Quantcast
MediaOne Logo

ഫൗസിയ ഷംസ്

Published: 15 Aug 2022 5:58 AM GMT

സ്വാതന്ത്ര്യത്തിന്റെ മുസ്‌ലിം പെണ്‍ വര്‍ത്തമാനങ്ങള്‍

പോരാട്ട വീര്യം ജ്വലിച്ചുനിന്ന സ്ത്രീകളായിരുന്നു മലബാര്‍ വിപ്ലവകാലത്തെ പെണ്ണുങ്ങളെന്നതിനാലാണ് പാലത്ത് കതിയ എന്ന സ്ത്രീയെ 'ഉശിരത്തി' എന്നു വിളിച്ചത്. ബ്രിട്ടീഷ് അധികാര ഗര്‍വിനെ യാതൊരു കൂസലുമില്ലാതെ നേരിടുക മാത്രമല്ല, അധികാരത്തിന്റെ ചിഹ്നങ്ങളെ പരിഹസിക്കുക കൂടിയാണ് 'നിങ്ങളെ പൂളപൂക് കണ്ട് പേടിക്കൂല' എന്ന അവരുടെ പറച്ചിലില്‍.

സ്വാതന്ത്ര്യത്തിന്റെ മുസ്‌ലിം പെണ്‍ വര്‍ത്തമാനങ്ങള്‍
X
Listen to this Article

സ്വാതന്ത്ര്യത്തിന്നായി ജീവന്‍ നല്‍കിയ മുന്നൂറോളം പേരെ ചരിത്രത്തിന്റെ സൂക്ഷിപ്പു രേഖയില്‍ നിന്നും പുറം തള്ളിക്കൊണ്ടാണ് നാം ഇക്കുറി നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്. ചരിത്രം ആരുടേതാണ് അത് എഴുതിയുണ്ടാക്കുന്നവരുടേതോ അതിനു നിമിത്തമായവരുടേതാണോ എന്ന വലിയ ചോദ്യം ബാക്കിയാക്കിക്കൊണ്ടാണ് സ്വാതന്ത്രം നാം ആഘോഷിക്കുന്നത്. ആഗസറ്റ് പതിനഞ്ചിന് എല്ലാ വീട്ടിലും സ്വാതന്ത്യത്തിന്റെ ത്രിവര്‍ണ പതാകയേന്തി ആഘോഷിക്കുമ്പോള്‍ ഓര്‍മയില്‍ നിന്നും വിട്ടുപോകാന്‍ പാടില്ലാത്ത ഒട്ടനേകം പേരുകളുണ്ട്. വരേണ്യ അധികാര ഘടന കാണാതെ പോയ ആ പേരുകളില്‍ പലതും ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കായിപ്പോയ മുസ്ലിം പെണ്ണിന്റെതാണ്.

