അഡ്ജസ്റ്റ്‌മെന്റുകളുടെ അര്‍ഥം; എന്നെ കണ്ടാല്‍ കിണ്ണം കട്ടു എന്ന് തോന്നുമോ?
സിനിമ മേഖലയില്‍ മാത്രമല്ല; ഏതു രംഗത്തും ഒരു സ്ത്രീ പ്രശസ്തയാകുന്നുവെങ്കില്‍, കൂടുതല്‍ അവസരങ്ങള്‍ നേടുന്നുവെങ്കില്‍, അത് 'അഡ്ജസ്റ്റ്‌മെന്റ്' എന്ന ദ്വയാര്‍ഥ പ്രയോഗത്തിന്റെ രണ്ടാം അര്‍ഥം പ്രാബല്യത്തില്‍ വരുത്തിയത് കൊണ്ടാണ് എന്നാണ് വെപ്പ്.
ഹേമ, ഹേമ, ഹേമ. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം ഹേമ മാത്രം. ഇതിത്ര വലിയ സംഭവമാണോ? ഇത് സിനിമയില്‍ മാത്രമുള്ള കാര്യമാണോ? ഇങ്ങനെയൊക്കെ നടക്കുമോ, നടക്കാമോ, നടന്നാല്‍ എന്താണ് കുഴപ്പം?
ആധികാരികമായി ഒരു റിപ്പോട്ട് ഇക്കാര്യങ്ങളില്‍ വന്നത് ഇപ്പോഴാണെന്നത് മാത്രമാണ് ഹേമ കമീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പറയാനുള്ളത്. ഏതാണ്ട് ഉള്ളടക്കങ്ങളെല്ലാം ഗോസിപ്പുകള്‍ എന്ന പേരിലും സിനിമകളെ കുറിച്ചുള്ള പൊതുധാരണ എന്ന പേരിലും പണ്ടേ പകലെ കേട്ടുതുടങ്ങിയ കാര്യങ്ങളാണ്. അതൊക്കെ വെറുതെയാണെന്ന് സമര്‍ഥിക്കുന്ന അപൂര്‍വം ചിലരോട് 'അങ്ങനെയല്ല; ശരിക്കും ഉള്ളതാണ്' എന്ന് ഒഫീഷ്യലായി തന്നെ പറയാനുള്ള ഒരു ടൂള്‍. അത് മാത്രമാണ് സത്യത്തില്‍ ഈ കമീഷന്‍ റിപ്പോര്‍ട്ട്. പ്രമുഖര്‍, ഇരകള്‍ തുടങ്ങിയ ചില പ്രത്യേക വാക്കുകള്‍ ഉണ്ടായത് എത്ര നന്നായി. ഇതിപ്പോ ഭൂരിഭാഗം വരുന്ന വേട്ടക്കാര്‍ മാത്രമല്ല; അപൂര്‍വ ജനുസില്‍പെട്ട നല്ല മനുഷ്യരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താമല്ലോ. ഇരകളുടെ കാര്യത്തിലും അങ്ങനെ തന്നെ.
മിക്കവാറും ആളുകള്‍ക്കിടയിലുള്ള ഒരു ധാരണ, ഒരു സ്ത്രീ സിനിമാനടിയാകുന്നുവെങ്കില്‍ അവര്‍ എന്തിനും തയ്യാറാണ് എന്നതാണ്. പിന്നെപ്പിന്നെ സിനിമ മേഖലയില്‍ മാത്രമല്ല; ഏതു രംഗത്തും ഒരു പെണ്ണ് പ്രശസ്തയാകുന്നുവെങ്കില്‍, കൂടുതല്‍ അവസരങ്ങള്‍ നേടുന്നുവെങ്കില്‍, അത് 'അഡ്ജസ്റ്റ്‌മെന്റ്' എന്ന ദ്വയാര്‍ഥ പ്രയോഗത്തിന്റെ രണ്ടാം അര്‍ഥം പ്രാബല്യത്തില്‍ വരുത്തിയത് കൊണ്ടാണ് എന്നായി വെപ്പ്. സകല കലാസാഹിത്യമേഖലകളിലും, പ്രമോഷന്‍ സാധ്യതകളുള്ള ജോലിരംഗങ്ങളിലും, ഐ.ടി ഫീല്‍ഡിലും, മാര്‍ക്കറ്റിംഗ് രംഗത്തും, എന്തിനേറെ; സാധാരണ വീട്ടുജോലികളില്‍ വരെ തന്റെ സ്ഥാനം ഉറപ്പിക്കുന്ന മിക്കവാറും സ്ത്രീകള്‍ മറ്റുള്ളവര്‍ക്കിടയില്‍ ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടുന്നവരാണ്.
