വിവാദ ഉത്തരവ് റദ്ദാക്കിയതിലൂടെ മണിപ്പൂരികള്‍ക്ക് ഇനി ഒന്നും ലഭിക്കാനില്ല
സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നതായ വാദങ്ങള്‍ ഉണ്ടെങ്കിലും അതൊക്കെ പരാജയപ്പെടുകയാണ്. എന്നുവെച്ചാല്‍, മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല.
കഴിഞ്ഞ മെയ് മാസം ആദ്യവാരത്തില്‍ തുടങ്ങിയ മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷങ്ങള്‍ തുടങ്ങിയ ആദ്യനാള്‍ മുതല്‍ ഇന്നുവരെ ആക്രമങ്ങള്‍ ഇല്ലാത്ത ഒരു ദിവസവും ഇവിടെ കടന്നുപോയിട്ടില്ല. ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന മെയ്‌തേയ് വംശജരും ഗോത്ര ജനവിഭാഗക്കാരായ കുക്കി, സോമി വംശജരും നേര്‍ക്കുനേര്‍ നടത്തിയ ഏററുമുട്ടലുകളില്‍ മണിപ്പൂരിലെ ഗോത്ര ജനതയുടെ മേല്‍ ഭരണകൂട വംശീയതയുടെ കരാള ഹസ്തങ്ങള്‍ പിടി മുറുക്കിയ നേര്‍ക്കാഴ്ചയാണ് കണ്ടത്. അധികാരി വര്‍ഗത്തിന്റെ മൗനാനുവാദത്താല്‍ അരങ്ങേറിയ വംശീയ ആക്രമങ്ങള്‍ സകല സീമകളും ലംഘിച്ചപ്പോള്‍ ഒരു ഗോത്ര സമൂഹം നിലനില്‍പ്പിനായി പോരാടുന്ന കാഴ്ചക്കാണ് ആധുനിക ഭാരതം സ്‌ക്ഷിയായത്. വിശാലമായ ഭൂമിയുടെ അധിപന്മാരായിരുന്ന കുക്കികളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന പ്രക്രിയയില്‍ മറു വിഭാഗം ഒരു പരിധിവരെ വിജയിച്ചതോടെ താഴ്വരകളില്‍ മെയ്‌തേയികളും മലകള്‍ക്ക് മുകളില്‍ കുക്കികളും എന്ന രീതിയില്‍ രണ്ടായി തരംതിരിഞ്ഞ് പരസ്പരം പോരാടുന്ന കാഴ്ചക്കും നാം സാക്ഷ്യം വഹിച്ചു.
സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നതായ വാദങ്ങള്‍ ഉണ്ടെങ്കിലും അതൊക്കെ പരാജയപ്പെടുകയാണ്. ഭൂരിപക്ഷം വരുന്ന മെയ്‌തേയ് വിഭാഗത്തെ പിണക്കാന്‍ മണിപ്പൂരിലെ ഒരു രാഷ്ട്രീയ നേതൃത്വവും മുന്നോട്ട് വരുന്നില്ല. മറുഭാഗത്ത് കുക്കികളെ നിയന്ത്രിക്കാന്‍ അവരുടെതായ സംഘടനകള്‍ സജീവമായിട്ടുണ്ട്.
ഒരു സംസ്ഥാനത്തിനെ രണ്ടായി വിഭജിച്ചു കൊണ്ട് അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച് പരസ്പരം കാണാന്‍ പോലും അനുവാദമില്ലാത്ത തരത്തിലേക്ക് മണിപ്പൂര്‍ കലാപം മാറി. മണിപ്പൂരിലിപ്പോള്‍ സമാധാന അന്തരീഷം എവിടെയുമില്ല. ആരുടെ തോക്കില്‍ നിന്ന് എപ്പോഴാണ് വെടിയുണ്ട പുറത്തുവരിക എന്ന് പറയാന്‍ പറ്റാത്ത നിലയാണ്. രാജ്യാതിര്‍ത്തിയായ മൊറെയില്‍ സൈനികരും തീവ്രവാദ ഗ്രൂപ്പുകാരും നിരന്തര പോരാട്ടത്തിലാണ്. ഇരുകൂട്ടര്‍ക്കും സ്വാധീനമുള്ള മേഖലകളില്‍ പരസ്പരം പോരാടുന്ന കാഴ്ചയാണ് കഴിഞ്ഞ പത്തു മാസത്തിനിടെ കാണാന്‍ കഴിയുന്നത്. ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് മലമുകളില്‍ നിന്ന് കുക്കികള്‍ ശത്രുപക്ഷത്തിന് നേരെ വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം ഇവിടെ പുതുമയല്ലാതായിക്കഴിഞ്ഞു. മറുവശത്ത് മെയ്‌തേയികളാവട്ടെ സര്‍ക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും ആസ്വദിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് കുക്കികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്.
