Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 12 Oct 2023 5:09 AM GMT

അന ദമ്മി ഫലസ്തീനി..

ഫലസ്തീന്‍ കൃഷിയിടങ്ങള്‍ വെട്ടിനിരത്തി, തൊഴില്‍ തേടി പോകാന്‍ വഴിയില്ലാതാക്കി, കുടിവെള്ള സ്രോതസുകള്‍ കോണ്‍ക്രീറ്റ് ഒഴിച്ച് അടച്ചു, വൈദ്യുതി നിലയങ്ങളിലേക്കുള്ള ഇന്ധനം തടഞ്ഞു, ആശുപത്രികളും വിദ്യാലയങ്ങളും ബോംബിട്ട് തകര്‍ത്തു. ഇങ്ങിനെയൊക്കെ ആ ജനതയെ ജീവിക്കാന്‍ അനുവദിക്കാത്ത വിധം അടിച്ചമര്‍ത്തിയപ്പോള്‍ ഇല്ലാതിരുന്ന എന്ത് നൈതികതയാണ് ഇപ്പോള്‍ ലോക രാഷ്ട്ര നേതാക്കള്‍ എടുത്തു കാട്ടുന്നത്?

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം
X

ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് ഗസ്സയിലെ ഹമാസ് പോരാളികള്‍ ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള ഇസ്രായേലിലേക്ക് ആക്രമണം നടത്തിയിട്ട് ആറു ദിവസം പിന്നിടുന്നു. അക്രമം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലോക നേതാക്കള്‍-ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കം നടത്തിയ പ്രസ്താവനകള്‍ അതിവിചിത്രങ്ങളായതായിരിന്നു എന്ന് വേണം പറയാന്‍. ഇന്നിപ്പോള്‍ പാശ്ചാത്യരാജ്യ തലസ്ഥാനങ്ങളില്‍ പ്രധാന കെട്ടിടങ്ങള്‍ എല്ലാം ഇസ്രായേല്‍ പതാക കൊണ്ട് അലങ്കരിച്ചു അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന കാഴ്ച കാണുമ്പോള്‍ തന്നെ, തെരുവില്‍ സാധാരണ മനുഷ്യര്‍, തങ്ങള്‍ ഫലസ്തീന്‍ ജനതയ്ക്കു ഒപ്പമാണ് എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ജാഥകള്‍ നയിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1800-കളുടെ അവസാനത്തില്‍ തുടക്കം കുറിച്ച സയണിസം എന്ന ആശയം, രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികളുടെ പതനത്തോടെ അതിശക്തമാകുകയും, ജൂതവംശജര്‍ക്ക് ഒരു രാജ്യം എന്ന നിലയിലേക്ക് വളരുകയുമാണ് ഉണ്ടായത്. ഇതില്‍ തങ്ങളുടെ രഷ്ട്രീയം കലര്‍ത്തി, അന്നത്തെ കൊളോണിയലിസ്റ്റ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇസ്രായേല്‍ രാജ്യത്തിന് പിന്തുണ നല്‍കിയതോടെയാണ് ഇന്നത്തെ നിലയിലേക്കുള്ള ഈ പ്രശ്‌നത്തിന്റെ തുടക്കം എന്ന് ചരിത്രം വായിക്കുന്നവര്‍ക്ക് ഓര്‍മയുണ്ടാകും. ഇസ്രായേല്‍ എന്ന രാജ്യത്തിനുള്ള പിന്തുണ എന്നതിനേക്കാള്‍, ലോകത്തിന് ഇന്ധനം നല്‍കുന്ന പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് ശക്തമായ ഒരു സാന്നിദ്ധ്യം എന്നതാണ് അവര്‍ അന്ന് ഉന്നം വച്ചത്. പെട്രോഡോളറിന് മേല്‍ അമേരിക്കന്‍ ഡോളറിന് മേല്‍ക്കോയ്മ നേടാന്‍ ഈ പ്രദേശത്ത് അരക്ഷിതാവസ്ഥ നിലനിറുത്താന്‍ ഇസ്രയേലിനെ അവര്‍ ഉപയോഗിച്ചു. ഈ തര്‍ക്കത്തില്‍ പെട്ട് വലഞ്ഞത് ഫലസ്തീനിലെ സാധാരണ ജനങ്ങളാണ്.