ഇന്ത്യന്‍ മതേതര ജനാധിപത്യ ഭരണഘടനയെ റദ്ദു ചെയ്തുകൊണ്ട് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു നിമിഷം പകച്ചുപോയ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ദിശാബോധം നല്‍കിയത് കേന്ദ്രസര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ഥി സമരമായിരുന്നു. അതിനെ മുന്നില്‍ നിന്നു നയിക്കാന്‍ ഏറനാട്ടിലെ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. ചരിത്രത്തിന്റെ മറ്റൊരു നിയോഗമാണവിടെ അവര്‍ നിറവേറ്റിയത്. രാജ്യം എപ്പോഴെല്ലാം പ്രതിസന്ധിയിലൂടെ നടന്നുനീങ്ങിയിട്ടുണ്ടോ അപ്പോഴെല്ലാം രാജ്യത്തിനു വേണ്ടി മുന്നില്‍ നിന്നും പൊരുതി ഒരു തലമുറയുടെ പ്രാതിനിധ്യത്തെയായിരുന്നു അവരവിടെ അടയാളപ്പെടുത്തിയത് - 1921 കളില്‍ ഏറനാട്ടില്‍ ബ്രിട്ടീഷ് അധികാരത്തോട് പടവെട്ടിയും പൊരുതിയും മരിച്ചുവീണതും തൂക്കിക്കൊന്നതുമായ അന്തമാനിലേക്കും കോയമ്പത്തൂരിലേക്കും നാടുകടത്തിയ ഒരു തലമുറയുടെ പ്രാതിനിധ്യത്തെ. ഉപ്പമാരും ആങ്ങളമാരും ബ്രിട്ടീഷുകാര്‍ക്കു മുമ്പില്‍ വിരിമാറ് കാണിച്ച് സ്വാതന്ത്ര്യത്തിന്നായി പൊരുതാന്‍ പുറപ്പെടുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമായി നിന്ന മലപ്പുറം പെണ്ണിന്റെ പാരമ്പര്യമുള്ള ഞങ്ങളാണ, ബ്രിട്ടീഷുകാരനു മുന്നില്‍ മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ട, ഇന്ത്യ ഗേറ്റിനു മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു പേരുമില്ലാത്ത നിങ്ങളെല്ലാ എന്ന് പറഞ്ഞായിരുന്നു ആ വിരലുകള്‍ ചൂണ്ടിയവര്‍ നേര്‍ക്കുനേരെ അധികാര വര്‍ഗത്തോടു കയര്‍ത്തത്. പേരറിയുന്നതും പേരറിയാത്തതുമായ ഒട്ടേറെപ്പേരുടെ ജീവത്യാഗത്തിന്റെ പേരാണ് 1947 ആഗസ്റ്റ് പതിനഞ്ച് എന്നത്.

സ്വന്തം പിതാവിനെ ബ്രിട്ടീഷ് പട്ടാളക്കാരനെ രക്ഷിക്കാന്‍ വേണ്ടി പടച്ചട്ട പോലെ അവര്‍ക്കു മുമ്പില്‍ നിന്ന് പിതാവിനോടൊപ്പം വെടിയേറ്റുമരിച്ച കദിയാമുമാരെ മറന്ന് എങ്ങിനെയാണ് സ്വാതന്ത്രസമരത്തിലെ ചരിത്രം പൂരിപ്പിക്കാന്‍ ആവുക.

