നീറ്റ് പരീക്ഷാ ക്രമക്കേട്; റീടെസ്റ്റ് റിസല്‍റ്റ് വരുമ്പോള്‍ കാത്തിരിക്കുന്നത്
ആയിരത്തില്‍ ആധികം പേര്‍ വീണ്ടും പരീക്ഷ എഴുതി ഫലം വരുമ്പോള്‍ നിലവിലെ ലിസ്റ്റില്‍ വീണ്ടും മാറ്റമുണ്ടാകും. അങ്ങനെ വന്നാല്‍ അത് അഡ്മിഷനെ ബാധിക്കുമോ, അഡ്മിഷന്‍ നീളന്‍ ഇടയുണ്ടോ എന്നീ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുകയാണ്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയാണ് നാഷ്ണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ നീറ്റ് (The National Eligibility-cum-Entrance Test (Undergraduate) or NEET). മെഡിക്കല്‍ പ്രവേശനം സ്വപ്നം കണ്ട് നടക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് നീറ്റ് അവരുടെ ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട കടമ്പയാണ്. ദിവസങ്ങളും മാസങ്ങളുമൊക്കെ ഉറക്കമിളച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ നീറ്റിന് തയ്യാറെടുക്കാറുള്ളത്. വിദ്യാര്‍ഥികളില്‍ മാത്രമല്ല അവരുടെ രക്ഷിതാക്കളും അതിന്റെ അങ്കലാപ്പും ആശങ്കയും കണ്ടു വരാറുണ്ട്. നാഷ്ണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പിനുള്ള ചുമതല. ആ പ്രാധാന്യത്തോടു കൂടി തന്നെയാണ് പരീക്ഷ നടത്തിപ്പും സാധാരണ നടന്നു വരാറുള്ളത്. കോപ്പിയടിയും മറ്റു വിവാദങ്ങളും ഒഴിവാക്കാന്‍ പരീക്ഷ കേന്ദ്രങ്ങളില്‍ സൂക്ഷ്മമായ പരിശോധനകളും ക്രമീകരണങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍, ഇത്തവണ നീറ്റിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണം ഉയര്‍ന്നു വന്നത്. മീഡിയവണ്‍ ആണ് ഈ വിഷയത്തില്‍ വിദ്യാര്‍ഥികളുടെ പരാതി ആദ്യമായി പുറംലോകത്തെ അറിയിച്ചത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍ ആകുന്ന തരത്തിലേക്ക് വഴിമാറിയ ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ നിര്‍ണായകമായ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്.
ഈ വര്‍ഷം മെയ് അഞ്ചിന് ആയിരുന്നു നീറ്റ് പരീക്ഷ. ഒരു മാസത്തിനുള്ളില്‍ തന്നെ അതായത്, ജൂണ്‍ 4 ന് ഫലം പ്രഖ്യാപിച്ചു. വളരെ വേഗത്തില്‍ നടന്ന മൂല്യ നിര്‍ണയത്തെപ്പറ്റി എടുത്തു പറയേണ്ടതാണ്. 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. മുന്‍ വര്‍ഷത്തെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാല്‍, സാധാരണയായി രണ്ടോ മൂന്നോ പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കാറില്ല. ഇത്തവണ 67 പേര്‍ക്കാണ് ലഭിച്ചത്. ഈ കാരണത്താലും നീറ്റില്‍ ക്രമക്കേട് ഉണ്ടെന്ന സംശയം ഉയര്‍ന്നു വന്നു. ഒന്നാം റാങ്ക് ലഭിച്ചതില്‍ ആറു പേര്‍ ഹരിയാനയില്‍ ഒരേ സെന്ററില്‍ പരീക്ഷ എഴുതിയവര്‍ ആണെന്നുള്ളതും പരാതികള്‍ ഉയരാന്‍ മറ്റൊരു കാരണമായി. 67 പേരില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയവര്‍ നാലുപേര്‍. റാങ്ക് പട്ടികയില്‍ 718, 719 മാര്‍ക്ക് ലഭിച്ചവര്‍ ഏറെയാണ് എന്നതാണ് മറ്റൊരു ദുരൂഹത. ഈ വിഷയത്തെതുടര്‍ന്ന് വലിയ പ്രതിഷേധം രാജ്യത്തുടനീളം നടന്നു വരുന്നുണ്ട്.
