Quantcast
MediaOne Logo

ഡോ. പി.കെ പോക്കര്‍

Published: 23 Sep 2023 5:39 AM GMT

മന്ത്രിയും തന്ത്രിയും: കേരളത്തിലെ സനാതന വഴക്കങ്ങള്‍

ജാതിയില്ലെന്ന് തൊലിപ്പുറമേ പറഞ്ഞതുകൊണ്ടു മാത്രം യാതൊന്നും മാറാന്‍ പോകുന്നില്ല. പ്രതിനിധാന ചര്‍ച്ചകളെയും ദലിത് കീഴാള ന്യൂനപക്ഷ അവകാശ സംവാദങ്ങളെയും ഭയപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ മന്ത്രി കെ. രാധാകൃഷ്ണനെ അവഹേളിച്ചവരെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നവരാണ്.

മന്ത്രിയും തന്ത്രിയും: കേരളത്തിലെ സനാതന വഴക്കങ്ങള്‍
X

ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ കേരളത്തില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ എഴുത്തുകാരനും അക്കാദമിക്കുമായ എങ്ങുങ്ങി വ തിയോങ് (Ngugi Wa Thiong) മുറ്റത്തെ കളകള്‍ പറിച്ചു ഒഴിവാക്കിയില്ലെങ്കില്‍ അവിടവിടെയായി മറഞ്ഞു നിക്കുന്ന കുഴിയില്‍ നിങ്ങളുടെ കുട്ടികള്‍ വീഴും എന്ന മുന്നറിയിപ്പോടുകൂടിയാണ് അദ്ദേഹത്തിന്റെ കുരിശിലെ പിശാച് എന്ന നോവല്‍ തുടങ്ങുന്നത്. കറുത്തവംശ വിമോചനത്തിന് ദാര്‍ശനിക പിന്തുണ കൊടുത്ത അദ്ദേഹത്തിന്റെ വാക്കുകള്‍ ജാതി വിരുദ്ധ സമരങ്ങള്‍ക്കും ബാധകമാണ്. പുരോഗമന മതേതര മൂല്യങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കേരളത്തില്‍ ഈ താക്കീതുകള്‍ അവഗണിച്ചതിനാല്‍ ആണ് ഇന്ന് ഒരു മന്ത്രിക്ക് പോലും ഇതുപോലെ തിക്തമായ അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യന്‍ പ്രസിഡന്റിനെ മാറ്റിനിര്‍ത്തിക്കൊണ്ട് പൂണൂല്‍ ധാരികള്‍ പാര്‍ലമെന്റ് ഉല്‍ഘാടനച്ചടങ്ങു നടത്തിയതില്‍ വലുതായൊന്നും അത്ഭുതപ്പെടാനില്ല. കാരണം, മനുവാദത്തിലേക്ക് രാജ്യത്തെ വലിച്ചു കൊണ്ടുപോകുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്നും അതില്‍ കൂടുതല്‍ മതേതര വാദികള്‍ പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുമ്പോളും രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ മുതലാളിത്തം നിയന്ത്രിക്കുന്നത് പോലെ രാജ്യത്തെ ആശയാധികാര വ്യവസ്ഥ മനുവാദമാണ് നിയന്ത്രിക്കുന്നതെന്ന ദുഃഖസത്യം കാണാതിരിക്കുന്നതിലൂടെയാണ് നമ്മുടെ മുറ്റങ്ങളില്‍ മാത്രമല്ല അകത്തളങ്ങളിലും കളകള്‍ പെരുകുന്നത്.