ഐക്യരാഷ്ട്ര സഭ പോലും പല തവണ ഇസ്രയേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തെ എതിര്‍ത്തപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ എന്ത് നിലപാടാണ് എടുത്തിട്ടുള്ളത്? എന്നിട്ടാണ് ഇപ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒരു ജനത മറ്റ് വഴികള്‍ ഇല്ലാതെ തിരിച്ചടിക്ക് മുതിര്‍ന്നപ്പോള്‍ അതിനെതിരെ നാണമില്ലാതെ പ്രസ്താവനയിറക്കുന്നത്.

കഴിഞ്ഞ എഴുപത് വര്‍ഷത്തെ ഫലസ്തീന്‍ ചരിത്രവും, ഭൂപടവും പഠിക്കുന്നവര്‍ക്ക് ഇന്നത്തെ ഈ യുദ്ധം തുടങ്ങിവെച്ചത് ആരാണ് എന്ന് മനസ്സിലാക്കാന്‍ മഷിയിട്ടു നോക്കുകയൊന്നും വേണ്ട. തലമുറകളായി ഫലസ്തീന്‍ മണ്ണില്‍ ജീവിച്ചു, കൃഷി ചെയ്തു വന്നവരെ ജൂത കുടിയേറ്റത്തിനും, അനധികൃത കോളനികള്‍ക്കും വേണ്ടി പടിയിറക്കി, വന്മതിലുകള്‍ കെട്ടി തുറന്ന ജയിലുകള്‍ക്കുള്ളില്‍ ആക്കിയപ്പോള്‍ എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചത് എന്ന് ചിന്തിച്ചു നോക്കണം. ഇക്കാലയളവില്‍ സ്ത്രീകളും കുട്ടികളമടക്കം എത്രയെത്ര മനുഷ്യരെയാണ് ഇസ്രായേല്‍ രാഷ്ട്ര നിര്‍മിതിക്ക് വേണ്ടി കൊന്നൊടുക്കിയത് എന്നെങ്കിലും കണ്ണ് തുറന്ന് നോക്കണം. ഫലസ്തീന്‍ ജനത ഇസ്രായേല്‍ സൈന്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെടാത്ത ദിവസങ്ങള്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്.


ഒരു വാദത്തിന് ഗസ്സയില്‍ മാത്രം അധികാരമുള്ള ഹമാസിന്റെ ഈ പ്രവൃത്തി തെറ്റായിരുന്നു എന്ന് സമ്മതിച്ചാല്‍ പോലും, ഇത്രയും നാള്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ നരനായാട്ടിന് എന്ത് ന്യായമാണുള്ളത്? ഫലസ്തീന്‍ കൃഷിയിടങ്ങള്‍ വെട്ടിനിരത്തി, തൊഴില്‍ തേടി പോകാന്‍ വഴിയില്ലാതാക്കി, കുടിവെള്ള സ്രോതസുകള്‍ കോണ്‍ക്രീറ്റ് ഒഴിച്ച് അടച്ചു, വൈദ്യുതി നിലയങ്ങളിലേക്കുള്ള ഇന്ധനം തടഞ്ഞു, ആശുപത്രികളും വിദ്യാലയങ്ങളും ബോംബിട്ട് തകര്‍ത്തു. ഇങ്ങിനെയൊക്കെ ആ ജനതയെ ജീവിക്കാന്‍ അനുവദിക്കാത്ത വിധം അടിച്ചമര്‍ത്തിയപ്പോള്‍ ഇല്ലാതിരുന്ന എന്ത് നൈതികതയാണ് ഇപ്പോള്‍ ലോക രാഷ്ട്ര നേതാക്കള്‍ എടുത്തു കാട്ടുന്നത്? ഇങ്ങനെയെല്ലാം ഭീകരമായി ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന എതിരാളിയെ എങ്ങനെ നേരിടണം എന്നാണ് ഇവര്‍ പറയുന്നത്? ലോക പൊലീസ് ചമയുന്ന രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ എത്ര തവണയാണ് ഫലസ്തീനികള്‍ ചര്‍ച്ചക്കിരുന്നിട്ടുള്ളത് എന്ന് അവര്‍ ആലോചിച്ചു നോക്കുന്നത് നല്ലതാണു. രണ്ട് രാഷ്ട്ര ഉടമ്പടിയില്‍ അവര്‍ ഒപ്പ് വച്ചിട്ടും, അവരുടെ നാടും നഗരവും ഒരു നാണവുമില്ലാതെ ഇസ്രായേല്‍ കോളനിവത്കരിച്ചു കൊണ്ടിരുന്നപ്പോള്‍ ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരിക്കുകയായിരുന്നോ? ഐക്യരാഷ്ട്ര സഭ പോലും പല തവണ ഇസ്രയേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തെ എതിര്‍ത്തപ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ എന്ത് നിലപാടാണ് എടുത്തിട്ടുള്ളത്? എന്നിട്ടാണ് ഇപ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒരു ജനത മറ്റ് വഴികള്‍ ഇല്ലാതെ തിരിച്ചടിക്ക് മുതിര്‍ന്നപ്പോള്‍ അതിനെതിരെ നാണമില്ലാതെ പ്രസ്താവനയിറക്കുന്നത്.

