മധുവിന് ലഭിച്ച നീതി വിശ്വനാഥനും കിട്ടേണ്ടേ?
ആദിവാസികളോടും ദലിതുകളോടും നാടോടികളോടും അന്തര്‍ സംസ്ഥാന തൊഴിലാളികളോടുമാക്കെ അങ്ങേയറ്റം ക്രൂരമായ സമീപനമാണ് സമൂഹം പലപ്പോഴും വെച്ചു പുലര്‍ത്തുന്നത്.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് ഒടുവില്‍ നീതി ലഭിച്ചിരിക്കുന്നു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ മധു എന്ന യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കേരള മനഃസാക്ഷിയെ നടുക്കിയ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പ്രൊസിക്യുഷന്റെ പിന്‍മാറ്റവും സാക്ഷികളുടെ കൂട്ട കൂറുമാറ്റവും ഉള്‍പ്പെടെ നിരവധി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അവസാനം മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി, മധുവിന്റെ കൊലപാതക കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു. രണ്ടുപേരെ വെറുതെ വിട്ടതിലും പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയതിലും മധുവിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയുമൊക്കെ നിരന്തരമായ ജാഗ്രതയുടെ ഫലമായിട്ടുകൂടിയാണ് മധുവിന്റെ കുടുംബത്തിന് നീതിലഭിച്ചതെന്ന് നിസ്സംശയം പറയാം.
മധുവിന്റെ കൊലപാതകം ഒരു ജാതിക്കൊലപാതകം കൂടിയാണ്. ദലിത്-ആദിവാസി വിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ മുന്‍വിധികളാണ് മധുവിന്റെ കൊലപാതകത്തിലൂടെ പുറത്തുവന്നത്. അരി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മധു ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നതും തുടര്‍ന്ന് കൊല്ലപ്പെടുന്നതും. മധു വധക്കേസില്‍ ശിക്ഷാവിധി പുറത്തുവന്ന സന്ദര്‍ഭത്തില്‍ വൃസ്മൃതിയിലാണ്ടുപോയതും വൃസ്മൃതിയിലേക്ക് നീങ്ങിയേക്കാവുന്നതുമായ ചില കൊലപാതകക്കേസുകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വയനാട് കല്‍പറ്റ വെള്ളാരംകുന്ന് ആദിവാസി കോളനിയിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണമാണ് അതില്‍ ഏറ്റവും പുതിയത്.
വിശ്വനാഥന്റെ മരണം
2023 ഫെബ്രുവരി 11നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്ത് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 07 ചൊവ്വാഴ്ച ദിവസമാണ് വിശ്വനാഥനും ഭാര്യ ബിന്ദുവും ഭാര്യാമാതാവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നത്. ബുധനാഴ്ച ദിവസം ഭാര്യ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ കുട്ടിക്ക് ജന്മം നല്‍കി.
2023 ഫെബ്രുവരി 9 വ്യാഴാഴ്ച്ച രാത്രിയില്‍ നടന്ന സംഭവങ്ങളാണ് വിശ്വനാഥന്റെ മരണത്തിലേക്ക് നയിച്ചത്. അന്നേദിവസം ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സുരക്ഷാ ജീവനക്കാരും ആള്‍ക്കൂട്ടവും വിശ്വനാഥനെ പിടിച്ചുവെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍കോളജിലെ സെക്യൂരിറ്റി ജീവനക്കാരും ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും ചേര്‍ന്നുനടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് വിശ്വനാഥന്റെ മരണം ഉണ്ടായതെന്നാണ് കുടുംബം ആരോപിക്കുന്നത്. വിശ്വനാഥന്റേത് ആത്മഹത്യയല്ല എന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.
കള്ളക്കേസുകള്‍, കസ്റ്റഡി മര്‍ദനങ്ങള്‍
ആദിവാസികളോടും ദലിതുകളോടും നാടോടികളോടും അന്തര്‍ സംസ്ഥാന തൊഴിലാളികളോടുമാക്കെ അങ്ങേയറ്റം ക്രൂരമായ സമീപനമാണ് സമൂഹം പലപ്പോഴും വെച്ചു പുലര്‍ത്തുന്നത്. അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റമാണ് പലപ്പോഴും ഇവരോട് പ്രകടിപ്പിക്കാറ്. ഇവരൊക്കെ തന്നെ മോഷ്ടാക്കളും പിടിച്ചുപറിക്കാരും മോശക്കാരുമൊക്കെയാണെന്ന മുന്‍വിധി സമൂഹം വെച്ചുപുലര്‍ത്തുന്നു. പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ് ഉള്‍പ്പെടെ നിയമപലാകരും ഇതേ മുന്‍വിധി വെച്ചു പുലര്‍ത്തുന്നവരാണ്. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള നിരവധി കസ്റ്റഡി മരണങ്ങള്‍ ഇത് അടിവരയിടുന്നുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകന്‍ എന്ന യുവാവിന്റെ മരണം ഇതിനൊരു ഉദാഹരണമാണ്.
വിനായകന്‍ ദലിതനായിരുന്നു. 2017 ജൂലൈ 17നാണ് വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് വിനായകന്‍ ക്രൂരമായി പീഡനത്തിന് ഇരയായി.
