Quantcast
MediaOne Logo

ഡോ. ഒ.കെ സന്തോഷ്

Published: 5 April 2022 9:31 AM GMT

ദേശഭക്തി അഥവാ അപര(മുസ്‌ലിം) ഹിംസ

ആര്‍.എസ്.എസ് വിട്ട ദലിത് കര്‍സേവകന്‍ ഭവര്‍ മെഘ്‌വന്‍ഷിയുടെ ' എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല' എന്ന പുസ്തകത്തിന്റെ പഠനം - ഭാഗം 02

ദേശഭക്തി അഥവാ അപര(മുസ്‌ലിം) ഹിംസ
X
Listen to this Article

ഏറെ ദീർഘമല്ലെങ്കിലും, അപക്വമായ ജീവിത വീക്ഷണങ്ങളുടെ രൂപീകരണ കാലത്തിന്റെ ഭാഗമായ അഞ്ചുവർഷം മാത്രമാണ് ആർ.എസ്.എസ് ശാഖയിൽ ഭവർ മെഘ്വൻഷി പ്രവർത്തിച്ചത്. പക്ഷേ, ആ ചെറിയ കാലയളവിനുള്ളിൽ ഒരാൾ ആർജിക്കുന്ന ജീവിതബോധവും അത് നമ്മുടെ രാഷ്ട്രശരീരത്തിലുണ്ടാക്കുന്ന ആഘാതങ്ങളുടെ തോതും ഒരു നൂറ്റാണ്ടായി ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമായി പരിവർത്തിപ്പിക്കുന്നവരെ സംബന്ധിച്ച് അലങ്കാരം മാത്രമാണ്. Modi's India : Hindu Nationalism and the Rise of Ethnic Democracy(2021) എന്ന പുസ്തകത്തിൽ ക്രിസ്റ്റഫ് ജെഫ്രലോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംഘപരിവാർ രാഷ്ട്രീയം സ്വീകരിക്കുന്ന തന്ത്രങ്ങളെ മൂന്നു ഘട്ടങ്ങളായി വിഭജിച്ച് വിശകലനം ചെയ്യുന്നുണ്ട്.

ഭയം(Fear), ക്ഷോഭം(Anger), ശത്രുതാപരമായ പകയും വെല്ലുവിളി( Revenge) എന്നിവയാണവ. സംഘ ശാഖയിലെ ശിക്ഷണത്തിൽ ഇവയിലാദ്യത്തേതിന് പ്രത്യേകം ഊന്നൽ നൽകുന്നതായി മെ ഘ്വൻഷിയുടെ ആഖ്യാനങ്ങളിൽതന്നെ കാണാം. "ഭാരത'ത്തിന്റെ ഭൂതകാലം മഹത്തായ മനുഷ്യബന്ധങ്ങളുടെയും പ്രജാക്ഷേമ തൽപരരും നീതിമാൻമാരുമായ ഭരണാധികാരികളുടെയും മനോഹരമായ കാലമായിരുന്നുവെന്നും ബാഹ്യശക്തികളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ, അധിനിവേശം അവയൊക്കെ ഇല്ലാതാക്കിയെന്നുമാണ് ഈ ആഖ്യാനത്തിന്റെ ചുരുക്കം. കൂടാതെ, ഈ അധിനിവേശശക്തികൾ ഹിന്ദു സമൂഹത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും അനിയന്ത്രിതമായ സന്താനോൽപദനത്തിലൂടെ എണ്ണത്തിലും ശക്തിയിലും ഹിന്ദുക്കളെ മറികടക്കുവാൻ കഠിനമായ ശ്രമം നടത്തുകയാണെന്നുമുള്ള ഭയമാണ് സംഘപരിവാറിന്റെ ഫാക്റ്ററിയിൽ ആദ്യം തയ്യാറാക്കപ്പെടുന്നത്. എപ്പോഴും നിഴലുപോലെ പിന്തുടരുന്ന ആന്തരിക ശത്രുവായി മുസ്‌ലിംകളെ അവർ ആഖ്യാനം ചെയ്യുന്നു. പിന്നാലെ, ക്രൈസ്തവർ, കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ കാറ്റഗറികളും ശത്രുപക്ഷത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു. ആർ.എസ്.എസ് ശാഖയിലെ ധാർമികബോധനങ്ങൾക്കുള്ള സമയത്തിന്റെ സിംഹഭാഗവും വിഷലിപ്തമായ അപരഹിംസയിലും അതിനെതിരെ ധീരദേശസംരക്ഷകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യതയിലും ഊന്നിയാണ് ഉപയോഗിക്കപ്പെടുന്നത്. പതിമൂന്നാമത്തെ വയസ്സിൽ താൻ മനസ്സിലുറപ്പിച്ച മുസ്‌ലിം വിദ്വേഷത്തിനു പിന്നിൽ പ്രചാര കുമാരുടെ ഭയത്തിന്റെ അകമ്പടിയോടെയുള്ള കെട്ടുകഥകൾ വഹിച്ച പങ്കിനെക്കുറിച്ച് ഭവർ പിന്നീട് തിരിച്ചറിയുന്നുണ്ട്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ സിർദിയാസിൽ അക്കാലത്ത് ഒരു മുസ്‌ലിം പോലുമില്ലായിരുന്നെങ്കിലും, ഉണർവിലും ഉറക്കത്തിലും അവരോട് പക നിലനിർത്തുവാൻ ശാഖയിലെ പ്രബോധനങ്ങൾ മൂലം കഴിഞ്ഞിരുന്നു.