വിവിധ ഹൈകോടതികളില്‍ വിദ്യാര്‍ഥികളും വിവിധ സംഘടനകളും ഹര്‍ജികള്‍ നല്‍കിയതിനെത്തുടന്ന് കല്‍ക്കട്ട-ഡല്‍ഹി ഹൈകോടതികള്‍ എന്‍.ടി.എയോട് ഈ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം സുപ്രീം കോടതിയില്‍ എത്തുകയും ഹര്‍ജി പരിഗണിക്കപ്പെട്ടപ്പോള്‍ നേരത്തെ തീരുമാനിച്ചിരുന്ന സമിതി ഈ വിഷയം പഠിച്ചതിനു ശേഷം ഒരു ശുപാര്‍ശ സുപ്രീം കോടതിക്ക് മുന്‍പാകെ വെച്ചു. സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ഗ്രേസ് മാര്‍ക്ക് റദ്ദ് ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
ഇത് വിവാദമായതിന് പിന്നാലെ എന്‍.ടി.എ (National Testing Agency) ഒരു വിശദീകരണവുമായി രംഗത്ത് എത്തി. ഗ്രേസ് മാര്‍ക്ക് നല്‍കിയത് കൊണ്ടാണ് ചില വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ മാര്‍ക്ക് ലഭിച്ചതെന്നും, മുഴുവന്‍ മാര്‍ക്ക് ലഭിച്ചവരുടെയും എണ്ണം കൂടാന്‍ കാരണമായതെന്നും എന്നായിരുന്നു വിശദീകരണം. ആറ് സെന്ററുകളില്‍ പരീക്ഷ തുടങ്ങാനുള്ള കാലതാമസം മൂലമാണ് ഗ്രേസ് നല്‍കാന്‍ ഇടയായത് എന്നും എന്‍.ടി.എ വിശദീകരിക്കുന്നു. ഇത്തരത്തില്‍ നോര്‍മലൈസേഷന്‍ മാനദണ്ഡം അനുസരിച്ച് ആറ് സെന്ററുകളില്‍ ഉള്ള 1563 പേര്‍ക്കാണ് ഈ രീതിയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചത്. ഒന്നാം റാങ്കില്‍ ഉള്ള 47 പേരും ഈ വിഭാഗത്തില്‍ പെടുന്നവരുമാണ്. വലിയ വിവാദങ്ങളെ തുടര്‍ന്ന് എന്ത് അടിസ്ഥാനത്തിലാണ് ഗ്രേസ്മാര്‍ക്ക് നല്‍കിയത് എന്നും ആര്‍ക്കൊക്കെയാണ് ഗ്രേസ്മാര്‍ക്ക് കിട്ടിയത് എന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ വിധത്തില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഈ വിവാദത്തില്‍ ഉണ്ടെന്നതാണ് വസ്തുത. ഇതില്‍ പരാതി ഉന്നയിച്ച വിദ്യാര്‍ഥികള്‍ പറയുന്നത്, ഈ രീതിയിലുള്ള മൂല്യനിര്‍ണയത്തിന്റെ ഫലമായി അര്‍ഹരായ പലരും റാങ്ക്‌ലിസ്റ്റിന് പുറത്താവുകയും താഴോട്ട് പോവുകയും ഉണ്ടായി എന്നാണ്.