നമ്മുടെ ഭരണാധികാരികളുടെ പക്ഷം പിടിക്കാനുള്ള തിടുക്കം കാണുമ്പോള്‍ അറിയാതെ ചോദിച്ചു പോകും, ഡല്‍ഹിയില്‍ നിന്ന് ഏതാണ് അടുത്ത്, ജെറുസലേമോ അതോ മണിപ്പൂരോ? ഫലസ്തീനെ കുറിച്ചോ, ഇസ്രായേല്‍ അധിനിവേശത്തെ സംബന്ധിച്ചോ ഒരു വിവരവുമില്ലാത്ത ഇത്തരക്കാര്‍, ഫലസ്തീന്‍ ജനത മുസ്‌ലിംകളാണ് എന്ന ഒരൊറ്റ വസ്തുത കൊണ്ട് മാത്രമാണ് അവരെ എതിര്‍ക്കുന്നത് എന്നത് ഇസ്‌ലാമയോഫോബിയയുടെ അവസ്ഥാന്തരമല്ലാതെ മറ്റൊന്നുമല്ല.

ഇതൊക്കെ കൊണ്ട് തന്നെയാണ്, ലോകത്ത് കോളനികളായി കഴിഞ്ഞിരുന്ന രാജ്യങ്ങളും, അവിടങ്ങളിലെ സ്വാതന്ത്ര്യത്തിനു വേണ്ടി ദീര്‍ഘകാലം പൊരുതിയ നെഹ്റു, കാസ്‌ട്രോ, മണ്ഡേല തുടങ്ങിയ നേതാക്കളും തുടക്കം മുതലേ ഫലസ്തീനു വേണ്ടി വാദിച്ചത്. പക്ഷെ, ചരിത്രം മറന്ന പഴയ രാജ്യങ്ങളും, ഭരണാധികാരികളും ഇന്ന് ഹിറ്റ്‌ലറേക്കാള്‍ കഠിനഹൃദയനായ നെതന്യാഹുവിന് ഒപ്പമാണ്. ഇസ്രായേലിന് ഒപ്പം, പ്രാര്‍ഥനകള്‍ ഫലസ്തീന്‍ ജനതക്കായി എന്ന കപട നയമാണ് ഇവരില്‍ പലര്‍ക്കും. സ്വന്തം രാജ്യത്ത് നിന്ന് പാടെ തുടച്ചുമാറ്റപ്പെടുന്ന മനുഷ്യരുടെ കണ്ണീര്‍ വറ്റിയ കണ്ണുകള്‍ അധികാരഭ്രമം പിടിച്ച ഈ നേതാക്കള്‍ കാണുന്നില്ല എന്നത് കഷ്ടം തന്നെ.