യുക്തിബോധത്തെയും ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളിലുള്ള വിശ്വാസത്തെയും അനീതിയെ ചോദ്യംചെയ്യാനുള്ള കഴിവിനെയും പണയപ്പെടുത്തി മാത്രമേ ഒരാൾക്ക് ആർ.എസ്.എസ് ശാഖയിലെ ബൗദ്ധിക സദസ്സുകളിൽ വ്യാപൃതനാവാൻ കഴിയൂ. കെട്ടുകഥകളുടെ പിൻബലത്തിൽ ഉറപ്പിക്കപ്പെടുന്ന ആര്യൻ വംശശുദ്ധിയാണ് മറ്റെല്ലാ യാഥാർഥ്യങ്ങളെയും പുകമറയിലാക്കിക്കൊണ്ട് അവിടെ സ്ഥാപിക്കപ്പെടുന്നത്. ഹിന്ദുസമൂഹം അപകടത്തിലും അപകർഷതയിലുമാണെന്ന ആവർത്തിച്ചുള്ള ആഖ്യാനങ്ങളിലൂടെ ഭയം സൃഷ്ടിച്ച്, ഓരോരുത്തരും ധീരരാകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്രകാരം ആത്മനിന്ദയുടെ ചുഴിയില കപ്പെട്ട ഏകാത്മക ഹിന്ദുസ്വത്വമാണ്, ഊർജം സംഭരിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും അപരസമുദായങ്ങൾക്കെതിരെ ആയുധമെടുത്ത് പോരാടുന്നത്. കായികവും മാനസികവുമായി അതിനവരെ സജ്ജരാക്കുകയാണ്, ഇന്ത്യയിലെ ആറു ലക്ഷത്തോളം വരുന്ന ആർ.എസ്.എസ് ശാഖകളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതെന്നു ഭവർ മെഘ്വൻഷിയുടെ ജീവിതാഖ്യാനം വിശദീകരിക്കുന്നുണ്ട്. കോൺഗ്രസ് രാഷ്ട്രീയ പാരമ്പര്യമുള്ള തന്റെ കുടുംബത്തിൽ നിന്ന് യഥാസമയം ഉപദേശങ്ങൾ കിട്ടുന്നുണ്ടെങ്കിലും അത് ഭാരതത്തിന്റെ യഥാർഥ അവകാശികൾക്കെതിരെയുള്ള മതേതര ഗൂഢാലോചനയായാണ് അദ്ദേഹം മനസ്സിലാക്കുന്നത്. പ്രശ്നങ്ങളുടെ കേന്ദ്രത്തിലേക്ക് തൊടുത്തുവിട്ട അച്ഛന്റെ ഉപദേശം ഇപ്രകാരമായിരുന്നു: "ബനിയാസിന്റെയും ബ്രാഹ്മണരുടെയും ഈ പാർട്ടി ഒരിക്കലും കർഷകർക്കും കീഴ്ജാതിക്കാർക്കുമൊപ്പം നിൽക്കില്ല. നമ്മുടെ സ്വന്തം സഹോദരങ്ങളായ മുസ്‌ലിംകളുമായി ശണ്ഠ കൂടാൻ നമ്മെത്തന്നെ ഉപയോഗിക്കുകയാണവർ. അവർക്ക് സ്വയം പോരാടാൻ സാധിക്കില്ല. ഭീരുക്കൾ! പകരം നമ്മെ അവർ ആയുധങ്ങളാക്കുന്നു.' 2002 ലെ ഗുജറാത്ത് വംശഹത്യയിലും ബാബരിപ്പള്ളി തകർത്തതിലും ദലിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ഭൗതികമായി വഹിച്ച പങ്ക് ഓർക്കുക.


താരതമ്യേന ഹ്രസ്വമായ ആർ.എസ്.എസ് ബന്ധത്തിൽനിന്ന് കുതറിമാറുന്നതിനുപിന്നിൽ എന്തിനെയും ചോദ്യം ചെയ്യാനുള്ള ഭവർ മെഘ്വൻഷിയുടെ കഴിവാണെന്ന് സൂക്ഷ്മമായി രേഖപ്പെടുത്തുമ്പോഴും, ഇന്ത്യൻ സാമൂഹ്യഘടനയുടെ ആന്തരവൽക്കരിച്ച അധീശത്വവും ജതിവെറിയുമാണ് ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് വ്യക്തമാണ്. നെയ്ത്തും കൃഷിപ്പണിയും പാരമ്പര്യമായി ചെയ്തുവരുന്ന ബങ്കാറ ജാതിയിൽ പെട്ടയാളാണ് ഭവർ മെഘ്വൻഷി. കാലങ്ങളായി ജന്മിത്വ വ്യവസ്ഥയുടെയും മേൽജാതി-കീഴ്ജാതി ഹിന്ദുവ്യവസ്ഥയുടെയും അടിച്ചമർത്തൽ നേരിടുന്നവരാണ് ഇവരെങ്കിലും, സിർദിയാസിൽ മെച്ചപ്പെട്ട സംഘടിത ബലം ആർജിക്കുവാൻ ഭൻവറിന്റെ പിതാവിന്റെയുൾപ്പെടെയുള്ളവരുടെ പരിശ്രമംകൊണ്ട് കഴിഞ്ഞിരുന്നു. എന്നാൽ, മതേതരത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും ധീരതയുടെയും മാതൃകയായിരുന്ന പിതാവിൽനിന്ന് മാറി, അപരഹിംസയുടെയും തീവ്രദേശീയതയുടെയും വഴിയിലൂടെ സഞ്ചരിക്കാനാണ് കുട്ടിക്കാലത്ത് ഭവർ ഇഷ്ടപ്പെട്ടത്. ശാസ്ത്രബോധത്തിനുപകരം അസംബന്ധങ്ങൾ നിറഞ്ഞ വിശ്വാസവും, സ്നേഹത്തിനു പകരം തീവ്രമായ പകയും, സമഭാവനയുടെ സ്ഥാനത്ത് ആ ര്യൻ വംശമേധാവിത്വബോധവും, വിനയാന്വിതമായ ലോകവീക്ഷണത്തിനുപകരം അഹങ്കാരവും ക്രൗര്യവും പകർന്നുകൊടുക്കുന്ന ആർ.എസ്.എസിന്റെ പാഠ്യക്രമത്തിലേക്കാണ് അയാൾ എത്തിച്ചേർന്നത്.

