Quantcast
MediaOne Logo

ഏക സിവില്‍ കോഡ് ഒരു മുസ്‌ലിം പ്രശ്‌നം മാത്രമല്ല

ഏക സിവില്‍കോഡ് ഇന്ത്യക്ക് അനിവാര്യമുള്ളതോ അഭികാമ്യമായതോ അല്ല എന്നായിരുന്നു ഇരുപത്തി ഒന്നാമത് നിയമ കമീഷന്‍ ചെയര്‍മാന്‍ ബി.എസ് ചൗഹാന്‍ 2018 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

യൂണിഫോം സിവില്‍കോഡ്, ഏകീകൃത സിവില്‍കോഡ്, ഏക സിവില്‍കോഡ്
X

ഭരണഘടനാ രൂപീകരണത്തിന് ശേഷം വ്യത്യസ്ത സമയങ്ങളിലായി രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഏക സിവില്‍ കോഡ്. ബി.ജെ.പി അധികാരത്തിലേറിയതോടെ ഏക സിവില്‍ കോഡിനെ പിന്തുടര്‍ന്നുള്ള വാദങ്ങളും പ്രതിവാദങ്ങളും സജീവമായി. തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ പൂര്‍ത്തീകരണം എന്ന നിലയില്‍ കേന്ദ്ര തലം മുതല്‍ പ്രാദേശിക തലം വരെയുള്ള നേതാക്കള്‍ സിവില്‍ കോഡിനെക്കുറിച്ച് നിരന്തരമായി സംസാരിച്ച് കൊണ്ടിരുന്നു. മുസ്‌ലിംകളുടെ ശരീഅത്ത് നിയമങ്ങളുടെ മേല്‍ കൈകടത്താനുള്ള അവസരം എന്ന നിലയിലാണ് ഇവരെല്ലാം ഈ വിഷയത്തില്‍ പ്രതികരിച്ചത്. പക്ഷെ, ഇതൊരു മുസ്‌ലിം പ്രശ്‌നം മാത്രമായി നിലനില്‍ക്കുന്ന ഒന്നല്ല എന്നതാണ് വസ്തുത. രാജ്യം കാത്ത് സൂക്ഷിക്കുന്ന വൈവിധ്യങ്ങളെയും മതപരമായ വ്യത്യസ്തതകളെയും പൂര്‍ണ്ണമായും ഇല്ലാതാക്കി കളയുന്ന നിലയിലാണ് ഏക സിവില്‍ കോഡിന്റെ ആശയം തന്നെ നില നില്‍ക്കുന്നത്. ഭരണഘടന രൂപീകരിച്ച് ഇത്രയേറെ വര്‍ഷം പിന്നിട്ടിട്ടും ഒരു കരട് രേഖ പോലും നിര്‍മിക്കാന്‍ സാധിച്ചില്ല എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

ഏക സിവില്‍കോഡ് ബാക്കിവെക്കുന്ന ആഘാതം ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ രാജ്യത്തുടനീളം ഉല്‍പാദിപ്പിക്കാന്‍ കാരണമായ ഒന്നാണിത്. ഈ ഒരു സന്ദര്‍ഭത്തെ കേവല മത വിഷയമായി മാത്രം ഉയര്‍ത്തിക്കൊണ്ട് വരാതിരിക്കാനുള്ള ജാഗ്രതയാണ് മുസ്‌ലിം സമൂഹം കാണിക്കേണ്ടത്.

ഭരണഘടനാ അസംബ്ലിയില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് വേദിയായ ഒന്നാണ് യൂണിഫോം സിവില്‍ കോഡ്. വ്യക്തി നിയമങ്ങളെ മുന്‍നിര്‍ത്തി ശക്തമായ പ്രതിരോധങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും ഇവ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 44 നെ ഭരണഘടനയില്‍ ചേര്‍ക്കുമ്പോഴും അംബേദ്കര്‍ പറഞ്ഞുവെച്ചൊരു വാക്യമുണ്ട് - അധികാരത്തിലിരിക്കുന്നവര്‍ ഏകപക്ഷീയമായമാണ് ഈ കോഡിനെ അവതരിപ്പിക്കുന്നതെങ്കില്‍ രാജ്യത്തിന് ഭീഷണിയാകും എന്നായിരുന്നു അത്. തുടര്‍ന്നും വ്യത്യസ്ത സമയങ്ങളിലായി കോടതി വിധികളിലൂടെയും മറ്റും സിവില്‍ കോഡ് വരണമെന്ന ആവശ്യമുന്നയിച്ചെങ്കിലും ഇന്ത്യക്ക് അവ അനുഗുണമല്ല എന്ന ബോധ്യത്തില്‍ നിന്നായിരുന്നു ഗവണ്മെന്റ് നടപ്പാക്കാതെ പോയത്. 2018 ലെ ലോ കമീഷന്‍ റിപ്പോര്‍ട്ട് കൂടി പരിശോധിക്കുമ്പോള്‍ ഈ വസ്തുതകള്‍ കൂടുതല്‍ വ്യക്തമാവും.


