Quantcast
MediaOne Logo

മുഷറഫ്, പാക് ജേഴ്സി, മന്ത്രി റിയാസ്, ഹജ്ജ് സബ്സിഡി - ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്

ഭരണത്തിലെ സര്‍വ മേഖലയിലും വ്യക്തികളെയും അധികാരകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അദൃശ്യകരമായായാണ് മുസ്ലിംകള്‍ ചിത്രീകരിക്കപ്പെടുന്നത്. ഈ പൈശാചിക ശക്തിക്കു വിധേയരായാണ് മുസ്‌ലിമേതര വിഭാഗങ്ങള്‍ കഴിച്ചുകൂട്ടുന്നത്. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02)

Islamophobia Documentation, Islamophobia Kerala Report
X

മുസ്‌ലിംകളെ പറ്റിയുള്ള നുണക്കഥകളും നിഗൂഢവും അദൃശ്യവുമായ സൂചനകളും കൊണ്ടുവരെ മെനഞ്ഞ വലിയൊരു ശ്യംഖലയാണ് ഹിന്ദുത്വ പ്രചാരവേല. സമകാലിക ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന സ്വഭാവമാണ് ഹിന്ദുത്വപ്രചാരവേലയിലൂടെ തെളിയുന്നത്. ജൂലൈ മാസത്തില്‍ നടന്ന അത്തരം മൂന്നു സംഭവങ്ങളുടെ വിശദമായ പരിശോധനയാണ് ഈ ഭാഗം.

കേരളത്തിലെ സി.പി.എം എന്നാല്‍ മുഹമ്മദ് റിയാസ്: കേരളത്തിലെ സി.പി.എമ്മെന്നു പറഞ്ഞാല്‍ ഇപ്പോളതൊരു വ്യക്തിയാണെന്നും എന്നാല്‍, എല്ലാവരും വിചാരിക്കുന്നപോലെ അത് പിണറായി വിജയനല്ല, മുഹമ്മദ് റിയാസാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. പി.എസ്.സി അംഗത്വത്തിന് കോഴവാങ്ങിയതില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതെന്തിനാണെന്ന് സി.പി.എം വ്യക്തമാക്കിയിട്ടില്ല. അത് ജനങ്ങളോടു പറയണം. ഇനി കോഴവാങ്ങിയെന്ന് സമ്മതിക്കുകയാണെങ്കില്‍ ഒരു ടൗണ്‍ ഏരിയാകമ്മിറ്റി അംഗം വിചാരിച്ചാല്‍ കേരളത്തില്‍ പി.എസ്.സി അംഗത്തെ നിയമിക്കാന്‍ കഴിയുമോ എന്നകാര്യം കൂടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. (മാതൃഭുമി. ജൂലൈ 16, പേജ് 4, കോഴിക്കോട് എഡിഷന്‍). കക്ഷിരാഷ്ട്രീയ സ്വഭാവമുള്ള ഒരു വിമര്‍ശനം മാത്രമല്ല മുഹമ്മദ് റിയാസിനെതിരേ അരങ്ങേറുന്നത്. തികച്ചും വംശീയ സൂചനയുള്ള ഹിന്ദുത്വ പ്രചാരണമായി അതു മാറിയിരിക്കുന്നു.

ശരിക്കും ആരാണ് റിയാസ്?

ടി.ജി മോഹന്‍ദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ (ശരിക്കും ആരാണ് റിയാസ്? എ.ബി.സി മലയാളം ചാനല്‍, ടി.ജി മോഹന്‍ദാസ്, വാടയാര്‍ സുനില്‍, 6 ജൂലൈ, 2024) ശ്രദ്ധിച്ചാല്‍ ഹിന്ദുത്വ പ്രചാരണത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേരിട്ട പരാജയത്തെക്കുറിച്ച് പാര്‍ട്ടി വിലയിരുത്തുന്നതിനെ വിമര്‍ശിക്കുമ്പോഴാണ് അദ്ദേഹം തന്റെ വിദ്വേഷയുക്തി അവതരിപ്പിക്കുന്നത്.

മുസ്‌ലിംപ്രീണനവും കടുവയും

മോഹന്‍ദാസിന്റെ നിര്‍ധാരണങ്ങള്‍ പരിചയപ്പെടാം: സി.പി.എം തിരുത്താന്‍ തയ്യാറാവുകയില്ല. അവര്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അവര്‍ത്തന്നെ കൊടുക്കുന്നതാണ്. തങ്ങളുടെയുള്ളില്‍ തിരുത്തല്‍ ശക്തിയുണ്ടെന്നും എതിരഭിപ്രായങ്ങളുണ്ടെന്നും അത് ഞങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. അതിനായിട്ട് പ്ലാന്‍ ചെയ്യുന്ന വാര്‍ത്തകളാണിത്. അകത്തെന്താണ് നടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല.

എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ചില പത്രസമ്മേളനങ്ങള്‍ എം.വി ഗോവിന്ദന്‍ നടത്തും. കാരണം, ഇവര്‍ മുസ്ലിംപ്രീണനമെന്ന കടുവയുടെ പുറത്ത് കയറിപ്പോയി. കയറിയാല്‍ പിന്നെ ഇറങ്ങാന്‍ കഴിയില്ല. ഇറങ്ങിയാല്‍ കടുവ തിന്നും. ഇറങ്ങിയില്ലെങ്കില്‍ കടുവപ്പുറത്ത് തന്നെയിരിക്കേണ്ടിവരും. സി.പി.എമ്മിനെ സംബന്ധിച്ച് ഇനി ഈ കടുവയുടെ പുറത്ത് ഇരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. അവരുടെ ഓരോ ജില്ലകളും ഓരോ ജില്ലാകമ്മിറ്റികളും ഇസ്‌ലാമിക തീവ്രവാദ ശക്തികള്‍ക്ക് കീഴടങ്ങിക്കഴിഞ്ഞു. കൊല്ലം ജില്ല സമ്പൂര്‍ണമായിട്ട് ഇസ്‌ലാമീകരിക്കപ്പെട്ടു. ആലപ്പുഴ ജില്ല സമ്പൂര്‍ണമായിട്ട് മറ്റുള്ളവരെ ശ്വാസംമുട്ടിക്കുന്ന രീതിയില്‍ ആയി. ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തകര്‍ രാജിവച്ചു. പാര്‍ട്ടി സമ്പൂര്‍ണമായിട്ട് ഇസ്‌ലാമിക ശക്തികളുടെ കൈയിലാണ്. അവര്‍ വിചാരിച്ച കാര്യങ്ങളാണ് നടക്കുന്നത്. സി.പി.എമ്മിനകത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ കയറിക്കൂടിക്കഴിഞ്ഞു. ഇനിയിപ്പോ പിണറായി വിജയന്‍ തിരിയുമെന്ന് കണ്ടാല്‍ അദ്ദേഹത്തെ കൊന്നുകളയാന്‍ വരെ അവര്‍ മടിക്കില്ല. അത് പിണറായി വിജയനും അറിയാം. ഇതാണ് കടുവയുടെ പുറത്ത് കേറിയാലുള്ള ദോഷം.

