Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 5 March 2023 4:33 PM GMT

സഫലമാകുമോ ഈ യാത്ര

കണ്ണൂരിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ സെക്രട്ടറിയുടെ യാത്രയെ നേരിട്ട് ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നു എന്നത് അച്ചടക്കം തങ്ങളുടെ കുത്തകയാണെന്നു പറയുന്ന പാര്‍ട്ടിക്കും, കണിശക്കാരന്‍ എന്ന പ്രതിച്ഛായയുള്ള ഗോവിന്ദന്‍ മാഷിനും വലിയ ക്ഷീണമായിട്ടുണ്ട്.

സഫലമാകുമോ ഈ യാത്ര
X

കേരള സി.പി.എമ്മിന്റെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷം സഖാവ് ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തുന്ന ആദ്യ യാത്ര ഇന്ന് പകുതി വഴി പിന്നിട്ടിരിക്കുകയാണ്. സി.പി.എം ഭരണത്തില്‍ ഇരിക്കുമ്പോള്‍ സ്വന്തം സംസ്ഥാന സെക്രട്ടറി നടത്തുന്ന യാത്ര എന്ന നിലക്ക്, ഈ യാത്രയുടെ തുടക്കം മുതലുള്ള ജനപിന്തുണ പ്രതീക്ഷച്ചതിലും വളരെ പുറകിലാണ് എന്നത് പാര്‍ട്ടിക്കും, സെക്രട്ടറിക്കും വലിയ തിരിച്ചടിയായി എന്ന് വേണം കരുതാന്‍. ഭാരത്‌ജോഡോ യാത്ര കഴിഞ്ഞതോടെ കേരളത്തിലും, ഭാരതത്തില്‍ പൊതുവെയും, യാത്രകളുടെ അളവുകോല്‍ മാറിയിട്ടുണ്ട്. രാഹുല്‍ നയിച്ച യാത്രയുടെ തുടക്കത്തില്‍ അതിനെ പുച്ഛിച്ച മാര്‍ക്‌സിസ്റ്റ്കാര്‍ പോലും ആ യാത്രയുടെ വിജയത്തെ സമ്മതിച്ചു കൊടുത്തിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സഫലമീയാത്ര എന്ന് പറയാന്‍ സാധിക്കുന്ന നിലക്കല്ല കാര്യങ്ങളുടെ പോക്ക്.

സി.പി.എമ്മിനെ സംബന്ധിച്ച് 2024ലെ പാര്‍ലമെന്റ്റ് ഇലക്ഷന്‍ ഒരു പ്രധാന നാഴികക്കല്ലാണ്. കേരളത്തില്‍ അടുത്ത തവണ ഭരണത്തില്‍ കയറാം എന്ന് അവര്‍ കരുതുന്നില്ല. പ്രളയം, കൊറോണ തുടങ്ങിയ സംഭവങ്ങളെ പിന്തുടര്‍ന്ന് നടന്ന ഇലക്ഷനില്‍ തുടര്‍ഭരണം ലഭിച്ചെങ്കിലും, ഇനിയൊരു അങ്കത്തിനു പിണറായിയുടെ പ്രതിച്ഛായക്ക് ബാല്യം ഉണ്ടെന്നു അവര്‍ കരുതുന്നില്ല. പിണറായിയുടെ പിന്‍ഗാമി ആര് തന്നെയായാലും, ഒരു തവണ കൂടി തുടര്‍ഭരണം നേടുവാന്‍ സാധിക്കില്ല എന്നവര്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ, നിയമസഭാ ഇലക്ഷന് മുന്നേയുള്ള ലോക്‌സഭാ ഇലക്ഷനില്‍ കേരളത്തില്‍ നിന്ന് കാര്യമായ സീറ്റുകള്‍ നേടേണ്ടത് അവരുടെ ദേശീയ രാഷ്ട്രീയ നിലനില്‍പ്പിന് അത്യാവശ്യമാണ്. ഇന്നിപ്പോള്‍ കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും അവര്‍ക്ക് എം.പിമാരെ വിയജയിപ്പിച്ചെടുക്കാന്‍ സാധിക്കില്ല എന്ന് അവര്‍ക്കറിയാം. അങ്ങനെ ഉള്ള സമയത്ത് രാഹുല്‍ ഗാന്ധി നയിച്ച ഭാരത്‌ജോഡോ യാത്രയുടെ വിജയം അവരെ വിഷമത്തിലാക്കുന്നു. ആ യാത്രയോടെ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും എന്ന് സി.പി.എം മനസ്സിലാക്കിയിട്ടുണ്ട്.


