ഗാസയിലെ വെടിനിര്‍ത്തല്‍: ബെര്‍ണി സാന്‍ഡേഴ്സിന് നോര്‍മന്‍ ഫിങ്കല്‍സ്റ്റിന്റെ മറുപടി
നവംബര്‍ 5 ന് അമേരിക്കന്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് CNN-ന് നല്‍കിയ അഭിമുഖത്തില്‍ ഗാസയിലെ വെടിനിര്‍ത്തലിനെ എതിര്‍ക്കുന്നതായി പറയുകയുണ്ടായി. അതിനു അമേരിക്കന്‍ രാഷ്ട്രീയ ചിന്തകന്‍ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍ (Norman Finkelstein) , വളരെ തീക്ഷ്ണവും വൈകാരികവുമായ ഒരു തുറന്ന മറുപടി നല്‍കുകയും ചെയ്തു. പ്രസ്തുത പ്രതികരണത്തിന്റെ വിവര്‍ത്തനം.
എന്റെ പേര് നോം ഫിങ്കല്‍സ്റ്റീന്‍. വെടിനിര്‍ത്തലിനെ എതിര്‍ത്ത് അമേരിക്കന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്സിന്റെ പ്രസ്താവന ഞാന്‍ കേട്ടു. വാസ്തവത്തില്‍ ഈ സായാഹ്നം കുറച്ചു കാര്യങ്ങള്‍ വായിക്കാന്‍ ഞാന്‍ പദ്ധതിയിട്ടിരുന്നു, കാരണം ഞാന്‍ വായനയില്‍ ഭയങ്കരമായി പിന്നോട്ട് പോയി. അതുപോലെ ഞാന്‍ വായന തുടരുന്നില്ലെങ്കില്‍, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ എനിക്ക് പുതുമയുള്ളതും പ്രധാനപ്പെട്ടതുമായ ഒന്നും കൊണ്ടുവരാന്‍ കഴിയില്ല എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ബേണിയുടെ ആ പരാമര്‍ശം എന്നില്‍ വളരെ രോഷമാണ് സൃഷ്ടിച്ചത്. അദ്ദേഹം വെടിനിര്‍ത്തലിനെ എതിര്‍ക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എന്റെ ഉള്ളം വിറയ്ക്കാന്‍ തുടങ്ങി, എനിക്ക് പ്രതികരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നതൊന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ല. പറയുന്നതില്‍ അഭിപ്രായങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനുള്ള പ്രത്യേകമായ ഇഫക്റ്റുകള്‍ ഒന്നുമില്ല - എന്റെ വാക്കുകള്‍ തലച്ചോറില്‍ നിന്ന് സൈബര്‍സ്പേസിലേക്ക് പോകുമ്പോള്‍ ഞാന്‍ അത് സംസാരിക്കുക മാത്രം ആണ്.
ഇപ്പോള്‍, താന്‍ വെടിനിര്‍ത്തലിനെ എതിര്‍ക്കുന്നതായി ബേണി ഈ അഭിമുഖത്തില്‍ പറഞ്ഞു. വെടിനിര്‍ത്തലിനെ എതിര്‍ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അടിസ്ഥാനം ഹമാസിന് ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനാല്‍ ഹമാസിനെ നശിപ്പിക്കണം എന്നുമാണ്. അതിനാല്‍ നമുക്ക് വസ്തുതകള്‍ നോക്കാം. ഞാന്‍ ചരിത്രത്തിലേക്ക് അധികമൊന്നും തിരിച്ചുപോകുന്നില്ല. ഞാന്‍ 2006-ല്‍ വെച്ച് തുടങ്ങാന്‍ പോകുന്നു.
2006-ല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും ഒരു തിരഞ്ഞെടുപ്പ് നടന്നു, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പ് ഫലസ്തീന്‍ ജനതയുടെ മേല്‍ അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചതായിരുന്നു. ഇന്നിപ്പോള്‍ എല്ലാവരും മറന്നുപോയ ബുഷ് ഭരണകൂടത്തിന്റെ 'ജനാധിപത്യ ഉദ്ധാരണം', 'ജനാധിപത്യ പ്രോത്സാഹനം' എന്ന് വിളിക്കപ്പെടുന്ന ഈ പാക്കേജിന്റെ ഒരു ഭാഗം ഫലസ്തീനികള്‍ ആ ''അത്ഭുതകരമായ ജനാധിപത്യ അനുഭവങ്ങളില്‍'' പങ്കാളികളാകുക എന്നതായിരുന്നു. ആ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ ഹമാസിനെ പ്രേരിപ്പിക്കുകയും അത് അതിന്റെ തീരുമാനം മാറ്റുകയും ചെയ്തു. ഇതുവരെ, അധിനിവേശ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെ അവര്‍ എതിര്‍ത്തിരുന്നു, കാരണം ആ തിരഞ്ഞെടുപ്പുകള്‍ ഓസേ്‌ലോ കരാറിന്റെ അനന്തരഫലമായിരുന്നു. ഓസേ്‌ലോ കരാറിനെ ഹമാസ് എതിര്‍ത്തതിനാല്‍, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെ ഹമാസ് എതിര്‍ത്തു. പക്ഷേ, അവര്‍ തീരുമാനത്തില്‍ നിന്ന് തിരിച്ച് പോയി. അത് ഒരു സിവിലിയന്‍ രാഷ്ട്രീയ പാര്‍ട്ടിയായി തെരെഞ്ഞെടുപ്പില്‍ മത്സരിച്ചു. പക്ഷേ, ഹമാസിനെയും മറ്റെല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ അഭിപ്രായത്തില്‍, 'തികച്ചും ന്യായവും സത്യസന്ധവുമായ ആ തെരഞ്ഞെടുപ്പ്' ഹമാസ് വിജയിച്ചു. അമേരിക്കയും ഇസ്രായേലും എന്താണ് ചെയ്തത്? ഉടന്‍ തന്നെ ഗാസയില്‍ ക്രൂരമായ ഉപരോധം ഏര്‍പ്പെടുത്തി, ഇത് ഗാസയിലെ സാമ്പത്തിക ജീവിതം സ്തംഭിപ്പിച്ചു. അത് മാത്രമല്ല അവര്‍ ചെയ്തത്. ഞാന്‍ അതിലേക്ക് ഒരു നിമിഷത്തിനുള്ളില്‍ അതിലേക്ക് തിരിച്ചു വരാം.
