Quantcast
MediaOne Logo

സി.വി അല്‍ത്താഫ്

Published: 8 Aug 2024 7:41 AM GMT

അതിഭാവുകത്വങ്ങള്‍ യാഥാര്‍ഥ്യങ്ങളാകുന്ന ഫലസ്തീന്‍ സിനിമകള്‍

ഫോര്‍ത്ത് പിരീഡ് ഫലസ്തീന്‍ സിനിമാ കാലഘട്ടത്തിലെ സിനിമകളില്‍ അധികവും വ്യക്തിത്വ പ്രവണതകള്‍ കൂടുതലായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. തൊഴില്‍ ജീവിതം, കുടുംബം, വിദ്യാലയങ്ങള്‍, സൗഹൃദം, പ്രണയം, പ്രവാസം, ഗൃഹാതുരത്വം എന്നീ തീമുകള്‍ അവ കൂടുതലായി ചര്‍ച്ച ചെയ്യുന്നു. ഫലസ്തീന്‍ ഫോര്‍ത്ത് പിരീഡ് സിനിമാ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ചില സിനിമകളെ കുറിച്ചുള്ള വിവരണം.

അതിഭാവുകത്വങ്ങള്‍ യാഥാര്‍ഥ്യങ്ങളാകുന്ന ഫലസ്തീന്‍ സിനിമകള്‍
X

നട്ടുച്ച വെയിലിന്റെ വെളിച്ചത്തില്‍ പാറപൊട്ടുന്ന സീല്‍ക്കാരത്തോടെ ഭീകരമായ ഒരനീതി, കരയാന്‍ പോലും സാധിക്കാത്ത വിധം മനുഷ്യരെ ചവിട്ടിയരക്കുമ്പോള്‍ ലോകം കണ്ണടച്ചിരുട്ടാക്കുന്നതും ഒറ്റപ്പെടുത്തുന്നതും അനുഭവിച്ചവരാണ് ഫലസ്തീന്‍ ജനത. സയണിസ്റ്റ് വംശീയത വഞ്ചനയും വേദനയും മാത്രം പകര്‍ന്നുനല്‍കുമ്പോള്‍ ജനനത്തെ ശപിക്കാതെ അഭിമാനത്തോടെ മരണത്തെ സ്വീകരിക്കാനുള്ള ധൈര്യം അവരുടെ മജ്ജകളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ശത്രുക്കണ്ണുകളാല്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കെ, തങ്ങളുടെ മാതൃരാജ്യം ആയുധബലത്താല്‍ മാത്രം അപഹരിച്ചവരോടുള്ള ഫലസ്തീനികളുടെ അമര്‍ഷവും ദേഷ്യവും പോരാട്ടവും ചെറുത്തുനില്‍പ്പിനോടൊപ്പം അവരുടെ കലയും സാഹിത്യവും സംസ്‌കാരവുമായി തിളഞ്ഞൊഴുകുന്നു.

ഫലസ്തീന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും വംശീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അപനിര്‍മിക്കുന്നതിനോടുള്ള മറുപടികളാണ് ഫലസ്തീന്‍ സിനിമകള്‍. കലാ സാഹിത്യ സൃഷ്ടികള്‍ പലപ്പോഴും അതിഭാവുകത്വത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. കലാകാരന്റെ അതിഭാവുകത്വം പലപ്പോഴും കൃതിയെ മൂല്യമില്ലാത്തതാക്കുകയും ചെയ്യാറുണ്ട്. പക്ഷെ, അതിഭാവുകത്വ നിയമങ്ങള്‍ക്കതീതമായ മേഖലയാണ് എന്നതാണ് ഫലസ്തീന്‍ സിനിമകളുടെ പ്രധാന സവിശേഷത. ഇസ്രായേലിന്റെ കിരാതഭരണത്തെയും ഫലസ്തീന്‍ ജനതയുടെ ദയനീയതയും വിവരിക്കാന്‍ കലാകാരന്‍ എത്രതന്നെ ഭീകരമായ അതിഭാവനകള്‍ നടത്തിയാലും അവയെല്ലാം സംഭവിച്ചു കഴിഞ്ഞ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുടെ ചെറിയൊരംശം മാത്രമായിരിക്കും.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഫലസ്തീന്‍ സിനിമകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. രണ്ടാം ഇന്‍തിഫാദ പ്രക്ഷോഭത്തിന് ശേഷം വെസ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ സാന്ദര്‍ഭിക ക്രമീകരണങ്ങളുള്ള പ്രൈമറി ഷൂട്ടിംഗ് സ്ഥലമായി മാറുകയും ചെയ്തു. യുദ്ധാവശിഷ്ടങ്ങള്‍, ബാരിക്കേഡുകള്‍, ക്യാമ്പുകള്‍, ജീപ്പുകള്‍, സൈനികര്‍, വിഭജന മതില്‍ എന്നിവയെല്ലാം റിയലിസ്റ്റിക് ആയി ഉള്‍പ്പെടുത്താനുള്ള സാധ്യതയും ലഭിച്ചു.

