Quantcast
MediaOne Logo

ഫാത്തിമ്മത്തു ഷാന

Published: 21 Feb 2023 1:24 PM GMT

പ്രതിരോധക്കാഴ്ചകളുടെ വസന്തം തീര്‍ത്ത മാഫ് 2023

അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കാഴ്ചയുടെയും ശബ്ദത്തിന്റെയും ആവിഷ്‌കാരങ്ങളുടെയും അടയാളപ്പെടുത്തലായിരുന്നു റീഫ്രെയിം ഡമോക്രസി; വിഷന്‍ ഫ്രം ദി മാര്‍ജിന്‍സ് എന്ന തലക്കെട്ട് ഫെസ്റ്റിവെല്‍ പ്രമേയമാക്കിയതിലൂടെ മേള ലക്ഷ്യം വെച്ചത്.

പ്രതിരോധക്കാഴ്ചകളുടെ വസന്തം തീര്‍ത്ത മാഫ് 2023
X

ജനാധിപത്യത്തെ കീറിമുറിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അരികുവത്കരിക്കപ്പെട്ടവരുടെ കഥകള്‍ കേള്‍ക്കാന്‍ അരികുകളിലേക്കൂന്നിയ ക്യാമറ പകര്‍പ്പുകളെ സ്വീകരിച്ചുകൊണ്ടാണ് മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലിന് (മാഫ് 2023) അരങ്ങേറ്റം കുറിച്ചത്. മീഡിയവണ്‍ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന പ്രഥമ ഫിലിം ഫെസ്റ്റിവെലിനാണ് 2023 ഫെബ്രുവരി 17 ന് തുടക്കമായത്.

ഫെബ്രുവരി 17,18,19 തിയ്യതികളിലായി മീഡിയവണ്‍ കാമ്പസില്‍ നടന്ന മേള ആക്ടീവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസാമി ഉദ്ഘാടനം ചെയ്തു. ആക്ടീവിസ്റ്റും ഡോക്യൂമെന്ററി സംവിധയകനുമായ ആര്‍.പി അമുദന്‍ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ധനന്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവെല്‍ തീം ക്യൂറേറ്റര്‍ ജോളി ചിറയത്ത്, ജൂറി ചെയര്‍പേഴ്‌സണ്‍ ഷെറി ഗോവിന്ദ്, മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ട്, മീഡിയവണ്‍ അക്കാദമി പ്രിന്‍സിപ്പള്‍ ഡോ. പി.കെ സാദിഖ്, ഫെസ്റ്റിവെല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സി.എം ശരീഫ് എന്നിവര്‍ സംസാരിച്ചു. മീഡിയവണ്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ പി.ബി.എം ഫര്‍മീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ സന്ദേശം വായിച്ചു. ജോളി ചിറയത്ത് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനവും ഒ. അബ്ദുര്‍റഹ്മാന്‍ ഡെയ്‌ലി ബുള്ളറ്റിന്‍ പ്രകാശനവും നിര്‍വഹിച്ചു.


ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്ന ഷെറി ഗോവിന്ദന്‍, ടി ദീപേഷ് എന്നിവര്‍ സംവിധാനം ചെയ്ത അവനോവിലോന എന്ന സിനിമയായിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം. ശേഷം സംവിധായകന്‍ ഷെറി ഗോവിന്ദനുമായി നടന്ന ഫേസ് ടു ഫേസ് സെഷന് രേഷ്മ സുരേഷ് നേതൃത്വം നല്‍കി.

റീഫ്രെയിം ഡമോക്രസി; വിഷന്‍ ഫ്രം ദി മാര്‍ജിന്‍സ് - അരികുകള്‍ ജനാധിപത്യത്തെ പുനര്‍ നിര്‍വചിക്കുന്നു.

അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കാഴ്ചയുടെയും ശബ്ദത്തിന്റെയും ആവിഷ്‌കാരങ്ങളുടെയും അടയാളപ്പെടുത്തലായിരുന്നു റീഫ്രെയിം ഡമോക്രസി; വിഷന്‍ ഫ്രം ദി മാര്‍ജിന്‍സ് എന്ന തലക്കെട്ട് ഫെസ്റ്റിവെല്‍ പ്രമേയമാക്കിയതിലൂടെ മേള ലക്ഷ്യം വെച്ചത്. ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ജോളി ചിറയത്ത് ആയിരുന്നു ഫെസ്റ്റിവെല്‍ തീം ക്യൂറേറ്റര്‍.


