Quantcast
MediaOne Logo

റാനി ജിഫ്രി

Published: 20 Jun 2024 12:12 PM GMT

പഠന മികവിന് വേണ്ടത് അവധിദിനങ്ങള്‍ കുറക്കലോ?

അധ്യാപകരും അവധി ദിനങ്ങളില്‍ അവധിയിലായിരിക്കട്ടെ. തലമുറകളെ വാര്‍ത്തെടുക്കേണ്ടവര്‍ കൂടുതല്‍ സക്രിയരാകാന്‍ അവധിയും വിശ്രമവും ഏറെ ആവശ്യമാണെന്ന തിരിച്ചറിവ് അധ്യാപകരുടെ അവധിയില്‍ അസ്വസ്ഥമാകുന്ന നമുക്കുണ്ടാകേണ്ടതുണ്ട്. 25 അധിക ശനിയാഴ്ചകള്‍ അധ്യയന ദിനങ്ങളാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അവധി ദിനങ്ങളുടെ അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നു.

സ്‌കൂള്‍ അവധിദിനങ്ങള്‍ കുറക്കല്‍ ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തി ദിവസം സ്‌കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനം
X

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിലൂന്നി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പരിഷ്‌കരണത്തിലാണല്ലോ നാമിപ്പോള്‍. വിദ്യാഭ്യാസ ഗുണതയെ പരിപോഷിപ്പിക്കാന്‍ പഠനബോധന പ്രവര്‍ത്തനങ്ങള്‍, പാഠപുസ്തകങ്ങള്‍, പഠനാനുഭവങ്ങള്‍ എന്നുതുടങ്ങി പഠനപ്രക്രിയയെ ക്രിയാത്മകമാക്കുന്ന എല്ലാ നൂതനമാര്‍ഗങ്ങളും നമ്മള്‍ അവലംബിക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച ചിന്തകള്‍ നമ്മുടെ സംവിധാനത്തിനകത്ത് എത്രത്തോളമുണ്ടെന്നത് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

പ്രവൃത്തി ദിനം 220 ല്‍ നിന്ന് ചുരുക്കുന്നത് വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി തീര്‍പ്പാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പ്രകാരം 25 അധിക ശനിയാഴ്ചകള്‍ അധ്യയന ദിനങ്ങളാക്കിയിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ കലണ്ടറില്‍.

യു.എസ്, യു.കെ, ഫിന്‍ലാന്‍ഡ് തുടങ്ങി ലോകത്തെ മിക്ക വികസിത രാജ്യങ്ങളിലെയും സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ വര്‍ഷത്തില്‍ 200 ദിവസങ്ങള്‍ക്ക് താഴെയും ആഴ്ചയില്‍ അഞ്ചു ദിവസവുമാണെന്ന് കാണാം; ചൈന, ജപ്പാന്‍ തുടങ്ങിയ ചില രാജ്യങ്ങള്‍ അപവാദങ്ങളാണെങ്കിലും.

അവധിദിനങ്ങള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ ഉത്തരവാദിത്ത്വങ്ങളും (academic responsibilities) വ്യക്തിഗത ക്ഷേമവും (personal well -being) തമ്മിലുള്ള സന്തുലനത്തെ സാധ്യമാക്കുന്നു. തിടുക്കമേറിയ സ്‌കൂള്‍ ജീവിതത്തിന്റെ കാഠിന്യത്തില്‍ നിന്നുമുള്ള ഇത്തരം വിശ്രമവേളകള്‍ വിദ്യാര്‍ഥികളെ പുനരുജ്ജീവിപ്പിക്കാനും പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കാനും ആത്മാവിഷ്‌കാരത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനും സമഗ്രമായ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. അക്കാദമിക് ഇടവേളകള്‍ ഊര്‍ജ്ജവും ഉത്സാഹവും വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വൈജ്ഞാനിക വികാസത്തില്‍ വിശ്രമവേളകളുടെ നിര്‍ണായക പങ്കിനെക്കുറിച്ച് ന്യൂറോ സയന്‍സും സൈക്കോളജിയും വാചാലമാകുമ്പോള്‍ യഥാര്‍ഥത്തില്‍ അധ്യയന ദിനങ്ങള്‍ വര്‍ധിപ്പിക്കാത്തതാണോ പഠന മികവിന് വിഘാതം, സുദീര്‍ഘമായ പഠനവേളകള്‍ പിന്തുടരുന്ന നമ്മുടെ കരിക്കുലം സിസ്റ്റത്തില്‍ വിശ്രമവേളകളുടെ തോതും ആവശ്യവും എത്രത്തോളമുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്.

