മാറാട്, തീവ്രവാദം, ഭീകരാക്രമണം, എകണോമിക് ജിഹാദ്: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത്
മാറാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഇരുപത്തൊന്ന് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയകമായി നടന്ന മാധ്യമ ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്നു. ( 2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01)
മെയ് ഒന്നാം തിയ്യതി ബുധനാഴ്ച ജന്മഭൂമി ദിനപത്രം 'മാറാട് കൂട്ടക്കൊലയ്ക്ക് 21 വയസ്സ്' എന്ന ആമുഖത്തോടെ 'ഭീകരസംഘടനകളെ പിന്തുണച്ച് കോണ്‍ഗ്രസും സി.പി.എമ്മും' എന്ന ശീര്‍ഷകത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മെയ് 3ന് അതേ പത്രം ഇതുസംബന്ധിച്ച് രണ്ട് കുറിപ്പുകള്‍ കൂടി പ്രസിദ്ധീകരിച്ചു. 'ബലിദാനികളുടെ ഓര്‍മയില്‍ മാറാട്' എന്നും 'മാറാട് തീരത്ത് നടന്നത് ഭീകരാക്രമണം' എന്നുമായിരുന്നു അവയുടെ ശീര്‍ഷകങ്ങള്‍.
2002 ജനുവരി 3,4 തിയ്യതികളിലും 2003 മെയ് 2നും കോഴിക്കോട് മാറാട് ബീച്ചില്‍ നടന്ന അക്രമസംഭവങ്ങളെയാണ് ജന്മഭൂമി ചര്‍ച്ചയാക്കിയത്. ഇതില്‍ രണ്ടാമത്തെ ആക്രമണസംഭവത്തെയാണ് ജന്മഭൂമി 'ഭീകരാക്രമണ'മെന്ന് വിശേഷിപ്പിക്കുന്നത്. ആദ്യ സംഭവത്തില്‍ അഞ്ചു പേരും രണ്ടാം സംഭവത്തില്‍ ഒമ്പത് പേരും കൊല്ലപ്പെട്ടിരുന്നു. തോമസ് പി. ജോസഫ് കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2002ലെ മാറാട് കേസില്‍ ആകെ 393 പേര്‍ പ്രതികളായി. 213 പേര്‍ ആര്‍.എസ്.എസ്സുകാരായിരുന്നു. 86 പേര്‍ ലീഗുകാരും 78 പേര്‍ സി.പി.എമ്മുകാരുമായിരുന്നു. ബാക്കി വരുന്ന 16 പ്രതികള്‍ എന്‍.ഡി.എഫ്, ഐ.എന്‍.എല്‍ പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു (ഫ്രണ്ട്‌ലൈന്‍, പി. കൃഷ്ണകുമാര്‍, 20 ഒക്ടോബര്‍ 2006). 2003ലെ മാറാട് കേസില്‍ പ്രതികളായവര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, സി.പി.എം, പി.ഡി.പി, എന്‍.ഡി.എഫ് തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരോ അനുഭാവികളോ ആയിരുന്നു (ഇന്ത്യന്‍ എക്‌സ്പ്രസ്, 16 ജനുവരി 2009). സാമുദായികവും പ്രദേശപരവും കുടുംബപരവും തൊഴില്‍പരവുമായ ലൊക്കേഷനുകളും മേല്‍ പറഞ്ഞ പാര്‍ട്ടി ബന്ധങ്ങളും ഇതിലുള്‍പ്പെട്ട പ്രതികളുടെ ഐഡിന്റിറ്റിയുടെ ഭാഗമാണ്. വിചാരണക്കൊടുവില്‍ പ്രതികളായിരുന്ന എല്ലാവരും ശിക്ഷിക്കപ്പെട്ടില്ല. മൊത്തം 86 പേര്‍ക്ക് ശിക്ഷ വിധിച്ച മാറാട് പ്രത്യേക കോടതി 2021ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സംഘ്പരിവാര്‍ വാദങ്ങള്‍
1921നു ശേഷം കേരളം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയാണ് മാറാട് നടന്നതെന്നാണ് ജന്മഭൂമിയിലെ കുറിപ്പുകള്‍ പറയാന്‍ ശ്രമിക്കുന്നത്. മാറാട് സംഘര്‍ഷങ്ങളെ ഭീകരാക്രമണമായി ചിത്രീകരിച്ച കുറിപ്പുകള്‍ ടിപ്പുവിന്റെ ആക്രമണം, മലപ്പുറം ജില്ലാ രൂപീകരണം, ഇസ്‌ലാമിക ഭീകരത തുടങ്ങിയവയുമായി മാറാട് സംഭവത്തെ ബന്ധപ്പെടുത്തി: ''ടിപ്പുവിന്റെ പടയോട്ടക്കാലത്തും 1921ലെ മാപ്പിളലഹളക്കാലത്തും പിന്നീട് മലപ്പുറം ജില്ലാ രൂപീകരണത്തെ തുടര്‍ന്നും മലപ്പുറത്തിന്റെ തീരദേശത്ത് നടന്ന വര്‍ഗീയ കലാപങ്ങളില്‍ ചെറുത്ത് നില്‍ക്കാനാകാതെ തീരത്തെ അരയസമുദായം പലായനം ചെയ്ത ചരിത്രമാണെങ്കില്‍, മാറാട് കടപ്പുറത്തെ ഭീകരാക്രമണത്തെ തുടര്‍ന്ന് അത്തരമൊരു ഓടിപ്പോകല്‍ ഉണ്ടായില്ല. എന്നുമാത്രമല്ല, കൊലയാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതോടെ പള്ളിക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്തവരും ആക്രമികളുടെ കുടുംബങ്ങളും കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു''.
തുടര്‍ന്ന്, മാറാട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ജന്മഭൂമി പുകഴ്ത്തി: ''ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ജുഡീഷ്യല്‍ എന്‍ക്വയറി കമീഷന്‍ തികച്ചും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. 'മുസ്‌ലിം ഭീകരത'യുടെ മുന്‍കാല ചെയ്തികളും അതിന്റെ രേഖകളും റിപ്പോര്‍ട്ടുകളുമെല്ലാം കമീഷനിലൂടെ പുറത്തുവന്നു. 'രാജ്യവിരുദ്ധ' ശക്തികളെയും അവരെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നവരെയും കുറിച്ചും ചര്‍ച്ചയുണ്ടായി. മാറാട് സംഭവത്തില്‍ വളരെ ആഴത്തിലുള്ള ഗൂഢാലോചനയും വന്‍ സാമ്പത്തിക സ്രോതസ്സും രാജ്യാന്തര 'ഭീകരബന്ധവും' ആയുധങ്ങളുടെ ഉറവിടവും കണ്ടെത്തി. ഇതെല്ലാം കൃത്യമായി അന്വേഷിച്ച് നടപടിയുണ്ടാക്കാന്‍ സി.ബി.ഐ, റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു''. (മെയ് 3, 2024, ജന്മഭൂമി)
വര്‍ഗീയ ജിഹാദും ഭീകരാക്രമണവും എകണോമിക് ജിഹാദും: മെയ് 2ാം തിയ്യതി എ.ബി.സി ചാനലില്‍ മാറാടിന്റെ രഹസ്യങ്ങളെന്ന പേരില്‍ ഒരു ചര്‍ച്ച നടന്നു. അതില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ എ.പി അഹമ്മദും മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്രനും പങ്കെടുത്തു. 'വര്‍ഗീയ ജിഹാദ്' എന്നു പറഞ്ഞാണ് രാമചന്ദ്രന്‍ തുടങ്ങിയത്. മാറാട് നടന്നത് കലാപമല്ലെന്നും മുസ്‌ലിംകള്‍ നടത്തിയ ആക്രമണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാമചന്ദ്രന്‍ മുന്നോട്ടുവച്ച പ്രധാന നിഗമനങ്ങള്‍ ഇവയാണ്: ''ഒന്നാമത്തേത് (2002) ചെറിയ സംഭവമായിരുന്നു. രണ്ടാമത്തേത് 'വംശീയ ഉന്മൂലന'മാണ് ലക്ഷ്യമിട്ടത്. വാളും വടിവാളും ബോംബും ഉപയോഗിച്ചെങ്കിലും ബോംബ് പൊട്ടിയില്ല. കൊല്ലപ്പെട്ടവരുടെ സ്വകാര്യഭാഗങ്ങല്‍ ഛേദിച്ചിരുന്നു, മാപ്പിള ലഹളക്കാലത്ത് ഗര്‍ഭിണികളെ കുത്തിക്കീറിയതുപോലെ. പാവങ്ങളായി നടക്കുന്ന ലീഗുകാരാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്. എന്‍.ഡി.എഫിനെയും പി.ഡി.പിയെയും വച്ചാണ് ഇത് ചെയ്തത്.
മാര്‍ക്‌സിസ്റ്റുകളും ഒത്താശ ചെയ്തു. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവരെല്ലാം ലീഗുകാരാണ്. വര്‍ഗീയ ഗൂഢാലോചന നടന്നതായി തോമസ് പി. ജോസഫ് കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, വിദേശ ഗൂഢാലോചനക്ക് തെളിവ് കിട്ടിയില്ല. ഫവാസ് എന്ന പാക് സ്വദേശിയുമായി ഒരു യുവനേതാവ് ബന്ധപ്പെട്ടതിന് തെളിവുണ്ട്. പക്ഷേ, അത് പുറത്തുവന്നില്ല. തീരപ്രദേശം സ്വതന്ത്രമാക്കി 'ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്' സാധ്യതയൊരുക്കുകയായിരുന്നു 'ജിഹാദ്' ഉദ്ദേശിച്ചവരുടെ ലക്ഷ്യം. 26 സ്വകാര്യ സ്‌പോട്ടുകള്‍ മാറാടുണ്ട്, അത് പിടിച്ചടക്കുകയാണ് ലക്ഷ്യം. മാറാട് സ്വതന്ത്രമാക്കുകയെന്നത് പുതിയ കാര്യമല്ല. 1954 മാര്‍ച്ച് 28ന് ഇതുപോലെ സംഭവമുണ്ടായിരുന്നു. നടുവട്ടം ക്ഷേത്രം ആക്രമിച്ചു. 1952ല്‍ പയ്യോളിയില്‍ ഗോസംരക്ഷണ പ്രസിഡന്റിനെ കൊന്നിരുന്നു. 1958ല്‍ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനെതിരേ പ്രചാരണം നടന്നു. അത് ഒരു വര്‍ഷം നീണ്ടു. ഇതിന്റെ ഭാഗമായി 130 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തു. 65 കിലോമീറ്റര്‍ ബീച്ച് സ്വതന്ത്രമാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്; പൊന്നാനി മുതല്‍ മാറാട് വരെ. 50 കൊല്ലംകൊണ്ട് തീരപ്രദേശം വൃത്തിയാക്കിയെടുക്കുകയാണ് ലക്ഷ്യമെന്ന് വായിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് അതിന് കഴിഞ്ഞില്ല. വെള്ളിയാഴ്ച മറ്റ് തുറകളില്‍ അരയന്മാര്‍ മീന്‍ പിടിക്കാന്‍ പോകാറില്ല. അലിഖിതമായ ഫത്‌വയുടെ ഭാഗമാണിത്. പക്ഷേ, മാറാടുള്ളവര്‍ വെള്ളിയാഴ്ചയും കടലില്‍ പോകുമായിരുന്നു. അതും കാരണമാണ്. മാപ്പിള ലഹള, മലബാര്‍ സ്വതന്ത്രമാക്കാനുള്ള ജിഹാദായിരുന്നു. അതുപൊലൊരു അജണ്ടയുടെ ഭാഗമാണ് മാറാടും.''
