Quantcast
MediaOne Logo

പി.എ പ്രേംബാബു

Published: 24 July 2024 11:48 AM GMT

ലൗ ജിഹാദ്: രക്തമുണങ്ങാത്ത മുറിവുകളുമായി അവര്‍ പുരോലയിലേക്ക് മടങ്ങുന്നു.

ലൗ ജിഹാദ് ഹിന്ദുത്വ ഗൂഢാലോചന കോടതിയില്‍ പൊളിഞ്ഞ പശ്ചാത്തലത്തില്‍, മുസ്‌ലിം കുടുംബങ്ങളില്‍ പലരും പുരോലയിലേക്ക് ഇപ്പോള്‍ മടങ്ങുകയാണ്. യു.പി ഉത്തരാഖണ്ഡിലെ പുരോലയയില്‍ ഉണ്ടായ ലൗ ജിഹാദ് ആരോപണങ്ങളും തുടര്‍ന്നുണ്ടായ വംശീയാതിക്രമങ്ങളെയും കുറിച്ച്.

ലൗ ജിഹാദ്: രക്തമുണങ്ങാത്ത മുറിവുകളുമായി അവര്‍ പുരോലയിലേക്ക് മടങ്ങുന്നു.
X

അറവ് കത്തി കൊണ്ടാണ് ഹിന്ദുത്വ ഭീകരത പുരോല എന്ന ആ ചെറുപട്ടണത്തിന്റെ അതിര്‍ത്തി രേഖ വരച്ചത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല എന്ന ചെറുപട്ടണം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ലൗ ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷുബ്ധമായത് ദേശീയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒറ്റരാത്രിയില്‍, നിരവധി മുസ്‌ലിം കുടുംബങ്ങള്‍ ആ പട്ടണത്തില്‍ നിന്നും സര്‍വ്വസ്വവും ഉപേക്ഷിച്ച് പലായനം ചെയ്യുകയുണ്ടായി.

രണ്ട് യുവാക്കള്‍ - ഹിന്ദു യുവാവായ ജിതേന്ദ്ര സൈനിയും, മുസ്‌ലിം യുവാവായ ഉവൈദ് ഖാനും ചേര്‍ന്ന് 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി ഇസ്‌ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണമായിരുന്നു ഹിന്ദുത്വ ഭീകര സംഘങ്ങള്‍ പ്രചരിപ്പിച്ചത്. അതിനെ തുടര്‍ന്ന്, ഹിന്ദുത്വ ഭീകര ശക്തികള്‍ അഴിച്ചുവിട്ട അതിഭീതിതമായ പ്രചരണങ്ങളും, കലാപാഹ്വാനങ്ങളും ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്കെതിരെയുള്ള മരണവാറണ്ടായി മാറി. മത വര്‍ഗീയതയുടെ മാലിന്യംതിന്നു ജീവിക്കുന്ന മാധ്യമങ്ങള്‍ നുണകള്‍ കൊണ്ട് മുസ്‌ലിം വിരുദ്ധതക്ക് ആവോളം തീപിടിപ്പിച്ചു. ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ ആ തീയില്‍ എണ്ണ കോരിയൊഴിച്ചു. ഉദാഹരണത്തിന്, ഇന്ത്യ ടിവി (India TV) റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: ''ഇരുവരും (ഖാനും സൈനിയും) പ്രായപൂര്‍ത്തിയാകാത്ത ആ പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച നിമിഷം, അവള്‍ വളരെ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീടിന് പുറത്തേക്ക് വന്ന അമ്മയും മറ്റ് കടയുടമകളും ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.'


യു.പി ഉത്തരാഖണ്ഡിലെ ന്യൂസ് 18 (New18) അവതാരകന്‍ റിപ്പോര്‍ട്ട് ചെയ്തത് 'മലയോര മേഖലയില്‍ ലൗ ജിഹാദ് കേസുകളില്‍ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്' എന്നാണ്. ലൗ ജിഹാദികള്‍ ഈ മേഖലകളില്‍ നീചമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും കഥകള്‍ കെട്ടിച്ചമച്ച് അവതരിപ്പിച്ചു. അത്രയും ഹീനമായ പ്രചരണങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും വിക്ഷേപിച്ചത്. എന്നാല്‍, ഒരു വര്‍ഷത്തിനുശേഷം, ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഖാനും സെയ്‌നിക്കുമെതിരായ കേസിന്റെ ഗൂഢാലോചന കോടതിയില്‍ പൊളിഞ്ഞു വീഴുകയായിരുന്നു. മേയ് 10 ന് ഉത്തരകാശിയിലെ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി. എന്നുമാത്രമല്ല ഇരുവര്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി.