റിയാസും സി.പി.എമ്മും

റിയാസിനെക്കുറിച്ചു നല്‍കുന്ന വിശദീകരണം ഇതിനേക്കാള്‍ വിചിത്രമാണ്: പറയാതെ തന്നെ ഒരു കാര്യമറിയാം, മുഹമ്മദ് റിയാസ് ആണ് മന്ത്രിസഭയില്‍ നമ്പര്‍ രണ്ട്. റിയാസുമായി ആരും ഏറ്റുമുട്ടുന്നില്ല. റിയാസ് സീനിയറായ നേതാവാണോ. അല്ല. അപ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിന് മന്ത്രിസഭയിലെ രണ്ടാമനെന്ന പദവി കിട്ടിയത്. മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ മറ്റു മന്ത്രിമാര്‍ ഇറങ്ങുന്നില്ലെന്ന് റിയാസ് ഒരു ദിവസം പറഞ്ഞു. ഉടനെ എല്ലാ മന്ത്രിമാരും ഇറങ്ങുന്നു. ആര്‍ക്കും പറയാമെങ്കിലും പറഞ്ഞത് റിയാസ് ആണല്ലോ? ഇപ്പോഴും നിയമസഭയില്‍ പ്രോമിനെന്‍സ് നോക്കൂ, പുറത്ത് പ്രോമിനെന്‍സ് നോക്കൂ, മുഹമ്മദ് റിയാസിനാണ്.

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന പരിഗണന മന്ത്രിസഭയില്‍ വരാന്‍ പാടില്ല. മുഹമ്മദ് റിയാസിനെയും കൊണ്ടല്ലേ ഇന്തോനേഷ്യയില്‍ പോയത്? കുടുംബം എങ്ങനെയുണ്ടായി? കല്യാണം കഴിച്ചുകൊടുത്തതുകൊണ്ട്. എവിടെപ്പോയി ആദ്യത്തെ കല്യാണം? അത് പേഴ്‌സണല്‍ കാര്യമായിക്കോട്ടെ; പക്ഷേ, അദ്ദേഹം ഒരു പൊതുമുഖമാണ്. നിങ്ങളൊരു സ്ത്രീയെ വിവാഹം ചെയുന്നു. വിവാഹമോചനം ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസം നിങ്ങള്‍ അടുത്ത സ്ത്രീയെ വിവാഹം ചെയ്യുന്നു. അതിനര്‍ഥം നിങ്ങള്‍ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നാണ്. അതിനായി നിങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഡിവോഴ്സ് കിട്ടണം. ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ല. പക്ഷേ, നിങ്ങള്‍ കല്യാണം കഴിക്കുന്നത് മുഖ്യമന്ത്രിയുടെ മകളെയാണ്. അതിലും കുഴപ്പമൊന്നുമില്ല. അപ്പൊ നിങ്ങള്‍ ഈ പൊസിഷന്‍ ഉറപ്പിക്കാന്‍ വേണ്ടി ചെയ്തെന്ന് ഞാന്‍ പറയും. വ്യാഖ്യാനമല്ല പ്രാക്ടിക്കലി മുഹമ്മദ് റിയാസിന്റെ തീരുമാനത്തിന് മുകളില്‍ പരുന്തും പറക്കില്ല.


ഞാന്‍ ഉദാഹരണങ്ങള്‍ വെച്ചാണ് പറയുന്നത്. പെരുമാറ്റത്തിലെ ഉദാഹരണങ്ങള്‍, മന്ത്രിസഭയിലെ തീരുമാനങ്ങള്‍, നിയമസഭയിലെ പ്രസംഗങ്ങള്‍, അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം, അദ്ദേഹം ശിവന്‍കുട്ടിക്കെതിരേ പൊട്ടിത്തെറിക്കുന്നത്, സി.പി.എമ്മിനുള്ളിലെ മറ്റുള്ളവരോട് കാണിക്കുന്ന ധാര്‍ഷ്ട്യം അങ്ങനെ ഒരുപാടുണ്ട്. സജി ചെറിയാന്‍ ശിവന്‍കുട്ടിയുടെ വകുപ്പിനെതിരേ ഒരു കമന്റ് ഇട്ടു. പത്താംക്ലാസ് പാസായ കുട്ടികള്‍ക്കൊന്നും അക്ഷരമറിയില്ലായെന്ന്. ഇതേ ശിവന്‍കുട്ടി കോര്‍പ്പറേഷനിലെ റോഡുകളെക്കുറിച്ച് സംസാരിച്ചു. മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞില്ല. കോര്‍പറേഷന്റെ റോഡുകള്‍ ശോചനീയാവസ്ഥയിലാണെന്നു പറഞ്ഞു. മുഹമ്മദ് റിയാസിന്റെ മറുപടിയെന്തായിരുന്നു?- 'ഒരുപാട് പേര്‍ക്ക് ചൊറിയും. അവര്‍ വിചാരിച്ച കോണ്‍ട്രാക്ടര്‍മാര്‍ക്ക് കോണ്‍ട്രാക്ട് കിട്ടാത്തതു കൊണ്ട് സ്വാഭാവികമായും ചൊറിയും.' ശിവന്‍കുട്ടി മിണ്ടിയില്ല.

ഭരണത്തിലെ സര്‍വ മേഖലയിലും വ്യക്തികളെയും അധികാരകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അദൃശ്യകരമായായാണ് മുസ്ലിംകള്‍ ചിത്രീകരിക്കപ്പെടുന്നത്. ഈ പൈശാചിക ശക്തിക്കു വിധേയരായാണ് മുസ്‌ലിമേതര വിഭാഗങ്ങള്‍ കഴിച്ചുകൂട്ടുന്നത്. ഈ അധികാരത്തിന്റെ പ്രതിരൂപമാണ് മുസ്‌ലിമായി ജനിച്ച മുഹമ്മദ് റിയാസ്. സംഘ്പരിവാര്‍ വംശീയപ്രചാരകരെ സംബന്ധിച്ചിടത്തോളം റിയാസ് ഒരു പ്രാക്റ്റീസിങ് മുസ്ലിമാണോ അവിശ്വാസിയാണോ കമ്യൂണിസ്റ്റാണോ എന്നതൊക്കെ രണ്ടാമത്തെയും മൂന്നാമത്തെയും മാത്രം കാര്യമാണ്. കാരണം, ഇത്തരം പരിഗണനകളൊന്നും മുസലിംവിരുദ്ധ വംശീയതയെ സംബന്ധിച്ചിടത്തോളം സാധുവല്ല.