ടിപ്പുവിന്റെ ആക്രമണം, മുസ്‌ലിം സ്ത്രീകളില്‍ കണ്ടുവരുന്ന പര്‍ദയുടെ ഉപയോഗം, കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയില്‍ ഒരു കിലോമീറ്ററിനുള്ളില്‍ കണ്ട വിദേശസഹായം കൊണ്ട് പണിതീര്‍ത്ത അഞ്ച് മുസ്‌ലിം പള്ളികള്‍, കോവളം ടൂറിസ്റ്റ് കേന്ദ്രത്തിനരികില്‍ കണ്ട പള്ളി തുടങ്ങിയവയുമായും മാറാട് സംഭവത്തെ റീഡിഫ് കോളമിസ്റ്റ് രാജീവ് ശ്രീനിവാസന്‍ ബന്ധിപ്പിച്ചു.
ചര്‍ച്ചയില്‍ പങ്കെടുത്ത എ.പി അഹമ്മദിന്റെ പ്രധാന വാദങ്ങള്‍ ഇങ്ങനെയായിരുന്നു: 2002ലേത് കലാപമായിരുന്നു. പക്ഷേ, 2003 ഏകപക്ഷീയ ആക്രമണമായിരുന്നു. സാമുദായികവുമായിരുന്നു. അതില്‍ കൊല്ലപ്പെട്ടവരെ ഹിന്ദുക്കള്‍ ബലിദാനികളെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കോഴിക്കോട് ജില്ലയില്‍ രാഷ്ട്രീയം വര്‍ഗീയമാണ്. മാറാടിലെ പ്രശ്‌നം നാദാപുരം പോലെയാണ്. അവിടത്തെ തെങ്ങുകയറ്റ തൊഴിലാളികള്‍ ഈഴവരായിരുന്നല്ലോ. കാവും വിശ്വസവുമുള്ളവരുമാണ്. ശബരിമലക്കു പോകുന്നവരാണ്. അവര്‍ സി.പി.എമ്മില്‍ അണിനിരന്നു. പരമ്പരാഗത പ്രമാണികള്‍ മുസ്‌ലിംകളാണ്. മുസ്‌ലിംകള്‍ക്ക് ഗള്‍ഫ് പണം ലഭിച്ചു. അതുപയോഗിച്ച് അവര്‍ കൊട്ടാരങ്ങളില്‍ വാഴുന്നു. മറ്റുള്ളവര്‍ താഴെയാണ്. നാദാപുരത്ത് താഴെത്തലത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുമ്പോള്‍ അത് മുസ്‌ലിംവിരുദ്ധമായി വായിക്കപ്പെടുന്നു. മാറാടിലെയും സ്ഥിതി വ്യത്യസ്തമല്ല. നാദാപുരത്ത് സാമ്പത്തികമായിരുന്നെങ്കില്‍ മാറാടിലെ പ്രശ്‌നം സാമുദായികമാണ്. അവിടെ കുറേകൂടി സെന്‍സിറ്റീവായിരുന്നു. 2002ല്‍ പ്രശ്‌നങ്ങള്‍ ഏകപക്ഷീയമായിരുന്നില്ല. 2003ല്‍ ഏകപക്ഷീയമായിരുന്നു. മാറാട്ട് സി.പി.എമ്മിന് മുസ്‌ലിംകള്‍ക്കിടയിലാണ് സ്വാധീനമുണ്ടായിരുന്നത്. മറുഭാഗത്ത് ഹിന്ദു ഐഡന്റിറ്റിയുള്ള അരയസമാജം. എല്ലാ കലാപങ്ങള്‍ക്കു പിന്നിലും ഒഴിപ്പിക്കല്‍ അജണ്ടയുണ്ട്. 'എക്കണോമിക്ക് ജിഹാദാ'ണോയെന്നും സംശയിക്കണം. കോര്‍പറേറ്റുകള്‍ക്കും താല്‍പര്യം കാണാം. കുഞ്ഞാലിക്കുട്ടി കത്തിക്കയറിയ കാലമാണ് അത്. അവിടെ കള്ളക്കടത്ത് താവളങ്ങളുണ്ടാക്കുക എന്നതും കലാപത്തിന്റെ ലക്ഷ്യമായിരിക്കണം. അക്കാലത്ത് അത് പറഞ്ഞുകേട്ടിട്ടുണ്ട്. 2003ലേത് ജിഹാദി ആക്രമണമാണെന്ന് പറഞ്ഞാല്‍ തെറ്റല്ല. 393 പ്രതികളില്‍ 200 പേര്‍ ബി.ജെ.പിക്കാരാണ്. ലീഗ് 86 പേര്‍. സി.പി.എം 78. ലീഗും സി.പി.എമ്മും മുസ്‌ലിം സെന്റിമെന്റ്‌സ് പങ്കുവച്ചു. മുസ്‌ലിംലീഗിന് ആയുധങ്ങളിലും കലാപങ്ങളിലും താല്‍പര്യമില്ലെന്ന് പറയുന്നത് ശരിയല്ല. കേരളത്തിലെ പ്രധാന കലാപങ്ങളിലൊക്കെ എസ്.ഡി.പി.ഐ, എന്‍.ഡി.എഫ്, പോപുലര്‍ ഫ്രണ്ട് തുടങ്ങിയവരെ സംരക്ഷിക്കുന്നത് ലീഗുകാരാണ്. മാറാടിലെ കേസുകള്‍ പിന്‍വലിച്ചത് ലീഗ് മന്ത്രിമാരാണ്. ഇവരൊക്കെ രണ്ടാണെന്ന് വിചാരിക്കുന്നതില്‍ അപകടമുണ്ട്. ഇത്തരക്കാരുടെ സംരക്ഷണമേറ്റെടുക്കുന്നവരാണ് ലീഗ്. മതതീവ്രവാദികളുടെ കവചം അവര്‍ക്ക് ആവശ്യമുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണമുണ്ട്. എന്‍.ഐ.എയും വരും. ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കില്ലെന്ന് ലീഗ് പറയണം. പക്ഷേ, പറയുന്നില്ല. ആശയപരമായി ഇവരുടെ ഉള്ളിലും ഇതൊക്കെയുണ്ട്.
മാറാടും രണ്ടാം മാപ്പിള കലാപവും
എ.ബി.സി ചാനലില്‍ രാമചന്ദ്രന്റെ വാദമനുസരിച്ച് 65 കിലോമീറ്റര്‍ നീളമുള്ള തീരദേശമാണ് വിമോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായാണ് അദ്ദേഹം മലബാര്‍ കലാപവുമായി മാറാടിനെ ബന്ധപ്പെടുത്തുന്നത്. 1921ലെ വാരിയന്‍കുന്നന്റെ ശ്രമം മലബാര്‍ സ്വതന്ത്രമാക്കുകയായിരുന്നു. 'മലയാള രാജ്യം' എന്നാണ് അതിന്റെ പേരെന്ന് കെ.ടി ജലീലിനെപ്പോലുള്ളവര്‍ പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നും യഥാര്‍ഥത്തില്‍ അത് ഇസ്‌ലാമിക രാജ്യമുണ്ടാക്കലായിരുന്നുവെന്നുകൂടി രാമചന്ദ്രന്‍ പറഞ്ഞു.
മാറാട് സംഭവത്തെ ഇത്തരത്തില്‍ ബന്ധപ്പെടുത്തുന്ന ആദ്യത്തെ ആളല്ല രാമചന്ദ്രന്‍. 21 വര്‍ഷം മുമ്പ് അക്രമം നടന്ന് ഏഴു ദിവസത്തിനുള്ളില്‍ത്തന്നെ ഹിന്ദുത്വവാദിയായ റീഡിഫ് കോളമിസ്റ്റ് രാജീവ് ശ്രീനിവാസന്‍ ഇത്തരമൊരു ആഖ്യാനത്തിന് രൂപംകൊടുത്തിരുന്നു (Moplah Rebellion, Part II: Hindus massacred on Maraad Beach, റെഡിഫ് ഡോട്ട്‌കോം, 9 മെയ് 2003). മാറാട് സംഭവത്തെ 'രണ്ടാം മാപ്പിള കലാപ'മെന്നാണ് അദ്ദേഹം വിളിച്ചത്. വിദേശശക്തികളുടെ ഉള്‍പ്പെടല്‍ സംബന്ധിച്ച ആരോപണത്തെ തള്ളിക്കൊണ്ട് എഴുതിയ ലേഖനത്തില്‍ മലബാറിലെ 'മാപ്പിള അക്രമി'കള്‍ക്ക് ഹിന്ദുക്കള്‍ക്കെതിരേ കലാപമുണ്ടാക്കാനും കൂട്ടക്കുരുതി നടത്താനും കൂട്ടമതപരിവര്‍ത്തനം നടത്താനും 1947ലുണ്ടായ പാക്കിസ്താന്റെയോ മറ്റേതെങ്കിലും വിദേശശക്തിയുടെയോ സഹായം വേണ്ടെന്നും 1921ലെ ഒന്നാം മാപ്പിള കലാപം ഇതിനു തെളിവാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. വിദേശകരങ്ങളെ തള്ളുന്നതിന്റെ ഭാഗമായാണ് ഈ വിശദീകരണം അദ്ദേഹം നല്‍കിയത്. ഇതേ ലേഖനം ഗുരുതരമായ മറ്റുചില നിരീക്ഷണങ്ങളും മുന്നോട്ടുവയ്ക്കുന്നു. ടിപ്പുവിന്റെ ആക്രമണം, മുസ്‌ലിം സ്ത്രീകളില്‍ കണ്ടുവരുന്ന പര്‍ദയുടെ ഉപയോഗം, കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയില്‍ ഒരു കിലോമീറ്ററിനുള്ളില്‍ കണ്ട വിദേശസഹായം കൊണ്ട് പണിതീര്‍ത്ത അഞ്ച് മുസ്‌ലിം പള്ളികള്‍, കോവളം ടൂറിസ്റ്റ് കേന്ദ്രത്തിനരികില്‍ കണ്ട പള്ളി തുടങ്ങിയവയുമായും മാറാട് സംഭവത്തെ അദ്ദേഹം ബന്ധിപ്പിച്ചു (Moplah Rebellion, Part II: Hindus massacred on Maraad Beach, റെഡിഫ് ഡോട്ട്‌കോം, 9 മെയ് 2003).
