Quantcast
MediaOne Logo

സി.കെ അബ്ദുല്‍ അസീസ്

Published: 24 July 2022 10:10 AM GMT

തിരൂരങ്ങാടിയിലെ പൊലീസ് ഭീകരത

വെടിവെപ്പില്‍ പള്ളിക്ക് കേടുപറ്റിയെന്നും അനേകം മാപ്പിളമാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്നും, ആലി മുസ്‌ലിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും മറ്റുമുള്ള കിംവദന്തികളാണ് നാട്ടില്‍ പരന്നത്. ഏറ്റുമുട്ടലില്‍ ജില്ലാ മജസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും കൊല്ലപ്പെട്ടുവെന്ന മറ്റൊരു കിംവദന്തി കൂടി പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആരാണീ കിംവദന്തികള്‍ പ്രചരിപ്പിച്ചത് എന്നതിനെ സംബന്ധിച്ച് സര്‍ക്കാറിനും മാപ്പിളമാര്‍ക്കും വ്യത്യസ്ത ഭാഷ്യങ്ങളുണ്ടായിരുന്നു. | 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 08

തിരൂരങ്ങാടിയിലെ പൊലീസ് ഭീകരത
X
Listen to this Article

ആഗസ്റ്റ് 20ന് രാവിലെതന്നെ പൊലീസും പട്ടാളവും തിരൂരങ്ങാടിയിലെത്തി ഖിലാഫത്ത് ഓഫീസും പള്ളിയും പ്രമുഖ മാപ്പിളമാരുടെ വീടുകളും വളഞ്ഞു. മാപ്പിളകളായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും, ഹെഡ് കോണ്‍സ്റ്റബിളും പള്ളിയില്‍ പ്രവേശിച്ചു. ഇവര്‍ക്കവിടെ ആയുധങ്ങളോ അറസ്റ്റ് ചെയ്യേണ്ടതായ ആളുകളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. സേനാംഗങ്ങള്‍ അപ്പോള്‍ അങ്ങാടിയിലുള്ള ചില വീടുകള്‍ പരിശോധിച്ചു. ഖിലാഫത്ത് ആഫീസില്‍ കടന്നു കൊടി അഴിച്ചുമാറ്റി ചര്‍ക്കയും ബോര്‍ഡും തകര്‍ത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്ഥലത്തെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മടങ്ങി. കിഴക്കെപള്ളി എന്ന പേരില്‍ അറിയപ്പെടുന്ന തിരൂരങ്ങാടിപള്ളി അലി മുസ്‌ലിയാരുടെ കീഴില്‍ പ്രശസ്തിയും പ്രതാപവുമാര്‍ജിച്ചിരുന്നു. രാവിലെ നമാസിനു ചെന്ന മാപ്പിളമാരും, പൊലീസും, പട്ടാളവും കൂടി തങ്ങളുടെ പ്രവേശനം നിഷേധിച്ചിരിക്കുന്നതാണ് കണ്ടത്. ബൂട്ടും, യൂണിഫോമും ധരിച്ച പൊലീസുകാര്‍ പള്ളിക്കുളളില്‍ കടക്കുന്നതും അവര്‍ കാണുകയുണ്ടായി. അമര്‍ഷവും ക്ഷോഭവും ഉണര്‍ത്തിയ ഈ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. സമീപഗ്രാമങ്ങളില്‍ നിന്നുള്ള മാപ്പിളമാരും അന്ന് തിരൂരങ്ങാടി ചന്തയില്‍ എത്തിയിട്ടുണ്ടായിരുന്നു. ആലി മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിലും പള്ളിയില്‍ കയറിയതിലും രോഷംപൂണ്ട ജനാവലി ഇവിടെ തടിച്ചു കൂടുകയുണ്ടായി. പള്ളി അശുദ്ധമാക്കിയ വാര്‍ത്ത സമീപ പ്രദേശങ്ങളായ തിരൂര്‍, താനൂര്‍, കോട്ടക്കല്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്ക് കാട്ടുതീപോലെ പടര്‍ന്നു. കോട്ടക്കലില്‍ അന്ന് ചന്തദിവസമായിരുന്നു. ആ പ്രദേശത്തെ പ്രസിദ്ധമായ ഈ ചന്തയില്‍ ധാരാളം ആളുകള്‍ എത്തിയിരുന്നതിനാല്‍ അത് മാപ്പിളമാര്‍ക്ക് ഒത്തുകൂടാനുള്ള മറ്റൊരു സന്ദര്‍ഭം കൂടിയൊരുക്കി.