സ്ത്രീ, വിധവ, ആദിവാസി, ദലിത് മുതലായ അടയാളങ്ങളെല്ലാം ശുദ്ധിവാദികള്‍ക്ക് അസ്പൃശ്യമാണെന്ന് ആര്‍ക്കാണു അറിയാത്തത്. എന്നാല്‍, ഇന്ത്യയില്‍ സാക്ഷരതയിലും മതേതര ജനാധിപത്യ ബോധ്യങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് എങ്ങിനെ ഇതെല്ലാം സംഭവിക്കുന്നു എന്നതാണു ചോദ്യം. മന്ത്രിയായാലും പ്രസിഡന്റ് ആയാലും ബ്രാഹ്മണ്യത്തിന് കീഴില്‍ നില്‍ക്കണമെന്നാണ് മനുവാദം അനുശാസിക്കുന്നത്.

പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയത്തില്‍ നിങ്ങളുടെ നാട്ടില്‍ പുലയര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്ന കോഴിക്കോട്ടെ കലക്ടറുടെ ചോദ്യത്തിന് കുബേരന്‍ നമ്പൂതിരി നല്‍കുന്ന ഉത്തരം-ശൂദ്രര്‍ക്ക് പോലും വിദ്യനല്‍കാന്‍ ഞങ്ങളുടെ നിയമം, അതായത് മനുസ്മൃതി അനുവദിക്കുന്നില്ലെന്നാണ്. ഇന്ന് കേരളത്തില്‍ മാത്രമല്ല ഇന്ത്യ ഒട്ടുക്കും അംബേദ്കര്‍ നേതൃത്വം കൊടുത്ത ഭരണഘടന അനുസരിച്ചു ജാതി മത ഭേദമന്യേ വിദ്യാഭ്യാസം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുമ്പോളും രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ മുതലാളിത്തം നിയന്ത്രിക്കുന്നത് പോലെ രാജ്യത്തെ ആശയാധികാര വ്യവസ്ഥ മനുവാദമാണ് നിയന്ത്രിക്കുന്നതെന്ന ദുഃഖസത്യം കാണാതിരിക്കുന്നതിലൂടെയാണ് നമ്മുടെ മുറ്റങ്ങളില്‍ മാത്രമല്ല അകത്തളങ്ങളിലും കളകള്‍ പെരുകുന്നത്.

കേരളത്തിലെ മാറുമറക്കല്‍ സമരത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ പ്രധാനമായിരുന്നു. അതുപോലെ മലബാറില്‍ മുസ്‌ലിം ഖാദിമാരും ഇസ്‌ലാംമതവും മാറുമറക്കാനുള്ള ദലിത് അവകാശങ്ങള്‍ക്ക് വഹിച്ച പങ്കും രേഖപ്പെടുത്തിയ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്. മലയാളത്തിലെ ആദ്യ നോവലായി കരുതുന്ന ആര്‍ച്ച് ഡീക്കന്‍ കോശി രചിച്ച 'പുല്ലേലി കുഞ്ചു' ജാതീയമായ അടിച്ചമര്‍ത്തലുകളെയാണ് അവതരിപ്പിക്കുന്നത്. പുല്ലേലി കുഞ്ചു രചിച്ചു പത്തു വര്‍ഷം കഴിഞ്ഞു 1892 ലാണ് പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതീ വിജയം' പ്രസിദ്ധീകരിച്ചത്. കുഞ്ഞമ്പു ദലിതര്‍ക്ക് വേണ്ടി സാമൂഹിക ഇടപെടല്‍ നടത്തിയതിന്റെ പേരില്‍ ജന്മംകൊണ്ട് തിയ്യനായിട്ടും പുലയന്‍ കുഞ്ഞമ്പുവായി വിളിക്കപ്പെട്ട വ്യക്തിയാണ്. മാത്രമല്ല കുഞ്ഞമ്പുവിന്റെ നോവലില്‍ കുബേരന്‍ നമ്പൂതിരി ഒരു വശത്ത് മനുസ്മൃതിയും മറുവശത്തു മതംമാറി ആധുനിക വിദ്യാഭ്യാസം നേടി ജഡ്ജ് ആയ ദലിതനായിരുന്ന മരത്തന്‍ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭവവും ആണു വര്‍ണിക്കുന്നത്. തൊട്ടടുത്ത തമിള്‍ നാട്ടില്‍ ആദ്യത്തെ നോവലായി കരുതപ്പെടുന്ന 'പ്രതാപ മുതലിയാര്‍' ചരിത്രത്തിലും ആധുനിക വിദ്യാഭ്യാസം നേടി ജാതിയെ പ്രതിരോധിക്കുന്ന കഥയാണ് വേദനായകം പിള്ളൈ പറയുന്നത്.