കാലമിത്രയും സിവില്‍ കോഡിനെ ഒരു മുസ്‌ലിം പ്രശ്‌നം മാത്രമായി അവതരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നുവന്നത്. ഗവണ്മെന്റിന്റെ ലക്ഷ്യവും അത് തന്നെയായിരുന്നു. ഒരു സാമുദായിക പ്രശ്‌നം മാത്രമായി ഉയര്‍ത്തിക്കൊണ്ട് വരികയും അത് മൂലമുണ്ടാകുന്ന ചേരിതിരിവുകളില്‍ നിന്ന് ലാഭം കൊയ്യുകയും ചെയ്യുക എന്ന രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നില്‍. ലോക്‌സഭാ ഇലക്ഷന് മുന്നോടിയായി പുതിയ നീക്കങ്ങള്‍ നടത്തുന്നതിന്റെയും താല്‍പര്യം മറ്റൊന്നല്ല. എന്നാല്‍, കോഡ് ബാക്കിവെക്കുന്ന ആഘാതം ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ രാജ്യത്തുടനീളം ഉല്‍പാദിപ്പിക്കാന്‍ കാരണമായ ഒന്നാണിത്. ഈ ഒരു സന്ദര്‍ഭത്തെ കേവല മത വിഷയമായി മാത്രം ഉയര്‍ത്തിക്കൊണ്ട് വരാതിരിക്കാനുള്ള ജാഗ്രതയാണ് മുസ്‌ലിം സമൂഹം കാണിക്കേണ്ടത്.

മുസ്‌ലിമേതര വിഭാഗങ്ങളോട് കോഡ് എങ്ങനെ സംവദിക്കുന്നു എന്ന് പരിശോധിക്കാം. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി, വിഭാഗങ്ങള്‍ക്ക് പ്രത്യേകം വ്യക്തി നിയമങ്ങളുള്ള നാടാണ് നമ്മുടേത്. ഗോത്രങ്ങള്‍ക്കും ഇതര വിഭാഗങ്ങള്‍ക്കുമായി അവര്‍ തുടര്‍ന്ന് പോരുന്ന ആചാരങ്ങള്‍ വേറെയും. ഇവയെല്ലാം ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുക എന്നത് അസാധ്യമാണെന്ന് കേവല ബുദ്ധിയില്‍ നിന്ന് തന്നെ തെളിഞ്ഞ വരുന്ന ഒന്നാണല്ലോ. ഹിന്ദു വിഭാഗത്തിന് തന്നെ അഞ്ച് വ്യക്തി നിയമങ്ങളുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തിന് മൂന്നും. ഹിന്ദു മതത്തിലെ തന്നെ ഹിന്ദു അവിഭക്ത കുടുംബത്തിന്റെ നിയമങ്ങള്‍ ഇവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. മറ്റുള്ളവരെപ്പോലെയല്ല ഇവര്‍ നികുതി പോലും നല്‍കുന്നത്. വരുമാന നികുതി നിയമത്തിന്റെ സെക്ഷന്‍ 80 ല്‍ വരുന്ന നികുതി കിഴിവുകള്‍ ലഭിക്കുന്ന വിഭാഗമാണിവര്‍. ഈ വ്യക്തി നിയമങ്ങളെയെല്ലാം മറികടന്ന് കൊണ്ട് വേണം രാജ്യം മൊത്തം ഒരു ഏക സിവില്‍കോഡ് സ്ഥാപിക്കാന്‍.

