Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 7 Sep 2023 8:42 AM GMT

ഒരു തലമുറയുടെ കരിയര്‍ ഡിസൈന്‍ ചെയ്ത കുട്ടിയും പെട്ടിയും മമ്മുട്ടിയും - രൂപേഷ് കുമാര്‍

എണ്‍പതുകളിലെ മധ്യവര്‍ഗ മമ്മൂട്ടി സിനിമകളിലെ ജാതി പ്രാതിനിധ്യം ഭൂരിഭാഗവും സവര്‍ണ്ണ വിഭാഗങ്ങളിലൂടെ ഉള്ളത് തന്നെ ആയിരുന്നു. എങ്കിലും മധ്യവര്‍ഗത്തിലേക്ക് കടന്നുവരുന്ന കീഴാളരായ പല സാമൂഹിക വിഭാഗങ്ങളിലെ ആണ്‍ സമൂഹങ്ങളും ഇത്തരം സിനിമകളിലെ കോട്ടിട്ട, അല്ലെങ്കില്‍ പാന്റ്‌സ് ഇന്‍സൈഡ് ചെയ്ത മമ്മൂട്ടിയെ അവരുടെ തന്നെ പ്രതിപുരുഷന്മാരായി തന്നെ കണ്ടു.

മമ്മൂട്ടിക്ക് 72-ാം പിറന്നാള്‍, എണ്‍പതുകളിലെ മമ്മുട്ടി ചിത്രങ്ങള്‍
X

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ ആണ് മലയാളികള്‍ മമ്മൂട്ടിയെ കൂവിയ 'മമ്മൂട്ടി-കുട്ടി-പെട്ടി' എന്ന തരത്തിലുളള സിനിമകള്‍ വരുന്നത്. അങ്ങനെ 'തകര്‍ന്നു' നിന്ന മമ്മൂട്ടിയെ ന്യൂ ഡല്‍ഹി തിരിച്ചു കൊണ്ടുവന്നു എന്നതാണ് മലയാള സിനിമയുടെ എസ്റ്റാബ്ലിഷ്ഡ് ആയ ചരിത്ര നിര്‍മിതികള്‍. പക്ഷേ, മമ്മൂട്ടിയും മാമാട്ടിയും അഭിനയിച്ച മമ്മൂട്ടി-പെട്ടി-കുട്ടി സിനിമകള്‍ ചില ജന വിഭാഗങ്ങള്‍ക്ക് മാസ് തന്നെ ആയിരുന്നു. ഈ സിനിമകള്‍ക്ക് ഒന്നും നിലവാരങ്ങള്‍ ഇല്ലായിരുന്നു എന്നാണ് അന്നും ഇന്നും ഇപ്പൊഴും ബുജികള്‍ ഒക്കെ വായിച്ചു തീര്‍ക്കുന്നത്. നിലവാരം നോക്കാതെ ഈ സിനിമകളെ ഇഷ്ടപ്പെടുന്ന മനുഷ്യരും ഇവിടെ ഉണ്ടായിരുന്നു.