ദേശീയപ്രശ്‌നം
സംഘ്പരിവാര സംഘങ്ങളും സഹയാത്രികരും കശ്മീര്‍ മോഡലായാണ് 2003ലെ മാറാട് ആക്രമണത്തെ കണ്ടത് (എം.ജി രാധാകൃഷ്ണന്റെ റിപ്പോര്‍ട്ട്, ഇന്ത്യ ടുഡേ, 19 മെയ് 2003). 'സംസ്ഥാനാനന്തര ബന്ധമുള്ള ആക്രമണ'മെന്നാണ് മാറാടിനെക്കുറിച്ച് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞത് ('മാറാട് മുതല്‍ മാറാട് വരെ' (വി.വി.എ ഷുക്കൂര്‍ (എഡിറ്റര്‍), ബ്രദര്‍ഹുഡ് ബുക്‌സ് 2003, പേജ് 30). 'കാശ്മീര് മോഡല്‍' ആക്രമണമാണെന്നും വിശേഷിപ്പിച്ചു (അതേ പുസ്തകം, പേജ് 29). രണ്ടാം മാറാടിനുശേഷം മാധ്യമങ്ങളില്‍ ഒരു റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടു. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മുസ്‌ലിം തീവ്രവാദികള്‍ക്ക് കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയുള്ളതായി തമിഴ്‌നാട് ഇന്റലിജന്‌സില്‍ നിന്ന് രഹസ്യവിവരമുണ്ടെന്നായിരുന്നു ആ വാര്‍ത്ത. മുഖ്യമന്ത്രി എ.കെ ആന്റണി അത് നിഷേധിച്ചു (മുകുന്ദന്‍ സി. മേനോന്‍, അതേ പുസ്തകം, പേജ് 56). ലഷ്‌കറെ ത്വയ്യിബയുടെ ഭാഗമാണെന്നു സംശയിക്കുന്ന ഒരാളെ മുംബൈയില്‍ അറസ്റ്റ് ചെയ്തപ്പോള്‍, കേരളത്തില്‍ ആക്രമണം നടത്താന്‍ അവര്‍ക്ക് പരിപാടിയുള്ളതായി മഹാരാഷ്ട്ര പൊലീസ് കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന മറ്റൊരു വാര്‍ത്തയും പുറത്തുവന്നു. അതും മുഖ്യമന്ത്രി നിഷേധിച്ചു (മുകുന്ദന്‍ സി. മേനോന്‍, അതേ പുസ്തകം, പേജ് 56).
വിവിധ വിവരണങ്ങള്‍: വര്‍ഗീയ സംഘര്‍ഷം, വര്‍ഗീയ കലാപം, ഭീകരാക്രമണം, ഭീകരത, വംശീയ ഉന്മൂലനം, ജിഹാദ് തുടങ്ങിയ പദാവലികളാണ് സംഘ്പരിവാറും പുരോഗമനകാരികളും പത്രപ്രവര്‍ത്തകരും മാറാടിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്. ഈ പദങ്ങളൊക്കെ ഓരോ സന്ദര്‍ഭത്തിലും ഉപയോഗിക്കുന്നതിന് നിയമപരമായും രാഷ്ട്രീയമായും ഭാഷാപരമായും പരിധികളും പരിമിതികളും ധാരാളമാണ്. ഒരു സംഘര്‍ഷത്തിന്റെയോ ആക്രമണസംഭവത്തിന്റെയോ ഉദേശ്യം, ഉള്ളടക്കം, ലക്ഷ്യം എന്നിവയൊക്കെ മുന്‍ നിര്‍ത്തിയാണ് ഇത്തരം വാക്കുകള്‍ വികസിക്കുന്നത്. ആശയ-പ്രയോഗ വൈവിധ്യമുള്ള വിവിധ വാക്കുകള്‍ രൂപപ്പെടുന്നതിന്റെ കാരണവുമതാണ്. എല്ലാ സംഘര്‍ഷവും ഒരു പോലെയായിരുന്നെങ്കില്‍ വ്യത്യസ്ത വാക്കുകള്‍ വേണ്ടിവരില്ലായിരുന്നു. എന്നാല്‍, ഒരു പ്രദേശത്ത് നടക്കുന്ന സംഘര്‍ഷത്തെ കേവലം സംഘര്‍ഷമാക്കുന്നതും കലാപമാക്കുന്നതും ഭീകരാക്രണമാക്കുന്നതും വംശീയ ഉന്മൂലനമാക്കുന്നതും തമ്മിലുള്ള വ്യത്യാസമൊന്നും മാറാടിനെ സംബന്ധിച്ച വിവരണങ്ങളില്‍ കാണുന്നില്ല. പോള്‍ ആര്‍ ബ്രാസ് എഴുതിയ The Production of Hindu Muslim Violence in India (2003, യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ പ്രസ്, പേജ് 65) എന്ന പുസ്തകം മൂന്നു രീതികളില്‍ ഹിന്ദു/മുസ്‌ലിം സംഘര്‍ഷത്തെ അളക്കുന്നുണ്ട്- ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങള്‍, പൊലീസ് ആക്രമണങ്ങള്‍, ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇവയാണത്. ഒരു കലാപം നടന്നാല്‍ അതിന്റെ ഉള്ളടക്കം തന്നെ ഈ രീതിയില്‍ സവിശേഷമായി മനസ്സിലാക്കേണ്ടതുണ്ട്. ആക്രമണ സംഭവത്തിന്റെ ഉദേശ്യമോ ലക്ഷ്യമോ അല്ല ഉള്ളടക്കമാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്. കലാപം മാത്രമല്ല, ഭീകരത, വംശഹത്യ തുടങ്ങിയ സാങ്കേതിക പദങ്ങളും ഈ അര്‍ഥത്തില്‍ നിര്‍വചിക്കുകയും മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
വിവരണങ്ങളുടെ ചരിത്രം: രണ്ടു പുസ്തകങ്ങള്‍
മാറാട് സംഭവത്തെക്കുറിച്ച് പുറത്തിറക്കിയ ആസാദ് എഡിറ്റ് ചെയ്ത 'മാറാട്: സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല' (ജൂണ്‍ 2003, സെക്കുലര്‍ ബുക്‌സ്) എന്ന കൃതിയുടെ ഉപശീര്‍ഷകം 'ഹിന്ദുത്വ-ഇസ്‌ലാമിക ഭീകരതകള്‍ കൈകോര്‍ക്കുമ്പോള്‍' എന്നായിരുന്നു. വി.വി.എ ഷുക്കൂര്‍ എഡിറ്റ് ചെയ്ത 'മാറാട് മുതല്‍ മാറാട് വരെ' (ബ്രദര്‍ഹുഡ് ബുക്‌സ്, 2003, ജൂലൈ) എന്ന പുസ്തകം സംഘ്പരിവാര്‍, ഇടതുപക്ഷം, മുസ്‌ലിം ന്യൂനപക്ഷം തുടങ്ങിയവരുടെ നിലപാടുകളെ ഒരുപോലെ അണിനിരത്തുന്നു. ഷുക്കൂര്‍ അദ്ദേഹത്തിന്റെ എഡിറ്റോറിയല്‍ കുറിപ്പില്‍ പുസ്തകത്തെ 'വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും സമാഹാര'മെന്നാണ് വിശേഷിപ്പിക്കുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പുസ്തകം വിഭാവന ചെയ്തതെങ്കില്‍ സംഘര്‍ഷത്തിന്റെ കാരണങ്ങളും ഫലങ്ങളും അന്വേഷിക്കുകയാണ് ആസാദിന്റെ സമാഹാരം.
ഈ രണ്ടു പുസ്തകങ്ങളുടെയും ഭാഷയും വിശകലനങ്ങളും മാത്രമാണ് ഈ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നതെന്ന് ഓര്‍ക്കുക. ഇതിലേറെ വിപുലമാണ് ഈ വിഷയത്തിലുള്ള രേഖകള്‍. എങ്കിലും കേരളത്തില്‍ രണ്ടാം മാറാട് ആക്രമണം നടന്നയുടനെ സാധ്യമായ പൊതുചര്‍ച്ചകളുടെ സ്വഭാവം മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ സഹായിക്കുമെന്ന് കരുതുന്നു. കാരണം, ആസാദ് എഡിറ്റ് ചെയ്ത പുസ്തകം ആക്രമണം നടന്ന് ഒരു മാസത്തിനകവും (2003 ജൂണ്‍) വി.വി.എ ഷുക്കൂര്‍ എഡിറ്റ് ചെയ്ത പുസ്തകം രണ്ടു മാസത്തിനകവും (2003 ജൂലൈ) പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
വര്‍ഗീയകലാപം: നിഷ്ഫലമായ പ്രയോഗം
രണ്ടു സാമൂഹിക/സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീയകലാപം എന്നാണ് വിളിക്കാറുള്ളത്. പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഗവേഷകരുമൊക്കെ ഈ രീതിയിലാണ് ഇത്തരം സംഘര്‍ഷങ്ങളെ ഭാഷയില്‍ അടയാളപ്പെടുത്താറുള്ളത്. സാമാന്യമായ ഒരു വിശകലനോപാധി എന്ന നിലയിലുള്ള അതിന്റെ പരിമിതികളും സാധ്യതകളും മറ്റൊരു ചര്‍ച്ചയാണ്. എങ്കിലും മാറാട് നടന്ന സംഘര്‍ഷങ്ങളുടെയും ആക്രമണങ്ങളുടെയും 'പേരിടല്‍്' പതിവ് വിവരണങ്ങളില്‍ നിന്നു വേറിട്ടുനിന്നു. അതിന്റെ കാരണം കെ.എന്‍ പണിക്കര്‍ തന്നെ വിശദീകരിക്കുന്നു: ''സ്വാഭാവികമായി പൊട്ടിപ്പുറപ്പെടുന്ന, ഇരു സമുദായങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന നമുക്കു പരിചിതമായ തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷമല്ല [2003] മെയ് 2ന് മാറാട് ഉണ്ടായത്. അങ്ങേയറ്റം ആസൂത്രിതമായി സായുധരായ ഒരു സംഘം മിന്നല്‍ വേഗത്തില്‍ നടത്തിയ, പൊലീസ് കരുതുന്നതുപോലെയാണെങ്കില്‍ പതിനഞ്ചു മിനിറ്റിനുള്ളില്‍ നടത്തിയ ഒരാക്രമണമാണ് അത് (കെ.എന്‍ പണിക്കര്‍, പേജ് 24, (ആസാദ് (എഡിറ്റര്‍), 'മാറാട്: സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല: 'ഹിന്ദുത്വ-ഇസ്‌ലാമിക ഭീകരതകള്‍ കൈകോര്‍ക്കുമ്പോള്‍'' (2003, സെക്കുലര്‍ ബുക്‌സ്) (ഇനി മുതല്‍ 'പുസ്തകം 1' എന്നു ചരുക്കി പറയുന്നു). പണിക്കര്‍ 2002ലെ മാറാടിനെ ഒരു വര്‍ഗീയ കലാപമായി നിര്‍വചിക്കുമ്പോള്‍ 2003ലെ മാറാട് സംഭവം ഒരു ആസൂത്രിത സായുധ സംഘത്തിന്റെ ആക്രമണമായി കാണുന്നു.
