Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 12 April 2022 6:42 AM GMT

പാകിസ്താന്‍: വാഴുമോ ശഹബാസ്

ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായിരിക്കുന്നു. സ്ഥാനാരോഹിതനായ പുതിയ പ്രധാനമന്ത്രി ശഹബാസ് ശരീഫിന് മുന്നിലെ വെല്ലുവിളികളെന്തൊക്കെയാണ്?

പാകിസ്താന്‍:   വാഴുമോ ശഹബാസ്
X
Listen to this Article

കലുഷിത രാഷ്ട്രീയത്തിന് എന്നും വിളനിലമാണ് പാകിസ്താന്‍. സ്വാതന്ത്ര്യത്തിനു ശേഷം ഇന്നോളം ഒരു ഭരണകൂടവും അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ചരിത്രമില്ല. ഇപ്പോള്‍ ഇതാ ഇമ്രാന്‍ ഖാനും അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പുറത്തായി. പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നു. രാജ്യം നേരിടുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും പുതിയ ബജറ്റ് ഉടനെയുണ്ടാകുമെന്നും ശഹബാസ് ശരീഫ് രാജ്യത്തെ അറിയിച്ചു. വലിയ അനിശ്ചിതത്വങ്ങള്‍ക്കും നിയമപരമായ ഇടപെടലുകള്‍ക്കും ഒടുവിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ അഹമ്മദ് ഖാന്‍ നിയാസി പുറത്താകുന്നത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിലധികം നീണ്ടുനിന്ന നാടകീയമായ സംഭവവികാസങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധിക്കും തല്‍കാലം അയവുണ്ടാകുമെങ്കിലും സുസ്ഥിരമായ രാജ്യത്തിനു വേണ്ടിയുള്ള ജനാധിപത്യപരമായ പരിഹാരമാകുന്നില്ല. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന 2023 ആഗസ്റ്റ് വരെ ഷഹബാസ് ശരീഫിനു ഭരിക്കാന്‍ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന അവിശ്വാസപ്രമേയം തള്ളിക്കൊണ്ട് പാര്‍ലമെന്റ് പിരിച്ച് വിടാന്‍ ഇമ്രാന്‍ഖാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത് പ്രതിപക്ഷം നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇടപെട്ട് അവിശ്വാസപ്രമേയം വോട്ടിനിടുകയായിരുന്നു. അവിശ്വാസ പ്രമേയത്തില്‍ ഭരണപക്ഷത്തിനു ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇമ്രാന്‍ ഖാന് പദവിയൊഴിയാതെ മറ്റു വഴികളില്ലാതായി. 2018 ല്‍ അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്‍ തുടക്കം മുതലേ ചൈനയോട് ചാഞ്ഞ് നിന്നു. ആദ്യം അമേരിക്കയോട് അടുപ്പത്തിലായിരുന്നെങ്കിലും ക്രമേണ അകലം പാലിക്കുകയും ചെയ്തു. അവസാന നിമിഷം വരെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ സകല പഴുതുകളും പ്രയോഗിച്ചെങ്കിലും ജുഡീഷ്യറിയുടെ ഇടപെടലുനു മുന്നില്‍ എല്ലാ വഴികളും അടയുകയായിരുന്നു. 342 സീറ്റുള്ള നാഷനല്‍ അസംബ്ലിയില്‍ 174 വോട്ടുകള്‍ നേടിയാണ് ശഹബാസ് ശരീഫ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