കസ്റ്റഡിയില്‍ വെച്ച് വിനായകന് ക്രൂര മര്‍ദ്ദനം ഏറ്റിരുന്നുവെന്ന് വിനായകനൊപ്പം കസ്റ്റഡിയില്‍ എടുത്ത സുഹൃത്ത് ശരത് പറഞ്ഞിരുന്നു. വിനായകന്റെ മുടി വലിച്ചു പറിക്കുകയും മുലഞെട്ടുകള്‍ ഞെരിച്ച് പൊട്ടിക്കുകയും ചെയ്തതായി ശരത് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. തലയില്‍ ചതവും കഴുത്തിലും നെഞ്ചിലും മുലക്കണ്ണുകളിലും മുറിവും ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇടുക്കിയില്‍ ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തി എന്നാരോപിച്ച് സരുണ്‍ സജിയെന്ന ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവവും ഇതിനോട് ചേര്‍ത്തു വായിക്കണം. 2022 സെപ്റ്റംബര്‍ 20 നാണ് കിഴുകാനം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സരുണ്‍ സജിക്കെതിരെ കളളക്കേസെടുക്കുന്നതും കസ്റ്റഡിയില്‍ വെച്ച് മര്‍ദിക്കുന്നതും. നിരന്തരമായ പാരതികള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് കുറ്റക്കാര്‍ക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാല്‍ ഗോത്രവര്‍ഗ കമ്മീഷനും ഉത്തരവിട്ടിരുന്നു.
വര്‍ധിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍
മധു കൊല്ലപ്പെട്ടതിന്റെ കേസും അന്വേഷണങ്ങളും വിവാദങ്ങളുമൊക്കെ നടന്നുകൊണ്ടിരിക്കുമ്പോഴാണ്, 2022 ജൂണ്‍ 30 ന് പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായി വിനായകന്‍, നന്ദ കിഷേര്‍ എന്നീ യുവാക്കള്‍ കൊല്ലപ്പെടുന്നത്. അട്ടപ്പാടി നരിസുമുക്കിലെ സ്വകാര്യ ഫാമില്‍വെച്ചാണ് പത്തംഗ ആള്‍ക്കുട്ടത്തിന്റെ മര്‍ദനത്തിന് ഇരുവരും വിധേയരാകുന്നത്. നന്ദ കിഷോര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മര്‍ദനത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് വിനായകന് മരണം സംഭവിക്കുന്നത്. രണ്ട് കാലിലും കയ്യിലും ഏറ്റത് ക്രൂരമായ മര്‍ദനമാണെന്നും മസിലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് വിനായകന് മര്‍ദനമേറ്റത്.
ആള്‍ക്കൂട്ട കൂട്ടക്കൊലപാതകങ്ങള്‍ വാര്‍ത്തയല്ലാതായി മാറിയ ഉത്തരേന്ത്യയുടെ സ്ഥിതിവിശേഷത്തിലേക്ക് കേരളവും മാറിക്കൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെല്ല. രാജ്യത്തുടനീളം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. ഹരിയാനയില്‍, വാട്ടര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് 40 വയസ്സുള്ള ദലിതനെ ജനക്കൂട്ടം മര്‍ദിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത് ഈയിടെയാണ്.
പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എസ്.സി.എസ്.ടി വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും നിയമം പാലിക്കുന്നതിലും നടപ്പാക്കുന്നതിലും പരാജയപ്പെടുന്നതാണ് കാഴ്ച. 1989 ല്‍ ഈ നിയമം കൊണ്ടുവന്നത് അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളെ സംരക്ഷിക്കാനാണ്. ദലിത് വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ഷങ്ങളായി വര്‍ധിച്ചു വരികയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2020 ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ദലിതര്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളില്‍ 50,291 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.4 ശതമാനം കേസുകളുടെ വര്‍ധനവ് ഉണ്ടായതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആദിവാസി സമൂഹത്തിനെതിരായ കേസുകളിലും വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 8,272 ആണ്. കേസുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ 9.3 ശതമാനം വര്‍ധിച്ചു. ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണമാണ്. രജിസ്റ്റര്‍ ചെയ്യപ്പെടാത്തതും ഒത്തുതീര്‍പ്പാക്കപ്പെട്ടതുമായ നിരവധി കേസുകള്‍ ഉണ്ടാകാം. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെയും ജാതി അക്രമങ്ങളെയും കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകളൊന്നുമില്ല. രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാധ്യമ സ്ഥാപനമായ ദി ക്വിന്റ് ശ്രമിച്ചിരുന്നു. ക്വിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2015 നും 2019നും ഇടയില്‍ ഇന്ത്യയിലുടനീളം എണ്‍പതോളം ആളുകള്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ മരിച്ചിട്ടുണ്ട് എന്നാണ്.
ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഈ അക്രമസംഭവങ്ങള്‍ അനുസ്യൂതം തുടരുകയാണ്. പിന്നാക്ക ജാതിക്കാരായ പൗരന്മാരെ ഉയര്‍ന്ന ജാതിക്കാരില്‍നിന്ന് നേരിടുന്ന പീഡനങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ നിയമത്തിന് തന്നെ കഴിയാതെ വരുന്നു. രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ പലപ്പോഴും ഇത്തരം സംഭവങ്ങളെ അവഗണിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും നിയമപാലകരുടെയും നിയമ സംവിധാനങ്ങളുടെയും പക്ഷപാതപരമായ ഇടപെടലുകളിലൂടെ നിയമത്തിന് മുന്നിലും സമൂഹത്തിലും കുറ്റക്കാര്‍ സംരക്ഷിക്കപ്പെടുന്നതും നിത്യകാഴ്ചയാണ്.