സംഘ പ്രവർത്തനത്തിലെ ആശയസംഘർഷങ്ങളും പ്രായോഗിക വൈഷമ്യങ്ങളും അപമാനകരമായ അനുഭവങ്ങളിലേക്ക് ഭവർ മെഘ്വൻഷിയെ അധികം വൈകാതെ കൊണ്ടെത്തിക്കുന്നു. ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്ന് സ്വന്തം വീടിന്റെ പൂമുഖത്ത് എഴുതിവച്ച അതേദിവസം, ഒരു ദലിതനായതിൽ അയാൾ അപമാനിക്കപ്പെടുന്നതാണ് കാണുന്നത്.


മുസ്‌ലിംകളെ കീടങ്ങളായും ഇന്ത്യയിൽനിന്ന് തുരത്തപ്പെടേണ്ടവരായും ഉറപ്പിക്കുന്ന സംഘപരിവാറിലെ ഭവറിന്റെ ആദ്യപാഠങ്ങൾ സമകാലിക ഇന്ത്യയോട് നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട. 1990 ൽ ബാബരിപ്പള്ളി തകർക്കുവാൻ അജ്മീറിൽനിന്ന് ലഖ്നൌവിലേക്കുള്ള ഭവറിന്റെ ട്രെയിൻ യാത്രയിൽ, ആ കംപാർട്ടുമെന്റിലുണ്ടായിരുന്ന മുസ്‌ലിംകൾക്കുനേരെ പകയോടെ ജയ്ശ്രീറാം വിളിച്ച രംഗം അദ്ദേഹം വിവരിക്കുന്നുണ്ട്. "കൈയിലൊരു ആയുധം കിട്ടിയിരുന്നെങ്കിൽ രാമജന്മഭൂമി വിമോചിപ്പിക്കും മുമ്പ് ഇവരുടെ കഥ കഴിക്കാം എന്നെനിക്ക് തോന്നി. ഈ യവന, മുഗള, പഠാൻ ദേശദ്രോഹികളുടെ ജീവൻ എന്നെന്നേക്കുമായി ഹനിക്കണം. ഭാരതാംബ പേറുന്ന അഴുക്കുകൾ കുറച്ചെങ്കിലും തുടച്ചുനീക്കപ്പെടട്ടെ! വിദ്വേഷം വമിക്കുന്ന ഞങ്ങളുടെ തുറിച്ചുനോട്ടങ്ങൾ അവരെ പേടിപ്പിച്ചിരിക്കണം. പരിഭ്ര മിച്ച് കൂനിക്കൂടിയുള്ള അവരുടെ ഇരിപ്പ് ഞങ്ങളെ ഹരം പിടിപ്പിച്ചു. ചുരുങ്ങിയ പക്ഷം ഇന്ത്യയിലെ മുസ്ലിമിന്റെ ഇടം അവരെയെങ്കിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞല്ലോയെന്നു ഞങ്ങൾ സമാശ്വസിച്ചു.' ആന്തരികഭയം ഉൽപാദിപ്പിച്ച അപകർഷതയിൽനിന്ന് രോഷത്തിന്റെയും വെല്ലുവിളിയുടെയും(Anger and Revenge) ഘട്ടത്തിലേക്ക് കടക്കുന്ന "ഹിന്ദു'വായി ഭവർ മാറിയിരുന്നു. മുസ്‌ലിം സമുദായത്തോടുള്ള ആന്തരികമായ വെറുപ്പ്, അവരെ നവീകരിക്കാനെന്ന വ്യാജേന നിരന്തരം നിയമങ്ങളായി മാറുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. മുത്തലാഖ്, ഹിജാബ്, പൗരത്വം, കാശ്മീരിന്റെ പദവി, ലൗജിഹാദ്, മതപരിവർത്തനം, ഗോഹത്യ എന്നീ വിഷയങ്ങളിൽ കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യൻ പാർലമെന്റിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന നിയമസഭകളിലും ഉണ്ടാകുന്ന നിയമങ്ങളെക്കുറിച്ച് ഓർക്കുക. ശുദ്ധമതേതരവാദികൾപോലും പിന്തുണക്കുന്ന ഇത്തരം നിയമങ്ങൾ ലക്ഷ്യംവക്കുന്നത് ആരെയാണ്? ഭവറിന്റെ പ്രയോഗം കടമെടുത്താൽ, കൂനിക്കൂടിയിരിക്കുന്ന, രണ്ടാംതരം പൗരരാണെന്ന ബോധം മുസ്‌ലിംകളിൽ സൃഷ്ടിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം.