വെടിവെപ്പില്‍ പള്ളിക്ക് കേടുപറ്റിയെന്നും അനേകം മാപ്പിളമാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്നും, ആലി മുസ്‌ലിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും മറ്റുമുള്ള കിംവദന്തികളാണ് നാട്ടില്‍ പരന്നത്. ഏറ്റുമുട്ടലില്‍ ജില്ലാ മജസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും കൊല്ലപ്പെട്ടുവെന്ന മറ്റൊരു കിംവദന്തി കൂടി പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.86 ആരാണീ കിംവദന്തികള്‍ പ്രചരിപ്പിച്ചത് എന്നതിനെ സംബന്ധിച്ച് സര്‍ക്കാറിനും മാപ്പിളമാര്‍ക്കും വ്യത്യസ്ത ഭാഷ്യങ്ങളുണ്ടായിരുന്നു. എന്തിനാണ് പള്ളി വളഞ്ഞ് ഭീകരത സൃഷ്ടിച്ചത് എന്ന കാര്യത്തില്‍ ശ്രദ്ധയൂന്നുമ്പോള്‍, സുനിശ്ചിതമായും മലബാറിലെ ഖിലാഫത്ത് നിസ്സഹകരണ സമരത്തിന്റെ ശക്തി കേന്ദ്രമായിരുന്ന തിരൂരങ്ങാടിയില്‍ അഥവാ, 'ചേരനാട് താലൂക്കുകാര്‍ക്ക്, അവര്‍ക്ക് 'വരാനുള്ള അപകടം' എന്താണെന്ന് പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഹിച്ച്‌കോക്ക് - ഭരണകൂടം ബോധപൂര്‍വം തീരുമാനിച്ച് നടപ്പാക്കാന്‍ തുടങ്ങിയതാണെന്ന് തുടര്‍ന്നുള്ള സംഭവഗതികള്‍ തെളിയിക്കുന്നു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് കെ. കോയട്ടി മൗലവി നല്‍കുന്ന വിവരണവും വിശകലനവും വെള്ളപ്പൊലീസിന്റെയും പട്ടാളത്തിന്റെയും ഗൂഡോദ്ദേശങ്ങളെ അനാവൃതമാക്കുന്നുണ്ട്. കോയട്ടി മൗലവി അന്നത്തെ സംഭവങ്ങളെ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. 'അന്ന് രാത്രി സുമാര്‍ രണ്ട് മണിക്ക് ഒരു ട്രെയിന്‍ പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലെത്തി. അതില്‍ കലക്ടര്‍ തോമസും, ഡി.എസ്.പി. ഹിച്ച്‌കോക്കും, എ.എസ്.പി. ആമുസാഹിബ് മുതലായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ അഞ്ഞൂറോളം വെള്ളപ്പട്ടാളവും റിസര്‍വ് പൊലീസുമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. നവീനരീതിയിലുള്ള നശീകരണായുധങ്ങളോടുകൂടി പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷനില്‍നിന്ന് അഞ്ചുനാഴിക അകലെയുള്ള തിരൂരങ്ങാടിയിലേക്ക് അവര്‍ മാര്‍ച്ച് ചെയ്തു. ഈ യാത്ര എത്രയും നിശബ്ദമായും വളരെ കരുതലോടും കൂടിയായിരുന്നു. പരിസരപ്രദേശങ്ങളില്‍ നിന്ന് തിരൂരങ്ങാടിലേക്ക് വന്ന് ചേരാനുള്ള വഴികളും, കടവുകളും തടസ്സപ്പെടുത്തുകയായിരുന്നു അവരുടെ ആദ്യത്തെ പ്രവര്‍ത്തി. അതിന്‌ശേഷം കിഴക്കെപള്ളി, ഖിലാഫത്ത് ഓഫീസ്, ചില ഖിലാഫത്ത് പ്രവര്‍ത്തകരുടെ വീടുകള്‍ മുതലായവ പട്ടാളം വളഞ്ഞു. ഇത്തരം പ്രവര്‍ത്തികളെല്ലാംതന്നെ കാലത്ത് അഞ്ച് മണിക്ക് മുമ്പായി പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. രാവിലെ ഏഴുമണിക്ക് തോമസ്, ഹിച്ച് കോക്ക് എന്നിവര്‍ പട്ടാളംവളഞ്ഞ വീടുകളിലും കിഴക്കെപള്ളിയിലും കയറി പരിശോധന നടത്തി. തല്‍ഫലമായി മമ്മദ്ഹാജി കോഴിശ്ശേരി മമ്മദ്, മകന്‍ മൊയ്തീന്‍ കുട്ടി എന്നിവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട്‌പോയി. മേല്‍ പ്രസ്താവിച്ച മൂന്ന് ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്‌ശേഷം പട്ടാളക്കാര്‍ ഒന്നടങ്കം പൊലീസ് സ്‌റ്റേഷനിലേക്ക് നീങ്ങി. യാതൊരു അനിഷ്ട സംഭവങ്ങളും അതുവരെ ഉണ്ടായിരുന്നില്ല. ഒരു ഏറ്റുമുട്ടലിന് കരുതിവന്ന പട്ടാളത്തിന് എതിരണി ഇല്ലെന്ന് കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ആ നില അത്രപിടിച്ചില്ലെന്ന് വേണം പറയുവാന്‍. പരപ്പനങ്ങാടിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ തിരൂരങ്ങാടിപള്ളി പട്ടാളം വളഞ്ഞിരിക്കുന്നുവെന്നും ഉടനെതന്നെ മുസ്‌ലിംകള്‍ ഒരുങ്ങി പുറപ്പെടണമെന്നും ഉള്ള ഒരു കുപ്രചരണം പൊലീസുകാര്‍ മുറക്ക് നടത്തി - ഇതിന് ഗവണ്‍മെന്റ് നിയോഗിച്ചത് മുസ്‌ലിംകളെ തന്നെയായിരുന്നു. പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് ഉദ്യോഗസ്ഥരുടെ കുപ്രചാരവേലയുടെ കള്ളത്തരം മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.


അന്ന് കോട്ടക്കല്‍ ചന്തദിവസവും കൂടി ആയിരുന്നതിനാല്‍ ചന്തക്ക് വന്നവര്‍ ചിലര്‍ തിരൂരങ്ങാടിയിലും എത്തി. വാളക്കുളത്തില്‍ നിന്ന് എടക്കണ്ടത്തില്‍ മൊയ്തീന്‍, കമ്മു എന്നീ നാട്ടുപ്രമാണിമാരും മുന്നൂറോളം മുസ്‌ലിംകളും കിഴക്കെ പള്ളിയില്‍ ഒന്നാമതായി വന്നുചേര്‍ന്നു. അതോടുകൂടി അങ്ങിങ്ങായിനിന്നിരുന്ന ആളുകള്‍ ഒന്നായി തടിച്ചുകൂടി. വല്ല അനിഷ്ടസംഭവങ്ങളുമുണ്ടായേക്കുമോ എന്ന ഭയം പലരെയും പിടികൂടിയിരുന്നു. ആ സന്ദര്‍ഭത്തില്‍ കെ.എം മൗലവി സാഹിബ് പെട്ടെന്ന് അവിടെ എത്തിച്ചേര്‍ന്ന് ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഒരു പ്രസംഗം ചെയ്തു.