വിദ്യാര്‍ഥികളെ കൂടാതെ രക്ഷിതാക്കളും പല കോച്ചിങ് സെന്ററുകളും പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ പരാതികള്‍ പരിശോധിക്കാന്‍ യു.പി.എസ്.ഇ മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ നാലംഗ സമിതിയെ രൂപീകരിക്കുകയാണ് എന്‍.ടി.എ ചെയ്തിരിക്കുന്നത്. അങ്ങനെ സമിതി ഒരു വശത്തു പഠനം നടത്തുന്നതോടൊപ്പം തന്നെ വിവിധ ഹൈകോടതികളില്‍ വിദ്യാര്‍ഥികളും വിവിധ സംഘടനകളും ഹര്‍ജികള്‍ നല്‍കിയതിനെത്തുടന്ന് കല്‍ക്കട്ട-ഡല്‍ഹി ഹൈകോടതികള്‍ എന്‍.ടി.എയോട് ഈ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം സുപ്രീം കോടതിയില്‍ എത്തുകയും ഹര്‍ജി പരിഗണിക്കപ്പെട്ടപ്പോള്‍ നേരത്തെ തീരുമാനിച്ചിരുന്ന സമിതി ഈ വിഷയം പഠിച്ചതിനു ശേഷം ഒരു ശുപാര്‍ശ സുപ്രീം കോടതിക്ക് മുന്‍പാകെ വെച്ചു. സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ഗ്രേസ് മാര്‍ക്ക് റദ്ദ് ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ ഈ മാസം 23 ന് റീ-ടെസ്റ്റിന് വിധേയരാകണം എന്നും അതിന് ശേഷം വീണ്ടും ഫലം പ്രഖ്യാപിക്കുണമെന്നും ഉത്തരവിട്ടു. എന്നിരുന്നാലും വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്ക് അവസാനം കണ്ടിട്ടില്ല. ആയിരത്തില്‍ ആധികം പേര്‍ പരീക്ഷ എഴുതി ഫലം വരുമ്പോള്‍ നിലവിലെ ലിസ്റ്റില്‍ വീണ്ടും മാറ്റമുണ്ടാകും. അങ്ങനെ വന്നാല്‍ അത് അഡ്മിഷനെ ബാധിക്കുമോ, അഡ്മിഷന്‍ നീളന്‍ ഇടയുണ്ടോ എന്നീ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുകയാണ്.
വിദ്യാഭ്യാസ നിരീക്ഷകനായ ഡോ. ആസിഫ് ഈ വിഷയത്തെപ്പറ്റി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: '' പരാതി കോടതി അംഗീകരിക്കുകയും ഗ്രേസ്മാര്‍ക്ക് നല്‍കിയതിലുള്ള വ്യക്തത കുറവ് ഉള്ളത്‌കൊണ്ട് തന്നെ കുട്ടികള്‍ക്ക് റീ-നീറ്റ് പറയുകയും ചെയ്തിട്ടുണ്ട്. റിസല്‍ട്ട് മുഴുവനായും റദ്ദാക്കുകയും 23 ന് നടക്കുന്ന പരീക്ഷയിലൂടെ പുതിയ റിസല്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യും. ജൂണ്‍ 30നോടകമായിരിക്കും ഫല പ്രഖ്യാപനം. കേരളത്തില്‍ തന്നെ 200നടുത്ത് റാങ്കില്‍ ഷിഫ്റ്റ് വരാന്‍ സാധ്യതയുണ്ട്. വലിയ രീതിയിലുള്ള മാറ്റം വന്നില്ലെങ്കില്‍ കൂടിയും ചെറിയ രീതിയിലുള്ള നീതി ഗ്രേസ്മാര്‍ക്കുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. നെറ്റുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളുടെയും നടത്തിപ്പില്‍ ഉണ്ടായ വീഴ്ചകളുടെയും അടിസ്ഥാനത്തില്‍ ഒരു ഹിയറിങ് ജൂലൈ എട്ടിന് നടക്കുന്നുണ്ട്. ഇതുമൂലം എന്‍.ടി.എ എന്ന വലിയ ഒരു ഏജന്‍സിയോടുള്ള വിശ്വാസം ആളുകളില്‍ കുറഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത'' .
വീണ്ടുമൊരു പരീക്ഷ എല്ലാവരും എഴുതുക എന്നത് പ്രായോഗികമല്ല. അതോടൊപ്പം തന്നെ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത ഈ വിവാദത്തോടു കൂടി വളരെയധികം കുറഞ്ഞിരിക്കുന്നു. അത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായിത്തന്നെ നില്‍ക്കുന്നു.
അവലംബം: മീഡിയവണ്‍ ഡീക്കോഡ്
തയ്യാറാക്കിയത്: നിലൂഫര്‍ സുല്‍ത്താന