ആദ്യമായി, ഞാന്‍ ശ്രോതാക്കളെ ഓര്‍മിപ്പിക്കുന്നു, എന്താണ് ഗാസ? ഇരുപത്തഞ്ച് മൈല്‍ നീളമുള്ള അഞ്ച് മൈല്‍ വീതിയുള്ള വളരെ ചെറിയ ഒരു സ്ഥലം. ദൈവത്തിന്റെ ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഒന്നാണിത്. ഗാസയിലെ ജനസംഖ്യയുടെ പകുതിയും കുട്ടികളാണ്, അവരിലേക്ക് ഞാന്‍ മടങ്ങി വരാം. ഗാസയുടെ 70 ശതമാനവും 1948-ലെ യുദ്ധത്തില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്-അതായത്, പിന്നീട് ഇസ്രായേല്‍ ആയിത്തീര്‍ന്ന പ്രദേശത്ത് നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ ഗാസയില്‍ അവസാനിച്ചു, എഴുപത്തഞ്ചു വര്‍ഷങ്ങളായി അഭയാര്‍ത്ഥികളായി തുടരുന്നു അവര്‍. അതെ ജബലിയ്യ പോലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവര്‍ അധിവസിക്കുന്നു. അവിടേക്ക് ഞാന്‍ ഒരു നിമിഷത്തിനുള്ളില്‍ തിരിച്ചുവരാം. ഏകദേശം ഇരുപത് വര്‍ഷങ്ങളായി - അതു തികയാന്‍ രണ്ട് വര്‍ഷങ്ങള്‍ മാത്രം. ആര്‍ക്കും അതിനകത്തേക്ക് കയറാന്‍ പറ്റില്ല, പുറത്ത് പോകാനാവില്ല. ഗാസയിലെ തൊഴിലില്ലായ്മ ജനസംഖ്യയുടെ അന്‍പത് ശതമാനം ആണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് ഇവിടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. മനുഷ്യാവകാശ സംഘടനകള്‍ 'അങ്ങേയറ്റം ഭക്ഷ്യ അരക്ഷിതാവസ്ഥ' എന്ന് വിളിക്കുന്ന അവസ്ഥയില്‍ നിന്ന് ഈ പ്രദേശം കഷ്ടപ്പെടുന്നു. ആര്‍ക്കും അകത്ത് കയറാന്‍ പറ്റില്ല, പുറത്ത് പോകാനാവില്ല.
എന്താണ് ഗാസ? ശരി, ഇസ്രായേലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍, അല്ലെങ്കില്‍ സാധാരണക്കാരുടെ വാക്കുകളില്‍ സര്‍ട്ടിഫൈഡ് ഭ്രാന്തന്‍ എന്നറിയപ്പെടുന്ന (അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്), ജിയോറ എയ്‌ലാന്‍ഡ് (Giora Eiland), ഞാന്‍ സംസാരിക്കുന്ന ഈ നിമിഷത്തിലും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആന്തരിക വൃത്തത്തിലുള്ള ജിയോറ എയ്‌ലാന്‍ഡ്. അയാള്‍ 2006-ല്‍ ഗാസയെ വിശേഷിപ്പിച്ചത്, എന്റെ വാക്കുകളല്ല, ഞാന്‍ അയാളെ ഉദ്ധരിക്കുകയാണ് 'ഒരു വലിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്' എന്നാണ്. അതാണ് ഗാസ.
യൂഫെമിസ്റ്റിക്കായി, രാഷ്ട്രീയമായി അത്രയും ശരിയായ ബെര്‍ണി പോലും സമ്മതിക്കും, ഒരുപക്ഷേ, ആ സ്ഥലത്തെ ''ഒരു തുറന്ന ജയില്‍'' എന്ന് വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറയുന്നു. ''തുറന്ന ജയില്‍'' എന്ന യൂഫെമിസം അല്ലെങ്കില്‍ ജിയോറ ഐലാന്‍ഡിന്റെ ''ഒരു വലിയ തടങ്കല്‍പ്പാളയം.'' അല്ലെങ്കില്‍ ഹീബ്രു സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞനായിരുന്ന ബറൂക്ക് കിമ്മര്‍ലിംഗ് ഉദ്ധരിച്ചാല്‍, 'ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്'.
ഇനി നിയമപരമായി നോക്കാം. 2008-09 ലെ ഓപ്പറേഷന്‍ കാസ്റ്റ് ലീഡിന് ശേഷം ഗോള്‍ഡ്‌സ്റ്റോണ്‍ റിപ്പോര്‍ട്ട് എന്ന - ഒരാളുടെ വീക്ഷണമനുസരിച്ച് പ്രശസ്തമായതോ കുപ്രസിദ്ധമായതോ എന്ന് കരുതാവുന്ന - പ്രസിദ്ധമായ അല്ലെങ്കില്‍ കുപ്രസിദ്ധമായ റിപ്പോര്‍ട് രചിച്ച റിച്ചാര്‍ഡ് ഗോള്‍ഡ്‌സ്റ്റോണ്‍, ഗാസയുടെ ഉപരോധം ''മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം'' (crimes against humanity) എന്ന ഗുരുതര നിലയിലേക്ക് ഉയരുമെന്ന് പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ''മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം' ആണിത്. മനുഷ്യരാശിക്കെതിരായ ഒരു നൈമിഷിക കുറ്റകൃത്യമല്ല ഇത്, ഒരു ആശുപത്രിയില്‍ ബോംബ് ഇടുകയോ ജനസാന്ദ്രതയുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ടായിരം പൗണ്ട് തൂക്കം വരുന്ന ബോംബ് വര്‍ഷിക്കുകയോ ചെയ്യുക എന്നത് മാനവികതയ്‌ക്കെതിരായ വെറും ക്ഷണികമായ ഒരു കുറ്റകൃത്യമല്ല, മറിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകളായി മനുഷ്യരാശിക്കെതിരായ തുടരുന്ന കുറ്റകൃത്യം ആണത്.
എന്നാല്‍ ഓര്‍ക്കുക, ''ഹമാസിനെയാണ് പരാജയപ്പെടുത്തേണ്ടത്, കാരണം അത് ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു''. അതായത് നശിപ്പിക്കേണ്ടത് ഇസ്രായേലിനെ അല്ല, കാരണം അത് പകുതി കുട്ടികള്‍ അടങ്ങിയ ഒരു മുഴുവന്‍ ജനതയേയും ഒരു തടങ്കല്‍പ്പാളയത്തില്‍ സ്ഥിരമായി തടവിലാക്കാന്‍ - മാനവികതക്കെതിരെയുള്ള കുറ്റകൃത്യം - ആഗ്രഹിക്കുന്നു. അതേ, ഇസ്രായേലിനെ നശിപ്പിക്കേണ്ടതില്ല, ഹമാസിനെ മാത്രമേ നശിപ്പിക്കേണ്ടതുള്ളൂ.
