Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 17 April 2024 1:21 AM GMT

കര്‍ഷകരോട് മോദി ചെയ്ത വഞ്ചന - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 03

ഇന്ത്യന്‍ കര്‍ഷകരോടുള്ള മോദി സര്‍ക്കാരിന്റെ വഞ്ചന തുടരുകതന്നെയാണ്. ജനവഞ്ചനയുടെ കണക്കെടുപ്പ് ; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 03

കര്‍ഷകരോട് മോദി ചെയ്ത വഞ്ചന - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 03
X

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ദുരിതത്തില്‍ ആവുന്ന കര്‍ഷകര്‍.

നരേന്ദ്രമോദി കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം: സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് ചെലവാകുന്നതിന്റെ ഒന്നര ഇരട്ടിയെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. ഓരോ കര്‍ഷക കുടുംബത്തിനും ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും.

സംഭവിച്ചത്: സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനവും നിറവേറ്റിയില്ല. പകരം, രണ്ടാം തവണ അധികാരത്തില്‍ തിരിച്ചെത്തി ആറ് മാസത്തിന് ശേഷം, സ്വാമിനാഥന്‍ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് മോദി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കാര്‍ഷിക ബജറ്റ് വിഹിതം സര്‍ക്കാര്‍ 30 ശതമാനം കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറച്ചതിനാല്‍ വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ഡീസല്‍ തുടങ്ങിയ മറ്റ് കാര്‍ഷികോല്‍പന്നങ്ങളുടെ വില വര്‍ധിച്ചു.

സര്‍ക്കാര്‍ ക്രമേണ ഫണ്ട് വെട്ടിക്കുറക്കുകയും തൊഴിലുറപ്പ് പദ്ധതികള്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. പദ്ധതിക്ക് ആവശ്യമായ വാര്‍ഷിക ചെലവ് 2.72 ലക്ഷം കോടി രൂപയാണെങ്കിലും 2023-24 ബജറ്റില്‍ 73,000 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. ഇത് യഥാര്‍ഥ ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. എന്ന് മാത്രമല്ല കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയില്ല. രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളാന്‍ മൊത്തം അഞ്ച് ലക്ഷം കോടി രൂപ ആവശ്യമാണ്. എന്നാല്‍, ഫണ്ടിന്റെ അഭാവം കാരണം ഇത് സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഇതേ കാലയളവില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ഏകദേശം 30 ലക്ഷം കോടി രൂപയോളം കടങ്ങള്‍ എഴുതിത്തള്ളി.

യു.പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി പെട്ടെന്ന് ടി.വി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും കര്‍ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. കര്‍ഷക വിരുദ്ധമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഈ ഉറപ്പിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ലക്ഷണങ്ങള്‍ പോലും ഇതുവരെ കാണിച്ചിട്ടില്ല.

കര്‍ഷക കുടുംബങ്ങളുടെ കടബാധ്യതയും 30 ശതമാനം വര്‍ധിച്ചു. അവര്‍ കടക്കെണിയുടെ വലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ദേശീയ ദുരിതാശ്വാസ നിധിയും കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. വെള്ളപ്പൊക്കം, വരള്‍ച്ച, സമാനമായ ദുരന്തങ്ങള്‍ എന്നിവ മൂലം വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല. പകരം, കര്‍ഷകരെ വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സിലേക്ക് തള്ളിവിടുകയായിരുന്നു. കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പൂര്‍ണ്ണമായും സ്വകാര്യ കമ്പനികളുടെ കൈകളിലാണ്. ഇത് കര്‍ഷകരെ കൂടുതല്‍ ചൂഷണത്തിന് ഇരയാക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1,74,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതിനര്‍ഥം ഓരോ ദിവസവും ശരാശരി 30 കര്‍ഷകര്‍ ജീവിതത്തിന്റെ കാഠിന്യം താങ്ങാന്‍ കഴിയാത്തതിനാല്‍ മരണത്തില്‍ അഭയം പ്രാപിക്കുന്നു എന്നാണ്.


കാര്‍ഷിക വിളകളുടെ വളരെ കുറഞ്ഞ വില, ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ, കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളുടെ അഭാവം എന്നിവ കാരണം ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള കര്‍ഷകരുടെ കുടിയേറ്റം രൂക്ഷമാവുകയാണ്. 2016 മുതല്‍ 2023 വരെയുള്ള ആറുവര്‍ഷത്തിനിടെ നാല് കോടി ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറി.

