Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 23 Nov 2023 6:15 PM GMT

ഫലസ്തീന്‍ പ്രതിരോധം ഇതിനകം തന്നെ ഗാസയില്‍ വിജയം വരിച്ചിരിക്കുന്നു - സൂസന്‍ അബുല്‍ഹവ

ഇസ്രായേല്‍ ഇനിയും എത്ര പേരെ കൊന്നൊടുക്കിയാലും എത്ര ഭൂമി മോഷ്ടിച്ചാലും ബോംബെറിഞ്ഞു നശീകരണനം നടത്തിയാലും അവരുടെ പരാജയം ആര്‍ക്കും മൂടിവെക്കാനാകില്ല. ഇസ്രായേലിന് അതിന്റെ അറക്കവാളുകൊണ്ട് ഇനി ജീവിക്കാന്‍ കഴിയില്ല.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍, ഫലസ്തീന്‍ വെടിനിര്‍ത്തല്‍,
X

ഗാസയിലെ ഇസ്രായേല്‍ വംശഹത്യയുടെ ഫലം ഇനി എന്തുതന്നെയായാലും, ഫലസ്തീന്‍ വിമോചന പോരാളികള്‍ ഇതിനകം തന്നെ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഇസ്രായേലിലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ വിജയകരമായ ഒരു സൈനിക റെയ്ഡ് നടത്തിയ ആദ്യ ദിവസം മുതല്‍ അവര്‍ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. തദ്ദേശീയരായ ഫലസ്തീനിയന്‍ ജനതയിലും ചുറ്റുമുള്ള അറബ് അയല്‍രാജ്യങ്ങളിലും ഭീകരാക്രമണം നടത്തി ഭയം വിതറി നിശ്ചലമാക്കാന്‍, തങ്ങളുടെ സൈനികാഭിമാനത്തെയും ഭീകരതയെയും വളരെയധികം ആശ്രയിക്കുന്ന, ഇസ്രായേലിന്റെ, ഭൂമിയിലെ സാന്നിധ്യത്തിന് തന്നെ വിനാശകരമായ പ്രഹരമായിരുന്നു പോരാളികള്‍ നടത്തിയത്.

ഫലസ്തീന്‍ ജീവിതത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ദശാബ്ദങ്ങളായി ഇസ്രായേല്‍ സ്ഥാപിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന കനത്ത കോട്ടകളുള്ള കുടിയേറ്റ കോളനികളെ ഹമാസ് അന്ന് പ്രത്യേകം ലക്ഷ്യമിട്ടു. മറ്റെല്ലാ സയണിസ്റ്റ് കോളനികളെയും പോലെ, ഗാസയ്ക്ക് ചുറ്റുമുള്ളവയും, ഇന്നും അഭയാര്‍ഥികളായി തുടരുന്ന ഫലസ്തീനികളുടെ പൂര്‍വ്വിക ഗ്രാമങ്ങളിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ വിവിധ വിഭാഗങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ ഗറില്ലാ സേനയ്ക്ക് ഇസ്രായേലിന്റെ നിരീക്ഷണ ടവറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും ഇസ്രായേലിന്റെ പേരുകേട്ട രഹസ്യാന്വേഷണ ഉപകരണത്തില്‍ നിന്ന് മണിക്കൂറുകളോളം ഒഴിഞ്ഞു നില്‍ക്കാനും കഴിഞ്ഞു. എന്നു മാത്രമല്ല, കുറ്റാരോപണമോ വിചാരണയോ കൂടാതെ വര്‍ഷങ്ങളോളം ഇസ്രയേലിന്റെ ഇരുണ്ട തടവറകളില്‍ വീര്‍പ്പുമുട്ടുന്ന ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനുള്ള വിലപേശല്‍ ശക്തിയായി അനേകം ഇസ്രായേലികളെ ഗാസയിലേക്ക് പിടിച്ചു കൊണ്ടുവരാനും അവര്‍ക്ക് സാധിച്ചു.