ശരി, ഒന്നാമതായി, ഇത് സത്യമാണോ? ഞാന്‍ നിങ്ങളോട് ചോദിക്കുന്നു, ബേണി, നിങ്ങള്‍ക്ക് വസ്തുതകള്‍ അറിയാമോ എന്ന് എനിക്കറിയില്ല. നിങ്ങള്‍ അമേരിക്കയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആളായതിനാല്‍ അറിവുകേടിന്റെ ആനുകൂല്യം ഞാന്‍ നിങ്ങള്‍ക്ക് അനുവദിക്കും. നിങ്ങള്‍ക്ക് വസ്തുതകള്‍ അറിയില്ലായിരിക്കാം, അതേ, നിങ്ങള്‍ക്ക് ഒന്നും അറിയാതിരിക്കാനുള്ള അര്‍ഹതയുണ്ട്. നിങ്ങള്‍ക്കറിയാമോ, ''ബില്‍ഡ് ബാക്ക് ബെറ്റര്‍'' പദ്ധതിയെ കുറിച്ച് നിങ്ങള്‍ക്ക് എന്നെക്കാള്‍ മികച്ച അറിവുണ്ട്. അതായിരുന്നു നിങ്ങളുടെ മുന്‍ഗണന. അതായിരുന്നു എപ്പോഴും നിങ്ങളുടെ മുന്‍ഗണന. ഞാന്‍ അതിനെ തീര്‍ച്ചയായും ബഹുമാനിക്കുകയും വേണം. യുണൈറ്റഡ് ഓട്ടോ തൊഴിലാളികളോടൊപ്പമുള്ള പണിമുടക്കിനിടയില്‍ നിങ്ങളുടെ പ്രസംഗം ഞാന്‍ കണ്ടു. ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നത് പോലെ, അത് ഒരു മികച്ച പ്രസംഗമാണെന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്യുന്നു. ആ പ്രസംഗത്തിന് തൊട്ടുപിന്നാലെ ഞാന്‍ ഡോ. കോര്‍ണല്‍ വെസ്റ്റുമായി സംസാരിച്ചു, അത് ശരിക്കും ഉജ്ജ്വലമായ പ്രസംഗമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു, ശരി, ബെര്‍ണി അയാളുടെ ഒരു ഘടകത്തില്‍ ആയിരുന്നു. തൊഴിലാളികളുടെ പണിമുടക്കുകള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, യൂണിയനുകള്‍, ഇത് ബേണിയുടെ ഘടകമാണ്.
ശരി, നിങ്ങളുടെ തട്ടകത്തില്‍ നിങ്ങള്‍ സമര്‍ത്ഥന്‍ ആണെന്നു ഞാന്‍ അംഗീകരിക്കുന്നു - ഒരുപക്ഷേ ആ കാര്യത്തില്‍ നിങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും മികച്ചതായിരിക്കാം. പക്ഷേ, ഇവിടെ ഞാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്ലെയര്‍ ഡാലിയെ ഉദ്ധരിക്കാന്‍ പോകുകയാണ്, ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യാതൊരു ആവശ്യവില്ലാതെ, ഇസ്രായേലിനെ ''ഞങ്ങള്‍ എല്ലാവരും ഇസ്രായേലിനൊപ്പം നില്‍ക്കുന്നു,'' എന്ന് ആശ്ലേഷിക്കാന്‍ തീരുമാനിച്ചപ്പോള്‍, അവരോടു യൂറോപ്യന്‍ യൂണിയനിലെ ഐറിഷ് പ്രതിനിധി ക്ലെയര്‍ ഡാലി പറഞ്ഞു, 'നിങ്ങള്‍ക്ക് ക്രിയാത്മകമായി ഒന്നും പറയാനില്ലെങ്കില്‍, വായടക്കുക.''
അതിനാല്‍, വസ്തുതകള്‍ ഇതാ. ഹമാസ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഇസ്രയേലുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ സമാധാനം സന്ദേശകരെ അവര്‍ ആവര്‍ത്തിച്ച് അയച്ചു കൊണ്ടിരുന്നു. 1967 ജൂണിലെ അതിര്‍ത്തിയിലെ രണ്ട് പരമാധികാര രാജ്യങ്ങള്‍, ആ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നിലനില്‍ക്കുന്ന അന്താരാഷ്ട്ര സമവായത്തിന്റെ നിബന്ധനകള്‍ അത് സ്വന്തമായി അല്ലെങ്കില്‍ സ്വയം സംസാരിക്കുന്നതുപോലെ അവതരിപ്പിച്ചു. ഇപ്പോഴും അത് സത്യമാണ്, എനിക്ക് വസ്തുതകളോട് യാതൊരു പിണക്കവുമില്ല. സത്യവും നീതിക്ക് വേണ്ടിയുള്ള പോരാട്ടവും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് ഞാന്‍ എപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. ഇവ രണ്ടും തമ്മില്‍ എന്നെങ്കിലും വൈരുദ്ധ്യമുണ്ടെങ്കില്‍, അത് എന്നെ തീര്‍ച്ചയായും ഒരു ധാര്‍മ്മിക പ്രതിസന്ധിയിലേക്ക് തള്ളിവിടും, പക്ഷേ എന്നാലും ഞാന്‍ ഉറപ്പിച്ചു പറയുന്നു, അവസാനം, ഞാന്‍ സത്യത്തിന്റെ പക്ഷത്ത് മാത്രമേ നില്‍ക്കൂ എന്ന്.
