ചിന്ത ജെറോം യുവജനകമീഷന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല - ഡോ. ബിന്ദു എം.പി
ചിന്തയുടെ തീസിസ് പുനഃപരിശോധിക്കേണ്ടകാര്യമില്ല, അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് പൊതുമധ്യത്തില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ ചെയ്ത തീസിസും, പി.എച്ച്.ഡി സര്‍ട്ടിഫിക്കറ്റും പിന്‍വലിച്ചുകൊണ്ടുള്ള ശക്തമായ തീരുമാനം ഗവര്‍ണറുടെയും, സര്‍വകലാശാലയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. അങ്ങനെയാണെങ്കില്‍ മാത്രമേ തുടര്‍ന്നും പി.എച്ച്.ഡിയുടെ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയൂ. അല്ലാത്ത പക്ഷം ഇതൊരു കീഴ്‌വഴക്കമായി തുടരും. (മീഡിയവണ്‍ ഷെല്‍ഫിന് നല്‍കിയ അഭിമുഖത്തില്‍നിന്ന്)
കേരള യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ പി.എച്ച്.ഡിയും, ശമ്പള കുടിശ്ശികയുമായും ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ കേരളചരിത്രത്തില്‍ തന്നെ ഇതുവരെ ഇല്ലാത്ത അന്വേഷണങ്ങളും വെളിപ്പെടുത്തലുകളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിന്ത ജെറോം ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടുകൂടി പി.എച്ച്.ഡി ചെയ്തുവെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ തീസിസ് പിന്‍വലിക്കുകയോ അല്ലാത്തപക്ഷം, അവര്‍ വീണ്ടും സമര്‍പ്പിക്കുകയോ ചെയ്യണം. കാരണം, അത്രമാത്രം അപാകതകളും ക്രമക്കേടുകളും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വെളിച്ചത്തുവന്നിട്ടുണ്ട്. അധികാരത്തില്‍ ഇരുന്നപ്പോള്‍ അവര്‍ നേടിയെടുത്ത വിവിധ പദവികളും എടുത്ത് കളയണം. അഞ്ച് വര്‍ഷം ഒരു ഗവേഷക വിദ്യാര്‍ഥി, അവരുടെ ബുദ്ധിയും ചിന്തയും ഉപയോഗിച്ചുള്ള ഫലമാണ് അവരുടെ പ്രബന്ധം. ഒരുകാരണവശാലും ചിന്താ ജെറോം യുവജനകമീഷന്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ല.
യുവജന കമീഷന്റെ അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് അര്‍ഹതപ്പെട്ടതിനേക്കാള്‍ അധികം ശമ്പളം കൈപറ്റുന്നു. എന്താണ് കമീഷന്‍ സ്ഥാനത്തിരുന്നുകൊണ്ട് യുവജനങ്ങള്‍ക്കായി അവര്‍ ചെയ്യുന്നത്. കമീഷന്‍ ചെയ്യേണ്ട ചുമതലയെ പറ്റി അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. അതില്‍ രണ്ടാമത്തെ ചുമതലയില്‍ പറയുന്നത്, യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക വിപത്തുകളായ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, നിരോധിക്കപ്പെട്ട മറ്റു ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗവും സൈബര്‍
കുറ്റകൃത്യങ്ങളും തടയുന്നതിന് ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം എന്നാണ്. ഒപ്പം, ഏത് തൊഴിലും അന്തസ്സായി ചെയ്ത് ജീവിത മാര്‍ഗം കണ്ടെത്തുന്നതിനുള്ള അറിവ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയും ചെയ്യുക എന്നും കൂടിയാണ്. ഈ പറയുന്ന കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ യുവജനകമീഷനും അതിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിക്കും ആവുന്നുണ്ടോ?