ഗോവയില്‍ ഹിന്ദു മത വിഭാഗത്തിലെ ചില ആചാരങ്ങള്‍ ഇപ്പോഴും സിവില്‍കോഡിന് പുറത്താണ്. അവയെയെല്ലാം പ്രത്യേക ആചാരങ്ങളായി ഇപ്പോഴും പരിഗണിച്ച് പോരുന്നുവെന്ന് ചുരുക്കം. കത്തോലിക്കാ മത വിഭാഗത്തിലെ ആളുകള്‍ക്ക് വിവാഹബന്ധം വേര്‍പെടുത്തണമെങ്കില്‍ മത കോടതിയുടെ അനുമതി തേടിയാല്‍ മതി. എന്നാല്‍, മറ്റ് മത വിഭാഗങ്ങള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കണം.

ഗോത്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നില നില്‍ക്കുന്ന ഗോത്രങ്ങള്‍ക്കെല്ലാം അവരുടെ സ്വന്തമായ നിയമങ്ങളാണ്. ഹിന്ദു വിഭാഗത്തില്‍ നിന്ന് അവരെ വേര്‍തിരിച്ച് നിര്‍ത്തുന്നത് പോലും ഇവരുടെ പ്രത്യേക ആചാരങ്ങളാണ്. ആദിവാസികളും മറ്റുമടങ്ങുന്ന ഈ വലിയ വിഭാഗത്തിന് സാമൂഹിക പരിഷ്‌കരണമെന്ന പേരില്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അവരുടെ സാംസ്‌കാരികത്തനിമക്ക് മുകളിലെ കൈകടത്തല്‍ കൂടിയാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 342, 244 എന്നിവ രാജ്യത്തെ എസ്.സി എസ്.ടി വിഭാഗത്തെ പ്രതിപാദിക്കുന്നവയാണ്. ഭരണഘടനയിലും മറ്റ് നിയമങ്ങളിലുമായി ഇവര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ പറഞ്ഞു പോകുന്നുമുണ്ട്. അഥവാ, ഇവരെയെല്ലാം പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും അവര്‍ക്ക് വേണ്ട അവകാശങ്ങള്‍ വകവെച്ച് നല്‍കണമെന്നുമാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. 2001 ലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിയിലെ ഗോത്ര വിഭാഗങ്ങള്‍ ഹിന്ദു മതത്തില്‍ പെട്ടവരല്ല എന്ന പരാമര്‍ശം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. അഥവാ ഹിന്ദു വിഭാഗത്തിന് ബാധകമാകുന്ന നിയമങ്ങളല്ല ഇവര്‍ക്കെന്ന് ചുരുക്കം. ഗോത്ര വൈവിധ്യങ്ങളെയും അവരുടെ ആചാരങ്ങളെയും ഒരു നിയമം കൊണ്ട് പൂര്‍ണ്ണമായി അസാധുവാക്കുക സാധ്യമാണെന്ന് കരുതുന്നില്ല.


കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ നിയമം ഉണ്ടാക്കാവുന്ന കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്നാണ് വ്യക്തി നിയമങ്ങള്‍ എന്നിരിക്കെ പല സംസ്ഥാനങ്ങളും കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഗോവയില്‍ ഈ നിയമം നടപ്പാക്കിയിട്ടുമുണ്ട്. എന്നാല്‍, ഇവിടങ്ങളിലൊന്നും ഈ നിയമത്തെ ശരിവെക്കുന്ന യാതൊന്നും പുറത്ത് വന്നിട്ടില്ലെന്ന് മാത്രമല്ല പോരായ്മകളെ മുന്നില്‍ കണ്ട് ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയോ തെറ്റുകളെ തിരിച്ചറിയുകയോ ചെയ്തവരാണ്. ഗോവയില്‍ ഹിന്ദു മത വിഭാഗത്തിലെ ചില ആചാരങ്ങള്‍ ഇപ്പോഴും സിവില്‍കോഡിന് പുറത്താണ്. അവയെയെല്ലാം പ്രത്യേക ആചാരങ്ങളായി ഇപ്പോഴും പരിഗണിച്ച് പോരുന്നുവെന്ന് ചുരുക്കം. കത്തോലിക്കാ മത വിഭാഗത്തിലെ ആളുകള്‍ക്ക് വിവാഹബന്ധം വേര്‍പെടുത്തണമെങ്കില്‍ മത കോടതിയുടെ അനുമതി തേടിയാല്‍ മതി. എന്നാല്‍, മറ്റ് മത വിഭാഗങ്ങള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കണം. മാത്രമല്ല ഹിന്ദുക്കള്‍ക്ക് ബഹുഭാര്യത്വം ഇപ്പോഴും ഗോവ സിവില്‍കോഡ് അനുവദിച്ച് നല്‍കുന്നുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ സ്വത്ത് ഭാര്യക്ക് ലഭിക്കണമെങ്കില്‍ മറ്റ് കുടുംബങ്ങളെയെല്ലാം മറികടന്ന ശേഷം മാത്രമേ സാധിക്കുകയുള്ളു. സ്ത്രീ സുരക്ഷക്കും സമത്വത്തിനും വേണ്ടിയുള്ളതാണെന്ന് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ഏക സിവില്‍കോഡിന്റെ അവസ്ഥയാണിത്. അതുകൊണ്ട് തന്നെയാണ് പ്രായോഗിക തലത്തില്‍ ഇത് അസാധ്യമാണെന്ന് പറയുന്നത്.

