Quantcast
MediaOne Logo

ഇശാര്‍ ഹുസൈന്‍

Published: 15 Feb 2024 5:09 AM GMT

അമേരിക്കക്കെതിരെ പടവെട്ടിയ 'അല്ലെ ആര്‍മി'; 'Say not to War'

ഒബ്ജക്റ്റ് തിയറ്ററിലൂടെ പ്രമേയം പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. അവ തത്സമയം ഷൂട്ട് ചെയ്യുന്നത് വലിയ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പുതിയ രംഗഭാഷയാണ് രൂപപ്പെടുന്നത്. | Itfok 2024

On alle armi
X

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ശബ്ദം ഉയര്‍ത്തിയ കലാരൂപങ്ങള്‍ മുഖ്യധാരയില്‍ വളരെ കുറവാണ്. നവമാധ്യമങ്ങള്‍ വാഴുന്ന ഈ കാലത്ത് അമേരിക്കയുടെ യുദ്ധക്കൊതിയെ കുറിച്ചും 'രക്ഷകര്‍' എന്ന പേരില്‍ ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന അമേരിക്കയുടെ കുടിലബുദ്ധിയെ കുറിച്ചും ചര്‍ച്ച ചെയ്യാനുള്ള അപ്‌ഡേഷനുകള്‍ ഇല്ലാതായി തീര്‍ന്നിരിക്കുന്നു അത്തരത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും യുദ്ധവിരുദ്ധതയും 'അല്ലെ ആര്‍മി 'യിലൂടെ പ്രേഷകരിലേക്ക് എത്തിക്കുകയാണ് ഇറ്റലിയിലെ ഹോംബ്രേ കളറ്റീവോ എന്ന നാടക സംഘം.

നാടകത്തിന് പ്രത്യേക ഭാഷയില്ല. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ദൃശ്യങ്ങളിലൂടെ പ്രേക്ഷകരുമായി സംവദിക്കുകയാണ് 'അല്ലെ ആര്‍മി '. ഒബ്ജക്റ്റ് തിയറ്ററിലൂടെ പ്രമേയം പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. അവ തത്സമയം ഷൂട്ട് ചെയ്യുന്നത് വലിയ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പുതിയ രംഗഭാഷയാണ് രൂപപ്പെടുന്നത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ ഇങ്ങനെയാണ് ചിത്രീകരിക്കുന്നത്- യുദ്ധത്തിന്റെ ഭീകരമുഖവും അതുണ്ടാക്കുന്ന നാശവും അഭയാര്‍ത്ഥികളുടെ ദൈന്യതയും വരച്ചുകാണിക്കാനും ശ്രമിച്ചിട്ടുണ്ട്. അതേക്കാള്‍ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ ആയുധ നിര്‍മാണത്തിനും സൈനിക ആവശ്യങ്ങള്‍ക്കും കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതിനെക്കുറിച്ചും നാടകം പറയുന്നു.


മാരക പ്രഹര ശേഷിയുള്ള അമേരിക്കയുടെ ഡ്രോണുകള്‍ സമീപ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന വിനാശത്തിന്റെ ഭീകരമുഖവും ചിത്രീകരിക്കുന്നു. സംഗീതത്തിന്റെ പരമാവധി സാധ്യതകള്‍ നാടകത്തില്‍ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്. നാടകത്തിന്റെ തുടക്കത്തില്‍ തന്നെ 'ചൈല്‍ഡിഷ് ഗാംബിനോ ' എന്ന അമേരിക്കന്‍ പോപ്പ് ഗായകന്റെ 'ദിസ് ഈസ് അമേരിക്ക ' എന്ന വിവാദ ഗാനം പ്രേക്ഷകന് കേള്‍ക്കാന്‍ സാധിക്കും. അമേരിക്കയുടെ ക്രൂര മുഖവും വര്‍ണ്ണ വിവേചനവും സാമ്രാജ്യത്വവും ഉറക്കെ വിളിച്ചുപറഞ്ഞ ഗാനമാണ് 'ദിസ് ഈസ് അമേരിക്ക '.

കളിപ്പാട്ടം വില്‍ക്കുന്ന ഒരു സ്റ്റോറിലെ ജീവനക്കാരില്‍ ഒരാള്‍ ഈ ഗാനം കേള്‍ക്കുന്ന രംഗം ആണ് നമുക്ക് ആദ്യം കാണാന്‍ സാധിക്കുക. കളിപ്പാട്ടകടയിലെ നിഷ്‌കളങ്കമായ അന്തരീക്ഷവും നിറവൈവിധ്യങ്ങളുമാണ് നാടകം ആദ്യം കാണിച്ചുതരുന്നത്. മനുഷ്യ ചരിത്രത്തില്‍ അഹിംസയുടെ സ്വാധീനത്തെയും അക്രമങ്ങളുടെയും ചോരകൊതിയുടെയും കറപുരണ്ട യഥാര്‍ത്യവും നാടകത്തിലൂടെ കഥാപാത്രങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. പ്രധാനമായും ലോക സിനിമ നാടകത്തിലുടനീളം സ്വാധീനിച്ചിട്ടുണ്ട്. ഓരോ കളിപ്പാട്ടം എടുക്കുമ്പോഴും ഹോളിവുഡിലെ ചില ക്ലാസ്സിക് രംഗങ്ങള്‍ നാടകം നമ്മെ ഓര്‍മപ്പിക്കും.

