Quantcast
MediaOne Logo

ബഷീര്‍ മാടാല

Published: 3 May 2024 6:16 AM GMT

മണിപ്പൂര്‍: വംശീയ സംഘര്‍ഷങ്ങളുടെ ആണ്ട് തികയുമ്പോള്‍

സംഘര്‍ഷവും, കലാപങ്ങളും ഒരു വര്‍ഷം പിന്നിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുക തന്നെയാണ്. തങ്ങളെ രക്ഷിക്കാന്‍ മറ്റൊരു രക്ഷകന്‍ വരാതിരിക്കില്ല എന്ന പ്രാര്‍ഥനയിലാണ് ഗോത്രവര്‍ഗ ജനത.

മണിപ്പൂര്‍ വംശീയ സംഘര്‍ഷത്തിന് ഒരു വര്‍ഷം
X

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ ഒരാണ്ട് പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് പൊട്ടി പുറപ്പെട്ട ആക്രമങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷവും തുടരുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലോ, സ്വാതന്ത്രാനന്തര കാലഘട്ടത്തിന് ശേഷമോ ഇത്രയധികം കാലം നീണ്ടുനിന്ന ഒരു കലാപവും ഉണ്ടായിട്ടില്ല. മണിപ്പൂരിലെ ഭൂരിപക്ഷ വിഭാഗക്കാരായ വൈഷ്ണവ മെയ്‌തേയ്കളും ഗോത്ര വിഭാഗക്കാരായ കുക്കി സോമി വര്‍ഗക്കാരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം ഒന്ന് പിന്നിട്ടു കഴിഞ്ഞു. ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന തദ്ദേശീയരായ മെയ്‌തേയ്കളെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ഉത്തരവാണ് കലാപത്തിന് തുടക്കമിട്ടത്. ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പിന്നീട് സുപ്രീം കോടതി വിധിച്ചു. എന്നാല്‍, അതിന് മുമ്പു തന്നെ കലാപം വ്യാപിച്ച് കുക്കി, മെയ്‌തേയ് വിഭാഗക്കാര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ഏററുമുട്ടി ഒരിക്കല്‍ പോലും ഒന്നാകാന്‍ കഴിയാത്ത രീതിയില്‍ അകന്ന് കഴിഞ്ഞിരുന്നു.

ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തേയ്കള്‍ ഇംഫാല്‍ താഴ്വരയില്‍ കഴിയുമ്പോള്‍ 40 ശതമാനം വരുന്ന കുക്കി, സോമി, നാഗാ വിഭാഗക്കാര്‍ മലമ്പ്രദേശങ്ങളിലാണ് കഴിയുന്നത്. ഭൂമിയുടെ 90 ശതമാനവും ഗോത്ര സമൂഹങ്ങളുടെ ആധിപത്യത്തിലാണ്. 10 ശതമാനം ഭൂമിയില്‍ മാത്രമെ മെയ്‌തേയ്കള്‍ക്ക് അവകാശമുള്ളൂ. കുക്കികള്‍ക്ക് സംസ്ഥാനത്ത് എവിടെയും ഭൂമി വാങ്ങാം. എന്നാല്‍ മെയ്‌തേയ്കള്‍ക്ക് ഇതിന് നിയമം അനുവദിക്കുന്നില്ല. ഇതിന് പുറമെ സര്‍ക്കാര്‍ സംവരണവും ഗോത്രവര്‍ഗക്കാര്‍ക്കുണ്ട്. ഭൂ കേന്ദ്രീകൃതമായ നിയമ വൈരുധ്യങ്ങളും, സംവരണവുമൊക്കെ മെയ്‌തേയ് വിഭാഗക്കാര്‍ക്കിടയില്‍ വര്‍ഷങ്ങളായി പുകഞ്ഞു നീറുന്ന പ്രശ്‌നങ്ങളായിരുന്നു. പലപ്പോഴായി ഇവര്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കാറും ഉണ്ട്. എന്നാല്‍, സംസ്ഥാനത്ത് മെയ്‌തേയ് വിഭാഗക്കാരുടെ ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ആവുകയും പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഇവര്‍ക്ക് അനുകൂലമായ ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തത് ഗോത്ര വര്‍ഗക്കാരില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കി. ഇതേ തുടര്‍ന്നുള്ള ഇംഫാല്‍ ഹൈക്കോടതി ഉത്തരവ് പെട്ടെന്ന് കലാപത്തിന് വഴിതുറക്കുകയായിരുന്നു.