ഇത് സീരിയസ് ആരോപണമാണ്. ശിവന്‍കുട്ടിക്ക് ഇഷ്ടപ്പെട്ട കോണ്‍ട്രാക്ടര്‍ക്ക് കോണ്‍ട്രാക്റ്റ് കൊടുക്കാത്തതുകൊണ്ടാണ് ശിവന്‍കുട്ടി ഈ കമന്റ് ചെയ്തതെന്ന്. ഇതുപ്പോലെ ഒരു മന്ത്രി മറ്റൊരു മന്ത്രിയെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കാറുണ്ടോ? ഒരു മനുഷ്യനും റിയാസിനോട് ചെയ്തത് മോശമായിപ്പോയെന്ന് പറഞ്ഞില്ല. പബ്ലിക് ആയിട്ടാണ് റിയാസ് പൊട്ടിത്തെറിച്ചത്. റിയാസിന്റെ സ്വഭാവം തന്നെയൊന്ന് നോക്കൂ. അയാളുടെ ശരീരഭാഷ നോക്കൂ. അയാള്‍ നമ്പര്‍ രണ്ട് ആണോ? അയാള്‍ രണ്ടാം നമ്പര്‍ ആവുന്നതില്‍ എനിക്ക് അസൂയയുള്ളതുകൊണ്ടല്ല. രണ്ടാം നമ്പറാകാന്‍ റിയാസിനെ സമ്മതിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കകത്തെ ഒരു പ്രശ്നമാണ്.

ആര്‍ക്കും മിണ്ടാനുള്ള ധൈര്യമില്ല. റിയാസിനെതിരേ മിണ്ടിയാല്‍ കുഴപ്പത്തിലാകും. അതാണ് അവസ്ഥ. കൊല്ലം അങ്ങനെപ്പോയി, ആലപ്പുഴയും എറണാകുളവും പോയി. ഒരു സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാന്‍ എത്ര ദിവസമെടുക്കും. കഴിഞ്ഞപോയ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. കഴിഞ്ഞപോയ കാര്യങ്ങള്‍ വെച്ചിട്ടാണ് നമ്മള്‍ ഒരു നിഗമനത്തിലെത്തുന്നത്. വരാന്‍ പോകുന്നത് വെച്ചിട്ടല്ല. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വരാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കുന്നത്. ഞാന്‍ വെറും മൂന്ന് ഉദാഹരണങ്ങളേ പറഞ്ഞുള്ളു.

വെള്ളാപ്പള്ളിയുമായി താരതമ്യം

ഇനി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് നോക്ക്. രാജ്യസഭയിലേക്ക് പോയത് ഒരേ കമ്യുണിറ്റിയിലുള്ള മൂന്ന് പേരല്ലേ? രണ്ടുപേരും ഒരേ കമ്യുണിറ്റിയല്ലേ? ഇത് വെള്ളാപ്പളി നടേശന്‍ പറയുമ്പോ അതിനകത്തൊരു മെറിറ്റുണ്ടോ എന്ന് നോക്കിയോ? നോക്കിയില്ല. എന്നിട്ട് അവലോകനം വന്നപ്പോ വെള്ളാപ്പള്ളി നടേശന്‍ കാരണം ഈഴവരുടെ വോട്ട് പോയെന്നായി. അപ്പൊ സലാമും ചിത്തരഞ്ജനും വെള്ളാപ്പള്ളിയെ പിന്തുണച്ചുവെന്ന വാര്‍ത്തവന്നു. അതൊരു കള്ളവാര്‍ത്തയാണ്. അവര്‍ വെള്ളാപ്പള്ളിയെ പിന്തുണക്കുകയല്ല ചെയ്തത്. അവര്‍ പറഞ്ഞുവെന്ന് പത്രങ്ങളില്‍ വന്നതാണ്. യഥാര്‍ഥത്തില്‍ അവര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ചിട്ടില്ല. അവര്‍ അവരുടെ താല്‍പര്യം സംരക്ഷിക്കുകയായിരുന്നു. ആലപ്പുഴയില്‍ ഈഴവവോട്ട് പോയിട്ടില്ല. വെള്ളാപ്പള്ളി ഒരു ഘടകമാണെങ്കില്‍ മലബാറില്‍ എന്ത് സംഭവിച്ചു. അവിടെ വെള്ളാപ്പള്ളിക്ക് സ്വാധീനമില്ലല്ലോ. എന്നിട്ടും അവിടെ വോട്ട് കുറഞ്ഞില്ലേ? അവര്‍ യഥാര്‍ഥത്തില്‍ വെള്ളാപ്പള്ളിയെ കൊച്ചാക്കുകയായിരുന്നു. എന്നാല്‍, വാര്‍ത്ത വന്നതോ വെള്ളാപ്പള്ളിയെ ഇവര്‍ സംരക്ഷിക്കുന്നുവെന്നും. ഇത് വാര്‍ത്ത ചമച്ചവരുടെ പൊളിറ്റിക്സ് ആണ്. വെള്ളാപ്പള്ളിയെ ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള തന്ത്രം.

ഫാരിസ് അബൂബക്കറും മുഖ്യമന്ത്രിയും റിയാസും

ഇത്തവണ പിണറായി വിജയന്‍ ക്യാബിനറ്റ് ഉണ്ടാക്കിയത് നോക്കൂ. രണ്ടു തവണ മന്ത്രിമാരായവരെ പരിഗണിക്കില്ല, മൂന്നു തവണയാവാന്‍ പറ്റില്ല. എന്നൊക്കെ പറഞ്ഞ് അദ്ദേഹം പുതിയ ആള്‍ക്കാരെവെച്ച് നിയമസഭയുണ്ടാക്കി. റിയാസിനെ കൊണ്ടുവന്നു. റിയാസിനെ കൊണ്ടുവരാന്‍ വേണ്ടിയാണ് ആ ഫോര്‍മുല കൊണ്ടുവന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ പലരും വിശ്വസിക്കുന്നുണ്ട്. റിയാസിനെ പ്രോമിനെന്‍സില്‍ കൊണ്ടുവരാനാണ്. കാരണം, മുഖ്യമന്ത്രിക്ക് ഇപ്പൊ വേറെ ആരെയും വേണ്ടാ. റിയാസാണ് ഇപ്പോള്‍ താരം. സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളിലും പാര്‍ട്ടിയുടെ അകത്തളങ്ങളിലും ഇങ്ങനെയൊരു സംസാരമുണ്ട്.

