Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 24 Jan 2024 11:53 AM GMT

ലോകാഃ സമസ്താഃ സുഖിനോ ആര്‍ക്ക് ഭവന്തു?

പള്ളി പണിയുന്നതിനു ഏതാണ്ട് അഞ്ച് നൂറ്റാണ്ടെങ്കിലും മുന്‍പ് തകര്‍ന്നടിഞ്ഞ ഒരു കെട്ടിടാവശിഷ്ടം മാത്രമാണ് അതെന്നും, അതിന് ക്ഷേത്ര സമാനമായ ഒന്നും തന്നെയില്ലെന്നും വ്യക്തമാണ്. അപ്പോള്‍ അന്യായമായി പള്ളി പൊളിച്ചതിന് നടപടി ഒന്നും തന്നെ എടുക്കാതെ, അവിടെ ക്ഷേത്രം പണിതതാണോ സമസ്താഃ സുഖിനോ ഭവന്തു?

ബില്‍ക്കീസ് ബാനു, ലബ് പെ ആത്തി ഹൈ ദുആ.., രാമക്ഷേത്രം, അയോധ്യ, ബാബരി മസ്ജിദ്,
X

ഭാരത സംസ്‌കാരത്തിന്റെ ഔന്നിത്യവും ഇന്‍ക്ലൂസീവ് സ്വഭാവവും വ്യക്തമാക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാചകമാണ് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു. അതായത് സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണ് ആ വരിയുടെ അര്‍ഥം. ഒരു സംസ്‌കൃത ശ്ലോകത്തിന്റെ അവസാന വരിയാണിത്. അതിന് മുന്‍പുള്ള മൂന്ന് വരികള്‍ വായിച്ചാല്‍, നമ്മള്‍ ഇന്ന് കല്‍പ്പിച്ചു നല്‍കുന്ന അര്‍ഥത്തിലല്ല ഇത് പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കാം. അത് മനസ്സിലാക്കിയാല്‍ ഇതിന്റെ ഉപയോഗത്തില്‍ കുറവുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, നമുക്ക് അത് കണക്കാക്കാതെ, ഈ ഒരു വാക്യം മാത്രം ഉപയോഗിക്കുന്നതിന്റെ സാംഗത്യം ഒന്ന് നോക്കാം.

ബീഫ് വീട്ടില്‍ സൂക്ഷിച്ചു വച്ചു എന്ന് പറഞ്ഞു ദാദ്രിയില്‍ നാട്ടുകാര്‍ ആക്രമിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിനെ ഓര്‍മയില്ലേ? ആ ആള്‍ക്കൂട്ട കൊലയ്ക്കു ശേഷം അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ സൂക്ഷിച്ചിരുന്ന മാംസം ബീഫ് ആയിരിന്നു എന്ന് എഫ്.ഐ.ആര്‍ ഉണ്ടാക്കുകയും, പിന്നീടുള്ള വിശദമായ അന്വേഷണത്തില്‍ അത് ബീഫ് അല്ല എന്ന് കണ്ടെത്തുകയും ചെയ്തു. ആ സംഭവത്തില്‍ കേസെടുക്കുക എന്ന് മാത്രമായിരുന്നില്ല ഒരു യഥാര്‍ഥ സര്‍ക്കാരിന്റെ കടമ. ആ സംഭവത്തില്‍ ഉത്തരവാദ സ്ഥാനങ്ങളില്‍ ഉള്ളവര്‍ ഒരു തുള്ളി കള്ളക്കണ്ണീര്‍ പോലും ഒഴുക്കിയില്ല. അക്രമികള്‍ ഭൂരിപക്ഷ സമുദായ അംഗങ്ങളും, ആക്രമിക്കപ്പെട്ടത് മുസ്‌ലിം സമുദായത്തില്‍ പെട്ട അഖ്ലാക്ക് ആയതു കൊണ്ടും സംഭവത്തെ അപലപിക്കാന്‍ പോലും ഒരു മന്ത്രിയും തയ്യാറായില്ല എന്നോര്‍ക്കണം. അതിനു ശേഷം നടന്ന നിരവധി പശു ഗുണ്ട ആക്രമങ്ങളിലും, ഇല്ലാത്ത ലൗജിഹാദ് കൊലപാതകങ്ങളിലും, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ അക്രമിക്കപ്പെട്ടപ്പോഴും ഭരണ വര്‍ഗത്തിന്റെ ഭാഗത്തു നിന്നും നിശബ്ദത മാത്രമാണ് നമ്മള്‍ അനുഭവിച്ചത്. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മള്‍ക്ക് സമസ്താഃ സുഖിനോ ഭവന്തു എന്ന് പറയാന്‍ സാധിക്കുക?

