Quantcast
MediaOne Logo

Web Desk

Published: 15 Dec 2022 7:24 AM GMT

IFFK: സ്വാതന്ത്ര്യത്തെ നിര്‍വചിച്ച ഫ്രീഡം ഫൈറ്റ് - മീറ്റ് ദി ഡയറക്ടേഴ്‌സ്

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പദര്‍ശിപ്പിച്ച ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ സംവിധായകര്‍ മീറ്റ് ദി ഡയറക്ടേഴ്‌സ് സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു. | IFFK 2022

IFFK: സ്വാതന്ത്ര്യത്തെ നിര്‍വചിച്ച ഫ്രീഡം ഫൈറ്റ് - മീറ്റ് ദി ഡയറക്ടേഴ്‌സ്
X

കുഞ്ഞില മസിലമണി

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ 'അസംഘടിതര്‍' ഒരു ഡോക്യുമെന്ററി ആയിട്ട് തുടങ്ങിയതായിരുന്നു. അസംഘടിത തൊഴില്‍ മേഖലാ യൂണിയന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി. അത് കുറെ അധികം ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. അത് എഡിറ്റ് സ്‌റേജില്‍ ആയിരുന്നു. അതില്‍ ഉള്‍പ്പെടുത്തേണ്ട മറ്റു ഷൂട്ടുകള്‍ക്ക് ഫണ്ട് ആവശ്യമായി വന്നു. പിന്നീട് ക്രൗഡ്ഫണ്ടിങ്ങിലൂടെ ആണ് അത് മുന്നോട്ടുപോയത്. ഡോക്യുമെന്ററി എഡിറ്റിംഗ് ടേബിളില്‍ മുടങ്ങിക്കിടക്കുന്ന സമയത്താണ് ജിയോ ബേബി വിളിച്ച് അദ്ദേഹം ചെയ്യാന്‍ ഇരിക്കുന്ന ആന്തോളജി സിനിമയെ കുറിച്ച് പറയുന്നത്. അതില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ അതില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. അങ്ങനെയാണ് അസംഘടിതര്‍ എന്ന സിനിമ ഉണ്ടാകുന്നത്.


ഒരു സ്ത്രീ സംവിധായക എന്ന നിലയില്‍ ഞാന്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളില്‍ ഒന്ന് ആളുകള്‍ നമ്മുടെ വര്‍ക്ക് സീരിയസ്സായി എടുക്കുന്നില്ല എന്നതാണ്. എല്ലാ സ്ത്രീകളും അവരുടെ തൊഴിലിടങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഈ മേഖലയില്‍ ഉള്ളവരും അനുഭവിക്കുന്നത്.

ഫ്രാന്‍സിസ് ലൂയീസ്

ഫ്രീഡം ഫൈറ്റ് ആന്തോളജിയിലെ 'റേഷന്‍'എന്ന സിനിമയാണ് ഞാന്‍ ചെയ്ത സിനിമ. ഞാന്‍ ഒരു എഡിറ്റര്‍ ആണ്. എന്നെ സംബന്ധിച്ചിടത്തോളം ആ സെഗ്മെന്റ് ചെയ്തത് വളരെ എളുപ്പത്തിലായിരുന്നു. സിനിമയില്‍ വരുന്നതിനു മുമ്പ് ചെയ്ത ഷോര്‍ട്ട് ഫിക്ഷനുകളും സീറോ ബഡ്ജറ്റ് ഷോര്‍ട്ട് ഫിലിംസുകളും ഒക്കെയായിരുന്നു മുന്‍ അനുഭവം. ഇപ്പോള്‍ എല്ലാം കുറച്ചുകൂടെ എളുപ്പമാണ്. ബേസിക്കലി ഈ ഒരു സിനിമ എനിക്ക് വളരെ അഭിമാനമാണ്. മറ്റു സിനിമകളുടെ കൂടെ എന്റെ സിനിമയും കാണുന്നു എന്ന അഭിമാനം ഉണ്ട്. കൂടെയുള്ള സിനിമകളൊക്കെ എനിക്കിഷ്ടപ്പെട്ട സിനിമകളാണ്.


ജിയോ ബേബി

കോവിഡിന്റെ സമയത്ത് എളുപ്പത്തില്‍ എങ്ങനെ ഒരു സിനിമ ഉണ്ടാക്കാം എന്നതിന്റെ ആലോചനയില്‍ സംഭവിച്ചു പോയതാണ് ഈ സിനിമ. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഷൂട്ട്. പലസ്ഥലത്ത് ചെയ്ത സിനിമകള്‍. അതെല്ലാം ചേര്‍ത്ത് ഒരു മുഴുവന്‍ സിനിമയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഫ്രീഡം ഫൈറ്റ് പ്ലാന്‍ ചെയ്ത സമയത്ത് അതിന് പേരൊന്നും കൊടുത്തിട്ടില്ലായിരുന്നു. സ്വാതന്ത്യത്തെ കുറിച്ച് അഞ്ച് സിനിമകള്‍ ഉണ്ടാക്കുക എന്ന ആശയം ഇല്ലായിരുന്നു. അതുകൊണ്ട് ഇഷ്ടമുള്ള സിനിമ ചെയ്യാനാണ് അവരോട് പറഞ്ഞത്. സിനിമയെടുത്തു കഴിഞ്ഞപ്പോള്‍ പ്രമേയപരമായി അവ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സിനിമകള്‍ ആയതുകൊണ്ടാണ് ഫ്രീഡം ഫൈറ്റ് എന്ന ടൈറ്റില്‍ തീരുമാനിച്ചത്. ആന്തോളജിയിലെ ഓള്‍ഡ് എയ്ജ് ഹോം എന്ന ചിത്രമാണ് ഞാന്‍ ചെയ്ത സിനിമ.


അഖില്‍ അനില്‍ കുമാര്‍

ഞാന്‍ ഫ്രീഡം ഫൈറ്റ് എന്ന അന്തോളജിയിലെ 'ഗീതു അണ്‍ ചെയിന്‍ഡ് ' എന്ന സിനിമയാണ് സംവിധാനം ചെയ്തത്. ഈ സിനിമ ഷൂട്ട് ചെയ്യാന്‍ വരുമ്പോള്‍ അര്‍ച്ചന 35 എന്ന സിനിമ ഞാന്‍ ഡയറക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആ സമയത്ത് ജിയോ ബേബിയോട് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അത് ഡെവലപ്പ് ചെയ്ത് ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയില്‍ ഉള്‍പ്പെടാന്‍ ഭാഗ്യം കിട്ടി. ഇഷ്ടമുള്ള സിനിമ ചെയ്യാനാണ് പറഞ്ഞത്. അങ്ങിനെ ചെയ്ത സിനിമയാണ് ഗീതു അണ്‍ചെയിന്‍ഡ്.


ജിതിന്‍ ഐസക് തോമസ് ആണ് ആന്തോളജിയിലെ മറ്റൊരു ചിത്രമായ Pra. Thoo. Mu. എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

TAGS :