കുരിക്കിലകപ്പെട്ട ജനാധിപത്യം

വര്‍ഷങ്ങളോളം പാകിസ്താന്‍ രാഷ്ട്രീയത്തില്‍ തുടര്‍വാഴച്ച നടത്തിയിരുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ തകിടം മറിച്ചിട്ടാണ് ക്രിക്കറ്റിലെ നായകന്‍ രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചു കയറി വന്നത്. എന്നാല്‍, 220 മില്യണ്‍ ജനതയുള്ള പാകിസ്താന്റെ ജനാധിപത്യം കുരിക്കിലകപ്പെടുത്തിയാണ് ക്ലീന്‍ ബൗള്‍ഡായി ഇമ്രാന്‍ ഖാന്‍ ക്രീസ് വിടുന്നത്. അവിശ്വാസ പ്രമേയം നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുക, വൈദേശിക ഗൂഡാലോചനയെന്ന് മുദ്രകുത്തി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ അവസാനം വരെയുള്ള ശ്രമം, പുറത്താകുന്നതിനു തൊട്ട് മുമ്പ് സൈനികമേധാവിയെ മാറ്റാനുള്ള നടപടികള്‍, തന്റെ രാഷ്ട്രീയം ഭാവി തൂക്കിലാകുമെന്ന് ഉറപ്പായതോടെ പാര്‍ലമെന്റ് പിരിച്ച് വിടാന്‍ നല്‍കിയ നിര്‍ദേശം തുടങ്ങിയവയെല്ലാം ഇമ്രാന്‍ ഖാന്‍ കൂട്ടാളികളോടൊപ്പം ഒരുക്കിയ വലിയ നാടകമായിരുന്നുവെങ്കിലും പാകിസ്താന്‍ പോലുള്ള ഒരു രാജ്യത്തിന്റെ ജനാധിപത്യത്തെയാണ് മുറിവേല്‍പ്പിച്ചത്.

വൈദേശിക ഗൂഢാലോചനയെന്നത് വെറും പുകമറയാണെന്നും യഥാര്‍ഥ കാരണം ആഭ്യന്തരമാണെന്നുമുള്ള നിരീക്ഷണവുമുണ്ട്. പാകിസ്താനില്‍ സൈന്യത്തിന്റെ മേധാവിത്വം സുവിദിതമാണ്. സൈന്യവുമായി ഇമ്രാന്‍ ഖാന്‍ ഇടഞ്ഞതാണ് പുറത്തേക്ക് വഴിയൊരുങ്ങിയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. സൈന്യവും ഭരണകൂടവും ഒരേ ട്രാക്കിലാണെന്ന് പറഞ്ഞ് നടന്നിരുന്ന ഇമ്രാന്‍ ഖാനു തന്നെ മൂന്നര വര്‍ഷമാകുമ്പൊഴേക്കും സൈന്യത്തോട് ഇടയേണ്ടി വന്നു. പാകിസ്താന്റെ ഭരണഘടനയെ തന്റെ ഇംഗിതത്തിനുസരിച്ച് മാറ്റിയെഴുതാനുള്ള ശ്രമം ഇമ്രാന്‍ ഖാന്‍ നടത്തിയിരുന്നു. അതിലൂടെ സൈന്യത്തെ വരുതിയിലാക്കാന്‍ കഴിയുമെന്ന് ഇമ്രാന്‍ ഖാന്‍ കരുതി. എന്നാല്‍, ഇതെല്ലാം കാലേകൂട്ടികാണാന്‍ സൈന്യത്തിനു കഴിഞ്ഞുവെന്നാണ് മനസ്സിലാക്കേണ്ടത്.

നാള്‍വഴികള്‍

ഇക്കഴിഞ്ഞ മാര്‍ച്ച് 8 നാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇമ്രാന്‍ ഖാന്‍ അതിനെ നേരിട്ടത്. 15 ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയത്തെ വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് മാര്‍ച്ച് 25 നാണ് ദേശീയ അസംബ്ലിയില്‍ ചര്‍ച്ചക്ക് വെക്കുന്നത്. തനിക്കെതിരെ വൈദേശിക ഗൂഡാലോചന നടക്കുന്നുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ മാര്‍ച്ച് 27 നു ജനങ്ങളെ അറിയിക്കുന്നു. അമേരിക്കയുടെ ഇടപെടലിലൂടെ തന്നെ പുറത്താക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടപ്പാക്കുന്നതെന്ന് പറഞ്ഞ് ഇസ്‌ലാമാബാദില്‍ തെരെഞ്ഞെടുപ്പിനു സമാനമായ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. മാര്‍ച്ച 28നു കൂടിയ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.

