Quantcast
MediaOne Logo

കാവ്യ മാമ്പഴി

Published: 30 May 2024 9:11 AM GMT

ഒ.എന്‍.വി: അരികില്‍ നിങ്ങളുണ്ടായിരുന്നെങ്കില്‍..

വിരഹമായും പ്രണയമായും താരാട്ടായും നമ്മെ താളം പിടിക്കാന്‍ പഠിപ്പിച്ച കവിയുടെ സാഹിത്യലോകം ഓര്‍മിക്കപ്പെടുന്നതും ദീപ്തമാവുന്നതും കവിതകളുടെ ജീവസ്സ് കൊണ്ട് കൂടിയാണ്.

ഒ.എന്‍.വി: അരികില്‍ നിങ്ങളുണ്ടായിരുന്നെങ്കില്‍..
X

ഒ.എന്‍വി, ഈ മൂന്നക്ഷരത്തിന്റെ നിറഞ്ഞ ചേതനയെ കുറിച്ച് ആലോചിക്കാത്ത മലയാളികള്‍ ഒരുപക്ഷെ ഉണ്ടായില്ലെന്നു വരാം. കാലത്തിനും അപ്പുറം, കാലത്തോടൊപ്പം സഞ്ചരിച്ച, സംവദിച്ച ഒന്ന് ഇന്നും നമ്മുടെ വിളിപ്പുറങ്ങളിലും സജീവതകളിലും നിശ്ചലതകളിലും നിറഞ്ഞു പൂക്കുന്നുണ്ടെങ്കില്‍ ആ മൂന്നക്ഷരത്തിന്റെ ചേതനയെ തന്നെ ഇവിടെ കടമെടുക്കുകയാണ്; മറ്റൊന്നുമല്ല, 'ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം'.

എവിടെയാണ് നമ്മള്‍ നമ്മുടെ ബാല്യകാലത്തെ മറന്നു വച്ചത്, ഇന്നും തിരികെ നോക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ആ വരികളില്‍ തന്നെയാണത്. 'തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചെന്തു മധുരമെന്നോര്‍ക്കുവാന്‍ മോഹമെന്നും' , 'പുന്നെല്ലിന്‍ കതിരോല തുമ്പത്തു പൂത്തുമ്പി' എന്നും രണ്ടു കാലങ്ങളില്‍ ഒ.എന്‍.വി എഴുതി വച്ചപ്പോള്‍ തലമുറകള്‍ അതേറ്റുപാടി. ഒരു കാലത്തിന്റെ ഗാനരചയിതാവ് / കവി എന്ന വിശേഷണം കൊണ്ടല്ല ഒരിക്കലും അദ്ദേഹം നമ്മുടെ പ്രിയപ്പെട്ടവരില്‍ ഒരാളാവുന്നത്. കാലത്തിന്റെ, പ്രാദേശികതകളുടെ, ഗ്രാമീണതയുടെ, പ്രണയത്തിന്റെ, രാരീരമെന്നോ ലാലീ ലാലീ എന്നോ ഉള്ള താരാട്ടിന്റെ ജീവനുള്ള വാക്കുകളില്‍ കൂടെയാണ്.

'നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി' എന്ന ഒരൊറ്റ പാട്ടിലെ 'നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍, നൊമ്പരങ്ങള്‍' എന്ന വരിയില്‍ അദ്ദേഹം തുറക്കാതെ അടച്ചു വയ്ക്കുന്നത് ചെന്നു കൊളുത്തിയത് എത്ര ഹൃദയങ്ങളില്‍ ആയിരുന്നിരിക്കണം. ആരണ്യകം എന്ന ചിത്രത്തില്‍ അമ്മിണിയുടെ കൂടെ കാട് കേറാന്‍ നമ്മളെ നമ്മളറിയാതെ നിര്‍ബന്ധിച്ചത് ' ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞാലിട്ട് തരാം' എന്ന വരിയും 'ഓലോലം ഞാലിപൂവന്‍ തേന്‍ കുടിച്ചു വരാം' എന്ന വരിയും തന്നെയായിരിക്കണം.