ഈ അവസരത്തിലാണ് കേരളത്തിന്റെ വടക്ക് നിന്ന് പാര്‍ട്ടി സെക്രട്ടറി യാത്ര തുടങ്ങുന്നത്. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുന്‍പായി, വര്‍ഗീയതക്ക് എതിരായി സമാന ചിന്താഗതിക്കാരുടെ ഒരു രാഷ്ട്രീയ അജണ്ട മുന്നോട്ട് വെക്കാന്‍ വേണ്ടിയുള്ള ഈ യാത്രക്ക് ആദ്യമേ തന്നെ തിരിച്ചടികള്‍ നേരിട്ടു. ജമാഅത്തെ ഇസ്‌ലാമി-ആര്‍.എസ്.എസ് ചര്‍ച്ചയുടെ വാര്‍ത്ത പുറത്ത് വരികയും, മുഖ്യമന്ത്രി കയറി അതിനെ ആക്രമിക്കുകയും ചെയ്തത് ഒരു തിരിച്ചടിയായി പരിണമിച്ചു. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ വേണ്ടിയാണ് ആര്‍.എസ്.എസുമായുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ഈ ചര്‍ച്ചയെ പ്രധാന രാഷ്ട്രീയ വിഷയമായി മുഖ്യമന്ത്രി ഉയര്‍ത്തിയത്. പക്ഷെ, തന്റെ തന്നെ പഴയ ആര്‍.എസ്.എസ് ചര്‍ച്ച ജനമധ്യത്തിലേക്ക് തിരികെ വരാന്‍ മാത്രമാണ് ഇത് സഹായിച്ചത് എന്നത് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തിരിച്ചടിയായി. യാത്ര തുടങ്ങിയ ദിവസങ്ങളില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനു മറുപടി പറഞ്ഞു മടുത്ത്, പണ്ട് മാഷ് തന്നെ നിഷേധിച്ച സി.പി.എം-ആര്‍.എസ്.എസ് ചര്‍ച്ച, സത്യത്തില്‍ നടന്നിരുന്നു എന്ന് തുറന്നു സമ്മതിക്കേണ്ടി വന്നു. ആരെ എതിര്‍ചേരിയില്‍ നിര്‍ത്തിയാണോ യാത്ര നടത്താന്‍ ഇറങ്ങിയത്, അവരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നത് വലിയ വീഴ്ചയായി.

