Quantcast
MediaOne Logo

പാകിസ്താന്‍ ബലൂണ്‍, ഹാരിസ് ബീരാന്‍, ഖാദര്‍ കമ്മിറ്റി, കെ-ടെറ്റ് - ഇസ്‌ലാമോഫോബിയ: 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്

(2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 06)

പാകിസ്താന്‍ ബലൂണ്‍, ഹാരിസ് ബീരാന്‍, ഖാദര്‍ കമ്മിറ്റി, കെ-ടെറ്റ് - ഇസ്‌ലാമോഫോബിയ: 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത്
X

ഹിന്ദുത്വരുടെ ഇസ്‌ലാമോഫോബിയയുടെ വിവിധ രീതികള്‍ പരിശോധിച്ചാല്‍ ഏതു വസ്തുവിലും ആശയത്തിലും വ്യക്തിയിലും കൂട്ടത്തിലും ഒരു അദൃശ്യമുസ്‌ലിം കരം കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ഒരു മുസ്ലിം അപര സാന്നിധ്യം ഇല്ലാതെ ഹിന്ദുത്വ പദ്ധതിക്കു മുന്നോട്ടു പോകാന്‍ കഴിയുന്നില്ല. കഴിഞ്ഞ മാസം തൃപ്പൂണിത്തുറ എരൂരില്‍ ഐ ലൗ പാകിസ്താന്‍ എന്നൊരു ബലൂണ്‍ കണ്ടെന്നു പറഞ്ഞു നടന്ന കേസും പ്രക്ഷോഭവും സൂചിപ്പിക്കുന്നതതാണ്. അതോടൊപ്പം കേരളത്തില്‍ ക്രൈസ്തവരെയും മുസ്ലിംകളെയും വേറിട്ടു നിര്‍ത്തിയുള്ള വിശകലനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ വിഭജിച്ചു ഹിന്ദുത്വ ഭൂരിപക്ഷവാദത്തിനു ശക്തികൂട്ടുന്ന വലതു ദേശീയതാ രാഷ്ട്രീയത്തിന്റെ മാതൃകയാണിത്. അതോടൊപ്പം ന്യൂനപക്ഷ അവകാശങ്ങള്‍, ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ തുടങ്ങിയ ആശയത്തെയും പ്രായോഗിക മാതൃകകളെയും നിരന്തരം ഒറ്റതിരിച്ചു വിദ്വേഷ പ്രചാരണം നടത്താനും ശ്രമങ്ങളും നടക്കുന്നു.

പാകിസ്താന്‍ ബലൂണ്‍

തൃപ്പൂണിത്തുറ എരൂരില്‍ മകന്റെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി വാങ്ങിയ ബലൂണില്‍ ഐ ലൗ പാകിസ്താന്‍ എന്നെഴുതിയ പ്രിന്റ് കണ്ടതിനെത്തുടര്‍ന്ന് എരൂര്‍ സ്വദേശി ഗിരീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്തു. ആഗസ്റ്റ് 12ാം തിയ്യതിയാണ് ഗിരീഷ് ബലൂണ്‍ വാങ്ങിയത്. ഇംഗ്ലീഷിലാണ് ബലൂണില്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. പരാതി പുറത്തുവന്നയുടനെ പ്രതിഷേധം ഭയന്ന് കട താല്‍ക്കാലികമായി അടച്ചു. കടയുടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ 13ാം തിയ്യതി പ്രതിഷേധ മാര്‍ച്ചും നടത്തി. (മാതൃഭൂമി ആഗസ്റ്റ് 14, 2024)

രാജ്യവിരുദ്ധപ്രവര്‍ത്തനം:

എരൂരില്‍ നടന്നത് രാജ്യവിരുദ്ധപ്രവര്‍ത്തനമായിരുന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നാണ് ബിജെപിയുടെ പരാതി: പൊലീസ് കേസെടുത്തെങ്കിലും എഫ്‌ഐആറില്‍ കുറ്റവാളികളെക്കുറിച്ചുള്ള സൂചനയില്‍ അണ്‍നോണ്‍ എന്നാണ് എഴുതിയിട്ടുള്ളത്. എവിടെ നിന്നാണ് ഇത്തരത്തിലുള്ള ബലൂണുകള്‍ എത്തിച്ചതെന്നതും ഇതുവരെ പുറത്ത് വന്നിട്ടില്ല. നടപടിയെടുക്കേണ്ട തദ്ദേശ ഭരണാധികാരികളും സര്‍ക്കാരും നിസ്സംഗരാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും മൗനത്തിലാണ്. തൃപ്പുണിത്തുറയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നില്‍ ഉണ്ടാവും. അത്തച്ചമയം പോലുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കേണ്ട തൃപ്പൂണിത്തുറയില്‍ ഇപ്പോള്‍ നടന്നത് ഭീഷണിയാണ് (ജന്മഭൂമി, ആഗസ്റ്റ് 15, 2024).


മതേതരത്വം തകര്‍ക്കാനുള്ള ശ്രമം:

രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘ്പരിവാര്‍ സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാക്കള്‍ ആരോപിച്ചു: രാജ്യത്തിന്റെ ഐക്യവും മതേരത്വവും തകര്‍ക്കണമെന്ന ഉദ്ദേശത്തോടെയുള്ള നീക്കങ്ങളാണ് നടക്കുന്നത്. രാജ്യത്ത് സ്വാതന്ത്രദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയ ബലൂണിന്റെ ഉറവിടം കണ്ടെത്തണം. എവിടെയെല്ലാം വിതരണം ചെതിട്ടുണ്ടെന്നും ഇതിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ബംഗ്ലാദേശില്‍ തീവ്രവാദികളുടെ അരാജകത്വം നിലനില്‍ക്കുമ്പോള്‍ പ്രത്യേക മതത്തില്‍പ്പെട്ടവര്‍ മറ്റു വിഭാഗങ്ങളെ കൊന്നുതള്ളുന്ന അവസ്ഥ ഉണ്ടായി. ലോകത്ത് പല രാജ്യത്തും തീവ്രവാദികളുടെ വേരോട്ടം ശക്തമായി വരുന്നു. കേരളത്തില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം അടങ്ങിയ ബലൂണുകള്‍ വിതരണം ചെയ്യുന്ന സാഹചര്യം വളര്‍ന്നുവന്നത് അതുകൊണ്ടുതന്നെ ഗൗരവമായി കാണണം. (ജന്മഭൂമി, ആഗസ്റ്റ് 15, 2024).

ചില പ്രതികരണങ്ങള്‍:

കേരളത്തിലും പാക്സ്‌നേഹികളുണ്ടെന്നും ബലൂണ്‍ കണ്ട് പൊലിസ് ഞെട്ടിയെന്നും ബ്രേവ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു (ബ്രേവ് ഇന്ത്യ, ആഗസ്റ്റ് 14, 2024). ഞെട്ടിക്കുന്ന വാര്‍ത്ത, ഞെട്ടിയത് കേരളവും പൊലിസുമെന്ന ശീര്‍ഷകത്തില്‍ ന്യൂ ഇന്ത്യ മലയാളം വാര്‍ത്തയെഴുതി. കടയുടമ കാസര്‍കോട് സ്വദേശിയാണെന്നതിന് ഈ വാര്‍ത്തയില്‍ ഊന്നല്‍ കൊടുത്തതായി കാണുന്നു: കടയുടമ കാസര്‍കോട് സ്വദേശിയാണ്. തൊട്ടടുത്ത കടയുടമ ആലുവസ്വദേശിയാണ്. ഫലസ്തീനിലൊക്കെ ഇത്തരം ബലൂണുകള്‍ പറത്തി ഭീകരത സൃഷ്ടിക്കാറുണ്ട്. അതിര്‍ത്തിപ്രദേശങ്ങളില്‍ സംഘര്‍ഷാത്മകമായ അവസ്ഥ സൃഷ്ടിക്കാനും ഇതുപയോഗിക്കുന്നു. ഇതിന്റെ പിന്നില്‍ വലിയ ഉദ്ദേശ്യമുണ്ട്. (ന്യൂ ഇന്ത്യ മലയാളം, ആഗസ്റ്റ് 14, 2024)

ഇത് ചെറിയ കളിയല്ല, സൂക്ഷിക്കണം; എരൂരില്‍ പാകിസ്താന്‍ സ്നേഹം നിറഞ്ഞ് നില്‍ക്കുന്ന ബലൂണുകളെന്ന് സാര്‍ക്ക് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു (സാര്‍ക്ക് ന്യൂസ്, ആഗസ്റ്റ് 14, 2024). സ്വാതന്ത്ര്യദിനം അടുത്തുകൊണ്ടിരിക്കെയാണ് ഈ സംഭവമെന്നതാണ് കര്‍മ ന്യൂസ് ചൂണ്ടിക്കാണിക്കുന്ന ദുരൂഹത (കര്‍മാ ന്യൂസ് ആഗസ്റ്റ് 14, 2024).