മുസ്ലിംകള്‍ക്കെതിരായ ഉന്മാദാവസ്ഥ ഉയര്‍ത്തുന്നതില്‍ പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള കോടതിയുടെ വിധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഖാനും സെയ്നിയും തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കാന്‍ പൊലീസ് തന്നെ പഠിപ്പിച്ചിരുന്നതായി 14 വയസ്സുള്ള പെണ്‍കുട്ടി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കേസിലെ ഏക ദൃക്സാക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘ് അംഗമായ ആഷിഷ് ചുനാറിന്റെ മൊഴിയിലെ പൊരുത്തക്കേടുകള്‍ കോടതി കണ്ടെത്തി.

പുരോലയിലെ 35,000 നിവാസികളില്‍ ഏകദേശം 99% ഹിന്ദുക്കളാണ്. വര്‍ഷങ്ങളായി, ഏതാനും മുസ്‌ലിം കുടുംബങ്ങള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സമതലങ്ങളില്‍ നിന്ന് വന്ന്, ഈ ഹില്‍ ടൗണില്‍ ജീവസന്ധാരണത്തിനായി അധിവസിച്ചു പോരുന്നു. 2011ല്‍ ബിജ്നോറില്‍ നിന്ന് പുരോലയിലെത്തിയതായിരുന്നു ഉവൈദ് ഖാന്റെ കുടുംബം.


പട്ടണത്തിലെ കുമോള റോഡില്‍ ഫര്‍ണിച്ചറുകള്‍, മെത്തകള്‍, ഐസ്‌ക്രീം എന്നിവ വില്‍ക്കുന്ന കടകള്‍ അവര്‍ക്കുണ്ടായിരുന്നു. 2021ല്‍ ബിജ്നോറില്‍ നിന്ന് മലയോര പട്ടണത്തിലേക്ക് മാറിയ മെക്കാനിക്കായ ജിതേന്ദ്ര സൈനിയുടെ കടയാണ് റോഡിന് എതിര്‍വശത്തുണ്ടായിരുന്നത്. അങ്ങനെ ഖാനും സൈനിയും അടുത്ത സുഹൃത്തുക്കളായി. അങ്ങനെയിരിക്കെയാണ് മേയ് 31 ന്, പുരോലയില്‍ 'ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ ഉള്‍പ്പെട്ട ഒരു 'ലൗ ജിഹാദ്' കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും, വ്യാപകമായ വ്യാജ പ്രചരണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതും. രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അനാഥയായിരുന്നു. അമ്മാവനായിരുന്നു നോക്കി വളര്‍ത്തിക്കൊണ്ടിരുന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍, വിശ്വഹിന്ദു പരിഷത്ത്, ദേവഭൂമി രക്ഷാ അഭിയാന്‍ തുടങ്ങിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പുരോലയിലും അയല്‍പട്ടണമായ ബാര്‍കോട്ടിലും മുസ്‌ലിംകള്‍ക്കെതിരെ വലിയ പ്രതിഷേധം നടത്തി. മുസ്‌ലിംകള്‍ 'ജിഹാദികള്‍' നാടുവിടാന്‍ ആഹ്വാനം ചെയ്തു. ഓരോ ദിവസവും പുതിയ ലൗ ജിഹാദ് കഥകള്‍ ഈ വിഷയത്തെ ചുറ്റിപ്പറ്റി ഹിന്ദുത്വ ഭീകര ശക്തികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരുന്നു.

കലാപകാലത്ത് ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ അവര്‍ പട്ടണം വിട്ടുപോകണമെന്നും അല്ലെങ്കില്‍ അക്രമം നേരിടണമെന്നും ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ ഒട്ടിച്ചതുള്‍പ്പടെ പൊലീസിന്റെ ഒത്താശയോടെ ഹിന്ദുത്വ ഭീകരര്‍ അഴിഞ്ഞാടി. തത്ഫലമായി, നിരവധി കുടുംബങ്ങള്‍ ഒറ്റരാത്രികൊണ്ട് പട്ടണത്തില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരില്‍ ചിലര്‍ പട്ടണത്തിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് ഭയന്ന് ഹിന്ദു നിവാസികള്‍ക്ക് തുച്ഛ വിലയ്ക്ക് സ്വത്തുക്കള്‍ വിറ്റ് കൂട്ടത്തോടെ ഒഴിഞ്ഞുപോയി. ലൗ ജിഹാദ് ഹിന്ദുത്വ ഗൂഢാലോചന കോടതിയില്‍ പൊളിഞ്ഞ പശ്ചാത്തലത്തില്‍, മുസ്‌ലിം കുടുംബങ്ങളില്‍ പലരും പുരോലയിലേക്ക് മടങ്ങുകയാണിപ്പോള്‍.

