Quantcast
MediaOne Logo

എൻ.പി ചെക്കുട്ടി

Published: 11 Nov 2022 1:47 PM GMT

മീഡിയാസ്‌കാന്‍ 500 എപ്പിസോഡ് തികയ്ക്കുമ്പോള്‍

തികച്ചും വ്യത്യസ്തമായ ഒരു ശൈലിയും വീക്ഷണകോണും അനുഭവപശ്ചാത്തലവും യാസീന്‍ അഷ്‌റഫ് തന്റെ കോളത്തില്‍ കൊണ്ടുവന്നിരുന്നു. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഒരു പുറംകാഴ്ചയാണ് യാസീന്‍ അവതരിപ്പിച്ചത്. പ്രേക്ഷകന് എന്തുപറയാനുണ്ട് എന്നതാണ് അദ്ദേഹം പൊതുവില്‍ മുന്നോട്ടുവെച്ച പ്രമേയം. അത്തരമൊരു പരിപ്രേക്ഷ്യം അതിനുമുമ്പോ ശേഷമോ മലയാള മാധ്യമലോകം അധികം കണ്ടിട്ടില്ല. ഒരുപക്ഷേ അതുകൊണ്ടു തന്നെയാവാം ഇത്രയുംകാലം ഈ പംക്തി അനുവാചക-പ്രേക്ഷക ശ്രദ്ധ നിലനിര്‍ത്തിയതും.

മീഡിയാസ്‌കാന്‍ 500 എപ്പിസോഡ്  തികയ്ക്കുമ്പോള്‍
X

യാസീന്‍ അഷ്‌റഫിന്റെ മാധ്യമവിമര്‍ശന പരിപാടി മീഡിയാസ്‌കാന്‍ അഞ്ഞൂറു എപ്പിസോഡ് പൂര്‍ത്തിയാക്കുകയാണ് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. കാരണം അദ്ദേഹം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടും മുമ്പേ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഓരോ ആഴ്ചയും എഴുതിവന്ന മാധ്യമവിമര്‍ശന പംക്തിയുടെ സ്ഥിരം വായനക്കാരില്‍ ഒരാളായിരുന്നു ഈയുള്ളവനും. പിന്നീട് ദൈനംദിന മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് അകന്നുപോയപ്പോള്‍ അതിലുള്ള കൗതുകവും ക്രമേണ അപ്രത്യക്ഷമായി. അതിനാല്‍ യാസീന്‍ പരിപാടിയുടെ അഞ്ചാം സെഞ്ചുറി അടിക്കുമ്പോള്‍ ഗാലറിയില്‍ പോലും ഇടമില്ലാതെ ഇരിക്കുന്ന പഴയൊരു മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പായി മാത്രം ഇതിനെ കണ്ടാല്‍ മതി.

ആദ്യമായി പറയട്ടെ, കേരളത്തിലെ മാധ്യമവിമര്‍ശന പംക്തികളിലും പരിപാടികളിലും പൊതുവില്‍ വ്യതിരിക്തത പുലര്‍ത്തിവന്ന ഒന്നായിരുന്നു യാസീന്‍ അഷ്‌റഫിന്റേത്. അതിനു പ്രധാനകാരണം അദ്ദേഹം വന്നത് മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നല്ല; മറിച്ചു അധ്യാപനമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം എന്നതുതന്നെ. അക്കാരണം കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു ശൈലിയും വീക്ഷണകോണും അനുഭവപശ്ചാത്തലവും യാസീന്‍ അഷ്‌റഫ് തന്റെ കോളത്തില്‍ കൊണ്ടുവന്നിരുന്നു. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഒരു പുറംകാഴ്ചയാണ് യാസീന്‍ അവതരിപ്പിച്ചത്. പ്രേക്ഷകന് എന്തുപറയാനുണ്ട് എന്നതാണ് അദ്ദേഹം പൊതുവില്‍ മുന്നോട്ടുവെച്ച പ്രമേയം. അത്തരമൊരു പരിപ്രേക്ഷ്യം അതിനുമുമ്പോ ശേഷമോ മലയാള മാധ്യമലോകം അധികം കണ്ടിട്ടില്ല. ഒരുപക്ഷേ അതുകൊണ്ടു തന്നെയാവാം ഇത്രയുംകാലം ഈ പംക്തി അനുവാചക-പ്രേക്ഷക ശ്രദ്ധ നിലനിര്‍ത്തിയതും.