അടുത്തടുത്ത് കുറച്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും രചനകള്‍ ചില പ്രസിദ്ധീകരണങ്ങളില്‍ വരികയും ചെയ്തപ്പോള്‍, എന്നെ അത്രമാത്രം നന്നായി അറിയുന്നവരെന്ന് ഞാന്‍ കരുതിയിരുന്ന അടുത്ത ചില സുഹൃത്തുക്കള്‍-അതും ചില സ്ത്രീകള്‍-ചോദിച്ചത് ''ആരുമായൊക്കെയുള്ള അഡ്ജസ്റ്റ്‌മെന്റുകളാണ് നിനക്ക് ഇങ്ങനെ പല അവസരങ്ങള്‍ നേടി തന്നത്'' എന്നാണ്. ശക്തമായി തന്നെ അത് നിഷേധിച്ചുവെങ്കിലും സ്ത്രീപുരുഷഭേദമന്യേ ചില പകല്‍മാന്യരായ-സുഹൃത്തുക്കള്‍ എന്ന് തെറ്റിദ്ധരിച്ചിരുന്ന-ജന്മങ്ങള്‍ പിന്നീട് പലപ്പോഴും ''നിനക്കൊക്കെ അവസരങ്ങള്‍ തരാനും വളര്‍ത്താനും ആളുണ്ടല്ലോ'' എന്ന് മുള്ളുംമുനയും വെച്ച് സംസാരിക്കുകയും അതിനെ തുടര്‍ന്ന് പുല്ലുപോലെ അവരെയെല്ലാം ജീവിതത്തില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. 'അങ്ങിനെയൊന്നും ഇല്ലാതെ വളരാന്‍ കഴിയില്ലെന്ന' പലരുടെയും സംശയങ്ങളെ, 'അങ്ങനെ അല്ലാതെയും വളരാന്‍ കഴിയുമെന്ന് പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കുക' എന്ന ഒരു ലക്ഷ്യത്തില്‍ നിന്നാണ് ഏതാണ്ട് പതിനൊന്നോളം പുസ്തകങ്ങള്‍ പിറവിയെടുത്തതും ഇനിയും പലതും പിറവിയെടുത്തു കൊണ്ടിരിക്കുന്നതും.
പക്ഷേ, ഇത്തരം വലിച്ചെറിയലുകള്‍ പുസ്തകം വാങ്ങി വായിക്കുന്നവരില്‍ പലരേയും ഇല്ലാതാക്കി എന്നുവേണം പറയാന്‍. വിരലിലെണ്ണാവുന്നവരൊഴികെ പുസ്തകം ചോദിക്കുന്നതും വായിക്കുന്നതും നിര്‍ത്തി. അഥവാ, പലപ്പോഴും പലരും പ്രോത്സാഹിപ്പിക്കുന്നതും പുസ്തകങ്ങള്‍ വാങ്ങിക്കുന്നതും വായിക്കുന്നതും വരെ അവര്‍ക്ക് 'ഒരു അഡ്ജസ്റ്റ്‌മെന്റ് കിട്ടുമോ' എന്ന പ്രതീക്ഷയില്‍ ആയിരിക്കും എന്നര്‍ഥം. പലരും എന്നതിന് എല്ലാവരും എന്ന് അര്‍ഥമില്ലാഞ്ഞിട്ടും, പലരും എന്ന് പറയുന്നേടത്ത് എല്ലാവരെയും പറഞ്ഞു എന്ന് മറുവാക്കെറിഞ്ഞ്, രക്ഷപ്പെടുന്നവരാണ് മിക്കവാറും ഈ അഡ്ജസ്റ്റ്‌മെന്റ് തേടി ജീവിക്കുന്ന ''പലരും'' എന്നതാണ് യാഥാര്‍ഥ്യം.
മിക്കപ്പോഴും താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇടങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍. കലാ സാഹിത്യ മേഖലകള്‍, സിനിമാ-സീരിയല്‍ രംഗങ്ങള്‍, പ്രൈവറ്റ് സെക്ടര്‍, ഐ.ടി മേഖല, ട്രാന്‍സ്ഫറിന് സാധ്യതയുള്ള ഗവണ്‍മെന്റ് ജോലികള്‍, കച്ചവട സ്ഥാപനങ്ങള്‍, വന്‍കിടബിസിനസുകള്‍ തുടങ്ങി വീട്ടുജോലികളില്‍ സഹായിക്കാന്‍ പോകുന്നവര്‍ വരെ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നതാണ് വാസ്തവം. സിനിമാതാരങ്ങളെ പോലെ മറ്റുള്ളവര്‍ ഉറ്റുനോക്കിയിരിക്കുന്ന സെലിബ്രിറ്റികള്‍ അല്ലാത്തതിനാല്‍ മാത്രം പുറംലോകം അറിയാതെപോകുന്ന അനേകം കഥകള്‍ ഇവിടങ്ങളിലെല്ലാം ഉണ്ട്.