അതെ, അത് സത്യമാണ്. 1948-ല്‍ ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള അവകാശം പൂര്‍ണ്ണമായി നടപ്പാക്കണമെന്ന ആവശ്യം ഹമാസ് ഉന്നയിച്ചിരുന്നു. ഞാന്‍ പറയുന്നു, അതാണ് അന്താരാഷ്ട്ര നിയമം. തീര്‍ച്ചയായും അതാണ് നിയമം എന്ന് ഞാന്‍ അംഗീകരിക്കുന്നു. ഒരു ഒത്തുതീര്‍പ്പിന്റെ ഭാഗമായി അന്താരാഷ്ട്ര നിയമത്തിന്റെ ചില പ്രത്യേക വശങ്ങളില്‍ നീക്കുപോക്കുകള്‍ ചെയ്യേണ്ടി വരും. പക്ഷേ, ദൂരെ നിന്ന് ഒരു മൂന്നാം കക്ഷിയുടെ വിധി പുറപ്പെടുവിക്കല്‍ മാത്രമാണ് അത്. എന്നാല്‍, ഹമാസ് ഇസ്രയേലുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇക്കാര്യത്തില്‍ വ്യക്തമായ രേഖകള്‍ ധാരാളമുണ്ട്. അതിന്റെ രേഖകള്‍ നിഷേധിക്കാനാവാത്തതും തര്‍ക്കമറ്റതുമാണ്.
എന്തായിരുന്നു ഇസ്രായേലിന്റെ പ്രതികരണം? ശരി, മുഴുവന്‍ രേഖകളിലൂടെയും പോകാന്‍ സമയം എന്നെ അനുവദിക്കുന്നില്ല. എന്നാല്‍, ഹ്രസ്വമായി അതിലൂടെ കടന്നുപോകാം. തീര്‍ച്ചയായും എനിക്ക് അതിലൂടെ കടന്നുപോകേണ്ടതുണ്ട്, കാരണം ഇന്നത്തെ അഭിമുഖത്തില്‍ നിങ്ങള്‍ പറഞ്ഞ അങ്ങേയറ്റം നിന്ദ്യമായ കാര്യങ്ങളില്‍ എന്റെ ഉള്ളം പുളയുന്നു - അത് ''ധാര്‍മ്മിക വിഡ്ഢിത്തമായിരുന്നോ'' (moral idiocy), അതോ ഒരു ''സദാചാര രാക്ഷസന്‍'' (moral monster) എന്നതിന്റെ മാതൃകയാണോ, അതുമല്ലെങ്കില്‍ പ്രസിഡണ്ട് ബൈഡനുമായി ബന്ധം മുറിക്കാന്‍ മടിക്കുന്ന ഒരു നിന്ദ്യനായ ഭീരുവിന്റെ വിചിത്രമായ അവസരവാദമാണോ? അതില്‍ നിങ്ങള്‍ അത് ഏതാണെന്ന് എനിക്കറിയില്ല, പക്ഷേ ഇതാ രേഖപ്പെടുത്തപ്പെട്ട വസ്തുതകള്‍. ഇസ്രായേല്‍ ഭരണകൂടത്തില്‍ വളരെ പ്രചാരം നേടിയ ഒരു വാചകത്തില്‍ ഈ റെക്കോര്‍ഡ് സംഗ്രഹിക്കാം. അതിനെ 'പുല്‍ത്തകിടി വെട്ടുക' (mowing the lawn) എന്ന് വിളിക്കുന്നു. ഗാസ എന്ന് വിളിക്കപ്പെടുന്ന ഈ 'പുല്‍ത്തകിടി', ആ പുല്‍ത്തകിടിയിലെ പതിനൊന്ന് ലക്ഷം പുല്‍ നാമ്പുകള്‍ കുട്ടികളാണ്.
അതുകൊണ്ട്, ആ ''പൈശാചിക ഗവണ്‍മെന്റ്'' - ഞാനും എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം, മുന്‍കൂട്ടി ആലോചിച്ച്, ഉപയോഗിക്കുന്നതാണ്.
വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് പറയുന്നു, ''ഇസ്രായേല്‍ ഹമാസിനെ നശിപ്പിക്കണം, കാരണം ഹമാസ് ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു''. അതെ, ബേണി, നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്, ബേണി. ഒക്ടോബര്‍ 7 വരെ ഗാസയെ നശിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിച്ചിരുന്നില്ല, ''പുല്‍ത്തകിടി വെട്ടിയൊതുക്കുക'' എന്നതായിരുന്നു അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്, ബേണി. നിങ്ങളുടെ ധാര്‍മ്മിക ബോധത്തേയും സൂക്ഷ്മതയേയും ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഹമാസിനെ നശിപ്പിക്കണം. എന്നാല്‍, ഇസ്രായേല്‍, അതിനെ നശിപ്പിക്കപ്പെടേണ്ടതുണ്ടോ? ഇല്ല, കാരണം ഇസ്രായേല്‍ ഗാസയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കില്‍ കുറഞ്ഞത് ഒക്ടോബര്‍ 7 വരെ. അവര്‍ക്ക് പുല്‍ത്തകിടി വെട്ടണമെന്നുണ്ടായിരുന്നു എന്നു മാത്രം. അതാണ് നിങ്ങളുടെ ധാര്‍മ്മിക വൃത്തം, ബേണി. നിങ്ങളുടെ അങ്ങേയറ്റം രോഗാതുരമായ ധാര്‍മ്മിക വൃത്തം. അതില്‍, ഹമാസ്, ആ ''ഭീകരമായ, ദുഷിച്ച സംഘടന'', അത് ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഹമാസിനെയാണ് നശിപ്പിക്കേണ്ടത്.
അങ്ങനെ 2008 ജൂണില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ആ ''ദുഷ്ട ഹമാസ്'', ഓ എന്റെ ഗുഡ്നെസ് ഗ്രേഷ്യസ്, കോര്‍ണല്‍ ഡോ. വെസ്റ്റ് പറയും പോലെ, എന്റെ ഗുഡ്നെസ് ഗ്രേഷ്യസ്, ആ ദുഷ്ട വഞ്ചകരായ ഹമാസ്, അത് ഒരു വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തി. എന്നിട്ട് എന്ത് നടപ്പില്‍ വരുത്തി. വെടിനിര്‍ത്തല്‍ നടത്തി, ജൂണില്‍ നടത്തി, ജൂലൈയില്‍, ആഗസ്റ്റില്‍, സെപ്റ്റംബറില്‍, ഒക്ടോബറില്‍, നവംബറിലെ ആദ്യ നാല് ദിവസങ്ങള്‍. പിന്നെ നവംബര്‍ നാല് എന്ന ദിവസം വന്നു. ഓര്‍മ്മകള്‍ കുറവുള്ള മനുഷ്യരേ, അന്ന് തിരഞ്ഞെടുപ്പ് ദിവസമായിരുന്നു. എല്ലാവരുടെയും ശ്രദ്ധ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്കും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റിലേക്കും തിരിഞ്ഞപ്പോള്‍, ഇസ്രായേല്‍ ആ നിമിഷം ഉപയോഗിച്ചു - എല്ലാ ക്യാമറകളും അവരില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ - അത് ഗാസയില്‍ ഹമാസിനെ ആക്രമിക്കാനും വെടിനിര്‍ത്തല്‍ ലംഘിക്കാനും ആ നിമിഷം അവര്‍ ഉപയോഗിച്ചു. പക്ഷേ തിന്മ, വഞ്ചനാപരമായ ഹമാസാണ്, മറിച്ച് ഇസ്രായേല്‍ ആകട്ടെ അത്ഭുതകരമായി മനോഹരമായ വസ്തുവും.