ഇന്ത്യയിലെ ഒരു ന്യൂനപക്ഷ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ബുദ്ധിജീവിയും നിരീക്ഷകനും എന്ന നിലയില്‍ മുഖ്യധാര കാണാതെ പോവുകയോ അവഗണിക്കുകയോ ചെയ്ത നിരവധി കാര്യങ്ങള്‍ അദ്ദേഹം വിമര്‍ശനവിധേയമാക്കി. അത് വ്യത്യസ്തമായ ഒരു ലോകത്തുനിന്നുള്ള വിദൂരസ്ഥമായ ശബ്ദമായാണ് പൊതുവില്‍ മാധ്യമസമൂഹം കേട്ടത്.

യാസീന്‍ കൊണ്ടുവന്ന അനുഭവമണ്ഡലവും ചിന്താമണ്ഡലവും പൊതുവില്‍ നമ്മുടെ മുഖ്യധാരയുടെ അനുഭവ-ചിന്താമണ്ഡലങ്ങളില്‍ നിന്ന് തുലോം വ്യതിരിക്തമായ ഒന്നായിരുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് എന്നാണെന്റെ പക്ഷം. ഒന്നാമത്തെ കാര്യം, തികഞ്ഞ ആത്മാര്‍ഥതയുള്ള ഒരു അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ഉപയോഗിച്ചുവന്ന ഭാഷയെ വിമര്‍ശനപരമായ ഒരു നിരീക്ഷണത്തിനു വിധേയമാക്കി. ഭാഷ ഒരു രാഷ്ട്രീയായുധമാണ് എന്ന ബോധ്യം വളരെ സമീപകാലത്താണ് നമ്മുടെ മാധ്യമസമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അതിനാല്‍ വാക്കുകളെയും അവ പ്രസരിപ്പിക്കുന്ന ആശയങ്ങളെയും വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഒരു ശീലം നമുക്ക് പതിവുണ്ടായിരുന്നില്ല. വംശീയവും ജാതീയവുമായ വക്രപ്രയോഗങ്ങള്‍ പോലും നര്‍മത്തിന്റെയോ നാട്ടുഭാഷയുടെയോ ഒക്കെ മറക്കുടയ്ക്കു കീഴില്‍ നമ്മുടെ മാധ്യമങ്ങളില്‍ കടന്നുകയറി കളംനിറഞ്ഞാടി. കീഴാള-ന്യൂനപക്ഷ സമൂഹങ്ങളെ അപഹസിക്കുകയും അവരെ അപമാനവീകരിക്കുകയും ചെയ്യുന്ന ഈ പ്രക്രിയയെ ആരും അതിനെ ചോദ്യം ചെയ്യുകയുണ്ടായില്ല എന്ന ഒറ്റക്കാരണത്താല്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ താലോലിച്ചു വന്നു. അതിന്റെ ഒരു മറുവശം, ഈ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്ന് ആരെയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ അകത്തളങ്ങളില്‍ കേറ്റിയില്ല എന്നതുമാണ്.