മിസോറാം, നാഗാലാന്റ് മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏക സിവില്‍കോഡിനെതിരെ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. 2023 ഫെബ്രുവരി 14 ന് മിസോറം നിയമസഭ ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസ്സാക്കുകയുണ്ടായി. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടാണ് നിലവില്‍ അവിടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നുകൂടി ഓര്‍ക്കണം. നാഗാലാന്‍ഡ് ബാര്‍ അസോസിയേഷന്‍ നാഗാലാന്‍ഡിനെ ഏക സിവില്‍കോഡിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണെമെന്ന് നിയമ കമീഷനോട് ശുപാര്‍ശ ചെയ്യുകയുണ്ടായി. ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്മാറണമെന്ന് നാഗാലാന്‍ഡിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടും അഭിപ്രായപ്പെട്ടു. മേഘാലയിലെ മൂന്ന് ജില്ലാ സമിതികളും ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസ്സാക്കി മുന്നോട്ട് വന്നു. സംസ്ഥാനത്ത് സിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. ഇന്ത്യ പോലെ ഒരു രാജ്യത്ത് സിവില്‍കോഡ് എത്രമാത്രം അപ്രായോഗികമാണെന്ന് ഈ ഉദാഹരണങ്ങളെല്ലാം പറഞ്ഞുവെക്കുന്നുണ്ട്.

ഇരുപത്തി ഒന്നാമത് നിയമ കമീഷന്‍ ചെയര്‍മാന്‍ ബി.എസ് ചൗഹാന്റെ നേതൃത്വത്തില്‍ യൂണിഫോം സിവില്‍കോഡിന്റെ ഇന്ത്യയിലെ സാധ്യതകളെക്കുറിച്ച് ഒരു പഠനം നടക്കുകയുണ്ടായി. സിവില്‍േകോഡ് ഇന്ത്യക്ക് അനിവാര്യമുള്ളതോ അഭികാമ്യമായതോ അല്ല എന്നായിരുന്നു 2018 ല്‍ ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഭരണഘടനാപരമായി സാധ്യമായ ഒന്നല്ലെന്നായിരുന്നു ചൗഹാന്റെ നിരീക്ഷണം. ഇന്ത്യയിലെ പ്രധാന നിയമങ്ങളായ ഐ.പി.സി.യും സി.ആര്‍.പി.സിയും പോലും അംഗീകരിക്കാത്ത പ്രദേശങ്ങളും വിഭാഗങ്ങളും ഇപ്പോഴും ഇന്ത്യയിലുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കോഡിന്റെ ആവശ്യകതയെ ഊന്നിപ്പറയാന്‍ ഉപയോഗിക്കുന്ന മതേതരത്വ വാദത്തെ എതിര്‍ത്ത് കൊണ്ട് റിപ്പോര്‍ട്ടില്‍ ചേര്‍ക്കപ്പെട്ട വരികള്‍ ഇങ്ങനെയാണ് - 'Secularism cannot be contradictory to plurality' - മതേതരത്വം ഒരിക്കലും ബഹുസ്വരതക്ക് എതിരല്ലെന്ന്. ഈ വിഷയത്തെ സംബന്ധിയായി ആഴത്തില്‍ പഠിച്ചവര്‍ പോലും ഇത് ഇന്ത്യ തുടര്‍ന്ന് പോരുന്ന ബഹുസ്വരതക്ക് എതിരാണെന്ന് പറയുമ്പോള്‍ ധൃതിപ്പെട്ട് ഈ നിയമം നടപ്പാക്കുന്നതിന്റെ ലക്ഷ്യം വ്യക്തമാണ്.