ഇതോടൊപ്പം തന്നെ കണ്ണൂരിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ സെക്രട്ടറിയുടെ യാത്രയെ നേരിട്ട് ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നു എന്നതും അച്ചടക്കം തങ്ങളുടെ കുത്തകയാണെന്നു പറയുന്ന പാര്‍ട്ടിക്കും, കണിശക്കാരന്‍ എന്ന പ്രതിച്ഛായയുള്ള ഗോവിന്ദന്‍ മാഷിനും വലിയ ക്ഷീണമായി. സി.പി.എമ്മിലെ രണ്ടാമന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന, ഇപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന സ്ഥാനം വഹിക്കുന്ന ഇ.പി ജയരാജന്‍ യാത്രയില്‍ നിന്ന് തുടക്കത്തില്‍ മാറി നിന്നത് അണികള്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒന്നായി മാറി. പിന്നീട് പാര്‍ട്ടിയും മാഷും സ്ഥിരമായി ഇതിനു മറുപടി പറഞ്ഞു മടുത്തു. പാര്‍ട്ടിയുടെ സാധാരണ ഒരു നേതാവല്ല ഈ ജയരാജന്‍ എന്ന് രാഷ്ട്രീയ കേരളത്തിന് അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള ഒരാള്‍ തന്നെ പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാവിന്റെ യാത്രയില്‍ നിന്ന് മുഖം തിരിച്ചു നിന്നത് പാര്‍ട്ടിയേക്കാള്‍ ഏറെ, യാത്ര നയിക്കുന്ന ഗോവിന്ദന്‍ മാഷ് എന്ന സെക്രട്ടറിക്കാണ് തിരിച്ചടിയായത്. തന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന റിസോര്‍ട്ടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആരോപണങ്ങളും അക്രമങ്ങളും ഉണ്ടായപ്പോള്‍, പാര്‍ട്ടി തനിക്കൊപ്പം നിന്നില്ല എന്ന വിഷമമാണ് ജയരാജന്. പക്ഷെ പാര്‍ട്ടി സെക്രട്ടറിയുടെ യാത്രയില്‍ നിന്ന് മാറി നില്‍ക്കുക വഴി പാര്‍ട്ടി ജയരാജനെ നിഷ്‌ക്കരുണം ഒറ്റപ്പെടുത്തി. ഇതിനിടെ കേന്ദ്ര ഏജന്‍സികള്‍ റിസോര്‍ട്ടില്‍ അന്വേഷണത്തിന് എത്തുകയും കൂടി ചെയ്തപ്പോള്‍ ജയരാജന് തൃശൂര്‍ എത്തി ജാഥയില്‍ പങ്കെടുക്കേണ്ടതായിട്ടു വന്നു. പക്ഷെ, ഇന്നിപ്പോള്‍ ഗോവിന്ദന്‍ മാഷിന് തോന്നുന്നുണ്ടാകും ഇ.പി വന്നു സംസാരിക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന്. കാരണം, ഇ.പി ജയരാജന്റെ പ്രസംഗം ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന് ചേരുന്ന തരത്തില്‍ ഉള്ളതായിരുന്നില്ല എന്നാണ് സഖാക്കളുടെ പൊതുവെയുള്ള വിലയിരുത്തല്‍. പിണറായിയും കുടുംബവും ഈ പാര്‍ട്ടിയുടെ ഐശ്വര്യമാണ്, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ മുടി മുറിച്ച പെണ്ണുങ്ങള്‍ തുടങ്ങിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അവഹേളനം മാത്രമേ കൊണ്ട് തരൂ എന്ന് നേതൃത്വവും മനസ്സിലാക്കിയിട്ടുണ്ട്.


യാത്ര തുടങ്ങിയ അന്ന് മുതല്‍ നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകളും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും, അതിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും ഭരണപക്ഷവും ബുദ്ധിമുട്ടുന്നതും വാര്‍ത്തകളില്‍ നിറഞ്ഞതും ഗോവിന്ദന്‍ മാഷിന് തിരിച്ചടിയായി. സ്വര്‍ണ്ണക്കടത്തും, ലൈഫ് മിഷന്‍ അഴിമതിയും, മുഖ്യമന്ത്രിയുടെ ആപ്പീസിലെ പ്രധാനികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന ഇ.ഡിയും പത്രങ്ങളിലെ തലക്കെട്ടുകളിലും, ചാനല്‍ ചര്‍ച്ചകളിലും നിറഞ്ഞപ്പോള്‍, പാര്‍ട്ടി സെക്രട്ടറിയുടെ യാത്ര എവിടെ എത്തി എന്ന് പോലും ആരും അറിയാതെ പോയി. ബഡ്ജറ്റിന് എതിരായി ഉയര്‍ന്ന ജനശബ്ദവും, പല വകുപ്പുകളിലും ഭരണം വേണ്ട രീതിയിലല്ല പോകുന്നത് എന്ന പൊതുവികാരവും പാര്‍ട്ടിക്ക് കല്ലുകടിയായി. നിയമസഭയില്‍ സതീശന്റെയും, മാത്യു കുഴല്‍നാടന്റെയും ആക്രമങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മുഖ്യന്‍ ക്ഷോഭത്തോടെ പ്രതികരിക്കുന്നത് മാധ്യമങ്ങള്‍ക്ക് പ്രധാന വര്‍ത്തയായപ്പോള്‍, ഗോവിന്ദന്‍ മാഷ് പെരുവഴിയിലായി.