ഇപ്പോള്‍ ഞാന്‍ പറയുന്നത് അത് എന്റെ എന്റെ വാക്കുകളല്ല. തിരികെ പോയി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞത് വായിക്കുക. വാസ്തവത്തില്‍, എന്റെ പുസ്തകത്തില്‍ ഞാന്‍ ഉദ്ധരിക്കുന്ന ഔദ്യോഗിക ഇസ്രായേലി പ്രസിദ്ധീകരണങ്ങള്‍ പോലും അംഗീകരിച്ചിരുന്നു, ഇസ്രായേല്‍ അത് ലംഘിക്കുന്നത് വരെ വെടിനിര്‍ത്തല്‍ നിലവില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ അതിന് അറിയാവുന്നതില്‍ ഏറ്റവും മികച്ചത് ചെയ്യാന്‍ തുടങ്ങി. അത് ഗാസയില്‍ ഒരു ഹൈടെക് കൂട്ടക്കൊല നടത്തുകയും ഏകദേശം ആയിരത്തിനാനൂറു പേരെ കൊല്ലുകയും ചെയ്തു. ആ ആയിരത്തിനാനൂറു പേരില്‍ മുന്നൂറ്റിയമ്പതു പേരും കുട്ടികളായിരുന്നു. അത് ഗാസയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളെയും വ്യവസ്ഥാപിതമായി നശിപ്പിച്ചു. ഗോള്‍ഡ്‌സ്റ്റോണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഒന്നിലധികം യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഇസ്രായേല്‍ കുറ്റവാളിയായിരുന്നു.
ഇപ്പോള്‍, ബേണി - അവജ്ഞയും വെറുപ്പും നിറയ്ക്കാതെ എനിക്ക് ആ പേര് ഇനി ഉച്ചരിക്കാന്‍ കഴിയില്ല - നിങ്ങള്‍ക്കായി ഇതാ ഒരു കാര്യം. നിങ്ങളുടെ 2016ലെ തെരെഞ്ഞെടുപ്പ് കാമ്പെയ്‌നില്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തു, കൂടാതെ സംസ്ഥാനത്തിന് പുറത്ത് മുന്‍കൂട്ടി പോയി നിങ്ങള്‍ക്കായി വോട്ട് പിടിക്കാന്‍ പോയിരുന്ന ഏറ്റവും പ്രായമായ ആളുകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നിങ്ങളുടെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എനിക്കത് കയ്പേറിയ ഓര്‍മ്മയാവുകയാണ്. ബെര്‍ണി നിങ്ങള്‍ക്കായി ഒരു വസ്തുത ഇതാ: ഞാന്‍ നിങ്ങളോട് സൂചിപ്പിച്ചതുപോലെ, ഗാസയില്‍ ഏകദേശം ആയിരത്തിനാനൂറു പേര്‍ കൊല്ലപ്പെട്ടു. കണക്കുകള്‍ പ്രകാരം അതില്‍ അഞ്ചില്‍ നാല് പേര്‍ സാധാരണക്കാരായിരുന്നു, അഞ്ചിലൊന്ന് അല്ലെങ്കില്‍ ഇരുപത് ശതമാനം പോരാളികളായിരുന്നു. ഒക്ടോബര്‍ ഏഴിന് സംഭവിച്ചത് പരിശോധിച്ചാല്‍, കണക്കുകള്‍ ഏതാണ്ട് സമാനമാണ്. ഗാസയിലെ ''ജയില്‍ പൊട്ടിത്തെറി'' അല്ലെങ്കില്‍ ''കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പൊട്ടിത്തെറിയെ'' തുടര്‍ന്ന് ആയിരത്തിനാനൂറു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഇസ്രായേലികളില്‍ ഏകദേശം നാനൂറു പേര്‍ തീര്‍ച്ചയായും പോരാളികളാണെന്നാണ് ഞാന്‍ കണ്ട കണക്കുകള്‍. അതെ, അത്രയും പേര് കൊല്ലപ്പെട്ടു, ഏകദേശം പറഞ്ഞാല്‍, സംഖ്യകള്‍ രണ്ടും സന്തുലിതമാണ്.
അതിനാല്‍, ബേണി, നിങ്ങളോട് എന്റെ ചോദ്യം ഇതാണ്. ഞാന്‍ തമാശ പറയുകയല്ല, വളരെ ഗൗരവത്തിലാണ് ഞാനിത് പറയുന്നത്. ഇത് സംവാദ പോയിന്റുകള്‍ നേടുന്നതിനെക്കുറിച്ചുമല്ല. വാര്‍സോ ഗെറ്റോ റെസിസ്റ്റന്‍സ് ഗാനം ഉദ്ധരിക്കാന്‍ എന്നെ അനുവദിക്കുക. ഇത് ശരിക്കും പക്ഷപാതപരമായ ഒരു ഗാനമാണ്, പക്ഷേ വാര്‍സോ ഗെറ്റോ റെസിസ്റ്റന്‍സ് ഗാനമാണ്. 'നരകത്തിന്റെ തീപ്പൊരികള്‍ക്കിടയിലുള്ള ഒരു ജനതയായിരുന്നു അത്' എന്ന് ഒരു വരി പറയുന്നു. അതാണ് ഇപ്പോള്‍ ഗാസയിലെ ജനങ്ങള്‍, ബേണി, നരകത്തിലെ തീപിടുത്തങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു ജനതയാണത്. അവരുടെ ആ അവസ്ഥ തുടരണമെന്ന് ബെര്‍ണി സാന്‍ഡേഴ്‌സ് പറയുന്നു, അത് രേഖപ്പെടുത്തിവെക്കപ്പെട്ടിരിക്കുന്നു.