റിയാസ് എന്ന് പറയുന്നത് നമ്മുടെ ഫാരിസ് അബൂബക്കറുടെ സ്ഥാനാര്‍ഥിയാണ്. ഫാരിസ് അബൂബക്കര്‍ പിണറായിയുടെ അടുത്ത ബന്ധമുള്ളയാളും. ഇങ്ങനെയാണ് മുഹമ്മദ് റിയാസിന് മേല്‍ക്കോയ്മ കിട്ടിയത്. മുഹമ്മദ് റിയാസിനെ പ്രോമിനെന്റ് ആക്കുന്നത് പിണറായി വിജയന്‍ ആണെങ്കിലും പുറകില്‍ ഫാരിസ് അബൂബക്കറാണെന്ന് എല്ലാവരും ഭയക്കുന്നു. ഫാരിസ് അബൂബക്കറിനെ എനിക്കറിയില്ല, അദ്ദേഹം ഭയങ്കര മോശമാണെന്ന് പറയാനൊന്നും ഞാന്‍ തയ്യാറല്ല. ഞാന്‍ ഇതിന്റെ രാഷ്ട്രീയമാണ് പറയുന്നത്. ഫാരിസ് അബൂബക്കറിനെപ്പോലെ സ്വാധീനമുള്ള ഒരു ബിസിനസുകാരന്റെ തണലില്‍ റിയാസ് വന്നിരിക്കുന്നു. അവര്‍ വളരെയടുത്ത ബന്ധത്തിലുള്ള ആളുകളാണ്. പിണറായി വിജയന്‍ ഒരുപാട് സമയം അവിടെ ചിലവഴിച്ചുവെന്നത് സത്യമാണ്. ആവശ്യത്തില്‍ കവിഞ്ഞ് അവിടെ (ഫാരിസ് അബൂബക്കറുടെ വീട്ടില്‍) താമസിച്ചു. കൂടാതെ ഇടക്കവിടെ പോവാറുമുണ്ട്.

ഞാന്‍ പറയാന്‍ ശ്രമിക്കുന്നതെന്തെന്ന് വെച്ചാല്‍ ഇക്വേഷന്‍സ് എല്ലാം നോക്കിയാല്‍ പാര്‍ട്ടിയില്‍ ഇസ്‌ലാമിന്റെ കടന്നുകയറ്റമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ടൈപ്പ് മുസ്‌ലിംകളാണ്. സാധാരണ മുസ്ലിംകളല്ല. ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ധൃതിപിടിച്ച് റിയാസ് വീണയെ വിവാഹം കഴിച്ചതും നോക്കുക. സി.പി.എമ്മിന് ഫലസ്തീനോട് വല്യ സ്നേഹം തോന്നാന്‍ കാര്യമെന്താ? അതാണ് ഞാന്‍ പറഞ്ഞത്, മുസ്ലിംലീഗിനില്ലാത്ത ഫലസ്തീന്‍ സ്നേഹം സി.പി.എമ്മിന് എങ്ങനെ വരുന്നു. പാര്‍ട്ടി മൊത്തം ഇസ്‌ലാമിലേക്ക് ചായുന്നതിന്റെ കഥയാണ് ഞാനീ പറയുന്നത്. അതെ, വേഗം കൂടിയെന്ന് മാത്രമല്ല, മുങ്ങിക്കഴിഞ്ഞു. ആര്‍ക്കെങ്കിലും അതില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ക്കു പോലും ഒന്നും ചെയ്യാനാവില്ല. പുറത്തു ഇറങ്ങാമെന്നല്ലാതെ അകത്ത് ഒരു റീഫോം ഇനി സാധ്യമല്ല.

പേരും പ്രവര്‍ത്തിയും

പേരല്ല പ്രവര്‍ത്തിയാണ് പ്രശ്നം. ഞാന്‍ പറയുന്നത് ശിവന്‍കുട്ടിയെ വായടപ്പിക്കുന്ന ഒരു കമന്റ് റിയാസ് നടത്തിയിട്ട് ആരും ഒരു വാക്കും പറഞ്ഞില്ല. പിണറായി വിജയനെ പ്രതിരോധിക്കാന്‍ ആരുമില്ലെന്ന് റിയാസ് പറയുന്നു, തൊട്ടടുത്ത ദിവസം മുതല്‍ ഓരോരുത്തര്‍ പ്രതികരിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ഉദാഹരണങ്ങളല്ലെ നമുക്ക് പബ്ലിക്കായി കിട്ടുകയുള്ളു? പാര്‍ട്ടിക്കുള്ളിലെ കാര്യം പാര്‍ട്ടിക്കല്ലേ അറിയൂ? ഇപ്പൊ പാര്‍ട്ടിക്കുള്ളിലെ കാര്യമെന്ന് പറഞ്ഞ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന പലതും പാര്‍ട്ടിക്കുള്ളിലെ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കില്ല.

ഭരണത്തിലെ സര്‍വ മേഖലയിലും വ്യക്തികളെയും അധികാരകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അദൃശ്യകരമായായാണ് മുസ്ലിംകള്‍ ചിത്രീകരിക്കപ്പെടുന്നത്. ഈ പൈശാചിക ശക്തിക്കു വിധേയരായാണ് മുസ്‌ലിമേതര വിഭാഗങ്ങള്‍ കഴിച്ചുകൂട്ടുന്നത്. ഈ അധികാരത്തിന്റെ പ്രതിരൂപമാണ് മുസ്‌ലിമായി ജനിച്ച മുഹമ്മദ് റിയാസ്. സംഘ്പരിവാര്‍ വംശീയപ്രചാരകരെ സംബന്ധിച്ചിടത്തോളം റിയാസ് ഒരു പ്രാക്റ്റീസിങ് മുസ്ലിമാണോ അവിശ്വാസിയാണോ കമ്യൂണിസ്റ്റാണോ എന്നതൊക്കെ രണ്ടാമത്തെയും മൂന്നാമത്തെയും മാത്രം കാര്യമാണ്. കാരണം, ഇത്തരം പരിഗണനകളൊന്നും മുസലിംവിരുദ്ധ വംശീയതയെ സംബന്ധിച്ചിടത്തോളം സാധുവല്ല.

ആലപ്പുഴയിലെ മുഷറഫ്, മുസ്‌ലിം പ്രീണനം

ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയന്‍ പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫിനെ അനുസ്മരിക്കാന്‍ തീരുമാനിച്ചത് ജിഹാദികളെ പ്രീണിപ്പിക്കാനാണെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എ.വി ഗോപകുമാര്‍ കുറ്റപ്പെടുത്തി (ജന്മഭൂമി, 28 ജൂലൈ 2024). യൂണിയന്‍ സമ്മേളന വേദിയിലേക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: രാജ്യവിരുദ്ധശക്തികളുടെ വക്താക്കളായി ഇടതു വലത് മുന്നണികള്‍ മാറിയതിന്റെ തെളിവാണിത്. കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ഓര്‍മകളില്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനകള്‍ നടത്തുമ്പോള്‍, കേരളത്തില്‍ ഇടതു പ്രസ്ഥാനങ്ങളുടെ യൂണിയനുകള്‍, പര്‍വേഷ് മുഷറഫിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ജിഹാദികളെ പ്രീണിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം പരിപാടികള്‍ രാജ്യവിരുദ്ധ ശക്തികള്‍ക്ക് മാത്രമേ സംഘടിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം സമീപനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.