അയിത്തത്തിന്റെ വഴികൾ, ഭവറിന്റെ വഴിമാറ്റങ്ങൾ

ഘടനാപരമായ ക്രമീകരണങ്ങൾക്കോ നവീകരണങ്ങൾക്കോ സാധ്യതയില്ലാത്ത അടഞ്ഞ വ്യവസ്ഥയാണ് ഹിന്ദുസമൂഹമെന്ന് ജാതിനിർമൂലനം (Annihilation of Caste) എന്ന കൃതിയിൽ ഡോ. അംബേദ്കർ വ്യക്തമായി പറയുന്നുണ്ട്. അശുദ്ധിയെയും വിശുദ്ധിയെയും സ്ഥാപനവൽക്കരിച്ചുകൊണ്ട്, മനുഷ്യസമുദായത്തിൽ നിലനിൽക്കുന്ന ഏറ്റവും ഹീനവും പ്രാകൃതവുമായ ജാതിമൂല്യങ്ങളെ മഹത്വവൽക്കരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന വ്യവസ്ഥയാണത്. എവിടെ തിരിഞ്ഞാലും ഭയപ്പെടുത്തുന്ന ഒന്നായി ജാതിഭൂതത്തെ അംബേദ്കർ വിശദീകരിക്കുന്നു. ഭവർ മെഘ്വൻഷിയുടെ ആത്മകഥനത്തിന്റെ കേന്ദ്ര പ്രമേയമാകട്ടെ, ഹിന്ദുദേശീയതക്കുള്ളിൽ രാഷ്ട്രീയമായും സാംസ്കാരികമായും നിലനിൽക്കുന്ന വിവേചനങ്ങളും മേൽജാതി ഹിംസയുമാണ്. ഇന്ത്യൻ ഗ്രാമഘടനയുടെ അടിസ്ഥാനഭാവം ജാതിയുയർത്തുന്ന അധികാരവും അപരവൽക്കരണവുമാണെന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമാണെങ്കിലും അത് ഹിന്ദുത്വ രാഷ്ട്രനിർമാണ പ്രക്രിയയിൽ പ്രതിഫലിക്കുന്നതിനെ അനുഭവങ്ങളിലൂടെ സാധൂകരിക്കുന്ന പുസ്തകമെന്ന നിലയിൽ ഭവറിന്റെ ഇടപെടൽ കൂടുതൽ ചർച്ച ആവശ്യപ്പെടുന്നുണ്ട്. ഔപചാരികവും അനൗപചാരികവുമായ സ്ഥാപനങ്ങളിലും ജീവിതവ്യവഹാരങ്ങളിലും അകറ്റിനിർത്തലിന്റെ രൂപങ്ങൾ സൂക്ഷ്മവും വ്യത്യസ്തവുമാണ്. വെള്ളം, ഭക്ഷണം, സ്വാഭാവികമായ സംഭാഷണങ്ങൾ, ഖാപ്പ് പഞ്ചായത്ത്, നിയമ സംവിധാനങ്ങൾ, പൊതുവായ അംഗീകാരങ്ങൾ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലെ സ്വാഭാവികവും സ്ഥാപനവൽക്കരിക്കപ്പെട്ടതുമായ ജാതിയുടെ തിക്താനുഭവങ്ങൾ ഈ ആത്മകഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിൽ സവിശേഷമായി കാണേണ്ട കാര്യം ജാതിയുടെ പേരിലുള്ള അപമാനങ്ങളെ ഗൗരവത്തിലെടുക്കാനോ എല്ലാ മനുഷ്യർക്കും തുല്യമായ ആത്മാഭിമാനമുണ്ടെന്നു തിരിച്ചറിയാനോ ഹിന്ദു മേൽജാതി വിഭാഗങ്ങൾക്ക് കഴിയാറില്ലായെന്നുള്ളതാണ്. പക്ഷേ, കീഴാള സമൂഹങ്ങളിലെ പരിഷ്കരണങ്ങൾക്കു വേണ്ടിയാണ് തങ്ങളുടെ പ്രവർത്തനങ്ങളെന്നും പീഡിതരെ കൈപിടിച്ചുയർത്തുകയാണ് നിയോഗമെന്നും ഇക്കൂട്ടർ ആത്മാർഥമായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിയാണ് ഇക്കാ ര്യത്തിൽ പലരുടെയും മാതൃക.