ഭയം തളംകെട്ടിയ മുസ്‌ലിം ജീവിതങ്ങള്‍ കൂട്ടമായി നഗരത്തില്‍ നിന്നും പലായനം ചെയ്യാന്‍ ആരംഭിച്ചു. കള്ളക്കേസ് ഉണ്ടാക്കി സൈനിയെയും ഖാനെയും തെഹ്രി ജില്ലാ ജയിലിലില്‍ അടച്ചു. ഉവൈദ് ഖാനും ജിതേന്ദ്ര സൈനിക്കുമെതിരായ കെട്ടിച്ചമക്കപ്പെട്ട കേസില്‍ 2023 ആഗസ്റ്റിനും 2024 മെയ് മാസത്തിനും ഇടയില്‍ 19 വിചാരണകള്‍ നടന്നു. ഖാനെയും സെയ്നിയെയും പ്രതിക്കൂട്ടിലാക്കി അവര്‍ക്കെതിരെ മൊഴികൊടുക്കാന്‍ പൊലീസ് തന്നെ പഠിപ്പിച്ചിരുന്നതായി ക്രോസ് വിസ്താരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍, ലൗ ജിഹാദ് പൂര്‍ണ്ണമായും കെട്ടിച്ചമച്ച കഥയാണെന്ന് കോടതി കണ്ടെത്തി. എന്നിട്ടും ആട്ടിയോടിക്കപ്പെട്ട സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെട്ട പിച്ചിച്ചീന്തപ്പെട്ട മനുഷ്യരുടെ മുകളില്‍ മയില്‍പുറത്തേറിയിരുന്നു കൊണ്ട് 'വസുധൈവ കുടുംബകം' എന്ന് മാധ്യമങ്ങള്‍ ഒച്ച വെച്ചുകൊണ്ടിരുന്നു.

ലൗ ജിഹാദ് ഹിന്ദുത്വ ഗൂഢാലോചന കോടതിയില്‍ പൊളിഞ്ഞ പശ്ചാത്തലത്തില്‍, മുസ്‌ലിം കുടുംബങ്ങളില്‍ പലരും പുരോലയിലേക്ക് മടങ്ങുകയാണിപ്പോള്‍. ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ അവര്‍ പട്ടണം വിട്ടുപോകണമെന്നും അല്ലെങ്കില്‍ അക്രമം നേരിടണമെന്നും ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ ഒട്ടിച്ചതുള്‍പ്പടെ പൊലീസിന്റെ ഒത്താശയോടെ ഹിന്ദുത്വ ഭീകരര്‍ അഴിഞ്ഞാടി. തത്ഫലമായി, നിരവധി കുടുംബങ്ങള്‍ ഒറ്റരാത്രികൊണ്ട് പട്ടണത്തില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരില്‍ ചിലര്‍ പട്ടണത്തിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് ഭയന്ന് ഹിന്ദു നിവാസികള്‍ക്ക് തുച്ഛ വിലയ്ക്ക് സ്വത്തുക്കള്‍ വിറ്റ് കൂട്ടത്തോടെ ഒഴിഞ്ഞുപോയി.

ഖാനും സൈനിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പുരോലയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള നൗഗാവിലേക്ക് കൊണ്ടുപോവുകയാണെന്ന് പുരോല മാര്‍ക്കറ്റില്‍ കമ്പ്യൂട്ടര്‍ ഷോപ്പ് നടത്തുന്ന തന്റെ പരിചയക്കാരനായ ആശിഷ് ചുനാര്‍ തന്നോട് പറഞ്ഞതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോക്‌സൊ (Pocso) നിയമപ്രകാരം 'പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ' കുറ്റം ചുമത്തി ഖാനെയും സൈനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിചിത്രമെന്നു പറയട്ടെ, പ്രതിയെ തിരിച്ചറിയുന്നതില്‍ പോലും പരാജയപ്പെട്ട സംഘ്പരിവാറിന്റെ നുണ ഉല്‍പാദന കര്‍സേവകനായ ചുനാറും മൊഴി തിരുത്തി. ഇരുവര്‍ക്കും പെണ്‍കുട്ടിയോട് ലൈംഗിക താല്‍പര്യമുണ്ടെന്ന് തെളിയിക്കുന്ന മൊഴികളോ തെളിവുകളോ പ്രോസിക്യൂഷന് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഇരുവരെയും കുറ്റവിമുക്തരാക്കി.