ഹോളിവുഡ് സ്‌പെഗട്ടി വെസ്റ്റേണ്‍ സിനിമയിലെ രംഗങ്ങള്‍ നാടകത്തിലെ കഥാപാത്രം പുനരാവിഷ്‌കരിക്കുമ്പോള്‍ അതിനുസൃതമായ പശ്ചാത്തല സംഗീതം ആ സിനിമയെ ഓര്‍മിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. സംഗീതത്തിന്റെ സാധ്യതകള്‍ നാടകത്തില്‍ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. നാടകത്തിന്റെ മൂഡ് അനുസരിച്ചുള്ള സംഗീതം പ്രേക്ഷകരെ അതിന്റെ പ്രമേയത്തോട് അടുപ്പിക്കുന്നുണ്ട്.

ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത 'ഫൈറ്റ് ക്ലബ് എന്ന പ്രശസ്ത ഹോളിവുഡ് സിനിമയിലെ വേറീസ് മൈ മൈന്‍ഡ് എന്ന ഗാനവും നാടകത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ലോക പ്രശസ്ത സംവിധായാകന്‍ സ്റ്റാന്‍ലി കുബ്രിക്കിന്റെ സിനിമകളിലെ രംഗങ്ങള്‍ നാടകത്തില്‍ പലഭാഗത്തും കടന്നുവരുന്നുണ്ട്. ചില രംഗങ്ങളില്‍ കുബ്രിക്യന്‍ മൂഡ് ഉണ്ടാക്കാന്‍ സംവിധായാകന്‍ ശ്രമം നടത്തുന്നുണ്ട്. സ്റ്റാന്‍ലി കുബ്രിക്ക് സംവിധാനം ചെയ്ത 2001 എ സ്‌പേസ് ഒഡിസി (2001 a space oddesy ) എന്ന ലോകപ്രശസ്ത സിനിമയിലെ രംഗവും നാടകത്തില്‍ കാണിക്കുന്നുണ്ട്. മനുഷ്യ പരിണാമത്തില്‍ മനുഷ്യന്റെ കലാപവാസനയുടെ സ്വാധീനം ആ രംഗത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കും. ഇവിടെ നിന്നാണ് മനുഷ്യന്‍ അക്രമത്തിലേക്ക് വഴുതി വീഴുന്ന രംഗങ്ങളിലേക്കുള്ള പരിവര്‍ത്തനം നാടകത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വം ലോക ചരിത്രത്തില്‍ എത്രത്തോളം ഇടപെടുന്നു എന്നതും നാടകം സംവദിക്കുന്നു. ഈ സിനിമകളുടെ സാന്നിധ്യം ഉള്‍ക്കൊണ്ടില്ലെങ്കില്‍ നാടകം ആസ്വദിക്കാനാവില്ല എന്ന വസ്തുതകൂടിയുണ്ട്.

നാടകത്തിന്റെ ആദ്യ രംഗങ്ങളില്‍ ഉണ്ടായിരുന്ന കളിപ്പാട്ടം വില്‍ക്കുന്ന സ്ഥാപനം പിന്നീട് ആയുധ വില്പനശാലയായി മാറുന്നു. ആയുധങ്ങള്‍ക്കായി അമേരിക്ക ചിലവാക്കുന്ന കോടികളുടെ കണക്കുകളും അമേരിക്കന്‍ അധിനിവേശവും നാടകത്തിന്റെ ഒരു ഘട്ടത്തില്‍ മള്‍ട്ടിമീഡിയയുടെ പിന്തുണയോടെ ചിത്രീകരിച്ചിട്ടുണ്ട്.

മൊത്തത്തില്‍ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ് അല്ലെ ആര്‍മി എന്ന നാടകം. അഭിനേതാക്കള്‍ നാടകത്തോട് നീതി പുലര്‍ത്തിയിട്ടിട്ടുണ്ട്.പുത്തന്‍ രീതിയിലൂടെ കാമ്പുള്ള പ്രമേയം സധൈര്യം അവതരിപ്പിച്ച് സംവിധായകന്‍ റിക്കാര്‍ഡോ റെയ്‌ന ശ്രദ്ധേയനാവുകയാണ്. പ്രമേയം പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. പക്ഷേ, അവരില്‍ പലരിലും ആസ്വദനത്തിന്റെ അലകള്‍ എത്തിയില്ല എന്നതും എടുത്തു പറയേണ്ടതാണ്.


TAGS :