ഈ പ്രസംഗത്തിന്റെ ഫലമായി പൊതുജനങ്ങള്‍ തിരിച്ചുപോവാവന്‍ പ്രേരിതരായി തീര്‍ന്നു. പരപ്പനങ്ങാടി വഴി താനൂരില്‍നിന്ന് പുറപ്പെട്ടുവന്നിരുന്ന ആളുകളുടെ നേരെ പടിഞ്ഞാറു ഭാഗം കാവല്‍ നിന്നിരുന്ന പട്ടാളം പന്താരങ്ങാടിക്ക് സമീപംവെച്ച് അകാരണമായി വെടിവെച്ചു. യാതൊരു മുന്നറിയിപ്പോ താക്കീതോ കൂടാതെയായിരുന്നു വെടിവെപ്പു നടത്തിയത്. ഇതിന്റെ ഫലമായി നാലുപേര്‍ക്ക് ജീവഹാനിനേരിട്ടു. എട്ടുപേര്‍ക്ക് കഠിനമായി പരിക്കേല്‍ക്കുകയും ചെയ്തു. താനൂരിലെ ഒരു പ്രമാണിയും പൊതുസേവകനും ധീരനും ഖിലാഫത്ത് സെക്രട്ടറിയുമായ മമ്മൈത്താന്റെകത്ത് കുഞ്ഞിക്കാദര്‍ സാഹിബിനെ പന്താരങ്ങാടി പള്ളിയില്‍ വച്ച് അറസ്റ്റ് ചെയ്തു പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സംഭവത്തോടുകൂടി കെ.എം മൗലവി സാഹിബിന്റെ ഉപദേശം കേട്ട് മടങ്ങിപോകാന്‍ തീരുമാനിച്ച ജനക്കൂട്ടം ക്ഷുഭിതരായിക്കൊണ്ട് വീണ്ടും തിരൂരങ്ങാടിയിലേക്ക് തന്നെ തിരിച്ചുവന്നു. കോയട്ടി മൗലവിയുടെ സംഭവവിവരണത്തെ അതായത് കെ.എം മൗലവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാപ്പിളമാര്‍ താനൂരേക്ക് തിരികെ പോകാന്‍ തീരുമാനിച്ചവേളയിലാണ് വെടിവെപ്പ് നടന്നത് എന്ന വസ്തുതയെ, സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ടി.വി മുഹമ്മദും സ്ഥിരീകരിക്കുന്നുണ്ടെന്ന് കെ.എന്‍ പണിക്കര്‍ ചൂണ്ടിക്കാട്ടന്നു. കെ. മാധവന്‍ നായര്‍ ഈ സംഭവത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്. ''മാപ്പിളമാരുടെ പക്കല്‍ യാതൊരു തകരാറും കൂടാതെ കഴിയാന്‍ ഉച്ചവരെ അധ്വാനിയായിരുന്ന തയ്യില്‍ മുഹമ്മദ്കുട്ടി മുസ് സ്‌ലിയാര്‍ മുതലായവരുടെ പരിശ്രമങ്ങളെല്ലാം താനൂര്‍ക്കാരെ പട്ടാളം വെടിവെച്ചുവെന്ന് ജനങ്ങള്‍ അറിയാന്‍ തുടങ്ങിയതോടെ നിക്ഷ്ഫലമായി പരിണമിച്ചു. ഈ സംഭവത്തിന്റെ സൂക്ഷ്മവിവരം അറിയാനായി ജനങ്ങള്‍ പടിഞ്ഞാട്ടുപോവാന്‍ അക്ഷമരായിത്തീര്‍ന്നു. കിഴക്ക്‌നിന്ന് മാപ്പിളമാര്‍ കൂട്ടംകൂട്ടമായിവരുന്നത് കാണാന്‍ തുടങ്ങിയപ്പോള്‍തന്നെ കിഴക്കെ അങ്ങാടിയില്‍ നിര്‍ത്തിയിരുന്ന പൊലീസ് സൈന്യം കോടതിവളപ്പിലേക്ക് മടങ്ങിപോയിട്ടുണ്ടായിരുന്നു. ജനങ്ങള്‍ കൂട്ടമായി പടിഞ്ഞാറോട്ടുപോകുവാന്‍ ആരംഭിച്ചപ്പോള്‍ ആലിമുസ്‌ലിയാര്‍ മുതലായവര്‍ അവരെ തടഞ്ഞുനിര്‍ത്തി വിവരം അറിയാനായി രണ്ടുമൂന്നു പേരെമാത്രം പടിഞ്ഞാറോട്ട് അയക്കാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍, അപ്പോഴത്തെ കുഴപ്പംകൊണ്ടും ജനങ്ങളുടെ തിരക്കുകൊണ്ടും ഈ ഉദ്ദേശപ്രകാരം കാര്യം നടന്നില്ല. അന്വേഷണത്തിന് നിയമിക്കപ്പെട്ടവരെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടംകൂട്ടമായി 'തഖ്ബീറും' ചൊല്ലി പടിഞ്ഞാറോട്ടു യാത്രയായി'' 86.