പല കീഴാള കുടുംബങ്ങളിലെയും കുട്ടികള്‍ക്കു മാമാട്ടി എന്നും ശാലിനി എന്നും പേരിടാന്‍ തുടങ്ങി. മോഡേണ്‍ വേഷം ധരിച്ച റഹ്മാനെയും, 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ' എന്ന് ഡിസ്‌ക്കോ ഡാന്‍സിന്റെ സ്‌റ്റൈലില്‍ പാടിയ റഹ്മാനെയും ശോഭനയെയും, പിന്നെ മമ്മൂട്ടി-പെട്ടി-കുട്ടി സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റഹ്മാനെയും രോഹിണിയെയും യുവാക്കള്‍ കൊണ്ടാടി.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ആണ് കേരളത്തില്‍ ഒരു തരത്തില്‍ ഒരു കീഴാള മിഡില്‍ ക്ലാസ് ശക്തമായി ഉയിര്‍ക്കുന്നത്. പ്രത്യേകിച്ച് ദലിത് കീഴാള വിഭാഗങ്ങളില്‍ നിന്നുള്ള മധ്യവര്‍ഗങ്ങള്‍. ഡിഗ്രി വരെ പഠിച്ച എഴുപതുകളിലെ ചെറുപ്പക്കാരായ പുരുഷന്മാര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കയറി. അവര്‍ തങ്ങളുടെ വീടുകള്‍ പുനര്‍ നിര്‍മിച്ചു. പാന്റ്‌സും ഷര്‍ട്ടും ഇട്ടു അത്യാവശ്യം ഇന്‍സൈഡ് ചെയ്ത്, ഷേവ് ചെയ്ത് പൗഡര്‍ ഇട്ടു പുറത്തിറങ്ങാന്‍ തുടങ്ങി. അവര്‍ ട്രെയിനിലും ബസ്സിലും ജോലി സംബന്ധമായി ട്രാന്‍സ്ഫറുകളിലൂടെ കുടുംബങ്ങളുമായി യാത്രകള്‍ ചെയ്തു. റെയില്‍വേയിലൊക്കെ ജോലി ചെയ്ത അവര്‍ ഓവര്‍കോട്ട് ഒക്കെ ഇട്ട് ടി.ടി.ആര്‍മാരായി. അന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റും റെയില്‍വേയും പട്ടികജാതിക്കാരുടെ കുടിത്താവളം ആണെന്ന് പറഞ്ഞു അങ്ങോട്ട് ജോലിക്ക് അപേക്ഷിക്കാത്ത മനുഷ്യര്‍ പോലും കേരളത്തില്‍ ഉണ്ടായിരുന്നു. ചിലരൊക്കെ കോട്ടിട്ട വക്കീലന്മാര്‍ ആയി. അവര്‍ അങ്ങനെ അവരുടേതായ കുടുംബങ്ങള്‍ നിര്‍മിച്ചു. അവിടെ അവര്‍ മദ്യപിച്ചു. അവരുടെ കുടുംബങ്ങളുമായി സംഘര്‍ഷങ്ങള്‍ ഉണ്ടായി. അതിനു പുറമെ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരവരുടെ ചെറിയ സംഘടനകള്‍ ഉണ്ടാക്കി മീറ്റിങ്ങുകള്‍ വിളിച്ച് ചെറിയ പരിപാടികള്‍ സംഘടിപ്പിച്ചു. പൂച്ചെണ്ടുകള്‍ വാങ്ങി. മമ്മൂട്ടി കോട്ടിട്ട് നന്നായി അഭിനയിച്ച അംബേദ്കര്‍ എന്ന ബോറന്‍ ജബ്ബാര്‍ പട്ടേല്‍ സിനിമയേക്കാളും ഈ വിഭാഗങ്ങള്‍ അറ്റാച്ച്ഡ് ആയത് ഇത്തരം മധ്യവര്‍ഗ മമ്മൂട്ടി-പെട്ടി-കുട്ടി സിനിമകളോടായിരുന്നു.


ഇത്തരം മധ്യവര്‍ഗ മമ്മൂട്ടി സിനിമകളിലെ ജാതി പ്രാതിനിധ്യം ഭൂരിഭാഗവും സവര്‍ണ്ണ വിഭാഗങ്ങളിലൂടെ ഉള്ളത് തന്നെ ആയിരുന്നു. എങ്കിലും കീഴാളരായ മധ്യവര്‍ഗത്തിലേക്ക് കടന്നുവരുന്ന പല സാമൂഹിക വിഭാഗങ്ങളിലെ ആണ്‍ സമൂഹങ്ങളും ഇത്തരം സിനിമകളിലെ കോട്ടിട്ട അല്ലെങ്കില്‍, പാന്റ്‌സ് ഇന്‍സൈഡ് ചെയ്ത മമ്മൂട്ടിയെ അവരുടെ തന്നെ പ്രതിപുരുഷന്മാരായി തന്നെ കണ്ടു. അവരില്‍ ആത്മാഭിമാനമുണ്ടാക്കുന്ന ഒരു തരത്തിലേക്ക് മമ്മൂട്ടിയുടെ പെട്ടി-കുട്ടി കഥാപാത്രങ്ങളെ ഒരു കണ്ണാടി പോലെ കണ്ടു തുടങ്ങി. പല കീഴാള കുടുംബങ്ങളിലെയും കുട്ടികള്‍ക്കു മാമാട്ടി എന്നും ശാലിനി എന്നും പേരിടാന്‍ തുടങ്ങി. മോഡേണ്‍ വേഷം ധരിച്ച റഹ്മാനെയും, 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ' എന്ന് ഡിസ്‌ക്കോ ഡാന്‍സിന്റെ സ്‌റ്റൈലില്‍ പാടിയ റഹ്മാനെയും ശോഭനയെയും, പിന്നെ മമ്മൂട്ടി-പെട്ടി-കുട്ടി സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റഹ്മാനെയും രോഹിണിയെയും യുവാക്കള്‍ കൊണ്ടാടി.

