Quantcast
MediaOne Logo

കെ. സഹദേവന്‍

Published: 15 May 2024 11:41 AM GMT

നരേന്ദ്ര മോദിയും ഫങ്ഷണല്‍ ഹിന്ദിയും

പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തുന്ന വിദ്വേഷ വാചാടോപങ്ങള്‍ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതായി കാണാം.

നരേന്ദ്ര മോദിയും ഫങ്ഷണല്‍ ഹിന്ദിയും
X

ഹിന്ദി ഭാഷയില്‍ സാമാന്യ വ്യവഹാരങ്ങള്‍ക്കായി ഏതാണ്ട് 1.5 ലക്ഷം വാക്കുകള്‍ ഉണ്ടത്രേ! സകല പഠന ശാഖകളിലെയും സാങ്കേതിക പദങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് 6.5 ലക്ഷം വാക്കുകള്‍ ആയി ഉയരും. ഇത്രയും സമൃദ്ധമായ പദാവലികളുള്ള ഹിന്ദി ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വശമുള്ളത് ഏതാനും ഡസന്‍ വാക്കുകള്‍ മാത്രമാണെന്ന് ഏറ്റവും കുറഞ്ഞത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികളിലെ ഏറ്റവും പ്രിയപ്പെട്ട വാക്കുകള്‍; ഹിന്ദു-മുസ്‌ലിം, മന്ദിര്‍-മസ്ജിദ്, മുഗള്‍-മഛ്ലി (മത്സ്യം), പാകിസ്ഥാന്‍ കബറിസ്ഥാന്‍, മംഗള്‍സൂത്ര് (മംഗല്യസൂത്രം), പശു-എരുമ എന്നിവയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ഫങ്ഷണല്‍ ഹിന്ദി പ്രയോഗം അദ്ദേഹത്തിന്റെ ഭാഷാപരമായ കഴിവുകേടിനെയല്ല സൂചിപ്പിക്കുന്നത്, മറിച്ച്, പൊതുവില്‍ ലോകമെങ്ങും വലതുപക്ഷ രാഷ്ട്രീയം സ്വാംശീകരിച്ചിരിക്കുന്ന ഒരു ഭാഷാ ശൈലിയെക്കൂടിയാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ ഭാഷണങ്ങള്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കപ്പെടുകയും അത് ആളുകളെ അക്രമങ്ങള്‍ക്കും പരസ്പരം സംശയിക്കാനും പ്രേരിപ്പിക്കുന്നു. വസ്തുതകളുടെ പിന്‍ബലം ആവശ്യമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ ഏതെങ്കിലും ഒരു വ്യക്തിയെ ലക്ഷ്യം വെക്കുന്നതിന് പകരം, ഒരു സമൂഹത്തെ- സ്വാഭാവികമായും അത് ന്യൂനപക്ഷവിഭാഗങ്ങളെ- മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളായി മാറുന്നു.

ഡൊണാള്‍ഡ് ട്രംപ്, ബോറിസ് ജോണ്‍സണ്‍, ജെയര്‍ ബൊള്‍സനാരോ എന്നീ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളെ ശ്രദ്ധിക്കൂ. സമാനമായ രീതിയില്‍ വിലകുറഞ്ഞ, വിദ്വേഷ രാഷ്ട്രീയ പദാവലികളില്‍ തങ്ങളുടെ പ്രസംഗങ്ങളെ, പ്രസ്താവനകളെ തളച്ചിടുന്നത് കാണാം. എന്തുകൊണ്ടാണ് ഏറ്റവും കുറഞ്ഞ വാക്കുകളിലെ ഈ വിദ്വേഷ ഭാഷണങ്ങള്‍ക്ക് മോദി അടക്കമുള്ള മുകളില്‍ സൂചിപ്പിച്ച തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്തിയ പരിഗണന നല്‍കുന്നത് എന്ന് അന്വേഷിച്ചാല്‍ വിദ്വേഷ ഭാഷണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരകാലത്ത് പ്രത്യേകമായൊരു ധര്‍മവും പദവിയും ഉണ്ടെന്ന് കണ്ടെത്താന്‍ കഴിയും.

ഇത്തരത്തിലുള്ള ഫങ്ഷണല്‍ ഹിന്ദിയുമായി വിദ്വേഷ ഭാഷണത്തിന് നരേന്ദ്ര മോദി തുനിയുമ്പോള്‍ അദ്ദേഹം മുന്നില്‍ കാണുന്നത് തന്റെ മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ഏതാനും ആയിരങ്ങളെ മാത്രമല്ല. മറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കണ്ണുംകാതും കൂര്‍പ്പിച്ചിരിക്കുന്ന അനേക ലക്ഷങ്ങളെക്കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ ഭാഷണങ്ങള്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കപ്പെടുകയും അത് ആളുകളെ അക്രമങ്ങള്‍ക്കും പരസ്പരം സംശയിക്കാനും പ്രേരിപ്പിക്കുന്നു. വസ്തുതകളുടെ പിന്‍ബലം ആവശ്യമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ ഏതെങ്കിലും ഒരു വ്യക്തിയെ ലക്ഷ്യം വെക്കുന്നതിന് പകരം, ഒരു സമൂഹത്തെ- സ്വാഭാവികമായും അത് ന്യൂനപക്ഷവിഭാഗങ്ങളെ- മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളായി മാറുന്നു.


കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരേന്ദ്ര മോദി നടത്തിയ തെരഞ്ഞെടുപ്പ് റാലി പ്രസംഗങ്ങളിലെ പ്രധാന ഉള്ളടക്കത്തിന്റെ ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കൂ. 'കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിലെ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥാവകാശം ന്യൂനപക്ഷങ്ങള്‍ക്ക് കൈമാറും, 'ഇന്ത്യാ മുണി അധികാരത്തില്‍ വരാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു.', 'കോണ്‍ഗ്രസ്സ് നിങ്ങളുടെ മംഗല്യസൂത്രം കവര്‍െന്നടുക്കും', 'കോണ്‍ഗ്രസ്സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മതാടിസ്ഥാനത്തില്‍ വിഭജിക്കും', 'സാവന്‍ മാസത്തില്‍ ചിലര്‍ മാംസം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു' തുടങ്ങി യുക്തിരഹിതമായ, വസ്തുതാവിരുദ്ധമായ നിരവധി പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് റാലികളുമായി ബന്ധപ്പെട്ട് മോദി നടത്തിയിരിക്കുന്നത്.

ഇതര സമൂഹങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഭയപ്പാടുകളും അവശ്യ സന്ദര്‍ഭങ്ങളില്‍ കടുത്ത വിദ്വേഷമായും അക്രമങ്ങളായും മുളപൊട്ടാന്‍ പാകത്തില്‍ തയ്യാറാക്കി നിര്‍ത്തുക എന്ന പ്രതിലോമ രാഷ്ട്രീയത്തെയാണ് മോദിയുടെ ഫങ്ഷണല്‍ ഹിന്ദി ലക്ഷ്യം വെക്കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ നരേന്ദ്ര മോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ദേശീയ മുന്നണിയും പരാജയപ്പെട്ടാല്‍പ്പോലും അവര്‍ ഇട്ടെറിഞ്ഞുപോകുന്ന വിദ്വേഷ വിത്തുകള്‍ അനുകൂല കാലാവസ്ഥ കാത്ത് ഇവിടെത്തന്നെ നിലനില്‍ക്കും.

പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ട് നടത്തുന്ന ഈ വിദ്വേഷ വാചാടോപങ്ങള്‍ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതായി കാണാം. അപകീര്‍ത്തികരവും വിദ്വേഷജനകവുമായ ഭാഷാ ശൈലിയിലൂടെ തങ്ങള്‍ കാലങ്ങളായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന (ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ) മുന്‍വിധികളെ ഉറപ്പിക്കല്‍, അക്രമങ്ങള്‍ക്ക് നിയമപരമായ പിന്തുണ നല്‍കല്‍, പദവികളും ശ്രേണികളും പരിപാലിപ്പിച്ചു നിര്‍ത്തല്‍, മത ഭൂരിപക്ഷത്തെ ഒരുമിപ്പിച്ച് നിര്‍ത്തല്‍ തുടങ്ങിയ ബഹുമുഖങ്ങളായ ലക്ഷ്യങ്ങള്‍ മേല്‍സൂചിപ്പിച്ച ഫങ്ഷണല്‍ ഹിന്ദിയിലെ കുറഞ്ഞ പദാവലികളിലൂടെ മോദി നേടിയെടുക്കാന്‍ ശ്രമിക്കുന്നു.

ഈ വിദ്വേഷ ഭാഷണങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിക്കുകള്‍ ദീര്‍ഘകാലത്തേക്കുള്ളതാണെന്ന ബോധ്യം കൂടി അത് പ്രക്ഷേപണം ചെയ്യുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നല്ല പോലെ അറിയാവുന്നതാണ്. താത്കാലിക നേട്ടങ്ങള്‍ക്കുമപ്പുറം ദീര്‍ഘകാല നിക്ഷേപമായും അവര്‍ അതിനെ കാണുന്നുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇതര സമൂഹങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഭയപ്പാടുകളും അവശ്യ സന്ദര്‍ഭങ്ങളില്‍ കടുത്ത വിദ്വേഷമായും അക്രമങ്ങളായും മുളപൊട്ടാന്‍ പാകത്തില്‍ തയ്യാറാക്കി നിര്‍ത്തുക എന്ന പ്രതിലോമ രാഷ്ട്രീയത്തെയാണ് മോദിയുടെ ഫങ്ഷണല്‍ ഹിന്ദി ലക്ഷ്യം വെക്കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ നരേന്ദ്ര മോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ദേശീയ മുന്നണിയും പരാജയപ്പെട്ടാല്‍പ്പോലും അവര്‍ ഇട്ടെറിഞ്ഞുപോകുന്ന വിദ്വേഷ വിത്തുകള്‍ അനുകൂല കാലാവസ്ഥ കാത്ത് ഇവിടെത്തന്നെ നിലനില്‍ക്കും.

TAGS :