പാകിസ്താന്‍ നിയമപ്രകാരം ഒരാഴ്ച്ചക്കുള്ളില്‍ വോട്ടെടുപ്പും ചര്‍ച്ചയും നടത്തണം. എന്നാല്‍, മാര്‍ച്ച് 31 നു സഭ ചേര്‍ന്നെങ്കിലും 10 മിനുട്ടിനുള്ളില്‍ സഭ പിരിഞ്ഞു. പിന്നീട് ഏപ്രില്‍ 3 നാണ് വീണ്ടും സഭ കൂടുന്നത്. വൈദേശീക ഗൂഡാലോചനയുള്ളതിനാല്‍ അന്ന് അവിശ്വസപ്രമേയം നടപ്പാക്കാന്‍ ആവില്ലെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ പ്രമേയം തള്ളി. തുടര്‍ന്ന് ദേശീയ അസംബ്ലി പിരിച്ച് വിടാന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് അസംബ്ലി പിരിച്ചു വിട്ടു. തൊട്ടടുത്ത ദിവസം തന്നെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇടപെട്ട് പാര്‍ലമെന്റ് പുനഃസ്ഥാപിച്ചു. അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടത്താന്‍ കോടതി ഉത്തരവിടുകായിരുന്നു. ഭരണപക്ഷമുള്‍പെടെയുള്ളവരെ വിസ്തരിച്ച ശേഷമാണു ഏപ്രില്‍ 7നു സുപ്രീം കോടതി അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ 9 നു നടന്ന അവിശ്വാസ പ്രമേയത്തില്‍ ഭരണപക്ഷം പരാജയപ്പെടുകയും ഇമ്രാന്‍ ഖാന്‍ പുറത്താവുകയും ചെയ്തു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫിനോടൊപ്പം ഭരണകക്ഷികളായിരുന്ന ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയും എം.ക്യൂ,എമ്മും ആണ് ആദ്യം ഖാനുള്ള പിന്തുണ പിന്‍വലിച്ചത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ നിന്നും ഇതോടെ ഖാന്റെ ഭൂരിപക്ഷം 168 ആയി ചുരുങ്ങി.

അമേരിക്കയോട് അകലം

തുടക്കം മുതല്‍ അമേരിക്കയോട് നിശ്ചിത അകലം പാലിക്കാന്‍ ഇമ്രാന്‍ ശ്രമിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ അമേരിക്കക്ക് എതിരാണെന്നും തങ്ങളുടെ രാജ്യത്തോട് അമേരിക്കക്ക് എന്നും ചിറ്റമ്മ നയമാണെന്നും ഇമ്രാന്‍ വിശ്വസിച്ചു. ഇന്ത്യയോടാണ് അമേരിക്കക്ക് കൂടുതല്‍ അടുപ്പമെന്നതിനാലും അമേരിക്ക ഇടപെട്ട രാജ്യങ്ങള്‍ക്ക് നേരിട്ട പര്യവസാനമോര്‍ത്തും അമേരിക്കന്‍ വിരുദ്ധവികാരമുണ്ടാക്കാന്‍ ഖന്‍ ശ്രമിച്ചു. മുസ്‌ലിം രാജ്യങ്ങളോട് അമേരിക്ക കാണിക്കുന്ന ദ്വിമാന സമീപനമാണ് ഇമ്രാന്‍ ഖാനെ ഒരളവ് വരെ അമേരിക്കന്‍ വിരുദ്ധനാക്കി മാറ്റിയത്. തുടക്കം മുതല്‍ ഇസ്‌ലാമോഫൊബിയക്കെതിരെ ഖാന്‍ ശബ്ദിച്ചിരുന്നു. പശ്ചാത്യ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മുസ്‌ലിംകള്‍ക്കെതിരെയുള്ള അനീതിക്കെതിരെ ഖാന്‍ ശബ്ദമുയര്‍ത്തിയതും അമേരിക്കക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. റഷ്യ ഉക്രൈനുമായി യുദ്ധം തുടങ്ങിയ ദിവസം ഇമ്രാന്‍ ഖാന്‍ പുട്ടിനുമായി സംസാരിച്ചിരുന്നുവെന്നതും ചേര്‍ത്ത് വായിക്കാം.