അപ്പോള്‍ ഇതാ ഒരു ചോദ്യം, ബേണി. ഒക്ടോബര്‍ ഏഴിന് ഹമാസ് ചെയ്തത് കാരണം നമുക്കൊപ്പം ജീവിക്കാന്‍ ഹമാസിനെ അനുവദിക്കരുതെന്നും അവരെ നശിപ്പിക്കേണ്ടിവരുമെന്നും അവര്‍ അത് തെളിയിച്ചുവെന്നും നിങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍, ചരിത്രപരമായ രേഖകള്‍ ഞാന്‍ കൃത്യമായി മുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ - എനിക്ക് ആ കാര്യത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട് - ആ സംഖ്യകള്‍ ഏകദേശം തുല്യമാണെങ്കില്‍, ഇസ്രായേല്‍ അന്ന് വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നത് തര്‍ക്കമില്ലാത്ത സംഗതി ആണെങ്കില്‍, വെറും ഓപ്പറേഷന്‍ കാസ്റ്റ് ലീഡിന്റെ മാത്രം അടിസ്ഥാനത്തില്‍, ഒരു 'പുല്‍ത്തകിടി വെട്ടല്‍' നടത്തിയ ആ ഒരു ഓപ്പറേഷനിന്റെ അടിസ്ഥാനത്തില്‍, ഇസ്രായേല്‍ നശിപ്പിക്കപ്പെടണം എന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ നിഗമനം ചെയ്യാത്തത്? ഒക്ടോബര്‍ 7ന് ശേഷം ഹമാസിനെ നശിപ്പിക്കണമെന്ന് തിരിച്ചറിഞ്ഞ നിങ്ങള്‍, അതിനാല്‍ യുക്തിസഹമായി, ഏകദേശം അത്രയും ആളുകള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍, ഇസ്രായേല്‍ നശിപ്പിക്കപ്പെടണം എന്ന് കൂടി തിരിച്ചറിയണം, വേണ്ടേ?
പക്ഷേ, നിങ്ങള്‍ പറയും, ''ഇല്ല, ഇല്ല, ഇല്ല'', നിങ്ങള്‍ ശക്തമായി തലയാട്ടാന്‍ പോകുന്നു. അതു നിഷേധിക്കുമ്പോഴുള്ള നിങ്ങളുടെ ഓരോ മുഖഭാവങ്ങളും എനിക്കറിയാം. 2016-ലും 2020-ലും എല്ലാ രാത്രികളിലും ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചിട്ടുണ്ട്, നിങ്ങളുടെ എല്ലാ സംവാദങ്ങളും ഞാന്‍ വീണ്ടും വീണ്ടും കേട്ടിട്ടുണ്ട്. നിങ്ങള്‍ പറയും ''ഇല്ല, ഇല്ല, ഇല്ല'', നിങ്ങള്‍ ശക്തമായ വിയോജിപ്പോടെ തല കുലുക്കിക്കൊണ്ടേയിരിക്കും. കാരണം, നിങ്ങള്‍ക്ക് ഇത് വ്യത്യസ്തമാണ്, കാരണം ഹമാസിന് ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ദൈവമേ, ഒക്ടോബര്‍ 7വരെ ഇസ്രായേല്‍ ഗാസയെ നശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.
അതെ, നിങ്ങള്‍ പറഞ്ഞത് ശരിയാണ് ബെര്‍ണി. നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്. ഇസ്രായേല്‍ ഗാസയെ നശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ 2.3 ദശലക്ഷം ആളുകളെ - അതില്‍ പകുതിയും കുട്ടികളാണ് - തടങ്കല്‍പ്പാളയത്തില്‍ തളര്‍ന്ന് മരിക്കാന്‍ വിടുക എന്നതാണ് അവര്‍ ആഗ്രഹിച്ചത്. നിങ്ങള്‍ പറഞ്ഞത് ശരിയാണ് ബേണി, ഇത് രണ്ടും വ്യത്യസ്തമാണ്. ഹമാസ് ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇസ്രായേല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം ശരിക്കും ഒരു വലിയ കാര്യമേ അല്ല. നമുക്ക് യാഥാര്‍ഥ്യ ബോധത്തോടെ സംസാരിക്കാം. ഇരുപത്തിമൂന്നു ലക്ഷം ആളുകളെ ഒരു തടങ്കല്‍പ്പാളയത്തില്‍ അടച്ചിട്ട് അവരെ അവിടെ മരിക്കാന്‍ വിടുക എന്നത് മാത്രമാണ് ഇസ്രായേല്‍ ചെയ്യാന്‍ ആഗ്രഹിച്ചത്. അതിനാല്‍, നിങ്ങള്‍ക്കറിയാമോ, ബേണിയുടെ ധാര്‍മ്മിക സൂക്ഷ്മത. തത്ത്വചിന്തകര്‍ സൂക്ഷ്മതയെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാം. അവര്‍ സങ്കീര്‍ണ്ണത ഇഷ്ടപ്പെടുന്നു. അവര്‍ ഭംഗി ഇഷ്ടപ്പെടുന്നു. തിന്മയായ ഹമാസ്, ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ അവര്‍ നശിക്കണം. അതേസമയം ഇസ്രായേല്‍, ഇരുപത്തിമൂന്നു ലക്ഷം മനുഷ്യരെ ജീവിതകാലം മുഴുവന്‍ ഒരു തടങ്കല്‍പ്പാളയത്തില്‍ പൂട്ടിയിടാന്‍ മാത്രം ആഗ്രഹിക്കുന്നു.