രണോത്സുകമായ ഏതൊരു സമരവും ബാക്കിയാക്കിയത് ഇരകളായ സ്ത്രീകളെയും കുട്ടികളെയുമാണ്. എന്നാല്‍, 1800ല്‍ തുടങ്ങി 1922ല്‍ അവസാനിച്ച ഐതിഹാസികമായ മലബാര്‍ കലാപ കാലത്ത് ജീവിച്ച സ്ത്രീകളാരും തന്നെ ഇരകളായി മാറിനിന്നവരായിരുന്നില്ല. പോരാട്ടത്തിന്റെയും സമര വീര്യത്തിന്റെയും കഥകളാണവര്‍ പിന്‍തലമുറക്ക് ബാക്കിയാക്കിയത്. കല്ലുവെട്ടുകുഴിയില്‍ കിടന്നും പച്ചമാങ്ങ പെറുക്കിയെടുത്ത് തിന്നും വിഷപ്പ് മാറ്റിയവര്‍. ശഹീദായ ബാപ്പാന്റെ ഖബ്റ് കാണാന്‍ പോകുമ്പോള്‍ വീണ് കിടക്കുന്ന കുലച്ച വാഴ കൊതിയോടെ നോക്കിനിന്നവര്‍. ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം അധിനിവേശത്തോട് പൊരുതിയവര്‍ അനാഥത്വവും വൈധവ്യവും പട്ടിണിയും യാതനയും അനുഭവിച്ച മലപ്പുറത്തെ പെണ്ണുങ്ങള്‍. ശംസാദ് ഹുസൈന്റൈ മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം എന്ന പുസ്തകം പരാമര്‍ശിച്ച സ്ത്രീകളിലൂടെ കടന്നുപോകുമ്പോല്‍ ചരിത്രം ആരുടേതാണ് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. ചരിത്രത്തിന്റെ ആഖ്യാനം പലപ്പോഴും സവര്‍ണ പുരുഷാധിപത്യത്തിന്റെതാണ്. ഇരകളായി മാറി നില്‍ക്കാതെ പോരാട്ടത്തിന്റെ കര്‍തൃത്വം തന്നെ ഏറ്റെടുത്ത സ്ത്രീകളെ നമുക്കവിടെ കാണാം. ആലി മുസ്‌ലിയാരോടൊപ്പം പിടിച്ചുകൊണ്ടുപോയി തൂക്കിലേറ്റിയവരുടെ മക്കളും ഭാര്യമാരുമായവര്‍. പൂക്കോട്ടൂര്‍ പള്ളിയില്‍ നിന്നും പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നതും കൊയമ്പത്തൂരിലേക്ക് നാടു കടത്തിയതുമായവരുടെ തലമുറ നെല്ല് കുത്തിയും പാടത്തു പണിയെടുത്തും മക്കളെപോറ്റിയ ആണുങ്ങളില്ലാതെ അനാഥമായിപ്പോയ വീടിനവര്‍ സനാഥത്വം നല്‍കിയത് ഒരു നാടിന്റെ മോചനമെന്ന ഏറ്റം വലിയൊരാഗ്രഹം നിറവേറ്റാനായിരുന്നു. പോരാട്ട വീര്യം ജ്വലിച്ചുനിന്ന സ്ത്രീകളായിരുന്നു മലബാര്‍ കലാപകാലത്തെ പെണ്ണുങ്ങളെന്നതിന്നാലാണ ്പാലത്ത് കതിയ എന്ന സ്ത്രീയെ ഉശിരത്തി എന്നു വിളിച്ചത്. ബ്രിട്ടീഷ് അധികാര ഗര്‍വിനെ യാതൊരു കൂസലുമില്ലാതെ നേരിടുക മാത്രമല്ല, അധികാരത്തിന്റെ ചിഹ്നങ്ങളെ പരിഹസിക്കുക കൂടിയാണ് നിങ്ങളെ പൂളപൂക് കണ്ട് പേടിക്കൂല എന്ന പറച്ചിലില്‍. പരലോകത്ത് വെച്ച് കാണാമെന്നു പറഞ്ഞ് നവവധുവിനെ അവളുടെ വീട്ടില്‍ കൊണ്ടാക്കി കൈയ്യിലെ മോതിരം ഊരിക്കൊടുത്ത് സമരത്തിലേക്കു പോകുകയും പിന്നീട് മരണപ്പെടുകയും ചെയ്ത അബ്ദുല്‍ ഖാദറിന്റെ സഹധര്‍മിണിയെ ഓര്‍ക്കാതെ എങ്ങനെയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാനാവുക.


അക്കൂട്ടത്തില്‍ ഓര്‍ക്കേണ്ട പേരാണ് മാളു ഹജ്ജുമ്മയെന്ന വിപ്ലവകാരിയുടേത്. 1920കളില്‍ വെള്ളപ്പട്ടാളക്കാ രോട് പൊരുതുന്ന മാപ്പിള പെണ്ണുങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ ചെയ്ത പ്രസംഗം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്: വെള്ളക്കാരോട് നമുക്ക് നേരിട്ട് യുദ്ധം ചെയ്യേണ്ടി വരും, അതില്‍ ആരും ഭയപ്പെടരുത്. പൂക്കോട്ടൂരും പാണ്ടിക്കാടുമൊക്കെ നമ്മുടെ അനേകംപേര്‍ ശഹീദായി. ഈ കൂട്ടക്കൊലക്കാരെ ഓടിക്കാന്‍ നമ്മുടെ പങ്ക് രാജ്യത്തിന് നല്‍കണം. ആണുങ്ങള്‍ സമരത്തിന് പോകുമ്പോള്‍ അവരെ സലാം പറഞ്ഞ് അയക്കണം. ശഹീദ് ആകുന്നവരെ മറമാടാന്‍ ആണുങ്ങളെ കാത്തിരിക്കരുത്. വെള്ളക്കാരന്റെതാണെങ്കില്‍ പോലും ഒരു മയ്യത്തും ജീര്‍ണിക്കാന്‍ ഇടവരരുത്. നമ്മള്‍ ആ ജോലി ധൈര്യമായി ഏറ്റെടുക്കണം.

