മലയാള ഡോക്യുമെന്ററി ശാഖയില്‍ വളര്‍ച്ചാമുരടിപ്പ് - ഫെസ്റ്റിവെല്‍ ജൂറി
മീഡിയാവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലിലെ മത്സരചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം ജൂറിയുടെ നിഗമനങ്ങളും അഭിപ്രായങ്ങളും.
സെലക്ഷന് ശേഷം ജൂറിയുടെ മുന്നില്‍ വന്നത് 57 ഷോട്ഫിലിമുകള്‍, 15 ഡോക്യുമെന്ററികള്‍, നാല് വീഡിയോ സ്റ്റോറികള്‍, ഏഴ് മ്യൂസിക് വീഡിയോകള്‍, ആറ് റാപ് മ്യൂസിക് വിഡിയോ ചിത്രങ്ങള്‍, അഞ്ച് പരസ്യചിത്രങ്ങള്‍ എന്നിവയാണ്. ഒപ്പം മീഡിയാവണ്‍ അക്കാദമി അലുംനി പാക്കേജില്‍പ്പെട്ട പത്ത് ചിത്രങ്ങളും.
സിനിമാ മുഖ്യധാരക്ക് എല്ലാ അര്‍ഥത്തിലും കൃത്യമായ ബദലായി വളരാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ ചെറുസിനിമകളുടെ ഭാഗത്ത് നിന്നും വലിയ തോതില്‍ ഉണ്ടാകുന്നു എന്നത് തന്നെയാണ് മത്സരചിത്രങ്ങള്‍ നല്‍കുന്ന ഏറ്റവും പ്രസക്തവും ആവേശകരവുമായ കാര്യം. സൗന്ദര്യപരമായ മികവ് പുലര്‍ത്തിക്കൊണ്ടു തന്നെ അങ്ങേയറ്റം രാഷ്ട്രീയപരമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് മലയാളത്തിലെ യുവ ചലച്ചിത്ര പ്രതിഭകള്‍ എത്തി നില്‍ക്കുന്നു എന്നതാണ് ഈ മേളയുടെ മത്സര വിഭാഗത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയ ചിത്രങ്ങളുെട എണ്ണം സൂചിപ്പിക്കുന്നത്.
അടിച്ചമര്‍ത്തപ്പെടലിനെ നേരിടുന്നവരുടെ ആത്മസംഘര്‍ഷങ്ങളെ, അവരുടെ പോരാട്ടങ്ങളെ ശസ്ത്രക്രിയയുടെ സൂക്ഷ്മതയോടെ കലാസൃഷ്ടിയിലേക്ക് ആവാഹിച്ചെടുത്ത ചിത്രങ്ങളായിരുന്നു അദ്യ സ്ഥാനങ്ങളില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
വിവേചനത്തെ സാങ്കേതിക ഭൂപടനിര്‍മിതിയോട് ചേര്‍ത്തുകെട്ടി, കൃത്രിമ രാജ്യസ്‌നേഹത്തെ പ്രശ്‌നവത്കരിക്കാനുള്ള ഒരു ചലച്ചിത്ര പരിശ്രമം മലയാള ചെറുസിനിമാ മേഖലയില്‍ ഉണ്ടായി എന്നത് നവീനവും ശക്തവുമായ അനുഭൂതി പകരുന്ന കാര്യമാണ്. പണത്തിന്റെയും മറ്റ് വിഭവങ്ങളുടെയും പരിമിതി വലുതായി മുന്നില്‍ നില്‍ക്കുമ്പോഴും മലയാളത്തിലെ ബദല്‍, ചെറു സിനിമാ പ്രവര്‍ത്തകര്‍ വലുതായി രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ചെറു കഥാചിത്രങ്ങളും ഡോക്യുമെന്ററികളും മാത്രമല്ല, ഈ ഫെസ്റ്റിവലില്‍ പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട മ്യൂസിക് വീഡിയോ, റാപ് മ്യൂസിക് തുടങ്ങിയവയിലൊക്കെയും ശക്തമായ രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍ കാണാം.
അതേസമയം, ഏറ്റവും നിരാശപ്പെടുത്തിയത് ഡോക്യുമെന്ററി വിഭാഗമാണ്. ഒന്നും രണ്ടും സ്ഥാനത്തെത്തിയവ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും മൂന്നാം സ്ഥാനത്തിന് അര്‍ഹത നേടാന്‍ പറ്റിയ ഒന്നും ഉണ്ടായില്ല എന്നത് ദൗര്‍ഭാഗ്യകരം തന്നെ. ചാനല്‍ ന്യൂസ് സ്റ്റോറികള്‍ക്കും സാമ്പ്രദായിക ജീവചരിത്രരേഖകള്‍ക്കുമപ്പുറം മലയാളത്തിലെ ഡോക്യുമെന്ററി ശാഖക്ക് സമീപകാലത്ത്, അല്ലെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷമെങ്കിലും മുന്നോട്ട് പോകാനായില്ല എന്നതിന്റെ സൂചനയാണ് ഇതെങ്കില്‍, അത് തീര്‍ച്ചയായും വേദനാജനകം തന്നെയെന്നും ജൂറി വിലയിരുത്തുന്നു.
ഷെറി ഗോവിന്ദ് (ചെയര്‍ പെഴ്‌സന്‍), മുഹമ്മദ് ശമീം, സോഫിയ ബിന്ദ്, ഓഗസ്റ്റ് സെബാസ്റ്റ്യന്‍