ഈ കാലയളവില്‍ നടന്ന ത്രിപുര തിരഞ്ഞെടുപ്പും, അവിടത്തെ സി.പി.എം-കോണ്‍ഗ്രസ്സ് സഖ്യവും ഒരു തരത്തില്‍ കേരളത്തിലെ എല്‍.ഡി.എഫിനും സി.പി.എമ്മിനും തിരിച്ചടിയായി. ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് സാധിക്കില്ല എന്ന അഭിപ്രായം ജനങ്ങളില്‍ ഉരുത്തിരിഞ്ഞു വരാന്‍ ഈ സംഭവവികാസം കാരണമായി. യാത്രക്കിടെ കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിക്കേണ്ട ബാധ്യതയും സെക്രട്ടറിയുടെ തലയിലായി. കേരളത്തില്‍ കോണ്‍ഗ്രസിനോട് എതിര്‍ത്ത് നില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക്, പാര്‍ട്ടിക്ക് ദേശീയ സങ്കല്‍പം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഗോവിന്ദന്‍ മാഷിന് ഇത് വലിയ ക്ഷീണമായി.

2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫാസിസ്റ്റുകള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് എന്ന് സി.പി.എം ദേശീയ തലത്തില്‍ ആവശ്യപ്പെടുമ്പോള്‍, കേരളത്തില്‍ മാത്രം ശക്തമായ സാന്നിധ്യമുള്ള ഒരു പാര്‍ട്ടിയെ തങ്ങള്‍ എന്തിനു പിന്താങ്ങണം എന്ന പഴയ ചിന്ത വീണ്ടും ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍. ഇതിന് തടയിടാനാണ് യു.ഡി.എഫ് എന്നാല്‍ കോണ്‍ഗ്രസ്സ് അല്ല, മുസ്‌ലിം ലീഗാണ് എന്ന് കഴിഞ്ഞ ദിവസം ഗോവിന്ദന്‍ മാഷ് പറഞ്ഞത്. മുസ്‌ലിം ലീഗ് ഈ സ്‌നഹേസംഭാഷണങ്ങളില്‍ വീണു പോകില്ല എന്ന് കരുതാം, അവരുടെ പുതിയ നേതൃത്വം ഇടതുപക്ഷത്തിന് ഒപ്പം കൂടി ന്യൂനപക്ഷത്ത് ഇപ്പോള്‍ ഉണ്ടായിട്ടുള്ള കോണ്‍ഗ്രസ് സഹതാപത്തിനു എതിരായി ഒരു തല്ലുമാലയ്ക്ക് മുതിരാന്‍ സാധ്യതയില്ല.


ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്, വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ ഒന്നോ രണ്ടോ തരിയില്‍ കൂടുതല്‍ ഒന്നും പാര്‍ട്ടി ഇത്തവണയും പ്രതീക്ഷിക്കേണ്ട എന്നാണ്. കഴിഞ്ഞ തവണ ഉണ്ടായ ഒരു തരി കനലിനു പോലും ഡല്‍ഹിയില്‍ ചെന്ന് ഒന്നും കാര്യമായി ചെയ്യാന്‍ സാധിച്ചില്ല എന്നതും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടിയും സര്‍ക്കാരും മനസ്സിലാക്കിയതിന്റെ ഫലമായിട്ടാണ് ഈ യാത്രയ്ക്ക് കാര്യമായ പിന്തുണ ഉറപ്പിക്കാന്‍ നേതൃത്വവും മുതിരാതിരുന്നത്. പ്രതിപക്ഷത്തു നിന്നും നിരന്തര ആരോപണങ്ങള്‍ നേരിടുന്ന മുഖ്യനെ പ്രതിരോധിക്കാന്‍ ഇവിടെ സമയം തികയുന്നില്ല, അപ്പോള്‍ എങ്ങനെയാണു യാത്രയ്ക്ക് വേണ്ടി നേരം കണ്ടെത്തുക! യാത്ര തീരാന്‍ ഇനിയും സമയമുണ്ട്, എങ്കിലും ഒരു മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. തുടങ്ങിയ സ്ഥിതിക്ക് നടന്നു തീര്‍ക്കുക തന്നെ വേണം. ബി.ജെ.പിയില്‍ നിന്ന് പ്രധാനമന്ത്രിയടക്കം ഉള്ളവര്‍ കേരളത്തെ ഉന്നം വച്ച് പ്രവര്‍ത്തനങ്ങള്‍ ഉഷാറാക്കുമ്പോള്‍, വോട്ട് വെറുതെ കളയാന്‍ കേരള ജനത മടിക്കും എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

TAGS :