എന്നാല്‍, നമ്മുടെ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തില്‍ നിന്നും കീഴാള ഉയിര്‍പ്പുകളെല്ലാം മയ്ച്ചുകളയാനും ചന്ദുമേനോന്റെ വീട്ടു വര്‍ത്തമാനത്തിലേക്കും സവര്‍ണ പുരുഷ ലാവണ്യ ബോധത്തിലേക്കും മലയാളികളുടെ കലാ സാഹിത്യ സങ്കല്‍പ്പങ്ങളെ വെട്ടിച്ചുരുക്കാനും സാഹിത്യ വിശാരദന്‍മാര്‍ക്ക് കഴിഞ്ഞെന്നതാണ് സത്യം. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും കുത്തകയിലൂടെയാണ് യഥാര്‍ഥത്തില്‍ കീഴാള സാംസ്‌കാരിക ധാരകളെ അദൃശ്യപ്പെടുത്തുകയും ബ്രാഹ്മന്യത്തെ മാന്യമായി നിലനിര്‍ത്തുകയും ചെയ്തത്.

ജാതി വ്യവസ്ഥയുടെ സാധൂകരണ യുക്തി ദൈവകേന്ദ്രിത ബ്രഹ്മണ്യ മതവിശ്വാസ രൂപത്തിലാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ സനാതന ധര്‍മം ജാതിവ്യവസ്ഥ മാത്രമാണെന്ന് തുറന്നു പറഞ്ഞത് ഡോ. അംബേദ്കറാണ്. സവര്‍ണ ബ്രാഹ്മണ്യത്തിന്റെ ഉത്തുംഗ ശൃംഖലയില്‍ നിലനിന്ന അന്നത്തെ സാഹചര്യത്തില്‍ അംബേദ്കര്‍ക്ക് അതിനോടു പോരാടാന്‍ കഴിഞ്ഞു എന്നത് അത്ഭുതകരമാണ്.

ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നത് രണ്ടുതരം അധികാരം നിരന്തരം പ്രയോഗിച്ച് കൊണ്ടാണ്. ഒന്നു സാമ്പത്തിവും കായികവുമായ അധികാരമാണ്, ഇത് പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയും; പത്തൊന്‍പതാം നൂറ്റാണ്ടു എന്ന സിനിമയില്‍ കാണുന്ന പോലെ ദലിത് സ്ത്രീയായ നങ്ങേലിയുടെ മാറിടം പരസ്യമായി അരിഞ്ഞെടുക്കുന്ന അധികാര വ്യവസ്ഥ. മറുവശത്തു സൂക്ഷ്മതലത്തില്‍ അധികാരത്തെ സാധൂകരിക്കുന്ന നിത്യസാന്നിധ്യമായി, മിക്കവാറും അദൃശ്യമായി പ്രവര്‍ത്തിക്കുന്ന ആശയാധികാര വ്യവസ്ഥയാണ്. ജാതി വ്യവസ്ഥയുടെ സാധൂകരണ യുക്തി ദൈവകേന്ദ്രിത ബ്രഹ്മണ്യ മതവിശ്വാസ രൂപത്തിലാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ സനാതന ധര്‍മം ജാതിവ്യവസ്ഥ മാത്രമാണെന്ന് തുറന്നു പറഞ്ഞത് ഡോ. അംബേദ്കറാണ്. സവര്‍ണ ബ്രാഹ്മണ്യത്തിന്റെ ഉത്തുംഗ ശൃംഖലയില്‍ നിലനിന്ന അന്നത്തെ സാഹചര്യത്തില്‍ അംബേദ്കര്‍ക്ക് അതിനോടു പോരാടാന്‍ കഴിഞ്ഞു എന്നത് അത്ഭുതകരമാണ്. അദ്ദേഹം പോരാടിയെന്ന് മാത്രമല്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നിയമനിര്‍മാണങ്ങളില്‍, ഭരണഘടനയില്‍ ജാതിനിര്‍മൂലനത്തിനും അസ്പൃശ്യരഹിത ജീവിത വ്യവസ്ഥയ്ക്കും ഇടമുണ്ടാക്കാനും സാധിച്ചു എന്നതാണു വാസ്തവം. സമാരോത്സുകതയും പാണ്ഡിത്യവും പ്രതിബദ്ധതയും ഒരുമിക്കുമ്പോള്‍ വിസ്മയകരമായ മാറ്റങ്ങള്‍ക്ക് കരണമാകാന്‍ കഴിയുമെന്നതിന്റെ തെളിവാണ് അംബേദ്കര്‍. ജാതിക്കെതിരായ സമരം അംബേദ്കറില്‍ ഒതുങ്ങുന്നില്ല.