ആർ.എസ്.എസ് ശാഖയിലൂടെ ഹിന്ദു സ്വത്വബോധവും ഐക്യത്തിന്റെ അനിവാര്യതയും ഊന്നിപ്പറയുമ്പോഴും, പ്രായോഗിക മണ്ഡലത്തിൽ ദലിത്-പിന്നാക്ക വിഭാഗങ്ങളെ മേൽജാതി സമൂഹത്തിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്ന ഉപകരണങ്ങളായാണ് ഗണിക്കുന്നത്. ശാഖയിൽ പ്രവർത്തിക്കുന്ന ആദ്യ സന്ദർഭങ്ങളിൽ ഗ്രാമത്തിലെ ഇതര വിഭാഗങ്ങളുമായി ഇഴുകിച്ചേരാനും പരസ്പര ബഹുമാനം പുലർത്താനും കഴിഞ്ഞതൊക്കെ ഭവറിൽ മതിപ്പും വിശ്വാസവും ഉളവാക്കിയിരുന്നു. എങ്കിലും, മുഴുവൻ സമയ പ്രചാരക് ആവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സന്ദർഭത്തിൽ, ഭവറിന്റെ ധൈഷണിക പ്രവർത്തനങ്ങളെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് പ്രചാരക്ജി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്: "നിങ്ങൾ കൂടുതൽ ചിന്തിക്കുന്ന മനുഷ്യർ കഴുത്തിനു മുകളിൽ മാത്രമാണ് ശക്തർ, ശാരീരികമായി ദുർബലരാണ്. കാര്യമെന്തായാലും സംഘത്തിനു വേണ്ടത് നാഗ്പൂരിൽ നിന്നു വരുന്ന സന്ദേശങ്ങൾ ഹിന്ദു സമൂഹത്തിന് അച്ചട്ടായി കൈമാറാനറിയുന്ന പ്രചാരകുമാരെയാണ്. നിരന്തരം ചിന്തിക്കുകയും സംശയിക്കുകയും ചെയ്യുന്ന നിന്നെപ്പോലെയുള്ള "വിചാര കുമാരെ' നമുക്കാവശ്യമില്ല.' മറ്റൊരവസരത്തിൽ, വിദ്യാർഥി അധികാർ രക്ഷക് സംഘ് (VARS) സ്ഥാപിച്ച് എ.ബി.വി.പിയുമായി നിരന്തരം കോളജിലും തെരുവിലും ഏറ്റുമുട്ടുന്ന ഘട്ടത്തിൽ, ആശയ സംവാദങ്ങളെ ഭയപ്പെടുകയും തിരസ്ക്കരിക്കുകയും ചെയ്യുന്ന സംഘയുക്തിയെ പരിഹസിച്ചുകൊണ്ട് ഭവർ പറയുന്നത് ഇതിനോട് ചേർത്തു വായിക്കാം: "മിക്ക സന്ദർഭങ്ങളിലും സംഘത്തിനു താൽപര്യം മുളവടിയോടാണ്. സംസാരത്തേക്കാൾ സംഹാരമാണ് ഫലപ്രദം എന്നാണ് അവർക്ക് ലഭിച്ചിട്ടുള്ള ഉപദേശം.' ഭിൽവാരയിലെ അംബേദ്കർ ഹോസ്റ്റലിലെ ഭവറിന്റെ താമസം ഗുണകരമല്ലെന്നും അത് അയാളെ വഴിപിഴപ്പിക്കുമെന്നും മറ്റൊരു സന്ദർഭ ത്തിൽ പ്രചാരക്ജി പറയുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത്, അതി തീവ്രഹിന്ദുദേശീയതയുടെ ചിന്താ ശൂന്യതയും കീഴാള സമൂഹങ്ങളിൽ നിന്ന് വരുന്നവരുടെ ബൗദ്ധിക കർതൃത്വത്തെ അംഗീകരിക്കാനുള്ള വിമുഖതയുമാണ്. ഗൻവേഷ്(ആർ.എസ്.എസ് യൂണിഫോം) ധരിച്ചും മുളവടി കൈയിലേന്തിയും കർസേവകരായി മാത്രമാണ് മേൽജാതി നേതാക്കാൻമാർ ഈ വിഭാഗങ്ങളിലുള്ളവരെ സ്ഥാനപ്പെടുത്തുന്നത്.