എന്തായാലും ജീവിതത്തില്‍ ഒരു നേട്ടത്തിനു വേണ്ടിയും ഇത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകേണ്ടി വന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ അഭിമാനം. വേഷത്തിന്റെ കാര്യത്തില്‍ 'ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തിക്കൂടെ' എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിനു തയ്യാറാല്ലാത്തതിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടും ഉണ്ട്. എങ്കിലും വലിയ തോതിലുള്ള മറ്റു ചില അഡ്ജസ്റ്റ്‌മെന്റുകള്‍ എന്നോട് ചോദിക്കപ്പെടാത്തതിന്റെ കാരണമായി, പലരുടെയും വാക്കുകളില്‍ നിന്ന് തന്നെ ഞാന്‍ മനസ്സിലാക്കിയത് ഫേസ്ബുക്കിലും മറ്റ് നവമാധ്യമങ്ങളിലും ഉള്ള ഇത്തരം തുറന്നെഴുത്തുകള്‍ ആണെന്നാണ്. 'നീ എന്തിനാണ് നിന്നെക്കുറിച്ച് എല്ലാം ഇങ്ങനെ ഫേസ്ബുക്കില്‍ ഇടുന്നത്' എന്ന് പുച്ഛത്തോടെ ചോദിക്കുന്നവരും 'അങ്ങനെ ചെയ്യരുത്' എന്ന് ഉപദേശിക്കുന്നവരുമായ ചിലരുണ്ട്, അവരും സത്യത്തില്‍ ഈ പലരില്‍ പെട്ടവരാണ്. അത്തരം ഉപദേശങ്ങള്‍ തരുന്നവര്‍ തന്നെ, പലപ്പോഴും മറ്റു പലയിടങ്ങളിലും ''അവളോട് ഒന്നും ചോദിക്കാനോ ട്രൈ ചെയ്യാനോ പോലും പറ്റില്ല; അപ്പൊതന്നെ കൊണ്ടുപോയി ഫേസ്ബുക്കില്‍ ഇടും'' എന്ന് പറയുന്നത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്ന് മാത്രമല്ല: ''നിങ്ങളോടൊക്കെ മിണ്ടാന്‍ പേടിയാണ്; എപ്പോഴാണ് ഇങ്ങള് ഫേസ്ബുക്കില്‍ കൊണ്ടുപോയി ഇടുക എന്ന് അറിയില്ലല്ലോ'' എന്ന് തമാശയായി പറഞ്ഞ ചില മഹാന്മാരും ഉണ്ട്. അവര്‍ക്ക് അപ്പോള്‍ ഞാന്‍ കൊടുത്ത മറുപടി ''അങ്ങനെ ഫേസ്ബുക്കില്‍ ഇട്ടാലും കുഴപ്പമില്ലാത്ത കാര്യങ്ങള്‍ മാത്രം, എന്നോട് ആരായാലും മിണ്ടിയാല്‍ മതി. അതല്ലാത്തതൊന്നും മിണ്ടണം എന്നില്ല'' എന്നതായിരുന്നു. അതായത്, ഈ ഫേസ്ബുക്ക്മാനിയ ഇത്തരത്തിലുള്ള മിക്കവാറും കോഴികളില്‍ നിന്നെല്ലാം രക്ഷ തന്നിട്ടുണ്ട് എന്നര്‍ഥം.