കേരളത്തില്‍ നിലനിന്ന ജാതീയത ഇന്ത്യയില്‍ നിലനിന്ന ആശയാധികാര വ്യവസ്ഥയായ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നതിന് ധാരാളം തെളിവുകള്‍ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. ബ്രാഹ്മണര്‍ ദൈവീക കാര്യങ്ങള്‍ നോക്കുന്നവരും അതിനാല്‍ ദൈവേച്ഛ പ്രകാരം സമ്പത്തും ജ്ഞാനവും കയ്യടക്കി വെച്ചിരുന്ന വര്‍ഗവുമായി നൂറ്റാണ്ടുകളോളമായി ഇവിടെ നിലനിന്നു. ബ്രഹ്മസ്വവും ദേവസ്വവും അധികമൊന്നും പഴക്കമില്ലാത്ത കേരളീയ ഭൂതകാലത്തെയാണ് പ്രതിനിദാനം ചെയ്യുന്നത്. എന്നും ബ്രാഹ്മണ്യം നിലനിന്നത് സനാതന മൂല്യസങ്കല്‍പ്പത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ജന്മി നാടുവാഴി സാമൂഹിക ക്രമത്തില്‍ ബഹുജനങ്ങള്‍ ഭരണകൂട ആശയങ്ങളായ വര്‍ണവ്യവസ്ഥയെ പിന്തുടര്‍ന്നാണ് നൂറ്റാണ്ടുകളായി ജീവിക്കുന്നതു. അതിനൊരു വിള്ളല്‍ ഉണ്ടാക്കിയത് ഇവിടെ ക്രിസ്തു മതവും ഇസ്‌ലാം മതവും പ്രചരിച്ചതോട് കൂടിയാണ്. തുടര്‍ന്ന് ആധുനിക വിദ്യാഭ്യാസവും ദേശീയ പ്രക്ഷോപങ്ങളും മാറ്റങ്ങള്‍ക്ക് നിദാനമായി. ആധുനിക ഇന്ത്യ യഥാര്‍ഥത്തില്‍ കൊളോനിയല്‍ ആധുനികതയുടെയും ദേശീയ സമരങ്ങളുടെയും സമ്മിശ്ര ഫലമായാണ് രൂപപ്പെട്ടത്. അത് റാഡ് ക്ലിഫ് ബ്രൌണ്‍ തയാറാക്കിയ അതിരുകള്‍ മാത്രമല്ല. ജന്മിത്ത വിരുദ്ധവും കൊളോനിയല്‍ വിരുദ്ധവുമായ സമരങ്ങള്‍ക്കും ആധുനിക വിദ്യാഭ്യാസത്തിനും അതില്‍ പങ്കുണ്ട്. അങ്ങിനെയാണ് സരസ്വതീ വിജയത്തില്‍ പുലയനായ മരത്തന്‍ ഇംഗ്ലീഷ് പഠിച്ചു ക്രിസ്തു മതം സ്വീകരിച്ചു ജഡ്ജ് ആയി കുബേരന്‍ നമ്പൂതിരിയെ വിചാരണ ചെയ്യുന്നത്. 1892-ല്‍ അങ്ങിനെ, ചോദ്യങ്ങള്‍ ചോദിക്കാനും എഴുതാനും സാഹചര്യമുണ്ടായിരുന്ന കേരളത്തില്‍ എങ്ങിനെയാണ് ഇന്നും ശബരിമലയിലേക്ക് ഉണ്ണിയപ്പം ലേലം വിളിച്ചത്തിന് സവര്‍ണരാള്‍ ഒരു ദലിതനെ ജാതിവിളിച്ച് അധിക്ഷേപിച്ചുകൊണ്ട് ആക്രമിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണാവകാശം നിയമാനുസൃതമായി സൂക്ഷിയ്ക്കുന്ന ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയായിട്ടും കെ. രാധാകൃഷ്ണനെ അവഹേളിക്കാന്‍ കഴിയുന്നത്. എന്തുകൊണ്ടാണ് ഇന്നും പ്രശസ്തമായ വൈക്കം സത്യഗ്രഹം നടന്ന ക്ഷേത്രത്തില്‍ പൂജാരികളായ ബ്രാഹ്മണര്‍ക്ക് പ്രത്യേകം വഴി നിലനില്‍ക്കുന്നത്?