താനൂരില്‍നിന്നും കുഞ്ഞിഖാദറിന്റെ നേത്യത്വത്തില്‍ പരപ്പനങ്ങാടി വഴി തിരൂരങ്ങാടിയിലേക്ക് വന്ന മാപ്പിളമാരെ വഴിയില്‍ തടഞ്ഞ പൊലീസ് സംഘത്തിന്റെ തലവനായിരുന്ന ഹിച്ച്‌കോക്ക് അവരെകുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതിങ്ങനെയാണ്: ''ആള്‍കൂട്ടത്തിന്റെ കയ്യില്‍ വല്ല വാളോ മറ്റോ ഉണ്ടാവുമെന്നല്ലാതെ തോക്കുകളൊന്നുമുണ്ടായിരുന്നില്ല. താനൂര്‍ ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍ ഖിലാഫത്ത് കമ്മിറ്റി വളണ്ടിയര്‍മാര്‍ ഉപയോഗിക്കൂന്ന കൊടികളും പ്രത്യേക വടികളും മാത്രമെ ഉണ്ടായിരുന്നുള്ളു. ആയുധമായി അവര്‍ ഉപയോഗിച്ചത് റോഡിലെ അട്ടിക്കല്ലുകളെയാണ്. മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നെങ്കില്‍ അവര്‍ തയ്യാറെടുപ്പോടെ വരുമായിരുന്നു. തിരൂരങ്ങാടിപള്ളി അപകടത്തിലാണെന്ന് കേട്ടപ്പോള്‍ മാപ്പിളമാരില്‍ നിന്നും ഒരാള്‍ക്ക് എപ്പോഴും പ്രതീക്ഷിക്കാവുന്ന തരത്തില്‍ അവര്‍ വന്ന് ചേരുകയായിരുന്നു. താനൂരിലെ ആള്‍ക്കൂട്ടത്തെകുറിച്ചും സംഘര്‍ഷത്തെകുറിച്ചുമുള്ള കഥയില്‍ അവര്‍ ഒരിക്കലും തിരൂരങ്ങാടിയില്‍ എത്തിച്ചേര്‍ന്നിട്ടില്ലായിരുന്നുവെന്നും പള്ളിക്ക് നേരെ ആക്രമണം നടന്നുവെന്ന കഥ വ്യാജമാണെന്ന് അവര്‍ക്കറിയില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. വെടിവെപ്പിന് ശേഷവും പിന്‍വാങ്ങില്ലെന്ന അവരുടെ വാശിയുടെ കാരണമിതാണ്. പള്ളി ആക്രമിച്ചുവെന്നത് നുണയാണെന്ന് പിന്നീട് മനസ്സിലായപ്പോള്‍ അവര്‍ ലഹളയില്‍ നിന്നൊഴിഞ്ഞു നില്‍ക്കുകയും ചെയ്തു. അവരുടെ നേതാവിനെ അറസ്റ്റ് ചെയ്തതും ഇതിനൊരു കാരണമാവാം.' ഹിച്ച് കോക്കിന്റെ മേല്‍ ഉദ്ധരിച്ച വിവരണത്തില്‍ താനൂരില്‍ നിന്ന് വന്ന മാപ്പിള ആള്‍ക്കൂട്ടത്തിന് ആക്രമണോദ്ദേശമൊന്നുമുണ്ടായിരുന്നില്ല എന്ന് പൊലീസ് സൂപ്രണ്ടിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന കാര്യം സുവ്യക്തമാണ്. പിന്നെയെന്തിനാണ് നിരായുധരായ ആളുകള്‍ക്ക്് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും ബയണറ്റ് ചാര്‍ജ്് നടത്തുകയും ചെയ്തത്? 'മുന്നോട്ടു നീങ്ങുന്ന ജനക്കൂട്ടത്തിന്റെ അമ്പതു വാരക്കുള്ളിലെത്തിയപ്പോള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അവരോട് മുന്നോട്ടു പോക്കു നിര്‍ത്തി തിരിച്ചുപോവാന്‍ വിളിച്ചു പറഞ്ഞു. തഖ്ബീര്‍ മുഴക്കിക്കൊണ്ടിരുന്ന മാപ്പിളമാര്‍ അത്‌കേട്ടുവോ എന്ന് സംശയം. അവര്‍ മുന്നോട്ടുപോക്ക് തുടരുകയും ഇരുപത് വാര ദൂരത്ത് വെച്ച് പൊലീസ് അവരുടെ നേരെ ബയണറ്റുകള്‍ പ്രയോഗിക്കുകയും ചെയ്തു. ജനക്കൂട്ടം തങ്ങളുടെ 'ശക്തമായ വടി' കൊണ്ട് 88 ബയണറ്റിനെ നേരിട്ടു. തുടര്‍ന്ന് ആത്മരക്ഷക്കായി, യാതൊരു ഉത്തരവുമില്ലാതെ പൊലീസ് വെടിവെക്കുകയാണുണ്ടായത്. തീര്‍ച്ചയായും ഒച്ചപ്പാടിനിടയില്‍ ഉത്തരവുകളൊന്നും കേള്‍ക്കുമായിരുന്നില്ല 89.


മലബാര്‍ ചരിത്രരചനകളില്‍ ആള്‍ക്കൂട്ടം (Mob) എന്ന പ്രയോഗം വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നത് ഇവിടം മുതലാണ്. ആള്‍ക്കൂട്ടം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് 15 വരികളിലായി അണിയണിയായി മുന്നോട്ടു നീങ്ങിയെന്നും അവര്‍ നിരത്തില്‍ 100-150 വാരകള്‍ വ്യാപിച്ചിരുന്നുവെന്നും മെയിന്‍ വാറിങ്ങ് പിന്നീട് പ്രസ്താവിച്ചിട്ടുണ്ട്. അത് അടുക്കും ചിട്ടയുമില്ലാത്ത ആള്‍ക്കൂട്ടമായിരുന്നില്ല. മറിച്ച് കൃത്യമായി മുന്നേറിയ സംഘമായിരുന്നു. അവരുടെ വേഷവും അവരുടെ പക്കലുണ്ടായിരുന്ന ചിഹ്നങ്ങളും അട്ടഹാസങ്ങളും ഏത് പതാകയുടെ കീഴിലാണ് അണിനിരന്നത് എന്ന വസ്തുതയുമെല്ലാം സൂചിപ്പിക്കുന്നത് ഒരു പൊതു ലക്ഷ്യത്താല്‍ പ്രചോദിതരായിരുന്ന അവര്‍ എന്നാണ്. ഖിലാഫത്ത് ആദര്‍ശങ്ങള്‍ക്കുവേണ്ടി പൊരുതുക എന്നതായിരുന്നു ഈ ലക്ഷ്യം 90. ആള്‍ക്കൂട്ടമാണോ ആള്‍ക്കൂട്ടത്തിന്റെ ആദര്‍ശവും പൊതുലക്ഷ്യവുമാണോ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ അക്രമാസക്തരാക്കിയത് എന്ന കാര്യത്തില്‍ യാതൊരുവിധ അവ്യക്തതക്കും ഇടംനല്‍കാത്തവിധത്തിലാണ് പിന്നീട് മാപ്പിളമാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അരങ്ങേറിയത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുകയെന്നതു തന്നെയായിരുന്നു ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിത പ്രതിഷേധമുയര്‍ത്തുന്ന 'ആള്‍ക്കൂട്ടങ്ങളെ' മതഭ്രാന്തരായി ചിത്രീകരിക്കുകയെന്നതായിരുന്നു ഭണകൂടത്തിന്റെ പൊതുനയം. ഇന്ത്യക്കാരില്‍ തന്നെ പ്രത്യേക വിഭാഗങ്ങളിലുള്‍പ്പെടുന്ന (മുസ്‌ലിംകള്‍, ഗോത്രവര്‍ഗക്കാര്‍, ദലിതര്‍) ഈ ആള്‍ക്കൂട്ടങ്ങള്‍ക്കു നീതി നിയമങ്ങളുടെ നടപടിക്രമങ്ങള്‍ ബാധകമല്ല, പകരം വെടിയുണ്ടകളുടെ ഭാഷമാത്രമെ ഇവര്‍ക്ക് മനസ്സിലാവുകയുള്ളൂ എന്ന D.P മക്ലിയോടി (D.P. Macleod) ന്റെയും ഡയറിന്റെയും പഞ്ചാബ് മോഡല്‍ മര്‍ദന നയവും അതിന്റെ എല്ലാ ഭീകരതയോടുകൂടി പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും അഴിഞ്ഞാട്ടം നടത്തി. 'ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തിന്റെ നിയന്ത്രണ കൈക്കലാക്കണമെങ്കില്‍ ഇന്ത്യക്കാരുടെ ശരീരത്തെ നിന്ദിക്കുകയും പരസ്യമായി മര്‍ദനങ്ങള്‍ക്ക് വിധേയമാക്കുകയും ഉന്മൂലനം ചെയ്യുകയും വേണമെന്ന കോളോണിയല്‍ കാഴ്ചപാടിന്റെ ആവര്‍ത്തനം തന്നെയാണ് തിരൂരങ്ങാടിയില്‍ സംഭവിച്ചത്. ഈ പ്രക്രിയയിലൂടെ പ്രജകളെ കീഴ്‌പ്പെടുത്തുന്നതിന്റെ പ്രാഥമികരൂപമെന്ന നിലയ്ക്ക് കോളോണിയല്‍ അക്രമങ്ങള്‍ വ്യക്തിയുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും സംബന്ധിച്ച ധാരണകളെയാകമാനം റദ്ദുചെയ്യുകയും ഇന്ത്യക്കാരുടെ ചെറുത്തു നില്‍പുകളെ ആള്‍ക്കൂട്ടങ്ങള്‍ (Mobs), കോപാന്ധര്‍ (frenzied), മതഭ്രാന്തര്‍ (fanatee) എന്നീ വംശീയ ധാരണകളിലൂടെ വിലയിരുത്തിക്കൊണ്ട് കൂട്ടായ ശിക്ഷാ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുകയും ചെയ്തു.91