കേരളത്തിലെ സ്ത്രീ സാമൂഹികാവസ്ഥ എപ്രകാരമായിരുന്നു എന്നത് ആലോചിക്കുമ്പോഴാണ് മാളു ഹജ്ജുമ്മയെ പോലുള്ള ഒരു പെണ്ണിന്റെ ധീരത മനസ്സിലാവുക. ആര്യാ പ്രേംജി പുനര്‍ വിവാഹം ചെയ്തതിന്റെ പേരില്‍ പടിയടച്ച് പിണ്ഡം വെക്കുന്ന കാലത്താണ് തന്റെ പൂര്‍ണ്ണതയില്‍ എത്താതെ പോയ രണ്ട് വിവാഹത്തിനുശേഷം വിപ്ലവനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സഹധര്‍മിണിയായി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന് കരുത്തുറ്റ നേതൃത്വം നല്‍കാന്‍ അവര്‍ക്ക് നിയോഗമുണ്ടായത്. ചരിത്രത്തെ യഥാവിധി മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എക്കാലവും വീട്ടില്‍ അടച്ച് മൂടപ്പെട്ടവള്‍ ആയിരുന്നില്ല മുസ്‌ലിം പെണ്ണ് എന്നതിന് കൂടി തെളിവായിരുന്നു ഇത്.

യുവതലമുറ ഈ ദേവിയുടെ കാല്‍ച്ചുവട്ടില്‍ ഇരുന്ന് മാതൃഭൂമിക്ക് വേണ്ടി ചെയ്ത അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന് പണ്ഡിറ്റ് ബ്രിഡ്ജ് നാരായണന്‍ വിശേഷിപ്പിച്ച സ്വാതന്ത്ര സമര നായികയായിരുന്നു നിശത്തുന്നിസ ബീഗം.

1921 ആഗസ്റ്റ് 26ന് നടന്ന പൂക്കോട് യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തോട് പൊരുതിയ ഒരു മുസ്‌ലിം പെണ്ണിനെ കുറിച്ച് ടോട്ടല്‍ ഹാമര്‍ ദി റിബലിയന്‍ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചത് സത്യസന്ധമായ ചരിത്രത്തെ വായിച്ചെടുത്തവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മുസ്‌ലിം പെണ്ണ് എന്നതല്ലാതെ അവളുടെ പേര് എന്താണെന്ന് രേഖപ്പെടുത്തിയിട്ടില്ല. അങ്ങിനെ അറിയപ്പെടാത്ത ഒരുപാട് പേരുകളിലും അറിയപ്പെടുന്ന അനേകം പേരുകളാലും സമ്പന്നമാണ് സ്വാതന്ത്രസമരത്തിലെ പെണ്‍ സാന്നിധ്യം. ബ്രിട്ടീഷ് സാമ്രാജ്യത്തെ കനത്ത പ്രഹരം ഏല്‍പ്പിച്ചതായിരുന്നു 1855 ലെ കനോലി സായിപ്പിന്റെ വധം. മമ്പറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തല്‍ സംഭവവുമായി ബന്ധപ്പെട്ടാണ് കനോലി സായ്പിന്റെ കൊലപാതകത്തില്‍ കലാശിച്ച കലാപം ഉണ്ടാകുന്നത്. അതേ തുടര്‍ന്ന് നടന്ന അറസ്റ്റ് ചെയ്ത 164 പേരില്‍ 24 പേര്‍ സ്ത്രീകളായിരുന്നു. അതില്‍ പ്രധാനികളായിരുന്നു മമ്പുറം ബീവിമാര്‍. സ്വന്തം പിതാവിനെ ബ്രിട്ടീഷ് പട്ടാളക്കാരനെ രക്ഷിക്കാന്‍ വേണ്ടി പടച്ചട്ട പോലെ അവര്‍ക്കു മുമ്പില്‍ നിന്ന് പിതാവിനോടൊപ്പം വെടിയേറ്റുമരിച്ച കദിയാമുമാരെ മറന്ന് എങ്ങിനെയാണ് സ്വാതന്ത്രസമരത്തിലെ ചരിത്രം പൂരിപ്പിക്കാന്‍ ആവുക.