'വര്‍ഗീയ കലാപം' അല്ലെങ്കില്‍ പിന്നെ എന്താണ് രണ്ടാം മാറാട് നടന്ന അക്രമസംഭവത്തിന്റെ പേര്? ഹമീദ് ചേന്നമഗലൂര്‍ രണ്ടാം മാറാടിന് 'സാമുദായികഹത്യ', 'തീവ്രവാദം' എന്നീ പേരുകള്‍ നല്‍കി: ''ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ഉന്നംവെച്ച്, അതിസൂക്ഷ്മമായി ആസൂത്രണം ചെയ്തു നടത്തിയ നരഹത്യയാണ് മെയ് 2ന് മാറാട് കടപ്പുറത്ത് നടന്നത്. അത് ഒരു വര്‍ഗീയ കലാപമായിരുന്നില്ല. തികച്ചും ഏകപക്ഷീയമായ സാമുദായികഹത്യയായിരുന്നു അത്. ആരാധനാലയത്തെ ആയുധപ്പുരയും അക്രമിസംഘത്തിന്റെ ഒളിത്താവളവുമാക്കി നടത്തിയ ഈ 'ബ്ലിറ്റ്‌സീഗ്', കേരളത്തില്‍ മതാത്മക രണോത്സുകതയും തീവ്രവാദവും ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നതിന്റെ അനിഷേധ്യ സൂചകമാണ്'' (ഹമീദ് ചേന്ദമംഗല്ലൂര്‍, പുസ്തകം ഒന്ന്, പേജ് 27). അതിസൂക്ഷ്മമായ ആസൂത്രണമാണ് രണ്ടാം മാറാടിനെ വര്‍ഗീയകലാപത്തില്‍ നിന്നു വ്യത്യസ്തമാക്കുന്ന സവിശേഷത. കെ.എന്‍ പണിക്കര്‍ക്കും 'ആസൂത്രണ'മാണ് രണ്ടാം മാറാടിനെ വ്യത്യസ്തമാക്കുന്ന ഘടകം.
ആസൂത്രണവും പൊലീസ് നിലപാടും
കെ.എന്‍ പണിക്കരുടെ വാദം ഭാഗികമായി മാത്രമേ ശരിയുള്ളൂ. 2003ല്‍ മാറാട് നടന്നത് ഒരു വര്‍ഗീയ കലാപമല്ലെന്ന് അന്നത്തെ ഡി.ജി.പി കെ.ജെ ജോസഫും കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐ.ജി മഹേഷ്‌കുമാര്‍ സിംഗ്ലയും വ്യക്തമാക്കിയിരുന്നു. (കെ.എം ബഹാവുദ്ദീന്‍, വി.വി.എ ഷുക്കൂര്‍ (എഡിറ്റര്‍) 'മാറാട് മുതല്‍ മാറാട് വരെ' (ബ്രദര്‍ഹുഡ് ബുക്‌സ് 2003), പേജ് 81 (ഇനി മുതല്‍ 'പുസ്തകം 2' എന്നു ചരുക്കി പറയുന്നു). എന്നാല്‍, കെ.എന്‍ പണിക്കരുടെ വാദത്തിന്റെ ആവര്‍ത്തനമല്ല അത്. മാറാട് സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം മാറാടിന് ചുറ്റുവട്ടത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണെന്നും സംസ്ഥാനത്തിന് പുറമെനിന്ന് ഇതുമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നുംകൂടി സിംഗ്ല പറഞ്ഞിരുന്നു (കെ.എം ബഹാവുദ്ദീന്‍, പുസ്തകം രണ്ട്, പേജ് 81).
ആസൂത്രണവും വ്യക്തി ഉത്തരവാദിത്തവും (വ്യക്തിയുത്തരവാദിത്വവും)
വ്യക്തികളുടെ നേതൃത്വത്തില്‍ നടന്ന ആസൂത്രണമുള്ള കൂട്ടക്കൊലയെന്ന സമീപനമുള്ളവരും അക്കാലത്തുണ്ടായിരുന്നു. മാറാട് നടന്ന രണ്ടാമത്തെ ആക്രമണം ആസൂത്രണം ഉണ്ടെങ്കിലും ഒരു കൂട്ടക്കൊലയാണെന്ന നിഗമനമാണ് കെ.എം ബഹാവുദ്ദീന്റേത് (പുസ്തകം 2, പേജ് 81). മറ്റൊന്ന് മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന മുകുന്ദന്‍ സി. മേനോന്റേതാണ്. അദ്ദേഹം രണ്ടാം മാറാടിനെ 'റിവഞ്ച് കില്ലിങ്' എന്നാണ് വിശേഷിപ്പിച്ചത്- 2002ല്‍ കൊല്ലപ്പെട്ട അബൂബക്കറിന്റെ ബന്ധുമിത്രാദികള്‍ ആസൂത്രണം ചെയ്ത റിവഞ്ച് കില്ലിങ് (പുസ്തകം 2, പേജ് 50). ബന്ധുമിത്രാദികളുടെ പ്രതികാരക്കൊല എന്ന നിഗമനം പി. കോയയും പങ്കുവയ്ക്കുന്നു: ''ആക്രമണത്തിന് പിന്നില്‍ കഴിഞ്ഞ വര്‍ഷം കൊലചെയ്യപ്പെട്ട അബൂബക്കറിന്റെ ബന്ധുക്കളുടെ നീറിപ്പുകഞ്ഞ പ്രതികാരമാണ് മുഖ്യമായും പ്രവര്‍ത്തിച്ചത്. അനുപാതരഹിതമായ തിരിച്ചടിയായതുകൊണ്ട് രാഷ്ട്രീയമായി ന്യായീകരിക്കാനാവാത്ത ദുരന്തമായി അത് വേറിട്ടു നില്‍ക്കുന്നു (പുസ്തകം 2, പേജ് 68).
ആസൂത്രണമുണ്ടെങ്കിലും ചില ഒറ്റപ്പെട്ട വ്യക്തികളുടെ പ്രവര്‍ത്തനമായി 'രണ്ടാം മാറാടിനെ' കെ.എം റോയ് വിശദീകരിക്കുന്നു: ''ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമായി നിന്നു വന്ന ഏതാനും മുസ്‌ലിം മതഭ്രാന്തന്‍മാരാണ് ഹിന്ദുക്കളായ എട്ടുപേരെ അവിടെ വെട്ടിക്കൊന്നത്'' (പുസ്തകം 2, പേജ് 41). 'സാമുദായിക വിരോധത്തിന്റെ അന്ധത ബാധിച്ച ചില മുസ്‌ലിം നാമധാരികള്‍ ചെയ്ത ക്രൂരതയെന്ന്' എ. സജീവന്‍ എഴുതി (പുസ്തകം 2, പേജ് 17). കൂട്ടക്കൊല ചെയ്ത വ്യക്തികളുടെ സ്വഭാവം 'മതഭ്രാന്ത്' ആയി കെ.എം റോയ് തിരിച്ചറിയുമ്പോള്‍ എ. സജീവന് അത് 'സാമുദായിക വിരോധ'മായിരുന്നു.
മുസ്‌ലിം വ്യക്തികള്‍ നടത്തിയ കൂട്ടക്കൊലയാണെന്ന പക്ഷക്കാരനാണ് ഒ. അബ്ദുറഹ്മാന്‍. ''അക്ഷമരും അവിവേകികളും വികാരജീവികളുമായ ഒരു ന്യൂനപക്ഷം 'ചോരക്ക് പകരം ചോര' എന്ന അപകടകരമായ ഉത്തേജകമരുന്നിലൂടെ ഹിന്ദുത്വവാദികളുടെ കൈകളില്‍ ആയുധം നല്‍കുകയാണ്. എന്തൊക്കെ പറഞ്ഞാലും മാറാട് സംഭവത്തിന്റെ രൂക്ഷതയില്‍ ഈ ഘടകം അതിന്റേതായ പങ്ക് വഹിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാവില്ലെ''ന്നാണ് അദ്ദേഹം പറയുന്നത്,'' (പുസ്തകം 2, പേജ് 37).
ആസൂത്രണവും ബാഹ്യശക്തികളും
മറ്റൊരു വിഭാഗം, ആസൂത്രണത്തിന് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന പ്രചാരണം നടത്തിയിരുന്നു. അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി സ്വാമി രണ്ടാം മാറാടിന് പിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയാണെന്ന നിഗമനം പങ്കുവെച്ചു (ഇന്ത്യ ടുഡേ, 19 മെയ് 2003). വി.ആര്‍ കൃഷ്ണയ്യര്‍ ഒന്നാം മാറാടില്‍ തന്നെ ബാഹ്യശക്തികളുടെ പിന്തുണ ദര്‍ശിച്ചു: 'അക്രമം നടന്ന രീതി, ഈ കുറ്റകൃത്യത്തില്‍ ബാഹ്യശക്തികളുടെ പ്രേരണയുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു'' (പുസ്തകം 2, പേജ് 19). എന്നാല്‍, രണ്ടാം മാറാട് ഒരു 'ഗ്ലോബല്‍്' ഗൂഢാലോചനയാണെന്നു സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചു: ''ഇരുപതാം നൂറ്റാണ്ടില്‍ ഗ്ലോബല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉഗ്രമായ ഈ ആസുരപ്രതിഭാസത്തെ കേരള ഗവണ്‍മെന്റ് കണ്ടത് വെറും നിയമസമാധാനപ്രശ്‌നമെന്ന നിലയ്ക്കാണ്'' (പുസ്തകം 1, പേജ് 13). പൊലീസ് വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് സാമൂഹ്യ/രാഷ്ട്രീയ വിശകലനമാണ് ആഗോള (ഗ്ലോബല്‍) അജണ്ടകളുടെ ഭാഗമാണെന്ന നിഗമനത്തിലേക്ക് അഴീക്കോടിനെ എത്തിക്കുന്നത്. 2003 മെയ് രണ്ടിന് നടന്ന മാറാട് ആക്രമണത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ വിദേശനിര്‍മിതമായിരുന്നെന്നാണ് വേദവ്യാസ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന ശ്രീനിവാസന്‍ ഒരു മാധ്യപ്രവര്‍ത്തകനോട് അവകാശപ്പെട്ടത്. (എ. സജീവന്‍, പുസ്തകം 2, പേജ് 16).
ആസൂത്രണവും സംഘാടനവും
മറ്റൊന്ന്, രണ്ടാം മാറാട് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അതിനു പിന്നില്‍ എന്‍.ഡി.എഫാണെന്നുമുള്ള ആഖ്യാനമാണ്. വിവിധ മതേതര/ദേശീയ രാഷ്ട്രീയ കക്ഷികളുടെ അണികളാണ് പ്രതികളില്‍ ഭൂരിഭാഗമെങ്കിലും എന്‍.ഡി.എഫാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് പലരും ആവര്‍ത്തിച്ചു. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും സമാനമായ പ്രസ്താവനയിറക്കി (എം.ജി രാധാകൃഷ്ണന്റെ റിപ്പോര്‍ട്ട്, ഇന്ത്യ ടുഡേ, 19 മെയ് 2003). എന്നാല്‍, എന്‍.ഡി.എഫ് ചെയര്‍മാന്‍ എ സഈദ് സംഘടനയുടെ പങ്കാളിത്തം നിഷേധിച്ചു (എം.ജി രാധാകൃഷ്ണന്റെ റിപ്പോര്‍ട്ട്, ഇന്ത്യ ടുഡേ, 19 മെയ് 2003). സി.പി.എമ്മും ആര്‍.എസ്.എസ്സും നടത്തുന്ന ആരോപണം മാത്രമാണിതെന്നും പറഞ്ഞു.