യുക്തിബോധത്തെയും ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളിലുള്ള വിശ്വാസത്തെയും അനീതിയെ ചോദ്യംചെയ്യാനുള്ള കഴിവിനെയും പണയപ്പെടുത്തി മാത്രമേ ഒരാൾക്ക് ആർ.എസ്.എസ് ശാഖയിലെ ബൗദ്ധിക സദസ്സുകളിൽ വ്യാപൃതനാവാൻ കഴിയൂ. കെട്ടുകഥകളുടെ പിൻബലത്തിൽ ഉറപ്പിക്കപ്പെടുന്ന ആര്യൻ വംശശുദ്ധിയാണ് മറ്റെല്ലാ യാഥാർഥ്യങ്ങളെയും പുകമറയിലാക്കിക്കൊണ്ട് അവിടെ സ്ഥാപിക്കപ്പെടുന്നത്. ഹിന്ദുസമൂഹം അപകടത്തിലും അപകർഷതയിലുമാണെന്ന ആവർത്തിച്ചുള്ള ആഖ്യാനങ്ങളിലൂടെ ഭയം സൃഷ്ടിച്ച്, ഓരോരുത്തരും ധീരരാകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംഘ പ്രവർത്തനത്തിലെ ആശയസംഘർഷങ്ങളും പ്രായോഗിക വൈഷമ്യങ്ങളും അപമാനകരമായ അനുഭവങ്ങളിലേക്ക് ഭവർ മെഘ്വൻഷിയെ അധികം വൈകാതെ കൊണ്ടെത്തിക്കുന്നു. ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്ന് സ്വന്തം വീടിന്റെ പൂമുഖത്ത് എഴുതിവച്ച അതേദിവസം, ഒരു ദലിതനായതിൽ അയാൾ അപമാനിക്കപ്പെടുന്നതാണ് കാണുന്നത്. സംഘപ്രവർത്തകർക്കായി ഏറെ സന്തോഷത്തോടെയുണ്ടാക്കിയ ഭക്ഷണം, സാമൂഹിക വഴക്കങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരിൽ മേൽജാതി നേതാക്കന്മാർ തിരസ്ക്കരിക്കുകയും പിന്നീട് കഴിച്ചോളാമെന്ന വ്യാജേന കാറിൽ കയറ്റി ഭഗവാൻപുരയിലേക്കുള്ള വഴിമധ്യേ വലിച്ചെറിയുകയും ചെയ്തു. പിന്നീട്, സ്കൂൾ അധ്യാപകനായപ്പോൾ ഗ്രാമത്തിലെ പ്രബലരായ പിന്നാക്കജാതിക്കാരായ ഗുർജാറുകൾ തങ്ങളുടെ മക്കൾ ദലിതനായ അധ്യാപകൻ വെള്ളം കുടിക്കുന്ന പൊതുടാപ്പിൽ നിന്ന് കുടിക്കില്ലെന്ന് വാശിപിടിക്കുന്നുണ്ട്. രണ്ടുപതിറ്റാണ്ടുമുമ്പ് രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവമാണിതെന്നോർക്കുക. മലയാളി വായനക്കാർക്കിടയിൽ, ജാതിയെ ഭൂത കാലപ്രതിഭാസമായി പരിഗണിച്ച്, അതിന്റെ ഗർഹണീയതയെ നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ അതിജീവിച്ചവരാണ് തങ്ങളെന്ന മിഥ്യാധാരണ നിലനിൽക്കാനുള്ള സാധ്യതയേറെയാണ്. എന്നാൽ, പേരാമ്പ്ര സ്കൂളിലെ വിവേചനവും പാലക്കാട്ടെ അരുന്ധതിയാർ സമുദായം നേരിടുന്ന പ്രശ്നങ്ങളും വടയമ്പാടി ജാതിമതിൽ ധ്വംസനവുമൊക്കെ സമീപകാല കേരളത്തിലെ സാമൂഹിക വ്യവഹാരങ്ങളുടെ ഭാഗമാണെന്നോർക്കുക. അംബേദ്കർ ഹോസ്റ്റലിലെ താമസം വൈജ്ഞാനികവും പ്രായോഗികവുമായി വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്ന പ്രചാരകിന്റെ വാക്കുകൾക്ക് വിരുദ്ധമായി, പല സന്ദർഭങ്ങളിലും ഏക അഭയകേന്ദ്രമായി അവിടം മാറിയെന്ന് ഭവർ രേഖപ്പെടുത്തുന്നു. 1991 മെയ് മാസം മുതൽ 1992 ഡിസംബർ വരെയുള്ള (ഇതേ ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അംബേദ്കറുടെ ചരമ ദിനവുമാണന്ന്) ഏറ്റവും വിഷാദ ഭരിതമായ കാലത്തായിരുന്നു അത്. ഭവർ എഴുതുന്നു: "ഒരു കാലത്ത് സംഘത്തിന്റെ ഗൻവേഷും ധരിച്ച് അഭിമാനത്തോടെ ഉലാത്തിയിരുന്ന അതേ ഇടങ്ങളിൽ, ഒരു ചില്ലിക്കാശ് പോലും കൈയിലില്ലാതെ ദിവസം മുഴുവൻ പട്ടിണിയിലാ യി ഞാൻ കഴിച്ചുകൂട്ടി. ഇടക്ക് പഴയ അംബേദ്കർ ഹോസ്റ്റലിൽ പോകും. അവിടെയെന്നെ കാത്ത് ഭക്ഷണവും ഇത്തിരിയിടവും കാണും.' 1990 ലെ ആദ്യത്തെ കർസേവക്കും ബാബരിപ്പള്ളി പൊളിച്ച, രണ്ടുവർഷത്തിനു ശേഷമുള്ള കർസേവക്കും ഇടയിൽ ഭവറിനെ സംബന്ധിച്ച് പരിവർത്ത നങ്ങളുടെ കാലമായിരുന്നുവെന്ന് സൂക്ഷ്മമായി നോക്കിയാൽ കാണാം.

