മഞ്ഞുമ്മല്‍ ബോയ്‌സ്: സൗഹൃദങ്ങളുടെ ആഴച്ചിത്രം
അതിശയകരവും ആവേശകരവുമായ അതിജീവന നാടകം സൗഹൃദങ്ങളുടെ ആഴങ്ങളിലൂടെ കാണിക്കുന്നത് തന്നെയാണ് മുന്‍കാല സമാനമായ ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന് മഞ്ഞുമ്മല്‍ ബോയ്‌സിനെ മാറ്റി നിര്‍ത്തുന്നത്. തീര്‍ച്ചയായും ഈ സിനിമ ഒരു തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സില്‍ മാത്രമേ അതിന്റെ സിനിമാറ്റിക് കാഴ്ച പൂര്‍ണ്ണമാവുകയുള്ളു.
പ്രശസ്ത ചിത്രമായ 'ഗുണ'യിലെ കമല്‍ഹാസന്റെ 'കണ്‍മണി അന്‍പോട് കാതല്‍' എന്ന ഗാനത്തിലൂടെയാണ് സംവിധായകന്‍ ചിദംബരത്തിന്റെ 'മഞ്ഞുമ്മേല്‍ ബോയ്‌സ്' ആരംഭിക്കുന്നത്. കമലഹാസന്റെയും ഇളയരാജയുടെയും ആ പാട്ട് ക്ലൈമാക്‌സിലും ആവര്‍ത്തിക്കുമ്പോള്‍ കാഴ്ചക്കാര്‍ കോരിത്തരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യും.
ജാന്‍-ഇ-മാന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ, നര്‍മത്തിനും മരണത്തിനുമിടയില്‍ ഒരു സിനിമയെ സമര്‍ത്ഥമായി ബാലന്‍സ് ചെയ്ത് എങ്ങനെ കൊണ്ടുപോകാമെന്ന് വിജയകരമായി തെളിയിച്ച സംവിധായകനാണ് ചിദംബരം. വീണ്ടും ഒരിക്കല്‍ കൂടി തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ സംവിധായകന്‍.
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ അതിമനോഹരമായ ദൃശ്യാനുഭവങ്ങളെ പൂരകമാക്കിക്കൊണ്ട്, സൂക്ഷ്മമായി രൂപപ്പെടുത്തിയ വികാരങ്ങളുടെ ഒരു സ്‌പെക്ട്രത്തെ സമര്‍ഥമായി ഉണര്‍ത്തിക്കുന്ന, ശ്രദ്ധേയമായ പശ്ചാത്തല ട്രാക്കുകള്‍ സിനിമയെ പല ഭാവങ്ങളിലേക്ക് സഞ്ചരിപ്പിക്കുന്നു. അവ കാഴ്ചയെ മനോഹരമായ അനുഭവമാക്കിത്തീര്‍ക്കുന്നു.
കൊടൈക്കനാലിന്റെ ദൃശ്യഭംഗിയിലേക്ക്, ആര്‍ത്തലച്ച് മഴ പെയ്യുമ്പോള്‍, ആ മഴയില്‍ ഭൂമിയില്‍ നിറയുന്ന ജലം ഗുണാഗുഹയുടെ (ഡെവിള്‍ കിച്ചന്‍) ഉള്ളിലേക്ക് ഒലിച്ചിറങ്ങുന്നത് അജയന്‍ ചാലിശ്ശേരിയും കൂട്ടരും ഇങ്ങ്, കേരളത്തില്‍ നിര്‍മിച്ച കൃത്രിമ ഗുഹയിലേക്കാണെന്ന് ഒട്ടും തോന്നിപ്പിക്കാത്തവിധം സ്വാഭാവികമാക്കുന്നതിനെ എത്ര പ്രശംസിച്ചാലും പോരാതെ വരും.