അരികുകള്‍ ജനാധിപത്യത്തെ പുനര്‍ നിര്‍വചിക്കുന്നു എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടന്ന തീം ഡിബേറ്റില്‍ ലീല സന്തോഷ്, കെ.കെ ബാബുരാജ്, ശീതള്‍ ശ്യാം, സി. ദാവൂദ്, ലദീദ തുടങ്ങിയവര്‍ സംവദിച്ചു. നിഷാദ് റാവുത്തര്‍ മോഡറേറ്ററായി.

ഫെസ്റ്റിവല്‍ തീം പാക്കേജ്

ലീല സന്തോഷ് സംവിധാനം ചെയ്ത പൈകിഞ്ജന, ദീപു സംവിധാനം ചെയ്ത ഗൗരി, സുമില്‍കുമാര്‍ സംവിധാനം ചെയ്ത അമ്മി, സോഫിയ ബിന്ദ് സംവിധാനം ചെയ്ത അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍, ശ്രീമിത് സംവിധാനം ചെയ്ത റെഡ് ഡാറ്റ ബുക്ക് തുടങ്ങി ഗഹനമായ ആശയങ്ങള്‍ ഉന്നയിക്കുന്ന പത്തോളം ചിത്രങ്ങള്‍ ഫെസ്റ്റിവല്‍ തീം പാക്കേജില്‍ പ്രദര്‍ശിപ്പിച്ചു. മാര്‍ട്ടിന്‍ ലൂദര്‍ കിങ്ങിന്റെ ഐ ഹാവ് എ ഡ്രീം എന്ന, ഇന്നും മനുഷ്യ ഹൃദയങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ പ്രത്യാശ നിറക്കുന്ന പ്രഭാഷണത്തിന്റെ പ്രദര്‍ശനം ശ്രദ്ധേയമായി.

റെട്രൊസ്‌പെക്റ്റീവ്

പ്രമുഖ ഡോകുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ ആര്‍.പി അമുദന്റെ മൈ കാസ്റ്റ്, സെരിപ്പ്, ഷിറ്റ് തുടങ്ങി ആറ് ചിത്രങ്ങള്‍ റെട്രെസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.


ഹോമേജ്

അന്തരിച്ച ആക്ടിവിസ്റ്റും ഡോക്യൂമെന്ററി സംവിധായകനുമായ കെ.പി ശശിയുടെ എക്കാലത്തെയും തലമുറകള്‍ക്ക് പ്രതിരോധത്തിന്റെ ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്ന ഡോക്യൂമെന്ററികളും മ്യൂസിക് വീഡിയോകളും അദ്ദേഹത്തോടുള്ള ആദരസൂചകാമായി മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഫാബ്രിക്കേറ്റഡ്, വോയ്‌സ് ഫ്രം റൂയീന്‍സ്; ഇന്‍ സെര്‍ച്ച് ഓഫ് കണ്ഡമാല്‍, എന്നീ ഡോക്യുമെന്ററിയും ഇലയും മുള്ളും ഫീച്ചര്‍ ഫിലിമും, അമേരിക്ക അമേരിക്ക, ഗോവോ ഢോഡാബ് നഹി, പയ്യ് എന്നീ മ്യൂസ്‌ക് വീഡിയോകളും പ്രദര്‍ശിച്ചു. കവി അന്‍വറലി കെ.പി ശശി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ രാജീവ് ശങ്കരന്‍ അധ്യക്ഷനായി.

ഫെസ്റ്റവെല്‍ ഡയറക്ടര്‍ പാക്കേജ്

ചലച്ചിത്ര പ്രവര്‍ത്തകനും സിനിമ നിരൂപകനുമായ മധു ജനാര്‍ധനന്‍ ആയിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍. ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത റീസണ്‍, രാകേഷ് ശര്‍മ സംവിധാനം ചെയ്ത ഫൈനല്‍ സൊലൂഷന്‍ എന്നീ ചിത്രങ്ങള്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ പാക്കേജില്‍ പ്രദര്‍ശിപ്പിച്ചു.