ഇതിനുള്ള ഉത്തരം തേടുമ്പോള്‍ എന്താണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വ്യക്തിയുടെ സമഗ്രവും അഭിലഷണീയവും ഗുണാത്മകവുമായ വികസനമാണത്. വൈജ്ഞാനിക വികാസം, സാമൂഹിക വികാസം, വൈകാരിക വികാസം, കായിക-ചാലക വികാസം, ഭാഷാ വികാസം ഇവയെല്ലാം സമ്മേളിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണ വികാസം സാധ്യമാകുന്നത്. സ്‌കൂള്‍ കാലഘട്ടത്തിന് വ്യക്തിയുടെ വികാസഘട്ടത്തില്‍ നിര്‍ണായകമായ സ്ഥാനമാണുള്ളത്. ആയതിനാല്‍ എല്ലാ വികാസ തലങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസ സംവിധാനം. സ്വതവേ വൈകാരിക തലത്തെ അത്രതന്നെ പരിഗണിക്കാത്ത മത്സരാധിഷ്ഠിത സ്വഭാവത്തിലുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളില്‍ മാനസിക സമ്മര്‍ദവും പ്രക്ഷുബ്ധതയും സൃഷ്ടിക്കുന്നതാണ്. പഠനം കാര്യക്ഷമമാകണമെങ്കില്‍ സന്തുലിതമായ മാനസികാവസ്ഥയുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. വൈകാരികാനുഭവം സൃഷ്ടിപരമാകുമ്പോഴേ വൈജ്ഞാനിക ക്ഷമത കൂടുതല്‍ ഉദ്ദീപിക്കപ്പെടുകയുള്ളൂ.

ഇവിടെയാണ് പ്രവൃത്തി ദിനങ്ങള്‍ അധികരിപ്പിച്ച് വിശ്രമ ദിനങ്ങള്‍ ഹ്രസ്വമാക്കുന്നതിലെ അസാംഗത്യം വിഷയീഭവിക്കുന്നത്. അവധിദിനങ്ങള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ ഉത്തരവാദിത്ത്വങ്ങളും (academic responsibilities) വ്യക്തിഗത ക്ഷേമവും (personal well -being) തമ്മിലുള്ള സന്തുലനത്തെ സാധ്യമാക്കുന്നു. തിടുക്കമേറിയ സ്‌കൂള്‍ ജീവിതത്തിന്റെ കാഠിന്യത്തില്‍ നിന്നുമുള്ള ഇത്തരം വിശ്രമവേളകള്‍ വിദ്യാര്‍ഥികളെ പുനരുജ്ജീവിപ്പിക്കാനും പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കാനും ആത്മാവിഷ്‌കാരത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനും സമഗ്രമായ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. അക്കാദമിക് ഇടവേളകള്‍ ഊര്‍ജ്ജവും ഉത്സാഹവും വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള മികച്ച അക്കാദമിക് പ്രകടനത്തിനും മെച്ചപ്പെട്ട ഏകാഗ്രതക്കും ഉയര്‍ന്ന ഗ്രേഡിലേക്കും നയിക്കും.

വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂമിന് പുറത്തുനിന്നും ലഭ്യമാകുന്ന സാംസ്‌കാരികാവവബോധം വര്‍ധിപ്പിക്കുന്നതിനും സാമൂഹിക കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവധി ദിനങ്ങള്‍ അവസരമൊരുക്കുന്നു. സാമൂഹിക ക്ഷേമത്തിന് ബന്ധങ്ങളുടെ ശാക്തീകരണം വളരെ പ്രധാനമാണ്. കുട്ടികള്‍ വിദ്യാലയജീവിതം ആരംഭിച്ചാല്‍ ഏറിയ പങ്കും ചെലവഴിക്കുന്നത് പാഠശാലകളിലായതിനാല്‍ കുടുംബബന്ധങ്ങളുടെ ശാക്തീകരണത്തിന് ഇടക്കുള്ള അവധി ദിനങ്ങള്‍ നിര്‍ണായകമാണ്.

പഠനം എന്നത് വെറും ഓര്‍മയെ പുനഃസൃഷ്ടിക്കലല്ലെന്നും മറിച്ച് അനുഭവങ്ങളിലൂടെ വ്യവഹാരത്തിനുണ്ടാകുന്ന പരിവര്‍ത്തനമാണെന്നുമുള്ള തിരിച്ചറിവാണ് ജ്ഞാനനിര്‍മിതിയും വിമര്‍ശനാത്മക ബോധനവുമെല്ലാം നമ്മുടെ പാഠ്യപദ്ധതി ചട്ടക്കൂടിനെയും സ്വാധീനിക്കാനിടയായത്. അതായത് വ്യക്തി, ജീവിത വ്യവഹാരങ്ങള്‍ക്കാവശ്യമായ അറിവും അനുഭവങ്ങളും നൈപുണികളും ആര്‍ജിക്കുന്ന പ്രക്രിയയാണ് പഠനം. ആയതിനാല്‍ വ്യക്തിയുടെ വികാസഘട്ടത്തിലെ മര്‍മമായ സ്‌കൂള്‍ കാലയളവില്‍ പാഠപുസ്തകത്തിനപ്പുറത്തുള്ള അറിവും അനുഭവങ്ങളും ഏറെ പ്രധാനമാണ്. അധ്യയന ദിനങ്ങള്‍ വീണ്ടും അധികരിപ്പിക്കുമ്പോള്‍ ഇത്തരം അവസരങ്ങള്‍ കുറയുന്നതിന് കാരണമാകുന്നു.

വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂമിന് പുറത്തുനിന്നും ലഭ്യമാകുന്ന സാംസ്‌കാരികാവവബോധം വര്‍ധിപ്പിക്കുന്നതിനും സാമൂഹിക കഴിവുകള്‍ (social skill) വികസിപ്പിക്കുന്നതിനും അവധി ദിനങ്ങള്‍ അവസരമൊരുക്കുന്നു. സാമൂഹിക ക്ഷേമത്തിന് ബന്ധങ്ങളുടെ ശാക്തീകരണം വളരെ പ്രധാനമാണ്. കുട്ടികള്‍ വിദ്യാലയജീവിതം ആരംഭിച്ചാല്‍ ഏറിയ പങ്കും ചെലവഴിക്കുന്നത് പാഠശാലകളിലായതിനാല്‍ കുടുംബബന്ധങ്ങളുടെ ശാക്തീകരണത്തിന് ഇടക്കുള്ള അവധി ദിനങ്ങള്‍ നിര്‍ണായകമാണ്. രക്ഷിതാക്കളും കുട്ടികളും പോലെത്തന്നെ അധ്യാപകര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം സമയം പങ്കിടുന്നതിന്റെ പ്രാധാന്യവും അവഗണിച്ചു കൂടാ. അധ്യാപകരില്‍ വലിയൊരു വിഭാഗം സ്ത്രീകളായിരിക്കെ പ്രത്യേകിച്ചും.