അരുവിപ്പുറത്തെ പ്രതിഷ്ഠയെ ഒരു കല്ലില്‍ മറ്റൊരു കല്ലെടുത്ത് വെച്ചതായ ലളിതവത്കരണ യുക്തി ബ്രാഹ്മണ്യത്തെ ബലപ്പെടുത്തുകയാണ് ചെയ്തത്. പ്രതിഷ്ഠക്ക് ബ്രാഹ്മണര്‍ ആവശ്യമില്ലെന്നും കണ്ണും നിനവുമുള്ളവര്‍ ഇനമേതെന്ന് കേള്‍ക്കില്ലെന്നും ഗുരു ആവര്‍ത്തിച്ചു പറഞ്ഞത് വൈദീക കേന്ദ്രിത ബ്രാഹ്മണ്യത്തിന്റെ ശിരസ്സ് തകര്‍ക്കാനായിരുന്നു.

ഒരു മന്ത്രി അനുഭവിച്ച അവഹേളനത്തെ എന്തുകൊണ്ട് അപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. വാസ്തവത്തില്‍ മന്ത്രി അപ്പോള്‍ തന്നെ വേദിയില്‍ അദ്ദേഹത്തിന്റെ പ്രതിഷേധം പ്രകടിപ്പിച്ചതാണ്. അന്ന് രേഖപ്പെടുത്തിയ വീഡിയോ ആണ് ഇപ്പോള്‍ പല മുഖ്യധാരാ മാധ്യമങ്ങളിലും കാണാനിടയായത്. വാസ്തവത്തില്‍ ബഹുമാനപ്പെട്ട മന്ത്രി വീണ്ടും ഒരു സന്ദര്‍ഭമുണ്ടായപ്പോള്‍ പഴയ അനുഭവം ഓര്‍മിച്ചത് രാജ്യത്തും സംസ്ഥാനത്തും കാര്യങ്ങള്‍ വഷളാകുന്ന വര്‍ത്തമാന അവസ്ഥ ശ്രദ്ധയില്‍പെട്ടത് കൊണ്ടാണ്. അങ്ങിനെ ആവര്‍ത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ മാത്രമാണു മാധ്യമങ്ങള്‍ ഇത് ചര്‍ച്ചാ വിഷയമാക്കിയത്. പറഞ്ഞുവരുന്നത്, കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചങ്ങള്‍ മൂടി വെക്കുന്നതില്‍ മാധ്യമങ്ങളും മറ്റ് മുഖ്യധാരാ സ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന വസ്തുതയാണ്. അതിനേക്കാളുപരി പുരോഗമന മതേതര ചിന്താഗതി വെച്ചു പുലര്‍ത്തുന്ന മലയാളികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന സവര്‍ണ ബ്രാഹ്മണ പ്രത്യശാസ്ത്രമാണ് ഇത്തരരത്തിലൊരു വിരോധാവസ്ഥ സൃഷ്ടിക്കുന്നത്. തെറ്റ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനു തയാറാവാതെ ചെയ്ത അവഹേളനയെ ന്യായീകരിക്കുന്നതിന് എങ്ങിനെ തന്ത്രിമാര്‍ക്ക് കഴിയുന്നു. ഇപ്പോഴും എന്തുകൊണ്ട് ഇത്രയും ധാര്‍ഷ്ട്യം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു എന്നത് മലയാളിയുടെ മൗനത്തിന് നേരെയാണ് വിരല്‍ ചൂണ്ടുന്നത്.