സമാനസംഭവങ്ങള്‍ മുന്‍കാലങ്ങളിലും:

ഇത് ആദ്യമല്ല പാക് പരാമര്‍ശമുള്ള ബലൂണുകള്‍ രാജ്യത്ത് കണ്ടെത്തുന്നത്. 2022 ജനുവരിയില്‍ വടകരയില്‍നിന്നു സമാനമായ ബലൂണുകള്‍ കണ്ടെടുത്തിരുന്നു. അഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ബലൂണുകളിലാണ് ഐ ലൗ പാകിസ്താന്‍, ഐ ലൗ അഫ്ഗാനിസ്താന്‍ തുടങ്ങിയ മുദ്രാവാക്യവും പാക് പതാകയുടെ ചിഹ്നങ്ങളും പതിച്ചിരുന്നത്. പച്ച നിറത്തിലുള്ള ബലൂണില്‍ പാകിസ്താന്‍ പതാക മാതൃകയില്‍ ചന്ദ്രക്കലയും എഴുത്തും പ്രിന്റ് ചെയ്തിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനായി ബലൂണ്‍ വാങ്ങാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയ അഴിയൂര്‍ സ്വദേശിക്കാണ് ബലൂണ്‍ കിട്ടിയത്. ഭീകരവാദ സംഘടനകളുടെ സ്വാധീനം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യുമ്പോള്‍ സംഭവം ദുരൂഹത ഉയര്‍ത്തുന്നുവെന്ന് ജന്മഭൂമിയുടെ വാര്‍ത്തയില്‍ പറയുന്നു (ജന്മഭൂമി ജനുവരി 21, 2022)

2023ല്‍ ലൗ പാകിസ്താന്‍ എന്നെഴുതിയ ബലൂണുമായി മഹാരാഷ്ട്രയിലെ ഈദ് ഗാഹിനു പുറത്ത് നിന്ന യുവാവിനെ വിശ്വാസികള്‍ പൊലിസില്‍ ഏല്‍പ്പിച്ച സംഭവമുണ്ടായി. ഒരു വില്‍പ്പനക്കാരനാണ് ബലൂണുകളുമായി പള്ളിയുടെ അടുത്ത് നിന്നത്. ബലൂണില്‍ പാകിസ്താന്റെ പതാകയുമുണ്ടായിരുന്നു. അജയ് എന്നാണ് ബലൂണ്‍ വില്‍പ്പനക്കാരന്റെ പേര്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിദ്വേഷം പടര്‍ത്താനും മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ബലൂണ്‍ വില്‍പ്പനയെന്ന് ട്വിറ്ററില്‍ അഭിപ്രായമുയര്‍ന്നു. ഈദ്ഗാഹിന് സമീപം ബലൂണ്‍ വില്‍പ്പന നടത്തിയതിലൂടെ മുസ്ലിംകളെ കുറ്റക്കാരാക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും വില്‍പ്പനക്കാരന്‍ അകത്തായതോടെ പരിപാടി പൊളിഞ്ഞെന്നും ചിലര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ഈ ബലൂണുകളുണ്ടാക്കിയവര്‍ക്കും വില്‍പ്പന നടത്തിയവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് മറ്റു ചിലര്‍ ആവശ്യപ്പെട്ടു. (2023 ജൂണ്‍ 30, മീഡിയവണ്‍). രാജ്യത്തെ പല പ്രദേശങ്ങളിലും പല കാലത്തും സമാനസംഭവങ്ങള്‍ നടന്നിട്ടുണ്ട്.

പൊലിസ് വിശദീകരണം:

എന്നാല്‍, സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പൊലിസിന്റെ നിലപാട്. പാക് പതാകയുമായെത്തിയ ബലൂണ്‍ മുംബൈയിലെ ഏജന്റ് വഴി ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. വലിയ തോതിലാണ് ബലൂണുകള്‍ എത്തുന്നത്. പാകിസ്താനിലേക്ക് പോകേണ്ട ബലൂണുകള്‍ തെറ്റി ഇന്ത്യയിലേക്ക് വന്നതാണെന്നാണ് 2022ലെ വടകര സംഭവത്തില്‍ പൊലിസ് കണ്ടെത്തിയത്. (ആഗസ്റ്റ് 14, 2024, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)

ഹാരിസ് ബീരാന്‍, തടവുകാരുടെ അവകാശം, പോപുലര്‍ഫ്രണ്ട്:

ഈ മാസം പത്താം തിയ്യതി രാജ്യസഭയിലെ ലീഗ് എം.പി അഡ്വ. ഹാരിസ് ബീരാന്‍ ഗൗരവമായ ഒരു ഇടപെടല്‍ നടത്തി. ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്നവര്‍ക്ക് ജീവിത പങ്കാളികളെ സന്ദര്‍ശിക്കുന്നതിനായി അവകാശം കൊടുക്കുന്നത് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു: ''ഇണകള്‍ക്ക് പരസ്പരം സഹവസിക്കാനും അടുത്തിടപഴകാനുമുള്ള അവകാശമുണ്ട്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ പരിധിയില്‍, തടവുകാരുടെ ഇത്തരത്തിലുള്ള സന്ദര്‍ശനം വരുമോ എന്നാണ് പരിശോധിക്കേണ്ടത്. വിചാരണ കാത്ത് കഴിയുന്നവര്‍ ഉള്‍പ്പടെ 5,73,220 തടവുകാരാണ് രാജ്യത്തുള്ളത്''. 'ശിക്ഷ നല്‍കല്‍ മാത്രമല്ല, നവീകരണത്തിന്റെ ഇടം കൂടിയാണ് ജയിലുകള്‍. ജീവിതപങ്കാളികളുമായി അടുത്തിടപഴകാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് അവരുടെ മനോനിലയെ കാര്യമായി തന്നെ ബാധിക്കും. നിരാശ, വിഷാദം, പെരുമാറ്റ ദൂഷ്യം എന്നിവയിലേക്കൊക്കെ നയിക്കും. എന്നാല്‍, സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനും വൈകാരികമായൊരും അടുപ്പം സൃഷ്ടിക്കപ്പെടാനും സഹായിക്കും. ഇക്കാര്യം പുനരധിവാസത്തിന് ഏറെ സഹായകമാകും. ജയിലുകള്‍ക്കുള്ളിലെ ലൈംഗിക അതിക്രമങ്ങള്‍ കുറയ്ക്കാനും മാനസികമായി കരുത്ത് നേടാനും സന്ദര്‍ശനം കൊണ്ട് കഴിയും. (ആഗസ്റ്റ് 10, 2024, മാതൃഭൂമി). കാനഡ, സ്പെയിന്‍, ജര്‍മനി, യുഎസിലെ ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോപുലര്‍ ഫ്രണ്ടിനുവേണ്ടിയുള്ള നീക്കം:

ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ ഉയര്‍ത്തിയ ആവശ്യത്തെ സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങള്‍ മറ്റു തരത്തിലാണ് വ്യാഖ്യാനിച്ചത്. പ്രതികളുടെ ലൈംഗിക സംതൃപ്തിക്കുവേണ്ടിയുള്ളതാണ് ഹാരിസ് ബീരാന്റെ ആവശ്യമെന്നായിരുന്നു വ്യാഖ്യാനം. എബിസി മലയാളം ആഗസ്റ്റ് 12, 2024ന് പുറത്തുവിട്ട ചര്‍ച്ചാ വീഡിയോയില്‍ പങ്കെടുത്തവര്‍ ഇങ്ങനെയാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്. പോപുലര്‍ ഫ്രണ്ട്കാര്‍ക്കുവേണ്ടിയാണ് ഹാരിസ് ബീരാന്‍ ഇപ്പോള്‍ ഈ ആവശ്യം ഉയര്‍ത്തിയെന്നും പറയുന്നു:

രാജ്യത്തെ ജയിലുകളില്‍ ഭാര്യമാരെയും ഒപ്പം കട്ടിലും അനുവദിക്കണമെന്നു കേള്‍ക്കുന്നു. പച്ചമലയാളത്തില്‍ ലൈംഗികബന്ധത്തിനുള്ള അവകാശമെന്നാണ് അര്‍ഥം. ഇണകള്‍ക്ക് പരസ്പരം സഹവസിക്കാനുള്ള അവകാശം വേണമെന്നാണ് പറയുന്നത്. അത് നിഷേധിച്ചാല്‍ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ്. ജയിലിലുള്ള ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ക്കും ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ക്കും ജയിലിലെത്തി അവരുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്നാണ് പറയുന്നത്. കേള്‍ക്കുമ്പോള്‍ പുരോഗമന ചിന്തയായി തോന്നും. മനുഷ്യാവകാശപരമായും തോന്നും. ഇതുവരെ നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു ചിന്ത ഉണ്ടായിട്ടില്ല. ആദ്യമായാണ്.