പറഞ്ഞുവന്നത് സിനിമയില്‍ മാത്രമല്ല; ഈ ഭൂലോകത്തെ ഒട്ടുമിക്ക മേഖലകളിലും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ''പവര്‍മാന്‍'' ആയി ഏതെങ്കിലും ഒരു മേഖലയില്‍ വളരാന്‍ സാധിച്ചാല്‍ മിക്കവാറും മനുഷ്യര്‍ പിന്നെ സ്ത്രീകളെ കാണുന്നത് ഇത്തരത്തിലാണ്. അങ്ങനെ അല്ലാത്തവര്‍ കുറച്ചൊക്കെയുണ്ട്; ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്ന കാലത്തേ സിനിമ-സീരിയല്‍ മേഖലയിലെ ചിലരുമായി അടുപ്പമുണ്ട്, അങ്ങനെ ചിലര്‍ ബന്ധുക്കളായും ഉണ്ട്. എന്നാല്‍, ഒരു കുഞ്ഞനിയത്തിയോട് എന്നതില്‍ കവിഞ്ഞ് ഒരു ദുരനുഭവവും നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോഴും പല സിനിമ പ്രവര്‍ത്തകര്‍ സൗഹൃദങ്ങളും പരിചയങ്ങളിലും ഉണ്ട്. അവരില്‍ തൊണ്ണൂറ്റൊന്‍പത് ശതമാനവും ഒരിക്കല്‍ പോലും ഒരു അനിഷ്ടം ഉള്ളില്‍ തോന്നാത്ത വിധത്തിലാണ് പെരുമാറിയിട്ടുള്ളതും. എന്നാല്‍, മുകളില്‍ പറഞ്ഞ പവര്‍മാന്‍ സിന്‍ഡ്രോം ബാധിച്ചവര്‍ കാരണം അവരും കൂടെ ചീത്ത പേരു വാങ്ങിക്കുന്നു എന്ന് മാത്രം. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് നമ്മോടുള്ള പെരുമാറ്റം കൊണ്ട് മാത്രം മറ്റൊരാളെ പൂര്‍ണ്ണമായും വിലയിരുത്താനികില്ല എന്നത്. പലപ്പോഴും ഒരേ വൈബിലുള്ള പുരുഷന്മാര്‍ മാത്രം ഒന്നിച്ചു കൂടുന്ന സഭകളില്‍, ഏതൊരു പെണ്ണിനെ കുറിച്ചും അവര്‍ സംസാരിക്കുന്നത് ''അവളെങ്ങനെയാണ്, കിട്ടുമോ?'' എന്നാണ്.
| ബഹിയ
മിക്കപ്പോഴും താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇടങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍. കലാ സാഹിത്യ മേഖലകള്‍, സിനിമാ-സീരിയല്‍ രംഗങ്ങള്‍, പ്രൈവറ്റ് സെക്ടര്‍, ഐ.ടി മേഖല, ട്രാന്‍സ്ഫറിന് സാധ്യതയുള്ള ഗവണ്‍മെന്റ് ജോലികള്‍, കച്ചവട സ്ഥാപനങ്ങള്‍, വന്‍കിടബിസിനസുകള്‍ തുടങ്ങി വീട്ടുജോലികളില്‍ സഹായിക്കാന്‍ പോകുന്നവര്‍ വരെ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നതാണ് വാസ്തവം. സിനിമാതാരങ്ങളെ പോലെ മറ്റുള്ളവര്‍ ഉറ്റുനോക്കിയിരിക്കുന്ന സെലിബ്രിറ്റികള്‍ അല്ലാത്തതിനാല്‍ മാത്രം പുറംലോകം അറിയാതെപോകുന്ന അനേകം കഥകള്‍ ഇവിടങ്ങളിലെല്ലാം ഉണ്ട്. പല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്കാലിക ജീവനക്കാരിയായും ചില പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്ന ചിലരെയൊക്കെ കാണാനും അറിയാനും ഇടയായിട്ടുണ്ട്. പുറമേക്ക് അസ്സല്‍ സ്വഭാവനടന്മാരായിരിക്കും ഇത്തരക്കാര്‍. കാണുന്നവര്‍ കരുതും ഇയാളോളം നല്ല മനുഷ്യര്‍ മറ്റാരുമില്ലെന്ന്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് സഹായത്തിനും ഏതുസമയത്തും തയ്യാറാണ് ഇക്കൂട്ടര്‍. നമ്മുടെയൊന്നും വീട്ടിലെ പുരുഷന്മാര്‍ നമുക്ക് വേണ്ടിയൊന്നും ഇതിന്റെ പാതി എഫര്‍ട്ട് പോലും എടുക്കില്ല. അത്രയേറെ മറ്റുള്ളവര്‍ക്ക് വേണ്ടി സഹായങ്ങള്‍ വാരിച്ചൊരിയുന്നവര്‍. അത് പിന്നെ അടുത്ത സൗഹൃദങ്ങളിലേക്ക്... പിന്നെപ്പിന്നെ പ്രണയത്തിന്റെ അതിമനോഹരം എന്ന് തോന്നിപ്പിക്കുന്ന ചിലന്തിവലയിലേക്ക്... ഒടുവില്‍ സൗഹൃദവും പ്രണയവും കൊണ്ടുപോയി നിര്‍ത്തുന്നത് മുട്ടാതെ തന്നെ വാതില്‍ തുറക്കുന്നതിലേക്ക്. തനിക്കുമുന്നില്‍ വാതില്‍ തുറന്നുകിട്ടിയാല്‍ പിന്നെ തന്റെ കൂട്ടുകാരോട് ''അവള്‍ ഒരു വെടിയാണ്, വേണമെങ്കില്‍ പോയി ട്രൈ ചെയ്യൂ...' എന്ന് വീരവാദം മുഴക്കല്‍, മടുത്താല്‍ ഉപേക്ഷിച്ചു കളയല്‍, അല്ലെങ്കില്‍ ഒരു ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരിടത്തേക്ക്, അതുമല്ലെങ്കില്‍ ഭീഷണിപ്പെടുത്തി കൂട്ടുകാരുടെയും കൂടെ കിടക്കയിലേക്ക്... മറ്റുചിലര്‍ കുറച്ചുകൂടി ''പവര്‍ഫുള്‍'' ആയിരിക്കും. അതിനാല്‍ തന്നെ ജോലിയില്‍ തുടരണമെങ്കില്‍, പിരിച്ചു വിടാതിരിക്കണമെങ്കില്‍, പ്രമോഷന്‍ വേണമെങ്കില്‍ തുടങ്ങിയ ഭീഷണികളും പ്രലോഭനങ്ങളും വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഇക്കൂട്ടരാണ് കുറേക്കൂടി നല്ലവര്‍. കാരണം, ഇവര്‍ നേരിട്ട് കാര്യം പറയുന്നു; അവിടെ പൊട്ടിതകരാന്‍ വലിയ ഇമോഷണല്‍ ബോണ്ടുകള്‍ ഒന്നുമില്ല. എന്നാല്‍, ആദ്യത്തെ കൂട്ടര്‍ തികച്ചും സൈക്കോകളാണ്. മാനസികമായും ശാരീരികമായും പിന്നെ എങ്ങിനെയൊക്കെ ഒരാളെ വേദനിപ്പിക്കാമെന്നും തകര്‍ക്കാമെന്നും അതിലെങ്ങനെ ആനന്ദം കൊള്ളാമെന്നും പിന്നെ എങ്ങനെ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കാമെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവര്‍.
പലപ്പോഴും സ്വന്തം വീടുകളില്‍ പോലും സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ല എന്നതാണ് വാസ്തവം. അവരെ സുരക്ഷിതരല്ലാതാക്കുന്നത് അവരെപ്പോലെയുള്ള സ്ത്രീകളുടെ തന്നെ അച്ഛനോ, സഹോദരനോ, മകനോ, ഭര്‍ത്താവോ, കാമുകനോ, പ്രണയിയോ, അയല്‍വാസിയോ, സുഹൃത്തോ, സഹപാഠിയോ, സഹപ്രവര്‍ത്തകനോ ആണെന്നതാണ് ഏറ്റവും വലിയ സത്യം.
