Quantcast
MediaOne Logo

ഷിംന സീനത്ത്

Published: 3 April 2024 9:34 AM GMT

സാമൂഹിക വംശഹത്യകള്‍ അഥവാ നെക്രോപൊളിറ്റിക്‌സില്‍ മണ്ണടിയുന്ന ഗസ്സ

ശക്തമായ കാറ്റില്‍ ചെളിപിടിച്ച് കീറിയ ഇസ്രായേല്‍ പതാക വരണ്ട ഭൂമിയില്‍ നാട്ടിയ ചിത്രത്തോട് കൂടി ദി എക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇസ്രായേലിന്റെ അന്താരാഷ്ട്ര ഒറ്റപ്പെടലിനെ സൂചിപ്പിക്കുന്നു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഇരുണ്ട പാതയിലാണിപ്പോള്‍ ഇസ്രായേലെന്ന് ലേഖനത്തില്‍ പറയുന്നു.

സാമൂഹിക വംശഹത്യകള്‍ അഥവാ നെക്രോപൊളിറ്റിക്‌സില്‍ മണ്ണടിയുന്ന ഗസ്സ
X

''രക്തക്കാഴ്ച്ചയും മണവുമാണെവിടെയും. പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികള്‍, ബോംബാക്രമണത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടവര്‍, ഉറ്റവരാരും കൂടെ ഇല്ലാത്തവര്‍, ഒരിഞ്ചു സ്ഥലമില്ലാതെ ആശുപത്രി തിങ്ങിനിറഞ്ഞിരിക്കുകയാണ്. രാവും പകലുമെന്നില്ലാതെ സ്‌ഫോടനശബ്ദം കേള്‍ക്കാം.''

PAMA (പാലസ്തീന്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍) യുടെ ഭാഗമായി ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയിലെത്തിയ ഡോക്ടര്‍ അബ്ദുവിന്റെ വാക്കുകളാണിത്. എട്ടു ദിവസത്തോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങികിടന്ന ഒരു മനുഷ്യന്‍ തന്റെ ഓര്‍മയില്‍ നിന്ന് പോകുന്നേയില്ലെന്നു പറയുന്നു. കാഴ്ച നഷ്ടപ്പെട്ടു മുഖം രണ്ടായി പിളര്‍ന്നു അതിജീവിച്ചയാള്‍. പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ ദിവസങ്ങളോളം തുന്നിയെടുക്കേണ്ടി വന്നു. ഇസ്രായേല്‍ സൈന്യം അവശേഷിച്ചവരെ വെടിയുതിര്‍ക്കുവാന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ചുറ്റിനടക്കുന്ന ദൃശ്യം ആ മനുഷ്യന്‍ പറയുന്നുണ്ടായിരുന്നു. ഡോക്ടര്‍ അബ്ദു കൂട്ടിച്ചേര്‍ത്തു.

ഗസയിലെ പ്രമുഖ ആശുപത്രിയായ അല്‍ഷിഫ മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പിന്‍വാങ്ങിയപ്പോള്‍ 400 ഓളം മൃതശരീരങ്ങളാണവിടെ കണ്ടെത്തിയത്. ഉപകരണങ്ങളെല്ലാം കത്തിച്ചു കളഞ്ഞിട്ടുണ്ട്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയിലാണ്. അവയൊന്നും പൂര്‍ണ്ണമായിരുന്നില്ല. കഷണങ്ങളോ ഭയാനകമാം വിധം വികൃതമാക്കിയതോ ആയിരുന്നു. നിരവധി മൃതദേഹങ്ങള്‍ ജീര്‍ണിക്കുകയും ഭാഗികമായി തെരുവ് നായ്ക്കള്‍ തിന്നുകയും ചെയ്തു.