ഫലസ്തീന്‍ സിനിമ - ചരിത്രവും സ്വഭാവവും

1960 കളുടെ അവസാനവും 1970 കളുടെ തുടക്കവും രാഷ്ട്രീയ സിനിമാ പ്രസ്ഥാനങ്ങളുടെ കാലഘട്ടമാണ്. ഇക്കാലത്താണ് രാജ്യമില്ലാത്ത ഒരു ജനതയുടെ ദേശീയ വിമോചന ക്യാമ്പയിനിലെ സ്ഥാപനവത്കൃത ശ്രമമെന്ന നിലയില്‍ ഫലസ്തീന്‍ സിനിമ ഉടലെടുക്കുന്നത്. PalestineLiberation Organization (PLO) യിലും മറ്റു ചാനലുകളിലും പ്രവര്‍ത്തിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ ഫലസ്തീന്‍ പോരാട്ടത്തിന്റെ സമര മുഖങ്ങള്‍, അഭയാര്‍ഥി ക്യാമ്പുകളിലും ആശുപത്രികളിലും ഇസ്രായേല്‍ നടത്തുന്ന അധിനിവേശ ക്രൂരതകള്‍, ജോര്‍ദാന്‍ ലബനാന്‍ ആഭ്യന്തര യുദ്ധങ്ങള്‍, അധിനിവേശക്കാലത്തെ ജനജീവിതം എന്നിവ ഉള്‍പ്പെടുത്തിയും സ്വാതന്ത്ര്യം, സ്വത്വ ബോധം, ദേശസ്‌നേഹം, അറബ് ദേശീയത എന്നീ വികാരങ്ങള്‍ ധ്വനിപ്പിച്ചും ഒരു സിനിമാറ്റിക് ഭാഷ രൂപപ്പെടുത്തി.

1967 ന് മുന്‍പ് ഫലസ്തീന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവെങ്കിലും അവയുടെ ശേഷിപ്പുകളോ പഠനങ്ങളോ കൂടുതല്‍ ലഭ്യമല്ല. 1967 ല്‍ മുസ്തഫ അബു അലി, ഹാനി ജവഹരിയ്യ, സുലഫ ജദല്ല എന്നിവര്‍ ചേര്‍ന്ന് ജോര്‍ദാനിലാണ് ആദ്യ ഫലസ്തീന്‍ ഫിലിം യൂണിറ്റ് സ്ഥാപിക്കുന്നത്. സിനിമ പ്രവര്‍ത്തനം സായുധ സമരങ്ങളുടെ വിപുലീകരണമാണ് എന്നതായിരുന്നു പ്രസ്തുത ഫിലിം യൂണിറ്റിന്റെ ഭാഷ്യം. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെയും സ്വത്വത്തിന്റെയും കൂട്ടായ ആശയങ്ങള്‍ പ്രമേയപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഡോക്യുമെന്ററി ശൈലിയിലുള്ള ഒരു ഫിലിമോഗ്രാഫി ഇവര്‍ രൂപപ്പെടുത്തി. They do not exist (1974), Dal el sather (1977), Because the roots will not die (1977) തുടങ്ങിയ സിനിമകള്‍ ലബനാനിലെ നബാത്തിയ അഭയാര്‍ഥി ക്യാമ്പിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണവും പ്രതിരോധവും രേഖപ്പെടുത്തുന്ന ആദ്യകാല സിനിമകളാണ്.


സിനിമകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയും സിനിമ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പ്രേക്ഷകരുമായി ചര്‍ച്ച ചെയ്യുന്ന രീതിയും ഫിലിം യൂണിറ്റ് അക്കാലത്ത് സ്വീകരിച്ചിരുന്നു. 1970 മുതല്‍ 80 വരെയുള്ള ദശകത്തില്‍ ഫലസ്തീന്‍ സിനിമാറ്റോഗ്രഫി കൂടുതല്‍ സമര്‍ഥമായ പല സിനിമകള്‍ക്കും ജന്മം നല്‍കി. 1976 ല്‍ പുറത്തിറങ്ങിയ ഗാലിബ് ശാത്തിന്റെ Al mifthah (ചാവി) എന്ന സിനിമയും ഗസ്സാന്‍ കനഫാനിയുടെ Return to haifa എന്ന നോവല്‍ ആസ്പദമാക്കി കാസിം ഹവല്‍ 1982 ല്‍ പുറത്തിറക്കിയ ഇതേ പേരിലുള്ള ഫീച്ചര്‍ സിനിമക്കും പുറമെ മറ്റു അന്‍പതോളം പ്രധാന ഡോക്യുമെന്ററികളും ഇക്കാലത്ത് റിലീസ് ചെയ്യപ്പെട്ടു. ഇവയില്‍ പലതും ലെപ്സിഗ് ഫെസ്റ്റിവല്‍, മോസ്‌കോ ഫെസ്റ്റിവല്‍ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ലബനാനിലെ ഇസ്രായേല്‍ അധിനിവേശവും പി.എല്‍.ഒ യുടെ അസ്ഥിരതയും ഫിലിം യൂണിറ്റിന്റെ സിനിമാറ്റിക് ആര്‍ക്കൈവ് നഷ്ടപ്പെട്ടതും ഫലസ്തീന്‍ തേര്‍ഡ് പിരീഡ് സിനിമ എന്നറിയപ്പെട്ട ഇക്കാലഘട്ടത്തിന്റെ അവസാനത്തില്‍ കലാശിച്ചു.


| Return to haifa

1948 ലെ നക്ബക്ക് ശേഷമുള്ള ആഘാതകരമായ വര്‍ഷങ്ങളില്‍ ഫലസ്തീന്‍ പ്രദേശം മോചിപ്പിക്കുമെന്നും അഭയാര്‍ഥികളെ തിരിച്ചുകൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം മുദ്രാവാക്യം പോലെ ഉയര്‍ന്നുകേട്ടു. ഇത് ലോകമൊട്ടുക്കുമുള്ള മുഴുവന്‍ ഫലസ്തീനികളെയും ഉള്‍കൊള്ളുന്ന പരിധിയില്ലാത്ത ഒരു പാന്‍ അറബ് ഐഡന്റിറ്റി ഉയര്‍ന്നുവരാന്‍ കാരണമായി. എന്നാല്‍, ഒന്നാം ഇന്‍തിഫാദക്ക് ശേഷം ഈ പ്രക്രിയ കൂടുതല്‍ സജീവമായി. പാസ്‌പോര്‍ട്ടിനാല്‍ നിര്‍വചിക്കപ്പെടാത്തതോ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്തതോ ആയ ഒരു ദേശീയതാമാനം ഫലസ്തീന്‍ പ്രശ്‌നത്തിന് കൈവന്നു. ലോകമെങ്ങും ഐക്യദാര്‍ഢ്യത്തിന്റെ മുറവിളികളുയര്‍ന്നതോടെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫലസ്തീനികളുടേത് മാത്രമായിരുന്ന പ്രശ്‌നം പിന്നീട് ആഗോളവത്കൃത ലോകത്ത് അന്താരാഷ്ട്ര പരിപ്രേക്ഷ്യങ്ങളുള്ള ഒരു രാഷ്ട്രീയ പ്രശ്‌നമായി പരിണമിച്ചു. ഇത് സിനിമ മേഖലയിലും പ്രതിഫലിച്ചു. ഭൂപ്രദേശങ്ങള്‍ക്കതീതമായ ഈ സ്വത്വം അതിര്‍ത്തികള്‍ക്കതീതമായ സിനിമാ ബന്ധങ്ങള്‍ക്ക് വഴിവെച്ചു. അറബ് ക്രൗഡ് ഫണ്ടിങ് സംരംഭങ്ങള്‍ സിനിമാ പ്രവര്‍ത്തനത്തിനായി ഉയര്‍ന്നു വരികയും ചെയ്തു. സമരത്തോട് ഐക്യദാര്‍ഢ്യപ്പെട്ട് പല അന്താരാഷ്ട്ര സിനിമകളും പിറവികൊണ്ടു. ഇവയില്‍ ഇറ്റാലിയന്‍ ജര്‍മ്മന്‍ ജപ്പാനീസ് സിനിമകളുടെ ഉദാഹരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനമായത് ഫ്രഞ്ച് ഐക്കണ്‍ ഗൊദാര്‍ഡ്‌ന്റെ Here and elsewhere(1976)എന്ന സിനിമയാണ്. അതിര്‍ത്തികള്‍ക്കതീതമായ സഹായങ്ങളും സഹകരണങ്ങളും വികസിച്ചതോടെ ഫലസ്തീന്‍ സിനിമ ഒരു സ്വതന്ത്ര്യ മേഖലയായി മാറുകയും ചെയ്തു. ഇവ കാരണം ഫലസ്തീന്‍ സിനിമാ മേഖല ഗൗരവമായ മാറ്റങ്ങള്‍ക്ക് വിധേയമായി.

ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (PLO), പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബെറേഷന്‍ ഓഫ് ഫലസ്തീന്‍ (PLFP) തുടങ്ങിയ സംഘടനകള്‍ക്കു പകരം യൂറോപ്യന്‍ ടി.വി നെറ്റ്വര്‍ക്കുകളിലൂടെയും വിദേശ സംഘടനകളിലൂടെയും ധനസഹായം സ്വീകരിച്ചതിന് പിന്നാലെ സമൂലമായ പരിഷ്‌കരണങ്ങളോടെ ഫലസ്തീന്‍ പ്രശ്‌നത്തിലും കലാ വൈഭവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ ഫലസ്തീന്‍ സ്വതന്ത്ര്യ സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ സെലെബ്രേറ്റ് ചെയ്യപ്പെട്ടു. ഇക്കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ഫലസ്തീന്‍ ഫീച്ചര്‍ സിനിമകള്‍ പലതും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ വിജയിക്കുകയും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തത് പിന്നീട് കൂടുതല്‍ ഫീച്ചര്‍, ഫാന്റസി ഫിലിമുകള്‍ പുറത്തിറങ്ങാന്‍ കാരണമായി. ഇക്കാലയളവില്‍ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് ശ്രദ്ധേയമായ സിനിമകള്‍ സംഭാവന ചെയ്ത പ്രധാനപ്പെട്ട സംവിധായകര്‍ ഏലിയ സുലൈമാന്‍, മിഷേല്‍ ഖലീഫി, റാഷിദ് മാഷറാവി, ഹാനി അബൂ അസദ് എന്നിവരായിരുന്നു.

ഒരു ഫലസ്തീന്‍ ഗ്രാമത്തലവന്റെ മകന്റെ വിവാഹചടങ്ങുകളും അതില്‍ പങ്കെടുക്കുന്ന ഇസ്രായേല്‍ സൈനിക ഗവര്‍ണരുടെയും ഉദ്യോഗസ്ഥരുടെയും കഥ പറയുന്ന ഖലീഫിയുടെ Wedding in galeeli(1987) എന്ന സിനിമ വളെരെ ശ്രേദ്ധേയമാണ്. 1987 ലെ കാന്‍ ഫെസ്റ്റിവലിലെ അന്താരാഷ്ട്ര നിരൂപക പുരസ്‌കാരം ഉള്‍പ്പെടെ അനവധി പുരസ്‌കാരങ്ങള്‍ ഈ സിനിമയെ തേടിയെത്തി. തങ്ങളുടെ ജീവിതവും കുടുംബവും ഇല്ലാതാക്കിയ ഇസ്രായേല്‍ അധിനിവേശത്തോടുള്ള രണ്ട് സ്ത്രീകളുടെ പോരാട്ടം വരച്ചിടുന്ന Fertile memory(1981) എന്ന സിനിമയും ഖലീഫിയുടെ പ്രധാനപ്പെട്ട വര്‍ക്കുകളില്‍ ഒന്നാണ്. ഏലിയ സുലൈമാന്‍ സംവിധാനം ചെയ്ത Chronicle of a disappearance(1996), Divine intervention(2002) തുടങ്ങിയ ഡ്രാമ സിനിമകളും പ്രശസ്തമായ ഫലസ്തീന്‍ സിനിമകളാണ്. ഗാസ സ്ട്രിപ്പിലെ അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന മഷറാവി തന്റെ അഭയാര്‍ഥി ജീവിതം ലോകത്തിന് പ്രദര്‍ശിപ്പിച്ച Curfew(1993) എന്ന സിനിമ ഒരു ശരാശരി ഫലസ്തീന്‍ ബാല്യത്തെയും അതിന്റെ യാതനകളെയും വിളിച്ചോതുന്ന സമര്‍ഥമായ സിനിമയാണ്. ഫലസ്തീന്‍ അതിവിപ്ലവകാരികളുടെ സമ്മര്‍ദത്താല്‍ ഇസ്രായേലിലേക്ക് ചാവേറുകളായി പോകാന്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് യുവാക്കളുടെ കഥ പറയുന്ന Paradise now(2005),ദിവസവും തന്റെ കാമുകിയെ കാണാനായി ഇസ്രായേല്‍ നിര്‍മിച്ച കൂറ്റന്‍ മതില്‍ കടക്കുന്ന കാമുകന്റെ കഥ പറയുന്ന Omar(2013) എന്നിവ ഹാനി അബു അസദിന്റെ പ്രധാന സിനിമകളില്‍ പെടുന്നു.