2002ല്‍ തുടങ്ങിയ ബില്‍ക്കീസ് ബാനുവിന്റെ നീതിക്കു വേണ്ടിയുള്ള അലച്ചില്‍, ബേട്ടി ബചാവോ എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഉരുവിടുന്ന സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലില്‍ നീണ്ടുപോയത് ഫാസിസമല്ലാതെ വേറെയൊന്നുമല്ല. ബില്‍ക്കീസ് ബാനു വിഷയത്തില്‍ എങ്ങനെയാണു ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന് പറയാന്‍ സാധിക്കുക?

ഗുജറാത്ത് കലാപകാലത്ത് തുടങ്ങിയ നീതിക്കു വേണ്ടിയുള്ള ബില്‍ക്കീസ് ബാനുവിന്റെ നെട്ടോട്ടം നാം വേദനയോടെയാണ് വീക്ഷിച്ചത്. ഈ മാസം ആ പോരാട്ടം സുപ്രീം കോടതിയില്‍ അവസാനിച്ചപ്പോള്‍ നമ്മള്‍ കണ്ടതാണ്, ഈ രാജ്യത്തെ ഓരോ പൗരന്റെയും നീതിക്കു വേണ്ടി നിലകൊള്ളേണ്ട ഭരണകൂടം എന്തൊക്കെയാണ് ചെയ്തത് എന്ന്. ഇല്ലാത്ത അധികാരം ഉപയോഗിച്ചും, കോടതിയെ തെറ്റിദ്ധരിപ്പിച്ചും, കൊലപാതകികളായ അക്രമികള്‍ക്കൊപ്പം നില്‍ക്കാന്‍ ഇക്കാലമത്രയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച അന്യായ ഇടപെടലുകള്‍ പരിഷ്‌കൃത സമൂഹത്തെ ഭയപ്പെടുത്തും. 2002ല്‍ തുടങ്ങിയ ആ സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള അലച്ചില്‍, ബേട്ടി ബചാവോ എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഉരുവിടുന്ന സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലില്‍ നീണ്ടുപോയത് ഫാസിസമല്ലാതെ വേറെയൊന്നുമല്ല. ബില്‍ക്കീസ് ബാനു വിഷയത്തില്‍ എങ്ങനെയാണു ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന് പറയാന്‍ സാധിക്കുക?