അതേസമയം അമേരിക്കയെ സംബന്ധിച്ചേടത്തോളം പാകിസ്താനില്‍ അവര്‍ക്ക് വ്യക്തമായ കണ്ണുണ്ടായിരുന്നു. ഇന്ത്യ-പാകിസ്താന്‍ ബന്ധം വശളാകുന്നതോടെ ഉണ്ടാകുന്ന വലിയ ആയുധ വിപണി അമേരിക്കയുടെ ചിരകാല സ്വപ്നമാണ്. അതുകൊണ്ട് തന്നെ വളക്കൂറുള്ള മണ്ണില്‍ പുലര്‍ത്തേണ്ട ജാഗ്രത അമേരിക്ക പുലര്‍ത്തിപ്പോരുന്നുണ്ട്. അഫ്ഘാന്‍ വിഷയങ്ങളില്‍ ഇടപെടുമ്പോഴും പാക്കിസ്ഥാന്റെ സാധ്യതകള്‍ അമേരിക്ക കാത്തിരുന്നുവെന്ന് വേണം കരുതാന്‍. അതിനാല്‍ ഇമ്രാന്‍ ഖാനെ മാറ്റുകയെന്നത് അമേരിക്ക ലക്ഷ്യമിട്ടിരുന്നുവെന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ചൈനയുമായുള്ള ചങ്ങാത്തം

ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയ ശേഷം പാകിസ്താനു ചൈനയുമായുള്ള ചങ്ങാത്തമാണ് അമേരിക്കയുമായുള്ള അകലം. ചൈനയുമായുള്ള പാകിസ്താന്റെ ബന്ധം ദൃഢമായിരുന്നു. ഈ ബന്ധത്തിനു വിവിധങ്ങളായ മാനങ്ങളുണ്ട്. തങ്ങളുടെ സൈനിക ബലത്തില്‍ പാകിസ്താന്‍ ചൈനയോട് ഏറെ കടപ്പെട്ടിരിക്കുന്നു. സ്വദേശീയമായ ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനോളം വികസിച്ചതും ഈ കടപ്പാടാണ്. രണ്ടാമത്തേത് ചൈനയെ പോലെ പാകിസ്താനും തുല്യപ്രതിയോഗിയാണ് ഇന്ത്യയെന്നതാണ്. മൂന്നാമത്തേത് അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലെ ഊഷ്മളത പാക്കിസ്താനെ ഒരു മൂലയിലേക്ക് തള്ളിയെന്ന തോന്നല്‍. അമേരിക്കയെ പോലെ അടുത്ത അതീശശക്തിയെന്ന നിലയില്‍ ചൈനയുമായുള്ള സൗഹൃദം ഗുണം ചെയ്യുമെന്ന് ഇമ്രാന്‍ ഖാന്‍ കരുതിയിരുന്നു. മാത്രമല്ല പശ്ചാത്യനാടുകളൊക്കെയും കപടനാട്യമാണു തന്റെ രാജ്യത്തോട് നടത്തുന്നതെന്ന് തിരിച്ചറിഞ്ഞാണ് ചൈനയോട് ഏറെ അടുത്തത്.