അടുത്തിടെ കാലങ്ങളായി സൈക്യാട്രി ട്രീറ്റ്‌മെന്റ് എടുക്കുന്ന ഒരു സ്ത്രീ എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്; ആദ്യത്തെ വിഭാഗത്തില്‍പ്പെട്ട അഭിമാന്യനായ ഒരാളുമായി ഉണ്ടായ സൗഹൃദത്തിന്റെ കഥ. ആ സൗഹൃദം അങ്ങനെ വളര്‍ന്നു, അവര്‍ കരുതി തന്നോട് മാത്രമാണ് ഇത്രയും സൗഹൃദമെന്ന്. എന്നാല്‍ അയാളുമായി അടുക്കുന്ന ഓരോ പെണ്ണിനും തോന്നിയിരുന്നത് തങ്ങളോട് മാത്രമാണ് ഇയാള്‍ക്കിങ്ങനെ ഏറ്റവും അടുപ്പമെന്നാണ്. കാരണം, ഓരോ പെണ്ണിനോടും ഇയാള്‍ പറയാറുള്ളത് ''ഞാന്‍ നിന്നോട് മാത്രമാണ് ഇങ്ങനെ, അതിനാല്‍ നമ്മള്‍ തമ്മില്‍ കണക്ഷന്‍ ഉണ്ടെന്നോ നല്ല സൗഹൃദമാണെന്നോ മറ്റാരുമറിയരുത്. കണ്ടാല്‍ പോലും വലിയ മൈന്‍ഡ് ചെയ്യരുത്'' എന്നാണ്. അതിനാല്‍ തന്നെ വലയില്‍പെട്ട എല്ലാവരും മിനിമം മൈന്‍ഡ് ചെയ്യലില്‍ നിര്‍ത്തി പോന്നു. അല്ലാത്തവര്‍ക്കിടയില്‍ വാചാലതയും സ്‌നേഹവും സഹായവും വാരിവിതറി മാന്യതയുടെ അങ്ങേയറ്റമാകും. അങ്ങനെ അങ്ങനെ അയാള്‍ അവളെയും അടുപ്പം കൂട്ടിക്കൂട്ടി പ്രണയത്തിലേക്ക് ക്ഷണിച്ചത്രേ, എന്നാല്‍ അത്തരം ഒരു സംഗതിക്ക് തനിക്കൊട്ടും താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ അവളെ ഒത്തിരി വര്‍ഷങ്ങള്‍ എടുത്താണ് അയാള്‍ വലയില്‍ വീഴ്ത്തിയത്. ഇതിനിടെ ഇരുവരും പലപല ജോലി സ്ഥലങ്ങളിലേക്ക് ജോലി മാറി മാറിപ്പോയി. ഒഫീഷ്യലായി ഒന്നിച്ചുണ്ടാകേണ്ടിവരുന്ന അപൂര്‍വം മീറ്റിങ്ങുകളില്‍ മാത്രം കാണുകയും നോര്‍മലായി മാത്രം ഇടപഴകുകയും ചെയ്യും. ഒടുവിലയാള്‍ക്ക് അവളോട് പിരിയാന്‍ വയ്യാത്ത അത്രയും ഇഷ്ടമായെന്നും അതിന്റെ പേരില്‍ ചില്ലറ അഡ്ജസ്റ്റ്‌മെന്റുകള്‍ ഒക്കെ ആവാം എന്നുമായി. ഒന്നിച്ച് ഒരേ ബസ്സില്‍ യാത്രചെയ്യുക, ഒരേ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുക, ഓഫീസ് മീറ്റിങ്ങുകള്‍ക്ക് മുന്‍പും ശേഷവും എവിടെയെങ്കിലും അല്‍പനേരം ചേര്‍ന്നിരിക്കുകയോ കൈപിടിക്കുകയോ ചെയ്യുക എന്നതിലൊക്കെ ഒതുങ്ങി ആ അഡ്ജസ്റ്റ്‌മെന്റ്. അവള്‍ എത്രത്തോളം അഡ്ജസ്റ്റ് ചെയ്യുമോ അതിന്റെ മാക്‌സിമം എത്തിക്കഴിഞ്ഞതോടെ അയാള്‍ക്ക് അവളെ വേണ്ടാതായി. അയാള്‍ ആഗ്രഹിച്ചത് അവളൊട്ടു കൊടുക്കുന്നുമില്ല, എന്നാല്‍, അയാളെ വിട്ടു പോകുന്നുമില്ല. അയാളോടുള്ള സ്‌നേഹം അവള്‍ക്ക് അസ്ഥിക്ക് പിടിച്ചു എന്ന് മനസ്സിലാക്കിയ അയാള്‍ അവളെ ഉപേക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുവെങ്കിലും പൂര്‍ണ്ണമായി ഒഴിവാക്കാനായില്ല.