കാണാതെ പോയ കത്തുകള്‍

സ്വാതന്ത്രസമരത്തെ കുറിച്ച് സത്യസന്ധമായ വായന നടത്തിയാല്‍ രാജ്യം നേരിട്ട പ്രതിസന്ധിഘട്ടത്തില്‍ ഒക്കെ അടുക്കളയില്‍ ഒതുങ്ങാതെ പോരാളിയായി നിന്നുകൊണ്ട് തന്റെ നിയോഗം നിറവേറ്റിയ വരാണ് മുസിലിം സ്ത്രീയെന്നു കാണാം. ദേശീയ സ്വാതന്ത്രസമരത്തെ കുറിച്ച് പറയുമ്പോള്‍ എപ്പോഴും നമ്മുടെ മുന്നിലേക്ക് വരുന്ന ഒരു കത്ത് ഉണ്ട്. അങ്ങ് സെല്ലുലാര്‍ ജയിലില്‍ വെച്ച് മാപ്പെഴുതി കൊടുത്ത രാജ്യത്തെ നാണം കെടുത്തിയ കത്ത്. എന്നാല്‍, ആത്മാഭിമാന സ്മരിക്കുന്ന ചില കത്തുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും മാഞ്ഞു പോയിട്ടുമുണ്ട്.

'ആണുങ്ങളെപ്പോലെ ധൈര്യമായി ഇതുസഹിക്കുക, എന്നേയോ വീടിനെയോ കുറിച്ച് ഒരു നിമിഷം ചിന്തിക്കരുത്. ഒരു ദൗര്‍ബല്യവും നിങ്ങളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല. ജന്മനാടിന്റെ സ്വാതന്ത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ട സ്വദേശാഭിമാനി പ്രസ്ഥാത്തിന്റെ ശക്തനായ വക്താവ് ഹസ്രത് മോഹാനിയുടെ പത്‌നി അദ്ദേഹത്തെ ജയിലിലടച്ചപ്പോള്‍ എഴുതിയ ആത്മാഭിമാനമുള്ള ദേശസ്‌നേഹിയുടെ കത്തായിരുന്നു അത്. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ ഹസ്രത്ത് മൊഹാനി 1906 ജയിലിലടക്കപ്പെട്ടപ്പോഴായിരുന്നു നിശത്തുന്നിസ ബീഗം ഇപ്രകാരം എഴുതിയത്. യുവതലമുറ ഈ ദേവിയുടെ കാല്‍ച്ചുവട്ടില്‍ ഇരുന്ന് മാതൃഭൂമിക്ക് വേണ്ടി ചെയ്ത അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന് പണ്ഡിറ്റ് ബ്രിഡ്ജ് നാരായണന്‍ വിശേഷിപ്പിച്ച സ്വാതന്ത്ര സമര നായികയായിരുന്നു നിശത്തുന്നിസ ബീഗം.