എണ്‍പതുകളിലാണ് അതിനെതിരെ ആശയപരമായ ചില പ്രതിരോധങ്ങള്‍ ആദ്യമായി ഉയര്‍ന്നുവരുന്നത്. അതിനു കാരണം ഉത്തരേന്ത്യയില്‍ അക്കാലത്തു ഉയര്‍ന്നുവന്ന ദലിത്-പിന്നാക്ക സമുദായരാഷ്ട്രീയ മുന്നേറ്റങ്ങളായിരുന്നു. കാന്‍ഷിറാമും മായാവതിയും ലാലു പ്രസാദും മുലായം സിങ്ങും അടക്കമുള്ള ഒരു പുതുനിര നേതൃത്വം ഇന്ത്യന്‍ ദേശീയരംഗത്ത് വന്നപ്പോള്‍ അവര്‍ കൊണ്ടുവന്നത് പുതിയൊരു രാഷ്ട്രീയവും ആശയമണ്ഡലവുമായിരുന്നു. സാമൂഹികനീതിയുടെ പുതിയ രാഷ്ട്രീയം അന്നത്തെ വലതുപക്ഷ മണ്ഡല്‍ രാഷ്ട്രീയത്തെ അതിനിശിതമായിത്തന്നെ ചോദ്യം ചെയ്യുകയുണ്ടായി.


അന്നാണ് മാധ്യമങ്ങളില്‍ നിരന്തരം പ്രയോഗിക്കപ്പെടുന്ന വാക്കുകളുടെ പിന്നിലെ രാഷ്ട്രീയവും ആശയമണ്ഡലവും വിചാരണയ്ക്ക് വിധേയമായത്. ലാല്‍ കൃഷ്ണ അദ്വാനിയുടെ സ്ഥിരം പ്രയോഗം വോട്ടുബാങ്ക് പിന്നാക്കക്കാരെയും മുസ്‌ലിംകളെയും പ്രത്യേകമായി ലക്ഷ്യം വെക്കുന്ന വിഷം പുരട്ടിയ കൂരമ്പുകളാണെന്ന് അന്നാണ് ചിലരെങ്കിലും ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയത്. ആശയങ്ങളെ തലതിരിച്ചിട്ടു അവയുടെ അര്‍ഥവും പ്രസക്തിയും ചോര്‍ത്തിക്കളയുന്ന ഗൂഢവിദ്യയും അന്നാണ് വലതുപക്ഷ ശക്തികള്‍ ഗൂഢമായി പ്രയോഗിക്കാന്‍ തുടങ്ങിയത്. സെക്കുലറിസം എന്ന വാക്കിനെ അവര്‍ പരസ്യമായി മാനഭംഗം ചെയ്തു. അതിനെ അവര്‍ തലതിരിച്ചിട്ടു സ്യൂഡോ സെക്കുലറിസം എന്നാക്കി മാറ്റി. വാക്കുകള്‍ മാറിയപ്പോള്‍ ആശയം മാത്രമല്ല മാറിയത്; ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നിന്റെ അടിത്തറയാണ് അവര്‍ ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ക്കൊപ്പം തകര്‍ത്തുകളഞ്ഞത്. എണ്‍പതുകളുടെ അന്ത്യം മുതല്‍ ഇന്ത്യന്‍ വലതുപക്ഷം നടത്തിയ മുന്നേറ്റം ഒരു രാഷ്ട്രീയപ്രക്രിയ മാത്രമായിരുന്നില്ല; മറിച്ചു അതിന്റെ ഏറ്റവും മാരകവും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉള്ളതുമായ പ്രകമ്പനങ്ങള്‍ സാംസ്‌കാരിക മണ്ഡലത്തിലാണ് അലയടിച്ചത്.

എന്തുകൊണ്ട് നമ്മുടെ മാധ്യമസമൂഹം ഇങ്ങനെ വരിയുടക്കപ്പെട്ട അവസ്ഥയിലായിപ്പോയി? ഈയവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പിണറായി വിജയന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ കാണിച്ച അഭ്യാസം ചോദ്യംചെയ്യാതെ വിട്ട നേരത്തുമല്ല അടിമത്തസമാനമായ ഈ പുതിയ മാധ്യമസംസ്‌കാരം ഉദയം ചെയ്തത്. പണമാണ് പ്രധാനം, പണത്തിനു മേല്‍ ഒരു മാധ്യമപ്പരുന്തും പറക്കില്ല എന്ന ആഗോള ഫിനാന്‍സ് മൂലധന യുക്തി നമ്മള്‍ ആഗിരണം ചെയ്ത കാലം മുതല്‍ ഇന്നത്തെ ദുരന്തത്തിലേക്കു നമ്മള്‍ നടന്നടുക്കുകയായിരുന്നു എന്നതത്രേ സത്യം.

