Quantcast
MediaOne Logo

ബഷീര്‍ മാടാല

Published: 10 Dec 2023 6:38 AM GMT

മണിപ്പൂരും, ഫലസ്തീനും തമ്മിലെന്ത്

പതിറ്റാണ്ടുകളുടെ ഇസ്രായേല്‍ അധിനിവേശ ഭീകരതക്കെതിരെ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഫലസ്തീനിലെ ഹമാസിന്റെ ഐതിഹാസികമായ മുന്നേറ്റം കൊണ്ട് ഓര്‍മിച്ചെടുക്കാവുന്ന ദിനമാണ് ഒക്ടോബര്‍ ഏഴ് എങ്കില്‍ മണിപ്പൂരിലെ ഗോത്രവര്‍ഗ ജനതയായ കുക്കി വിഭാഗക്കാരുടെ വംശീയ ഉന്മൂലത്തിന് തിരികൊളുത്തിയ ദിനമായിരുന്നു മെയ് മൂന്ന്.

മണിപ്പൂരും, ഫലസ്തീനും തമ്മിലെന്ത്
X

മുക്കാല്‍ നൂറ്റാണ്ടിലധികം നീളുന്ന ഫലസ്തീന്‍ പോരാട്ട ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന ദിനമാണ് 2023 ഒക്ടോബര്‍ 7 എങ്കില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരിന് ഓര്‍ക്കാനുള്ളത് 2023 മെയ് 3 ആണ്. പതിറ്റാണ്ടുകളുടെ ഇസ്രായേല്‍ അധിനിവേശ ഭീകരതക്കെതിരെ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഫലസ്തീനിലെ ഹമാസിന്റെ ഐതിഹാസികമായ മുന്നേറ്റം കൊണ്ട് ഓര്‍മിച്ചെടുക്കാവുന്ന ദിനമാണ് ഒക്ടോബര്‍ 7 എങ്കില്‍ മണിപ്പൂരിലെ ഗോത്രവര്‍ഗ ജനതയായ കുക്കി വിഭാഗക്കാരുടെ വംശീയ ഉന്മൂലത്തിന് തിരികൊളുത്തിയ ദിനമായിരുന്നു മെയ് 3. അടിസ്ഥാനപരമായി രണ്ടിടത്തും ഭൂമി തന്നെയാണ് പ്രശ്‌നം. ഫലസ്തീനികള്‍ മുക്കാല്‍ നൂറ്റാണ്ടിലധികമായി സ്വന്തമായ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. മണിപ്പൂരിലാവട്ടെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന വൈഷ്ണവ മെയ്‌തേയ് വിഭാഗക്കാര്‍ക്ക് ഭൂമിയില്‍ നാമമാത്രമായ അവകാശം മാത്രമെയുള്ളൂ. താഴ്‌വരകളില്‍ താമസക്കാരായ മെയ്‌തേയ് വിഭാഗക്കാര്‍ ഭരണ കാര്യങ്ങളില്‍ എക്കാലത്തും അധികാരത്തോടൊപ്പം നില്‍ക്കുന്നവരാണ്. കുക്കികളാവട്ടെ പരമ്പരാഗതമായി മലമുകളിലാണ് താമസം. വിശാലമായി പരന്നു കിടക്കുന്ന ഭൂമിയുടെ അധിപന്മാരായ കുക്കികള്‍ എക്കാലത്തും മെയ്‌തേയ് വിഭാഗക്കാരുടെ നോട്ടപ്പുള്ളികളാണ്.

സ്വയം ഭരണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാതെ പുതിയ ഭരണകൂടത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് കുക്കി ഗോത്ര ജനത. ക്രിസ്ത്യന്‍ വിഭാഗക്കാരായ കുക്കി ജനതയുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടിറങ്ങിയ ഒരു കൂട്ടം തീവ്രവാദികള്‍ ഇക്കാര്യത്തില്‍ വിജയിച്ചു എന്നതാണ് മണിപ്പൂര്‍ നല്‍കുന്ന പാഠം.