ചരിത്രത്തിലെ ഏടുകളില്‍ മറഞ്ഞുപോയ പകരം വെക്കാനില്ലാത്ത മറ്റൊരു പേരാണ് ബി. അമ്മാന്‍ എന്ന ആബിദ് ബാനു ബീഗം. ധീരരായ രണ്ട് മക്കളെ രാജ്യത്തിന്റെ സ്വാതന്ത്രസമര ഭൂമികയിലേക്ക് സംഭാവന നല്‍കിയ ധീരയായ മതാവ്. ഷൗക്കത്തലി, മുഹമ്മദലി എന്ന മക്കളെ പെറ്റ് പോറ്റിവളര്‍ത്തിയ ആത്മാഭിമാനയായ ഉമ്മ. 'നീ ഇതുപോലുള്ള ഏതെങ്കിലും കരാറില്‍ ഒപ്പ് വെക്കുകയാണെങ്കില്‍ ഈ കൈകള്‍ പ്രായംചെന്ന് തളര്‍ന്നതാണെന്നു നീ കരുതേണ്ടതില്ല, അങ്ങനെ ചെയ്താല്‍ നിന്റെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ഉള്ള ശക്തി ഇപ്പോഴും ഈ കൈകള്‍ക്ക് ഉണ്ട്' ചിന്ദ് വാരാ ജയിലിലടക്കപ്പെട്ട മുഹമ്മദലിയെന്ന മകനോട് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ശത്രുക്കള്‍ക്ക് സഹായകമാകുന്ന ഒരു ഒരു പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുക ഇല്ലെന്ന കരാറില്‍ ഒപ്പ് വെക്കാന്‍ വേണ്ടി ബ്രിട്ടീഷ് പട്ടാളം നിര്‍ബന്ധിച്ചു. ഇതറിഞ്ഞ ഇരുപത്തിയേഴാം വയസ്സില്‍ വിധവയായ വൃദ്ധമാതാവിന്റെ ആത്മാഭിമാന സ്ഫുരിക്കുന്ന വാക്കുകളാണിത്. ശുദ്ധി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദന്‍ ഇന്ത്യയിലെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായായാണ് അവരെ ഉയര്‍ത്തിക്കാട്ടിയത്. മുസ്‌ലിം ലീഗിന്റെ സമ്മേളനത്തില്‍ വെച്ച് അവര്‍ ചെയ്ത പ്രസംഗം ആവേശം കൊള്ളിക്കുന്നതായിരുന്നു. 'പാരമ്പര്യത്തിന്റെ വിലക്കുകള്‍ മറികടന്ന് ഒരു വൃദ്ധ ചെയ്ത പ്രസംഗം എല്ലാ സമുദായക്കാരിലും അഗാധമായ സ്വാധീനം ചെലുത്താന്‍ പോന്നതാണ്. തീര്‍ച്ചയായും അത് അവരെ പ്രവര്‍ത്തനസജ്ജമാകും' എന്നാണ് ന്യൂ ഇന്ത്യ പത്രം ആ സംഭവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ''വൈദേശിക ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടുന്നത് വരെ സുഖ-ആഡംബരങ്ങളെ കുറിച്ച് ചിന്തിക്കുകയില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഓരോ സ്ത്രീയും പുരുഷനും ദൈവത്തിന്റെ പട്ടാളമായി കണ്ടു രംഗത്തിറങ്ങേണ്ട സമയമാണിത്. സഹോദരന്മാരെ, വെടിയുണ്ടകളെ പേടിക്കരുത്. ജയിലുകളെ പേടിക്കരുത്. മരണം അനിവാര്യമാണ്. വെടിയുണ്ടകളിലൂടെയാണ് അത് സംഭവിക്കുന്നതെങ്കില്‍ നാം രക്തസാക്ഷികളായി തീരും.'' എന്നായിരുന്നു ആ പ്രൗഡോജ്വല പ്രസംഗം.

ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തില്‍ ദേശക്കൂറിന്റെ മുദ്ര ചാര്‍ത്തിയ ഒട്ടേറെ വനിതാരത്‌നങ്ങള്‍ ഉണ്ട് അവരിലൊരാളാണ് ബ്രിട്ടീഷ് ഫയറിങ് സ്‌ക്വാഡിന്റെ വെടിയേറ്റുവീണ അസീമ ബീഗം. ഹിന്ദു-മുസ്‌ലിം വൈരം ആളിക്കത്തിച്ചു സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ വിശാലമാക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ ഹിന്ദു -മുസ്‌ലിം സഹോദര്യത്തിലൂടെ തന്നെ ഇന്ത്യ തിരിച്ചുപിടിക്കാന്‍ ആഗ്രഹിച്ച ധീര വനിത. ബ്രിട്ടീഷുകാരാല്‍ പിടിക്കപ്പെട്ടപ്പോള്‍ മാപ്പെഴുതി കൊടുത്ത് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് പട്ടാള മേധാവിയുടെ മുഖത്തുനോക്കി ''ബ്രിട്ടീഷുകാരെ ഞാന്‍ നശിപ്പിച്ചെ അടങ്ങൂ എന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഫയറിംഗ് സ്‌ക്വാഡിന്റെ വെടിയേറ്റ് വീണ ധീരവനിത.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവുംവലിയ ചെറുത്തുനില്‍പ്പിനെ പ്രതീകമായിരുന്നു ബീഗം ഹസ്രത്ത് മഹല്‍. രാജാവായിരുന്ന വാജിദ് അലിഷായുടെ പത്‌നി. ഭര്‍ത്താവ് ബ്രിട്ടീഷുകാരാല്‍ തടവിലാക്കപ്പെട്ടപ്പോള്‍ നാനാജാതി മതസ്ഥരെ ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരത്തി ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കാതെ രാജാധികാരകോട്ട വിട്ട് ഹിമാലയത്തില്‍ അലഞ്ഞുനടന്ന്, പിന്നീട് നേപ്പാളിലേക്ക് പോയി 1874ല്‍ അവിടെ വെച്ചു മരണപ്പെട്ട ധീര വനിത.