ദേശീയടിസ്ഥാനത്തില്‍ നടന്നുകൊണ്ടിക്കുന്ന ഈ മര്‍ദ്ദനയത്തിന്റെ അടിസ്ഥാനത്തിലാണ് ഹിച്ച്‌കോക്കും സംഘവും 1921 August 20ന് പൊലീസ് ആക്ഷന്‍ തുടങ്ങിയത്. എന്നാല്‍, കിഴക്കെപള്ളിയിലും പരിസരത്തും നടന്ന പൊലീസ് അതിക്രമങ്ങളും ഖിലാഫത്ത് നേതാവ് കുഞ്ഞിഖാദറിന്റെ നേതൃത്വത്തില്‍ താനൂരില്‍ നിന്ന് പുറപ്പെട്ട മാപ്പിള സംഘവും കോളോണിയല്‍ ഭരണകൂടം മലബാര്‍ മാപ്പിളയെകുറിച്ച് ധരിച്ചുവെച്ചതെല്ലാം അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്ന് ബ്രിട്ടീഷധികാരികളെ ബോധ്യപ്പെടുത്തി. തികഞ്ഞ അച്ചടക്കം പാലിച്ചുകൊണ്ട് തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തവരെ ബയണറ്റ് ചാര്‍ജ് ചെയ്തിട്ടും വെടിവെച്ച് വീഴ്ത്തിയിട്ടും അവര്‍, വെള്ളപ്പട്ടാളത്തോട് പോരാടിമരിച്ച് സ്വര്‍ഗത്തിന്റെ അവകാശികളാവാനുള്ള മുന്‍ഗാമികളുടെ സ്വഭാവമല്ല പ്രദര്‍ശിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിനെ ചെറുത്ത് നില്‍ക്കാനും ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം മുന്നോട്ടുവച്ച രാഷ്ട്രീയസമരത്തിലുറച്ചു നില്‍ക്കാനുമാണവര്‍ തയ്യാറായത്. അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടാന്‍വേണ്ടി പൊലീസുദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കാനാണവര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. തുടര്‍ന്നുണ്ടായിരുന്ന ടി.വി മുഹമ്മദിന്റെ മൊഴി ഉദ്ധരിച്ചുകൊണ്ട് കെ.എന്‍ പണിക്കര്‍ വിവരിക്കുന്നു. കിഴക്കെറോഡില്‍ പാറാവു നടത്തുകയായിരുന്ന പട്ടാളം ജനക്കൂട്ടത്തെ തടഞ്ഞു നിര്‍ത്തി എന്താണ് വേണ്ടതെന്ന് തിരക്കി. തങ്ങളുടെ കൂട്ടരെ വിട്ടുകിട്ടിയാല്‍ മതിയെന്ന് അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ അവരോട് താഴെ ഇരിക്കാനും കൂട്ടുകാര്‍ മോചിതരാവുമെന്നും പറഞ്ഞു. ജനം അനുസരിക്കുകയും റോഡില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു. അപ്പോഴാണ് ജനക്കൂട്ടത്തിന് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിവെപ്പുതുടങ്ങിയത്. ക്ഷുഭിതരായ ജനം പട്ടാള നിരകളിലേക്ക് തള്ളിക്കയറി തങ്ങളുടെ കൈകളാലും കത്തികളാലും രണ്ട് വെള്ളക്കാരെയും മൂന്നു പട്ടാളക്കാരെയും വകവരുത്തി.99 'ഡോക്ടര്‍ സൈഫുദ്ദീന്‍ കിച്ചുലുവിനെയും, ഡോ. സത്യപാലിനെയും രാത്രിയില്‍ അകാരണമായി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍ കമീഷണറുടെ അടുക്കല്‍ ചെന്നപ്പോള്‍ അവരെ വെടിവെച്ച ജ. ഡയറിന്റെ കുപ്രസിദ്ധ നയമായിരുന്നു തോമസ് ഇവിടെ അനുവര്‍ത്തിച്ചത് 'എന്നാണ് കോയട്ടി മൗലവി നിരീക്ഷിക്കുന്നത് 100.