ആശയപരവും പ്രായോഗികവുമായ പോരാട്ടങ്ങൾ

ഭവർ മെഘ്വൻഷിയുടെ ജീവിതം സംഘർഷഭരിതവും ചലനാത്മകവുമായിരുന്നു. സംശയങ്ങൾ, ചോദ്യങ്ങൾ, പ്രതിഷേധങ്ങൾ,അൽപമാത്രമായ നിശബ്ദത, എഴുത്ത്, ആക്ടിവിസം, വിവിധങ്ങളായ രാഷ്ട്രീയാന്വേഷണങ്ങൾ, പത്രപ്രവർത്തനം, ഭാവനാപരമായ സഞ്ചാരങ്ങൾ, സമർപ്പിത ജീവിതത്തിന്റെ നിർമമത, താൽകാലികമായ പിന്മാറ്റങ്ങൾ തുടങ്ങി ഇനിയും വിപുലമായി വിശദീകരിക്കാവുന്ന നിരവധി തലങ്ങൾ ആ ജീവിതത്തിൽ കാണാം. ഏറ്റവും സംഘടിതവും പ്രതിലോമകരവുമായ ഇടത്തു നിന്ന് സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും വികസിത ജനാധിപത്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന നിത്യാന്വേഷകനാണ് അദ്ദേഹം. പല വഴികളിലൂടെ ഒരേ സമയത്ത് യാത്ര ചെയ്യുവാൻ മോഹിക്കുന്ന ഒരാളായി ഭവർ മാറുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിലെ അക്രമോത്സുക ഹിന്ദുത്വത്തിന്റെ വിപരീത ദിശയിലേക്കായിരുന്നു ആ യാത്രകളെന്നത് സവിശേഷമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഒട്ടേറെ കീഴാള-ദലിത് ആക്റ്റിവിസ്റ്റുകളെയും സംഘടനകളെയും സ്വന്തം പാളയത്തിലെത്തിക്കാൻ സംഘപരിവാറിന് അനായാസം കഴിഞ്ഞ/കഴിയുന്ന കാലത്താണ് എതിർ ദിശയിലേക്കുള്ള ഈ യാത്രയെന്നത് നിസ്സാരമായ കാര്യമല്ല. ഉദിത് രാജ് മുതൽ സി.കെ ജാനു വരെയും, അംബേദ്കറുടെ പിന്തുടർച്ച അവകാശപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ മുതൽ കേരളത്തിലെ കെ.പി.എം.എസിന്റെ ഒരു വിഭാഗം വരെയും സംഘപരിവാറിന്റെ കൗശലം പുരട്ടിയ ചൂണ്ടയിൽ അധികാരത്തിനുവേണ്ടി കൊത്തിയ ചരിത്രം നമുക്കു മുമ്പിലുണ്ട്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രയോഗവും പ്രത്യയശാസ്ത്രവും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും അപരവൽക്കരിക്കുകയും ബ്രാഹ്മണ്യ മേൽക്കോയ്മയുടെ യുക്തിക്കുള്ളിൽ തളച്ചിടുകയും ചെയ്യുന്നുവെന്ന് പകൽപോലെ വ്യക്തമാണ്.


ഭവർ മെഘ്വൻഷി, അടിസ്ഥാനപരമായി കവിയും എഴുത്തുകാരനുമാണെന്ന് ഈ ആത്മകഥയിലൂടെ ഒരുവട്ടം കടന്നു പോകുന്ന ആളുകൾക്ക് ബോധ്യമാകും. വളരെ ചെറുപ്പത്തിൽ "ദേവഭാഷ'യായ സംസ്കൃതം പഠിക്കുവാൻ ഉത്സുകനായി, ദേശഭക്തിയെ പ്രകീർത്തിക്കുന്ന കവിതകൾ എഴുതുന്നതിൽ ആനന്ദം കണ്ടെത്തിയെങ്കിൽ, പിന്നീട് സാമൂഹ്യമാറ്റത്തിനും അധികാര വിമർശനത്തിനുമായി ധിഷണയും ഭാവനയും പ്രവർത്തിപ്പിക്കുന്ന ഒരാളായി അദ്ദേഹം മാറുന്നുണ്ട്. ദൗലത് രാജ് നഗോഡയുമായി ചേർന്ന് തുടങ്ങിയ "ദഹക്തെ അങ്കാറെ' (ജ്വലിക്കുന്ന കനലുകൾ), സൈലാനി സർക്കാർ എന്ന സൂഫി ദർവേശുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏഴു സുഹൃത്തുക്കൾക്കൊപ്പം ആരംഭിച്ച"ഡയമണ്ട് ഇന്ത്യ' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ, ആർ.എസ്.എസിന്റെ ആശയ പ്രചാരണങ്ങളെയും അഴിമതി, വർഗീയത, ജാതിയുടെ പേരിലുള്ള അതിക്രമങ്ങൾ തുടങ്ങിയവയെയും തുറന്നെതിർക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ, വാർത്തകൾ ശേഖരിച്ച് എഡിറ്റു ചെയ്ത് ആളുകൾക്കിടയിൽ എത്തിക്കുന്ന പരമ്പരാഗത മാധ്യമ പ്രവർത്തനം ഭവറിനെ ആകർഷിച്ചില്ല. ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുകയെന്ന ഉത്തരവാദിത്തത്തോടൊപ്പം അക്ഷരങ്ങളെ കൂട്ടുപിടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മനുഷ്യാവകാശ പ്രശ്നങ്ങൾ, ക്ഷേത്ര പ്രവേശനം, മുസ്‌ലിം പള്ളികൾ തകർക്കുവാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമങ്ങളെ ചെറുക്കൽ, പൊതുവേദികളിൽ നടക്കുന്ന യാഗങ്ങളിൽ നിന്ന് ദലിതരെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്യൽ എന്നു തുടങ്ങി ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ സാമൂഹ്യനീതിയും തുല്യതയും പുലരുവാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും പ്രവർത്തന മണ്ഡലം പോലെ വ്യാപ്തിയും ദൃശ്യതയുമുള്ളതായി ഭവറിന്റെ ഇടപെടലുകൾ വികസിച്ചു.

വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വദേശീയത എത്രമാത്രം അപകടകരമാണെന്നും അപര വിദ്വേഷത്തിൽ അധിഷ്ഠിതമാണെന്നും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പാഠപുസ്തകം തന്നെയാണ് ഈ കൃതിയെന്നു പറയുന്നതിൽ അതിശയോക്തിയില്ല.