കര്‍ഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അധാര്‍മിക ഭേദഗതി നിയമങ്ങളിലൂടെ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റികള്‍ (എ.പി.എം.സി) അടച്ചുപൂട്ടുകയാണ്. ഭൂനിയമത്തിലെ ഭേദഗതികള്‍ കമ്പനികള്‍ക്ക് കര്‍ഷകരുടെ ഭൂമി എളുപ്പത്തില്‍ ഏറ്റെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ കര്‍ഷകര്‍ ഒരു വര്‍ഷത്തിലേറെ ഡല്‍ഹിയിലെ തെരുവുകളില്‍ വിശ്രമമില്ലാതെ പ്രതിഷേധിച്ചു. ഇവ തീവ്രവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായിരുന്നു. ഈ പോരാട്ടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 752 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലഖിന്‍ ഖേരിയില്‍ ബിജെപി എം.പി അജയ് മിശ്ര തേനിയുടെ മകന്‍, സമാധാനപരമായി നടന്ന പ്രതിഷേധത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ എട്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഈ പ്രവൃത്തി എല്ലാവരുടെയും കണ്‍മുന്നിലാണ് നടന്നത്. പക്ഷേ, അജയ് മിശ്രയെ മന്ത്രാലയത്തില്‍ നിന്ന് നീക്കം ചെയ്യുകയോ അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കുകയോ ചെയ്തില്ല. കര്‍ഷകരെ ഭയപ്പെടുത്താനും പിരിച്ചു വിടാനും മറ്റ് പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും അവര്‍ അനങ്ങിയില്ല. പിന്നീട്, ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി പെട്ടെന്ന് ടി.വി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും കര്‍ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ലക്ഷണങ്ങള്‍ പോലും ഇതുവരെ കാണിച്ചിട്ടില്ല. ഇന്ത്യന്‍ കര്‍ഷകരെ മോദി സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.

എന്താണ് ഇതിനുള്ള കാരണങ്ങള്‍?

കാരണം വ്യക്തമാണ്, കര്‍ഷകരെ അവരുടെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനും ഭൂമിയുടെ അവകാശം കവര്‍ന്നെടുക്കാനും അവരുടെ കൃഷിയിടങ്ങളും ഉല്‍പ്പന്നങ്ങളും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അദാനിയും അംബാനിയും കാര്‍ഷിക മേഖലയില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കര്‍ഷകര്‍ ഉപയോഗിക്കുന്ന വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ട്രാക്ടറുകള്‍, ഉഴവുകള്‍, മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ നിയന്ത്രണം കര്‍ഷകര്‍ക്കാണ്. ഇപ്പോള്‍ അവരുടെ ശ്രദ്ധ കര്‍ഷകരുടെ ഭൂമിയിലും വിളകളിലുമാണ്. അതിനാല്‍ എ.പി.എം.സി നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം, ലാന്‍ഡ് ലീസിംഗ് ആക്ട് എന്നിവ ഭേദഗതി ചെയ്യാന്‍ അവര്‍ സമ്മര്‍ദം ചെലുത്തുന്നു. ഒന്നുകില്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുക, അല്ലെങ്കില്‍ അവരുടെ വിളകളെ നിയന്ത്രിക്കുക. പ്രാഥമിക വിളകളുടെ നിയന്ത്രണം, കോര്‍പ്പറേഷനുകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിളകള്‍ അവര്‍ക്ക് നേരിട്ട് വിതരണം ചെയ്യുക എന്നതാണ് കോര്‍പ്പറേറ്റ് നിലപാട്. കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ സാധ്യമായ എല്ലാ വഴികളിലും കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുകയാണ്. കാര്‍ഷിക മേഖലയെയും കര്‍ഷക സമൂഹത്തെയും ദുര്‍ബലപ്പെടുത്താനുള്ള കോര്‍പ്പറേറ്റ് അജണ്ടകളുമായി സര്‍ക്കാര്‍ കൂട്ടുകൂടുകയാണ്.

അവരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍, രാജ്യത്തുടനീളമുള്ള കര്‍ഷക സംഘടനകള്‍ ഒറ്റക്കെട്ടായി ജീവന്‍മരണ പോരാട്ടത്തിലാണ്. കര്‍ഷകരെ ഭീകരവാദികളായി കണ്ട് ഭയം വളര്‍ത്താനും അവരുടെ പോരാട്ടത്തെ അടിച്ചമര്‍ത്താനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പോരാട്ടം വിജയിച്ചാല്‍ മാത്രമേ കര്‍ഷക സമൂഹം അതിജീവിക്കുകയുള്ളൂ. അല്ലാത്തപക്ഷം, അവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട, നിരാലംബരായ തൊഴിലാളികളായി മാറും.

(തുടരും) കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ.

വിവര്‍ത്തനം: അലി ഹസ്സന്‍

TAGS :