ഏക സിവില്‍കോഡ് മാറ്റിക്കുറിക്കാന്‍ ശ്രമിക്കുന്ന വ്യക്തി നിയമങ്ങളുടെ നിയമ സാധുത പലവുരു കോടതികളുടെ മുമ്പില്‍ ചര്‍ച്ചക്ക് വന്നതാണ്. ഈ സമയങ്ങളിലെല്ലാം ഇവ ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടതാണെന്നായിരുന്നു കോടതികളുടെ നിരീക്ഷണം. 1954 ല്‍ ബഹുഭാര്യാത്വ നിയമത്തിനെതിരായ ഹരജി പരിശോധിക്കുന്ന വേളയില്‍ കോടതി ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.

നിയമപരമായി ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമ്പോഴും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. കാരണം, ഭരണഘടന ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 25 ന്റെ വ്യക്തമായ ലംഘനമാണ് ഏക സിവില്‍കോഡ്. വ്യക്തി നിയമങ്ങള്‍ മതനിയമങ്ങള്‍ കൂടി ആണെന്നിരിക്കെ അത് മതാചാരങ്ങള്‍ക്ക് തടയിടല്‍കൂടി ആയി മാറുമത്. നിര്‍ദേശക തത്വവും മൗലികാവകാശവും എതിര്‍ ദിശയില്‍ വന്നാല്‍ മൗലികാവകാശത്തിനാണ് മുന്‍തൂക്കം ലഭിക്കുക എന്ന് പറയേണ്ടതില്ലലോ. മാത്രമല്ല, നിര്‍ദേശക തത്വങ്ങള്‍ എന്നത് നിര്‍ബന്ധിച്ച് നടപ്പാക്കേണ്ട ഒന്നല്ല. ഏറ്റവും അനുയോജ്യമായ സമയത്ത് സാധ്യമാവുമെങ്കില്‍ മാത്രം നടപ്പില്‍ വരുത്തേണ്ട ഒന്നാണത്. സിവില്‍ കോഡിനേക്കാളുപരി രാജ്യം പ്രാധാന്യത്തോടെ നടപ്പാക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ നിര്‍ദേശക തത്വങ്ങളിലുണ്ട്. ഇവയ്ക്കൊന്നും പ്രാധാന്യം നല്‍കാതെ പൊളിറ്റിക്കല്‍ അജണ്ട മാത്രം മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ ഈ ഒരു ആശയവുമായി മുന്നിട്ടിറങ്ങിയത്. ഏക സിവില്‍കോഡ് മാറ്റിക്കുറിക്കാന്‍ ശ്രമിക്കുന്ന വ്യക്തി നിയമങ്ങളുടെ നിയമ സാധുത പലവുരു കോടതികളുടെ മുമ്പില്‍ ചര്‍ച്ചക്ക് വന്നതാണ്. ഈ സമയങ്ങളിലെല്ലാം ഇവ ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടതാണെന്നായിരുന്നു കോടതികളുടെ നിരീക്ഷണം. 1954 ല്‍ ബഹുഭാര്യാത്വ നിയമത്തിനെതിരായ ഹരജി പരിശോധിക്കുന്ന വേളയില്‍ കോടതി ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമായി ഇത് കാണാന്‍ സാധിക്കില്ലെന്നും വൈവിധ്യങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. വ്യക്തി നിയമം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള കാരണം തന്നെ അതിന്റെ വൈവിധ്യ സ്വഭാവമാണ്. ഏകീകരിക്കാനാണ് ഉദ്ദേശമെങ്കില്‍ അവ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താമായിരുന്നല്ലോ.


മുകളില്‍ പ്രസ്താവിച്ച കാരണങ്ങളാല്‍ ഏക സിവില്‍കോഡ് രാജ്യത്തിന് തീര്‍ത്തും അനുചിതമാണെന്ന് പറയാം. ഇത്രയധികം മതങ്ങളും പ്രത്യേക വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യ പോലൊരു വിശാല രാജ്യത്ത് ഒരിക്കലും നടപ്പാക്കേണ്ട ഒന്നല്ലിത്. നാം കാത്ത് സൂക്ഷിക്കുന്ന മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും മേലുള്ള കടന്ന് കയറ്റമാണ് ഇതെന്ന് പറയാതെ വയ്യ.

TAGS :