അതിലൊരു സൂത്രമുണ്ട്. സമീപകാലത്താണ് ഹാരിസ് ബീരാന് വലിയ താല്‍പര്യമുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിക്കപ്പെട്ട് ജയിലിലായിട്ടുള്ളത്. പോപുലര്‍ ഫ്രണ്ടുകാര്‍ എന്നു പറയും. അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാര്‍ക്കുവേണ്ടിയൊന്നുമല്ല പറയുന്നത്. മുഴുവന്‍ പേര്‍ക്കുമാണ്. അങ്ങനെ പറഞ്ഞാല്‍ പോപുലര്‍ ഫ്രണ്ടുകാര്‍ക്കു കിട്ടുമല്ലോ. അവര്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിനടന്നവരാണല്ലോ. അവര്‍ ദാമ്പത്യ അവകാശം എക്കാലത്തും പുലര്‍ന്നുകിട്ടാന്‍ പ്രവര്‍ത്തിച്ചവരാണല്ലോ. പാലക്കാട്ടെ ശ്രീനിവാസന്‍. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്നല്ലോ. ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു. ദാമ്പത്യബന്ധത്തിലുണ്ടായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ അദ്ദേഹത്തെയും ആലപ്പുഴയില്‍ വീട്ടില്‍ എല്ലാവരുടെയും മുന്നില്‍വച്ച് വെട്ടിക്കൊന്നു.

ദാമ്പത്യ അവകാശം പോലെത്തന്നെയാണ് കുടുംബാവകാശവും. ഇന്ന് ദാമ്പത്യാവകാശത്തെ കുറിച്ച് പറഞ്ഞ് നാളെ കുടുംബാവകാശവും പറയും. വീട്ടുകാരെ ജയിലിലാക്കാന്‍ കഴിയാത്തതുകൊണ്ട് ജയിലിലെ തടവുശിക്ഷയ്ക്കു പകരം വീട്ടുതടങ്കലിലാക്കും. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം എല്ലാ ജയിലിലും കട്ടിലും കിടക്കയും തലയിണയും അനുവദിച്ചുകൊടുക്കേണ്ടതാണ്. ഭാര്യമാരെ ഒന്നോ രണ്ടോ ദിവസമോ അല്ലെങ്കില്‍ ആഗ്രഹം തോന്നുമ്പോഴൊക്കെയോ കൂടെ പാര്‍പ്പിക്കേണ്ടിവരും. ജയിലില്‍ കിടക്കുന്ന ആള്‍ക്ക് വംശവര്‍ധനവിനുള്ള അവകാശവും നിഷേധിക്കാനാവില്ലല്ലോ. നാളെ നഴ്സറി, കിന്റര്‍ഗാര്‍ഡന്‍, ക്രഷ് ഇതൊക്കെ ജയിലില്‍ ആലോചിക്കാം.

2047ല്‍ ഇന്ത്യയിലെ ഭരണം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പിഎഫ്ഐക്കാരെ ഒരൊറ്റ രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ അമിത് ഷായുടെ പിള്ളാര് പിടിച്ചുകൊണ്ടുപോയി. നിലവിളിക്കാന്‍ പോലും സമയം കിട്ടിയില്ല. എന്തൊക്കെയായിരുന്നു. ഇപ്പോള്‍ പോയിടത്ത് പുല്ല് കിളിര്‍ത്തിട്ടില്ല. അവരെവിടെയാണെന്നോ എന്നു പറത്തുവരുമെന്നോ അറിയില്ല. ഇങ്ങനെ ചെയ്തവര്‍ക്കു വേണ്ടി പരസ്യമായി പറയാന്‍ പറ്റില്ല. അതുകൊണ്ട് മുഴുവന്‍ പേര്‍ക്കുമെന്ന നിലയിലാണ് ഹാരിസ് ബീരാന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വാഴ നനയുമ്പോള്‍ ചീരയും നനയുമല്ലോ. പോപുലര്‍ ഫ്രണ്ടുകാരുടെ വസ്തു അറ്റാച്ച് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തിടുക്കം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി പോലും പറഞ്ഞത്... (ജയിലില്‍ ഡിങ്കോള്‍ഫി സൗകര്യം വേണമെന്ന് വക്കീല്‍, എബിസി മലയാളം ചാനല്‍, ആഗസ്റ്റ് 12, 2024). നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതേ മട്ടില്‍ പരിഹസിച്ചുകൊണ്ടാണ് വാര്‍ത്തകള്‍ നല്‍കിയത്.


എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് നോമിനി!

എന്നാല്‍, ഹാരിസ് ബീരാനെ പോപുലര്‍ ഫ്രണ്ടുമായി ചേര്‍ത്തുവച്ച് വാര്‍ത്ത നല്‍കുന്നത് ഇതാദ്യമായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മുതല്‍തന്നെ ധാരാളം മുസ്ലിംവിരുദ്ധവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജ്യസഭാ സീറ്റുകള്‍ മുസ്ലിംകള്‍ കയ്യടക്കിവച്ചിരിക്കുകയാണെന്നും എല്ലാ പാര്‍ട്ടികളും മത്സരിപ്പിക്കുന്നത് മുസ്ലിംകളെയാണെന്നുമായിരുന്നു ഒരു വാര്‍ത്ത. ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയും പിന്നീട് എംപിയുമായി മാറിയ ഹാരിസ് ബീരാന്‍ പിഎഫ്ഐ നോമിനിയാണെന്നാണ് മറ്റൊരു ആങ്കിള്‍.

കര്‍മാ ന്യൂസിന്റെ വാര്‍ത്ത പരിശോധിക്കൂ: ഒഴിവു വന്ന രാജ്യസഭാ സീറ്റില്‍ ഒരെണ്ണം കോണ്‍ഗ്രസ്സും രണ്ടെണ്ണം ഇടതുമുന്നണിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ രാജ്യസഭയില്‍ ഒമ്പത് എംപിമാരാണ്. ഇതില്‍ എല്‍ഡിഎഫിന് അഞ്ചും മൂന്നെണ്ണം യുഡിഎഫിനുമാണ്. യുഡിഎഫിന്റെ മൂന്നില്‍ രണ്ടും കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് കൈമാറി. ലീഗിനെ തൃപ്തിപ്പെടുത്താനും മുസ്ലിം സമുദായത്തെ സംതൃപ്തരാക്കാനും വേണ്ടി ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് രാജ്യസഭയില്‍ ഒരു സീറ്റ് മാത്രമെടുത്ത് ഒതുങ്ങി നില്‍ക്കുകയായിരുന്നു. മുസ്ലിംലീഗ് രാഷ്ട്രീയക്കാരനല്ലാത്ത സുപ്രീംകോടതി അഭിഭാഷകന് ഈ സീറ്റ് നല്‍കി. അതായത് കോണ്‍ഗ്രസ്സില്‍ നിന്ന് സീറ്റ് പിടിച്ചുവാങ്ങിയെങ്കിലും ലീഗിന്റെ ഒരു നേതാവും രാജ്യസഭയിലെത്തിയില്ലെന്നു മാത്രമല്ല, രാഷ്ട്രീയത്തിലില്ലാത്ത ആള്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. ഹാരിസ് ബീരാന്‍ പോപുലര്‍ ഫ്രണ്ടിന്റെ കേസുകളില്‍ കോടതിയില്‍ ഹാജരായ ആളാണ്. പാലാരിവട്ടം പാലം കേസില്‍ പ്രതിയും മുന്‍ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്റെ സഹോദരപുത്രനാണ്. ഹാരിസ് ബീരാന്റെ നിയമനത്തില്‍ ആശംസകളുമായെത്തിയവരെ ശ്രദ്ധിച്ചാല്‍ അത് മുസ്ലിം സമുദായത്തില്‍ ആവേശമുണ്ടാക്കിയെന്നു മനസ്സിലാവും. ഹാരിസ് ബീരാന് ആശംസയുമായെത്തിയവരില്‍ കെ.ടി ജലീല്‍, തീവ്രനിലപാട് സ്വീകരിക്കുന്ന ആബിദ് അടിവാരം, പിന്നെ എസ്ഡിപിഐ നേതാക്കളും ഉണ്ടായിരുന്നു.

പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കുവേണ്ടി സ്ഥിരം ഹാജരാവുന്ന കപില്‍ സിബലും ആശംസയുമായെത്തി. അഖില-ഹാദിയ കേസിലും സിദ്ദിഖ് കാപ്പന്‍ കേസിലും കപില്‍ സിബലും ഹാരിസ് ബീരാനും പോപുലര്‍ ഫ്രണ്ടിനുവേണ്ടി ഹാജരായിരുന്നു. മീഡിയവണ്‍, മുത്തലാഖ് കേസുകളിലും ഹാരിസ് ബീരാന്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. പോപുലര്‍ ഫ്രണ്ട് നേതാവ് പി. കോയക്കും ലീഗിന്റെ പാണക്കാട് തങ്ങള്‍ക്കും ഒരു പോലെ സ്വീകാര്യനാണ് അദ്ദേഹം. കെ.ടി ജലീലിലൂടെ സിപിഎമ്മിലെ പഴയ സിമി വിഭാഗത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐക്ക് ഫലത്തില്‍ രാജ്യസഭയില്‍ ഒരു സീറ്റ് സമ്മാനിച്ചിരിക്കുകയാണ് ലീഗ്. ലീഗിന് അര്‍ഹതപ്പെട്ട എംപി സ്ഥാനം പാര്‍ട്ടിയ്ക്കു വേണ്ടി അധ്വാനിക്കുന്നവര്‍ക്ക് നല്‍കിയില്ലെന്ന വിമര്‍ശനവുമുയരുന്നു. (ഹാരിസ് ബീരാന്‍ എംപി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വക്കീല്‍, രാജ്യസഭാ എം.പി, കര്‍മാ ന്യൂസ് ജൂണ്‍ 19, 2024)

'പോപ്പുലര്‍ ഫ്രണ്ടിന്റെ ഇഷ്ടതോഴന്‍ ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ എത്തുമ്പോള്‍' എന്നായിരുന്നു ജന്മഭൂമിയുടെ വാര്‍ത്ത. യുഡിഎഫില്‍ മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ചത് പോപുലര്‍ ഫ്രണ്ട് അണികളെ പ്രീതിപ്പെടുത്താനെന്ന ആരോപണം ശക്തമാകുന്നുവെന്നും പത്രം എഴുതി: പോപുലര്‍ ഫ്രണ്ട് സക്കീര്‍ നായിക് ആശയ പ്രചാരകനായ ആബിദ് അടിവാരം മുതല്‍ സിപിഎമ്മിലെ സിമി ലോബിയെ നയിക്കുന്ന കെടി ജലീല്‍ വരെ ലീഗ് തീരുമാനം സ്വാഗതം ചെയ്തിരിക്കുകയാണ്. എസ്ഡി പിഐ സോഷ്യല്‍ മീഡിയ പോരാളിയും ആബിദ് അടിവാരത്തിന്റെ ശിഷ്യയുമായ ശ്രീജ നെയ്യാറ്റിന്‍കരയുമായുള്ള കൂടിക്കാഴ്ചയുടെ പിന്നാലെയാണ് ഹാരിസിനു പരസ്യ പിന്തുണയുമായി കെ.ടി ജലീല്‍ രംഗത്തെത്തിയത്. കെ.ടി ജലീലിലൂടെ സിപിഎമ്മിലെ ജിഹാദി ഗ്രൂപ്പിന്റെ പിന്തുണയും ഹാരിസ് ബീരാനുണ്ട്. (ജൂണ്‍ 14, 2024, ജന്മഭൂമി).

ഒരു വിഭാഗത്തെ ക്രിമിനല്‍വത്കരിക്കുകയും പിന്നീട് മറ്റു വിഭാഗങ്ങളെ അതുമായി സമീകരിക്കുകയും ചെയ്യുന്നത് ഇസ്ലാമോഫോബിയയുടെ രീതിശാസ്ത്രമാണ്. ഹാരിസ് ബീരാന്റെ സ്ഥാനാര്‍ഥിത്വത്തെയും എംപി സ്ഥാനത്തെയും കൈകാര്യം ചെയ്ത രീതി ശ്രദ്ധിച്ചാല്‍ അതുമനസ്സിലാവും. ഹാജരായ കേസുകളുടെ കണക്കുകളെടുത്ത് അദ്ദേഹത്തെ പിഎഫ്ഐയുടെ വക്കീലായി ചിത്രീകരിക്കുകയും പിന്നീട് അതിനെ മുഴുവന്‍ മുസ്ലിം സമുദായത്തിനും ബാധകമാക്കുകയും സ്ഥാനാര്‍ഥിത്വത്തെ പിഎഫ്ഐ താല്‍പര്യമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. സമുദായത്തിനകത്തെ വൈവിധ്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് മറ്റൊരു രീതി. അതും ഹാരിസ് ബീരാനെതിരേ ഉപയോഗിക്കുകയുണ്ടായി.

ഖാദര്‍ കമ്മിറ്റി: സ്ഥാപനവല്‍കൃത ഇസ്‌ലാമോഫോബിയ

2009ലെ വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനാണ് എസ്സിഇആര്‍ടി മുന്‍ ഡയറക്ടര്‍ ഡോ. എം.എ ഖാദര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 2017 സെപ്തംബറിലായിരുന്നു നിയമനം. കമ്മിറ്റി ഇതുവരെ രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. അവസാന റിപ്പോര്‍ട്ട് കഴിഞ്ഞ മാസം അവസാനത്തോടെ മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചു. നിരവധി നിര്‍ദേശങ്ങളുള്ള റിപ്പോര്‍ട്ടിലെ പ്രധാനമായ ഒരു നിര്‍ദേശം സ്‌കൂള്‍ പ്രവര്‍ത്തന സമയത്തിലുള്ള മാറ്റമാണ്. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്‌കൂള്‍ സമയം മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകിച്ചു. എന്നാല്‍, പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമയമാറ്റം പുരോഗമനപരമായ നിര്‍ദേശമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയതായി വാര്‍ത്തകളില്‍ കാണുന്നു. സമയമാറ്റ നിര്‍ദേശം പുരോഗമനപരമാണെന്നും എന്നാല്‍, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിന് അനുകൂലമായിട്ടില്ലെന്നും വിശദ ചര്‍ച്ചക്കു ശേഷം തീരുമാനമെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടത്രെ. (മാധ്യമം, ആഗസ്റ്റ് 1, 2024)

സ്വാഭാവികമായും സമയമാറ്റത്തിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സംസ്ഥാനത്തെ പലയിടങ്ങളിലും മതപഠനസമയം രാവിലെയാണ് ആരംഭിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ 9.30വരെയാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനുശേഷമാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത്. എത്രയോ ദശകങ്ങളായി തുടരുന്നതാണ് അത്. ആ സംവിധാനത്തെ അസ്വസ്ഥമാക്കി പുതിയൊരു സമയത്തിലേക്ക് മാറണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഫലത്തില്‍ മുസ്ലിം സമുദായത്തെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. (സുപ്രഭാതം, ആഗസ്റ്റ് 2, 2024)

സ്വാഭാവികമായും ഇതിനെതിരേ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. പെട്ടെന്ന് നടപ്പാക്കില്ലെന്നാണ് അധികാരികള്‍ പറയുന്നത്. പെരുന്നാള്‍ ദിനത്തില്‍ പരീക്ഷ, വെള്ളയാഴ്ചകളില്‍ തെരഞ്ഞെടുപ്പ് എന്നിങ്ങനെ സമുദായങ്ങളുടെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും രീതികളെയും പരിഗണിക്കാത്ത നിരവധി തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ അടിക്കടി എടുത്തുകൊണ്ടിരിക്കുന്നുണ്ട്. അത്തരമൊരു നിര്‍ദേശമായി വേണം ഇതിനെയും കാണാന്‍. സ്ഥാപനവല്‍കൃത ഇസ്ലാമോഫോബിയയുടെ ഭാഗമാണ് ഇത്തരം ജാഗ്രതയോടല്ലാത്ത ശുപാര്‍ശകള്‍.