ഉപരോധിക്കുക, പട്ടിണിക്കിടുക, കൊല്ലുക എന്ന യുദ്ധതന്ത്രക്രമം ഇസ്രായേല്‍ വര്‍ഷങ്ങളായി പരീക്ഷിച്ചു വരുന്നു. 1982 ലെ ബെയ്റൂത്ത് ഉപരോധം മുതല്‍ 1987-അധിനിവേശങ്ങളില്‍ ഉടനീളവും ഇത് നടപ്പാക്കിയതാണ്. എന്നാലിന്ന് ഗസയില്‍ അതിജീവിതഞരമ്പുകളെല്ലാം അറത്തുകളയുന്ന കിരാത തന്ത്രമാണവര്‍ പടര്‍ത്തുന്നത്. ബലാത്സംഗങ്ങളും ആശുപത്രികള്‍ നശിപ്പിക്കലും തുടങ്ങി മൃതദേഹത്തിന്റെ തല അറുത്തുമാറ്റല്‍ വരെ- സാധ്യമായ എല്ലാ നിലയ്ക്കും വംശഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗസയിലെ പ്രമുഖ ആശുപത്രിയായ അല്‍ഷിഫ മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പിന്‍വാങ്ങിയപ്പോള്‍ 400 ഓളം മൃതശരീരങ്ങളാണവിടെ കണ്ടെത്തിയത്. ഉപകരണങ്ങളെല്ലാം കത്തിച്ചു കളഞ്ഞിട്ടുണ്ട്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയിലാണ്. അവയൊന്നും പൂര്‍ണ്ണമായിരുന്നില്ല. കഷണങ്ങളോ ഭയാനകമാം വിധം വികൃതമാക്കിയതോ ആയിരുന്നു. നിരവധി മൃതദേഹങ്ങള്‍ ജീര്‍ണിക്കുകയും ഭാഗികമായി തെരുവ് നായ്ക്കള്‍ തിന്നുകയും ചെയ്തു.


ഇസ്രായേല്‍ പട്ടാളക്കാര്‍ ഫലസ്തീന്‍ സ്ത്രീകളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊന്നുകളയുകയും അവരുടെ നായകളെ മരവിച്ചശരീരങ്ങള്‍ക്ക് മുകളിലൂടെ അഴിച്ചുവിടുകയും ചെയ്ത സംഭവങ്ങള്‍ ഇതേ ആശുപത്രി പരിസരങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ടതാണ്. ദിവസങ്ങളോളം നീണ്ട ഭീകരതക്ക് ശേഷം ശവക്കൂനകള്‍ നിര്‍മിച്ചാണ് അല്‍ഷിഫയില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയത്.

ഒരുപടി കൂടി കടന്നു, തങ്ങള്‍ കൊള്ളയടിച്ചതും നശിപ്പിച്ചതുമായ വീടുകളില്‍ നിന്ന് ഫലസ്തീന്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച്, അതുയര്‍ത്തിക്കാണിച്ച് അശ്ലീസംഭാഷണങ്ങള്‍ പറഞ്ഞു ആര്‍ത്തുല്ലസിക്കുന്ന ഇസ്രായേല്‍ പട്ടാളക്കാരുടെ ദൃശ്യങ്ങള്‍ ഈയിടെ പ്രചരിച്ചിരുന്നു. കൊട്ടിഘോഷിക്കുന്ന പോലെ, ഹമാസിനെ ഉന്മൂലനം ചെയ്യലല്ല ഇവരുടെ ലക്ഷ്യമെന്നുള്ളതിന്റെ പ്രതീകമാണ് ഏറ്റവും സ്വകാര്യതയിലേക്കുള്ള ഈ കടന്നാക്രമണ ദൃശ്യങ്ങള്‍. വിറങ്ങലിച്ചോടുന്ന കുഞ്ഞുങ്ങളെയും ശവക്കൂമ്പാരങ്ങളെയും കണ്ടിട്ടും അനങ്ങാതിരിക്കുകയാണ് പാശ്ചാത്യലോകം. ഫെമിനിസ്റ്റുകള്‍ പോലും മുഴുവന്‍ സ്ത്രീകളുടെയും അന്തസ്സിനു നേരെയുള്ള ഈ കടന്നുകയറ്റത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്? ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തെരുവിലിറങ്ങുന്ന, ഉക്രൈനില്‍ കുടിഒഴിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളുടെ വാര്‍ഡ്രോബുകള്‍ സംഭാവന ചെയ്യുന്ന ലോകം ഫലസ്തീന്‍ സ്ത്രീകളെ അനസ്‌തേഷ്യ നല്‍കാതെ സിസേറിയന്‍ ചെയ്യേണ്ടി വന്നപ്പോള്‍, ക്രൂരമായി ബലാത്സംഗം ചെയ്ത്കൊന്ന് കൂട്ടിയിട്ടപ്പോള്‍, തങ്ങളാല്‍ കൊല്ലപ്പെട്ടവരുടെ അടിവസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ആക്രോശിക്കുമ്പോള്‍ അതീവ മൗനത്തിലാണ്.

യുദ്ധം തുടങ്ങിയ ശേഷം നിരായുധരായ തദ്ദേശീയരെ സൈന്യം വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ നിരവധിയാണ്. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനായിരത്തിലും അധികമാണ്. കൂടുതലും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഇനിയൊരു അതിജീവനം സാധ്യമാവരുതാത്ത തരത്തില്‍ സര്‍വ്വ ഇടങ്ങളും ബോംബ് വച്ച് തകര്‍ത്തുകളഞ്ഞിട്ടുണ്ട്.