വസ്തുത

ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയന്‍ (കേരള) സംസ്ഥാന സമ്മേളനത്തില്‍ വിതരണംചെയ്ത പ്രവര്‍ത്തനരേഖയില്‍ പാക്കിസ്താന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെന്ന് ആരോപിച്ചതിന്റെ വസ്തുതകള്‍ ഭാരവാഹികള്‍ വിശദീകരിച്ചിരുന്നു (28 ജൂലൈ, മാതൃഭൂമി): യൂണിയന്റെ പ്രവര്‍ത്തനരേഖയില്‍ സമ്മേളന കാലയളവിനിടെ മരിച്ച ഒട്ടേറെ പ്രമുഖരെ അനുസ്മരിച്ച് അവരുടെ പേരുകള്‍ അച്ചടിച്ചിരുന്നു. അതിനൊപ്പമാണ് മുഷറഫിന്റെ പേരും അബദ്ധത്തില്‍ ഇടംപിടിച്ചത്. അച്ചടി സമയത്തുവന്ന സാങ്കേതികപ്പിഴവാണ് പ്രശ്നത്തിനു കാരണം. കരടുകോപ്പിയാണു പ്രചരിച്ചത്. അംഗങ്ങള്‍ക്കു വിതരണം ചെയ്ത കോപ്പികളില്‍ പിശകു നീക്കിയിരുന്നു. സംഘടനയിലുള്ള 20 പേര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവരാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവരെ അനുസ്മരിച്ചാണ് സമ്മേളനം സമാപിച്ചതെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ഈ അബദ്ധവും ഇടതുപക്ഷ സംഘടനയുടെ മുസ്ലിംപ്രീണന നയമാണെന്ന് പ്രചരിപ്പിക്കുകയാണ് ഹിന്ദുത്വവാദികള്‍ ചെയ്തത്.

മുസ്‌ലിം ലീഗും ആറങ്ങാടിയിലെ പാക്കിസ്താന്‍ ജഴ്സിയും

പച്ച നിറത്തില്‍ പെയിന്റടിച്ച്, പച്ചനിറത്തിലുള്ള ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച, കാസര്‍ഗോഡ് ആറങ്ങാടി മുസ്‌ലിം ലീഗ് ഓഫീസിന് മുന്നില്‍വെച്ച്, പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍ ഒരു ഫോട്ടോ എടുത്തിരുന്നു. 'പാക്കിസ്താന്റെ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞുകൊണ്ട് കാസര്‍ഗോഡ് ലീഗ് ഓഫീസ് ഉദ്ഘാടനം! ചോറ് ഇവിടെയും കൂറ്‌ അവിടെയും''- ഇതായിരുന്നു ഇതേ കുറിച്ച് ജൂലൈ മാസം നടന്ന സോഷ്യല്‍ മീഡിയാ വ്യാജ പ്രചാരണം (ഫാക്റ്റ് ക്രസന്‍ഡോ മലയാളം, 3 ജൂലൈ 2024).


വസ്തുത

മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ജേഴ്സി ധരിച്ച് കാസര്‍ഗോഡ് ഓഫീസ് ഉദ്ഘാടനത്തിന് പങ്കെടുത്തു എന്ന പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. 'പച്ചപ്പട ആറങ്ങാടി' എന്നെഴുതി മുസ്ലിം ലീഗിന്റെ ചിഹ്നമുള്ള ജേഴ്സിയാണ് പ്രവര്‍ത്തകര്‍ ധരിച്ചിരുന്നത്. ലീഗ് പ്രവര്‍ത്തകരുടെ ജേഴ്സിക്ക് പാക്കിസ്താനുമായി യാതൊരു ബന്ധവുമില്ല. മുസ്ലിം ലീഗിന്റെ പ്രാദേശിക ഓഫീസ് ഉദ്ഘാടന വേളയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ ജൂണ്‍ 30നാണ് ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. 'ആറങ്ങാടി പച്ചപ്പട' എന്ന പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത് (ഫാക്റ്റ് ക്രസന്‍ഡോ മലയാളം, 3 ജൂലൈ 2024).

ഹജ്ജ് - ശബരിമല സൗകര്യങ്ങള്‍: ഹിന്ദുത്വ പ്രചാരണം

ജൂലൈ 11ന് പത്രങ്ങള്‍ക്കു നല്‍കിയ വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയില്‍ (മെട്രൊവാര്‍ത്ത) ഇങ്ങനെ പറയുന്നു: ഇടത് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ഹൈന്ദവവിരുദ്ധ നിലപാടും അവസാനിപ്പിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. ഹജ്ജ് തീര്‍ഥാടനത്തിനായി എല്ലാ സൗകര്യങ്ങളും ആനൂകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാര്‍ ശബരിമല തീര്‍ഥാടകരുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് വി.എച്ച്.പി നേതാക്കള്‍ ആരോപിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കല്‍ മുതല്‍ പമ്പവരെ സൗജന്യ വാഹന സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും ഹരജിയുമായി ആദ്യം ദേവസ്വം ബോര്‍ഡിനെയും തുടര്‍ന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹരജി തള്ളണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും വി.എച്ച്.പി നേതാക്കള്‍ പറഞ്ഞു. ഇവിടെ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കാതെ വന്നതോടെയാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഹജ്ജ് സമീകരണം

ജന്മഭൂമി ഈ വിഷയത്തില്‍ മുഖപ്രസംഗം എഴുതി (അയ്യപ്പഭക്തരോട്‌ അടങ്ങാത്ത പക, 11 ജൂലൈ 2024): ശബരിമലഭക്തരെ കണ്ണീച്ചോരയില്ലാതെ ചൂഷണം ചെയ്യുന്നതിനെതിരേ വിശ്വഹിന്ദു പരിഷത്തിനെയും ക്ഷേത്ര സംരക്ഷണ സമിതിയെയും ഹിന്ദുഐക്യവേദിയെയും പോലുള്ള സംഘടനകള്‍ നിലയുറപ്പിക്കുന്നത് സര്‍ക്കാരിന്റെ രോഷം ക്ഷണിച്ചുവരുത്താറുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടതിലേറെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സര്‍ക്കാരാണ് ശബരിമല തീര്‍ഥാടനത്തിന്റെ കാര്യത്തില്‍ ദുര്‍മുഖം കാണിക്കുന്നത്. ഇതുതന്നെയാണ് നിലയ്ക്കല്‍ മുതല്‍ പമ്പ വരെ അയ്യപ്പന്മാര്‍ക്ക് സൗജന്യ ബസ്യാത്ര ഒരുക്കാനുള്ള പദ്ധതിയെ എതിര്‍ക്കുന്നതിലുമുള്ളത്.