ഒരുപക്ഷെ യുവജനങ്ങള്‍ എന്നത് കൊണ്ട്, ജോലി കഴിഞ്ഞ വയോധികര്‍ എന്നായിരിക്കും അവര്‍ കരുതിയിരിക്കുന്നത്. കേരളത്തെ നാളെ പ്രതിനിധാനം ചെയ്യേണ്ട സര്‍വകലാശാലയില്‍ പഠിക്കുന്ന കുട്ടികളാണ് യുവജനങ്ങള്‍. കേരളത്തിലെ പല സര്‍വകലാശാലയിലും പരീക്ഷ ഫലം വൈകിപ്പിക്കുന്നത് മൂലം വിദ്യാര്‍ഥികള്‍ അനുഭവിക്കന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴായി അവര്‍ ഉന്നയിക്കുന്നെണ്ടെങ്കിലും അതിലൊന്നും യാതൊരു തരത്തിലുള്ള ഇടപെടലുകളും യുവജന കമീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേരളത്തിലെ സര്‍വകലാശാലയില്‍ നടക്കുന്ന പ്രവേശന നടപടികളിലും പരീക്ഷാ നടത്തിപ്പിലും അടിമുടി അപകാതകളാണ്. പരീക്ഷാ ഫലം വൈകിപ്പിക്കുന്നതും തുടര്‍ക്കഥയാണ്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ, കുട്ടികള്‍ പരീക്ഷാ ഫലം വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് യൂണിവേഴ്‌സിറ്റികളില്‍ ചെല്ലുമ്പോള്‍ അധികാരികള്‍ വിദ്യാര്‍ഥിക്കോളോട് കാണിക്കുന്ന നിഷേധപരമായ പെരുമാറ്റത്തെ സംബന്ധിച്ചുള്ള പരാതികള്‍ ഉന്നയിക്കുമ്പോഴൊന്നും കമീഷന്‍ കേട്ടഭാവം നടിക്കുന്നില്ല.
കമീഷന്‍ ചുമതലകളില്‍ മൂന്നാമതായി പറയുന്നത് യുവാക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ നേടി കൊടുക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിക്കുക്ക എന്നതാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. ഈ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ വേണ്ടി യുവജന കമീഷന്‍ എന്താണ് ചെയ്യുന്നത്. ഇതിനൊരു ഉദാഹരണം പറഞ്ഞാല്‍, നിഷ എന്ന യുവതിക്ക് തന്റെ മേലുദ്യോഗസ്ഥന്റെ അനാസ്ഥകൊണ്ട് ജോലി നഷ്ടപ്പെട്ടത് കേരളം മുഴുവന്‍ അറിഞ്ഞ വാര്‍ത്തയാണ്. കേരളത്തിലെ യുവജനങ്ങളുടെ പ്രതിനിധിയാണ് നിഷ. എന്നാല്‍, ഇതില്‍ യുവജന കമീഷന്‍ എവിടെയാണ് ഇടപെട്ടത്? യുവാക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ തൊഴിലവസരങ്ങള്‍ നേടി കൊടുക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിക്കുന്ന തരത്തില്‍ ഇവര്‍ ഏത് സര്‍ക്കാരിനെയാണ് സമീപിച്ചിട്ടുള്ളത്?
ഗോത്രവര്‍ഗ വിഭാഗത്തിലുള്ള യുവാക്കളുടെ സാമൂഹിക സാമ്പത്തിക വികസന ആസൂത്രണ നടപടികളില്‍ സര്‍ക്കാരിനെ ഉപദേശിക്കുക എന്നതാണ് മറ്റൊന്ന്. മാതൃഭൂമി പത്രത്തില്‍ പണിയ വിഭാഗത്തെ കുറിച്ചുള്ള വാര്‍ത്ത വന്നിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പണിയ വിഭാഗത്തിലെ ആത്മഹത്യ നിരക്ക് 38 ശതമാനമാണ്. മോശം ആരോഗ്യ സംരക്ഷണ സൗകര്യമാണ് അര്‍ബുധത്തിലേക്കും, ഹൃദയ സംബന്ധമായ രോഗങ്ങളിലേക്കും ഇവരെ നയിക്കുന്നത്. 30 ശതമാനത്തോളം വരുന്നവര്‍ മദ്യപാന പ്രശ്‌നം നേരിടുന്നു. ആത്മഹത്യയിലേക്ക് പോകുന്നവര്‍ കൂടുതലും 15 നും 20 ഇടയില്‍ വരുന്ന കുട്ടികളാണ്. ഇത്രയധികം ആത്മഹത്യാ നിരക്ക് വര്‍ധന ഉണ്ടാകുമ്പോള്‍ കമീഷന്‍ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. 2022 ആര്‍.ടി ഐ (റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട്) പ്രകാരം, കേരളത്തിലെ പല സര്‍വകലാശാലകളിലും ആദിവാസികളുടെ എന്റോള്‍മെന്റ് ഒന്നോ ചിലപ്പോള്‍ പൂജ്യമോ ആണ്. കാര്‍ഷിക സര്‍വകലാശാലയില്‍ ആദിവാസികളുടെ എന്റോള്‍മെന്റ് ഇല്ല. ഇതിന് വേണ്ടിയൊന്നും കമീഷന്‍ ശബ്ദിക്കുന്നേയില്ല.