ഇസ്രായേല്‍ ലോകമെമ്പാടുമുള്ള വിദേശ ജൂതന്മാരെ സാമ്പത്തിക പ്രചോദനങ്ങളിലൂടെ ഇവിടങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയും, ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള ഫലസ്തീനികളുടെ അഭിലാഷങ്ങളെ തച്ചുടച്ച്, മനുഷ്യകവചങ്ങളായി മുന്‍നിരയില്‍ ജീവിക്കാനും ഈ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുകയായിരുന്നു. തങ്ങളുടെ പീഡകരെ ധീരമായി ചെറുത്തുനില്‍ക്കാന്‍ ഉറച്ച പല പോരാളികള്‍ക്കും, തങ്ങളെ അടച്ചിട്ട ഗാസയെന്ന തുറന്ന ജയില്‍ ഭേദിച്ച് തങ്ങളുടെ പൂര്‍വ്വികരുടെ ഭൂമി കാണാന്‍ ആദ്യമായി ഭാഗ്യം ലഭിച്ച ദിവസമായിരുന്നു ഒക്ടോബര്‍ 7. അന്നുവരെ ആ മണ്ണ് അവര്‍ക്ക് കൈമാറി കിട്ടിയ കഥകളില്‍ മാത്രം അവര്‍ അറിഞ്ഞതായിരുന്നു.

ആ വിധിനിര്‍ണ്ണായകമായ ദിവസം മുതല്‍, ഇസ്രയേലിന്റെ അജയ്യതയെക്കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച സങ്കല്‍പ്പങ്ങള്‍ എല്ലാം ഒരു പേരും നുണയാണെന്ന് - ഒരു കടലാസ് കടുവയാണെന്ന് - ഫലസ്തീന്‍ പ്രതിരോധം അവരുടെ സ്വന്തം ജനങ്ങള്‍ക്കും ലോകത്തിനും തന്നെ കാണിച്ചു കൊടുത്തു.


''അല്‍-ജയ്ഷ് അല്‍-ലതീ ലാ യുഖ്ഹര്‍'' എന്ന ജനപ്രിയ അറബി പദം - അജയ്യമായ സൈന്യം - അന്ത്യദിനത്തിന്റ ബൈബിള്‍ വിവരണങ്ങളെ അതിശയിപ്പിക്കുന്ന മിഥ്യയായി മാറി. ഗാര്‍ഹികമായി നിര്‍മിച്ച റോക്കറ്റുകളും ലഘു ആയുധങ്ങളുമുള്ള ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ വിവിധ വിഭാഗങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ ഗറില്ലാ സേനയ്ക്ക് ഇസ്രായേലിന്റെ നിരീക്ഷണ ടവറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും ഇസ്രായേലിന്റെ പേരുകേട്ട രഹസ്യാന്വേഷണ ഉപകരണത്തില്‍ നിന്ന് മണിക്കൂറുകളോളം ഒഴിഞ്ഞു നില്‍ക്കാനും കഴിഞ്ഞു. എന്നു മാത്രമല്ല, കുറ്റാരോപണമോ വിചാരണയോ കൂടാതെ വര്‍ഷങ്ങളോളം ഇസ്രയേലിന്റെ ഇരുണ്ട തടവറകളില്‍ വീര്‍പ്പുമുട്ടുന്ന ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനുള്ള വിലപേശല്‍ ശക്തിയായി അനേകം ഇസ്രായേലികളെ ഗാസയിലേക്ക് പിടിച്ചു കൊണ്ടുവരാനും അവര്‍ക്ക് സാധിച്ചു.