രക്ഷാപ്രവര്‍ത്തനത്തിനിടയിലെ ടെന്‍ഷന്‍ ഉയര്‍ത്താന്‍ സംഗീതം എങ്ങനെ സൂക്ഷ്മമായ ഉപയോഗിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും വേറിട്ടുനില്‍ക്കുന്നതാണ്. പ്രേക്ഷകര്‍ക്ക് പിരിമുറുക്കം അനുഭവിക്കേണ്ടി വരുന്ന ദൃശ്യങ്ങളില്‍ അദ്ദേഹത്തിന്റെ വലിയ പരിശ്രമം സിനിമ ആവശ്യപ്പെടുന്നുണ്ട്. അതിനായി അദ്ദേഹം മികച്ച സംഭാവന നല്‍കി. ഗുണാ കേവിന്റെ വിശാലമായ പ്രകൃതിഭംഗിയും അതിന്റെ ഇരുണ്ട കുഴിയും ഒരുപോലെ അതിമനോഹരമായി അദ്ദേഹം അദ്ദേഹം ദൃശ്യവത്കരിച്ചു.
വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ് വളരെ വേഗത നിലനിര്‍ത്തുന്നു, അത് പ്രേക്ഷകനെ മുള്‍മുനയില്‍ ഇരുത്തുന്നുണ്ട്. അതേസമയം യുവാക്കളുടെ ബാല്യത്തെ കണക്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കട്ടിംഗ് വളരെ മികവുറ്റതാക്കിയിരിക്കുന്നു.
അജയന്‍ ചാലിശ്ശേരി എന്ന പ്രതിഭാധനനായ കലാകാരന്‍ മലയാള സിനിമാചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രൊഡക്ഷന്‍ ഡിസൈനിംഗിലൂടെ സൃഷ്ടിച്ച വിഷ്വലുകളും മാസ്റ്റര്‍ പീസാണ്. ലോകസിനിമയോളം ഉയരെയാണ് അദ്ദേഹം നിര്‍മിച്ച ഗുഹാചിത്രത്തിന്റെ സ്വഭാവികത. ഛായഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ ഓരോ ഫ്രെയിമുകളും ഒരു പെയിന്റിംഗിനോട് സാമ്യമുള്ളതാക്കുന്നത് അജയനിലെ ആര്‍ട്ടിസ്റ്റിന്റെ സമര്‍പ്പണമാണ്. താന്‍ ഉണ്ടാക്കിയെടുത്ത ഗുഹയുടെ മഹിമയും ഭയാനകതയും, ഗുഹാ വിടവിലൂടെ കാണുന്ന ആകാശത്തോളം ഉയരത്തിലാണ് രേഖപ്പെടുത്തുക.
കൊടൈക്കനാലിന്റെ ദൃശ്യഭംഗിയിലേക്ക്, ആര്‍ത്തലച്ച് മഴ പെയ്യുമ്പോള്‍, ആ മഴയില്‍ ഭൂമിയില്‍ നിറയുന്ന ജലം ഗുണാഗുഹയുടെ (ഡെവിള്‍ കിച്ചന്‍) ഉള്ളിലേക്ക് ഒലിച്ചിറങ്ങുന്നത് അജയന്‍ ചാലിശ്ശേരിയും കൂട്ടരും ഇങ്ങ്, കേരളത്തില്‍ നിര്‍മിച്ച കൃത്രിമ ഗുഹയിലേക്കാണെന്ന് ഒട്ടും തോന്നിപ്പിക്കാത്തവിധം സ്വാഭാവികമാക്കുന്നതിനെ എത്ര പ്രശംസിച്ചാലും പോരാതെ വരും. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നും മഞ്ഞുമ്മല്‍ ബോയ്‌സിലെത്തുമ്പോള്‍ അജയന്‍ ഉയരങ്ങളിലേക്ക് തന്നെയാണ് കയറിപ്പോകുന്നത് എന്നത് സന്തോഷം നല്‍കുന്നു.
