Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 30 May 2024 10:01 AM GMT

ഫെഡറലിസത്തെ തകര്‍ത്ത മോദിയുഗം

ഭരണ സംവിധാനങ്ങളുടെ കേന്ദ്രീകരണത്തിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷമായ ഫെഡറലിസത്തെ മോദി ഗവണ്‍മെന്റ് ഇല്ലാതാക്കി. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 10

ഫെഡറലിസത്തെ തകര്‍ത്ത മോദിയുഗം
X

മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍

> എല്ലാ സംസ്ഥാനങ്ങളുടെയും തുല്യമായ വികസനം, ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല.

> എല്ലാ പാരമ്പര്യ ഭാഷകളെയും പ്രോത്സാഹിപ്പിക്കും.

എന്നാല്‍ എന്താണ് സംഭവിച്ചത്?

> അധികാരത്തിന്റെ കേന്ദ്രീകരണം: ഫെഡറല്‍ ഘടനയുള്ള സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ. എന്നാല്‍, മോദി, സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരത്തെ തകര്‍ക്കുന്ന നിയമങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ഈ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുകയാണ്. മാത്രമല്ല, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍, നിയമിക്കപ്പെടുന്ന ഗവര്‍ണ്ണര്‍മാര്‍ സമാന്തര സര്‍ക്കാരുകള്‍ നടത്തുന്നതും സംസ്ഥാന സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ഒരു പൊതുകാഴ്ചയായി മാറി. കേന്ദ്രം നിയമിച്ച ഈ ഗവര്‍ണര്‍മാര്‍ ബി.ജെ.പിയുടെ പാവകളായി പ്രവര്‍ത്തിക്കുകയും സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനും ജനവിധി നിരസിച്ച് ആ സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തില്‍ പ്രതിഷ്ഠിക്കാനും സഹായിക്കുന്നു.

'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ ബി.ജെ.പി ഉന്നയിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന അതേസമയം തന്നെ എല്ലാ സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പും നടത്താനുള്ള ഉദ്ദേശമാണ് ഇതിന് പിന്നില്‍. ഇത് അധികാര കേന്ദ്രീകരണത്തെ കൂടുതല്‍ ദൃഢമാക്കുകയും സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആവുകയും ചെയ്യും.

> ഫണ്ടുകളുടെ നിയന്ത്രണം: ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ പിരിച്ചെടുക്കുന്ന എല്ലാ നികുതിയും കേന്ദ്ര സര്‍ക്കാരിലേക്കാണ് പോകുന്നത്, അല്ലാതെ സംസ്ഥാന ഖജനാവിലേക്കല്ല. ചില സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന തുക ക്രമരഹിതമായി ലഭിക്കുന്ന രീതി പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നികുതി മടക്കിനല്‍കുന്നതിന് തുല്യവും ശാസ്ത്രീയവുമായ മാര്‍ഗം ഉണ്ടായിരിക്കണം. എന്നാല്‍, ഇവിടെ നികുതിയുടെ ന്യായമായ വിഹിതത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് യാചിക്കുകയാണ്. ജി.എസ്.ടി പോലുള്ള നടപടികളിലൂടെ സംസ്ഥാന സര്‍ക്കാരുകളെ സ്വയം പ്രാപ്തമാക്കുന്നതിന് പകരം ഫണ്ടിനായി കേന്ദ്രത്തെ ആശ്രയിക്കാനാണ് ബി.ജെ.പി പ്രേരിപ്പിച്ചത്.

ഇന്ത്യയിലെ പല പ്രദേശങ്ങളും കാലാവസ്ഥാ പ്രതിസന്ധിയിലാണ്, വെള്ളപ്പൊക്ക സാധ്യതയുള്ളതോ വരള്‍ച്ച സാധ്യതയുള്ളതോ ആയ. ഇത്തരം സ്ഥലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മതിയായ സംസ്ഥാന അടിയന്തര ഫണ്ട് നല്‍കുന്നില്ല.