വ്യാജ നിര്‍മിതികള്‍

ആഖ്യാനങ്ങളെ നിയന്ത്രിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായി, ഒന്നിന് പുറകെ ഒന്നായി ചുട്ടെടുത്ത കെട്ടുകഥകളുടെ ഒരു പരമ്പര തന്നെ സത്യത്തില്‍ ഞൊടിയിടകളില്‍ അനാവൃതമായപ്പോള്‍, ഇസ്രായേലിന്റെ നുണ പ്രചരണ സംവിധാനം ഈ നൂറ്റാണ്ടിന്റെ ഏറ്റവും ദയനീയ പരിഹാസപാത്രമായി മാറി. മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശന രഹിതമായി ആവര്‍ത്തിച്ച ബലാത്സംഗത്തെയും ശിരഛേദം ചെയ്ത ശിശുക്കളെയും കുറിച്ചുള്ള വിഭ്രമിപ്പിക്കുന്ന നുണകള്‍ നിശബ്ദമായി പിന്‍വലിക്കപ്പെട്ടു. മരിച്ച ''നാല്‍പത്'' കുഞ്ഞുങ്ങളുടെ കണക്കുകള്‍ പിന്നീട് ഒന്നിലേക്ക് തരംതാഴ്ത്തപ്പെട്ടു. കൊല്ലപ്പെട്ട ഇസ്രായേലികളുടെ എണ്ണം ആയിരത്തി നാനൂറെന്ന പ്രാഥമിക അവകാശവാദത്തില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് ആയി കുറഞ്ഞു. തുടര്‍ന്ന് വന്ന വീഡിയോ ഫൂട്ടേജുകള്‍ കാണിക്കുന്നത്, നൃത്തോത്സവത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ പലരും കൊല്ലപ്പെടുകയും കത്തിക്കപ്പെടുകയും ചെയ്തത്, യു.എസ് വിതരണം ചെയ്ത അപ്പാച്ചെകള്‍ ഉപയോഗിച്ചു ഇസ്രായേല്‍ തന്നെ ജനക്കൂട്ടത്തിനും ബന്ദികളുമായി പലായനം ചെയ്യുന്ന ഹമാസ് പോരാളികള്‍ക്കു നേരെയും വെടിയുതിര്‍ത്തതിനാലാണെന്നാണ്.

അധികാരത്തിന്റെ ലഹരിയിലും ആറാഴ്ചയ്ക്കിടെ കൊലചെയ്യപ്പെട്ട ഇരുപതിനായിരത്തിലധികം ഫലസ്തീനികളുടെ രക്തം നല്‍കുന്ന സംതൃപ്തിയും ആറാടുന്ന അവരുടെ രക്തദാഹം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവരുടെ മനസ്സുകള്‍ നാശമടഞ്ഞിരിക്കുന്നു.

ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രി ഹമാസ് പോരാളികള്‍ ഉപയോഗിച്ചിരുന്നു എന്നതിന് പരിഹാസ്യമായ 'തെളിവുകള്‍' ഹാജരാക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഉടനടി ഈ ഔദ്യോഗിക നുണവിവരണത്തില്‍ വന്‍വിടവുകള്‍ ഉണ്ടാക്കി. ഉടന്‍ അവര്‍ അത് പിന്‍വലിക്കാനും പകരം കൂടുതല്‍ പരിഹാസ്യമായ വ്യാജങ്ങള്‍ ഉണ്ടാക്കാനും നിര്‍ബന്ധിക്കപ്പെട്ടു. ഇന്റര്‍നെറ്റ് തമാശകള്‍ക്കും ഹാസ്യനടന്മാര്‍ക്കുള്ള സമൃദ്ധവിഭവങ്ങളും നല്‍കുക മാത്രമാണ് അതുവഴി അവര്‍ ചെയ്തത്. എന്നാല്‍, ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ലോകത്തിന് സമ്മാനിച്ച ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തല്‍ ഇസ്രായേലിന്റെ അമ്പരപ്പിക്കുന്ന ധാര്‍മിക പാപ്പരത്വവും അതിനു കുടപിടിക്കുന്ന പാശ്ചാത്യ കാപട്യവുമാണ്. സങ്കല്‍പ്പിക്കാനാവാത്ത ക്രൂരതയും ദയാരഹിത്യവും അനിയന്ത്രിതമായ അക്രമവും ഇസ്രായേലിന്റെ രാഷ്ട്രീയ-സൈനിക സ്ഥാപനങ്ങളില്‍ നിന്ന് മാത്രമല്ല, ആ രാഷ്ട്രത്തില്‍ നിന്ന് ആകമാനം പുറത്തുവന്നു.

മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ ഏറ്റവും ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെടുന്ന ഫലസ്തീനികളുടെ വിവരണാതീതമായ കഷ്ടപ്പാടുകളെ പരിഹസിക്കുന്ന വീഡിയോകള്‍ സാധാരണ പൗരന്മാര്‍ പോസ്റ്റ് ചെയ്യുന്നത് തുടരുന്നു - അതേസമയം അവരുടെ ശരീരങ്ങള്‍ തുണ്ടം തുണ്ടമാക്കപ്പെടുകയും കത്തിയെരിയുകയും ബോംബു വീണു തകര്‍ന്ന അവരുടെ വീടുകളില്‍ ജീവനോടെ കുഴിച്ചിടപ്പെടുകയും ചെയ്യുന്നു. ഫലസ്തീനികളെ സമ്പൂര്‍ണമായി വംശഹത്യ ചെയ്യാനും തട്ടിപ്പറിച്ച ഭൂമിയില്‍ തങ്ങളുടെ സയണിസ്റ്റ് കോളനി വിപുലീകരിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ഇസ്രായേലികള്‍ അവരുടെ തെരുവില്‍ നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ ലഹരിയിലും ആറാഴ്ചയ്ക്കിടെ കൊലചെയ്യപ്പെട്ട ഇരുപതിനായിരത്തിലധികം ഫലസ്തീനികളുടെ രക്തം നല്‍കുന്ന സംതൃപ്തിയും ആറാടുന്ന അവരുടെ രക്തദാഹം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവരുടെ മനസ്സുകള്‍ നാശമടഞ്ഞിരിക്കുന്നു.

ധീരത

ഒക്ടോബര്‍ 7 ന് തൊട്ടുപിന്നാലെ ഇസ്രായേല്‍ കര അധിനിവേശത്തിന്റെ ഭീഷണികള്‍ മുഴക്കാന്‍ തുടങ്ങിയിരുന്നു. മെഡിറ്ററേനിയനില്‍ തമ്പടിച്ച അമേരിക്കയുടെ ബോംബുകളും മറ്റ് ആയുധങ്ങളും നിറച്ച രണ്ട് വലിയ വിമാനവാഹിനിക്കപ്പലുകളും അത്യാധുനിക ന്യൂക്ലിയര്‍ അന്തര്‍വാഹിനിയും, കൂടാതെ കോടിക്കണക്കിന് വരുന്ന യു.എസ് നികുതി പണവും സഹായവുമായി എത്തിയതിന് ശേഷവും ഇസ്രായേല്‍ ഇത് വൈകിപ്പിച്ചു കോണ്ടേയിരുന്നു.

ഗാസയിലേക്ക് നീങ്ങാനുള്ള ഓരോ ശ്രമവും കടുത്ത ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ നേരിടുകയും ഇസ്രായേല്‍ പലതവണ പിന്‍വാങ്ങേണ്ടി വരികയും ചെയ്തു. ഒടുവില്‍ ഇസ്രായേല്‍ ഗാസയിലേക്ക് കയറിയപ്പോള്‍, ഫലസ്തീന്‍ പ്രതിരോധം അതിന്റെ സൈന്യത്തെ പ്രതിരോധിച്ചു. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡും മറ്റ് പ്രതിരോധ സംഘങ്ങളും അവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന വീഡിയോ തെളിവുകള്‍ പോസ്റ്റ് ചെയ്യുന്നത് തുടരുന്നു കൊണ്ടിരിക്കുന്നു. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സൈനിക ശക്തികളില്‍ നിന്നുള്ള അവാച്യമായ അളവിലുള്ള കൂട്ടക്കൊലയെ അവര്‍ ചെറുത്തുനില്‍ക്കുകയാണ്.

തടവുകാരുടെ കൈമാറ്റ കരാര്‍ ഹമാസ് തുടക്കം മുതല്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ നടക്കുന്നത്. ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാതെ ഇസ്രേലിന്റെ ഒരു തടവുകാരെയും മോചിപ്പിക്കില്ലെന്ന് അതില്‍ പറയുന്നു. ഒക്ടോബര്‍ 7 ന് മുമ്പ് മുതല്‍ ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന നൂറ്റമ്പതു പലസ്തീനിയന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പകരമായി അമ്പത് ഇസ്രായേലിന്റെ അന്‍പതു സ്ത്രീകളും കുട്ടികളും ഇപ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്നു.


ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പോരാളികളുടെ ധീരത ഇതിഹാസങ്ങളുടെ അപൂര്‍വ്വതയാണ്. ചെറിയ ആയുധങ്ങളുമായി, ഒന്നിന് പുറകെ ഒന്നായി, വിജയകരമായി ഇസ്രായേലി ടാങ്കുകള്‍ തകര്‍ത്ത് കൂടുതല്‍ കൂടുതല്‍ തടവുകാരെ പിടികൂടുന്ന അഡിഡാസ് ട്രാക്ക് സ്യൂട്ടുകളും സാദാ ചെരുപ്പുകളും ധരിച്ച ആളുകള്‍, ഏറ്റവും പ്രശസ്തമായ ഇസ്രായേലി, അമേരിക്കന്‍ സൈനിക ആസൂത്രകരെ മറികടക്കുന്നു. പ്രതീക്ഷിച്ചതു പോലെ, സയണിസ്റ്റ് അജണ്ടകളാല്‍ വളരെയധികം സ്വാധീനിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ഭീമന്മാര്‍, ഈ വീഡിയോകള്‍ പോസ്റ്റുചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിരോധിച്ചിരിക്കുന്നു. കാരണം, ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇസ്രായേലി സൈനിക നഷ്ടങ്ങളുടെ കാഴ്ചകള്‍ ആണ്. എന്നാല്‍, ഇതൊന്നും പ്രസക്തമല്ല. തങ്ങളുടെ നഷ്ടങ്ങളുടെ വേലിയേറ്റം തടയാന്‍ ഇസ്രായേലിന് ഒന്നും ചെയ്യാനില്ല.

ഇസ്രായേലിനെ സംബന്ധിച്ചെടുത്തോളം ഇത് കേവലം ഭൗതിക നഷ്ടങ്ങളോ സാമ്പത്തിക തകര്‍ച്ചയോ മാത്രമല്ല, ലോകത്തിനു മുമ്പില്‍ വന്‍തോതിലുള്ള അവരുടെ ആത്മവിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും നഷ്ടവുമല്ല. മറിച്ച്, ഇസ്രായേലികള്‍ക്ക് അവരുടെ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ കണ്‍മുമ്പില്‍ അവശേഷിക്കുന്നത്, കൊലപാതകം, നശീകരണം, ഭയാനകമായ ഭീകരത എന്നിവയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത ജുഗുപ്സാജനകമായ ഒരു കൊലപാതക യന്ത്രത്തിന്റെ ആത്മാവില്ലാത്ത പുറംതോട് മാത്രമാണ്.

ഇസ്രായേല്‍ ഗാസയെ അരിഞ്ഞു കളഞ്ഞിരിക്കുന്നു. റോഡുകള്‍, വീടുകള്‍, കെട്ടിടങ്ങള്‍, ബേക്കറികള്‍, മാളുകള്‍, കടകള്‍, ജലസംഭരണ കേന്ദ്രങ്ങള്‍, സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, മറ്റു അടിസ്ഥാന സൗകര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ബോംബെറിഞ്ഞു തരിപ്പണമാക്കി അവയെല്ലാം ശരീരങ്ങളുടെ, ഓര്‍മകളുടെ, സ്വപ്നങ്ങളുടെ, നമുക്ക് ഒരിക്കലും അറിയാന്‍ കഴിയാത്ത സാധ്യതകളുള്ള മനുഷ്യസ്രോതസ്സുകളുടെ മണ്ണിനു മുകളിലുള്ള ശ്മശാനങ്ങളാക്കി മാറ്റിയിരിക്കുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇരുപത്തിനായിരത്തിലധികം മനുഷ്യരെ കൊല്ലുകയും മറ്റു പതിനായിരക്കണക്കിന് ആളുകളെ അംഗവൈകല്യം വരുത്തുകയും ചെയ്തതിന്റെ ക്രൂരത നമ്മുടെ ഭാവനകള്‍ക്ക് അതീതമാണ്. വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവ വിച്ഛേദിച്ചു രക്ഷപ്പെടാന്‍ ഭൂമിയില്‍ ഒരിടവുമില്ലാതെ ഇരുപത്തിമൂന്നു ലക്ഷം മനുഷ്യരുടെമേല്‍ ഇസ്രായേല്‍ അഴിച്ചുവിട്ട ഭീകരതയും അപരിഹാര്യമായ മാനസിക ആഘാതവും സങ്കല്‍പ്പിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. പട്ടിണി, നിര്‍ജ്ജലീകരണം എന്നിവയില്‍ നിന്നുള്ള മരണങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ മുന്നറിയിപ്പുകള്‍ വന്നിട്ടുണ്ട്, അവ നാം തീര്‍ച്ചയായും പ്രതീക്ഷിക്കണം.