ഒരു ദിവസം അയാള്‍ അവളോട് അയാള്‍ക്ക് മറ്റൊരാളോട് ക്രഷ് ഉണ്ടെന്ന് പറയുകയും ആ സ്ത്രീ കൂടി പങ്കെടുക്കുന്ന ഒരു ഒഫീഷ്യല്‍ മീറ്റിങ്ങിലേക്ക് അവളെ നിര്‍ബന്ധപൂര്‍വ്വം എത്തിച്ചു. അവള്‍ക്ക് മുന്നില്‍ വെച്ചയാള്‍ ആ ക്രഷിനെ പല രീതിയില്‍ നോക്കിയിരുന്നു, ആ സ്ത്രീയെക്കുറിച്ച് പലതും ദ്വയാര്‍ഥപ്രയോഗത്തില്‍ അവളോട് പറഞ്ഞു. അവരുമായൊക്കെയുള്ള അയാളുടെ അടുപ്പത്തിന്റെ, തുറന്ന് ഇടപഴകലുകളുടെ, ചിലരെ കാണുമ്പോഴുള്ള പരസ്യമായ ആലിംഗനം ചെയ്യലുകളുടെ, കാഴ്ചകള്‍ അവളിലേക്ക് നല്‍കി. അവളെ മാത്രം അതെല്ലാം കാണാന്‍ വേണ്ടി ക്ഷണിക്കപ്പെട്ടവളാക്കി. ഒരാളെ തകര്‍ക്കാന്‍ എന്തൊക്കെ ചെയ്യാമോ അതിന്റെ മാക്‌സിമം ആണ് അയാള്‍ ചെയ്തത് എന്നാണ് ആ സ്ത്രീ എന്നോട് പറഞ്ഞത്. ''അയാളോട് പോയി പണി നോക്കാന്‍ പറയൂ. ഇത്രയും വൃത്തികെട്ട ഒരു സൈക്കോപാത്തിനെ നിനക്കെന്തിനാണ്? അയാള്‍ നിന്റെ സ്‌നേഹത്തിനെന്നല്ല; വെറുപ്പിനുപോലും അര്‍ഹനല്ല. ഒരുപക്ഷേ അയാള്‍ക്ക് തന്നെ അറിയുന്നുണ്ടാവില്ല അയാള്‍ ഇത്രയും വലിയ ഒരു സൈക്കോ ആണെന്ന്.'' എന്നായിരുന്നു ഞാന്‍ അവളോട് പറഞ്ഞത്. അവളും അത് അംഗീകരിച്ചു. ''അതെല്ലാം അവള്‍ക്കറിയാമെന്നും ആ അറിവിനെ മനസ്സിനോട് പറഞ്ഞു പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി മരുന്നു കൊടുത്തു പാകപ്പെടുത്തുന്നുണ്ടെന്നും'' പറഞ്ഞ അവള്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു 'അന്നത്തെ ഷോക്കില്‍ പാടെ തകര്‍ന്ന്, മരുന്നുകള്‍ കഴിച്ചിരുന്ന അവള്‍ എപ്പോഴോ ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങിനെ അതിനായി എല്ലാം തയ്യാറാക്കി അടുത്തുവച്ച് അത് അയാളോട് സൂചിപ്പിച്ചു. അയാള്‍ അപ്പോള്‍ തന്നെ അത് വായിക്കും എന്ന് കരുതിയൊന്നുമല്ല അവളത് അയച്ചത്. മറിച്ച്, മരിച്ചതിനുശേഷം ആ വാര്‍ത്ത കേട്ട് അയാള്‍ക്ക് ഉണ്ടാകുന്ന ഷോക്കിനെ കുറിച്ചോര്‍ത്താണ് അയാളത് പതിയെ മനസ്സിലാക്കികോട്ടെ എന്നുദ്ദേശിച്ച അവള്‍ മെസ്സേജ് അയച്ചത് പോലും. എന്നാല്‍, ചാകാന്‍ തീരുമാനിക്കാത്തവര്‍ പോലും ചാകാന്‍ തീരുമാനിക്കും വിധത്തിലുള്ള കടുത്ത പരിഹാസമായിരുന്നു അയാളുടെ മറുപടി. അഥവാ അവളൊന്നു ചത്തു കിട്ടിയെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിക്കുന്നു' എന്നാണ് അവള്‍ പറഞ്ഞത്. അവള്‍ എന്നു മാത്രമല്ല; ഒരാളെയും സ്‌നേഹിക്കാന്‍ കഴിയാത്ത തികഞ്ഞ മനോരോഗി. എപ്പോഴും ചുറ്റിലും പെണ്ണുങ്ങള്‍ വേണം എന്ന് മാത്രം ആഗ്രഹിക്കുന്നവന്‍. എപ്പോഴും എല്ലായിടത്തും താന്‍ മാത്രം ഉയര്‍ന്നു നില്‍ക്കണം. തന്റെ അഭിപ്രായങ്ങള്‍ക്കെതിരെ, താന്‍ ചെയ്ത തെറ്റുകളെ കുറിച്ച്, ഒന്നും ആരും പറയരുത്. പരസ്യമായി ഏറ്റവും വലിയ മാന്യനായി അഭിനയിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ജീവിത ലക്ഷ്യം തന്നെ. അത് ബോധ്യപ്പെട്ടതോടെ മരുന്ന് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏത് സാഹചര്യവും അതിജീവിക്കാന്‍ പഠിച്ചു എന്ന് ആ സ്ത്രീ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ഇങ്ങനെയുള്ള എത്രയെത്ര സ്ത്രീകള്‍ എത്രയെത്ര പ്രവര്‍ത്തനമേഖലകളില്‍ കടുത്ത ഡിപ്രഷനിലും പ്രതിസന്ധികളിലും പെട്ട് കഴിയുന്നുണ്ടാകും എന്നാണ്.
ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നത് ഒരു സിനിമാ മേഖലയുടെ റിപ്പോര്‍ട്ടാണെങ്കില്‍, സകലമാന മേഖലകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ എന്ന് മനസ്സിലാക്കാന്‍ സഹായിച്ച അനേകം അനേകം കഥാപാത്രങ്ങളില്‍ ഒന്നു മാത്രമാണ് മുകളില്‍ പറഞ്ഞ സ്ത്രീ. നമുക്കുചുറ്റും ജീവിക്കുന്ന അമ്മ, പെങ്ങള്‍, ഭാര്യ, മകള്‍, കസിന്‍, സുഹൃത്ത്, കാമുകി, പ്രണയിനി, സഹപാഠി, സഹപ്രവര്‍ത്തക തുടങ്ങിയ അനേകമനേകം സ്ത്രീകളില്‍, ഒരിക്കലെങ്കിലും ഒരാളില്‍ നിന്നെങ്കിലും ചൂഷണം നേരിടേണ്ടി വന്നിട്ടില്ലാത്ത, അഡ്ജസ്റ്റ്‌മെന്റോ കണ്‍സന്റോ ചോദിച്ചോ ചോദിക്കാതെയോ ലൈംഗികമായി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത, ശരീരം കൊണ്ട് റേപ്പ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വെര്‍ബല്‍ റേപ്പിങ്ങിനും ഇമോഷണല്‍ റേപ്പിങ്ങിനും ഇരയായിട്ടില്ലാത്ത, എത്രപേര്‍ കാണും എന്ന് അവരോട് അന്വേഷിച്ചാല്‍ അറിയാം. ചിലരൊക്കെ നോ പറഞ്ഞവരാകും, ചിലരൊക്കെ സമ്മതം നല്‍കിയവരുമാകും, മറ്റു ചിലര്‍ പ്രതികരിക്കാന്‍ പോലുമാകാതെ അവിശ്വസനീയമായ അവസ്ഥയില്‍ മാനസികമായി തകര്‍ന്നു പോയവരാകും, ഇനിയും ചിലര്‍ തന്റേടത്തോടെ ആ ഇടം ഇനി വേണ്ടെന്ന് തീരുമാനിച്ചു ശക്തമായി തന്നെ പ്രതികരിച്ചവരാകും, വേറെ ചിലര്‍ ചതിക്കപ്പെടുകയാണെന്നറിയാതെ പരിശുദ്ധമായ എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ചില ബന്ധങ്ങളുടെ വലയില്‍ പെട്ട് പോയവരാകും.
എന്തുതന്നെയായാലും, പലപ്പോഴും സ്വന്തം വീടുകളില്‍ പോലും സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ല എന്നതാണ് വാസ്തവം. അവരെ സുരക്ഷിതരല്ലാതാക്കുന്നത് അവരെപ്പോലെയുള്ള സ്ത്രീകളുടെ തന്നെ അച്ഛനോ, സഹോദരനോ, മകനോ, ഭര്‍ത്താവോ, കാമുകനോ, പ്രണയിയോ, അയല്‍വാസിയോ, സുഹൃത്തോ, സഹപാഠിയോ, സഹപ്രവര്‍ത്തകനോ ആണെന്നതാണ് ഏറ്റവും വലിയ സത്യം. മാത്രമല്ല; പെണ്‍കുഞ്ഞുങ്ങളുടെ കാര്യമെടുത്താല്‍ അവര്‍ ആദ്യമായി ചൂഷണം ചെയ്യപ്പെടുന്നത് കുടുബത്തിലോ അയല്‍പക്കങ്ങളിലോ ഏറെ പരിചയമുള്ള ആരെങ്കിലും വഴിയാണ് എന്നതാണ്. എന്നാല്‍, ഇത്തരം പോക്‌സോ കേസുകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല, ആണ്‍കുഞ്ഞുങ്ങളും ഇരയാകുന്നു. ഈ മനുഷ്യര്‍ എന്നാണിനി മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുക? പെണ്ണെന്നാല്‍ ഉടലെന്നും വെടിയെന്നും കളിയെന്നും ഓര്‍ത്ത് ഒരൊറ്റ ആവശ്യത്തിലേക്ക് കേന്ദ്രീകരിക്കാതെ, തങ്ങളെപ്പോലെ മനസ്സും ഫീലിംഗ്‌സും ജീവനും ഉള്ളവരായി തിരിച്ചറിയാന്‍ മാത്രം ബുദ്ധി വളര്‍ച്ച നേടുക?