സ്വാതന്ത്ര്യം നമ്മുടെ ജന്മാധികാരം എന്ന് ചൊല്ലി തന്ന നേതാക്കളുടെ നാടായ ഇന്ത്യയും ഇന്ന് നിഷ്ഠൂരനായ ഹിംസകനൊപ്പമാണ് എന്നത് എന്തൊരു വിരോധാഭാസമാണ്. നാസികളുടെ കൈകളാല്‍ അടിച്ചമര്‍ത്തപ്പെട്ട ജൂതന്മാര്‍ക്ക് വേണ്ടി വാദിക്കുന്നത്, അതെ ഹിറ്റ്‌ലറുടെ നയങ്ങളില്‍ ആകൃഷ്ടരായി സംഘടന കെട്ടിപ്പടുത്ത നേതാക്കളുടെ പിണിയാളുകളായ സംഘ്പരിവാര്‍ അനുകൂലികളാണ് എന്നത് അതിലും പരിഹാസ്യമായ കാര്യമാണ്. ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ട ദിവസം മുതല്‍ ഇസ്രയേലിനെ അനുകൂലിച്ചു ഏറ്റവും അധികം വ്യാജ വാര്‍ത്തകള്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ് എന്നത് നമ്മുടെ രാജ്യത്തിന് നാണക്കടല്ലാതെ മറ്റെന്താണ് നേടിത്തരുന്നത്? നമ്മുടെ ഭരണാധികാരികളുടെ പക്ഷം പിടിക്കാനുള്ള തിടുക്കം കാണുമ്പോള്‍ അറിയാതെ ചോദിച്ചു പോകും, ഡല്‍ഹിയില്‍ നിന്ന് ഏതാണ് അടുത്ത്, ജെറുസലേമോ അതോ മണിപ്പൂരോ? ഫലസ്തീനെ കുറിച്ചോ, ഇസ്രായേല്‍ അധിനിവേശത്തെ സംബന്ധിച്ചോ ഒരു വിവരവുമില്ലാത്ത ഇത്തരക്കാര്‍, ഫലസ്തീന്‍ ജനത മുസ്‌ലിംകളാണ് എന്ന ഒരൊറ്റ വസ്തുത കൊണ്ട് മാത്രമാണ് അവരെ എതിര്‍ക്കുന്നത് എന്നത് ഇസ്‌ലാമയോഫോബിയയുടെ അവസ്ഥാന്തരമല്ലാതെ മറ്റൊന്നുമല്ല. സ്വന്തം രാജ്യത്തിന് വേണ്ടി ത്യാഗം അനുഷ്ഠിക്കേണ്ട സമയത്ത്, അടിച്ചമര്‍ത്തിയവന് ഒപ്പം നിന്ന് പരിചയമുള്ളവരുടെ അണികളോട് വേദമോതിയിട്ട് കാര്യമില്ലല്ലോ!

സ്വരാജ്യത്തിനും, സംസ്‌കാരത്തിനും, ജീവനും വേണ്ടി ഏറ്റവും ബുദ്ധിമുട്ടേറിയ സംഘര്‍ഷത്തിന്റെ നാളുകളിലൂടെ ഫലസ്തീനികള്‍ കടന്നു പോകുമ്പോള്‍, മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും അവര്‍ക്കൊപ്പമല്ലാതെ നില്‍ക്കാന്‍ കഴിയില്ല. പ്രസിദ്ധ ഫലസ്തീന്‍ ഗായകനായ മുഹമ്മദ് അസാഫിന്റെ വരികള്‍ പാടിക്കൊണ്ട് അവര്‍ ജീവന് വേണ്ടി പോരാടുമ്പോള്‍, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ജനങ്ങള്‍ അവര്‍ക്കൊപ്പം പാടും.

എന്റെ മണ്ണില്‍ നിങ്ങള്‍ക്കെന്നെ കാണാം

ഞാന്‍ പൊരുതുന്നത് അവരെ രക്ഷിക്കാനാണ്

എന്റെ ചോര ഫലസ്തീനിയാണ്

അന ദമ്മി ഫലസ്തീനി, അന ദമ്മി ഫലസ്തീനി..





TAGS :