ഇന്നിപ്പോള്‍ രാജ്യം ഒരു വലിയ മാറ്റത്തിന്റെ മുനമ്പിലാണ്. പള്ളി പൊളിച്ചു പണിത ക്ഷേത്രത്തിനു മുന്‍പും പിന്‍പും എന്ന ഒരു കാലക്രമത്തിലേക്ക് നമ്മുടെ ചരിത്രം മാറ്റിയെഴുതും എന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ, ഇന്നലെ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത ക്ഷേത്രം വന്നത് കൊണ്ട് രാജ്യത്തു സുഖിനോ ഭവന്തു എന്ന് പറയാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. അവിടെ നിലനിന്നിരുന്ന പള്ളിയില്‍ 450 വര്‍ഷങ്ങളോളം മുസ്‌ലിം സമുദായം പ്രാര്‍ഥിച്ചിരുന്നു എന്നും, അത് പൊളിച്ചത് ഒരു ക്രിമിനല്‍ പ്രവൃത്തിയായിരിന്നു എന്നും, അവിടെ നില നിന്നിരുന്ന പള്ളി മറ്റെന്തെങ്കിലും പൊളിച്ചാണ് പണിതത് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നുമാണ് സുപ്രീംകോടതി ആ ക്ഷേത്രം പണിയാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്. പള്ളി പണിയുന്നതിനു ഏതാണ്ട് അഞ്ച് നൂറ്റാണ്ടെങ്കിലും മുന്‍പ് തകര്‍ന്നടിഞ്ഞ ഒരു കെട്ടിടാവശിഷ്ടം മാത്രമാണ് അതെന്നും, അതിന് ക്ഷേത്ര സമാനമായ ഒന്നും തന്നെയില്ലെന്നും വ്യക്തമാണ്. അപ്പോള്‍ അന്യായമായി പള്ളി പൊളിച്ചതിന് നടപടി ഒന്നും തന്നെ എടുക്കാതെ, അവിടെ ക്ഷേത്രം പണിതതാണോ സമസ്താഃ സുഖിനോ ഭവന്തു?

ഇന്ത്യയിലെ പല സ്‌കൂളുകളിലും പ്രാര്‍ഥന ഗാനമായി ആലപിക്കാറുള്ള അല്ലാമാ ഇഖ്ബാലിന്റെ വളരെ പ്രശസ്തമായ, 'ലബ് പെ ആത്തി ഹൈ ദുആ..' കുട്ടികളെ കൊണ്ട് പാടിച്ചതിന് അത് ഇസ്‌ലാമിക ഗാനമാണ് എന്ന് പറഞ്ഞു കഴിഞ്ഞ കൊല്ലം ഒരു സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ കേസെടുത്തത് ഓര്‍ക്കണം. ഇത്തരം അവസ്ഥയില്‍ എങ്ങനെയാണ് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു സാധിക്കുക?

രാമക്ഷേത്രം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പിന്നൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നാണ് തുടക്കം മുതല്‍ സംഘ്പരിവാറിലെ 'നിഷ്പക്ഷര്‍' പറഞ്ഞിരുന്നത്. ഒരു ജനാധിപത്യ രാജ്യത്ത്, ജനങ്ങളെല്ലാം തുല്യരാണ് എന്ന് ഭരണഘടന പറയുന്ന രാജ്യത്ത്, അത്തരം ഒരു ഉറപ്പ് തന്നെ തെറ്റാണ്. എങ്കിലും ആ പറഞ്ഞതിന്റെ നിജസ്ഥിതി എന്താണ് എന്ന് നമുക്ക് നോക്കാം. നാട്ടിലെ പ്രമാണിമാരെ ഒക്കെ ഒന്നിച്ചു കൂട്ടി അമ്പലം തുറന്ന ദിവസം രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും, വിശിഷ്യാ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, മസ്ജിദുകളും, ചര്‍ച്ചുകളും, ന്യൂനപക്ഷ സമുദായങ്ങളുടെ വീടുകളും, കച്ചവട സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. സ്വന്തമായി വേലയും കൂലിയുമില്ലാത്ത ഇവര്‍ക്കറിയില്ലല്ലോ എത്ര ബുദ്ധിമുട്ടിയാണ് ഒരു വീട് വയ്ക്കുന്നത്, അല്ലെങ്കില്‍ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നത് എന്ന്. ഈ അക്രമങ്ങള്‍ക്കെല്ലാം തന്നെ ഭരണ വര്‍ഗത്തിന്റെ ഒത്താശയുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അല്ലെങ്കില്‍ വെറിപൂണ്ട കാളകളെ പോലെ, തോന്നിയ പോലെ പകല്‍ വെളിച്ചത്തില്‍ ഇങ്ങനെ അഴിഞ്ഞാടാന്‍ അവര്‍ക്ക് ധൈര്യം കിട്ടില്ലല്ലോ. തങ്ങളുടെ ഭഗവാന്റെ പേര് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇവരുടെ ഈ പേക്കൂത്ത് എന്നത് യാതൊരു നാണക്കേടും അവരില്‍ ഉണ്ടാക്കുന്നില്ല എന്നത് എത്ര ലജ്ജാകരമാണ്. ഈ കൊലവിളികള്‍ക്കിടയില്‍ എങ്ങനെയാണ് സമസ്താഃ സുഖിനോ ഭവന്തു സാധ്യമാവുക?