സര്‍ക്കാര്‍ നിലപാട്

മുസ്‌ലിംകളുമായി ബന്ധമില്ലാത്ത ഒരു പശ്ചാത്തലം ഈ പ്രചാരണത്തിനുണ്ട്. ജൂലൈ 9നു സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് നിലയ്ക്കല്‍-പമ്പ സര്‍വീസിന് അധികതുക ഈടാക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു (മാതൃഭൂമി, 9 ജൂലൈ 2024). സൗജന്യ സര്‍വീസ് നടത്തണമെന്ന വി.എച്ച്.പിയുടെ നിര്‍ദേശം അംഗീകരിക്കാനുള്ള സ്‌കീം നിലവില്‍ ഇല്ലെന്നും സൗജന്യയാത്ര നടത്താന്‍ അനുമതിതേടി സംഘടന നല്‍കിയ ഹര്‍ജി തള്ളണമെന്നും കേരളം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് 20 ബസുകള്‍ വാടകയ്ക്കെടുത്ത് സൗജന്യമായി സര്‍വീസ് നടത്താന്‍ അനുമതി തേടിയാണ് വി.എച്ച്.പി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, കേരള മോട്ടോര്‍ വാഹന നിയമത്തില്‍ സൗജന്യ സര്‍വീസിനുള്ള വ്യവസ്ഥ ഇല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സൗജന്യ സര്‍വീസിന് അനുമതി നല്‍കുന്ന വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളിലും ഇല്ലെന്ന് കേരളം ചൂണ്ടിക്കാട്ടി. നിലയ്ക്കല്‍-പമ്പ സര്‍വീസിന് അധിക തുക ഈടാക്കുന്ന കെ.എസ്.ആര്‍.ടി.സി നടപടി നിയമപരമാണെന്നുംകൂടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളില്‍ 25 ശതമാനവും ഉത്സവ സീസണുകളില്‍ 30 ശതമാനവും അധിക തുക ഈടാക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അധികാരമുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല-മകരവിളക്ക് സീസണ്‍ സമയത്ത് തീര്‍ഥാടകാരില്‍നിന്ന് കെ.എസ്.ആര്‍.ടി.സി അധികതുക ഈടാക്കുന്നത്.

2023 ഡിസംബറിലും ഇതേ പ്രചാരണം

2023ലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. 'കുത്തിനിറച്ച് ശബരിമല ഭക്തരുടെ ബസ്, ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആഡംബര സൗകര്യങ്ങളും'; ആ വ്യാജ പ്രചാരണം പൊളിഞ്ഞു' എന്ന ശീര്‍ഷകത്തില്‍ ഏഷ്യാനെറ്റ് (ജോമിത് ജോസ്, 15 ഡിസംബര്‍ 2023) ഇതേ കുറിച്ച് ഒരു ഫാക്റ്റ് ഫൈന്‍ഡിങ് റിപ്പോര്‍ട്ടും പുറത്തുവിട്ടു. ശബരിമലയാത്രികരെ തഴഞ്ഞ കേരള സര്‍ക്കാര്‍ ഹജ്ജ് യാത്രികര്‍ക്ക് അനര്‍ഹമായ സൗകര്യങ്ങള്‍ നല്‍കുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്.

രണ്ടു ചിത്രങ്ങള്‍

'മതേതര കേരളം' എന്ന തലക്കെട്ടോടെ നാഗാവൂര്‍ വിമേഷ് എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ വന്ന ചിത്രം (10 ഡിസംബര്‍ 2023) ഏഷ്യാനെറ്റ് പരിശോധിച്ചു. രണ്ട് ഫോട്ടോകളുള്ള കൊളാഷാണ് വിമേഷ് എഫ്.ബിയില്‍ പങ്കുവെച്ചിരിക്കുന്നത്. 'ശബരിമല തീര്‍ഥാടനം' എന്ന അടിക്കുറിപ്പോടെയുള്ള ആദ്യ ഫോട്ടോയില്‍ കാണുന്നത് ബസില്‍ തിങ്ങിനിറഞ്ഞ് അയ്യപ്പഭക്തന്‍മാര്‍ യാത്ര ചെയ്യുന്നതാണ്. ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്ന തീര്‍ഥാടകര്‍ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രം യാത്രികരെ കയറ്റുന്ന വിമാനത്തില്‍ പോകുന്നതാണ് രണ്ടാമത്തെ ഫോട്ടോയില്‍. 'ഹജജ് തീര്‍ഥാടനം' എന്നാണ് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.

ആദ്യത്തെ ചിത്രം ശബരിമല തീര്‍ഥാടനത്തിന്റേത് തന്നെയായിരുന്നെങ്കില്‍ രണ്ടാമത്തേത് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘത്തിന്റേതായിരുന്നില്ല. യഥാര്‍ഥത്തില്‍ അത് ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രമായിരുന്നു. rtvonline.com എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാധ്യമം 2022 ജൂലൈ 15ന് നല്‍കിയ വാര്‍ത്തയുടെയൊപ്പമുണ്ടായിരുന്നതാണ് ചിത്രമെന്നാണ് ചാനലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹജ്ജ് കര്‍മം നിര്‍വഹിച്ച ശേഷം ബംഗ്ലാദേശില്‍ മടങ്ങിയെത്തിയ തീര്‍ഥാടകരെ കുറിച്ചുള്ളതാണ് ഈ വാര്‍ത്ത. ഈ ചിത്രത്തിന് കുറഞ്ഞത് ഒരു വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട് എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയില്‍ തെളിഞ്ഞു.

മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ 30% ഇളവ്- 2023 മേയ് മാസം

2023 മേയ് മാസം നടന്ന മറ്റൊരു പ്രചാരണമിങ്ങനെയായിരുന്നു (ഫാക്റ്റ് ക്രസന്‍ഡോ മലയാളം, 26 മേയ് 2023). മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ 30% ഇളവ് എന്നെഴുതിയ നോട്ടീസ് പതിച്ചിരിക്കുന്ന ചിത്രമുപയോഗിച്ചായിരുന്നു പ്രചാരണം. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: 'KSRTC @ ശബരിമല ഓര്‍മയുണ്ടല്ലോ, ഹിന്ദു സഖാക്കളാണ് പ്രതികരിക്കേണ്ടത്. പാര്‍ട്ടി വേദിയില്‍ തന്നെ പ്രതിഷേധം ആരംഭിക്കട്ടെ'' എന്നാണ് കാര്‍ത്തികേയന്‍ പാര്‍ത്ഥസാരഥി (24 മേയ് 2023, ഫെയ്സ്ബുക്) എഴുതിയത്.

വസ്തുത

സ്വകാര്യബസുകള്‍ കുത്തകയാക്കി വെച്ച് കയ്യേറിയ റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തതിനു ശേഷം സ്വകാര്യ ബസ്സുകള്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്നും സര്‍വീസ് നടത്താന്‍ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇത് കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയായി. ഈ പ്രതിസന്ധി മറികടക്കാനാണ് 30 ശതമാനം നിരക്കിളവോടെ ചില റൂട്ടുകളില്‍ യാത്ര നടത്താന്‍ തീരുമാനിച്ചത്. ടേക്ക് ഓവര്‍ സര്‍വീസ് എന്നാണ് ഇത്തരം സര്‍വീസിനെ വിശേഷിപ്പിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളുടെ 233 റൂട്ടുകള്‍ ഏറ്റെടുത്ത് അവിടെ 30% നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെയുള്ള എല്ലാ റൂട്ടുകളിലും ഈ 30% നിരക്കിളവ് ലഭ്യമാണ്. ഏതെങ്കിലും മത വിഭാഗത്തെ തൃപ്തിപ്പെടുത്താനായി കെ.എസ്.ആര്‍.ടി.സി ഇത്തരത്തില്‍ നിരക്കിളവ് പ്രഖ്യാപിച്ചു എന്നത് വെറും വ്യാജ പ്രചരണം മാത്രമാണ് എന്നാണ് കെ.എസ്.ആര്‍.ടി.സി റീജണല്‍ ഓഫീസില്‍ നിന്നു ലഭിച്ച വിവരം (ഫാക്റ്റ് ക്രസന്‍ഡോ മലയാളം, 26 മെയ് 2023).