| Wedding in galeeli


| Fertile memory

21 ആം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഫലസ്തീന്‍ സിനിമകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. രണ്ടാം ഇന്‍തിഫാദ പ്രക്ഷോഭത്തിന് ശേഷം വെസ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ സാന്ദര്‍ഭിക ക്രമീകരണങ്ങളുള്ള പ്രൈമറി ഷൂട്ടിംഗ് സ്ഥലമായി മാറുകയും ചെയ്തു. യുദ്ധവശിഷ്ടങ്ങള്‍, ബാരിക്കേഡുകള്‍, ക്യാമ്പുകള്‍, ജീപ്പുകള്‍, സൈനികര്‍, വിഭജന മതില്‍ എന്നിവയെല്ലാം റിയലിസ്റ്റിക് ആയി ഉള്‍പ്പെടുത്താനുള്ള സാധ്യതയും ലഭിച്ചു. ഈ പ്രദേശങ്ങളിലേക്ക് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്താതിരുന്നത് വിദേശ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അനുകൂലമായി. ഫോര്‍ത്ത് പിരീഡ് ഫലസ്തീന്‍ സിനിമ എന്നറിയപ്പെടുന്ന ഇക്കാലഘട്ടത്തിലെ സിനിമകള്‍ അധികവും വ്യക്തിത്വ പ്രവണതകള്‍ കൂടുതലായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. തൊഴില്‍ ജീവിതം, കുടുംബം, വിദ്യാലയങ്ങള്‍, സൗഹൃദം, പ്രണയം, പ്രവാസം, ഗൃഹാതുരത്വം എന്നീ തീമുകള്‍ അവ കൂടുതലായി ചര്‍ച്ച ചെയ്യുന്നു. Farha(2021), 200 Meters(2020), 3000 Nights(2015), Lemon tree(2008), Ismael(2012), Eyes of a thief(2014), 5 broken cameras(2011) എന്നിവ ഇത്തരം സ്വഭാവസവിശേഷതകളുള്ള സിനിമകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചവയാണ്.


| Omar

ഫലസ്തീന്‍ ഫോര്‍ത്ത് പിരീഡ് സിനിമ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ സിനിമകളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ച സിനിമകളില്‍ ചിലതിന്റെ വിവരണങ്ങള്‍ താഴെനല്‍കുന്നു.

200 മീറ്റേഴ്‌സ്

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ ഫലസ്തീന്‍ സംവിധായകരില്‍ പ്രധാനിയായ അമീന്‍ നായിഫ് 2020 ല്‍ സംവിധാനം ചെയ്ത ജോര്‍ദാനിയന്‍ ഫലസ്തീന്‍ അഡ്വഞ്ചര്‍ ഡ്രാമ സിനിമയാണ് 200 മീറ്ററുകള്‍. ജാക്ക് റയാന്‍ എന്ന സീരീസിലൂടെ പ്രശസ്തനായ ഇസ്രായേലി നടന്‍ അലിസുലൈമാന്‍ ആണ് ഈ സിനിമയിലെ മുസ്തഫ എന്ന പ്രൊട്ടോഗോണിസ്റ്റ് കഥാപാത്രം. അധിനിവിഷ്ഠ ഫലസ്തീനിലെ വെസ്റ്റ്ബാങ്കിനും ഹൈഫക്കുമിടയില്‍ ഇസ്രായേല്‍ നിര്‍മിച്ച കൂറ്റന്‍ സെപ്പറേഷന്‍ വാള്‍ എന്നറിയപ്പെടുന്ന മതില്‍ കാരണം രണ്ട് ലോകങ്ങളില്‍ പെട്ടുപോയ ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചലച്ചിത്രം.