ഞെരിക്കപ്പെടുന്ന ക്രൈസ്തവര്‍:

എബിസി മലയാളം ന്യൂസ് യൂട്യൂബ് ചാനലില്‍ 'വെറും വഴിച്ചെണ്ട: കൃസ്ത്യാനിക്ക് ആരുമില്ല!' എന്ന തലക്കെട്ടില്‍ വടയാര്‍ സുനില്‍ പ്രൊഫ. എം.ടി തോമസുമായി ഒരു ചര്‍ച്ച നടത്തി. ക്രൈസ്തവ സമുദായം തകര്‍ച്ച നേരിടുകയാണെന്നും അവരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നുമാണ് ഇരുവരും പറഞ്ഞുവയ്ക്കുന്നത്. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ബിജെപിയൊഴിച്ച് ആരും സംസാരിക്കുന്നില്ല. എല്ലാവരെയും മുസ്ലിംകള്‍ പണം കൊടുത്ത് സ്വാധീനിച്ചു കഴിഞ്ഞു. എല്ലാവരും അവരെ മാത്രം സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്, തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍.

ക്രൈസ്തവര്‍ നിസ്സഹായര്‍:

കേരളത്തിലെ പ്രബല സമുദായമായ ക്രൈസ്തവര്‍ ആരും സഹായിക്കാനില്ലാത്ത നിസഹായാവസ്ഥയിലാണെന്ന് ഇരുവരും കരുതുന്നു. മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഒരു സംഭവം ഉണ്ടായി. അവിടെ നിസ്‌കരിക്കാന്‍ മുറിവേണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐയും എംഎസ്എഫും സമരം നടത്തി. ഒരു പത്രത്തിലും വാര്‍ത്തയില്ല. മാതൃഭൂമിയില്‍ ഒരു ചെറിയ ബിറ്റ് മാത്രം. സഭയെ ഒന്ന് സഹായിക്കാന്‍ ആരുമില്ല. നേരത്തെ ഒരു കാലത്ത് എല്ലാ രംഗത്തും നിര്‍ണായക സ്വാധീനമുണ്ടായിരുന്നതാണ് ക്രൈസ്തവ സഭ. ഇപ്പോള്‍ ആര്‍ക്കും വേണ്ട, വഴിയാധാരമായി. കേരളത്തിലെ ക്രൈസ്തവ സഭ വഴിച്ചെണ്ടയായി. ആര്‍ക്കും കേറി എങ്ങനെയും കൊട്ടാം.

പണം കൊടുത്ത് വശത്താക്കുന്നു:

മുസ്ലിംകള്‍ പണം കൊടുത്ത് വശത്താക്കുന്നതുകൊണ്ടാണ് ക്രൈസ്തവര്‍ രക്ഷപ്പെടാത്തത്: മനോരമക്ക് ഈയിടെ ഏകദേശം പത്തിലേറെ തവണയാണ് ഒരു ജ്വല്ലറിയുടെ പരസ്യം ജാക്കറ്റ് എഡിഷന്‍ വന്നത്. ജാക്കറ്റ് എന്ന് പറഞ്ഞാല്‍ പത്രത്തിന്റെ ഒന്നാം പേജില്‍ വരുന്ന പരസ്യം. ഒന്നാം പേജില്‍ വരുന്ന പരസ്യത്തിന് സാധാരണ റേറ്റിനേക്കാള്‍ 200-250 പേര്‍സെന്റേജാണ് റേറ്റ് മേടിക്കുന്നത്. സാധാരണ പത്ത് രൂപയാണെങ്കില്‍ 25 രൂപ കൊടുക്കണം. അത്തരം പരസ്യങ്ങളൊക്കെ കിട്ടുന്നുണ്ട്. പക്ഷെ, കേരളത്തിലെ ക്രൈസ്തവ സഭയുടെ വികാരം ആരും കേള്‍ക്കുന്നില്ല.

കനത്ത അസഹിഷ്ണുത:

മുസ്ലിംകള്‍ക്ക് കനത്ത അസഹിഷ്ണുതയാണുള്ളത്: കാസര്‍കോഡ് ഒരു ആശുപത്രിയില്‍ ക്രിസ്മസ് സമയത്തോ മറ്റോ പുല്‍കൂട് ഒരുക്കിയിരുന്നു. ഒരാള്‍ വന്നിട്ട് ദൂരെ കളഞ്ഞിട്ട് പോയി. ഇതൊന്നും ഇവിടെ പറ്റില്ല എന്ന് പറഞ്ഞു. അത് ഒരു പത്രത്തിലും വന്നില്ല. സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് മാത്രമാണ് അറിഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മുക്കെതിരെ നിരന്തരം വാര്‍ത്ത കൊടുക്കുന്ന ഒരു പ്രോ ഇസ്ലാമിസ്റ്റ് ചാനലുണ്ട്. അവര്‍ ഇന്നലെ തന്നെ പറയുന്നു, ഇത് വിവാദമാക്കിയത് എബിസി ചാനലും ഷക്കീന ടിവി എന്ന് പറയുന്ന പള്ളിയുടെ ചാനലും ആണെന്ന്. നമ്മള്‍ ഇങ്ങനെ സംഭവം ഉണ്ടായി എന്ന് പറഞ്ഞത് പോലും തെറ്റാണ്. അല്ല എനിക്കൊരു സംശയം, പ്രധാനമായിട്ടും ഈ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ അങ്ങ് അനുവദിച്ചുകൊടുത്താല്‍ എന്താണ് കുഴപ്പം? ദേവാലയങ്ങളില്‍ അല്ല, വിദ്യാലയങ്ങളില്‍.

ഏക ആശ്രയം ബിജെപി:

ബിജെപി മാത്രമേ ഇപ്പോള്‍ ക്രിസ്ത്യന്‍സിന് വേണ്ടി എന്തെങ്കിലും പറയാറൊള്ളു. എല്‍ഡിഎഫും യുഡിഎഫുമൊക്കെ തമ്മില്‍ മത്സരമാണ്. കേരള കോണ്‍ഗ്രസിന് ധൈര്യമില്ല. മുസ്‌ലിം ലീഗിന് ക്രിസ്ത്യന്‍സിന്റെ ബാധ്യത എടുക്കേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ് ഒരുപാടുണ്ട്. അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാനാണ് അവരൊക്കെ നോക്കുന്നത്. കേരള കോണ്‍ഗ്രസ് ക്രൈസ്തവര്‍ക്കു വേണ്ടി സംസാരിക്കാറില്ല. യുഡിഎഫിന് കിട്ടുന്ന വോട്ടിനെ ബാധിക്കാത്ത രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റുമെങ്കിലേ ക്രിസ്ത്യന്‍സിന് വേണ്ടി അവര്‍ എന്തെങ്കിലും പറയുകയൊള്ളു. ഇന്ന് ക്രിസ്ത്യന്‍സിന് വേണ്ടി കേരളത്തില്‍ സംസാരിക്കുന്ന ഏക പൊളിറ്റിക്കല്‍ പാര്‍ട്ടി ബിജെപിയാണ്. മറ്റുള്ളവരുടെ സിംപതിയും താല്‍പര്യവുമൊക്കെ കിട്ടാന്‍ വേണ്ടി ക്രിസ്ത്യന്‍സിനെ ആവശ്യമില്ലെങ്കിലും കൊട്ടുന്ന ഒരു ടെന്റന്‍സിയിലേക്കാണ് മാറികൊണ്ടിരിക്കുന്നത്.