'പ്രക്ഷോഭക്കാരുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു ദൃക്‌സാക്ഷി ലവക്കുട്ടിയുടെ മൊഴിയും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അക്രമഫലമായല്ല വെടിവെപ്പുണ്ടായത് എന്ന് കാണിക്കുന്നതായിരുന്നു ആലി മുസ്‌ലിയാരുടെ വിചാരണവേളയില്‍ കോണ്‍സ്റ്റബിള്‍ അച്യുതന്‍നായര്‍ കൊടുത്ത തെളിവുകളും ഇത് സ്ഥീരീകരിക്കുന്നതായിരുന്നു 101. തിരൂരങ്ങാടി കിഴക്കുഭാഗത്ത് നടന്ന ആ സംഭവിത്തെപറ്റി കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരുടെ തെളിവും ലവക്കുട്ടിയുടെ സ്‌റ്റേറ്റ്‌മെന്റും തമ്മില്‍ ചില സംഗതികളിലൊഴികെ യോജിപ്പുകാണുന്നുണ്ടെന്ന് മാധവന്‍നായരും സമ്മതിക്കുന്നു. 89 പടിഞ്ഞാറു ഭാഗത്ത് നിന്ന് വന്ന താനൂര്‍ക്കാരും പരപ്പനങ്ങാടിക്കാരും തിരിച്ചുപോവുമ്പോള്‍ പരപ്പനങ്ങാടി റെയില്‍വെസ്റ്റേഷന്‍ തകര്‍ക്കുകയും റയില്‍പാതകള്‍ എടുത്ത് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. തപാല്‍ കമ്പികളും അവര്‍ കേടുവരുത്തി. ഇത് കൂടാതെ രണ്ട് വാഗണ്‍ നിറച്ചുണ്ടായിരുന്ന പട്ടാളക്കാരുടെ ഭക്ഷണസാധനങ്ങളും വൈദ്യോപകരണങ്ങളും അവര്‍ ഉപയോഗശൂന്യമാക്കി. മുസ്‌ലിം നിവേദകസംഘത്തിന്റെ നേരെ അന്യായവും അക്രമപരവുമായി വെടിവെച്ചതായിരുന്നു വാസ്തവത്തില്‍ മുസ്‌ലിം അന്തരീക്ഷത്തെ പ്രക്ഷുബ്ദമാക്കിത്തീര്‍ത്തത് 102. പള്ളി പരിശോധിച്ചതും ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമൂലം പെട്ടെന്ന് പൊട്ടിപുറപ്പെട്ടതായിരുന്നില്ല കാലാപം എന്ന് ആഗസ്റ്റ് 20ന് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

മതവികാരങ്ങള്‍ വ്രണപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനായി ഒരു വലിയ ജനക്കൂട്ടം തിരൂരങ്ങാടിയില്‍ സമ്മേളിച്ചു എന്നുള്ളത് നേരാണ്. എങ്കിലും വഴിമധ്യേയോ തിരൂരങ്ങാടിയിലെത്തിയതിന് ശേഷമോ ഇവര്‍ ഒരു അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും തുനിഞ്ഞിരുന്നില്ല. പള്ളിക്ക് കേട്പറ്റിയില്ല എന്നു ബോധ്യപ്പെട്ട ഇവര്‍ തങ്ങളുടെ നേതാക്കള്‍ക്ക് ചെവികൊടുക്കാന്‍ സന്നദ്ധരായിരുന്നു. പൊലീസ് പള്ളിയില്‍ കടന്ന് അശുദ്ധി വരുത്തിയ സംഭവമിരിക്കെ തന്നെ ജനങ്ങള്‍ ഹിംസോന്മുഖരായില്ല എന്നുകാണാം. തുടര്‍ന്നുണ്ടായ രണ്ടു സംഭവങ്ങളിലും പൊലീസ് നിറയൊഴിച്ചപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ ജനം അക്രമത്തിലേക്കി തിരിഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റ് ഉയര്‍ത്തിക്കാട്ടിയപോലെ ഖിലാഫത്ത് പ്രവര്‍ത്തകരുടെ അറസ്റ്റായിരുന്നില്ല ഇവിടെ ഒരു മാപ്പിളമുന്നേറ്റത്തിലേക്ക് നയിച്ചതെന്ന് ഇതിനാല്‍ വ്യക്തമാകുന്നു. പകരം, ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവുപ്രകാരം തങ്ങളുടെ മേധാവിത്വം ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടി അനാവശ്യമായി പൊലീസുകാര്‍ നടത്തിയ പ്രകടനങ്ങളാണ് സംഘം ചേരലിനും തുടര്‍ന്ന് വെടിവെപ്പിനും ഇടയാക്കിയത്; കലാപം നടന്നത് വെടിവെപ്പിന് ശേഷം മാത്രവും. 103


ആഗസ്റ്റ് 20നും 25നും ഇടക്ക് വള്ളുവനാട്, ഏറനാട് താലൂക്കുകളിലെ മിക്കസ്ഥലങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. താനൂര്‍, പരപ്പനങ്ങാടി, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ 20-ാം തീയ്യതിയും മഞ്ചേരി, കാളികാവ്, കരുവാരക്കുണ്ട്, ചെര്‍പ്ലശ്ശേരി, താനൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ 21-ാം തീയ്യതിയും പ്രക്ഷോഭമുണ്ടായി. ഇവിടങ്ങളിലെല്ലാം ഗവണ്‍മെന്റ് ഓഫീസുകള്‍ തകര്‍ക്കുകയും രേഖകള്‍ തീയിടുകയും ട്രഷറികള്‍ കൊള്ളയടിക്കുകയും പൊലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കുകയും ചെയ്തു. വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തകരാറിലാക്കി ടെലിഗ്രാഫ് വയറുകള്‍ മുറിച്ചു. കോഴിക്കോട്ടേക്കുള്ള റയില്‍പാളങ്ങള്‍ ഇളക്കിമാറ്റി, കലുങ്കുകളും, പാലങ്ങളും തകര്‍ത്തു. വഴികളില്‍ മരംമുറിച്ചിട്ടു തടസ്സം സൃഷ്ടിച്ചു. ഇതിന്റെ ഫലമായി പൊലീസ് സ്‌റ്റേഷനുകള്‍ വിജനമായി. സര്‍ക്കാരാഫീസ്സുകള്‍ ഉപേക്ഷിക്കപ്പെട്ടു. ഭരണകൂടം പൂര്‍ണമായും നിശ്ചലമായി. 'പാലക്കാട് താലൂക്കൊഴികെ, ദക്ഷിണമലബാറിന്റെ ഉള്‍പ്രദേശങ്ങളാകമാനം കലാപകാരികള്‍ കയ്യടക്കി എന്നാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത്.' 104