ഞങ്ങളുടെ അന്നത്തെ അയല്‍പക്കങ്ങള്‍ മുസ്‌ലിംകള്‍ ആയിരുന്നു. ഞങ്ങളുടെ അച്ഛനും അമ്മാവന്മാരും അപ്പന്മാരും വാടക വീടുകളില്‍ താമസിക്കുമ്പോള്‍ അവയുടെ മുതലാളിമാര്‍ മുസ്‌ലിംകള്‍ ആയിരുന്നു. അവരുടെ ഗള്‍ഫ് പ്രവാസങ്ങളുടെ കഥകള്‍, അതുപോലെ അവരുടെ അണ്ടര്‍ വേള്‍ഡ് കഥകള്‍ ഒക്കെ ഞങ്ങള്‍ കേട്ടിരുന്നു. പല ആഘോഷങ്ങള്‍ക്കും ഞങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു. അതിന്റെ ഇടയില്‍ വംശീയമായ അധികാര പ്രയോഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്നു. പക്ഷേ, അതിരാത്രം/ആവനാഴി/ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലുള്ള സിനിമകളിലെ മമ്മൂട്ടി എന്ന നായക കഥാപാത്രത്തെക്കാളും ആ സിനിമയില്‍ കാണിക്കുന്ന മുസ്‌ലിം ജ്യോഗ്രഫികളിലെ അണ്ടര്‍ വേള്‍ഡ് ഇടങ്ങള്‍ ഞങ്ങള്‍ ആസ്വദിച്ചിരുന്നു. ഐ.വി ശശി-മമ്മൂട്ടി സിനിമകളിലെ (വാര്‍ത്ത/അടിയൊഴുക്കുകള്‍/അടിമകള്‍ ഉടമകള്‍) ഒരു നൂറു കഥാപാത്രങ്ങള്‍ക്കപ്പുറം അത്തരത്തില്‍ ഉള്ള ചില ജ്യോഗ്രഫികള്‍ കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. കാരണം, അന്നത്തെ കീഴാള മിഡില്‍ ക്ലാസുകള്‍ ടേപ്പ് റിക്കാര്‍ഡര്‍, സെന്റ്, തുണികള്‍ എന്നിവയൊക്കെ വാങ്ങാന്‍ അത്തരം ജ്യോഗ്രഫികളില്‍ പോയിരുന്നു. അവരുടെ അണ്ടര്‍ വേള്‍ഡുകളിലെ പല വൈജാത്യങ്ങളും എന്‍ജോയ് ചെയ്തിരുന്നു.