അതിജീവന ത്രില്ലര്‍ സിനിമകള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നത് ശക്തമായ തിരക്കഥയാലാണ്. ആണ്‍ കുട്ടികളുടെ വര്‍ത്തമാനകാലത്തിലേക്ക് സമര്‍ഥമായി ലയിപ്പിച്ചെടുത്ത കൗമാരകാലത്തെ ദൃശ്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സിനിമക്ക് ഒരു ക്ലാസിക് തലം കൈവരുന്നു. അവ വെറുതെ ഗൃഹാതുരത കാണിക്കാന്‍ സൃഷ്ടിച്ചെടുത്ത രംഗങ്ങളല്ല. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന സുഭാഷ് എന്ന കഥാപാത്രം, ഒരു പാറയിടുക്കില്‍ മലര്‍ന്ന് കിടന്ന് ഗുഹകള്‍ക്കിടയിലൂടെ ആകാശത്ത് നിന്ന് പ്രകാശമോ, ശബ്ദമോ വരുന്നുണ്ടോയെന്ന് വേദനയോടെ ശ്രദ്ധിക്കുമ്പോള്‍, അവന്റെ കൂട്ടുകാര്‍ അവന്റെ ശബ്ദം കേള്‍ക്കാന്‍ താഴേക്ക് ആര്‍ത്തുവിളിക്കുമ്പോള്‍, രണ്ടു കൂട്ടരേയും ഹൃദയം കൊണ്ട്, കഥാപാത്രങ്ങളിലേക്ക് ഒട്ടിച്ചു ചേര്‍ക്കുന്നത് സംവിധായകന്റെ വൈഭവമാണ്. കാഴ്ചക്കാരെ കണ്ണുനനയിപ്പിക്കുന്നതും കൗമാര യൗവ്വനകാല കാഴ്ചകളെ ബന്ധിപ്പിച്ച ആ നേര്‍ത്ത ബാലന്‍സിംഗാണ്.
ചിദംബരം
ആദ്യ പകുതി ഒരു കൂട്ടം സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ പരിചയപ്പെടുത്തലാണ്. അവരുടെ കഥാപാത്രങ്ങള്‍ തുടക്കത്തില്‍ അശ്രദ്ധമായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ആ ശ്രദ്ധയില്ലായ്മയിലും ഓരോരുത്തരും മികച്ച പ്രകടനം കാഴ്ച നല്‍കുന്നു. യൗവ്വനങ്ങളുടെ ആഹ്ലാദമാണ് ആ രംഗങ്ങളുടെ ആകെത്തുക. യാത്രകള്‍ സൗഹൃദങ്ങളുടെ ഒരു റീഫ്രഷാണ് എല്ലാ കാലത്തും. രണ്ടു പതിറ്റാണ്ട് മുമ്പുള്ള പരിമിതമായ സൗകര്യങ്ങളുള്ള ഒരു കാലത്തിന്റെ കൊടൈക്കനാല്‍ യാത്രയുടെ റിച്ച്‌നസ് അടയാളപ്പെടുത്തിയാണ് സിനിമ മുന്നോട്ട് പോകുന്നത്.
രണ്ടാം പകുതിയില്‍ എല്ലാ ആഹ്ലാദങ്ങളേയും ഒരു ഗുഹയുടെ അന്ധകാരത്തിലേക്ക് തള്ളിയിട്ട് സിനിമ ഉദ്വേഗം നിറയ്ക്കുന്നു. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍പോള്‍ ലാല്‍, ഖാലിദ് റഹ്മാന്‍, ഗണപതി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, അഭിറാം രാധാകൃഷന്‍, ദീപക് പറമ്പോള്‍ തുടങ്ങിയ പതിനൊന്നു പേരും അഭിനയം കൊണ്ട് അതിശയിപ്പിക്കുന്ന കാഴ്ചയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
അജയന്‍ ചാലിശ്ശേരി കമല്‍ഹാസനോടൊപ്പം
അതിശയകരവും ആവേശകരവുമായ അതിജീവന നാടകം സൗഹൃദങ്ങളുടെ ആഴങ്ങളിലൂടെ കാണിക്കുന്നത് തന്നെയാണ് മുന്‍കാല സമാനമായ ത്രില്ലര്‍ ചിത്രങ്ങളില്‍ നിന്ന് മഞ്ഞുമ്മല്‍ ബോയ്‌സിനെ മാറ്റി നിര്‍ത്തുന്നത്. തീര്‍ച്ചയായും ഈ സിനിമ ഒരു തിയ്യേറ്റര്‍ എക്‌സ്പീരിയന്‍സില്‍ മാത്രമേ അതിന്റെ സിനിമാറ്റിക് കാഴ്ച പൂര്‍ണ്ണമാവുകയുള്ളു.