കോവിഡ് -19 മഹാമാരിയുടെ സമയത്ത്, മിക്ക സംസ്ഥാനങ്ങളും പകര്‍ച്ചവ്യാധി തടയാന്‍ ശ്രമിക്കുമ്പോള്‍, സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സാഹചര്യം ഉപയോഗിച്ചത്. മാത്രമല്ല, രോഗികള്‍ക്ക് ഉചിതമായ വൈദ്യസഹായം നല്‍കുന്നതിനുപകരം, ഫാര്‍മസി കമ്പനികളെ സഹായിച്ച് അതില്‍ നിന്നും എങ്ങനെ ലാഭം ഉണ്ടാക്കാം എന്ന് ആലോചിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

വികലമായ വികസനം: എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യവികസനത്തിനുള്ള സാധ്യത ഉണ്ടായിരിക്കണം. എന്നാല്‍, ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളും പ്രദേശങ്ങളും മോദി ഭരണകൂടം നല്‍കിയ വാഗ്ദാനങ്ങള്‍ക്കിടയിലും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. വര്‍ധിച്ചുവരുന്ന ദാരിദ്ര്യവും ക്ഷാമവും കാരണം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്ക് വലിയ തോതില്‍ കുടിയേറ്റം നടന്നിട്ടുണ്ട്. പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും, കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നാം ഭീകരമായ കുടിയേറ്റ പ്രതിസന്ധികള്‍ കണ്ടതാണ്. ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സഹായിക്കാതെ സ്വയം പ്രതിരോധിക്കാന്‍ വിട്ടപ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ കൂടുതല്‍ വഷളാവുകയാണ് ഉണ്ടായത്.

ചില സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ, വ്യാവസായിക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമ്പോള്‍, മറ്റ് സംസ്ഥാനങ്ങള്‍ ധാതു, തൊഴില്‍ കരുതല്‍ ശേഖരങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത് സുസ്ഥിര വികസന മാതൃകയല്ല. സംസ്ഥാനത്തിന്റെ പ്രത്യേകതയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ വികസന മാതൃക ഉണ്ടാകണം. പകരം സംസ്ഥാനങ്ങള്‍ പരസ്പരം മത്സരിക്കുന്നു.

സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പ്രകോപനം ഉണ്ടാക്കുന്നു: സാമുദായിക സൗഹാര്‍ദ്ദത്തിന്റെ നീണ്ട ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഭരണസംവിധാനം ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും, വ്യത്യസ്ത മതങ്ങളും വ്യത്യസ്തത വംശങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹം നൂറുകണക്കിന് വര്‍ഷങ്ങളായി സമാധാനത്തോടെ ജീവിക്കുന്നു. ബുദ്ധന്‍, നാരായണ ഗുരു, കബീര്‍ദാസ്, ഗുരു നാനാക്ക് തുടങ്ങിയ സന്യാസിമാരെയും സൂഫികളെയും സൃഷ്ടിച്ച രാജ്യത്ത് ഇപ്പോള്‍ ബി.ജെ.പി വിതച്ച വിത്തുകള്‍ കാരണം വിഷം കലര്‍ന്നിരിക്കുകയാണ്.

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും പലതരത്തിലുള്ള മുന്‍വിധികള്‍ ആളിക്കത്തിക്കുകയും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനമാവുകയും ചെയ്യുന്നത് ഇന്ത്യയിലെ വിവിധ സന്യാസിമാരുടെയും തത്വചിന്തകരുടെയും തത്വങ്ങളോടുള്ള വലിയ വഞ്ചനയാണ്.

ഒറ്റ ഭാഷ നയം: സംസ്ഥാന ഭാഷകളെ മാറ്റിനിര്‍ത്തുന്നു. പകരം പല സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണ്, ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത അമര്‍ഷം സൃഷ്ടിക്കുന്നു.

(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ വിവര്‍ത്തനം: അലി ഹസ്സന്‍


TAGS :