മുസ്തഫ ഒരു ഫ്രീലാന്‍സ് തെഴിലാളിയാണ്. സ്‌നേഹനിധിയായ ഭര്‍ത്താവും മൂന്ന് മക്കളുടെ പിതാവും ശുദ്ധ ഫലസ്തീന്‍ സ്വത്വബോമുള്ളയാളുമാണ്. ഇസ്രായേല്‍ പൗരത്വമുള്ളതിനാല്‍ തന്റെ ഭാര്യ സല്‍വ മക്കളോടൊപ്പം മതിലിനുള്ളില്‍ ഇസ്രായേലിലാണ് താമസം. മുസ്തഫയാകട്ടെ തന്റെ ഉമ്മയോടൊപ്പം മതിലിനുപുറത്ത് സല്‍വയില്‍ നിന്നും 200 മീറ്റര്‍ അകലെ ഫലസ്തീനിലും. എല്ലാ ദിവസവും രാത്രി തന്റെ മക്കള്‍ ഉറങ്ങാന്‍ നേരത്ത് മുസ്തഫക്ക് ഫോണ്‍ ചെയ്യുകയും ഇരുവരും വീടുകള്‍ക്ക് മുകളില്‍ കയറി നിന്ന് പരസ്പരം കാണുകയും ചെയ്യും. ഭാര്യക്കും മക്കള്‍ക്കും പൗരത്വമുള്ളതിനാല്‍ ഇസ്രായേല്‍ പൗരനാകാന്‍ അവസരമുണ്ടായിട്ടും തന്റെ നിലപാടുകളിലെ കണിശത കാരണം മുസ്തഫ അതിന് മുതിരുന്നില്ല. ജോബ്‌പെര്‍മിറ്റ് ഉപയോഗിച്ച് ദിവസവും ജോലിക്ക് ശേഷം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന മുസ്തഫയുടെ പെര്‍മിറ്റ് ഒരു ദിവസം കാലഹരണപ്പെടുകയും തുടര്‍ന്ന് ഇസ്രായേലിലേക്കുള്ള അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം മകന് ആക്സിഡന്റ് പറ്റിയെന്നും ഇസ്രായേലി ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും അറിയിച്ചുള്ള സല്‍വയുടെ ഫോണ്‍കോള്‍ വരികയും തുടര്‍ന്ന് ഇസ്രായേലിലേക്ക് കടക്കാന്‍ മുസ്തഫക്ക് കള്ളക്കടത്തുകാരെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നതോടെ സിനിമയുടെ ഭാവം മാറുന്നു. കള്ളക്കടത്തുകാരന്റെ കാറിലുള്ള സഹയാത്രികരുടെ വിചിത്രമായ കൂട്ടം സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നു. ഒരു ഫലസ്തീന്‍ ബാലന്‍, ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍, മറ്റു സാധാരണ ഫലസ്തീന്‍ യുവാക്കള്‍ എന്നിവര്‍ പിന്നിടുന്ന വഴികളിലുള്ള സംഭാഷണങ്ങളും സങ്കീര്‍ണ്ണമായ ചെക്കിങ്ങുകളും അധിനിവേശം ഫലസ്തീന്‍ സാമൂഹിക ജീവിതത്തെ തരിപ്പണമാക്കിയതിന്റെ കാരിക്കേച്ചര്‍ പ്രേക്ഷകരുടെ മനസ്സില്‍ വരച്ചിടുന്നു. 200 മീറ്റര്‍ മാത്രമകലെയുള്ള തന്റെ കുടുംബത്തെ കാണാന്‍ കിലോമീറ്ററുകളോളം നുഴഞ്ഞുകയറ്റക്കാരനായി യാത്രചെയ്യേണ്ടിവരുന്ന ഒരു പിതാവിന്റെ സ്‌നേഹത്തിന്റെ കഥ മാത്രമല്ല, ഒരു റോഡ് ത്രില്ലറും കൂടാതെ പൊളിറ്റിക്കല്‍ ത്രില്ലറും കൂടിയാണ് സിനിമ. സംവിധായകന്‍ നായിഫിന്റെയും കൂട്ടുകാരുടെയും അനുഭവങ്ങള്‍ പ്രേമേയമാക്കിയ ഈ സിനിമ സെപ്പറേഷന്‍ വാള്‍ ജനജീവിതത്തെ ദുസ്സഹമാക്കിയതിന്റെ ഉദാഹരണങ്ങള്‍ നിരത്തുന്നു.