ഹമീദ് ചേന്നമംഗലൂര്‍ എന്‍.എഡി.എഫിനെ 2003ലെ മാറാട് ആക്രമണത്തിനു പുറകിലുള്ള ശക്തിയായി കണ്ടെങ്കിലും പറയുന്ന കാര്യത്തിന്‍ തെളിവുകളില്ലെന്ന് സൂചിപ്പിക്കുന്നു: ''മാറാട് ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ച മസ്തിഷ്‌ക ബാഹുക്കളെക്കുറിച്ച് ഖണ്ഡിതമായി ഒന്നും പറയാന്‍ ഇപ്പോള്‍ വയ്യെങ്കിലും, സാഹചര്യ തെളിവുകള്‍ വെച്ച് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും സാമൂഹിക-രാഷ്ട്രീയ നിരീക്ഷകരും വിരല്‍ ചൂണ്ടുന്നത് എന്‍.ഡി.എഫ് എന്ന ''നേഷണല്‍ ഡെവലപ്‌മെന്റ് ഫ്രന്‍ഡിലേക്കാണ്.''(ഹമീദ് ചേന്ദമംഗല്ലൂര്‍, പുസ്തകം 1, പേജ് 27). അറസ്റ്റ് ചെയ്യപ്പെട്ടത് ലീഗുകാരാണെങ്കിലും അവരില്‍ എന്‍.ഡി.എഫ് സ്വാധീനം ആരോപിക്കുകയാണ് അദ്ദേഹം.
കെ.എസ് ഹരിഹരനും ഉമേഷ്ബാബുവിനും സംശയങ്ങള്‍ തീരെയില്ലായിരുന്നു: ''കേരളത്തിലെ മുസ്‌ലിം തീവ്രവാദസംഘടനകളില്‍ താരതമ്യേന പ്രായം കുറഞ്ഞ എന്‍.ഡി.എഫ് ഇതിനകം നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണ് മെയ് രണ്ടിന്റെ മാറാട് കടപ്പുറത്തെ കൂട്ടക്കുരുതി'' എന്നാണ് ഹരിഹരന്‍ എഴുതിയത് (പുസ്തകം 1, പേജ് 47). ഉമേഷ്ബാബുവും സമാന നിലപ്പാടെടുത്തു: ''മാറാട് കടപ്പുറത്ത് ഓര്‍ക്കാപ്പുറത്ത് ഒരു വൈകുന്നേരം ഒരു കൂട്ടക്കൊല സംഘടിപ്പിക്കുകയും ചോരപുരണ്ടതും അല്ലാത്തതുമായ ആയുധങ്ങളെല്ലാം ഭദ്രമായി മാറാട്ടെ പള്ളിയില്‍ തന്നെ കൊണ്ടുവച്ചതിനുശേഷം ഉടനെ നടക്കാനിടയുള്ള രൂക്ഷമായ വര്‍ഗീയ കലാപത്തിന്റെ ചോരക്കളിയ്ക്കുവേണ്ടി സായുധമായി കാത്തിരിക്കുകയും ചെയ്ത എന്‍.ഡി.എഫ് എന്ന സംഘടന. അതിന്റെ നേതാക്കന്മാരും ധൈഷണിക പിണിയാളുകളും അവകാശപ്പെടുന്നതുപോലെ ഇരകളുടെ ഒരു പ്രസ്ഥാനമാണോ എന്നന്വേഷിക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങള്‍ പലതുണ്ട് (ഉമേഷ്ബാബു കെ.സി, പുസ്തകം1, പേജ് 42). എന്നാല്‍, ഈ വാദങ്ങള്‍ക്ക് ആവശ്യമായ തെളിവുകളൊന്നും ഇരുവരും ഹാജരാക്കുന്നില്ല.
എന്‍.ഡിഎഫ് നേതാവായിരുന്ന പി. കോയ ഈ ആരോപണങ്ങള്‍ നിഷേധിച്ചു: ''കേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലരും എന്‍.ഡി.എഫുമായി ബന്ധമില്ലാത്തവരും താരതമ്യേന ഉദാരമായ അതിന്റെ സംസ്‌കാരവുമായി തീരെ പൊരുത്തപ്പെടാത്തതിനാല്‍ അതിന്റെ ശത്രുക്കളായവരുമാണ്.'' (പി. കോയ, പുസ്തകം 2, പേജ് 69). എന്നാല്‍, എ.പി അഹമ്മദ് ഈ പ്രസ്താവന തള്ളി. ''കുറ്റകൃത്യങ്ങള്‍ ഓരോന്നും നടന്ന ഉടനെ എന്‍.ഡി.എഫ് നേതൃത്വം സ്ഥിരമായി ഇത്തരം പ്രസ്താവനകള്‍ ഇറക്കാറുണ്ടെന്ന് അദ്ദേഹം എഴുതി: ''പ്രതികള്‍ ഞങ്ങളാണെന്ന് തെളിഞ്ഞാല്‍ ഞങ്ങള്‍ അവരെ പുറത്താക്കും. ഇപ്പോള്‍ മാറാട്ടും ഇതേ പ്രസ്താവനയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. (എ.പി അഹമ്മദ്, പുസ്തകം 1, പേജ് 55). എന്നാല്‍, വസ്തുതാപരമായ തെളിവുകള്‍ ഒന്നും ഇല്ലാതെയാണ് എന്‍.ഡി.എഫിന്റെ പ്രസ്താവനയെ അഹമ്മദും നിഷേധിക്കുന്നത്.
ആസൂത്രണവും പ്രത്യയശാസ്ത്രവും
മറ്റൊരു നിലപാട് ഇങ്ങനെയാണ്: രണ്ടാം മാറാട് നടന്നത് ഒരു വര്‍ഗീയ കലാപമല്ല. ആസൂത്രിത സ്വഭാവമുള്ള കൂട്ടക്കൊലയുടെ പ്രത്യശാസ്ത്രമാണ് രണ്ടാം മാറാടിന്റെ അടിസ്ഥാന പ്രശ്‌നം. 'ആസൂത്രണം' എന്ന രൂപകം ഉപയോഗിച്ചു കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെക്കുറിച്ചും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്‌ലാമിക രാഷ്ട്രീയം തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന സാമൂഹിക/രാഷ്ട്രീയ പ്രതിഭാസങ്ങളെക്കുറിച്ചും അത്തരമൊരു പ്രതിഭാസത്തിന്റെ ആഗോള/ദേശീയ/പ്രാദേശിക ബന്ധങ്ങളെക്കുറിച്ചും ഒരു വിശാല ഇടതുപക്ഷ പ്രത്യയശാസ്ത്രപരമായ വിശദീകരണം നല്‍കാനായിരുന്നു ആസാദ് എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ ശ്രമം. അതിനുവേണ്ടിയാണ് 'വര്‍ഗീയകലാപം' എന്ന ഫ്രെയിമില്‍ നിന്നു വേറിട്ടു പോകാന്‍ ശ്രമിച്ചത്. അതിനാല്‍ത്തന്നെ പൊലീസ് നല്‍കിയ പോലെ ഒരു 'കൂട്ടക്കൊല' എന്ന അനുമാനവും അസ്വീകാര്യമായി. പുതിയൊരു പ്രത്യയശാസ്ത്രഭാഷ നിര്‍മിക്കുകയായിരുന്നു 'ആസൂത്രണം' എന്ന രൂപകത്തിന് ചെയ്യാനുണ്ടായിരുന്നത്. ഈ പ്രത്യയശാസ്ത്ര വായനയുടെ സ്വഭാവം ഇതാണ്: വസ്തുതാപരമായി നോക്കിയാല്‍ മുസ്‌ലിം ലീഗുകാരാണ് പ്രതികളില്‍ ഭൂരിഭാഗവും. എന്നാല്‍, ലീഗിന്റെ പങ്കാളിത്തം ഒരു വ്യത്യസ്തമായ ഇസ്‌ലാമിക പ്രത്യയശാസ്ത്രപരിസരത്തെയും (ജമാഅത്തെ ഇസ്‌ലാമി) മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെയും (എന്‍.ഡി.എഫ്) അധോതലത്തില്‍ ഉള്‍വഹിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പ്രതികളോ സംഭവം നടന്ന മാറാട് അവര്‍ക്ക് യൂണിറ്റോ സ്വാധീനമോ പ്രവര്‍ത്തകരോ ഇല്ലായിരുന്നു.
പ്രത്യയശാസ്ത്ര വിശകലനം
ആര്‍.എസ്.എസ്സിനെ യാതൊരു സംശയവുമില്ലാതെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കുന്ന ആസാദിന്റെ പുസ്തകം പക്ഷേ, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തെ എവിടെ പ്രതിഷ്ഠിക്കണമെന്ന കാര്യത്തില്‍ പുതിയ ചില വ്യാഖ്യാനങ്ങളിലൂടെ കടന്നുപോയി. മാറാട് നടന്ന സംഭവങ്ങളെ അതിനാല്‍ തന്നെ വസ്തുതകളെയും പ്രാദേശിക അനുഭവങ്ങളെയും കടന്നുള്ള പുതിയൊരു ഇടതുപക്ഷ വ്യവഹാര നിര്‍മിതിയുടെ അരങ്ങാക്കി മാറ്റി. മുസ്‌ലിം സംഘടനകള്‍ എന്തു ചെയ്തു, പ്രവര്‍ത്തിച്ചു, പറഞ്ഞു എന്നതിനെക്കാള്‍ വ്യാഖ്യാനത്തിന്റെ ശക്തിയിലൂടെ മുസ്‌ലിംകളെ നിയന്ത്രിക്കുന്ന പ്രചാരണസ്വഭാവം ഈ പുസ്തകത്തിലെ മിക്കവാറും ലേഖനങ്ങള്‍ക്കുണ്ടായിരുന്നു.
