Quantcast
MediaOne Logo

എൻ.പി ചെക്കുട്ടി

Published: 18 March 2022 9:47 AM GMT

ഇന്ത്യയുടെ ഭാവി: തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഒരു വിശാല ഹിന്ദു ഐക്യം സ്ഥാപിച്ചെടുത്തിട്ടുണ്ട് എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ ഭാവി:  തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന
X
Listen to this Article

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ നേട്ടങ്ങൾ ആശങ്കയുണർത്തുന്നതാണ്. എന്നാൽ, കൂടുതൽ ആശങ്കയുണ്ടാക്കുന്ന കാര്യം ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റത്തെ പ്രതിരോധിച്ചു ഇന്ത്യയിൽ ഒരു മതേതര രാഷ്ട്രീയബദൽ തിരിച്ചുകൊണ്ടുവരും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ തകർച്ചയാണ്.

ഇത്തവണ പഞ്ചാബൊഴികെ എല്ലാ സംസ്ഥാനങ്ങളിലും താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണു ബി.ജെ.പി കാഴ്ചവെച്ചത്. എല്ലായിടത്തും അവർ അധികാരത്തിൽ വീണ്ടും തിരിച്ചെത്തുകയുമായിരുന്നു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ സർക്കാർ ഇത്തവണ നിലംപൊത്തും എന്ന പ്രതീക്ഷകളെ ആസ്ഥാനത്താക്കി അവർ അധികാരത്തിൽ തിരിച്ചെത്തുക മാത്രമല്ല, ജനപിന്തുണയിൽ മൂന്നു ശതമാനത്തോളം വർധനയും ബിജെപിക്ക് നേടാൻ കഴിഞ്ഞു. സീറ്റുകളിൽ വന്ന കുറവ് സമ്മതിദായകരുടെ വർധിച്ച പിന്തുണയിൽ അവർ നികത്തിയിട്ടുണ്ട്.

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഒരു വിശാല ഹിന്ദു ഐക്യം സ്ഥാപിച്ചെടുത്തിട്ടുണ്ട് എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജാതീയമായ ഭിന്നതകൾ സമുദായത്തിൽ നിലനിൽക്കുന്നു എന്നത് വാസ്തവം. എന്നാൽ, അതിനെ മറികടക്കുന്നതിനായി അവർ രണ്ടു തന്ത്രങ്ങൾ പയറ്റുന്നുണ്ട്. ഒന്നാമത്, വ്യാപകമായ മുസ്‌ലിം വിരുദ്ധ വികാരം സമൂഹത്തിൽ ഒരു വിഷജ്വാല പോലെ പടർത്തിവിടുന്നതിൽ അവർ വിജയിക്കുകയാണ്. മതേതരമുഖമുള്ള കക്ഷികൾ പോലും ഒന്നുകിൽ അത് കണ്ടില്ലെന്നു നടിക്കുന്നു; അല്ലെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നു. മറുവശത്തു, പിന്നാക്ക ജാതിക്കാരെയും ദലിത്-ആദിവാസി വിഭാഗങ്ങളെയും കൂടെ നിർത്തുന്നതിൽ സംഘപരിവാരം വിജയിക്കുന്നു. നേരത്തെ ബിജെപിയുമായി കൂടിച്ചേർന്ന മൗര്യ, കുശ്വാഹ തുടങ്ങിയ പിന്നാക്ക സമുദായങ്ങൾ തെരഞ്ഞെടുപ്പിനു മുമ്പ് അവരിൽ നിന്ന് അകന്നു പോകുന്ന ദൃശ്യമാണ് കാണപ്പെട്ടത്. മന്ത്രിമാർ അടക്കം ഒരു ഡസനിലേറെ നിയമസഭംഗങ്ങൾ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാജി വെക്കുകയും ചെയ്തു. എന്നാൽ, അത്തരം ആഭ്യന്തര പടലപിണക്കങ്ങൾ ബി.ജെ.പിയെ കാര്യമായി ബാധിച്ചില്ല എന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. ആയാറാം ഗയാറാം പശ്ചാത്തലമുള്ള നേതാക്കളെ ജനം കൈവിടുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതേപോലെ മാസങ്ങൾ നീണ്ടുനിന്ന കർഷകസമര കാലത്തു ജാട്ടുകൾ അടക്കമുള്ള പ്രധാന കർഷക സമൂഹങ്ങൾ ബിജെപിയുമായി വലിയ പിണക്കത്തിലായിരുന്നു. എന്നാൽ, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും ബിജെപി നേതാക്കൾ കർഷക നേതാക്കളോട് അടുപ്പം സ്ഥാപിക്കുകയും ചെയ്തതോടെ ലഖീമ്പൂർ ഖേരി അടക്കമുള്ള പ്രദേശങ്ങളിൽ പോലും ബി.ജെ.പിയ്ക്ക് വിജയം ഉറപ്പിക്കാൻ കഴിഞ്ഞു.


എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ചോദ്യം പ്രസക്തമാണ്. രണ്ടു പ്രധാന പ്രശ്നങ്ങൾ ഇവിടെ നമ്മെ തുറിച്ചു നോക്കുന്നു. ബി.ജെ.പിയുടെ വർഗീയ-വിഭാഗീയ ഭരണത്തിന്റെ ഏറ്റവും കടുത്ത ഇരകളായ ദലിത്, മുസ്‌ലിം അടക്കമുള്ള സമുദായങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്? ഹത്രാസിൽ ഒരു ദലിത് കുടുംബത്തെ ആദിത്യനാഥ് ഭരണകൂടം എങ്ങനെയാണു കൈകാര്യം ചെയ്തത് എന്ന് രാജ്യം നേരിട്ട് കണ്ടറിഞ്ഞതാണ്. എന്നാൽ ദലിത് സമുദായ പ്രാതിനിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ പോലും അവരുടെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനമായ ബഹുജൻ സമാജ് പാർട്ടിയേക്കാൾ എത്രയോ മെച്ചപ്പെട്ട സമ്മതിദായക പിന്തുണയാണ് ബി.ജെ.പി നേടിയത് എന്ന് ദി ഹിന്ദു പത്രം നൽകിയ കണക്കുകളിൽ നിന്ന് വ്യക്തമാണ്. അതേപോലെ സംസ്ഥാനത്തെ ജനസംഖ്യയിൽ നാലിലൊന്ന് വരുന്ന മുസ്‌ലിം സമുദായം ഇത്തവണ സമാജ്‌വാദി പാർട്ടിക്ക് തുല്യമായ പിന്തുണയാണ് ബി.ജെ.പിക്കും നൽകിയത്. ഇരു പാർട്ടികൾക്കും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ 40 ശതമാനത്തിൽ ഏറെ വോട്ടർമാരുടെ പിന്തുണയുണ്ട്. നേരത്തെ യു.പിയിൽ ഈ സാമുദായിക വിഭാഗങ്ങളുടെ പിന്തുണ നേടിയിരുന്ന ബി.എസ്.പി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ജനപിന്തുണയിൽ വമ്പിച്ച ഇടിവാണ് കണക്കുകൾ കാണിക്കുന്നത്.

യഥാർഥത്തിൽ ഇതാണ് പ്രശ്നം. സാധാരണ ജനങ്ങൾക്ക് ഒരു വിശ്വസനീയമായ മതേതര ബദൽ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിൽ ഇന്ത്യയിലെ മുഖ്യധാരാ മതേതര കക്ഷികൾ പരാജയപ്പെടുകയാണ്. അതിനാൽ കോൺഗ്രസ്സിനോ ബിഎസ്പി അടക്കമുള്ള കക്ഷികൾക്കോ വോട്ടു നൽകി തങ്ങളുടെ സമ്മതിദാന അവകാശം നഷ്ടമാക്കാൻ ജനങ്ങൾ തയ്യാറല്ല. പകരം ബി.ജെ.പിക്ക് പരസ്യമായി പിന്തുണ നൽകി ഒരു കീഴടങ്ങൽ പ്രഖ്യാപനത്തിലൂടെ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക എന്ന പരിമിത സാധ്യതയാണ് ജനങ്ങൾ പരീക്ഷിക്കുന്നത്. പണ്ട് ബകൻ എന്ന രാക്ഷസൻ ചോദിച്ചത് അത്ര മാത്രമാണ്. എല്ലാ ദിവസവും ആരെങ്കിലും തന്റെ ഗുഹയിൽ വന്നു തന്റെ ആഹാരമാകണം. അങ്ങനെ ചെയ്താൽ താൻ വേറെ ആരെയും ഉപദ്രവിക്കുകയില്ല. ഏതാണ്ട് അത്തരമൊരു കരാറിൽ യുപിയിലെ ദലിത്, മുസ്ലിം ജനസാമാന്യവും ബിജെപി നേതൃത്വവും തമ്മിൽ എത്തിച്ചേർന്നു കഴിഞ്ഞു എന്നു സങ്കൽപിക്കണം.''വോട്ടു നിങ്ങൾക്കു തരാം; ഞങ്ങളെ ഉപദ്രവിക്കരുത്."