ആർ.എസ്.എസിന്റെ സ്വാധീനത്തെ തകർക്കുകയെന്ന പ്രതികാരബുദ്ധിയോടെയുള്ള ആദ്യകാല പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്വതയും രാഷ്ട്രീയ ബോധ്യങ്ങളുമുള്ള ആക്ടിവിസ്റ്റായി ഭവർ മെഘ്വൻഷി മാറുന്നത് പുതിയ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയേഛയുള്ള കർതൃത്വത്തിലേക്കുള്ള പരിവർത്തനമായി കാണാം. ജാതിവാദത്തിനും വർഗീയതക്കും അഴിമതിക്കുമെതിരെ ഡയമണ്ട് ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെ അനുസ്മരിച്ചശേഷം അദ്ദേഹം എഴുതുന്നു: "ഇവ്വിധം ആർ.എസ്.എസിൽ തുടങ്ങി ഞാൻ എം.കെ.എസ്.എസി(മസ്ദൂർ കിസാൻ ശക്തി സംഘതൻ)ലെത്തി. കുങ്കുമപ്പതാകക്കു പകരം ബഹുവർണപ്പതാക പിടിച്ചു. ഒരു ആർ.എസ്.എസ് സ്വയം സേവകനിൽ നിന്ന് ഞാനൊരു സ്വയം സേവി(സാമൂഹികപ്രവർത്തകൻ) ആയി മാറി.' പരിവർത്തനത്തിന്റെ ഈ വഴിയിൽ നേരിട്ട പ്രതിസന്ധികൾ നിസ്സാരമായിരുന്നില്ല. ഭരണകൂടവും അതിന്റെ മർദകസംവിധാനങ്ങളും ഹിന്ദുത്വശക്തികളുടെ ആൾക്കൂട്ടവിചാരണകളുമെല്ലാം ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടും പതറാതെയും പരാജയപ്പെടാതെയും മുന്നോട്ടു പോകുന്ന ഒരാളെ ഈ ആത്മകഥയിൽ കാണാം.

സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ നിർമിതിയിൽ, ബ്രാഹ്മണിക്കൽ ഹിന്ദുത്വയുടെ അകംപൊള്ളയായ ഏകാത്മക ഹിന്ദുവെന്ന പരികൽപന എത്രത്തോളം വ്യാജമാണെന്ന വിശദീകരണം ഒരു മുൻ ആർ.എസ്.എസ് പ്രവർത്തകന്റെ ആത്മമൊഴിയിലൂടെ വിവിധഭാഷകളിൽ വായനക്കാർക്ക് ലഭിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ ആത്മകഥയുടെ പ്രസിദ്ധീകരണം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വിദ്യാഭൂഷൺ റാവത്തുമായി നടത്തിയ ഒരു സംഭാഷണത്തിൽ ഭവർ മെഘ്വൻഷി സൂചിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ശബ്ദങ്ങൾക്കും നിലപാടുകൾക്കും ഇത്രത്തോളം കൂച്ചു വിലങ്ങിട്ട സന്ദർഭങ്ങൾ ഇന്ത്യൻ ചരിത്രത്തിൽ തന്നെ അപൂർവമാണെന്നിരിക്കെ, ഈ പുസ്തകത്തിന്റെ വിവർത്തനവും വായനയും പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു. ഒന്ന്, ദലിത് ആഖ്യാനങ്ങളെയും ആത്മരചനകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ അത് ഏതെങ്കിലും ജാതി വിഭാത്തിന്റെ സവിശേഷമായ അടയാളങ്ങളെയും വ്യവഹാരങ്ങളെയും പിന്തുടരുന്നതിൽ ഔത്സുക്യം പ്രകടിപ്പിക്കുന്നതായി കാണാവുന്നതാണ്. എന്നാൽ, ഭവറിന്റെ അനുഭവാഖ്യാനം ബങ്കാറകളെക്കുറിച്ച് ചില സൂചനകളിലൂടെ മാത്രം സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്നു. രണ്ടാമത്തെ കാര്യം, ആവിഷ്കാരത്തിൽ പുലർത്തുന്ന സൂക്ഷ്മതയും സൗന്ദര്യവുമാണ്. വിലാപങ്ങളും പരിദേവനങ്ങളുമില്ലാതെ, കാർമേഘമൊഴിഞ്ഞ ആകാശം പോലെ സുതാര്യമാണ് ഇതിലെ ഭാഷയും ആഖ്യാനവും. മലയാളത്തിലേക്കുള്ള വിവർത്തനമാകട്ടെ, ഏറ്റവും സൂക്ഷ്മമായും മനോഹരമായും ഏറെ വ്യക്തതയോടെയും നിർവഹിക്കാൻ കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ഇതിലെല്ലാമുപരി, വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വദേശീയത എത്രമാത്രം അപകടകരമാണെന്നും അപര വിദ്വേഷത്തിൽ അധിഷ്ഠിതമാണെന്നും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പാഠപുസ്തകം തന്നെയാണ് ഈ കൃതിയെന്നു പറയുന്നതിൽ അതിശയോക്തിയില്ല. അത്തരമൊരു രചനയെ ഗൗരവമാർന്ന വായനക്കും വിലയിരുത്തലിനും വിമർശനത്തിനുമായി അവതരിപ്പിക്കുന്നതിലുള്ള സന്തോഷം കൂടി ഇവിടെ പങ്കുവക്കട്ടെ.

(അവസാനിച്ചു)

TAGS :