മമ്മൂട്ടി-പെട്ടി-കുട്ടി എന്ന ഈ കളിയാക്കലുകളിലെ പെട്ടി ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവം തന്നെ ആയിരുന്നു. ഗള്‍ഫില്‍ നിന്നു വരുന്നവരുടെ പെട്ടി പൊട്ടിക്കല്‍ ഒക്കെ അന്ന് വലിയ ഒരു ചടങ്ങായിരുന്നു. അതുപോലെ മൈസൂരില്‍ ട്രൈനിങ്ങിന് പോയി തിരിച്ചു വരുന്ന എന്റെ അച്ഛന്‍ ഒക്കെ പെട്ടി തുറന്നു ഞങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍ തരുന്നത് വല്ലാത്ത സന്തോഷങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കീഴാളര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി പെട്ടിയും കൊണ്ട് തീവണ്ടി കേറാന്‍ പോകുമ്പോള്‍ മലയാളിക്ക് അത്ര കണ്ടു ദഹിച്ചിരുന്നില്ല. മമ്മൂട്ടിയുടെ പെട്ടിപ്പടങ്ങളിലെ അദ്ദേഹത്തിന്റെ സ്വത്വങ്ങള്‍ കീഴാള സമൂഹങ്ങളില്‍ നിന്നു പുറത്തു നിന്നുള്ളവയായിരുന്നെങ്കിലും കീഴാള മിഡില്‍ ക്ലാസുകള്‍ റിയലിസത്തിനും അപ്പുറം വല്ലാതെ ഇവയുമായി റിലെറ്റ് ചെയ്തിരുന്നു. പക്ഷേ, കേരളം ശരിക്കും ആഘോഷിച്ചത് മോഹന്‍ലാല്‍ സിനിമകളിലെ തൊഴിലില്ലാത്ത നായര്‍ കഥാപാത്രങ്ങളുടെ 'പ്രശ്‌നങ്ങള്‍' ആയിരുന്നു. അവ മലയാളിയുടെ പ്രശ്‌നങ്ങള്‍ ആയി. അന്നും കോളജുകളില്‍ പഠിച്ചു തൊഴില്‍ നേടാന്‍ ആഗ്രഹിച്ച പട്ടികജാതിക്കാര്‍ ഫൂട്‌ബോള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ കാമറൂണ്‍കാര്‍ എന്നു വിളിച്ച് അയല്‍പക്കം പോയിട്ടു ദൂരെ ഏതോ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് വലിച്ചെറിഞ്ഞത്. അത്തരത്തില്‍ തന്നെ ആയിരിക്കാം മധ്യവര്‍ഗങ്ങളെ ചിത്രീകരിച്ച മമ്മൂട്ടി പടങ്ങളെ മലയാളി തള്ളിക്കളഞ്ഞത്. അതുപോലെ കീഴാളര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഉയര്‍ന്ന കാലത്ത് മലയാള സിനിമകളില്‍ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതികളും ആയിരുന്നു. അങ്ങനെയൊക്കെ മമ്മൂട്ടിയും പെട്ടിയും കുട്ടിയും മലയാളിയുടെ പടിക്കു പുറത്തായി. മലയാളിയുടെ മൊറാലിറ്റി അന്ന് ലൈംഗീക തൊഴിലാളികളെ പെട്ടി എന്നു വിളിച്ചിരുന്നു എന്നത് മറ്റൊരു കാര്യം.

മാധ്യമങ്ങളിലും സിനിമ വായനകളിലും തൊണ്ണൂറുകളിലെ മിമിക്രി സിനിമകള്‍ എന്ന് പറഞ്ഞു മുകേഷ്-ജഗദീഷ് സിനിമകളെ അവഗണിച്ചത് പോലെ മമ്മൂട്ടി-ബേബി-ശാലിനി സിനിമകളെയും അവഗണിച്ചു. അതേസമയം നായര്‍ സമുദായങ്ങളുടെ തൊഴിലില്ലായ്മയും സംവരണ വിരുദ്ധതയും മലയാളി ബുദ്ധിജീവികള്‍ അടക്കം ആഘോഷിച്ചു കൊണ്ടാടുകയാണ് ചെയ്തത്. മമ്മൂട്ടിയുടെ ഇത്തരം മധ്യവര്‍ഗ സിനിമകളുടെ തകര്‍ച്ചക്കു ശേഷമാണ് ന്യൂ ഡല്‍ഹി, നായര്‍ സാബ് പോലുള്ള സിനിമകളിലൂടെ മമ്മൂട്ടി തിരിച്ച് വരുന്നത്.