ദി എക്കണോമിസ്റ്റില്‍ 'Israel Alone' എന്ന തലക്കെട്ടില്‍ കഴിഞ്ഞ മാര്‍ച്ച് 23 ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ശക്തമായ കാറ്റില്‍ ചെളിപിടിച്ച് കീറിയ ഇസ്രായേല്‍ പതാക വരണ്ട ഭൂമിയില്‍ നാട്ടിയ ചിത്രത്തോട് കൂടിയായിരുന്നു ലേഖനം. ഇത് ഇസ്രായേലിന്റെ അന്താരാഷ്ട്ര ഒറ്റപ്പെടലിനെ സൂചിപ്പിക്കുന്നു.

ഫലസ്തീന്‍ ഭാവി തലമുറയെ ഇല്ലാതാക്കുകയെന്ന ഇസ്രായേലിന്റെ നയപരമായ തീരുമാനം, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍പേ വെളിപ്പെട്ടതാണ്. എത്രയൊളിപ്പിച്ചു വച്ചാലും പിതാവിന്റെ കൈവെള്ളക്കുള്ളില്‍ നിന്നുപോലും ഉന്നം വച്ച് തീര്‍ത്തകളയുന്ന സയണിസ്റ്റ് ഭീകരത. 2015ല്‍, അന്ന് രാഷ്ട്രീയപ്രവര്‍ത്തകയായിരുന്ന അയലെറ്റ് ഷെയ്ക്ഡ് ഫലസ്തീന്‍ കുഞ്ഞുങ്ങളെ ചെറിയ പാമ്പുകളോടാണ് ഉപമിച്ചത്. കുഞ്ഞുങ്ങള്‍ക്ക് പുറമേ അമ്മമാരും കൊല്ലപ്പെടേണ്ടവരാണെന്ന് അവര്‍ കൃത്യമായിട്ട് പറഞ്ഞുവെക്കുന്നു. മനുഷ്യര്‍ക്കെതിരെ ഈ അളവില്‍ ക്രൂര ഇടപെടല്‍ നടത്തിയ സ്ത്രീ അധികം വൈകാതെ ഇസ്രായേല്‍ ആഭ്യന്തരമന്ത്രിയായി മാറുന്നു.


അയലെറ്റ് ഷെയ്ക്ഡ്

ഒഫെക് യാകോളേവ് എന്ന ഇസ്രായേല്‍ സൈനികന്‍ ചെയ്ത ടിക് ടോക് വീഡിയോ തങ്ങള്‍ എന്തിനിവിടെ വന്നു, എന്തെല്ലാം ചെയ്യുന്നു എന്നതിന്റെ വ്യക്തമായ കാഴ്ചയാണ്. ബോംബില്‍ തകര്‍ന്നടിഞ്ഞ ഒരു ക്ളാസ് മുറിയില്‍ അധ്യാപകന്‍ എന്ന രീതിയില്‍ ഒഫെക് ബോര്‍ഡില്‍ എഴുതുന്നു. ക്യാമറ സൂം ഔട്ട് ചെയ്യുമ്പോള്‍ ഒരു വിദ്യാര്‍ഥിയെ അനുകരിച്ച് മറ്റൊരു സൈനികന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൈയുയര്‍ത്തുന്നു. ഓഫെക് ചോക്ക് വലിച്ചെറിഞ്ഞ് മതിലിലെ ദ്വാരത്തിലൂടെ ചാടുന്നു. ഇതായിരുന്നു വീഡിയോ ഉള്ളടക്കം. അടുത്ത തലമുറയെ മുച്ചൂടും നശിപ്പിക്കലാണ് തങ്ങളുടെ പ്രാഥമികലക്ഷ്യമെന്ന് വീണ്ടും പറഞ്ഞു വെക്കുകയാണ് ഇത്തരം ദൃശ്യങ്ങള്‍. ഗസയില്‍ പഠിക്കാന്‍ കുഞ്ഞുങ്ങളില്ലെങ്കിലും ലോകത്തിനുമൊത്തം പഠിക്കാനുള്ള പാഠങ്ങള്‍ ബാക്കിയാവുന്നുണ്ടവിടെ.


യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ ഇസ്രായേല്‍ സൈനികര്‍ സമാനമായ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പോസ്റ്റ് ചെയ്യുന്നുണ്ട്. തദ്ദേശീയ വിലാപങ്ങളുടെ ട്രോള്‍ വീഡിയോകളായിരുന്നു വ്യാപകമായി സൈനിക അക്കൗണ്ടുകളില്‍. ഒരു ജനതയുടെ സ്വത്തിലേക്ക്, സ്വത്വത്തിലേക്ക്, ജീവനിലേക്ക് തന്നെയും കടന്നു കയറുന്ന, അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്ക് എതിരായ വീഡിയോകളാണ് ഒരു ഗെയിം പോലെ, അഭിമാനപൂര്‍വ്വം ഇസ്രായേല്‍ സൈന്യം പങ്കുവെക്കുന്നത്. യാതൊരുവിധ ശിക്ഷാനടപടിയും നേരിടേണ്ടി വരില്ലെന്ന് ഉറപ്പുണ്ടവര്‍ക്ക്.

ഒരുതരത്തിലുള്ള മനുഷ്യത്വ വിരുദ്ധ ഉള്ളടക്കങ്ങളും അനുവദിക്കില്ലെന്ന് പറയുന്ന ടിക് ടോക് പോലുള്ള സാമൂഹ്യമാധ്യമങ്ങളും ഈ ചെയ്തികള്‍ക്ക് നേരെ ബോധപൂര്‍വ്വം കണ്ണടക്കുകയാണ്. ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യകേസില്‍ ഇത്തരം വീഡിയോകള്‍ തെളിവുകളായി അന്താരാഷ്ട്ര വേദിയിലെത്തിയിരുന്നല്ലോ. എന്നിട്ടും യാതൊരു മാറ്റവുമില്ലാതെ നിര്‍ലജ്ജം, നിര്‍ബാധം തുടരുന്നു.

ഹമാസിനോടുള്ള ചെറുത്ത്‌നില്‍പ് പാളിപ്പോകുന്ന വേളയില്‍, തങ്ങളാണ് ഇവിടത്തെ അധികാരികളെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഹീനശ്രമമാണ് സാധാരണ മനുഷ്യരെ കൊന്നും കൊലവിളിച്ചുമുള്ള ഇത്തരം വീഡിയോയിലൂടെ ഇസ്രായേലിന്റെതെന്നാണ് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് റംസി ബറൂദ് അഭിപ്രായപ്പെടുന്നത്.

ദി എക്കണോമിസ്റ്റില്‍ 'Israel Alone' എന്ന തലക്കെട്ടില്‍ കഴിഞ്ഞ മാര്‍ച്ച് 23 ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ശക്തമായ കാറ്റില്‍ ചെളിപിടിച്ച് കീറിയ ഇസ്രായേല്‍ പതാക വരണ്ട ഭൂമിയില്‍ നാട്ടിയ ചിത്രത്തോട് കൂടിയായിരുന്നു ലേഖനം. ഇത് ഇസ്രായേലിന്റെ അന്താരാഷ്ട്ര ഒറ്റപ്പെടലിനെ സൂചിപ്പിക്കുന്നു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഇരുണ്ട പാതയിലാണിപ്പോള്‍ ഇസ്രായേലെന്ന് ലേഖനത്തില്‍ പറയുന്നു. ഇത്തരമൊരു ഒറ്റപ്പെടല്‍ ഇസ്രായേല്‍ യഥാര്‍ഥത്തില്‍ അനുഭവിക്കുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്. അമേരിക്കന്‍, പാശ്ചാത്യ ഇടങ്ങളില്‍ നിന്നുള്ള ആയുധ ഒഴുക്ക് തന്നെയാണ് യുദ്ധത്തെ അടിമുടി പോഷിപ്പിക്കുന്നത്.


ലോകത്തിന്റെ കണ്‍മുന്നിലിട്ട് ഒരു ജനതയെ കശാപ്പു ചെയ്യുമ്പോള്‍ വേദനിച്ചുകൊണ്ട് മനുഷ്യര്‍ പലയിടങ്ങളിയായി തെരുവിലിറങ്ങുന്നുണ്ട്, പ്രതികരിക്കുന്നുണ്ട്. എന്നാല്‍, പാശ്ചാത്യ ഭരണകൂടങ്ങള്‍ അവയെ കണ്ടില്ലെന്നു നടിച്ചു, കുറ്റകരമായ മൗനം പാലിച്ച്, ഒരു വാക്ക് കൊണ്ടുപോലും ഇസ്രായേലിനെ നോവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ആയുധങ്ങള്‍ നിര്‍ലോഭം ഒഴുക്കി, ഈ ക്രൂരതക്കൊപ്പം ദൃശ്യമായും അദൃശ്യമായും പങ്കു ചേരുന്നു.


TAGS :