എന്നാല്‍, അധികാര രാഷ്ടീയത്തില്‍ മുക്തകണ്ഠം ആമഗ്‌നരായ കോണ്‍ഗ്രസ്സ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതൊന്നും പരിഗണനയ്ക്കു എടുക്കുകയേ ഉണ്ടായില്ല. ദേശീയതലത്തില്‍ ഇടതുപക്ഷം, പ്രത്യേകിച്ച് ഡല്‍ഹിയിലെ ചില ചരിത്രകാരന്മാര്‍, ഇത്തരം പ്രവണതകളെ ആലോചനാവിഷയമാക്കിയിരുന്നു. ചരിത്രത്തിന്റെ മണ്ഡലത്തില്‍ നടന്ന വലതുപക്ഷ ആക്രമണങ്ങളെയാണ് അവര്‍ പ്രധാനമായും പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മാധ്യമങ്ങള്‍ അടക്കം പൊതുസമൂഹത്തില്‍ വ്യാപകമായ സ്വാധീനം ചെലുത്തുന്ന മറ്റു മണ്ഡലങ്ങളില്‍ നടന്നുവന്ന വലതുപക്ഷവത്കരണം ആരും കാര്യമായി എടുക്കുകയുണ്ടായില്ല. ആഗോളവല്‍ക്കരണവും നമ്മുടെ മാധ്യമങ്ങളിലെ തൊഴില്‍ മേഖലയില്‍ ഹയര്‍ ആന്‍ഡ് ഫയര്‍ സംസ്‌കാരവും ഒന്നിച്ചാണ് വന്നത്. തൊഴില്‍മേഖലയിലെ സംഘടനകളും വിലപേശല്‍ ശേഷിയും അതോടെ അവസാനിച്ചു. മാധ്യമസമൂഹത്തില്‍ തൊഴില്‍ സുരക്ഷിതത്വം ഇല്ലാതായി. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് എത്രയോ പ്രമുഖര്‍ പുറത്തായി. പകരം ദൃശ്യമേഖലയില്‍ പുതുമാധ്യമങ്ങള്‍ വന്നു; അവയുടെ തലപ്പത്തുള്ള എഡിറ്റര്‍മാര്‍ സെലിബ്രിറ്റികള്‍ ആയി മാറി. കോടികള്‍ പ്രതിഫലം പറ്റുന്ന ഇത്തരക്കാര്‍ മാത്രമായി മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖം. അതോടെ ഇന്ത്യന്‍ മാധ്യമമേഖലയില്‍ നിന്നും സാധാരണക്കാരന്‍ പൂര്‍ണമായും പടിയിറങ്ങി.

ഈയൊരു പശ്ചാത്തലത്തിലാണ് യാസീന്‍ അഷ്‌റഫ് അദ്ദേഹത്തിന്റെ മാധ്യമ വിമര്‍ശന കോളവുമായി രംഗത്തുവരുന്നത്. അദ്ദേഹം ഈ പ്രവണതകളെ ദീര്‍ഘകാലം കൊണ്ട് തന്റേതായ പതിഞ്ഞ ശബ്ദത്തില്‍ നിരന്തരം അവലോകനം ചെയ്യുകയുണ്ടായി. ഇന്ത്യയിലെ ഒരു ന്യൂനപക്ഷ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ബുദ്ധിജീവിയും നിരീക്ഷകനും എന്ന നിലയില്‍ മുഖ്യധാര കാണാതെ പോവുകയോ അവഗണിക്കുകയോ ചെയ്ത നിരവധി കാര്യങ്ങള്‍ അദ്ദേഹം വിമര്‍ശനവിധേയമാക്കി. അത് വ്യത്യസ്തമായ ഒരു ലോകത്തുനിന്നുള്ള വിദൂരസ്ഥമായ ശബ്ദമായാണ് പൊതുവില്‍ മാധ്യമസമൂഹം കേട്ടത്. അതിനാല്‍ അവഗണിക്കുകയും ചെയ്തു. ഒരുപക്ഷേ വനരോദനം എന്ന വാക്കു കൊണ്ട് നമുക്ക് അതിനെ വിശേഷിപ്പിക്കാനാവും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, അത്തരമൊരു വിമര്‍ശനത്തിന്റെ സ്വാധീനം ഇന്നും നമ്മുടെ മാധ്യമങ്ങളില്‍ ആര്‍ക്കും കാണാനാവുകയില്ല.

