ ഓര്‍ക്കുന്നു. ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തെ അപലപിച്ച് മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മറ്റുള്ളവരും ഒത്തുകൂടിയിരുന്നു. അന്തരീക്ഷം മുഴുവന്‍ ഭീതിയുടെ കണികകള്‍ നിറഞ്ഞു നിന്നു.
നമ്മള്‍ സംസാരം ആരംഭിച്ചപ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ ചേരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചു. താങ്കളുടെ പ്രതികരണം ഇതായിരുന്നു: 'ഞാന്‍ അടിത്തട്ടില്‍ ജോലി ചെയ്യാനും ആദിവാസികളുടെ ക്ഷേമത്തിനും ആവശ്യങ്ങള്‍ക്കുമായി നിലകൊള്ളാനും ആഗ്രഹിക്കുന്നു.'
അമേരിക്കന്‍ കവി എഡ്ഗര്‍ ഗസ്റ്റ് പറഞ്ഞതുപോലെ, 'ഒരു നല്ല മനുഷ്യന്‍ പലരെയും പഠിപ്പിക്കുന്നു; മനുഷ്യര്‍ അവര്‍ കാണുന്നതെന്തോ അത് വിശ്വസിക്കുന്നു '
എം.ബി.എ നേടാനുള്ള പാച്ചിലുകള്‍ പതിവാവുകയും വ്യക്തിഗത സമ്പത്തിനെ പിന്തുടരുന്നത് ഏറ്റവും ഉയര്‍ന്ന ലക്ഷ്യവുമായിത്തീര്‍ന്ന ഒരു ലോകത്തില്‍, ജാര്‍ഖണ്ഡിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും സമയമെടുക്കുന്ന ഒരാളെ കണ്ടുമുട്ടുന്നത് എനിക്ക് അത്ഭുതമായിരുന്നു. (നിങ്ങളുടെ പി.എച്ച്.ഡി പ്രബന്ധം, ഞാന്‍ വിശ്വസിക്കുന്നു, 'Contesting claims and contingencies of rule: Singhbhum, 1800-2000'' എന്ന തലക്കെട്ടിലാണ്)
ഗൗരി ലങ്കേഷിന്റെ കൊലപാതകം നല്‍കിയ ഇരുട്ടിനപ്പുറം, അഞ്ചു വര്‍ഷം കഴിഞ്ഞ് ലഭിച്ച പ്രതീക്ഷയുടെ വൈകാരിക നിമിഷം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഏകദേശം പതിനഞ്ചു മിനിറ്റോളം സമയത്തില്‍ നമ്മള്‍ വളരെക്കുറച്ച് മാത്രമേ സംസാരിച്ചുള്ളൂ. പക്ഷേ, ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള നിങ്ങളുടെ മൂര്‍ച്ചയേറിയ ബൗദ്ധിക ആശങ്കകളും യഥാര്‍ഥ സഹാനുഭൂതിയും എന്നില്‍ ആഴത്തിലുള്ള മതിപ്പ് ഉളവാക്കി. ജയിലില്‍ എല്ലാ ദിവസവും നിങ്ങള്‍ ഇടപഴകുന്നവരില്‍, അന്തേവാസികളിലും വാര്‍ഡന്‍മാരിലും നിങ്ങള്‍ ചെലുത്തുന്ന സ്വാധീനം എനിക്ക് ഊഹിക്കാന്‍ കഴിയും.
അമേരിക്കന്‍ കവി എഡ്ഗര്‍ ഗസ്റ്റ് പറഞ്ഞതുപോലെ, 'ഒരു നല്ല മനുഷ്യന്‍ പലരെയും പഠിപ്പിക്കുന്നു; മനുഷ്യര്‍ അവര്‍ കാണുന്നതെന്തോ അത് വിശ്വസിക്കുന്നു ' ആളുകള്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ്.
ഒരു തടവുകാരന് അനുഭവിക്കാന്‍ കഴിയുന്ന വികാരങ്ങളുടെ കൂമ്പാരത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്വപ്നങ്ങളുടെ ആകാശത്തില്‍ പറന്നുയരുന്ന ദിവസങ്ങളുണ്ട്, ഒരിക്കലും അവസാനിക്കാത്ത ദിവസങ്ങളുമുണ്ട്.
അവര്‍ അങ്ങനെയല്ലെന്ന് നിങ്ങള്‍ വിചാരിക്കുമ്പോഴും അവര്‍ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മാത്രമല്ല, സ്വന്തം കണ്ണുകളുടെ തെളിവുകള്‍ അവര്‍ ഒരിക്കലും മറക്കുകയുമില്ല. നിങ്ങള്‍ ജയിലില്‍ ഇടപഴകുന്നവര്‍ അച്ചടി മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിങ്ങളെക്കുറിച്ച് കേട്ട നുണകള്‍ വിശ്വസിക്കില്ലെന്ന് ഞാന്‍ ധൈര്യപ്പെടുന്നു.