'പൊന്‍തിങ്കള്‍ കല പൊട്ടുതൊട്ട ഹിമവല്‍ ശൈലാംഗ ശൃംഗത്തില്‍' എന്ന് തുടങ്ങി, പാട്ടിന്റെ പാരമ്യത്തില്‍ എത്തുന്ന കവി തത്വത്തിന്‍ പൊരുളാലാലപിപ്പൂ സത്യം ശിവം സുന്ദരം എന്ന് നമ്മളോട് പറയുന്നു. 'ഈശ്വരന്‍ മനുഷ്യനായ് അവതരിച്ചു' എന്ന ഗാനവും മുന്നോട്ടു വയ്ക്കുന്ന തത്വചിന്തയെ പരിഗണിക്കാതെ വയ്യ. മേഘമല്‍ഹാര്‍ എന്ന ചിത്രം കാണുമ്പോഴെല്ലാം ഈ ഒരു ചിത്രമില്ലാതെ പോയിരുന്നെങ്കില്‍ ഇന്നും പറയാതെ വച്ച പ്രണയങ്ങളില്‍, നൊമ്പരങ്ങളില്‍ നമ്മളോട് നിരന്തരം സംസാരിക്കുന്ന 'ഒരു നറുപുഷ്പമായ്' എന്ന പാട്ടോ 'പൊന്നുഷസ്സെന്നും' എന്ന പാട്ടോ ഉണ്ടാവുമായിരുന്നില്ല. പൊന്നുഷസ്സെന്നും എന്ന പാട്ടിന്റെ നീറ്റല്‍ വീണ്ടും വീണ്ടും നമ്മളെ ആ പേരറിയാ പൂക്കളുടെ വഴിയിലേക്ക് തന്നെ വിളിക്കുന്നുണ്ട്.

'പൂപുടവ തുമ്പിലെ കസവെടുത്തു പൂകൈത കന്യകമാര്‍ മുടിയില്‍ വച്ചു' എന്ന വരിയ്ക്ക് ഏതു സമയത്ത് കേള്‍ക്കുമ്പോളും നിലാവിന്റെ വെട്ടമുള്ളത് പോലെ അനുഭവപ്പെടാറുണ്ട് എന്നത് തന്നെയാണ് ഈ വരിയുടെ ചാരുത. 'കന്നിപ്പൂ മാനം പോറ്റും തിങ്കള്‍ ഇന്നെന്റെ ഉള്ളില്‍ വന്നുദിച്ചു' എന്നതാണ് മറ്റൊരു പ്രയോഗം. വിരഹമായും പ്രണയമായും താരാട്ടായും നമ്മളെ താളം പിടിക്കാന്‍ പഠിപ്പിച്ച കവിയുടെ സാഹിത്യ ലോകം ഓര്‍മിക്കപ്പെടുന്നതും ദീപ്തമാവുന്നതും കവിതകളുടെ ജീവസ്സ് കൊണ്ട് കൂടിയാണ്.

കവികള്‍ അഥവാ, കഥാകൃത്തുക്കള്‍ നെയ്‌തെടുക്കുന്ന, നെയ്യല്‍ എന്ന പദം തന്നെ ചേര്‍ക്കുന്നത് അത്രയും മനോഹരമായ ഒരു നെയ്ത്ത് സാഹിത്യത്തില്‍ ഗാനങ്ങളില്‍ കവികള്‍ ചേര്‍ക്കുന്നു എന്നത് കൊണ്ട് തന്നെയാണ്. അത്തരത്തില്‍ ഒ.എന്‍.വി സമ്മാനിച്ച ചില ബിംബങ്ങള്‍ എടുത്താല്‍ അതിലേറെയും മലയാളിക്ക് എന്നും ഓര്‍ക്കാവുന്നത് തന്നെയാണ്. 'പിന്‍നിലാവിന്റെ പിച്ചക പൂക്കള്‍ ചിന്നിയ ശയ്യാതലത്തില്‍' എന്നും 'ആയര്‍ പെണ്‍കിടാവേ നിന്‍ പാല്‍കുടം തുളുമ്പിയതായിരം തുമ്പപൂവായ് വിരിഞ്ഞുവെന്നും', 'മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദു കിരണം പൂവ് ചാര്‍ത്തിയ പോലെ' എന്നും 'പൊന്നുരുകും പൂക്കാലം നിന്നെ കാണാന്‍ വന്നു പൊന്നാട തളിരാട കാണിക്കയായ് തന്നൂ' എന്നും 'ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ്' എന്നും 'പിഞ്ചു കാലടി പിച്ചവയ്പ്പത് കണ്ടെന്‍ കണ്ണ് കുളിര്‍ക്കണം' എന്നിങ്ങനെയൊക്കെ എത്ര ജീവനുള്ള പ്രയോഗങ്ങള്‍. എത്ര കുറിച്ചു വയ്ച്ചാലും ഇത് അവിരാമം തുടരും.