മുസ്ലിംകളുടെ മുഷ്‌ക്, എസ്എഫ്ഐ പിഎഫ്ഐയുടെ ബ്രാഞ്ച്:

നിസ്‌കാരവിവാദം മുസ്ലിംകളുടെ മുഷ്‌കിന്റെയും കുത്തിത്തിരിപ്പിന്റെയും ലക്ഷണമാണെന്നാണ് ചര്‍ച്ചയിലെ പൊതുഅഭിപ്രായം: അവര്‍ക്ക് (മുസ്ലിംകള്‍ക്ക്) സ്ഥാപനങ്ങളുണ്ട്. അവിടെ (നമസ്‌കാരം) നടത്താലോ. മുസ്‌ലിം കോളജുകളില്‍ എത്ര ഹിന്ദു ക്ഷേത്രങ്ങളുണ്ട്, എത്ര ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഏതെങ്കിലും കോളജുകളില്‍ ഈ സൗകര്യങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ടോ? അല്ലെങ്കില്‍ ആവശ്യപ്പെട്ടിട്ടുണ്ടോ, ആവശ്യപ്പെടാന്‍ ധൈര്യം കാണിച്ചിട്ടുണ്ടോ? ഉച്ച നേരത്ത് പ്രാര്‍ഥിക്കാനുള്ള ഒരു ത്വര ക്രിസ്ത്യാനിക്കും ഹിന്ദുവിനും ഇല്ല. മുസ്‌ലിംകള്‍ക്ക് മാത്രമേ ഒള്ളു. കോളജിന് മുന്നില്‍ തൊട്ടടുത്തായിട്ട് മൂന്ന് മസ്ജിദുകളുണ്ട്. അവിടെപ്പോയി നിസ്‌കരിക്കാന്‍ പറ്റില്ല. കാരണം, അവിടെ സ്ത്രീകളെ കയറ്റില്ല. അതുകൊണ്ട് ഇവിടെ വേണം. യഥാര്‍ഥത്തില്‍ ആ സമരം നടക്കേണ്ടത് ആ പള്ളികളിലാണ്. ഈ മൂന്ന് മസ്ജിദുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ആവശ്യപ്പെട്ടല്ലേ എസ്എഫ്‌ഐയും എംഎസ്എഫും സമരം ചെയ്യേണ്ടത്? എസ്എഫ്‌ഐ എന്ന് പറയുന്നത് പിഎഫ്‌ഐയുടെ ബ്രാഞ്ചായിട്ട് മാറി. അല്ലെങ്കില്‍ അഭിമന്യുവിനെ കൊന്ന ക്യാമ്പസ് ഫ്രണ്ടിന്റെ വേഷം മാറിയ രൂപമായി എസ്എഫ്‌ഐ മാറിയിരിക്കുകയാണ്. എസ്എഫ്‌ഐ എപ്പോഴും ആന്റി ക്രിസ്ത്യന്‍ സ്റ്റാന്റാണ് സ്വീകരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് എന്ന സ്ഥാപനമുണ്ട്. നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനമാണ്. അവിടെ ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. പിന്നെ അവിടെ കയറി തല്ലി നിരപ്പാക്കുകയായിരുന്നു ഈ സ്ഥാപനം. കൂട്ടിന് ഒരു മതസംഘടനയുമുണ്ടായിരുന്നു. ഒരു മതത്തില്‍പ്പെട്ട ആള്‍ക്കാര്‍. ഇത് നടന്ന സമയത്ത് തന്നെ തൊട്ടടുത്ത് വേറെയൊരു കോളജില്‍ വേറെയൊരു കുട്ടി ആത്മഹത്യ ചെയ്തു. എസ്എഫ്‌ഐ അറിഞ്ഞില്ല. കാരണം, അത് തല്ലിപ്പൊളിക്കാന്‍ കൂടെ നടന്നവരുടെ സമുദായം നടത്തുവന്നവരുടെ കോളജ് ആയിരുന്നു.

മുസ്ലിം പ്രീണനം:

സഭാ നേതൃത്വം ഒന്നൂടെ ഇതൊക്കെ കാര്യമായിട്ട് ശ്രദ്ധിക്കണം. അല്ലാതെ, ഇതിലൊക്കെ സൈലന്റായിട്ട് ഇരുന്നത് കൊണ്ട് കാര്യമില്ല. മാത്രമല്ല, എസ്എഫ്‌ഐയുടെ റോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുസ്ലിം ജനവിഭാഗത്തെയല്ല കുറ്റം പറയുന്നത്. ഫണ്ടമെന്റലിസ്റ്റുകളെയും തീവ്രവാദികളെയുമാണ് നമ്മള്‍ കുറ്റം പറയുന്നത്. മുസ്ലിം യൂത്ത് ലീഗ് ഉണ്ടല്ലോ. അവര്‍ക്ക് ഒരു ഉപദേശം കൊടുത്തിട്ടുണ്ട്. സാമുദായിക മൈത്രി ഇല്ലാതാക്കുന്ന ഒന്നും ചെയ്യരുതെന്ന്. അവര്‍ ഉത്തരവാദിത്വം കാണിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗും യൂത്ത് ലീഗും കാണിക്കുന്ന ഉത്തരവാദിത്വം എന്താ എസ്എഫ്‌ഐക്ക് കാണിക്കാന്‍ കഴിയാത്തത്. വര്‍ഗീയതകൊണ്ട് മുതലെടുക്കുന്ന ഒരു പാര്‍ട്ടി മാത്രമേ കേരളത്തിലൊള്ളു. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും എസ്എഫ്‌ഐയുമാണ്. അവര്‍ക്ക് മുസ്‌ലിംകള്‍ മാത്രം മതി കേരളത്തില്‍. അവരുടെ പ്രീതി മാത്രം മതി.

മുസ്‌ലിം വോട്ടുകള്‍ മുസ്‌ലിം ലീഗിന് മാത്രമായിട്ട് വേണ്ട, ഞങ്ങളും കുറേ എടുക്കട്ടെ എന്നാണ് അവരുടെ കാഴ്ചപ്പാട്. മുസ്‌ലിം പ്രീണനം നടത്തിയിട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പണി കിട്ടിയിട്ടും പാഠം പഠിച്ചിട്ടില്ല. അസംബ്ലിയിലോ ലോക്കല്‍ ബോഡിയിലോ പ്രതീക്ഷവെച്ചിട്ടാവാം. എന്തായാലും ഇങ്ങനെ ഈ പ്രീണിപ്പിക്കലൊക്കെ നടത്തിയിട്ട് സമാധാനം ഇല്ലാതാക്കുന്ന സാഹചര്യത്തില്‍ എസ്എഫ്‌ഐക്കും മേജര്‍ റോളുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവര്‍ ഇതേ കളിയാണ് കളിക്കുന്നത്.

ജീവദീപ്തിയുടെ ആശങ്ക:

2024 ആഗസ്റ്റില്‍ ക്രൈസ്തവ പ്രസിദ്ധീകരണമായ ജീവദീപ്തി സമാനമായ ഒരു പ്രതികരണം പങ്കുവച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ എന്നായിരുന്നു ഫാ. വിന്‍സെന്റ് വാര്യത്ത് എഴുതിയ ലേഖനത്തിന്റെ പേര്. വടക്ക് കിഴക്ക് ഇന്ത്യയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന സംഘ്പരിവാര്‍ പീഡനങ്ങളെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ച ലേഖകന്‍ പക്ഷേ, ലൗ ജിഹാദിലൂടെ മുസ്ലിംകള്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്നാണ് എഴുതിയത്.