നിങ്ങളുടെ തടവറ ജീവിതത്തെക്കുറിച്ച് ഞാന്‍ വളരെയധികം ചിന്തിക്കാറുണ്ട്. ഒരു വളണ്ടിയര്‍ എന്ന നിലയില്‍ വര്‍ഷങ്ങളോളം ജയില്‍ അന്തേവാസികള്‍ക്ക് കൗണ്‍സലിംഗ് നല്‍കിയ ഞാന്‍ ജയില്‍ ജീവിതം വളരെ അടുത്ത് നിന്ന് കണ്ടുവെന്നതാകാം ഇതിന് ഒരു കാരണം. ഒരു തടവുകാരന് അനുഭവിക്കാന്‍ കഴിയുന്ന വികാരങ്ങളുടെ കൂമ്പാരത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്വപ്നങ്ങളുടെ ആകാശത്തില്‍ പറന്നുയരുന്ന ദിവസങ്ങളുണ്ട്, ഒരിക്കലും അവസാനിക്കാത്ത ദിവസങ്ങളുമുണ്ട്. ജയില്‍ ജീവിതം നിങ്ങളെ തകര്‍ക്കുകയോ അഗാധമായി പുനര്‍നിര്‍മിക്കുകയോ ചെയ്യാം. പക്ഷേ, നിങ്ങളുടെ ജയില്‍ വാസത്തെക്കുറിച്ച് ഞാന്‍ വായിച്ചതില്‍ നിന്നും, തീര്‍ച്ചയായും അത് രണ്ടാമത്തേതാണ് എന്നാണ് എന്റെ വിശ്വാസം.
നിങ്ങളുടെ സുഹൃത്ത് ബനോജ്യോത്സ്‌ന ലാഹിരി അടുത്തിടെ ദി ക്വിന്റില്‍ നിങ്ങളെക്കുറിച്ച് എഴുതിയതുപോലെ...
'തടവിന്റെ ആദ്യ ഘട്ടത്തില്‍, അവന്‍ അസ്വസ്ഥനായിരുന്നു, ബലമായി കൂട്ടിലടയ്ക്കപ്പെട്ട ഒരു കാട്ടുപൂച്ചയെപ്പോലെ അസ്വസ്ഥനായിരുന്നു. 700 ദിവസത്തെ ജയില്‍ വാസത്തിനുശേഷം, അദ്ദേഹം കൂടുതല്‍ ശാന്തനും പക്വതയുള്ളവനും ചിലപ്പോള്‍ വിഷാദഭരിതനുമാണ്... കാഫ്കസമാന യാഥാര്‍ഥ്യം അയാളെ കീഴ്‌പ്പെടുത്തിയോ? എങ്ങനെയോ അത് മറിച്ചാണെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ എങ്ങനെയോ മെച്ചപ്പെട്ട ധൈര്യം നേടുകയും യാഥാര്‍ഥ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. അരക്ഷിതത്വവുമായുള്ള ഈ കളിയില്‍, ഇപ്പോള്‍ ഉമര്‍ ഖാലിദ്-1, നിരാശ - 0 ആണ്!'
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ ജയിലില്‍ കിടന്നപ്പോള്‍ കണ്ടെത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെ ആന്തരിക ആഴങ്ങള്‍ നിങ്ങള്‍ കണ്ടെത്തിയതായി തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ സമാനമായ ഒരു കൂട്ടത്തിലാണ്. നിങ്ങളെപ്പോലെ അവരും സത്യത്തിന്റെയും അഹിംസയുടെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അവരെപ്പോലെ നിങ്ങളും നിങ്ങളുടെ രാജ്യത്തിനെ അഗാധമായി സ്‌നേഹിക്കുന്നു.
രാജ്യം അതിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ദശലക്ഷക്കണക്കിന് പോളിസ്റ്റര്‍ പതാകകള്‍ ഉപയോഗിച്ച് അതിന്റെ വലിയ പരാജയങ്ങള്‍ മൂടിവയ്ക്കാന്‍ ഭരണപക്ഷം തീവ്രമായി ശ്രമിച്ചു. തങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ തുറന്നുകാട്ടുന്നവരെ നിശബ്ദരാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുമെങ്കിലും, യഥാര്‍ഥ ആസാദി എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരെ നിങ്ങളുടെ ജീവിതം പ്രചോദിപ്പിക്കുന്നതായി ദയവായി അറിയുക. മുന്‍വിധി, വിദ്വേഷം, അസമത്വം, അനീതി എന്നിവയില്‍ നിന്നുള്ള ആസാദി.
അതെ, മോദിയുടെ ലാപ്‌ഡോഗ് മീഡിയയുടെയും 'വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി'യുടെയും നുണകള്‍ വിഴുങ്ങിയ നിരവധി പേരുണ്ട്. പക്ഷേ, അതുപോലെ തന്നെ, ഇന്ത്യന്‍ ഭരണഘടനയുടെ ആദര്‍ശങ്ങളില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന നിരവധി പേരുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ധൈര്യം ഒരു പ്രകാശകിരണവും പ്രത്യാശയുടെ ദീപസ്തംഭവുമാണ്.
നിങ്ങള്‍ തിളങ്ങിക്കൊണ്ടേയിരിക്കൂ !