കുക്കി അനുകൂല പ്രകടനം

മെയ് മൂന്നിന് ചുരാചന്ദ്പൂരില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ പ്രകടനത്തില്‍ നുഴഞ്ഞു കയറിയ ചിലരാണ് ആക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് കലാപം പടര്‍ന്നുപിടിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. വംശീയമായി കുക്കികളെ ഇല്ലാതാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കുക്കികളുടെ 292 വില്ലേജുകള്‍ തീയിട്ടു നശിപ്പിച്ചത് രണ്ട് ദിവസം കൊണ്ടായിരുന്നു. 4550 ലധികം വീടുകള്‍, 357 കൃസ്ത്യന്‍ ചര്‍ച്ചുകള്‍, എല്ലാം തന്നെ 5000. 200 ലധികം പേരെയാണ് കൊന്നൊടുക്കിയത്. 800 പേരെ കാണാതായി 40000 ല്‍ അധികം പേര്‍ അഭയാര്‍ഥികളായി അന്യ സംസ്ഥാനങ്ങളിക്ക് ഓടിപ്പോയി. 50000 ല്‍ അധികം പേര്‍ സര്‍വ്വവും നഷ്ടപ്പെട്ട് ദൂരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. എന്നിട്ടും ഒടുങ്ങാതെ ഇപ്പോഴും ആക്രമം തുടരുക തന്നെയാണ്. കലാപം വളരെ ആസൂത്രിതമായിരുന്നു കുക്കികളെ ഇല്ലായ്മ ചെയ്യാനുള്ള മെയ്‌തേയ് തീവ്രവാദികളുടെ എല്ലാ നീക്കങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ ലഭിച്ചു. നിരവധി പേരെ കൊന്നൊടുക്കിയതിന് പുറമെ ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് തീയിട്ടു. സ്ത്രീകളെ വിവസ്ത്രയായി ആള്‍ക്കൂട്ടങ്ങള്‍ക്ക് മുന്നിലൂടെ നടത്തി. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരകളായി.

ഇരകളാക്കപ്പെട്ടവര്‍ക്ക് പൊലീസ് ഒരു സൗകര്യവും നല്‍കിയില്ല. കലാപത്തിന്റെ ആദ്യനാളുകളില്‍ ആസ്സാം റൈഫിള്‍സാണ് കുക്കികളെ കൂട്ടക്കൊല ചെയ്യുന്നത് പ്രതിരോധിച്ചത്. ഇതോടെ ആസ്സാം റൈഫിള്‍സിനെതിരെ വ്യാപക പ്രക്ഷോഭം മെയ്‌തേയ് വനിതകളുടെ നേതൃത്വത്തില്‍ നടന്നു. പ്രത്യേക രാജ്യം ആവശ്യപ്പെട്ട് യുദ്ധം ചെയ്തിരുന്ന മൈയ്‌തേയ് നിരോധിത സംഘടനകള്‍ കുക്കികളുടെ അന്തകരായി. ഇവരാണ് കുക്കികളെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത്. ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ സംഘത്തിലെ പ്രധാനികളെ ആസ്സാം റൈഫിള്‍സ് പിടി കൂടിയെങ്കിലും മണിപ്പൂരി വനിതകള്‍ മോചിപ്പിച്ചു. ആയിരക്കണക്കിന് തോക്കുകളും വെടിയുണ്ടകളും വിതരണം നടത്തി മറ്റൊരു മെയ്‌തേയ് തീവ്രവാദ സംഘടനയായ അറമ്പായ് തേന്‍കൊല്‍ കലാപത്തിന് എരിവ് പകര്‍ന്നു. മണിപ്പൂര്‍ പൊലീസില്‍ നിന്ന് കവര്‍ന്നെടുത്ത അയ്യായിരത്തിലധികം തോക്കുകള്‍ ഇവരുടെ പക്കലുണ്ട്. പൊലീസിനെയും ഭരണ സംവിധാനത്തെയും വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നു. മെയ്‌തേയ് പ്രദേശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് രംഗത്തിറങ്ങുന്ന മെയ്‌തേയ് യുവാക്കളുടെ കൂടാരമാണ് ഈ സംഘടന.


മെയ്‌തേയ് അനുകൂല പ്രകനം

ഇന്ന് മണിപ്പൂരില്‍ കരിഞ്ചന്തയും കൊള്ള വിലയും വ്യാപകമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും നോക്കുകുത്തിയാണ്. ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തിയായ മൊറെ ഭക്ഷ്യ- മരുന്ന് ക്ഷാമത്തിന്റെ പിടിയിലാണ്. ഈ പ്രദേശത്തേക്ക് ആവശ്യവസ്തുക്കള്‍ എത്തിക്കാന്‍ മെയ്‌തേയ്കള്‍ അനുവദിക്കുന്നില്ല. മാ വിഹാര ഭൂമിയായ കുരാചന്ദ്പൂരിലേക്ക് ആവശ്യവസ്തുക്കള്‍ എത്തിക്കുന്നത് മിസോറാം സംസ്ഥാനം വഴിയാണ്. ഇതിനിടയില്‍ കുക്കികള്‍ തങ്ങള്‍ക്ക് സ്വയം ഭരണം വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇനയൊരിക്കലും മെയ്തേയ്കളുമൊന്നിച്ചുള്ള ജീവിതം അവര്‍ ആരും ആഗ്രഹിക്കുന്നില്ല. അത്രയധികം കിരാത നടപടികളാണ് മെയ്‌തേയ്കള്‍ അവരോട് കാണിച്ചത്. സംഘര്‍ഷവും, കലാപങ്ങളും ഒരു വര്‍ഷം പിന്നിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുക തന്നെയാണ്. തങ്ങളെ രക്ഷിക്കാന്‍ മറ്റൊരു രക്ഷകന്‍ വരാതിരിക്കില്ല എന്ന പ്രാര്‍ഥനയിലാണ് ഗോത്രവര്‍ഗ ജനതയും.

TAGS :