മമ്മൂട്ടിയുടെ ഈ സ്ട്രീമില്‍ പെട്ട, സന്ദര്‍ഭം പോലുള്ള സിനിമകളിലെ കുടുംബത്തിലെ തമാശകളും ദമ്പതിമാരുടെ പിണക്കങ്ങളും വേര്‍പിരിയലുകളും അവരുടെ ഇടയില്‍പെട്ട കുട്ടികളുടെ സംഘര്‍ഷങ്ങളുമെല്ലാം ഈ മധ്യവര്‍ഗ കുടുംബങ്ങളിലുമുണ്ടായിരുന്നു. അവയുടെ ഒരു തരത്തിലുള്ള മിറര്‍ എഫെക്റ്റ് ആയിരുന്നു സന്ദര്‍ഭം പോലുള്ള സിനിമകളുടെ വിജയങ്ങള്‍. വിദ്യാഭ്യാസം ചെയ്ത സ്ത്രീകള്‍ മമ്മൂട്ടിയുടെ ഭാര്യയായപ്പോഴും അയാളുടെ ആണത്തങ്ങളോട് സംഘര്‍ഷം ചെയ്തു വേറിട്ട് വേര്‍പിരിഞ്ഞ ജീവിതങ്ങള്‍ ജീവിച്ചിരുന്നു. ഒരു നോക്ക് കാണാന്‍, ക്ഷമിച്ചു എന്നൊരു വാക്ക്, മൂന്നു മാസങ്ങള്‍ക്ക് മുമ്പ് എന്നീ സിനിമകളിലെ മധ്യവര്‍ഗ വിദ്യാസമ്പന്നരായ സ്ത്രീ കഥാപാത്രങ്ങള്‍ ഒക്കെ അതിനുദാഹരണങ്ങള്‍ ആണ്. 'മഴവില്ലിന്‍ മലര്‍ തേടി' എന്ന പാട്ടില്‍ പൈലറ്റ് ആയി വരുന്ന മമ്മൂട്ടിയുടെ കൂടെ എയര്‍ ഹോസ്റ്റസ് ആയി തിളങ്ങിയ സുഹാസിനിയൊക്കെ ആണ് ഒരു പക്ഷെ കേരളത്തിലെ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് മുന്നില്‍ എയര്‍ ഹോസ്റ്റസ് എന്ന ഒരു ജോലി പോലും കാണിച്ച് കൊടുക്കുന്നത്. ഒരു തലമുറയിലെ പല യുവാക്കളെ അവരുടെ കരിയര്‍ കൂടുതലായി ഡിസൈന്‍ ചെയ്യിക്കുന്നതിലും ഈ മമ്മൂട്ടി-പെട്ടി-കുട്ടി എന്ന വിഭാഗത്തില്‍ പെടുന്ന സിനിമകള്‍ ഉണ്ടായിരുന്നു.



അതേസമയം ഇതേകാലത്ത് തന്നെയാണ്, കീഴാളര്‍ നേടിയെടുത്ത സംവരണം മൂലം ബുദ്ധിമുട്ടുന്ന ടി.പി ബാലഗോപാലന്‍ എം.എമാര്‍ കേരളത്തിലെ 'സാധാരണക്കാരായി' വാഴ്ത്തപ്പെട്ടത്. ദാസന്റെയും വിജയന്റെയും തൊഴില്‍ രാഹിത്യത്തിന്റെ ബുദ്ധിമുട്ട് കേരളത്തില്‍ ഉണ്ടായപ്പോള്‍, അതിനെ മറികടന്ന് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കും ബോംബെയിലേക്കും ജോലിയായും അണ്ടര്‍ വേള്‍ഡ് ആയും പോയ യുവത്വത്തിന്റെ റെപ്രസന്റേഷന്‍ ആയി മമ്മൂട്ടി-പെട്ടി-കുട്ടി കാലത്തെ സിനിമകള്‍ ഉണ്ടായിരുന്നു. അതിലെ നായകര്‍ സവര്‍ണ്ണര്‍ ആയിരുന്നുവെങ്കിലും കീഴാളമായ പല സംഘര്‍ഷങ്ങളും ഈ സിനിമകളിലൂടെ കടന്നു പോയിരുന്നു. പക്ഷെ, മാധ്യമങ്ങളിലും സിനിമ വായനകളിലും തൊണ്ണൂറുകളിലെ മിമിക്രി സിനിമകള്‍ എന്ന് പറഞ്ഞു മുകേഷ്-ജഗദീഷ് സിനിമകളെ അവഗണിച്ചത് പോലെ മമ്മൂട്ടി-ബേബി-ശാലിനി സിനിമകളെയും അവഗണിച്ചു. അതേസമയം നായര്‍ സമുദായങ്ങളുടെ തൊഴിലില്ലായ്മയും സംവരണ വിരുദ്ധതയും മലയാളി ബുദ്ധിജീവികള്‍ അടക്കം ആഘോഷിച്ചു കൊണ്ടാടുകയാണ് ചെയ്തത്. മമ്മൂട്ടിയുടെ ഇത്തരം മധ്യവര്‍ഗ സിനിമകളുടെ തകര്‍ച്ചക്കു ശേഷമാണ് ന്യൂ ഡല്‍ഹി, നായര്‍ സാബ് പോലുള്ള സിനിമകളിലൂടെ മമ്മൂട്ടി തിരിച്ച് വരുന്നത്.


TAGS :