താറുമാറായ സമ്പദ് ഘടന

പാകിസ്താന്‍ സമ്പദ്ഘടന തിരിച്ചുകൊണ്ട് വരികയാണ് പുതിയ ഭരണകൂടത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇമ്രാന്‍ ഖാന്റെ തെറ്റായ ഭരണ നടപടികളാണ് രാജ്യത്തെ അധോഗതിയിലെത്തിച്ചതെന്നും അധികാരത്തിലേല്‍ക്കുമ്പോള്‍ നല്‍കിയ വാഗദാനങ്ങളൊന്നും പാലിക്കാന്‍ കഴിഞ്ഞില്ലെന്നതുമാണ് അദ്ദേഹത്തിന്റെ മേല്‍ പ്രതിപക്ഷം ഉന്നയിച്ച ഏറ്റവും വലിയ ആരോപണം. കോവിഡാനന്തര സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ഇമ്രാന്‍ ഖാനു കഴിഞ്ഞില്ലെന്നതും അഴിമതി മുക്ത രാജ്യമാക്കുന്നതില്‍ പരാജയപ്പെട്ടതും രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്ത് വ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പാക്കികസ്താനെ പുതിയ പാകിസ്താനാക്കുമെന്നുമുള്ള ഇമ്രാന്റെ വാഗ്ദാനങ്ങള്‍ക്കും മൂന്നര വര്‍ഷമായിട്ടും ഒന്നും സംഭവിച്ചില്ല. രാജ്യത്തെ ഐ.എം.എഫിനു പണയം വെച്ചതിനാല്‍ ജനജീവിതം ദുസ്സഹമായി. അവശ്യസാധനങ്ങളുടെ വില കുത്തനെ വര്‍ദിച്ചതും ജീവിതച്ചെലവ് റോകറ്റ് കണക്കെ ഉയര്‍ന്നതും ജനങ്ങളില്‍ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നതും വെറും വാഗ്ദാനമായി മാറി.

പ്രതീക്ഷ നല്‍കുന്ന ഷഹബാസ്

23-ാമത് പാകിസ്താന്‍ പ്രധാനമന്ത്രിയായി പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എല്‍.എന്‍) അധ്യക്ഷനും ഇമ്രാന്‍ ഭരണകൂടത്തില്‍ പ്രതിപക്ഷ നേതാവുമായിരുന്ന മിയാന്‍ മുഹമ്മദ് ശഹബാസ് ശരീഫ് തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യകണ്‌ഠേന ശഹബാസിനെയായിരുന്നു നിര്‍ദേശിച്ചത്. അന്താരാഷ്ട്ര പ്രസിദ്ധിയൊന്നുമില്ലെങ്കിലും ഭരണമികവു കൊണ്ട് രാജ്യത്തിനകത്ത് ഏറെ അറിയപ്പെട്ട ശഹബാസ് ശരീഫ് പ്രധാനമന്ത്രി പദവിയിലേക്കെത്തുന്നത് പാകിസ്താനു കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. പഞ്ചാബിലെ അമൃത്സറില്‍ വ്യവസായിയായിരുന്ന മുഹമ്മദ് ശരീഫിന്റെ ഇളയ മകനാണു ശഹബാസ്. ഇന്ത്യാ പാകിസ്താന്‍ വിഭജനാനന്തരം ലോഹോറിലേക്ക് കുടിയേറിയ ശേഷം കുടുംബത്തോടൊപ്പമായിരുന്നു താമസം. ഗവ. യുണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം പിതാവിനോടൊപ്പം കച്ചവടത്തില്‍ ചേര്‍ന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇളയ സഹോദരനായ ശഹബാസ് 1980 ലാണ് ജേഷ്ടനോടൊപ്പം രാഷ്ട്രീയത്തില്‍ എത്തുന്നത്. നേരെത്തെ മൂന്നു തവണ പഞ്ചാബ് പ്രവശ്യയുടെ മുഖ്യമന്ത്രിയുമായിരുന്നു. പഞ്ചാബില്‍ വെളിച്ചമെത്തിച്ചത് ശഹബാസിന്റെ ഭരണമികവായി മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നു. 2017 ല്‍ നവാസ് ശരീഫ് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷനായി. 2018 മുതല്‍ ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവുമായിരുന്നു.