നൂറ് കണക്കിന് വീടുകള്‍, ഗ്രാമങ്ങള്‍ ചര്‍ച്ചുകള്‍ കെട്ടിടങ്ങള്‍ എല്ലാം തന്നെ ഇതിനകം തീയിട്ട് ചാമ്പലാക്കി കഴിഞ്ഞു. ഇപ്പോഴും ഈ തീക്കളിക്ക് ഒരു കുറവുമില്ല. കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ സര്‍ക്കാര്‍ നല്‍കുന്നതാണ്. എന്നാല്‍, ഇതിലൊക്കെ എത്രയോ അധികമാണ് യഥാര്‍ഥ കണക്കുകളെന്ന് മണിപ്പൂരികള്‍ പറയും. കാണാതായവര്‍, വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍, അന്യ സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തവര്‍ എന്നിവരുടെയൊക്കെ കണക്കുകള്‍ സര്‍ക്കാര്‍ പറയുന്നതിലും എത്രയോ അധികമാണ്. ഇതിനൊക്കെ പുറമെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങളുടെ നേര്‍ ചിത്രങ്ങള്‍. വിദ്യാഭ്യാസം തുടരാനാവാതെ നൂറ് കണക്കിന് കുട്ടികളാണ് നാളെയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാതെ വിവിധ ക്യാമ്പുകളിലുള്ളത്. എല്ലാം സര്‍ക്കാര്‍ ശരിയാക്കുമെന്ന പ്രതീക്ഷയൊന്നും ഇവര്‍ക്കില്ല. ഈ തണുപ്പ് കാലത്ത് അവര്‍ ഒരു കമ്പിളിപ്പുതപ്പിനായി വാതിലുകള്‍ മുട്ടുകയാണ്.
സംഘര്‍ഷങ്ങള്‍ക്ക് കാരണമായ വിവാദമായ ഉത്തരവ് കഴിഞ്ഞ ദിവസം മണിപ്പൂര്‍ ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. എന്നാല്‍, എല്ലാം വൈകിപ്പോയിരിക്കുന്നു. പഴയ ഉത്തരവിനെ തുടര്‍ന്ന് രൂപപ്പെട്ട കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആ ഉത്തരവ് റദ്ദാക്കിയതിലൂടെ ഇനി ഒന്നും ലഭിക്കാനില്ല. സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നതായ വാദങ്ങള്‍ ഉണ്ടെങ്കിലും അതൊക്കെ പരാജയപ്പെടുകയാണ്. ഭൂരിപക്ഷം വരുന്ന മെയ്‌തേയ് വിഭാഗത്തെ പിണക്കാന്‍ മണിപ്പൂരിലെ ഒരു രാഷ്ട്രീയ നേതൃത്വവും മുന്നോട്ട് വരുന്നില്ല. മറുഭാഗത്ത് കുക്കികളെ നിയന്ത്രിക്കാന്‍ അവരുടെതായ സംഘടനകള്‍ സജീവമായിട്ടുണ്ട്. ഇരു കൂട്ടരും തമ്മില്‍ ഒന്നിച്ചിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ഇരു കൂട്ടരും തമ്മില്‍ ഒന്നിച്ച് കാണാന്‍ പോലും സാധിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചതിന് പിന്നില്‍ ഭരണകൂടത്തിന് കാര്യമായ പങ്കുണ്ട്.
രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ മണിപ്പൂര്‍ വീണ്ടും സജീവ ചര്‍ച്ചയ്ക്ക് വഴിവെക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ വിഷയം ബി.ജെ.പിക്ക് വലിയ തലവേദന സൃഷടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഗോത്രവംശജരായ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ നടത്തിയ മെയ്‌തേയികളുടെ കടന്നാക്രമണവും വംശഹത്യയും കേരളത്തില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.