കലാപങ്ങള്‍ താനെ പൊട്ടിപ്പുറപ്പെടുകയായിരുന്നുവെങ്കിലും ഇവര്‍ക്ക് ഐക്യരൂപമൊരുക്കുന്നതിന് ചില ശക്തികേന്ദ്രങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിഗമനം തികച്ചും അസ്ഥാനത്തായിരുന്നില്ല. പക്ഷെ, ആരെങ്കിലും ഒരു കലാപം ആസൂത്രണം ചെയ്തിരുന്നുവോ എന്നത് സംശയകരമാണ്. ഖിലാഫത്ത് സമരങ്ങളും ചെറിയ ഒരളവില്‍ കുടിയായ്മാ പ്രസ്ഥാനവും കലാപത്തെ നിര്‍ണയിച്ച വിവിധ ഘടകങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിന് വഴിയൊരുക്കുകയും സംഘടനാപരമായ ഒരു ചട്ടക്കൂടിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. നേതാക്കളെ അണികളുമായി കൂട്ടിയിണക്കുകയും അതുവഴി സംഘം ചേരല്‍ സുഗമമാക്കിത്തീര്‍ക്കുകയും ചെയ്തുവെന്നാണ് കെ.എന്‍ പണിക്കര്‍ അഭിപ്രായപ്പെടുന്നത്.105

മാപ്പിളമാരുടെ മതഭ്രാന്ത് മൂലമല്ല തിരൂരങ്ങാടിയിലും പരപ്പനങ്ങാടിയിലും അക്രമങ്ങളുണ്ടായതെന്നും ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മറ്റു ദിക്കുകളിലേക്ക് കലാപം കത്തിപടര്‍ന്നതിന്റെ പിന്നിലും മാപ്പിള മതഭ്രാന്ത് എന്ന ഘടകം അസന്നിഹിതമായിരുന്നുവെന്നും മേല്‍ വിവരിച്ച സംഭവങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും വിശകലനങ്ങളും വ്യക്തമാക്കുന്നു. 1921 ആഗസ്റ്റ് 20ന് 1854 ലെ മാപ്പിള ഔട്രേജസ് ആക്ട് എന്ന ബ്രിട്ടീഷ് 'മര്‍ദനോപകരണ' മുപയോഗിച്ച് തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും ഭീകരത സൃഷ്ടിച്ച പൊലീസ് - പട്ടാള നടപടിയെ ന്യായീകരിക്കാന്‍ നരവംശശാസ്ത്രത്തിന്റെ സഹായംതേടിയ പൊലീസ് മേധാവി ആര്‍.എച്ച്. ഹിച്ച്‌കോക്കുപോലും മലബാര്‍ കലാപകാലത്തുടനീളം നിരവധി അവസരങ്ങളുണ്ടായിട്ടും ഒരു ജന്മിയെപോലും കലാപകാരികള്‍ കൊലചെയ്യുകയുണ്ടായില്ലെന്നും നേരെമറിച്ച് സര്‍ക്കാര്‍ പക്ഷത്ത് ചേര്‍ന്ന് ക്രമസമാധാനപരിപാലനത്തിന് സഹായിച്ച നാലു മാപ്പിളമാരെയും അതിനുപുറമെ സര്‍ക്കാരുദ്യോഗസ്ഥരെയും ഹിന്ദുക്കളെയും കൊലപ്പെടുത്തുകയുണ്ടായി. 'എന്നാണ് പ്രസ്താവിക്കുന്നത് 93.



ഹിച്ച്‌കോക്കിന്റെ ഈ പ്രസ്ഥാവനയുടെ ഉദ്ദേശമെന്തായിരുന്നാലും മലബാര്‍ കലാപത്തിലൂടനീളം നിലനിന്ന ഒരു പൊതുപ്രവണതയായി അതിനെ സ്വീകരിക്കാവുന്നതാണ് എന്നാണ് തോന്നുന്നത്. 1921 ല്‍ മലബാറില്‍ ജന്മി-കുടിയാന്‍ വൈരുധ്യം നിലനിന്നിരുന്നില്ലെന്നും ഖിലാഫത്ത്-നിസ്സഹകരണപ്രസ്ഥാന നേതാക്കളാണ് മാപ്പിളമാരെ തീകൊളുത്തിവിട്ടതെന്നും സ്ഥാപിക്കാന്‍ വേണ്ടിയായിരിക്കാം ഒരു പക്ഷെ, ഹിച്ച്‌കോക്ക് അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. എന്തു തന്നെയായാലും ജന്മി-കുടിയാന്‍ പ്രശ്‌നത്തെക്കാള്‍ ആ ഘട്ടത്തില്‍ സുപ്രധാനമായ പ്രശ്‌നം ബ്രിട്ടീഷ് വിരുദ്ധ സമരമാണെന്ന ഒരു നിലപാടില്‍ സമരനേതൃത്വം എത്തിച്ചേര്‍ന്നിരുന്നുവെന്നത് ശരിയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മഞ്ചേരി പ്രഖ്യാപനം കലാപകാരികളുടെ രാഷ്ട്രീയസ്വഭാവം സ്പഷ്ടമാക്കുന്നതാണ്. ആനക്കയത്ത് റിട്ടയര്‍ ചെയ്ത പൊലീസ് ഇന്‍സ്‌പെക്ടര്‍ ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ ശിരഛേദം ചെയ്ത സംഭവത്തില്‍ അയാളുടെ തല കുന്തത്തില്‍ കുത്തി നിര്‍ത്തി ചുറ്റും തടിച്ചുകൂടിയവരോട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞത്: കലാപകാരികളുടെ രാഷ്ട്രീയസ്വഭാവം സ്പഷ്ടമാക്കുന്നുണ്ട്. 'സര്‍ക്കാരുമായി ഒത്തുകളിക്കരുത്! ജന്മിമാരുമായി ഒത്തുകളിക്കരുത്! ഹിന്ദുക്കളോട് യുദ്ധം ചെയ്യുകയോ അവരെ കൊല്ലുകയോ ചെയ്യരുത്. അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അവരെ ഇസ്‌ലാമില്‍ ചേര്‍ക്കരുത്. ഹിന്ദുക്കള്‍ക്ക് നാം അപായം വരുത്തിയാല്‍ അവര്‍ സര്‍ക്കാരിനൊപ്പം ചേരും. നമ്മുടെ പരാജയത്തിന് അത് കാരണമാകും. ഹിന്ദുക്കളോട് നമുക്ക് വിരോധമില്ല. സര്‍ക്കാരിനെ സഹായിക്കുകയോ, പിന്താങ്ങുകയോ ചെയ്യുന്നവരെ നാം ശിക്ഷിക്കും എന്നാല്‍ ഇത് ഒരു മുസ്‌ലിം രാജ്യമാക്കാന്‍ നമുക്ക് ഒരാഗ്രഹമില്ല.' 94 എന്നായിരുന്നുവല്ലോ ആ പ്രഖ്യാപനം.