ഇതേ പ്രസിദ്ധീകരണത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ച ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെ ലേഖനത്തിലാകട്ടെ തങ്ങള്‍ക്ക് ബിജെപിയിലുള്ള പ്രതീക്ഷ തുറന്നുപ്രകടിപ്പിക്കാന്‍ മറന്നിരുന്നില്ല. എല്‍ഡിഎഫിനെയും കോണ്‍ഗ്രസ്സിനെയും കടന്നാക്രമിച്ചുകൊണ്ട് ഏപ്രിലില്‍ എഴുതിയ ലേഖനത്തില്‍ ബിജെപിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടും തുറന്നു പ്രഖ്യാപിച്ചിരുന്നു: ബിജെപിക്ക് ഇനിയും അയിത്തം കല്‍പിക്കേണ്ടതില്ലെന്നും ലേഖനത്തില്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി പറയുന്നു. ബിജെപിയില്‍ അഴിമതിയില്ല എന്നുവേണം കരുതാന്‍ എന്ന് പറയുന്ന ലേഖനം പ്രധാനമന്ത്രിക്ക് വിദേശത്ത് ലഭിക്കുന്ന സ്വീകാര്യതയും വികസന പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അവകാശപ്പെടുന്നുണ്ട്. ബിജെപിക്ക് ഹിന്ദുത്വ അജണ്ടയുണ്ട്, എന്നാല്‍ നമ്മളെ പോലുള്ളവര്‍ കൂടുതലായി പാര്‍ട്ടിയിലെത്തിയാല്‍ ഹിന്ദുത്വ അജണ്ടയില്‍ മാറ്റം വരുത്തേണ്ടിവരും. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും ലേഖനം പറയുന്നു. (ഏപ്രില്‍ 18, 2024, ഫോര്‍ത്ത് ന്യൂസ്). ലത്തീന്‍ കത്തോലിക്ക വരാപ്പുഴ അതിരൂപതയുടെ മുഖപത്രമാണ് ജീവദീപ്തി.

ഒരു സമുദായമെന്ന നിലയില്‍ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷത്തിനും ഹിന്ദുത്വയുമായി അസന്നിഗ്ധമായ ഐക്യം സാധ്യമല്ലെന്നാണ് നിലപാടിലുള്ള പല തരത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമോഫോബിയയുടെ ചെളിക്കുണ്ടില്‍ വീണുപോകുമ്പോഴും സത്യം തുറന്നുപറയുന്ന നിരവധി പേര്‍ ഇപ്പോഴും ക്രൈസ്തവര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്. നിലപാടുകളിലെ ക്രൈസ്തവരുടെ വ്യത്യസ്തകളെക്കുറിച്ച് ഇതേ കോളത്തില്‍ നാം മുന്‍മാസങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു.

ന്യൂനപക്ഷങ്ങളും ന്യൂനപക്ഷ അവകാശങ്ങളും

ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ന്യൂനപക്ഷ അവകാശങ്ങള്‍ എന്താണെന്നും അതേകുറിച്ച് പൊതുബോധം എങ്ങനെ ചിന്തിക്കുന്നുവെന്നും തെളിയിക്കുന്ന രണ്ട് വിവാദങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഒന്ന് ഒരു ക്വാറിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്, രണ്ടാമത്തേത് ന്യൂനപക്ഷവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് കെ-ടെറ്റ് പരീക്ഷയില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്.

ക്വാറിപ്രശ്നം:

കരിങ്കല്‍ ക്വാറി നടത്തിപ്പിന് അനുമതി നല്‍കാമായിരുന്നിട്ടും സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി അതിനുള്ള അവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് ആലക്കോട് സ്വദേശി മാത്യു സംസ്ഥാന ന്യൂനപക്ഷ കമീഷനെ സമീപിച്ചു. യോഗ്യതയുണ്ടെന്ന് തെളിയിക്കാനാവശ്യമായ രേഖകളും പരാതിക്കാരന്‍ കമീഷന് നല്‍കി. പരാതിക്കാരന്റെ വാദം ഇങ്ങനെയായിരുന്നു: താന്‍ ആവശ്യപ്പെട്ട സ്ഥലത്തിന് ഏറെ അകലെയല്ലാതെ അതിനേക്കാള്‍ സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്വാറികള്‍ക്ക് അനുമതി നല്‍കിയ സമിതി തന്റെ കാര്യത്തില്‍ മാത്രം വിവേചനം നടത്തുകയാണ്. ഇത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന കല്‍പ്പിച്ചു നല്‍കുന്ന തുല്യനീതിയുടെ ലംഘനമാണ്.

പരാതി പരിഗണിച്ച ന്യൂനപക്ഷ കമീഷന്‍ രേഖകള്‍ പരിശോധിച്ച് ആവശ്യമായ പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനകം നല്‍കാന്‍ സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് നിര്‍ദേശം നല്‍കി. 2024 ജൂണ്‍ 27നാണ് എംസിഒപി നമ്പര്‍ 02/2024/ടിവിഎം നമ്പര്‍ പ്രകാരമുള്ള ഉത്തരവ് പുറത്തുവന്നത്.

കെ-ടെറ്റ്:

കേരളത്തിലെ ന്യൂനപക്ഷ വിദ്യാലയങ്ങളില്‍ 2012-2023 കാലയളില്‍ അധ്യാപകരായിരിക്കുകയും കെ-ടെറ്റ് യോഗ്യത ഇല്ലാതിരിക്കുകയും ചെയ്ത അധ്യാപകര്‍ക്ക് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ ന്യൂനപക്ഷ കമീഷനെ സമീപിച്ചിരുന്നു. ഇതേ കുറിച്ച് ആരാഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമീഷന്‍ കത്തയച്ചു. ന്യൂനപക്ഷസ്‌കൂളുകളിലെ യോഗ്യത പാസാകാത്ത അധ്യാപകരുടെ ആകെ വിവരങ്ങളും മറ്റു എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ വിവരങ്ങളും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന്റെ പുറത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിവരങ്ങള്‍ ആരാഞ്ഞ് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് കത്തയച്ചു. ഇതിനെതിരേ ദേശീയ അധ്യാപക പരിഷത്ത് പരാതി നല്‍കി. വിവാദമാവുമെന്നു തോന്നിയതുകൊണ്ടാവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പിന്‍വലിച്ചു (9 ആഗസ്റ്റ് 2024, ജന്മഭൂമി)

ക്വാറി വിവാദം:

കമീഷന്റെ ഉത്തരവ് വിവാദമാക്കിയവരുടെ വാദം ഇതാണ്: സംസ്ഥാനത്ത് ക്വാറി നടത്താന്‍ ന്യൂനപക്ഷത്തിന് പ്രത്യേക അവകാശമുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ പറഞ്ഞു. ഭരണഘടന പ്രകാരം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് ന്യൂനപക്ഷ കമീഷന്റെ ചുമതല. രാജ്യത്ത് ക്വാറി തുടങ്ങാന്‍ ഒരു ന്യൂനപക്ഷത്തിനും ഭരണഘടന പ്രത്യേക അവകാശം നല്‍കിയിട്ടില്ല. വിദ്യാഭ്യാസ അവകാശത്തിലും സ്ഥാപനങ്ങള്‍ നടത്തുന്നതിലും മാത്രമാണ് സംരംഭങ്ങളുടെ കാര്യത്തില്‍ അവകാശമുള്ളത് എന്നിരിക്കെയാണ് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദിന്റെ വിവാദ ഉത്തരവ്. മൂന്നു തരത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ഉത്തരവ് ചട്ടലംഘനം നടത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ക്വാറി നടത്താന്‍ ഭരണഘടനാപരമായ അവകാശമൊന്നുമില്ല. കമീഷന് ഒരു സര്‍ക്കാര്‍ സംവിധാനത്തോട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശിച്ച് ഉത്തരവ് കൊടുക്കാന്‍ അധികാരമില്ല. പരാതിക്കാരന്റെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പ്രദേശത്ത് ക്വാറിക്ക് കൊടുത്ത അനുമതിയില്‍ ട്രൈബ്യൂണലില്‍ കേസ് നടക്കുകയാണ്. എല്ലാ ചട്ടവും അധികാര പരിധികളും ലംഘിച്ച ന്യൂനപക്ഷ കമീഷന്റെ നടപടി പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. (ജന്മഭൂമി, ആഗസ്റ്റ് 28, 2024)

ന്യൂനപക്ഷ അവകാശങ്ങളില്‍ ക്വാറി ബിസിനസ് ഉള്‍പ്പെടുന്നില്ല. ഇത് ശരിവയ്ക്കുകയാണെങ്കില്‍ നാളെ യുവജനകമീഷന്‍ യുവജനങ്ങള്‍ക്ക് ക്വാറി നല്‍കണമെന്നു പറയും. വനിതാകമീഷന്‍ വനിതകള്‍ക്ക് ക്വാറി നല്‍കാന്‍ പറയും. (ഏഷ്യാനെറ്റ് ന്യൂസ്, നോബിള്‍ എം. പൈക്കട പരിസ്ഥിതി പ്രവര്‍ത്തകന്റെ ബൈറ്റ്, ആഗസ്റ്റ് 28, 2024)