ഫാസിസ്റ്റുകളും മുസ്‌ലിം ന്യൂനപക്ഷ സംഘടനകളും വ്യത്യസ്തമാണെങ്കിലും അവ പരസ്പരം അറിഞ്ഞോ അറിയാതെയോ സഹായിക്കുന്നുവെന്ന വാദം നിരന്തരം ആവര്‍ത്തിച്ചു. മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനം ഫാസിസ്റ്റുകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും അത് മുസ്‌ലിം ബഹുജനങ്ങളെ കൂടുതല്‍ അപകടത്തില്‍പ്പെടുമെന്നും വിമര്‍ശിച്ചു. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്‌ലിംകളും ഇടതുപക്ഷവും സഹകരിക്കണമെന്ന വേറിട്ട ഇടതുപക്ഷവാദത്തെയും തള്ളി. മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന്റെ ആന്തരിക വൈവിധ്യങ്ങളെ ഒട്ടും പരിഗണിക്കാതെയാണ് ഈ വിശകലനങ്ങള്‍ വികസിച്ചത്. ജാതി/മത/ലിംഗ സ്വത്വ രാഷ്ട്രീയം ആഗോളവത്കരണത്തിന്റെ ഉല്‍പന്നമാണെന്നും അതിനാല്‍ത്തന്നെ മൂലധന വിമര്‍ശനത്തെ മറക്കുന്ന പുതിയ സ്വത്വസംഘര്‍ഷങ്ങളുടെ ഭാഗമായി മാറാട് ആക്രമണത്തെ വായിക്കണമെന്നും അവര് കരുതിയിരുന്നു. ആഗോളതലം മുതല്‍ കേരളം വരെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനും മൂലധനവിരുദ്ധ പോരാട്ടത്തെ തളര്‍ത്താനുമുള്ള സാമ്രാജ്യത്വ - ഫാസിസ്റ്റ് കൂട്ടുകെട്ടിന്റെ മറ്റൊരു പദ്ധതിയായി മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ ചിത്രീകരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, പി.ഡി.പി, എന്‍.ഡി.എഫ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളെയാണ് വിവിധ ലേഖനങ്ങളില്‍ നേരിട്ടും അല്ലാതെയും ആര്‍.എസ്.എസ്സിനെ സഹായിക്കുന്ന ഇടപെടല്‍ നടത്തുന്നവരായി ചിത്രീകരിച്ചത്. മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന് അവര്‍ സ്വയം നല്‍കുന്ന വിശദീകരണങ്ങളോ പ്രായോഗിക വ്യാഖ്യാനങ്ങളോ മുസ്‌ലിം സംഘടനാ വൈവിധ്യങ്ങളോ സ്വതന്ത്രമായി പരിശോധിക്കാനോ വിലയിരുത്താനോ തയ്യാറാകാതെയാണ് ഈ വ്യാഖ്യാനങ്ങള്‍ വികസിച്ചത്. അതിനായി മാറാട് നടന്ന സംഘര്‍ഷത്തിന്റെ കാരണങ്ങളെയും കര്‍ത്താക്കളെയും പുതുക്കി നിശ്ചയിക്കാനും ശ്രമിച്ചു. സംഘര്‍ഷത്തിലും ആക്രമണത്തിലും സി.പി.എമ്മുകാര്‍ പല രീതിയില്‍ ഉള്‍പ്പെട്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് പ്രചാരണ സ്വഭാവമുള്ള ചര്‍ച്ച വികസിച്ചത്.
തീവ്രവാദം: പ്രത്യയശാസ്ത്ര പ്രയോഗം
2002ല്‍ മാറാട് നടന്ന നിസ്സാര സംഭവം വര്‍ഗീയ കലാപമായി മാറുകയായിരുന്നുവെന്നാണ് ആസാദിന്റെ എഡിറ്റോറിയല്‍ എടുത്ത പൊതുനിലപാട്. ഈ പുസ്തകത്തില്‍ ആസാദ് 2003ല്‍ നടന്ന 'കൂട്ടക്കൊല'യെ ഇസ്‌ലാമിക തീവ്രവാദമായി വിശേഷിപ്പിക്കുന്നു: ''ഫാസിസത്തിനെതിരെ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ സജ്ജരായിരിക്കുന്നു' എന്ന ഇസ്‌ലാമിക തീവ്രവാദികളുടെ പ്രഖ്യാപനമോ മുന്നറിയിപ്പോ ആയി മാറാടു കൂട്ടക്കൊലയെ കാണുന്നവരുണ്ടാകാം'' (ആസാദ്, പുസ്തകം 1, പേജ് 9). എന്നാല്‍, എം.എന്‍ വിജയന്‍ 'ഇസ്‌ലാമികം' എന്ന പദമില്ലാതെയാണ് തീവ്രവാദം വിശദീകരിക്കുന്നത്. അദ്ദേഹത്തിന് അത് 'മുസ്‌ലിം തീവ്രവാദി'കളുടെ അബദ്ധമായിരുന്നു: ''മാറാട് നടന്ന ഏകപക്ഷീയമായ കൂട്ടക്കൊല കേരളത്തിലെ മുസ്‌ലിം തീവ്രവാദികള്‍ ആലോചിച്ചു ചെയ്ത ഒരബദ്ധമാണ്''(എം.എന്‍ വിജയന്‍, പുസ്തകം 1, പേജ് 16). 'ഇസ്‌ലാമികം', 'മുസ്‌ലിം' തുടങ്ങിയ പദങ്ങളും പ്രത്യേകം വിശദീകരണം ആവശ്യമില്ലാതെ കടന്നുവരുന്ന സാഹചര്യമിതാണ്. പിണറായി വിജയനും എം.എന്‍ വിജയനെപ്പോലെ മുസ്‌ലിം മതതീവ്രവാദികളുടെ പ്രവര്‍ത്തനമായി അത് വിശദീകരിച്ചെങ്കിലും എം.എന്‍ വിജയനില്‍ നിന്നു വ്യത്യസ്തമായി ഒരു 'ആസൂത്രണം' ഉണ്ടെന്ന പക്ഷക്കാരനായിരുന്നു: 'മുസ്‌ലിം മതതീവ്രവാദികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായ തയ്യാറെടുപ്പോടെ നടത്തിയതാണ് മാറാട് കൂട്ടക്കൊല (പിണറായി വിജയന്‍, പുസ്തകം 1, പേജ് 18). ഒന്നാം മാറാട് സംഭവത്തില്‍ 78 സി.പി.എമ്മുകാര്‍ക്കെതിരേ കള്ളക്കേസെടുത്തിരുന്നുവെന്നും അദ്ദേഹത്തിന് പരാതിയുണ്ട് (പിണറായി വിജയന്‍, പുസ്തകം 1, പേജ് 19).
ടി.കെ രാമചന്ദ്രന്‍ ന്യൂനപക്ഷ തീവ്രവാദികളാണ് (ഇസ്‌ലാം, മുസ്‌ലിം, മുസ്‌ലിം മതം, എന്നിവയല്ല) 2003ലെ മാറാട് ആക്രമണത്തിനു പുറകിലെന്നു പറയുന്നു: ''ഹിന്ദുരാഷ്ട്ര നിര്‍മിതിയുടെ ഭാഗമായ ഒരു താവളപ്രദേശമായി മാറാടിനെ മാറ്റിയത് ഒരുപിടി ന്യൂനപക്ഷ തീവ്രവാദികളുടെ ഭ്രാന്തന്‍ പ്രവൃത്തികളാണ്. കൂട്ടത്തില്‍ ഒസാമ ബിന്‍ലാദന്‍ ചെഗുവേരയാണെന്നും, സദ്ദാം ഹുസൈന്‍ എന്ന പഴയ സി.ഐ.എ ചാരന്‍ ഹോചിമിന്‍ ആവുമെന്നും അങ്ങനെ 70കളിലെ അതിവിപ്ലവ സ്വപ്‌നങ്ങള്‍ പൂത്തുലയുമെന്നും കിനാവു കാണുന്ന ചിലര്‍ ലോപമില്ലാതെ ഇവര്‍ക്കു പകര്‍ന്നു നല്‍കിയ പ്രത്യയശാസ്ത്ര മിഥ്യകളും. ന്യൂനപക്ഷ സംരക്ഷണം തങ്ങളുടെ അട്ടിപ്പേറാണ് എന്ന് അഹങ്കരിക്കുന്ന തീവ്രവാദി വിഭാഗങ്ങള്‍ നടത്തിയ നികൃഷ്ടവും പൈശാചികവുമായ കൂട്ടക്കൊല, ഫലത്തില്‍ മാറാട് പ്രദേശത്തെ സംഘ്പരിവാരത്തിന്റെയും പോലീസിന്റെയും കൈകളിലേയ്ക്ക് ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നു'' (ടി.കെ രാമചന്ദ്രന്‍, പുസ്തകം 1, പേജ് 34). 2002ലെ ഗുജറാത്ത് വംശഹത്യക്കും 2003ലെ ഇറാഖ് അധിനിവേശത്തിനും എതിരേ മുസ്ലിം സാമൂഹിക/രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം നിന്ന ഇടതുപക്ഷക്കാരെയാണ് ടി.കെ രാമചന്ദ്രന്‍ വിമര്‍ശിക്കുന്നത്. കള്ളപ്പണം, കഞ്ചാവ്, ക്രിമിനല്‍ മൂലധനം തുടങ്ങിയവയുമായാണ് അദ്ദേഹം മാറാടിനെ ചേര്‍ത്തുവെക്കുന്നത്. അതേസമയം, ആക്രമണത്തിനുശേഷം ഹിന്ദുത്വര്‍ മാറാട് സ്വയംഭരണം പ്രഖ്യാപിച്ചുവെന്ന കാര്യത്തില്‍ അദ്ദേഹം യോജിച്ചു.
ഭീകരാക്രമണം: ആഗോളമാതൃക
2001 സെപ്റ്റംബര്‍ 11ലെ ആക്രമണം നടന്നതിനുശേഷമാണ് ഭീകരത, ഭീകരാക്രമണം തുടങ്ങിയ പദാവലികള്‍ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട അക്രമസംഭവങ്ങളെ വിശദീകരിക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2002ലെ ഗുജറാത്ത് വംശഹത്യ (പൊഗോം) യും അക്കാലത്തെ മാറാട് വിശകലനങ്ങളുടെ ഭാഷയെ സ്വാധീനിച്ചിരുന്നു. മുസ്‌ലിംകള്‍ നടത്തിയ ഒരു ആക്രമണത്തെ ആഗോള മാതൃകയില്‍ ഭീകരാക്രമണം എന്നു വിശേഷിപ്പിക്കുന്നത് ആഗോള ഇസ്‌ലാമോഫോബിയയുടെ സ്വാധീനശക്തി കേരളത്തില്‍ വ്യാപിക്കുന്നതിന്റെ ഒരു ഘട്ടത്തെ സൂചിപ്പിക്കുന്നു.