1921 നവംബര്‍ 24ന് കാളികാവിലെ മാപ്പിളമാര്‍ കലാപത്തില്‍ ചേരാന്‍ വിസമ്മതിച്ച മറ്റു മാപ്പിളമാരുടെ നാല്‍പതു വീടുകള്‍ അഗ്നിക്കിരയാക്കി. ഇതേ കാരണത്തിന് ഹിന്ദുക്കളെയും ഇതേരീതിയില്‍ ആക്രമിച്ചു. 1921 ഒക്ടോബര്‍ 21ന് പട്ടിക്കാടിനടുത്ത് വെച്ച് തൊഴിലാളികളായ പതിനഞ്ചു ഹിന്ദുക്കളെ ഖൂര്‍ഖ പട്ടാളവുമായി സഹകരിച്ചതിന് വധിച്ചു 107 എന്നാല്‍, താമസിയാതെ ഹിന്ദുക്കളെന്ന നിലയില്‍ തിരിഞ്ഞു. പക്ഷെ, ഇത് ശ്രദ്ധാപൂര്‍വം വിലയിരുത്തേണ്ട കാര്യമാണ് എന്നാണ് മില്ലര്‍ നിരീക്ഷിക്കുന്നത്. ആവേശവും അപകടവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമര്‍ഷവും ജന്മിമാര്‍ക്കും മറ്റു ശത്രുക്കള്‍ക്കും എതിരായ പ്രതികരണത്തിനുള്ള അവസരവും മതാവേശവും ദാരിദ്രവും അജ്ഞതയും പരാജയം അനിവാര്യമാണെന്ന ബോധവും എല്ലാം കൂടിച്ചേര്‍ന്നാണ് ഈ അവസ്ഥയുണ്ടാക്കിയെടുത്തത്. എങ്കിലും ഈ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാപ്പിള സമുദായത്തില്‍ പരന്ന തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന ആട്ടത്തിലുള്ള ബോധമാണ്' എന്നാണ് മില്ലറുടെ അഭിപ്രായം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മഞ്ചേരി പ്രഖ്യാപനം മാപ്പിള സമരത്തിന്റെ രാഷ്ട്രീയ സ്വഭാവം വ്യക്തമാക്കുമ്പോള്‍തന്നെ അതിനോട് യോജിക്കാത്ത തരത്തിലുള്ള അക്രമസംഭവങ്ങളും പലയിടത്തും നടന്നിട്ടുണ്ട് എന്നാണ് മില്ലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഇതൊരു പൊതു പ്രവണതയായി കലാപത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മേല്‍ക്കൈപുലര്‍ത്തിയെന്ന് സുനിശ്ചിതമായി പറയാനാവുകയില്ല. (മേല്‍ സൂചിപ്പിച്ച അക്രമസംഭവങ്ങള്‍ നടന്ന പട്ടിക്കാട് പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ ഈ ലേഖകന്‍ കലാപകാലത്ത് ജീവിച്ചിരുന്ന പിന്നോക്ക ഹിന്ദുക്കളില്‍ നിന്ന് പറഞ്ഞു കേട്ടിട്ടുള്ള കഥകള്‍ തികച്ചും വ്യത്യസ്തങ്ങളാണ്. അവരുടെ ജീവന് സുരക്ഷയുറപ്പിക്കാന്‍ കുഞ്ഞഹമ്മദാജിയുടെ നിര്‍ദേശമനുസരിച്ച് തൊട്ടടുത്തുള്ള മാപ്പിളമാരുടെ വീടുകളില്‍ താമസ സൗകര്യം ഒരുക്കിക്കൊടുത്തിരുന്ന കാര്യം കലാപകാരികളോടുള്ള നന്ദിസൂചകമായിട്ടാണ് അവരോര്‍ത്തിരുന്നത്.

85. എം. ഗംഗാധരന്‍ Cbid കുറിപ്പ് 27. ഹിച്ച് കോക്കിനെ ഉദ്ധരിച്ചത്. 'മാപ്പിളമാര്‍ അട്ടഹാസവും കൊലവിളിയുമായാണ് വന്നത് എന്ന് ഇ.എഫ് തോമസ് എഴുതുന്നു. മെയിന്‍ വാറിങ്ങ് പറയുന്നത്

86. എം. ഗംഗാധരന്‍ Cbid. കുറിപ്പ് 27 PP 177 (കുഞ്ഞിഖാദറുടെ കേസില്‍ കോഴിക്കോട് ആസ്ഥാനമായ മലബാര്‍ ട്രിബ്യൂണലിന്റെ വിധിയില്‍ ഉദ്ധരിച്ച പ്രസ്താവനയിലാണ് ഇപ്രകാരം പറയുന്നത്.

Indian body was a mechanism used by the colonial state for a generalized control of Indian political life. As the promery form of producing the _______ of the subjects, colonial violence suspended liberal legal notions of Individual rights and responsibilities, comprehending Indian resistence through, the realised notion of ___________________________

88. K.N. Panikkar cited K. Madhavan Nair

89. K. മാധവന്‍ നായര്‍ - മലബാര്‍ കലാപം PP 123

90. കെ. കോയട്ടിമൗലവി _____ PP - 39

91. K.N. പണിക്കര്‍ _______ PP 198


TAGS :