ഹജ്ജും പ്രചാരണവും

ശബരിമലയും ഹജ്ജും കേന്ദ്രീകരിച്ച് വിപുലമായ വ്യാജപ്രചാരണങ്ങള്‍ ചെറുതും വലുതുമായ രീതിയില്‍ അരങ്ങേറുന്നുണ്ട്. ഹിന്ദുക്കളുടെ നികുതി ഉപയോഗിച്ച് മുസ്ലിംകള്‍ക്ക് ഹജ്ജിന് പോകാന്‍ സഹായം നല്‍കുന്നു എന്ന പ്രചാരണമാണ് ഉയര്‍ത്താറുള്ളത് (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത്? 18 ജനുവരി 2017, ഏഷ്യാനെറ്റ്).

തീര്‍ഥാടനവും സര്‍ക്കാര്‍ സഹായങ്ങളും

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പല തീര്‍ഥയാത്രകള്‍ക്കും ധനസഹായം നല്‍കുന്നുണ്ട്. മാനസ സരോവര്‍ യാത്രക്കും കുംഭമേളക്കും സബ്സിഡിയുണ്ട്. ശ്രീലങ്കയില്‍ നടന്ന ക്രിസ്ത്യന്‍ വാഴ്ത്തപ്പെടല്‍ ചടങ്ങിന് പോകാന്‍ എയര്‍ ഫെയര്‍ സബ്സിഡി നല്‍കിയത് ബി.ജെ.പി ഭരിക്കുന്ന ഗോവന്‍ സര്‍ക്കാര്‍ ആയിരുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും കേരളം പോലുള്ള സംസ്ഥാന സര്‍ക്കാരുകളും മാത്രമാണ് മതപ്രീണനം നടത്തുന്നത് എന്ന് ബി.ജെ.പി ആരോപിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം ശ്രദ്ധേയമാണ്. എങ്കിലും തീര്‍ഥാടന സ്ഥലത്തേക്കുള്ള വിമാനദൂരം കൂടുതലായതിനാല്‍, ഹജ്ജ് സബ്സിഡി തന്നെയാണ് കൂട്ടത്തില്‍ വലുത് എന്നത് വസ്തുതയാണ് (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത്? 18 ജനുവരി 2017, ഏഷ്യാനെറ്റ്). എങ്കിലും അതിന്റെ സാമ്പത്തികശാസ്ത്രം മറ്റൊന്നാണ്. വിശദമായ പരിശോധന ആവശ്യമുള്ള ഒരു കാര്യമാണിത്.

ശബരിമലയിലെ സര്‍ക്കാര്‍ പണം

ശബരിമല തീര്‍ഥാടനത്തിനായുള്ള തയാറെടുപ്പുകള്‍ക്ക് പണം ഒരു തടസമല്ലെന്നും കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 220 കോടി രൂപ വികസനത്തിനായി ചിലവഴിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു (13 ഡിസംബര്‍ 2023, മലയാള മനോരമ). ആറ് ഇടത്താവളങ്ങള്‍ തീര്‍ഥാടകര്‍ക്കായി പൂര്‍ത്തിയായി വരുന്നുവെന്നും 108 കോടി രൂപ ഇതിനായി കിഫ്ബിയില്‍ നിന്ന് ചിലവിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ല

ശബരിമലയുടെ വരുമാനമത്രയും സര്‍ക്കാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു (24 ഒക്ടോബര്‍ 2018, ഇന്‍ഫോര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ബുളറ്റിന്‍). അതനുസരിച്ച് ഒരു നയാപൈസപോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നില്ല എന്നുമാത്രമല്ല, ശബരിമലയിലെ തീര്‍ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കുന്നുമുണ്ട് (24 ഒക്ടോബര്‍ 2018, ഇന്‍ഫോര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ബുളറ്റിന്‍).

ശബരിമലയിലെ സമ്പത്ത്: ആര്‍ക്കാണ് അവകാശം?

തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിയമപരമായി ഈ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന്‌ പണം എടുക്കാന്‍ സര്‍ക്കാരിന് ഇന്ത്യന്‍ നിയമപ്രകാരം സാധ്യമല്ല. അതിനാല്‍തന്നെ ഈ പണം സ്റ്റേറ്റ് ട്രഷറിയിലേക്ക് മാറ്റാനും സാധിക്കുകയില്ല (ശബരിമലയിലെ സമ്പത്ത്: ആര്‍ക്കാണ് അവകാശം? 20 ഒക്ടോബര്‍ 2018, ധനം ഓണ്‍ലൈന്‍).


ഇന്ത്യന്‍ നിയമമനുസരിച്ച് ക്ഷേത്രങ്ങള്‍ അവിടത്തെ പ്രതിഷ്ഠയുടെ സ്വകാര്യസ്വത്താണ്. ക്ഷേത്രങ്ങളുടെ പണം സര്‍ക്കാരിന് വിനിയോഗിക്കാന്‍ കഴിയില്ല. കാരണം, ഇന്ത്യന്‍ ഭരണഘടന ക്ഷേത്രങ്ങളിലെ ദേവന്മാരെയും ദേവിമാരെയും ഒരു 'ലീഗല്‍ എന്റിറ്റി' അഥവാ 'ജൂറിസ്റ്റ് പേഴ്സണ്‍' ആയാണ് കാണുന്നത്. അവര്‍ക്ക് വസ്തുവകകളില്‍ ഉടമസ്ഥാവകാശം നേടാം. ആര്‍ക്കെങ്കിലും എതിരേ കേസ് ഫയല്‍ ചെയ്യാനും കോടതിയില്‍ നിന്ന് നീതിതേടാനും അവകാശമുണ്ട്. ക്ഷേത്രവും അവിടത്തെ സ്വത്തും പ്രതിഷ്ഠയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഹജ്ജിനു സര്‍ക്കാര്‍ പണം: വസ്തുതകള്‍

2017-ല്‍ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത്? 18 ജനുവരി 2017, ഏഷ്യാനെറ്റ്). ഇവ്വിഷയകമായി ഏഷ്യാനെറ്റ് നടത്തിയ ഫാക്റ്റ് ചെക്കിംഗ് വിവരങ്ങള്‍ ഇതാണ്:

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദിയിലേക്കുള്ള വിമാനയാത്രാ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഇളവാണ് ഹജ് സബ്സിഡി. ഹജ്ജ് സബ്സിഡി 1954ല്‍ തുടങ്ങിയ സംവിധാനം ആണ്. കപ്പല്‍ യാത്രക്കുള്ള സബ്സിഡി ആയിട്ടാണ് ഇത് തുടങ്ങിയത്. പിന്നീട് 1994ല്‍ കപ്പല്‍ യാത്രക്കുള്ള സബ്സിഡി മുഴുവനായും ഒഴിവാക്കി അത് വിമാന യാത്രക്ക് മാത്രമാക്കി.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്