3000 നൈറ്റ്‌സ്

ഫലസ്തീന്‍ സ്ത്രീ സംവിധായകരില്‍ പ്രധാനിയായ മായി മസ്രി 2015 ല്‍ സംവിധാനം ചെയ്ത ഒരു ഫലസ്തീനിയന്‍ ഡ്രാമ ഫിലിം ആണ് 3000 രാത്രികള്‍. നാബുള്‍സിലെ ഇസ്രായേലി ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ വെച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ടി വരുന്ന ലയാല്‍ ഉസ്ഫൂര്‍ എന്ന ഫലസ്തീന്‍ മാതാവിന്റെ കഥയാണ് ഈ ചിത്രം. 1967 മുതല്‍ ഇസ്രായേല്‍ ഗവണ്മെന്റിന് കീഴില്‍ തടവിലാക്കപ്പെട്ട 80,000 ഫലസ്തീനികളുടെ കഥകളാണ് ഓരോ ജയില്‍ സിനിമകളും. ഫലസ്തീനികളോടുള്ള ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റവും അവര്‍ ശത്രുവിനെ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു.


മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കാനഡയിലേക്ക് പലായനം ചെയ്യുന്ന ലയാല്‍ ഒരു സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട് സ്റ്റാര്‍ സെക്യൂരിറ്റിയുള്ള ഇസ്രായേല്‍ ജയിലിലേക്ക് വിധിക്കപ്പെടുന്നു. ചാരവൃത്തി നടത്തിയാല്‍ മാത്രം ഉദ്യോഗസ്ഥരില്‍ നിന്ന് ഇളവുകള്‍ പ്രതീക്ഷിക്കപ്പെടുന്ന തടവറയില്‍ നിന്ന് മുക്തിനേടാന്‍ ആദ്യമാദ്യം അവള്‍ ആഗ്രഹിക്കുന്നു. എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതോടെ അവളില്‍ രൂപപ്പെടുന്ന ധൈര്യവും ഒരു ശരാശരി ഫലസ്തീന്‍ മാതൃത്വത്തിന്റെ ഘടകങ്ങളും കോടതി വിധിക്കുന്ന മുവായിരം ദിവസത്തെ കാരാഗ്രഹവാസം ആവേശത്തോടെ സ്വീകരിക്കാന്‍ അവളെ പ്രാപ്തമാക്കുന്നു. തുടര്‍ന്ന് ജയിലിനുള്ളിലെ ചെറുത്തുനില്‍പ്പിന്റെയും സമരപോരാട്ടങ്ങളുടെയും മുഖമായി ലയാല്‍ മാറുന്നതാണ് സിനിമയുടെ പ്രധാന വഴിത്തിരിവ്.

ആദ്യം ഇസ്രായേല്‍ കുറ്റവാളികളുടെ സെല്ലില്‍ അടക്കപ്പെടുന്ന ലയാലിനെ പിന്നീട് ഫലസ്തീന്‍ തടവുകാരുടെ സെല്ലിലേക്ക് മാറ്റുന്നു. സെല്ലിലെ അംഗങ്ങളായ ലെബനാനിലെ ചെറുത്തുനില്‍പ്പിനിടെ ഒരു കൈ നഷ്ടപ്പെട്ട മധ്യവയസ്‌ക, രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍, തന്റെ രണ്ട് പേരമക്കള്‍ ബന്ദികളാക്കപ്പെട്ട ഒരു മുത്തശ്ശി എന്നിവരുടെ പിന്നാമ്പുറക്കഥകള്‍ ഭാവനക്ക് വിട്ടുതരുമ്പോഴും അവരുടെ നിലപാടുകളും പ്രകൃതവും സമരങ്ങളിലെ ആത്മാര്‍ഥതയും അധിനിവേശവിരുദ്ധതയുടെ സ്ത്രീമുഖങ്ങളെ കാഴ്ചക്കാരന് പരിചയപ്പെടുത്തുന്നു.