അതേ പുസ്തകത്തില്‍ എ.പി അഹമ്മദ് ഒരേസമയം 'ഭീകരാക്രമണം', 'തീവ്രവാദം' തുടങ്ങിയ പുത്തന്‍ പദാവലികള്‍ ഒരുപോലെ ഉപയോഗിച്ചുകൊണ്ട് 'വര്‍ഗീയകലാപ'ത്തില്‍ നിന്നുള്ള വേറിടലിനെ കൂടുതല്‍ വികസിപ്പിച്ചു: 'മേയ് രണ്ടിന് മാറാട്ട് നടന്ന ഭീകരാക്രമണം കേരളത്തെ നടുക്കി. മാത്രമല്ല, അത് മലയാളത്തിന്റെ മതനിരപേക്ഷസമൂഹം വര്‍ഗീയതയുടെ കാര്യത്തില്‍ പുലര്‍ത്തി വന്ന ധാരണകളെ തിരുത്തുകയാണ്. ജനായത്തരീതിയുടെ തലക്കണക്കുകള്‍ വച്ച് വര്‍ഗീയതയുടെ വിപത്തിനെ താരതമ്യം ചെയ്തത് തെറ്റുകയാണോ? ''ഭൂരിപക്ഷം', 'ന്യൂനപക്ഷം' തുടങ്ങിയ പ്രയോഗങ്ങള്‍ ആപേക്ഷികമാണെന്നും കാല ദേശങ്ങള്‍ക്കനുസൃതമായി ഒരേ സംഘം തന്നെ വേട്ടക്കാരും ഇരകളുമായി രൂപപരിണാമം നേടുന്നുണ്ടെന്നും ലോകം അനുഭവിച്ചു കഴിഞ്ഞു. ഉസാമാ ബിന്‍ലാദന്റെ അല്‍ ഖാഇദ, പെന്റഗണ്‍ തകര്‍ക്കാന്‍ പോവുമ്പോള്‍ അത് ന്യൂനപക്ഷ വര്‍ഗീയതയാണെങ്കില്‍ അതേ ഭീകരസംഘം സൗദി അറേബ്യയില്‍ ആക്രമണം നടത്തുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയായി വേഷമിടുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റ് മന്ദിരം തകര്‍ക്കാന്‍ വന്നത് ഇസ്‌ലാമിക തീവ്രവാദികളാണെങ്കില്‍ ഒറീസ്സയിലെ അസംബ്ലി മന്ദിരം നശിപ്പിക്കാനെത്തിയത് വിശ്വഹിന്ദുപരിഷത്താണ്. ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷ ഫാസിസവും ജനാധിപത്യ
ജീവിതക്രമങ്ങള്‍ക്ക് ഒരു പോലെ പരിക്കേല്‍പ്പിക്കുന്നു എന്ന് ചുരുക്കം'' (എ.പി അഹമ്മദ്, പുസ്തകം 1, പേജ് 51). 'ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ഇസ്‌ലാമിക തീവ്രവാദികള്‍' എന്ന പ്രയോഗം മുതല്‍ വസ്തുതാവിരുദ്ധമായ അനേകം കാര്യങ്ങള്‍ പറഞ്ഞാണ് ഈ നിര്‍മിതികള്‍ നടക്കുന്നത് (അധിക വായനയ്ക്ക്, അരുന്ധതി റോയ്, 13 December, a Reader: The Strange Case of the Attack on the Indian Parliament, 2007, Penguin). 'ന്യൂനപക്ഷം', 'ഭൂരിപക്ഷം' പോലുള്ള വേര്‍തിരിവ് അസംബന്ധമാണെന്നും അദ്ദേഹം പറയുന്നു. ഈ വ്യാഖ്യാന സാഹസികത മറ്റു ലേഖകരില്‍നിന്നു എ.പി അഹമ്മദിനെ വേറിട്ടുനിറുത്തിയിരുന്നു. ഭൂമി ഒഴിപ്പിച്ചെടുത്തുകൊണ്ട് കള്ളക്കടത്ത് കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് മാറാട് ആക്രമണത്തിന്റെ ലക്ഷ്യമെന്നും അതിനെ എക്കണോമിക് ജിഹാദെന്നു വിളിക്കാമെന്നും ഇപ്പോള്‍ എ.ബി.സി ചാനലിലൂടെ പറഞ്ഞുവച്ച എ.പി അഹമ്മദ് പക്ഷേ, എക്കണോമിക് ജിഹാദെന്ന ആരോപണം അക്കാലത്ത് ഉയര്‍ത്തിയിരുന്നില്ല. രണ്ടായിരത്തി ആറില്‍ സംഘ്പരിവാര്‍ കേരളത്തില്‍ പ്രചരിപ്പിച്ച ലവ് ജിഹാദ് ആരോപണങ്ങളുടെ ശ്യംഖലയിലേക്ക് അതിനും മൂന്നു വര്‍ഷം മുമ്പ് നടന്ന ഒരു സംഘര്‍ഷത്തെക്കുറിച്ചുള്ള വിവരണങ്ങളെ പുറകോട്ട് ആരോപിച്ചു ശക്തികൂട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
എന്നാല്‍, വി.വി.എ ഷുക്കൂറിന്റെ പുസ്തകത്തില്‍ കെ.ഇ.എന്‍ എഴുതിയ ലേഖനം ഭീകരവാദം പോലുള്ള ഫ്രയിമുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പണിക്കരും മറ്റും ചെയ്ത പോലെ വര്‍ഗീയ കലാപം എന്ന ഫ്രയിം ഉപേക്ഷിച്ചുകൊണ്ടു 'മുസ്‌ലിം തീവ്രവാദം' എന്ന സംജ്ഞയിലൂടെയാണ് കെ.ഇ.എന്‍ ഈ വിമര്‍ശനത്തെ വികസിപ്പിക്കുന്നത്. ഒരുപരിധിയും കടന്നു സംഘ്പരിവാറിനെ നവഫാസിസമെന്നും വിളിക്കുന്നു: ''കേരളചരിത്രത്തില്‍ അതിനീചമായൊരു നരഹത്യക്ക് നേതൃത്വം നല്‍കിയവരെന്ന നിലയില്‍
മുസ്‌ലിം തീവ്രവാദം' വരും നാളുകളിലും നിര്‍ദയമായ വിചാരണകള്‍ നേരിടേണ്ടിവരും. മാറാട് നടന്ന അത്യന്തം അപലപനീയമായ അക്രമണത്തില്‍, മറ്റേത് സ്ഥലത്ത് നടക്കുന്ന ആക്രമണത്തിലെന്നപോലെ, അക്രമികള്‍ക്കെതിരേ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന സമീപനം സംഘ്പരിവാര്‍ ശക്തികളും മുസ്‌ലിം തീവ്രവാദവിഭാഗങ്ങളും സൃഷ്ടിക്കുന്ന സര്‍വവിധ പ്രകോപനങ്ങളെയും നുണപ്രചാരണങ്ങളെയും പ്രതിരോധിച്ചുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മതേതരശക്തികള്‍ ഉയര്‍ത്തിപ്പിടിക്കണം. എന്നാല്‍, ഇത്തരമൊരു സന്ദര്‍ഭത്തില്‍ പോലും ഇടതുപക്ഷം നിര്‍വഹിക്കുന്ന ആശയപ്രചാരണം ഭീകരവാദത്തെക്കുറിച്ചുള്ള സംഘ്പരിവാര്‍ ശക്തികളുടെ അസംബന്ധപ്രചാരണങ്ങളുമായി ഒരു വിധത്തിലും കൂടിക്കുഴയാതിരിക്കാനുള്ള നിതാന്ത ജാഗ്രത അനിവാര്യമാണ്. ഇന്ത്യ നേരിടുന്ന മുഖ്യവിപത്ത് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന നവഫാഷിസമാണെന്ന ശരിയായ തിരിച്ചറിവ് കൂടുതര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു രാഷ്ട്രീയസാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്'' (കെ.ഇ.എന്‍, പുസ്തകം 2 , പേജ് 89). കെ.ഇ.എന്‍ ന്റെ അഭിപ്രായത്തില്‍ മതത്തെ ഭീകരതയുടെ ഉപകരണമാക്കി മാറ്റിയത് സാമ്രാജ്യത്വമാണ്. (കെ.ഇ.എന്‍, പുസ്തകം 2, പേജ് 87). സാമ്രാജ്യത്വവും ഫാഷിസവുമാണ് യഥാര്‍ഥ ഭീകരത.
കൃഷ്ണയ്യര്‍ ഇരു വിഭാഗങ്ങളെയും 'ഭീകരര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്: ''മാറാട് വ്യക്തമാക്കുന്നത് ന്യൂനപക്ഷ ഭീകരരും ഭൂരിപക്ഷ ഭീകരരെപ്പോലെ രക്തദാഹികള്‍ തന്നെയാണ്. ഗുജറാത്തില്‍ കണ്ട 'പല്ലിലും നഖത്തിലും രക്തം പുരണ്ട ഹിന്ദുത്വ തീവ്രവാദികളെപ്പോലെത്തന്നെ.'' (പുസ്തകം 2, പേജ് 22). ഗുജറാത്ത് വംശഹത്യ നടത്തിയവരും മാറാട് കൂട്ടക്കൊല നടത്തിയവരും ഒരുപോലെയാണെന്ന സൂചനയും കൃഷ്ണയ്യര്‍ നല്‍കുന്നു.
വര്‍ഗീയ കലാപം തന്നെ
എന്നാല്‍, മറാട്ടെ പ്രാദേശിക സാമൂഹിക/രാഷ്ട്രീയ ചലനങ്ങള്‍ പിന്തുടര്‍ന്ന പി. രാമദാസും കെ.എന്‍ ഗണേഷും നടത്തിയ അന്വേഷണം 2002, 2003 കാലത്തെ രണ്ടു സംഭവങ്ങളും പരസ്പര ബന്ധമുള്ളതാണെന്നും അതിനാല്‍ തന്നെ വര്‍ഗീയ കലാപം എന്ന നിഗമനമാണ് കൂടുതല്‍ ശരിയായ വിലയിരുത്തലെന്നും പറയുന്നു. ''മാറാട്ടു നടന്ന പുതിയ കലാപം യഥാര്‍ഥത്തില്‍ പഴയതിന്റെ തുടര്‍ച്ച മാത്രമാണെന്ന് ആക്രമണം നടത്തിയ രീതിയും വധിക്കപ്പെട്ടവരുടെയും സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടവരുടെയും സ്വഭാവങ്ങളും സൂക്ഷമമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും'' (പി. രാമദാസ്, കെ.എന് ഗണേഷ്, പുസ്തകം 2, പേജ് 77).
'തീവ്രവാദം', 'ഭീകരത' തുടങ്ങിയവയെ മറ്റൊരു രീതിയിലാണ് അവര്‍ പ്രതിഷ്ഠിക്കുന്നത്: 'ആക്രമണം നടത്തിയതില്‍ മുസ്‌ലിം തീവ്രവാദികള്‍ക്കു പങ്കുണ്ടെന്നതില്‍ സംശയമില്ല. മറുവശത്തുള്ള അരയസമാജത്തിന്റെ ലേബലുകളുള്ള ആര്‍.എസ്.എസ്സുകാര്‍ കഴിഞ്ഞ കലാപത്തിലും അതിനു മുമ്പു നടന്ന സംഭവങ്ങളിലും വിവിധ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണ്. അവരില്‍ ചിലര്‍ കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. ഈ കൊലപാതകങ്ങള്‍ മറയാക്കി മുസ്‌ലിം ഭീകരവാദികള്‍ക്കെതിരേയെന്ന മട്ടില്‍ മുസ്‌ലിം സമുദായത്തിനെതിരേയും സി.പി.എമ്മിനെപ്പോലുള്ള മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ക്കെതിരേയും നീങ്ങുകയാണ് ആര്‍.എസ്.എസ്സുകാര്‍ ചെയ്യുന്നത്. ഇതേ രീതിയിലുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കലാപകാലത്തും ഉണ്ടായിരുന്നുവെന്നതു ശ്രദ്ധേയമാണ്. (പി. രാമദാസ്, കെ.എന് ഗണേഷ് പുസ്തകം 2, പേജ് 78). മാറാട് കലാപത്തിന്റെ പശ്ചാത്തലത്തില്‍ അതിലുള്‍പ്പെട്ട വ്യക്തികളുടെ പ്രശ്‌നമാണ് 'തീവ്രവാദ'വും 'ഭീകരവാദ'വും. എങ്കിലും ആരാണ് ഈ വ്യക്തികളെന്ന വിശദീകരണം ഇരുവരും നല്‍കുന്നില്ല. തീവ്രവാദവും ഭീകരവാദവും ഒരു ആരോപണം മാത്രമായിരുന്നു. പ്രാദേശിക സംഭവത്തിന്റെ സംഘാടക തത്ത്വമായി തീവ്രവാദത്തെയും ഭീകരവാദത്തെയും പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അവരുടേത്. മഹല്ല് കമ്മറ്റിയിലേക്ക് മുസ്‌ലിം ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാഹചര്യമുണ്ടായിരുന്നെന്നും ഗള്‍ഫുകാരുടെ വരവും ഗള്‍ഫ് സാധ്യമാക്കിയ സാമ്പത്തിക മാറ്റങ്ങളും അതിന് സാധ്യത വര്‍ധിപ്പിച്ചുവെന്നും പറയുന്നു (പി. രാമദാസ്, കെ.എന് ഗണേഷ്, പുസ്തകം 2 , പേജ് 76).