ഇനി നിങ്ങള്‍ ഓപ്പറേഷന്‍ ''പില്ലര്‍ ഓഫ് ഡിഫന്‍സിലേക്ക്'' പോവുക. ഇപ്പോള്‍ വിശദാംശങ്ങളിലേക്ക് പോകാന്‍ എനിക്ക് സമയമില്ല, ഓപ്പറേഷന്‍ കാസ്റ്റ് ലീഡിന് ശേഷം ഗാസയിലെ ക്രൂരമായ ഉപരോധത്തിന് നേരിയ അയവ് വന്നതാണ്. ഹാര്‍വാര്‍ഡ് സാമ്പത്തിക ശാസ്ത്രജ്ഞയായ സാറാ റോയ് എഴുതിയത് പോലെ ഒരു താത്കാലിക വ്യതിയാനം മാത്രമായിരിക്കാം. തീര്‍ച്ചയായും ഞാന്‍ അവളുടെ നിരീക്ഷണത്തെ ബഹുമാനിക്കുന്നു. ഗാസയുടെ സമ്പദ്വ് വ്യവസ്ഥയെ കുറിച്ചു ലോകത്തെ ആധികാരിതയുള്ള മുന്‍നിര ശബ്ദമാണ് അവര്‍. ഇത് ഒരു താല്‍ക്കാലിക വ്യതിയാനം മാത്രമാണെന്ന് അവര്‍ പറഞ്ഞു, എന്നാല്‍ ഗാസ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചു എന്നതാണ് വസ്തുത. ഖത്തറില്‍ നിന്ന് പണമൊഴുകി തുടങ്ങിയിരുന്നു. തുര്‍ക്കി രാഷ്ട്രത്തലവന്‍ ഉര്‍ദുഗാന്‍ ഗാസ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഇത് ഇസ്രായേലിനെ അലോസരപ്പെടുത്തി, കാരണം ഗാസ അഭിവൃദ്ധി പ്രാപിക്കാന്‍ പാടില്ല. അഭിവൃദ്ധി എന്നു പറയുമ്പോള്‍ താരതമ്യേന എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ എന്നാലും അത് അഭിവൃദ്ധി പ്രാപിക്കാന്‍ പാടില്ല.
അപ്പോള്‍ അവര്‍ എന്താണ് ചെയ്തത്? രേഖകള്‍ ഇവിടേയും വ്യക്തമാണ്. ഇത്തവണ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവിനെയാണ് അവര്‍ കൊലപ്പെടുത്തിയത്. ജബാരി എന്ന ഈ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്രായേല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളുടെ പ്രധാന കണ്ണിയായിരുന്നു. ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഉത്തരവാദിത്വം വഹിച്ചിരുന്നത് എപ്പോഴും അദ്ദേഹമായിരുന്നു. വധിക്കപ്പെട്ട നിമിഷത്തില്‍ അദ്ദേഹം ഒരു ദീര്‍ഘകാല വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലായിരുന്നു. ബേണി ഇത് കേള്‍ക്കുന്നുണ്ടോ? ആ ദുഷ്ടരും വഞ്ചകരും പൈശാചികവും ആയ ഹമാസ് നേതാക്കന്മാര്‍. അവര്‍ വളരെ വഞ്ചനയുള്ളവരായിരുന്നു. അതിനാല്‍ അവര്‍ ഇസ്രായേലുമായി ദീര്‍ഘകാല വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്താന്‍ പദ്ധതിയിടുകയായിരുന്നു. അപ്പോള്‍ ഇസ്രായേല്‍ എന്താണ് ചെയ്തത്? അവര്‍ അദ്ദേഹത്തെ കൊന്നു, ഉടനെ ഓപ്പറേഷന്‍ ''പില്ലര്‍ ഓഫ് ഡിഫന്‍സ്'' ആരംഭിച്ചു.
അതെ, 2024 ല്‍, വീണ്ടും ''പുല്‍ത്തകിടി വെട്ടാനുള്ള'' സമയമായിരിക്കുന്നു. ഞാന്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ഇസ്രായേല്‍ കൊന്നൊടുക്കി - ഒക്ടോബര്‍ 7 ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടത് ആയിരത്തി നാനൂറു പേരായിരുന്നെങ്കില്‍ - അവര്‍ ഇവിടെ രണ്ടായിരത്തി ഇരുന്നൂറു ഫലസ്തീനികളെ കൊന്നു, അവരില്‍ അഞ്ഞൂറ്റിഅമ്പതു കുട്ടികളും ഉണ്ടായിരുന്നു. പതിനെട്ടായിരം വീടുകള്‍ അവര്‍ തകര്‍ത്തു. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ പ്രസിഡന്റായ പീറ്റര്‍ മൂര്‍, യുദ്ധമേഖലകളില്‍ പര്യടനം നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി, അദ്ദേഹത്തിന്റെ ബയോഡാറ്റ, സിവി അതാണ്. ഗാസ പര്യടനം നടത്തിയ ശേഷം, അദ്ദേഹം പറഞ്ഞു, തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഒരിക്കലും പോലും ഗാസയില്‍ കണ്ട വ്യാപ്തിയുള്ള നാശം താന്‍ കണ്ടിട്ടില്ലെന്ന്, അദ്ദേഹം അത് തറപ്പിച്ചു പറഞ്ഞു.
എന്നാലും, നശിപ്പിക്കേണ്ടത് ഹമാസിനെയാണ്, കാരണം, അത് ഇസ്രായേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അത് ഇസ്രായേലിനെ അംഗീകരിക്കുന്നില്ല, അതിനാല്‍ ഹമാസാണ് പ്രശ്നം. ഇസ്രായേല്‍ രാഷ്ട്രത്തെ നശിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ സംസാരിക്കരുത്. കാരണം ഇസ്രായേല്‍ പവിത്രമാണ്. അവരുടെ നാശം സങ്കല്‍പ്പിക്കാന്‍ പോലും പാടില്ല. എന്നാല്‍ ഹമാസിനെ നശിപ്പിക്കണം, കാരണം അവര്‍ ദുഷ്ടരാണ്, അവര്‍ അതീവ നിന്ദ്യരാണ്, അവര്‍ വളരെ ദുഷ്ടതയുടെ പുനരുത്ഥാനമാണ്. അവര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നു, അവര്‍ വെടിനിര്‍ത്തല്‍ കരാറുകളില്‍ ഉറച്ചു നില്‍ക്കുന്നു, അവര്‍ ഗാസയിലെ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു, അത് പ്രാകൃതരും വാറ്റിയെടുത്ത ദുഷിപ്പിന്റെ അവതാരവുമാണ്.
പിന്നെ ഒക്ടോബര്‍ 7 വരുന്നു. ഞാന്‍ അതിനെക്കുറിച്ച് വളരെ ദൈര്‍ഘ്യമേറിയ രീതിയില്‍ പലയിടത്തും സംസാരിച്ചു, അതിനാല്‍ നിങ്ങളോടുള്ള ഈ പ്രതികരണത്തില്‍ ഞാന്‍ ആവര്‍ത്തിക്കാന്‍ പോകുന്നില്ല, ബേണി. എന്നാല്‍, ഒക്ടോബര്‍ 7 മുതല്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങളെ കുറിച്ച്, നിങ്ങള്‍ അര്‍ഹിക്കുന്ന എല്ലാ ബഹുമാനത്തോടെയും എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ ധാര്‍മ്മികമായയി അധഃപതിച്ച നിലയില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നു എനിക്കറിയാം, നിങ്ങള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുമുണ്ട്, അവയെല്ലാം അലിവില്ലാത്ത ദുഷ്ഠത ആണെന്ന് ഞാന്‍ കരുതുന്നു. അതെ, അതാണത്.