പട്ടണത്തില്‍ നിന്ന് പലായനം ചെയ്ത ഡസന്‍ കണക്കിന് മുസ്‌ലിം കുടുംബങ്ങള്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുരോലയില്‍ ഒരു വസ്ത്രക്കട നടത്തിവന്ന സോനു ഖാന്‍ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞത് ഇങ്ങനെയാണ് :

''പട്ടണം വിട്ടുപോകേണ്ടിവരുമെന്ന് ഭയന്ന് എനിക്ക് എന്റെ വീട് വില്‍ക്കേണ്ടിവന്നു. കുറച്ചുകാലം ഞാന്‍ എന്റെ ബന്ധുവിനൊപ്പം താമസിച്ചു. പക്ഷേ, പിന്നീട് എന്റെ ഒരു ഹിന്ദു സുഹൃത്ത് എന്നെ പിന്തുണക്കുകയും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. പക്ഷേ, ഇപ്പോള്‍ ഹിന്ദു കസ്റ്റമര്‍മാര്‍ എന്റെ കടയില്‍ വരുന്നത് വളരെ വിരളമാണ്.'

അദ്ദേഹത്തിന്റെ സഹോദരന്‍ സാഹില്‍ ഖാന് പിന്നീട് വിദൂര പട്ടണത്തിലേക്ക് കുടിയേറേണ്ടി വന്നു.

''എന്റെ സ്വന്തം ഹിന്ദു സുഹൃത്തുക്കള്‍ എന്റെ സമുദായത്തിനെതിരെ, ബന്ധുക്കള്‍ക്കെതിരെ നടത്തിയ ഹിംസാത്മകമായ പ്രകടനങ്ങള്‍ എന്നെ എക്കാലവും വേട്ടയാടും'' അദ്ദേഹം വിതുമ്പിക്കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ആ സംഭവത്തിന് ശേഷം പുരോലയില്‍ ഈദ് നമസ്‌കരിക്കാന്‍ പോലും മുസ്‌ലിംകളെ അനുവദിച്ചില്ല. പ്രക്ഷുബ്ധതകള്‍ക്കിടയില്‍ നഗരം വിട്ടുപോയ നിരവധി ആളുകള്‍ ഈ വര്‍ഷം ആദ്യം തിരിച്ചെത്തിയെങ്കിലും ബിസിനസ്സ് സാരമായി ബാധിച്ചതിനാല്‍ അവരെല്ലാം ഉപജീവനത്തിനായി വളരെ ക്ലേശിക്കുകയാണ്. വസ്ത്രക്കട ഉള്‍പ്പെടെ ചെറുകിട കച്ചവടം നടത്തിയിരുന്ന മുസ്‌ലിംകള്‍ പലരും ഡെറാഡൂണിലേക്ക് സ്ഥിരമായി താമസം മാറി. ഉവൈദിന്റെ കുടുംബത്തിന് അവരുടെ ഫര്‍ണിച്ചര്‍ ഷോപ്പ് തിടുക്കത്തില്‍ നിസ്സാര വിലയ്ക്ക് വില്‍ക്കുകയും തുടര്‍ന്ന് പട്ടണത്തില്‍ നിന്ന് പലായനം ചെയ്യേണ്ടിയും വന്നു. ആ പാവം യുവാവിന് ഇപ്പോഴും നടുക്കം വിട്ടു മാറിയിട്ടില്ല. കടയുടെയും അതിന്റെ സ്റ്റോക്കിന്റെയും മൂല്യത്തിന്റെ 20% പോലും അവന്റെ കുടുംബത്തിന് നേടാനായില്ല. അവന്റെ സഹോദരന് കേസ് നടത്താന്‍ സാമ്പത്തികമായും മാനസികമായും ഒരുപാട് ക്ലേശിക്കേണ്ടി വന്നുവത്രേ. പ്രതിയാക്കപ്പെട്ട സൈനിയും സ്വന്തം ജില്ലയായ ബിജ്നോറിലേക്ക് മാറിയിരുന്നു.

സ്വന്തം രാജ്യത്ത്, എല്ലാ പൗര സ്വാതന്ത്ര്യത്തില്‍ നിന്നും പറിച്ചെടുക്കപ്പെട്ട്, ഒരു പ്രജാപദവി പോലുമില്ലാതെ തലങ്ങും വിലങ്ങും വലിച്ചെറിയപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങള്‍, അഭയാര്‍ഥികളാക്കപ്പെടുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഉത്തരാഖണ്ഡിലെ പുരോല എന്ന ഈ ചെറുപട്ടണം. എന്തായാലും, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ നുണപ്രചരണത്തിന്റെ വംശീയ കലാപത്തിലൂടെ ആട്ടിയോടിക്കാം എന്ന് സംഘപരിവാര്‍ ഭീരുക്കള്‍ കരുതുന്നുണ്ടെങ്കില്‍, അതവര്‍ക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്.


TAGS :