നമ്മുടെ പാഠ്യ പദ്ധതിക്കകത്ത് സര്‍ഗ വേളകള്‍ക്കും മറ്റും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെങ്കിലും സര്‍ഗവാസനകളെ ശരിയാംവിധം പരിപോഷിപ്പിക്കാനുള്ള നമ്മുടെ സംവിധാനത്തിനകത്തെ പരിമിതിയെ കാണാതിരിക്ക വയ്യ. അവധി ദിനങ്ങളെ ക്രിയാത്മകമായി സമീപിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് സ്വയം കഴിവുകള്‍ തിരിച്ചറിഞ്ഞ് പാഠ്യപദ്ധതിക്ക് പുറത്തുള്ള താല്‍പര്യങ്ങളെ പിന്തുടര്‍ന്ന് പുതിയ കഴിവുകള്‍ സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ കൈവരും. അവധി ദിനങ്ങളില്‍ അവധിയിലായിരിക്കുകയെന്നതും ഏറെ പ്രധാനം തന്നെ. മനസ്സിനിണങ്ങിയ വിനോദവൃത്തികളില്‍ ഏര്‍പ്പെടുന്നതിലൂടെ ആനന്ദവും സംതൃപ്തിയും കണ്ടെത്താനും അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ശരീരത്തിലും മനസ്സിലും ഊര്‍ജം നിറച്ച് - റീച്ചാര്‍ജ് ചെയ്ത് - ഊര്‍ജസ്വലമാവുകയെന്നത് പഠന പുരോഗതിക്ക് അത്യാവശ്യമാണ്. വ്യക്തിഗത റീചാര്‍ജിങ് കുട്ടികള്‍ക്കെന്നപോലെ അധ്യാപകര്‍ക്കും ലഭ്യമായാലേ ഗുണാത്മക പ്രതിഫലനം പഠന മികവില്‍ ദൃശ്യമാവുകയുള്ളൂ.

അധ്യാപകരും അവധി ദിനങ്ങളില്‍ അവധിയിലായിരിക്കട്ടെ. തലമുറകളെ വാര്‍ത്തെടുക്കേണ്ടവര്‍ കൂടുതല്‍ സക്രിയരാകാന്‍ അവധിയും വിശ്രമവും ഏറെ ആവശ്യമാണെന്ന തിരിച്ചറിവ് അധ്യാപകരുടെ അവധിയില്‍ അസ്വസ്ഥമാകുന്ന നമുക്കുണ്ടാകേണ്ടതുണ്ട്.

പഠനമികവ് സാധ്യമാകണമെങ്കില്‍ പഠിതാവിനെപ്പോലെത്തന്നെ പഠിപ്പിക്കുന്നവരുടെയും മാനസികാരോഗ്യം ഗുണാത്മകമാകണം എന്നതും ഏറെ ഗണനീയമാണ്. ഇന്ന് കാണുന്ന അധ്യാപനവൃത്തിയിലെ അമിത ജോലിഭാരം അധ്യാപകരില്‍ സമ്മര്‍ദം അധികരിക്കുന്നതിനും അതുമൂലം കുട്ടികളോടൊത്തുള്ള സന്തോഷകരവും രസകരവുമായ ഇടപഴകലുകളില്‍ വിള്ളലുണ്ടാവാനും കാരണമാകുന്നുണ്ട്. അധ്യാപകരുടെ ശാരീരിക-മാനസികാരോഗ്യത്തെ ഏറെ ഗൗരവത്തോടെ കാണുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസ സംവിധാനം. എന്നാല്‍, ഹാളുകളെ വിഭാഗീകരിച്ച രീതിയിലുള്ള ക്ലാസ്മുറികളും മൈക്കുപയോഗിച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകരും ബഹളോന്മുഖമായ അന്തരീക്ഷത്തില്‍ നിന്നും പ്രയാസപ്പെട്ട് ക്ലാസുകള്‍ ഗ്രഹിച്ചെടുക്കുന്ന വിദ്യാര്‍ഥികളുമൊക്കെത്തന്നെയാണ് ഇപ്പോഴും നമ്മുടെ പൊതുവിദ്യാലയങ്ങളുടെ നേര്‍ചിത്രം. വര്‍ഷങ്ങളോളം ഇത്തരം പരിതസ്ഥിതിയിലൂടെ കടന്നുപോകേണ്ടി വരുന്നത് അധ്യാപകരുടെ ആരോഗ്യ പരിരക്ഷയെ ഏറെ വിഘാതമായി ബാധിക്കും. ശരിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയെന്നത് അക്കാദമിക മികവിന്റെ മര്‍മമാകയാല്‍ ഇത്തരം പ്രശ്‌നങ്ങളെ സഗൗരവമുള്‍ക്കൊണ്ട് സത്വരനടപടിയെടുക്കുന്നതില്‍ അധികാരികള്‍ ഇനിയും അമാന്തിച്ചു കൂടാ.