കുക്കി വിഭാഗക്കാര്‍ക്ക് സംസ്ഥാനത്ത് എവിടെയും ഭൂമി വാങ്ങാന്‍ നിയമം അനുശാസിക്കുമ്പോള്‍ മെയ്‌തേയ് വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങാനുള്ള നിയമം താഴ്‌വരകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ വൈരുധ്യത്തില്‍ നിന്നാണ് മണിപ്പൂരിലെ വംശീയ ആക്രമങ്ങള്‍ രൂപപ്പെട്ടു വരുന്നത്. അതിനായി കുക്കി വിഭാഗക്കാര്‍ക്കെതിര നിരന്തരമായ വ്യാജ ആരോപണങ്ങള്‍ ഇറക്കി അവരെ ശത്രുക്കളാക്കി മാറ്റുന്നതില്‍ മെയ്‌തേയ്കള്‍ വിജയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം മെയ്‌തേയ്കളുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ തല കുനിച്ചതോടെ ഭരണകൂടം കലാപകാലത്ത് നോക്കുകുത്തിയായി മാറി. പിന്നെ എല്ലാം നടന്നത് പെട്ടെന്നായിരുന്നു. മലമുകളില്‍ താമസിച്ചിരുന്ന കുക്കി ഗ്രാമങ്ങളിലേക്ക് ഇരച്ചെത്തിയ മെയ്‌തേയ് വിഭാഗക്കാരിലെ തീവ്രപക്ഷക്കാര്‍ അവരുടെ സര്‍വ്വതും നശിപ്പിച്ചു. താഴ്‌വരകളില്‍ വര്‍ഷങ്ങളായി മെയ്തികള്‍ക്കൊപ്പം ഒന്നിച്ചു കഴിഞ്ഞിരുന്ന കുക്കികളെ നിമിഷ നേരം കൊണ്ട് ശത്രുക്കളാക്കി മാറ്റി ഉന്മൂലന സിദ്ധാന്തം ആവിഷകരിച്ച് നടപ്പാക്കി. മെയ്‌തേയ്കളുടെ ഉദ്ദേശങ്ങള്‍ക്ക് ഭരണകൂടം പച്ചക്കൊടി കാണിച്ചതോടെ മണിപ്പൂരില്‍ ഉന്മൂലന പ്രക്രിയ വിജയിച്ചു. ഇപ്പോള്‍ ഒന്നിച്ച് ജീവിച്ചവര്‍ രണ്ട് ചേരികളായി രണ്ട് രാജ്യക്കാരെപ്പോലെ കഴിയുന്നു. സ്വയം ഭരണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാതെ പുതിയ ഭരണകൂടത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് കുക്കി ഗോത്ര ജനത. ക്രിസ്ത്യന്‍ വിഭാഗക്കാരായ കുക്കി ജനതയുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടിറങ്ങിയ ഒരു കൂട്ടം തീവ്രവാദികള്‍ ഇക്കാര്യത്തില്‍ വിജയിച്ചു എന്നതാണ് മണിപ്പൂര്‍ നല്‍കുന്ന പാഠം.


ഫലസ്തീനിലാവട്ടെ ഒരു ജനതയ വംശീയമായി ഉന്മൂലനം നടത്താനുള്ള ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി ആയുസ്സ് മുഴുവന്‍ പോരാടേണ്ട അവസ്ഥയിലാണ് ഫലസ്തീനികള്‍. അവരുടെ ഭൂമി കയ്യേറി പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയില്‍ 1948 ല്‍ നിലവില്‍ വന്ന ഇസ്രയേല്‍ ഫലസ്തീനികളെ ഇന്നും വംശീയമായി കൊന്നൊടുക്കുന്നു. തലമുറകളായി ഫലസ്തീന്‍ മണ്ണില്‍ ജീവിക്കുന്ന അറബ് മുസ്‌ലിംകളെ കൊന്നും ഭീകര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആട്ടിപ്പുറത്താക്കിയുമാണ് സയണിസ്റ്റുകള്‍ ഇസ്രയേല്‍ രാഷ്ട്രം ഉണ്ടാക്കിയത്. ഗൂഡാലോചനയുടെയും അധിനിവേശത്തിന്റെയും വംശിയ ഉന്മൂലനത്തിന്റെയും ബാക്കി പത്രമാണ് 1948 ല്‍ രൂപം കൊണ്ട ഇസ്രായേല്‍. ഇതിനകം 40000 പേരെങ്കിലും കൊല്ലപ്പെട്ടു. ഏഴര ലക്ഷം പേര്‍ തങ്ങളുടെ ഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. കൂടിയൊഴിഞ്ഞു പോയ മേഖലകളില്‍ ജൂത കോളനികള്‍ രൂപം കൊണ്ടു. ഇപ്പോഴും അവശേഷിക്കുന്നവരെ കൊന്നൊടുക്കി വിശാല ഇസ്രയേലിനായി യുദ്ധം ചെയ്യുകയാണവര്‍. ഇതിന് മുമ്പില്‍ മരിച്ചു വീഴുന്ന ആയിരങ്ങളെ കുറിച്ചോര്‍ത്ത് ഇവര്‍ വ്യാകുലപ്പെടുന്നില്ല. ഇവര്‍ക്ക് ഒത്താശ പാടാന്‍ വന്‍കിട രാജ്യങ്ങള്‍ മത്സരിക്കുന്ന കാഴ്ച നാം കാണുന്നുണ്ടെങ്കിലും ലോകത്തിന്റെ മനഃസാക്ഷി ഫലസ്തീന്‍ ജനതക്കൊപ്പമാണ്. എന്തിനാണ് മരിച്ചു വീഴുന്നതെന്നറിയാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. െ