മറാട്ടെ ചില വ്യക്തികള്‍ക്ക് ചില തീവ്രവാദ-ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെങ്കിലും അത് വര്‍ഗീയകലാപം എന്ന ചട്ടക്കൂടിനെ തള്ളിക്കളയാന്‍ പര്യാപ്തമല്ലെന്നാണ് അവരുടെ വാദം: 'ഈ വിദ്വേഷത്തിന്റെയും പകയുടെയും പിറകിലുള്ള സാമൂഹിക പശ്ചാത്തലമെന്താണ്? ഇതിനെ കശ്മീര്‍ പ്രശ്‌നവും അന്തര്‍ദേശിയ ദേശവിരുദ്ധ ഗൂഢാലോചനയുമായി ഒക്കെ ബന്ധിപ്പിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്, അത്തരത്തില്‍ ചിന്തിക്കാത്തവര്‍ പോലും ഏതെങ്കിലും വിധത്തിലുള്ള ഭീകരപ്രവര്‍ത്തനവുമായി ഇപ്പോള്‍ നടക്കുന്ന കലാപങ്ങളെ ബന്ധപ്പെടുത്തുന്നവരാണ്. പലപ്പോഴും ഇത്തരത്തിലുള്ള വാദഗതികള്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ എന്തുകൊണ്ട് സംഘടിത ആക്രമണങ്ങളിലും കലാപങ്ങളിലും ഏര്‍പ്പെടുന്നുവെന്നുള്ള പ്രശ്‌നത്തിന്റെ ഗൗരവപൂര്‍ണമായ വശങ്ങളെ കൂടി മറയ്ക്കുന്നതിനാണു സഹായിക്കുന്നത്'' (പി. രാമദാസ്, കെ.എന് ഗണേഷ്, പുസ്തകം 2, പേജ് 72- 73).
ഭരണകൂട വീഴ്ച
കലാപത്തിന് പ്രാദേശിക/സാമൂഹിക കാരണങ്ങള്‍ മാത്രമല്ല, ഭരണകൂടവീഴ്ചയും പ്രധാന കാരണമായെന്ന് വിലയിരുത്തുന്നവരും ഉണ്ടായിരുന്നു. ഒന്നാം മാറാടിന്റെ തുടര്‍ച്ചയാണ് രണ്ടാം മാറാട് എന്ന സമീപനവും അടിസ്ഥാന പ്രശ്‌നം ഭരണനിര്‍വഹണത്തിലെ വീഴ്ചയാണെന്നും ബേപ്പൂരിലെ സ്ഥലം എം.എല്‍.എയും സി.പി.എമ്മുകാരനുമായ വി.കെ.സി മമ്മദ്‌കോയ പറഞ്ഞിരുന്നു: ''അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ വര്‍ഷത്തെ കലാപത്തിന്റെ അസ്വസ്ഥത പൂര്‍ണമായി പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു. പ്രശ്‌നം തീര്‍ന്നത് ഇരുവിഭാഗത്തിലെയും നേതാക്കള്‍ക്കിടയില്‍ മാത്രമാണ്. താഴേക്കിടയില്‍ മനസ്സ് പുകയുകയായിരുന്നു. എന്നാല്‍, ഈ വസ്തുത മറച്ചുവെച്ച് എല്ലാം പരിഹരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഭരണകൂടം ശ്രമിച്ചത്. മാറാട് ഇപ്പോഴും പുകയുന്നുണ്ടെന്ന് കാണിച്ച് മാര്‍ച്ച് 28ന് ഞാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. നാലു ദിവസം മുമ്പ് സിറ്റി പൊലീസ് കമീഷണറേയും വിവരം ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. അവരാരും ആദ്യം പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ പോയതാണ് ഇപ്പോഴത്തെ ഭീകരസംഭവത്തിന് കാരണം'' (പി.ടി നാസര്‍, പുസ്തകം 2 , പേജ് 11).
വി.കെ.സി മമ്മദ്‌കോയ പറഞ്ഞ ഭരണകൂടത്തിന്റെ പരാജയം രണ്ടാം മാറാടിന്റെ കാരണമായി കെ.എം ബഹാവുദ്ദീനും എ.കെ അബ്ദുല്‍ മജീദും മുകുന്ദന്‍ സി. മേനോനും എടുത്തു കാണിക്കുന്നു: '1992 മുതല്‍ ഇങ്ങോട്ടുള്ള വര്‍ഗീയ സംഘര്‍ഷങ്ങളുടെയൊന്നും കുറ്റപത്രം നല്‍കിയിട്ടില്ല എന്നതാണത്. ഈ പത്ത് വര്‍ഷത്തിനിടയില്‍ നടന്ന ദശക്കണക്കിന് സംഘര്‍ഷങ്ങളിലെ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാനോ മാതൃകാപരമായി ശിക്ഷിക്കാനോ ഇടതും വലതുമായ ഭരണകൂടങ്ങള്‍ താല്‍പര്യം കാണിച്ചിട്ടില്ല എന്നല്ലേ ഇതിനര്‍ഥം? ഒരു ഭരണകൂടത്തിന്റെ ഈ പ്രാഥമിക ഉത്തരവാദിത്വം പോലും നിര്‍വഹിക്കാതെ കുറ്റവാളികള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും അരുനിന്നുകൊടുക്കുകയല്ലേ ഈ ഭരണകൂടങ്ങള്‍ ചെയ്തത്? വര്‍ഗീയതയെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് അവയെ ഇല്ലായ്മ ചെയ്യാന്‍ ബാധ്യതപ്പെട്ട ഭരണകൂടങ്ങള്‍ തന്നെയാണെന്ന അറിവ് സത്യത്തില്‍ ഞെട്ടിക്കുന്നതാണ് (കെ.എം ബഹാവുദ്ദീന്‍, പുസ്തകം 2 , പേജ് 82). എ.കെ അബ്ദുല്‍ മജീദ് ഇതേ കാര്യം കുറേകൂടി കൃത്യമായി പറഞ്ഞു: 2003 മെയ് 13നാണ് അധികൃതര്‍ പഴയസംഭവത്തിലെ പ്രതികള്‍ക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതും 102 കേസുകളില്‍ 14 എണ്ണത്തിന്റേതു മാത്രം (എ.കെ അബ്ദുല്‍ മജീദ്, പുസ്തകം 2, പേജ് 95). ഒന്നാം മാറാട് കേസില്‍ ഉള്‍പ്പെട്ട സംഘ്പരിവാറുകാര്‍ക്കെതിരേ ചുമത്തിയ കേസ് മരവിച്ചതിനെപ്പറ്റി മുകുന്ദന്‍ സി. മേനോന്‍ ഇപ്രകാരം നിരീക്ഷിക്കുന്നു: '2002 മാറാടിലെ പ്രതികള്‍ക്കു നേരേ നിയമനടപടികള്‍ മരവിപ്പിച്ചതിനു യഥാര്‍ത്ഥ കാരണമെന്താണ്? അന്നത്തെ മൊത്തം പ്രതികളില്‍ ഏറ്റവും കൂടുതലായ 213 പേര്‍ ആര്‍.എസ്.എസ്-ബി.ജെ.പിക്കാര്‍ ആണെന്നു കണ്ടത്താന്‍ പ്രയാസമില്ല.'' (മുകുന്ദന്‍ സി. മേനോന്‍, പുസ്തകം 2, പേജ് 52)
മാറാടനന്തര ഇസ്‌ലാമോഫോബിയ
ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തില്‍ മാറാട് സംഭവത്തിനും അതുയര്‍ത്തിയ ആഖ്യാനങ്ങള്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. മാറാട് പ്രദേശത്തെ മത്സ്യത്തൊഴിലാളികളായ മുസ്‌ലിംകള്‍ എന്തു ചെയ്തു, പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചുള്ള തെളിവുകളോ വസ്തുതകളോ അല്ല, മറിച്ച് മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട ആഖ്യാന മാതൃകകളിലൂടെ മുസ്‌ലിംകളെ വംശീയമായി വേര്‍തിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഘടകങ്ങള്‍, സംഭവം നടന്നു ആഴ്ചകള്‍ക്കുള്ളില്‍ വികസിച്ച മാറാട് അനന്തര രാഷ്ട്രീയ വിശകലനങ്ങളുടെ, പ്രത്യേകിച്ച് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവരുടെ, വിശകലന മാതൃകയുടെ സ്വഭാവമായിരുന്നു. മുസ്‌ലിംകള്‍ക്കും മുസ്‌ലിംസംഘടനകള്‍ക്കുമെതിരേ 'തീവ്രവാദ', 'മതമൗലികവാദ' ആരോപങ്ങള്‍ 1980കള്‍ മുതല്‍ നിലവില്‍ വന്നിരുന്നെങ്കിലും 'ഭീകരവാദ' ആരോപണം രൂപംകൊള്ളുന്നതില്‍ ഈ സംഭവം വലിയ പങ്കുവഹിച്ചു. ആഗോളതലത്തില്‍ 2001 സെപ്തംബര്‍ 11നു ശേഷമുള്ള രാഷ്ടീയ സാഹചര്യമായതുകൊണ്ടുകൂടിയാവണം ഈ ആരോപണം ഇത്തരത്തില്‍ വികസിച്ചതെന്നുവേണം അനുമാനിക്കാന്‍. ഇന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഇസ്‌ലാമോഫോബിക് ആരോപണങ്ങള്‍ ഈ രൂപത്തിലെത്തുന്നതിനു പിന്നിലും മാറാട് അനന്തര ആഖ്യാനങ്ങള്‍ക്ക് പങ്കുണ്ട്. ഈ ആഖ്യാന നിര്‍മിതിയില്‍ സംഘപരിവാറിന്റെ പങ്ക് വ്യത്യസ്തമാണ്. അത് ഇന്നും തുടരുന്നു.
(തുടരും)
(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)