വ്യക്തിപരമായി ഏറെ മനസിനെ ആകര്‍ഷിച്ച ചില പ്രയോഗങ്ങളെ കുറിച്ച് സൂചിപ്പിക്കാതെ വയ്യ. 'പൂപുടവ തുമ്പിലെ കസവെടുത്തു പൂകൈത കന്യകമാര്‍ മുടിയില്‍ വച്ചു' എന്ന വരിയ്ക്ക് ഏതു സമയത്ത് കേള്‍ക്കുമ്പോളും നിലാവിന്റെ വെട്ടമുള്ളത് പോലെ അനുഭവപ്പെടാറുണ്ട് എന്നത് തന്നെയാണ് ഈ വരിയുടെ ചാരുത. 'കന്നിപ്പൂ മാനം പോറ്റും തിങ്കള്‍ ഇന്നെന്റെ ഉള്ളില്‍ വന്നുദിച്ചു' എന്നതാണ് മറ്റൊരു പ്രയോഗം. വിരഹമായും പ്രണയമായും താരാട്ടായും നമ്മളെ താളം പിടിക്കാന്‍ പഠിപ്പിച്ച കവിയുടെ സാഹിത്യ ലോകം ഓര്‍മിക്കപ്പെടുന്നതും ദീപ്തമാവുന്നതും കവിതകളുടെ ജീവസ്സ് കൊണ്ട് കൂടിയാണ്.


ഒന്‍പത് കല്‍പണിക്കാരുടെ ചിത്രം നമുക്ക് മുന്നിലവതരിപ്പിച്ചു കൊണ്ട് ഉള്ളു നീറുന്നൊരമ്മയെ കാലങ്ങളോളം നമുക്കൊരു ഓര്‍മയായി തന്നിട്ടുണ്ട് പ്രിയപ്പെട്ട കവി. കോതമ്പു മണികളില്‍ ആയാലും കുഞ്ഞേടത്തിയില്‍ ആയാലും കവിത ഹൃദയത്തോടാണ് സംവദിച്ചത്. 'എവിടേക്ക് പോകുവാന്‍ മുത്തശ്ശന്‍ നമ്മെവിട്ടെവിടേക്കു പോകുവാനല്ലേ യുണ്ണി' എന്നതില്‍ വല്ലാത്തൊരു നഷ്ടത്തിന്റെ വേദന മുഴുവന്‍ വരികളാവുന്നു. 'സ്‌നേഹിച്ചു നമ്മളനശ്വരരാവുക, സ്‌നേഹിച്ചു തീരാത്തൊരാത്മാക്കളാവുക' എന്നും 'ആതിരകള്‍ കുളിര് തിരയുന്ന ആവണി' കുഞ്ഞു പൂവ് തിരയുന്ന ഒരു കാലത്തെ ജനതയോട് കവി തൂലിക കൊണ്ട് ഉറക്കെ പ്രഖ്യാപിച്ചത് മനുഷ്യ മനസ്സിന്റെ ഉള്ളില്‍ നിന്ന് വികസനം തുടങ്ങൂവെന്നും പരിസ്ഥിതിക്കു വേണ്ടി തുയിലുണര്‍ത്തൂ എന്നുമാണ്.

നാടകഗാന രംഗത്തെ ഒ.എന്‍.വിയുടെ സംഭാവനകളും നിത്യ ഹരിതങ്ങള്‍ തന്നെയാണ്. 'പൊന്നരിവാള്‍ അമ്പിളിയില്‍' എന്ന പാട്ടിന്റെ വിപ്ലവാഗ്‌നി ഇന്നും കെടാതെ ജ്വലിക്കുന്നുണ്ട്. 'അമ്പിളിയമ്മാവാ' എന്ന പാട്ടിലെ നിഷ്‌കളങ്കത എത്ര ലളിതമായ പദപ്രയോഗങ്ങള്‍ കൊണ്ടാണ് അദ്ദേഹം എഴുതി വച്ചത്. 'പാവങ്ങളാണേലും ഞങ്ങള്‍ പായസ ചോറ് തരാം' എന്ന വരിയുടെ സൗന്ദര്യം മറ്റെവിടെയാണ് നമുക്ക് കണ്ടെത്താനാവുക. നീണ്ടു പോവുന്ന ഈ ഓര്‍മയെഴുത്തു നിര്‍ത്താന്‍ ഒരു വരി മാത്രം മതിയെന്ന് തോന്നുന്നു, ചില തിരുത്തലുകള്‍ മാത്രം. 'അരികില്‍ നിങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ഒരു മാത്ര വെറുതെ നിനച്ചു പോയീ'.


TAGS :