ജാതി നിര്‍മൂലനത്തിന് ബ്രാഹ്മണരുടെ ആത്മീയ നേതൃത്വത്തെ നിരാകരിക്കുകയെന്ന സാഹസിക ദൗത്യമാണ് ശ്രീ നാരായണഗുരു ആദ്യവസാനം നടപ്പാക്കാന്‍ ശ്രമിച്ചത്. 1888 ലെ അരുവിപ്പുറത്തെ പ്രതിഷ്ഠയില്‍ തുടങ്ങിയ ആ പ്രവര്‍ത്തനത്തെ അര്‍ഹിക്കും വിധം തിരിച്ചറിഞ്ഞു ഏറ്റെടുക്കാന്‍ കേരളത്തിലെ സാംസ്‌കാരിക നേതൃത്വത്തിനോ, രാഷ്ട്രീയ നേതൃത്വത്തിനോ കഴിഞ്ഞില്ല. അരുവിപ്പുറത്തെ പ്രതിഷ്ഠയെ ഒരു കല്ലില്‍ മറ്റൊരു കല്ലെടുത്ത് വെച്ചതായ ലളിതവത്കരണ യുക്തി ബ്രാഹ്മണ്യത്തെ ബലപ്പെടുത്തുകയാണ് ചെയ്തത്. പ്രതിഷ്ഠക്ക് ബ്രാഹ്മണര്‍ ആവശ്യമില്ലെന്നും കണ്ണും നിനവുമുള്ളവര്‍ ഇനമേതെന്ന് കേള്‍ക്കില്ലെന്നും ഗുരു ആവര്‍ത്തിച്ചു പറഞ്ഞത് വൈദീക കേന്ദ്രിത ബ്രാഹ്മണ്യത്തിന്റെ ശിരസ്സ് തകര്‍ക്കാനായിരുന്നു. എന്നാല്‍, കേരളത്തിലെ ഹിന്ദു ദേവാലയങ്ങള്‍ ബ്രാഹ്മണ മുക്തമാക്കാന്‍ തുടര്‍ നവോത്ഥാനങ്ങളോ സാംസ്‌കാരിക ഇടപെടലുകളോ നടന്നില്ല. അതിനാല്‍ ബ്രാഹ്മണ്യം ഉല്‍പാദിപ്പിച്ച ശുദ്ധിവാദം ഇപ്പൊഴും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാ ശുദ്ധി കലശങ്ങളും ബ്രാഹ്മണ്യ ശുദ്ധി സങ്കല്‍പ്പത്തെ അധികരിച്ചാണ് നടക്കുന്നതു. ബ്രാഹ്മണ്യത്തിന് മനുവാദ കേന്ദ്രിത ശ്രേണീബദ്ധ ജാതിഘടന ഉറപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നത് ബ്രാഹ്മണര്‍ ദൈവത്തിന്റെ നേരാവകാശികളായി സര്‍വ ദേവാലയങ്ങളും നിയന്ത്രിക്കുന്നതിനാലാണ്. ബ്രാഹ്മണരെയും പശുക്കളെയും രക്ഷിക്കുകയെന്ന മനുവാദമാണ് ഇന്ന് എങ്ങും മുഴങ്ങിക്കേല്‍ക്കുന്നത്.