അതുപോലെത്തന്നെ വിദ്യാര്‍ഥികളുടെ പഠനപുരോഗതിയെ സാരമായി ബാധിക്കുന്നതാണ് ഉത്കണ്ഠയും സമ്മര്‍ദവും സൃഷ്ടിക്കുന്ന പഠനരീതികള്‍. ഗൃഹപാഠങ്ങളും അസൈമെന്റുകളും മാറ്റി നിര്‍ത്തിയുള്ള പഠനപ്രക്രിയ നമ്മുടെ സാഹചര്യത്തില്‍ പ്രായോഗികമല്ലയെന്നത് സമ്മതിക്കാം. എങ്കിലും കുട്ടികളുടെ സ്വതന്ത്ര സമയത്തിന്റെ മൂല്യത്തെ വിലമതിച്ച് ലഘുവായ രീതിയില്‍ ഗൃഹപാഠങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുന്ന ഫിന്നിഷ് അധ്യാപകരുടെ രീതി നമുക്ക് മാതൃകാപരമാണ്. ദിനങ്ങള്‍ അധികരിപ്പിക്കുന്നതിന് പകരം പഠനം ആനന്ദപ്രദവും ആസ്വാദ്യകരവുമാക്കുകയെന്നതിലാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്. എങ്കില്‍ അര്‍ഥവത്തായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ സ്വയം ഏര്‍പ്പെടുകയും കൂടുതല്‍ ഫലപ്രദമായി പഠിക്കാന്‍ അത് അവരെ പ്രചോദിപ്പിക്കുകയും ചെയ്യും. എന്നാല്‍, പഠനം ആഘോഷിക്കല്‍ എന്നതും ഏച്ചുകെട്ടിയ ഒന്നായി മാറിക്കൂടാ.

'Education for future not just the present 'എന്ന ഫിന്നിഷ് തത്വം ഉള്‍ക്കൊള്ളുകയാണെങ്കില്‍ മാനസിക-ശാരീരിക-സാമൂഹിക വികാസത്തെയെല്ലാം സ്പര്‍ശിക്കുന്ന തരത്തിലുള്ളതായിരിക്കും നമ്മുടെയും വിദ്യാഭ്യാസ സംവിധാനങ്ങള്‍. ഇന്ന് വ്യക്തിയന്തര ബന്ധങ്ങള്‍ (Interpersonal relationship), സ്വാവബോധം(self awareness), മനോനിറവ്(mindfulness) തുടങ്ങിയ നൈപുണികള്‍ക്ക് ഊന്നല്‍ നല്‍കുന്ന സന്തോഷാധിഷ്ഠിത പാഠ്യപദ്ധതി (happiness curriculum)യെക്കുറിച്ച് ലോകം ചിന്തിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴും മനഃശാസ്ത്ര സാക്ഷരത നേടാത്ത നമ്മളിപ്പോഴും എത്രത്തോളം സംഘര്‍ഷഭരിതമായ, കലുഷിതമായ സ്‌കൂള്‍ അന്തരീക്ഷം സൃഷ്ടിക്കാമെന്ന ഗവേഷണത്തിലാണ്.


TAGS :