ജനാധിപത്യത്തെ സംബന്ധിച്ച എബ്രഹാം ലിങ്കന്റെ നിര്‍വചനം ഇന്ന് അപ്രസക്തമായി മാറിയിട്ടുണ്ട്. ജനാധിപത്യത്തില്‍ സാധാരണജനങ്ങള്‍ക്ക് കാര്യമൊന്നുമില്ല എന്ന അവസ്ഥയാണ് ഇന്നുള്ളത്. അതേപോലെ മാധ്യമപ്രവര്‍ത്തനവും അതിന്റെ നിര്‍വചനവും മാറിക്കഴിഞ്ഞു. കാശുള്ളവന്റെ മാധ്യമപ്രവര്‍ത്തനം, കാശുളളവര്‍ക്കു വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനം എന്ന രീതി ആഗോളവല്‍ക്കരണ കാലം മുതലുള്ള കാഴ്ചയാണ്. ദേശീയപ്രസ്ഥാന കാലത്തെ ജനാഭിമുഖമായ മാധ്യമസംസ്‌കാരത്തെ പൂര്‍ണമായും വെട്ടിനിരത്തിയാണ് ഈ പുതുരീതി പ്രാബല്യത്തില്‍ വന്നത്. അതോടെ സംഘടിതപ്രസ്ഥാനങ്ങളുടെ സംസ്‌കാരം ഇല്ലാതായി; സമൂഹവും അതിന്റെ താല്പര്യങ്ങളും അവഗണിക്കാവുന്ന ഒരു ബാധ്യതയായി. അതിന്റെ പ്രത്യാഘാതം ഇപ്പോള്‍ വളരെ വ്യക്തമായിത്തന്നെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടു മാധ്യമങ്ങളുടെ പ്രതിനിധികളെ പേരെടുത്തു വിളിച്ചു ഗെറ്റൗട്ട് അടിച്ചു. ഡസന്‍ കണക്കിന് മാധ്യമക്കാര്‍ ചുറ്റും കൂടി നില്‍ക്കുന്ന അവസരത്തിലാണ് അദ്ദേഹം അതിനു ധൈര്യപ്പെട്ടത്. ഒരു പ്രതിഷേധവും ഉണ്ടായില്ല. അതില്‍ എന്തെങ്കിലും അസ്വാഭാവികത ഉള്ളതായിപ്പോലും ആരും നടിച്ചില്ല. ഇതിനെ നാം എങ്ങനെയാണ് മനസിലാക്കേണ്ടത്? എന്തുകൊണ്ട് നമ്മുടെ മാധ്യമസമൂഹം ഇങ്ങനെ വരിയുടക്കപ്പെട്ട അവസ്ഥയിലായിപ്പോയി? ഈയവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പിണറായി വിജയന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ കാണിച്ച അഭ്യാസം ചോദ്യംചെയ്യാതെ വിട്ട നേരത്തുമല്ല അടിമത്തസമാനമായ ഈ പുതിയ മാധ്യമസംസ്‌കാരം ഉദയം ചെയ്തത്. പണമാണ് പ്രധാനം, പണത്തിനു മേല്‍ ഒരു മാധ്യമപ്പരുന്തും പറക്കില്ല എന്ന ആഗോള ഫിനാന്‍സ് മൂലധന യുക്തി നമ്മള്‍ ആഗിരണം ചെയ്ത കാലം മുതല്‍ ഇന്നത്തെ ദുരന്തത്തിലേക്കു നമ്മള്‍ നടന്നടുക്കുകയായിരുന്നു എന്നതത്രേ സത്യം.



TAGS :