സൗദി സര്‍ക്കാരാണ് ഓരോ വര്‍ഷവും ഓരോ രാജ്യത്തുനിന്നുമുള്ള തീര്‍ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നത് (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത്? 18 ജനുവരി 2017, ഏഷ്യാനെറ്റ്). ഇതുപ്രകാരം, മുസ്ലിം ജനസംഖ്യാനുപാതം കണക്കാക്കി, കേന്ദ്ര ഹജ്ജ് കമ്മറ്റി ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചിത ക്വാട്ട അനുവദിക്കുന്നു. ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ നല്‍കിയവരില്‍നിന്നും അതാത് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട പ്രകാരം തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി തെരഞ്ഞെടുക്കുന്ന ഈ നിശ്ചിത തീര്‍ഥാടകര്‍ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന് ജീവിതത്തില്‍ ഒരു വട്ടം മാത്രമേ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാനാവൂ. ഒരാള്‍ക്ക് ഒരു തവണ മാത്രമേ സബ്സിഡി ഉപയോഗിച്ച് തീര്‍ഥാടനം നടത്താനുമാവൂ. കേരള സംസ്ഥാന സര്‍ക്കാര്‍ അല്ല ഹജ്ജിനു സാമ്പത്തിക സഹായം നല്‍കുന്നത്.

ഹജ്ജ് യാത്രക്കാര്‍ക്കു ചിലവാക്കുന്നതും സബ്സിഡിയും

ഹജ്ജ് യാത്ര തികച്ചും സര്‍ക്കാര്‍ ചെലവിലാണ് എന്ന ധാരണ തെറ്റാണ്. ഓരോ തീര്‍ഥാടകന്റെ കയ്യില്‍ നിന്നും 35,000 മുതല്‍ 50,000 വരെയുള്ള തുക വിമാന യാത്രക്ക് മാത്രമായി വാങ്ങുന്നുണ്ട്. സാധാരണഗതിയില്‍ ഡല്‍ഹിയില്‍ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്ക് റിട്ടേണ്‍ എയര്‍ ഫെയര്‍ അടക്കം വേണ്ടിവരുന്നത് നാല്‍പതിനായിരം രൂപയാണ്. എന്നാല്‍, ഹജ്ജ് കാലത്ത് ഇതല്ല നിരക്ക്. ഒരു ലക്ഷത്തിനു മുകളിലൊക്കെയാണ് ഹജ്ജ്കാലയാത്രക്കുള്ള എയര്‍ ഇന്ത്യാ നിരക്ക് (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത്? 18 ജനുവരി 2017, ഏഷ്യാനെറ്റ്). വര്‍ഷാവര്‍ഷം ഇന്ത്യാ ഗവണ്മെന്റ് നിശ്ചയിക്കുന്ന ആളോഹരി ഹജ്ജ് സബ്സിഡിക്ക് അനുസൃതമായാണ് എയര്‍ ഇന്ത്യ അതാത് കാലത്തെ ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിക്കുന്നത്. അതായത്, ഹജ്ജ് സബ്സിഡി എന്ന് പറഞ്ഞു സര്‍ക്കാര്‍ കൊടുക്കുന്ന തുകയില്‍ ഭൂരിഭാഗവും പോവുന്നത് ഹജ്ജ് കാലത്ത് ക്രമാതീതമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന എയര്‍ ഇന്ത്യയുടെ ഖജനാവിലേക്കാണ്. പൊതുമേഖലാ സ്ഥാപനം ആയതിനാല്‍ അത് തിരിച്ചു ഉറവിടത്തിലേക്കു തന്നെ വരുന്നു (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത്? 18 ജനുവരി 2017, ഏഷ്യാനെറ്റ്).

സ്വകാര്യ ഏജന്‍സി വഴിയായാലും ലാഭം സര്‍ക്കാറിനു തന്നെ

സര്‍ക്കാര്‍ ക്വാട്ടക്കു പുറമെ സൗദി ഭരണകൂടം ഒരു പ്രൈവറ്റ് ടൂര്‍ ഓപ്പറേറ്റര്‍ ക്വാട്ട കൂടി അനുവദിച്ചിട്ടുണ്ട് (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത്? 18 ജനുവരി 2017, ഏഷ്യാനെറ്റ്). സ്വകാര്യ ഏജന്‍സികളാണ് ഈ ക്വാട്ട വഴി തീര്‍ഥാടകരെ കൊണ്ടുപോവുന്നത്. ഒരു ഇന്ത്യന്‍ തീര്‍ഥാടകന് ഏകദേശം രണ്ടര ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. അവരും വിമാന ചാര്‍ജ് നിശ്ചയിക്കുന്നത് എയര്‍ ഇന്ത്യയുടെ നിരക്കിലാണ്. എന്നാല്‍, തീര്‍ഥാടകരെ കൊണ്ടുപോകുന്നതാകട്ടെ നിരക്ക് വളരെ കുറഞ്ഞ മറ്റു എയര്‍ലൈനുകളിലും. അതാണ് സ്വകാര്യ ഏജന്‍സികളുടെ പ്രധാന ലാഭം. എന്നാല്‍, ഒരു ഇന്ത്യന്‍ തീര്‍ഥാടകനെ സംബന്ധിച്ചിടത്തോളം, ഹജ്ജ് കമ്മിറ്റി വഴിയായാലും സ്വകാര്യ ഏജന്‍സി വഴി ആയാലും തീര്‍ഥാടന ചെലവ് ഏതാണ്ട് തുല്യമാണ്. ഹജ്ജ് കമ്മിറ്റി വഴി പോവുന്നവര്‍ക്ക് സബ്സിഡി വഴി 75, 000 രൂപയുടെ കുറവ് വരുമെന്നു മാത്രം. ആ പണമാവട്ടെ സര്‍ക്കാര്‍ ഖജനാവിലേക്കു എയര്‍ ഇന്ത്യ വഴി തിരിച്ചുവരുന്നു. ഹജ്ജ് സബ്സിഡി എന്ന് പറഞ്ഞു സര്‍ക്കാര്‍ കൊടുക്കുന്ന തുകയില്‍ ഭൂരിഭാഗവും പോവുന്നത് ഹജ്ജ് കാലത്ത് ക്രമാതീതമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന എയര്‍ ഇന്ത്യയുടെ ഖജനാവിലേക്കാണ് (അഡ്വക്കേറ്റ് ജല്‍സ് ജലീല്‍, ഹജ്ജ് സബ്സിഡിയും കഥകളും: യാഥാര്‍ഥ്യമെന്ത് ? 18 ജനുവരി 2017 , ഏഷ്യാനെറ്റ്).

(റിസര്‍ച്ച് കളക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ.)

TAGS :