ഫലസ്തീനികള്‍ അവരുടെ പോരാട്ടങ്ങള്‍ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന വില പറഞ്ഞറിയിക്കാനാവാത്തതാണ്. അതേപോലെ അവിശ്വസനീയമാണ്. ലോകത്തെ മുഴുവന്‍ നാണക്കേടുകൊണ്ട് വിങ്ങിക്കരയിപ്പിക്കാന്‍ ശക്തിയുള്ള അവരുടെ ദൃഢതയും അഗാധമായ വിശ്വാസവും അന്തസ്സും വിനയവും. ഫലസ്തീനികളും ധീരമായ ഫലസ്തീന്‍ പ്രതിരോധവും കാരണം ലോകം ഇനിയൊരിക്കലും പഴയതുപോലെയാകില്ല. ഖസ്സാം ബ്രിഗേഡുകള്‍ നമ്മുടെ മാതൃരാജ്യത്തിന്റെ മോചനത്തിനായി ഒരു യുദ്ധം ആരംഭിച്ചു. അങ്ങനെ ചെയ്തതിലൂടെ അവര്‍ നമ്മെയെല്ലാം ഉണര്‍ത്തുകയും സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു.

ഇസ്രായേല്‍ ഇനിയും എത്ര പേരെ കൊന്നൊടുക്കിയാലും എത്ര ഭൂമി മോഷ്ടിച്ചാലും ബോംബെറിഞ്ഞു നശീകരണനം നടത്തിയാലും അതിന്റെ പരാജയം ആര്‍ക്കും മൂടിവെക്കാനാകില്ല. ഇസ്രായേലിന് അതിന്റെ അറക്കവാളുകൊണ്ട് ഇനി ജീവിക്കാന്‍ കഴിയില്ല. ഒന്നുകില്‍ ഇസ്രായേലിന് അതിന്റെ മേല്‍ക്കോയ്മ അഹന്തയാല്‍ നിറഞ്ഞ സയണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് തമ്പുരാക്കന്മാരാകാതെ തുല്യരായി ഫലസ്തീനിയന്‍ സമൂഹത്തോടും പ്രദേശത്തോടും സമന്വയിക്കാം. അല്ലെങ്കില്‍ അത് വളരെ വലുതും കൂടുതല്‍ നിശ്ചയദാര്‍ഢ്യവും വിട്ടുവീഴ്ചയില്ലാത്തതുമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവരും. അത് നമ്മെ നശിപ്പിക്കാന്‍ ശ്രമിച്ചതുപോലെ ഒടുവില്‍ അതിനെ തന്നെ പൂര്‍ണ്ണമായും നശിപ്പിക്കും.

ഞങ്ങള്‍ ഒരിക്കലും മറക്കില്ല.

(ഇലക്ട്രോണിക് ഇന്‍തിഫാദയില്‍ പ്രസിദ്ധീകരിച്ച സൂസന്‍ അബുല്‍ഹവയുടെ ലേഖനത്തിന്റെ പരിഭാഷ)

വിവര്‍ത്തനം: അഫ്താബ് ഇല്ലത്ത്

സൂസന്‍ അബുല്‍ഹവ ഒരു എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ്. ഫലസ്തീന്‍ റൈറ്റ്‌സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥാപകയും ഡയറക്ടറുമാണ് അവര്‍. ''ജെനിനിലെ പ്രഭാതങ്ങള്‍'' തുടങ്ങി അഞ്ചു പ്രശസ്തമായ പുസ്തകങ്ങള്‍ അവരുടേതായുണ്ട്.


TAGS :