പിന്‍വാതില്‍ നിയമനങ്ങള്‍ വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്, എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നിയമനം കൊടുക്കാതെ താല്‍ക്കാലികക്കാരെ തിരുകി കയറ്റുകയാണ്. ഇതില്‍ തന്നെ പാര്‍ട്ടിക്കാരുടെ ബന്ധുക്കളോ, മടിയില്‍ കനമുള്ളവര്‍ക്കോ മാത്രം നിയമനം കിട്ടുന്നു. ഇങ്ങനെയുള്ള വിഷയത്തില്‍ എന്തുകൊണ്ടാണ് യുവജന കമീഷന്‍ ഇടപെടാത്തത്. കിട്ടാന്‍ കുടിശ്ശിക ഉണ്ടെന്ന് പറഞ്ഞ് അത് എഴുതി വാങ്ങിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവരുടെ സാമൂഹിക ബോധം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
യുവാക്കളടെ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും നിഷേധിച്ചതായി പറയുന്ന പരാതികളില്‍ ചോദ്യമാകുന്ന പ്രശ്‌നങ്ങള്‍ സ്വമേധയാ അന്വേഷിക്കാന്‍ കമീഷന് അധികാരമുണ്ട്. കെ.ആര്‍ നാരായണന്‍ ഇന്‌സ്റ്റിറ്റിയൂട്ടില്‍ നടന്ന സമരവും, പി.എസ്.സിയുടെ പേരില്‍ വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങിയതും യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്. പക്ഷെ, ഇതിലെല്ലാം ഇടപടേണ്ട കമീഷന്‍ അവ കണ്ടഭാവം നടിച്ചില്ല. കേരളത്തിലെ കലയാളങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യ പ്രവണതകള്‍, പി.എസ്.സി ലിസ്റ്റ് വൈകുന്നത്, നിയമനങ്ങള്‍ വൈകുന്നത് തുടങ്ങിയവയിലൊന്നും സംസാരിക്കാത്ത ഒരാളെ എന്തിനാണ് യുവജന കമീഷന്റെ അധികാര തലപ്പത്ത് ഇരുത്തുന്നത്.
ചിന്താ ജെറോം, ഡി.വൈ.എഫ്.ഐയില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമാണ് കമീഷന്‍ തലപ്പത്തിരുന്നും ചെയ്യുന്നുള്ളൂ. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സര്‍ക്കാരിന്റെ ഏതെങ്കിലും അധികാര തലപ്പത്ത് ഇരുത്താന്‍, പി.എച്ച്.ഡിയും അതിന് മുകളിലും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഉള്ളപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി രണ്ട് ദിവസം കൊടിപിടിച്ചു നടന്നവര്‍ ഒരു അഭിമുഖം പോലം ഇല്ലാതെ കമീഷന്‍ തലപ്പത്തേക്ക് എത്തുന്നു. യുവജന കമീഷന്‍ പാര്‍ട്ടിക്ക് എം.പിയോ, എം.എല്‍എയോ ആക്കാന്‍ പറ്റാത്തവരെ പാര്‍ട്ടിയുടെ കൂടെ നിര്‍ത്താന്‍ വേണ്ടി കൊടുക്കുന്ന സ്ഥാനമാനങ്ങള്‍ മാത്രമായി മാറി. പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം വെള്ളാനകളാണ് കമീഷനുകള്‍. ജനങ്ങളുടെ ചിലവില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതി വേണ്ടിയുള്ള പ്ലേസ്‌മെന്റ് സെന്ററുകളാണ് കേരളത്തിലെ ഓരോ കമീഷനുകളും. കേരളത്തിലെ എല്ലാ കമീഷനുകളും ഭരണകൂടത്തിന്റെ പ്ലേസ്‌മെന്റ് സംവിധാനങ്ങളാണ്. കമ്മീഷനില്‍ നിന്നും സമൂഹത്തിന് നീതി കിട്ടാതെ പോകുന്നത് ഇത്തരത്തിലുള്ള കഴിവ്‌കെട്ടവര്‍ തലപ്പത്തിരിക്കുന്നത് കൊണ്ടാണ്.