കൊളാഷ്

പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു കൊളാഷ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. 2023 ലെ പൂര്‍ത്തിയാക്കിയ ദീപു സംവിധാനം ചെയ്ത ഇന്‍ ദി ഫോറസ്റ്റ് ലൈസ് എ ഡ്രീം, രാജേഷ് ജയിംസ് സംവിധാനം ചെയ്ത ഇന്‍ തണ്ടര്‍ ലൈറ്റനിങ് ആന്‍ഡ് റൈന്‍, സുധ പി.എഫ് സംവിധാനം ചെയ്ത ഓര്‍മ ജീവികള്‍ എന്നീ ഡോക്ുമെന്ററികളും, സുദേവന്‍ സംവിധാനം ചെയ്ത ചിയേഴ്‌സ് ഷോര്‍ട്ട് ഫിലിമും, ലിസ്‌ന സംവിധാനം ചെയ്ത വെളിച്ചക്െണി ആനിമേഷന്‍ വീഡിയോയുമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍.

മത്സര വിഭാഗം ചിത്രങ്ങള്‍

മത്സര വിഭാഗം ചിത്രങ്ങളില്‍ 14 ഡോകുമെന്ററി, 57 ഷേര്‍ട്ട് ഫിക്ഷന്‍, ഏഴ് റാപ് മ്യൂസിക്, ഏഴ് മ്യൂസിക് വീഡിയോ, അഞ്ച് വീഡിയോ സ്‌റ്റോറി, അഞ്ച് ക്രിയേറ്റീവ് ആഡ് ഉള്‍പ്പെടെ 95 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ മീഡിയവണ്‍ അക്കാദമി അലുംനി പാക്കേജില്‍ ഉള്‍പ്പെടുത്തി പത്ത് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സര ചിത്രങ്ങളുടെ സംവിധായകര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറത്തില്‍ പ്രീ സെലക്ഷന്‍ ജൂറി അംഗം ലെനിന്‍ സുഭാഷ് മോഡറേറ്ററായി.


സെമിനാറുകള്‍

ഇന്ത്യയിലെ ഡോക്യുമെന്ററി നിര്‍മാണത്തിന്റെ കാവ്യാത്മകതയും രാഷ്ട്രീയവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്‍രറി സംവിധായകരായ ആര്‍.പി അമുദന്‍, ദീപു, മുസ്തഫ ദേശമംഗലം, ശ്രീമിത്, ഹാഷിര്‍, സോഫിയ ബിന്ദ്, സന്ദീപ് രവീന്ദ്രന്‍ എന്ിവര്‍ സംവദിച്ചു. എസ്.എ അജിംസ് മോഡറേറ്ററായി.

ദൃശ്യ സംസ്‌കാരം: മാറുന്ന സംവേദനക്ഷമത എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. ദാമോദര്‍ പ്രസാദ്, ഡോണ്‍ പാലത്തറ, ഡോ. യാസീന്‍ അഷ്‌റഫ്, ജിതിന്‍ കെ.സി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അസ് ലം മോഡറേറ്ററായി.

ജനകീയ പ്രതിരോധങ്ങളും സംഗീത ആവിഷ്‌കാരങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സമീര്‍ ബിന്‍സി, ശ്രീമിത്, ബാസില്‍ യൂസഫ്, ഹാരിസ് എന്നിവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ മോഡറേറ്ററായി.

മേളയില്‍ പ്രദര്‍ശിപ്പിച്ച ഫീച്ചര്‍ സിനിമകളില്‍ ശ്രേദ്ധയമായചിത്രങ്ങളായിരുന്നു ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 1956, മധ്യതിരുവിതാംകൂര്‍, മനോജ് പാലോട് സംവിധാനം ചെയ്ത സിഗ്നേച്ചര്‍ എന്നീ സിനിമകള്‍. സിനിമകളുടെ പ്രദര്‍ശനത്തിനു ശേഷം നടന്ന ഫെയ്‌സ് ടു ഫെയ്‌സ് സെഷനില്‍ ഡോണ്‍ പാലത്തറയുമായുള്ള മുഹമ്മദ് നൗഫലും മനോജ് പാലോടനുമായി ഷിദ ജഗതും സംവദിച്ചു.

നടിയും ആക്ടിവിസ്റ്റുമായ പദ്മപ്രിയ ജാനകിരാമനവും സ്മൃതി പരുത്തിക്കാടും ചേര്‍ന്ന് നടത്തിയ സംഭാഷണത്തില്‍ മലയാള സനിമയിലെ സ്ത്രീ പങ്കാളിത്തവും പ്രതിസന്ധികളും ചര്‍ച്ച ചെയ്യപ്പെട്ടു.