എന്നിരുന്നാലും, ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നമുക്ക് അഭിപ്രായങ്ങളില്‍ വിയോജിക്കാം, ചിലതില്‍ നമുക്ക് ശക്തമായി വിയോജിക്കാം, എന്നാല്‍ ഒരു വെടിനിര്‍ത്തലിനെ നിങ്ങള്‍ എതിര്‍ക്കുന്നു എന്ന് പറയുമ്പോള്‍, നിങ്ങള്‍ ഒരു ചുവന്ന വര കടന്നിരിക്കുന്നു. നിങ്ങള്‍ ഒരു ധാര്‍മ്മിക രാക്ഷസനായി മാറിയിരിക്കുന്നു. ഞാന്‍ അത് ആവര്‍ത്തിച്ചു പറയുന്നു. നിങ്ങള്‍ ഒരു ധാര്‍മ്മിക രാക്ഷസനായി മാറിയിരിക്കുന്നു. ഞാന്‍ ഇന്നലെ നിങ്ങളുടെ ട്വീറ്റ് വായിച്ചു. പദാനുപദം ശരിയായി പ്രതിപാദിക്കാത്തതിന് നിങ്ങള്‍ എന്നോട് ക്ഷമിക്കുക, എന്നാല്‍ ഞാനല്ല, നിങ്ങള്‍ തന്നെ പറഞ്ഞു, ''ഇസ്രായേല്‍ വിവേചനരഹിതമായി ആശുപത്രികളില്‍ ബോംബിടുന്നു, സ്‌കൂളുകളില്‍ ബോംബെറിയുന്നു, സാധാരണക്കാരെ കൊല്ലുന്നു''. നിങ്ങള്‍ അത് പറഞ്ഞു, ഇത് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന ആളുകളോട് ഇത് പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടും, ഇപ്പോള്‍ ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍, നിങ്ങള്‍ തന്നെ ഇന്നലെ പറഞ്ഞതിന്റെ പരാവര്‍ത്തനം ആണെന്ന് അത് തെളിയിക്കും.
ഇപ്പോള്‍, നിങ്ങള്‍ ഈ ഘട്ടത്തില്‍ വെടിനിര്‍ത്തലിനെ എതിര്‍ക്കുമ്പോള്‍, നിങ്ങള്‍ ഫലത്തില്‍, ഗാസയിലെ സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറിനേയും, പതിനൊന്നു ലക്ഷം കുട്ടികളടങ്ങിയ നിരപരാധികളായ ജനങ്ങളേയും വിവേചനരഹിതമായി ലക്ഷ്യമിടുന്നത് തുടരാന്‍ ഇസ്രായേലിന് വെള്ള കാര്‍ഡ് (carte blanche) നല്‍കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. നിങ്ങള്‍ അതുവഴി ഒരു ധാര്‍മ്മിക രാക്ഷസനായി മാറിയിരിക്കുന്നു. പിന്നെ നിങ്ങള്‍ പറയരുത്, തീര്‍ച്ചയായും ഞാന്‍ അതിനെയെല്ലാം എതിര്‍ക്കുന്നു എന്ന്. തീര്‍ച്ചയായും നിങ്ങള്‍ അതിനെ ''എതിര്‍ക്കുന്നു''. ബെര്‍ണി സാന്‍ഡേഴ്‌സ് അവരോട് പറയുന്നതിനാല്‍ ഇസ്രായേല്‍ അത് ചെയ്യുന്നത് നിര്‍ത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇപ്പോള്‍ പെട്ടെന്ന് അവര്‍ ആശുപത്രികളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കുമെന്ന് നിങ്ങള്‍ കരുതുന്നുവോ? അതെ ആശുപത്രികള്‍, ബഹുവചനത്തില്‍ ആണിത് പറയുന്നത്. അവര്‍ ആംബുലന്‍സുകളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കുമെന്ന് നിങ്ങള്‍ കരുതുന്നുവോ? അവര്‍ ജനങ്ങളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? വീടുകള്‍, ഈ ആളുകളുടെ വാസസ്ഥലങ്ങള്‍, അവരില്‍ എഴുപതു ശതമാനം പേര്‍ക്കും 1948-ല്‍ അവരുടെ വീടുകള്‍ നഷ്ടപ്പെട്ടു, ഇപ്പോള്‍ ഇതാ വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നു. അവരില്‍ കുട്ടികളായ പകുതി പേര്‍ക്ക് ഇപ്പോള്‍ തലയ്ക്ക് മുകളില്‍ മേല്‍ക്കൂരയില്ല. അവരുടെ കൈവശമുണ്ടായിരുന്ന ചെറിയ കളിപ്പാട്ടങ്ങള്‍, അവര്‍ സൂക്ഷിച്ചിരുന്ന കുടുംബചിത്രങ്ങള്‍, എല്ലാം ഇപ്പോള്‍ ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. ഇപ്പോഴും ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് കുട്ടികള്‍ കുഞ്ഞുങ്ങള്‍ ചതഞ്ഞരഞ്ഞു മൂടപ്പെട്ടു കിടക്കുന്നുണ്ട്. ഗാസയുടെ ഈ നാശം തുടരാന്‍ നിങ്ങള്‍ ഇതാ പച്ചക്കൊടി കാട്ടിയിരിക്കുന്നു. നരകത്തിന്റെ തീപ്പൊരികള്‍ക്കിടയിലുള്ള ഒരു ജനതയായിരുന്നു അവര്‍, ഇപ്പോള്‍ 'ബേണി സാന്‍ഡേഴ്‌സിന്റെ അംഗീകാര മുദ്രയില്‍ നരകത്തിന്റെ തീപ്പൊള്ളലുകള്‍ക്കിടയിലുള്ള ഒരു ജനതയായി അവര്‍ മാറിയിരിക്കുന്നു. എന്തൊരു ദയനീയമായ നാണക്കേട്.
നന്ദി.
തയ്യാറക്കിയത്: അഫ്താബ് ഇല്ലത്ത്