ഉദ്ഘാടനങ്ങള്‍ നടത്താനും വാതോരാതെ സംസാരിക്കാനുമല്ല കമീഷനെ നിയോഗിച്ചിരിക്കുന്നത്. ചിന്ത ജെറോമിന്റെ വിഷയം പുറത്തെത്തിച്ചത് രാഷ്ട്രീയ പിന്തുണയുള്ളവരല്ല, എസ്.യു.സി.സി (സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയ്ന്‍ കമ്മിറ്റി) ആണ്. യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രതിപക്ഷം എന്ന് പറുന്നത് ഡോ. ശശികുമാറിനെ പോലെ ഇത്തരം പ്രശ്‌നങ്ങള്‍ പൊതുജനത്തോട് വിളിച്ചുപറയുന്നവരാണ്. ഇതിന് മുന്‍പ് നടന്ന സര്‍വകലാശാല വാര്‍ത്ത പുറത്തു കൊണ്ടുവന്നത് പ്രതിപക്ഷ പാര്‍ട്ടിയല്ല. ഒന്നിലും ഇടപെടാന്‍ കഴിയാത്ത തരത്തില്‍ തീര്‍ത്തും നിശ്ചലമായ രീതിയില്‍ ആയിരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. 2021 ല്‍ കാലിക്കറ്റ് സര്‍വകലാശലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഞാനുള്‍പ്പടെയുള്ളവര്‍ കൊടുത്ത കേസ് ഹൈക്കോടതിയുടെ ഏതെങ്കിലും മുറിയില്‍ ചിതല്‍പിടിച്ച് പോയിട്ടുണ്ടാകും.
ഈ വിവാദങ്ങള്‍ക്കിടയിലും ഇതിന്റെ നല്ല വശമായി ഞാന്‍ കാണുന്നത്, കേരളത്തിലെ കുറച്ച് യുവാക്കളെങ്കിലും അവര്‍ക്കും ഒരു കമീഷനുണ്ടെന്നറിഞ്ഞു എന്നതാണ്. അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ വേണ്ടി ഒരു കമീഷന്‍ തലപ്പത്തുണ്ടെന്ന് കുറച്ച് പേരെങ്കിലും ചിന്തിച്ച് തുടങ്ങി. യുവജന കമീഷന്റെ വെബ്സൈറ്റില്‍ അവര്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ആര്‍ക്കൈവ് പോലും കാണാനില്ല. ഒരു കമീഷന്‍ ചെയുന്ന കാര്യങ്ങള്‍ അവരുടെ വെബ്‌സൈറ്റ് കണ്ടാല്‍ നമുക്ക് മനസ്സിലാകണം. പൊതുജനങ്ങള്‍ നികുതി കൊടുക്കുന്ന പണമാണ് ശമ്പളമായും കുടിശ്ശികയായും അവര്‍ വാങ്ങിക്കുന്നത്. അങ്ങനെയാവുമ്പോള്‍ കമീഷന്‍ പാര്‍ട്ടിയോടല്ല കൂറ്കാണിക്കേണ്ടത്, മറിച്ച് പൊതുജനങ്ങളോടാണ്.
പൊതുസമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലൊന്നും കമീഷന്‍ ഇടപെടുന്നില്ല. ഇത്രയും ക്വാളിറ്റി ഇല്ലാത്തവര്‍ എങ്ങനെ യുവജന കമീഷനായി എന്നതാണ് പൊതുജനം ചോദിക്കേണ്ട പ്രാഥമിക ചോദ്യം. സ്വന്തം പ്രബന്ധം ഒരു തവണ പോലും വായിച്ചു നോക്കാത്ത, തീസിസുകളെ കുറിച്ച ബോധം ഇല്ലാത്ത ചിന്ത ജെറോമിന്റെ വിഷയം കേരള ജനത ഇത്രയും ഏറ്റെടുക്കാന്‍ കാരണം അവരോടുള്ള വെറുപ്പ് അത്രമേല്‍ ഉള്ളതുകൊണ്ടാണ്. ചിന്തയുടെ തീസിസ് പുനഃപരിശോധിക്കേണ്ടകാര്യമില്ല, അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് പൊതുമധ്യത്തില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ ചെയ്ത തീസിസും, പി.എച്ച്.ഡി സര്‍ട്ടിഫിക്കറ്റും പിന്‍വലിച്ചുകൊണ്ടുള്ള ശക്തമായ തീരുമാനം ഗവര്‍ണറുടെയും, സര്‍വകലാശാലയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. അങ്ങനെയാണെങ്കില്‍ മാത്രമേ തുടര്‍ന്നും പി.എച്ച്.ഡിയുടെ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയൂ. അല്ലാത്ത പക്ഷം ഇതൊരു കീഴ്‌വഴക്കമായി തുടരും.