''ഞങ്ങള്‍ കുടുംബത്തിലെ നാഥന്മാരല്ലേ. നമ്മുടെ പുരുഷന്മാരെ കൊണ്ട് നിസ്സഹകരണ പ്രമേയം കണിശതയോടെ പാലിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്''. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ശബ്ദം കേള്‍പ്പിച്ചു കൊണ്ട് വീറുറ്റ പോരാട്ടം നടത്തിയ അക്തര്‍ ബീഗത്തിന്റെതാണ് ഈ വാക്കുകള്‍. 1920 ല്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട സ്ത്രീകളുടെ ഒരു സമ്മേളനത്തില്‍ വെച്ചാണ് അവര്‍ ഈ പ്രസംഗം നടത്തിയത്. സ്വാതന്ത്രസമരസേനാനി ബാരിസ്റ്റര്‍ ആസിഫയുടെ ഉമ്മയാണവര്‍. ആസിഫ് അലിയെക്കാള്‍ മുന്നേ ഗാന്ധിജിയുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടില്‍ ആകൃഷ്ടയായി സ്വദേശി പ്രസ്ഥാനത്തിന്റെ വക്താവായി ഖദര്‍ വസ്ത്രം ധരിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ സജീവ പങ്കുവഹിച്ചിരുന്നു അവര്‍.

1921 ഗാന്ധിജി യങ് ഇന്ത്യയില്‍ 'ധീരവനിത' എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി. ദേശീയ പ്രസ്ഥാനത്തിലൂടെ, സര്‍വമത സാഹോദര്യത്തിലൂടെ നാടിനെ മോചിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത മൗലാന മുഹമ്മദലിയുടെ ഭാര്യ അംജദ് ബീഗത്തെ കുറിച്ചായിരുന്നു അത്.

നവഖാലിയിലെ ചരിത്രപ്രസിദ്ധമായ സമാധാന ദൗത്യത്തില്‍ത്തില്‍ ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ച, സമാധാനത്തിന്റെയും സഹോദരന്റെയും മതസഹിഷ്ണുതയുടെയും മറ്റൊരു വനിതാ മാതൃകയാണ് ബീവി അമതുസ്സലാം. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ വിശാലമാക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് ഇന്ത്യയില്‍ വര്‍ഗീയത ശാപമായി കൊണ്ടിരുന്നപ്പോള്‍ വെള്ളക്കാരന്റെ കുത്സിത ശ്രമങ്ങള്‍ക്ക് വഴിപ്പെടാതെ സ്വാതന്ത്ര്യത്തിനായി ഒന്നിച്ച് മുന്നേറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തികൊണ്ട് ധീര ദേശാഭിമാനത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് അവര്‍ രാജ്യമൊട്ടാകെ സഞ്ചരിച്ചു.

1921 ഗാന്ധിജി യങ് ഇന്ത്യയില്‍ 'ധീരവനിത' എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി. ദേശീയ പ്രസ്ഥാനത്തിലൂടെ, സര്‍വമത സാഹോദര്യത്തിലൂടെ നാടിനെ മോചിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത മൗലാന മുഹമ്മദലിയുടെ ഭാര്യ അംജദ് ബീഗത്തെ കുറിച്ചായിരുന്നു അത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ബി അമ്മ നോടൊപ്പം സഞ്ചരിച്ച് അവര്‍ പ്രസംഗിച്ചു. ''മധുരമായ ഹിന്ദുസ്ഥാനിയില്‍ പ്രസംഗിച്ച അവരുടെ അധരങ്ങളില്‍ നിന്ന് ഉതിര്‍ന്നു വീണ വാക്കുകള്‍ കണ്ടു ധീരനായ ഭര്‍ത്താവിന്റെ ധീരയായ പത്‌നി തന്നെ എന്ന് ഞാന്‍ സ്വയം പറഞ്ഞു. ഞങ്ങളുടെ സഹയാത്രിക എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നുന്നു ''എന്നാണ് ആ പ്രസംഗത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞത്.


സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഓരോ വീട്ടിലും തൂക്കുന്ന നമ്മുടെ അഭിമാനത്തിന്റെ പ്രതീകമായ ദേശീയപതാകക്കും പറയാനുണ്ട് ഒരു മുസ്‌ലിം പെണ്ണിന്റെ കയ്യൊപ്പ് ചാര്‍ത്തി യ ചരിത്രം. സുരയ്യ ത്വയ്യിബ്ജി എന്ന സ്വാതന്ത്ര പോരാട്ടത്തിന് സംഭാവനകള്‍ ഏറെ നല്‍കിയ കുടുംബത്തിലെ ഒരംഗത്തെ. ഹിന്ദു-മുസ്‌ലിം മറ്റ് സംസ്‌കാരങ്ങള്‍ എന്നിവ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച വെള്ള നിറങ്ങളോടൊപ്പം ചര്‍ക്കയും കൂടി വേണമെന്ന നിര്‍ദേശത്തോടെ 1921 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചായിരുന്നു ദേശീയ പതാക എന്ന ആശയം ഗാന്ധിജി മുന്നോട്ട് വെച്ചത്. അപ്രകാരം ആന്ധ്ര കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പിങ്കലി വെങ്കയ്യ ഒരു പതാക രൂപകല്‍പ്പന ചെയ്തു. എന്നാല്‍, മതങ്ങളെ പ്രതിനിധീകരിക്കുന്ന ചുവപ്പിനെ മാറ്റി കുങ്കുമവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിയിലെ ചര്‍ക്കക്ക് പകരം അശോകചക്രം വേണമെന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി നിര്‍ദേശം വന്നപ്പോള്‍ ആ നിര്‍ദേശത്തെ തുടര്‍ന്നുള്ള ഇന്ന് കാണുന്ന രൂപത്തില്‍ ഉള്ള ദേശീയ പതാക രൂപകല്പന ചെയ്തത് ഹൈദരാബാദ് കാരിയായ സുറയ്യ ത്വയ്യിബ്ജി ആണെന്ന വാദം ശക്തമാണ്. ഫ്‌ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന എന്‍.ജി.ഒയും പാണ്ടുരംഗ റെഡ്ഡി എന്ന ഹൈദരാബാദ് ചരിത്രകാരനും കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി അംഗീകരിച്ച ഫ്‌ളാഗ് ശില്‍പി സുരയ്യയാണ് എന്ന് സമര്‍ഥിക്കുന്നു. പാര്‍ലമെന്റ് ആര്‍ക്കൈവ്‌സില്‍ ഫ്‌ളാഗ് കമ്മിറ്റിയില്‍ സുരയ്യയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്ത സ്വാതന്ത്രസമര പോരാളി സെയ്ഫുദ്ദീന്‍ കിച്ചുവിന്റെ പത്‌നി സആദത്ത ബാനു, മൗലാന ഹബീബ് റഹ്മാന്‍ ലുധിയാനയുടെ പത്‌നി ശിഫഅത്തുന്നിസ ബീഗം, 1937 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മാജിദ ബാനു, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ പ്രൊഫസര്‍ അബ്ദുറഹീന്റെ പുത്രിമാരായ സഹീറ ബീഗം, സുല്‍ത്താന ബീഗം, അബ്ദുല്‍ ഖാദര്‍ ഭാവസീറിന്റെ മകള്‍ അമീന ഖുറെഷി തുടങ്ങി മായ്ച്ചാലും മായാത്ത ഒട്ടേറെ മുസ്‌ലിം സ്ത്രീ പേരുകളാല്‍ സമ്പന്നമാണ് സ്വാതന്ത്ര്യ സമര ചരിത്രം.






TAGS :