മാസ്റ്റര്‍ ക്ലാസ്സുകള്‍

മേളയുടെ ഭാഗമായി മൂന്ന് മാസ്റ്റര്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഡോക്യുമന്ററി ഫിലിം മേക്കിങ്ങ് സംബന്ധിച്ച് ആര്‍.പി അമുദനും ക്രിയേറ്റീവ് സ്റ്റോറി ടെല്ലിങ്ങ് സംബന്ധിച്ച് എം. നൗഷാദും, സീറോ ബജറ്റ് ഫിലിം മേക്കിങ്ങ് സംബന്ധിച്ച് പ്രതാപ് ജോസഫുമാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്.


കള്‍ചറല്‍ ഈവന്റ്‌സ്

മേളയുടെ ഭാഗമായി വ്യത്യസ്തങ്ങളായ കള്‍ച്ചറല്‍ ഈവന്റുകള്‍ അരങ്ങേറി. സമകാലിക ഇന്ത്യയിലെ മുസ്‌ലിം പെണ്‍കുട്ടിയുടെ ജീവിത സാഹചര്യത്തെ അനാവരണം ചെയ്യുന്ന ടി.ഡി രാമകൃഷ്ണന്റെ സിറാജുന്നീസ എന്ന കഥയെ ഇതിവൃത്തമാക്കി സഫ സുല്‍ഫി അവതരിപ്പിച്ച സോളോ പെര്‍ഫോര്‍മന്‍സ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഫര്‍സിന്‍ സിദ്ദു, നാരു പറൈ ഇസൈ എന്നിവര്‍ ചേര്‍ന്ന്-പൊള്ളുന്ന രാഷ്ട്രീയവും ജ്വലിക്കുന്ന പ്രതിരോധവും കോര്‍ത്ത വാക്കുകള്‍ കൊണ്ട്-ആവിഷ്‌കരിച്ച റിവോള്‍ട്ട് റാപ് മ്യൂസിക് കാണികളെ ത്രസിപ്പിക്കുന്നതും ഉര്‍ജ്ജം പകരുന്നതും ആയിരുന്നു. വെറുപ്പിന്റെ കറുപ്പിനെ സ്‌നേഹ സംഗീതം കൊണ്ട് തുടച്ചുകളയാന്‍ സാധിക്കുമെന്ന സന്ദേശവുമായി സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിച്ച സൂഫി മിസ്റ്റിക് സംഗീതം കാണികളില്‍ ആവേശം നിറച്ചു. അപ്പുണ്ണി ശശിയുടെ ചക്കരപ്പന്തല്‍ ഏകാങ്കനാടകവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.


ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ പദ്മപ്രിയ ജാനകിരാമന്‍ മുഖ്യാതിഥിയായി. ഫെസ്റ്റിവെല്‍ തീം ക്യൂറേറ്റര്‍ ജോളി ചിറയത്ത് അധ്യക്ഷത വഹിച്ചു. സി. ദാവൂദ്, കെ.ടി മുഹമ്മദ് അബ്ദുസ്സലാം, ഡോ. പി.കെ സാദിഖ്, സി.എം ശരീഫ് എന്നിവര്‍ സംസാരിച്ചു. ജൂറി ചെയര്‍പേഴ്‌സണ്‍ ഷെറി ഗോവിന്ദ് ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജൂറി അംഗം മുഹമ്മദ് ശമീം അവാര്‍ഡ് പ്രഖ്യാപനം നിര്‍വഹിച്ചു. ജൂറി അംഗങ്ങളായ സോഫിയ ബിന്ദ്, അഗസ്റ്റിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

കെ.പി ശശി മെമ്മോറിയല്‍ ഫെല്ലോഷിപ്പ്

അന്തരിച്ച ഡോകുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ.പി ശശിയുടെ സ്മരണക്കായി മീഡിയവണ്‍ അക്കാദമി അര്‍പ്പെടുത്തുന്ന പ്രഥമ കെ.പി ശശി മെമ്മോറിയല്‍ ഫെല്ലോഷിപ്പ് പ്രഖ്യാപനം അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. പി.കെ സാദിഖ് നിര്‍വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ഥി ഉദയാശ്വനിയെയാണ് ഫെല്ലോഷിപ്പിന് തെരഞ്ഞെടുത്തത്.


രാജ്യത്തിന്റെ സമകാലിക സാഹചര്യത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കുവാന്‍ കൂടുതല്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങളും ആശയങ്ങളും പ്രതീക്ഷകളും നല്‍കിക്കൊണ്ടാണ് മാഫ് 2023 -മീഡിയ വണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവല്‍- സമാപനം കുറിച്ചത്.


തയ്യാറാക്കിയത്: ഫാത്തിമ്മത്തു ഷാന

TAGS :