സൈന്യവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ശഹബാസ് അമേരിക്കയുമായുള്ള സൗഹൃദം അനിവാര്യമെന്ന് വിശ്വസിക്കുന്ന ആളാണ്. രാജ്യത്തെ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ, വര്‍ദിച്ച പണപ്പെരുപ്പം, തനിക്കെതിയരെയുള്ള നിരവധി കേസിലെ അഴിമതി ആരോപണം, കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, തുടങ്ങി ഒട്ടേറെ വെല്ലുവിളികളാണ് പുതിയ പ്രധാനമന്ത്രിക്കു മുന്നിലുള്ളത്. ഇമ്രാന്‍ ഖാന്‍ പുറത്തായ ശേഷം ആദ്യമായി ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പുതിയ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയത്തിനില്ലെന്നതും എല്ലാവര്‍ക്കും തുല്യനീതിയാകുമെന്നും നിയമ വാഴ്ച്ചയും ഭരണഘടനയും സംരക്ഷിക്കുമെന്നും തുടങ്ങിയ വാഗ്ദാനങ്ങളും ശുഭസൂചന നല്‍കുന്നവയാണ്. ഒന്നര വര്‍ഷം കൊണ്ട് വലിയ മാജിക്കൊന്നും സാധ്യമല്ല എങ്കിലും പുതിയ പ്രധാനമന്ത്രി രാജ്യത്തെ എങ്ങനെയാണു സാമ്പത്തികമായി കരകയറ്റുന്നത്, അദ്ദേഹം മുന്നോട്ട് വെക്കുന്ന വിദേശനയം എന്തായിരിക്കും, അഴിമതി നിര്‍മ്മാര്‍ജനത്തിനുവേണ്ടിയുള്ള പോരാട്ടം, രാജ്യത്തെ ലക്ഷക്കണക്കിനു തൊഴില്‍ രഹിതരെ എങ്ങനെ പരിഗണിക്കുന്നു തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ശഹബാസ് ശരീഫ് 2023 ലെ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനു മുമ്പ് രാഷ്ട്രീയം വീണ്ടും കലങ്ങി മറിഞ്ഞില്ലെങ്കില്‍ പാക് ജനത ഷഹബാസിനു ഒരു ഊഴം കൂടി നല്‍കിയേക്കും.

പാകിസ്താനെ സംബന്ധിച്ചിടത്തോളം കോടതിയുടെ ഇടപെടലിലൂടെ ഒരു ആഭ്യന്തര കലാപത്തിലേക്ക് പറിച്ചെറിയപ്പെടുന്നത് തല്‍കാലം തടയാന്‍ സാധിച്ചു എങ്കിലും ഇനിയും ജനജീവിതം ദുസ്സഹമായാല്‍ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ അധികം സമയം വേണ്ടി വരില്ല. നട്ടെല്ലൊടിഞ്ഞ സമ്പദ് വ്യവസ്ഥയെ കരകയറ്റികൊണ്ട് വിലകയറ്റം നിയന്ത്രിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുമോ എന്നാണ് പാക് ജനത ഉറ്റുനോക്കുന്നത്. പ്രതികാര രാഷ്ട്രീയത്തിനപ്പുറത്ത് നിയമവാഴ്ച്ചക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും പരിഗണന നല്‍കാന്‍ പുതിയ ഭരണകൂടത്തിനു സാധിക്കുന്നുവെങ്കില്‍ സാധ്യതകളുടെ ഭാവിയാണ് ശഹബാസിനെ കാത്തിരിക്കുന്നത്.


TAGS :