തെരുവുകള്‍ ഫലസ്തീനിനായി പ്രക്ഷോഭത്തിലാണ്. ഇനിയും കണ്ണ് തുറക്കാത്ത വന്‍ശക്തികള്‍ ഇസ്രയേലിന് വേണ്ടി വാദിക്കുന്നതിന്റെ പൊരുള്‍ അന്വോഷിക്കുകയാണ് സമാധാനം ആഗ്രഹിക്കുന്ന വലിയൊരു ജനത. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നു വരെ 17,000 ല്‍ അധികം പേര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 7000 ല്‍ അധികവും കുട്ടികളാണ്. സ്ത്രീകള്‍ 5000 ല്‍ അധികം വരും. ഇത്രയൊക്കെ ആയിട്ടും ഗസ്സയില്‍ കൂട്ടക്കുരുതി തുടരുകയാണ്.

മണിപ്പൂരിലെയും ഫലസ്തീനിലെയും വംശഹത്യ ഇന്ന് ലോകത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമായി കഴിഞ്ഞു. ഒരു ജന സമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ടിറങ്ങുന്നവര്‍ താത്കാലികമായി വിജയിക്കാമെങ്കിലും അന്തിമ വിജയം രക്തസാക്ഷികള്‍ക്ക് തന്നെയാവും.

ഫലസ്തീനികളെ സൈനിക ശക്തി കൊണ്ട് ഇല്ലാതാക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. പതിറ്റാണ്ടുകളായി എല്ലാവിധ ഉപരോധങ്ങളെയും അതിജീവിക്കാന്‍ അവര്‍ പഠിച്ചിരിക്കുന്നു. വീടുകളും പള്ളികളും സ്‌കൂളുകളും ആതുരായലങ്ങളും തകര്‍ത്ത് നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ വിജയിച്ച ഇസ്രായേല്‍ സൈന്യം ഹമാസിന്റ പ്രതിരോധ തന്ത്രങ്ങളില്‍ തട്ടി ആടി ഉലയുന്ന കാഴ്ചയാണുള്ളത്. ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ നരമേധം സംബന്ധിച്ച് പ്രതിരോധ രംഗത്തെ പ്രമുഖര്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ഹമാസിനെ കീഴ്‌പ്പെടുത്താനുള്ള ഇസ്രയേല്‍ നീക്കം പരാജയപ്പെട്ടതായി ഇവര്‍ വ്യക്തമാക്കുന്നു. ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് പുറത്താക്കി അവിടെ ജൂതരെ കൂടിയിരുത്താനുള്ള നീക്കം നടക്കാനിടയില്ലെന്നും അമേരിക്ക ഉള്‍പ്പെടെയുളള ശക്തികള്‍ ഇതിനകം തിരിച്ചറിഞ്ഞിരിക്കുന്നു. പിന്നെ എന്തിനായിരുന്നു ഈ യുദ്ധമെന്ന ചോദ്യമാണ് ഇപ്പോള്‍ എവിടെയും ഉയരുന്നത്. ലോകം ഒന്നിച്ചെതിര്‍ത്താലും സയണിസ്റ്റ് ഭീകരപ്പടയും അതിനെ താലോലിക്കുന്നവരും ഗസ്സയെ തവിടുപൊടിയാക്കിയാലും പിന്തിരിയില്ലെന്ന ഉറച്ച നിലപാടിലാണ് ഹമാസ്. സയണിസ്റ്റ് രാജ്യത്തിന്റെ നെഞ്ചകം പിളര്‍ത്ത് നടത്തിയ ഒക്ടോബര്‍ 7 ന്റ മുന്നേറ്റം അതു തന്നെയാണ് സൂചിപ്പിക്കുന്നതും.

മണിപ്പൂരിലെയും ഫലസ്തീനിലെയും വംശഹത്യ ഇന്ന് ലോകത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമായി കഴിഞ്ഞു. ഒരു ജന സമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ടിറങ്ങുന്നവര്‍ താത്കാലികമായി വിജയിക്കാമെങ്കിലും അന്തിമ വിജയം രക്തസാക്ഷികള്‍ക്ക് തന്നെയാവും.



TAGS :