ഇന്ത്യയില്‍ സംഘ്പരിവാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യം മുന്നോട്ട് വെക്കുന്നത് സ്വച്ഛ ഭാരതം എന്ന സങ്കല്‍പ്പമാണ്. സ്വച്ഛം അഥവാ ശുദ്ധം എന്നത്തിന് മറുവശത്തു അശുദ്ധിയെ ആണ് കാണുന്നത്. ഇവിടെ പൗരത്വം മുതല്‍ 2014 നു ശേഷ മുണ്ടായ സര്‍വ വിഭാഗീയതകളും ആള്‍കൂട്ട കൊലകളും ശുദ്ധി/അശുദ്ധി സങ്കല്‍പ്പത്തില്‍ നടക്കുന്നതാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. എല്ലാ ശുദ്ധി കലശങ്ങളും ബ്രാഹ്മണ്യ ശുദ്ധി സങ്കല്‍പ്പത്തെ അധികരിച്ചാണ് നടക്കുന്നതു. ബ്രാഹ്മണ്യത്തിന് മനുവാദ കേന്ദ്രിത ശ്രേണീബദ്ധ ജാതിഘടന ഉറപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നത് ബ്രാഹ്മണര്‍ ദൈവത്തിന്റെ നേരാവകാശികളായി സര്‍വ ദേവാലയങ്ങളും നിയന്ത്രിക്കുന്നതിനാലാണ്. ബ്രാഹ്മണരെയും പശുക്കളെയും രക്ഷിക്കുകയെന്ന മനുവാദമാണ് ഇന്ന് എങ്ങും മുഴങ്ങിക്കേല്‍ക്കുന്നത്.

വാസ്തവത്തില്‍ 1959 ലെ വിമോചന സമരം മുതല്‍ ശബരിമല ശൂദ്ര കലാപം വരെയും ലക്ഷ്യമിട്ടത് കേരളത്തിലുയര്‍ന്നു വന്ന ആധുനിക മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നതിനായിരുന്നെന്ന് കാണാന്‍ വിഷമമില്ല. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ അനുവാദം കൊടുത്തത് സുപ്രീം കോടതിയാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിച്ചു കൊണ്ട് ബാബരി മസ്ജിദ് പൊളിച്ചത് പോലെ സ്ത്രീ പ്രവേശ വിരുദ്ധ കലാപം അഴിച്ചു വിടുകയാണ് ചെയ്തത്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. ജാതിയില്ലെന്ന് തൊലിപ്പുറമേ പറഞ്ഞതുകൊണ്ടു മാത്രം യാതൊന്നും മാറാന്‍ പോകുന്നില്ല. പ്രതിനിദാന ചര്‍ച്ചകളെയും ദലിത് കീഴാള ന്യൂനപക്ഷ അവകാശ സംവാദങ്ങളെയും ഭയപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ മന്ത്രി കെ. രാധാകൃഷ്ണനെ അവഹേളിച്ചവരെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നവരാണ്. കാരണം, നിലനില്‍ക്കുന്ന ആശയാധികാരത്തെ ചോദ്യം ചെയ്യാന്‍ അതിനു ഇരയാകുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനിവാര്യമാണ്. ആ ചോദ്യങ്ങള്‍ ഇനി ഇന്ത്യ മുഴുവന്‍ ഉയരേണ്ടത് മതേതര ജനാധിപത്യ ബഹു-സംസ്‌കാര ഇന്ത്യക്ക് അനുപേക്ഷണീയമാണ്.

TAGS :