കെ-ടെറ്റ് വിവാദം:

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരേ ഉയര്‍ന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്: കേരളത്തിലെ ന്യൂനപക്ഷ അധ്യാപകരെ കെ-ടെറ്റ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 2023 സെപ്തംബറില്‍ നടന്ന വിശേഷാല്‍ പരീക്ഷയിലും ജയിക്കാനാകാതെ ഏകദേശം നാലായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. നിയമനാംഗീകാരം ലഭിച്ചെങ്കിലും പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാത്തവരും ഇന്‍ക്രിമെന്റ്, ഗ്രേഡ് എന്നിവ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ചിലര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിച്ചെങ്കിലും തിരിച്ചടക്കേണ്ടി വരുമെന്ന ഭീഷണി നേരിടുകയാണ്. അത്തരം ഗുരുതരമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ മാത്രം കെ-ടെറ്റ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്. എലിജിബിലിറ്റി യോഗ്യതയില്‍ നിന്ന് ചില പ്രത്യേക മതവിഭാഗക്കാരെ മാത്രം ഒഴിവാക്കാന്‍ കഴിയില്ല. കേവലം ന്യൂനപക്ഷ പ്രീണനത്തിനപ്പുറം ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. കെ-ടെറ്റ് യോഗ്യതയില്‍ മത വിവേചനം ഒഴിവാക്കി എല്ലാവര്‍ക്കും ഈ ആനുകൂല്യം അനുവദിക്കണം. (വിശ്വസംവാദകേന്ദ്രം, ആഗസ്റ്റ് 8, 2024)

ന്യൂനപക്ഷ അവകാശങ്ങളും ഇസ്ലാമോഫോബിയയും:

മുകളില്‍ എഴുതിയ രണ്ട് സംഭവങ്ങളും മുസ്ലിംകളുമായി മാത്രം ബന്ധപ്പെട്ടതായിരുന്നില്ല, മൊത്തം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയമായിരുന്നു. എങ്കിലും ഇസ്ലാമോഫോബിക് വിശകലന ഘടനയുടെ അതേ മാതൃകയിലാണ് ഈ പ്രശ്നം പൊതുഇടത്തിലും സംഘ്പരിവാര്‍ സംഘടനകള്‍ക്കുള്ളിലും ചര്‍ച്ച ചെയ്യപ്പെട്ടതെന്നതുകൊണ്ടാണ് ഇവിടെ അത് പരാമര്‍ശിക്കേണ്ടിവന്നത്.

ക്വാറി പ്രശ്നത്തില്‍ പരിസ്ഥിതിയ്ക്കു നേരിട്ട ആഘാതം ശാസ്ത്രീയമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടോ പരിശോധനയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനോ അല്ല പരാതിക്കാരന്‍ ന്യൂനപക്ഷ കമീഷനെ സമീപിച്ചത്. മറ്റുള്ളവര്‍ക്ക് നല്‍കുന്ന നീതി അഥവാ തുല്യനീതിക്ക് തനിക്കും ഒരു ന്യൂനപക്ഷക്കാരന്‍ എന്ന നിലയില്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്. ന്യൂനപക്ഷക്കാരന്‍ എന്ന നിലയില്‍ തനിക്കെതിരേ വിവേചനം നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ക്വാറി നടത്താമോ അല്ലയോ എന്നതിലെ ശാസ്ത്രീയതയല്ല കമീഷന്റെ പരിശോധനക്ക് വിധേയമായത്. മറ്റുള്ളവര്‍ക്ക് നല്‍കുന്ന പരിഗണന അയാള്‍ക്കും ലഭിച്ചിട്ടുണ്ടോയെന്നാണ്. തുല്യപരിഗണന ലഭിച്ചിട്ടില്ലെന്ന് കമീഷന് ബോധ്യപ്പെടുകയും ചെയ്തു.

എന്നാല്‍, തികച്ചും വ്യത്യസ്തമായ ഒരു വ്യവഹാരത്തെ മാധ്യമങ്ങള്‍ അവതരിപ്പിച്ചത് സംസ്ഥാനത്ത് ക്വാറി നടത്താന്‍ ന്യൂനപക്ഷത്തിന് പ്രത്യേക അവകാശമുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ പറഞ്ഞുവെന്ന മട്ടിലാണ്. ന്യൂനപക്ഷ അവകാശങ്ങളില്‍ ക്വാറി ബിസിനസ് ഉള്‍പ്പെടുന്നുണ്ടോയെന്ന ഏഷ്യാനെറ്റ് വാര്‍ത്തയിലെ പരിസ്ഥിതിപ്രവര്‍ത്തകന്റെ ചോദ്യവും സമാനമാണ്.

കെ-ടെറ്റ് വിഷയമാകട്ടെ കുറച്ചുകൂടെ സങ്കീര്‍ണവും വ്യത്യസ്തവുമാണ്. 2012-13 കാലത്ത് കെ-ടെറ്റ് നിലവിലുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ തന്നെ നല്‍കിയ ഇളവുകളില്‍ പലരും ജോലിയില്‍ പ്രവേശിച്ചിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധിയുടെ ഭാഗമായി പരീക്ഷാനടത്തിപ്പിലും വീഴ്ചയുണ്ടായി. ഒടുവില്‍ 2023ല്‍ സര്‍ക്കാര്‍ പ്രത്യേക പരീക്ഷ നടത്തിയെങ്കിലും കുറച്ചുപേര്‍ പിന്നെയും ബാക്കിയായി. അത് ഏകദേശം നാലായിരത്തോളം വരും. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷവിഭാഗങ്ങളിലെ അധ്യാപകര്‍ ന്യൂനപക്ഷ കമീഷനെ സമീപിച്ചത്. അതുപ്രകാരമാണ് കമീഷന്‍ കത്തയച്ചത്. കമീഷന്‍ ന്യൂനപക്ഷ അധ്യാപകരുടെ എണ്ണം മാത്രമല്ല, എല്ലാ എയ്ഡഡ് സ്‌കൂളുകളിലെയും ഇത്തരത്തിലുള്ള അധ്യാപകരുടെ വിവരവും ആരാഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിലും മൂന്നാം പോയിന്റായി ഈ ചോദ്യമാണ് ചോദിച്ചിരുന്നത്. എയ്ഡഡ് അധ്യാപകരെന്ന വിഭാഗത്തില്‍ മുസ്ലിംകളും ക്രൈസ്തവരും മാത്രമല്ല, ഈഴവരും നമ്പൂതിരിമാരും നായന്മാരും ഉള്‍പ്പെടും. മറ്റ് അധ്യാപര്‍ക്കും ഇതുപോലെയുള്ള പ്രശ്നപരിഹാര സംവിധാനങ്ങള്‍ തേടാവുന്നതാണ്.

ന്യൂനപക്ഷ കമീഷന്‍ പരിശോധിക്കുന്നത് മതപരമായ പ്രശ്നങ്ങളും വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളുമാണെന്നാണ് പൊതുധാരണ. ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടറും ഇക്കാര്യം സൂചിപ്പിച്ചു. ന്യൂനപക്ഷപ്രശ്നം എന്നത് വിദ്യാഭ്യാസത്തിലോ മതത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ഭൂരിപക്ഷസമുദായങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയും സൗകര്യങ്ങളും സാധ്യതകളും അവകാശങ്ങളും ന്യൂനപക്ഷസമൂഹത്തിലെ അംഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഇല്ലെങ്കില്‍ അത് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയുമാണ് ന്യൂനപക്ഷ കമീഷന്റെ ചുമതല. അതുകൊണ്ടുതന്നെ അത് പൗരരുടെ എല്ലാ വ്യവഹാരമേഖലയെയും സ്പര്‍ശിക്കുന്നു. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നീതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് തോന്നുന്ന ന്യൂനപക്ഷ വിഭാഗത്തിലുള്ള ഏതൊരു വ്യക്തിക്കും ന്യൂനപക്ഷകമീഷനെ സമീപിക്കാം.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്ലാം, കമാല്‍ വേങ്ങര)




TAGS :