അതായതു ബി.ജെ.പിയുടെയും സംഘ്പരിവാരത്തിന്റെയും ഭീഷണമായ വളർച്ചയെ നിസ്സഹായതയോടെ നോക്കിക്കാണുന്നതിനു പകരം നമ്മൾ പരിഗണിക്കേണ്ട ഒരു വിഷയം എന്ത് ബദലാണ് അവർക്കു മുന്നിൽ വിവിധ രാഷ്ട്രീയപാർട്ടികൾ മുന്നോട്ടുവെച്ചത് എന്ന ചോദ്യമാണ്. മതേതര മുഖ്യധാരയിൽ നിന്ന് കൃത്യമായ ദിശാബോധം ലഭ്യമാകുന്നില്ലെങ്കിൽ അധസ്ഥിത വിഭാഗങ്ങൾ തങ്ങളുടേതായ ബദൽ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തു ശക്തി സംഭരിക്കണം. എന്നാൽ, അത്തരം ബദൽ മുന്നേറ്റങ്ങൾ നടക്കണമെങ്കിൽ ബന്ധപ്പെട്ട സമൂഹങ്ങളിൽ നിന്ന് ശക്തമായ ഒരു പുതുനേതൃത്വം ഉയർന്നുവരണം. അത്തരം പുതുനേതൃത്വങ്ങളെയും ജനാധിപത്യ സമൂഹത്തിൽ ഇടപെടാനുള്ള അവരുടെ നീക്കങ്ങളെയും വളരെ ബോധപൂർവം തകർക്കാനുള്ള ശ്രമങ്ങളും ഇതേയവസരത്തിൽ നടക്കുന്നുണ്ട്. യു.എ.പി.എ അടക്കമുള്ള നിയമങ്ങൾ അതിനായാണ് പ്രയോഗിക്കപ്പെടുന്നത്.


അതിനാൽ വടക്കേ ഇന്ത്യയിൽ അത്തരം മുന്നേറ്റങ്ങൾ എളുപ്പത്തിൽ സാധ്യമാകുന്ന അവസ്ഥയില്ല. എന്നാൽ, കേരളം പോലുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ന്യൂനപക്ഷങ്ങൾക്കു അത്തരം സ്വയം ശാക്തീകരണ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാനുള്ള ശേഷിയുണ്ട്. അവർ വടക്കേ ഇന്ത്യയിൽ തങ്ങളുടെ ശബ്ദവും സ്വാധീനവും എത്തിക്കണം. അതിനുള്ള ആളും അർഥവും ഇന്ന് അവർക്കുണ്ട് എന്ന കാര്യം സംഘപരിവാരം തിരിച്ചറിയുന്നുണ്ട്. അതിനാൽ അത്തരം പരിമിത സംരംഭങ്ങളെപ്പോലും കണ്ടെത്തി തകർക്കാനാണ് സംഘപരിവാരം ഇന്ന് പ്രധാനമായി ശ്രമിക്കുന്നത്.

ഞാൻ നേരത്തെ ജോലി ചെയ്ത തേജസ് പത്രത്തിനു നേരിടേണ്ടിവന്ന കടുത്ത ഭരണകൂട പീഡനങ്ങളും ഇപ്പോൾ മീഡിയാവൺ ചാനലിനെതിരെ നടന്ന നീക്കങ്ങളും അത്തരമൊരു പശ്ചാത്തലത്തിലാണ് കാണേണ്ടത്. എന്നാൽ, അത്തരം കുത്സിതനീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാനുള്ള സാധ്യത ഇന്നും ഇന്ത്യൻ റിപ്പബ്ലിക്കൻ വ്യവസ്ഥിതിയിൽ നിലനിൽക്കുന്നുണ്ട് എന്നാണ് മീഡിയാവൺ കേസിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ ഇനിയുള്ള കാലങ്ങളിൽ ക്ഷമയോടെയും ത്യാഗബോധത്തോടെയും കാര്യങ്ങളെ നേരിടാനും ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന ബഹുജന മുന്നേറ്റങ്ങളെ തൃണമൂല തലത്തിൽ സ്ഥാപിച്ചെടുത്ത് അവയെ ഒരു വിശാലമായ ദേശീയ പശ്ചാത്തലത്തിൽ ഒന്നിപ്പിച്ചു കൊണ്ടുവരാനും ശ്രമിക്കുകയുമാണ് ഇന്ന് നമ്മൾ നേരിടുന്ന പ്രതിസന്ധിയെ മുറിച്ചു കടക്കാനുള്ള ഒരേയൊരു പോംവഴി.




TAGS :