ഇന്ന് രാജ്യത്ത് നടക്കുന്ന ഈ തെറ്റുകള്‍ക്കെല്ലാം തന്നെ ഭരണഘടനയുടെ പിന്തുണയുണ്ടെന്നതാണ് രസകരം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു കോടതിയില്‍ ഇവയെല്ലാം ചോദ്യം ചെയ്യപ്പെട്ടേനെ. അമ്പലം തുറക്കുന്ന ദിവസം ആശുപത്രികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും, എന്തിനു കോടതി പോലും നിശ്ചലമാകുന്ന കാഴ്ചയാണ് നാം കണ്ടത്. ഒരു സെക്കുലര്‍ രാജ്യത്തെ സ്ഥിതിയാണ് ഈ കണ്ടത്. ഭരണഘടനയുടെ പിന്തുണയോടെ സ്‌കൂളിലും കോളജിലും പോകുന്ന മുസ്‌ലിം യുവതികളുടെ തട്ടം അഴിപ്പിക്കാന്‍ തത്രപ്പെട്ട അധികാര വര്‍ഗം, ഇന്നിപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ശ്രീരാമ ഭക്തി ഗാനങ്ങള്‍ പാടി നൃത്തം വയ്ക്കുമ്പോള്‍, ഇതൊക്കെയെന്തു എന്ന മട്ടില്‍ തല തിരിച്ചു നില്‍ക്കുകയാണ്. ഇന്ത്യയിലെ പല സ്‌കൂളുകളിലും പ്രാര്‍ഥന ഗാനമായി ആലപിക്കാറുള്ള അല്ലാമാ ഇഖ്ബാലിന്റെ വളരെ പ്രശസ്തമായ, 'ലബ് പെ ആത്തി ഹൈ ദുആ..' കുട്ടികളെ കൊണ്ട് പാടിച്ചതിന് അത് ഇസ്‌ലാമിക ഗാനമാണ് എന്ന് പറഞ്ഞു കഴിഞ്ഞ കൊല്ലം ഒരു സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ കേസെടുത്തത് ഓര്‍ക്കണം. ഇത്തരം അവസ്ഥയില്‍ എങ്ങനെയാണ് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു സാധിക്കുക?

ഇത് ഇന്നത്തെ ഭരണവര്‍ഗം സമ്മതിച്ചു തരില്ല, കാരണം വിദ്വേഷ പ്രചാരണത്തിലൂടെ ആളെ കൂട്ടി വോട്ട് നേടുക എന്നതാണ് അവരുടെ ഒരേയൊരു വഴി. ഇത് മനസ്സിലാക്കി ജീവിക്കുന്നവരോട് നിങ്ങള്‍ അതുകൊണ്ട് ദയവു ചെയ്തു ഇനിയും ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ വരരുത്. കാരണം, ഈ രാജ്യം എല്ലാവര്‍ക്കുമുള്ളതാണ്. അതുകൊണ്ട് യഥാര്‍ഥ സുഖിനോ ഭവന്തു എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അല്ലാതെ ഭാഷയുടെയും, ഭക്ഷണത്തിന്റെയും, വേഷത്തിന്റെയും, നിറത്തിന്റെയും, ദൈവത്തിന്റെയും പേരില്‍ സ്വാതന്ത്ര്യവും സൗകര്യവും വ്യത്യസ്തമാക്കാനാണ് തയ്യാറാകുന്നതെങ്കില്‍, അവരെ ഒരു ഫാസിസ്റ്റ് എന്ന് വിളിക്കേണ്ടി വരും, എതിര്‍ക്കേണ്ടിയും വരും.


TAGS :