അബോര്‍ഷന്‍ നടത്താന്‍ നിര്‍ബന്ധിക്കുന്ന ഭര്‍ത്താവിനോട് 'ഞാനിവനെ ഫലസ്തീനിയായി ഇതേ ജയിലില്‍ വളര്‍ത്തും' എന്ന് മറുപടി പറയുന്ന ലയാല്‍, നൂര്‍ എന്ന കുഞ്ഞിന് ജന്മം നല്‍കുന്നു. തുടര്‍ന്ന് അവന് നല്‍കുന്ന പരിചരണങ്ങളും, മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിന്റെ അമ്മയെന്ന പരിഗണന പോലും ലഭിക്കാതെ ലയാല്‍ ക്രൂരമായി ശിക്ഷിക്കപ്പെടുന്നതും ജയില്‍ സിനിമകളെക്കുറിച്ചുള്ള പ്രേക്ഷകരുടെ മനസ്സിലുള്ള സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാര്‍ക്കുന്നു.

ജോര്‍ദാനിലെ സൈനിക ജയിലില്‍ വച്ച് തടവുകാരുമായുള്ള മസ്രിയുടെ അഭിമുഖങ്ങളില്‍ നിന്നാണ് 3000 നൈറ്റ്‌സ് എന്ന കഥയുണ്ടാകുന്നത്. 2015 ലെ ടൊറെന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ കൂടിയാണിത്.

പാരഡൈസ് നൗ

ഫലസ്തീന്‍ - ഡച്ച് ചലച്ചിത്രകാരനായ ഹാനി അബൂ അസദ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ സിനിമയാണ് പാരഡൈസ് നൗ. ഒരു രാഷ്ട്രീയപ്രശ്‌നത്തിന്റെ കലാപരമായ വീക്ഷണമായി സിനിമയെ എണ്ണുന്ന അസദിന്റെ ഈ സിനിമ ഇസ്രായേലിലേക്ക് ചാവേറുകളായി പോകാന്‍ വിധിക്കപ്പെടുന്ന രണ്ട് യുവാക്കളുടെ മാനസിക സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്നു.

നാബുള്‍സില്‍ കാര്‍ മെക്കാനിക്കുകളായി ജോലി ചെയ്യുന്ന രണ്ട് രണ്ട് യുവാക്കളാണ് ഖാലിദും സൈദും. വലിയ രാഷ്ട്രീയബോധമില്ലാത്ത മതചിട്ടകള്‍ കുറവായ യുവത്വത്തിന്റെ സന്തോഷങ്ങളില്‍ ജീവിതം കണ്ടെത്തുന്ന ഇവര്‍ ഒരു ഫലസ്തീന്‍ അതിവിപ്ലവകാരികളുടെ സംഘടനയുടെ തീരുമാനത്താല്‍ ചാവേറുകളാകാന്‍ വിധിക്കപ്പെടുന്നു. ആവേശത്തോടെ ദൗത്യം ഏറ്റെടുക്കുന്ന ഖാലിദും ഒട്ടും ആഗ്രഹമില്ലാതെ അര്‍ധസമ്മതം മൂളുന്ന സൈദും ഫലസ്തീനി യുവത്വത്തിന്റെ വേദനകളെ പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കുന്നു. നമ്മള്‍ മരിക്കാന്‍ പോകുകയാണോ എന്ന സൈദിന്റെ ചോദ്യത്തിന് 'അധിനിവേശ ഭരണത്തിന് കീഴില്‍ നമ്മളെന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു' എന്ന് മറുപടി പറയുന്നു ഖാലിദ്. അതിര്‍ത്തി കടക്കുമ്പോള്‍ ഇവരുടെ പദ്ധതി തകരുകയും ഓടിരക്ഷപ്പെടുന്നതിനിടയില്‍ രണ്ടുപേരും വേര്‍പിരിയുകയും ചെയ്യുന്നു. ശരീരത്തില്‍ പിടിപ്പിച്ച ബോംബുമായി ആരുമറിയാതെ തന്റെ ഉമ്മയെ അവസാനമായൊന്ന് കാണാന്‍ വരുന്ന സൈദിനെ അവന്റെ കാമുകി സുഹ പിന്തുടരുകയും ഇവരുടെ പ്ലാന്‍ മനസ്സിലാക്കുകയും ചെയ്യുന്നു.

സുഹ എന്ന കാമുകിയുടെ ക്യാരക്റ്റര്‍ പ്രേക്ഷകര്‍ക്ക് മറ്റു ചില ചിന്തകള്‍ സമ്മാനിക്കുന്നു. ചാവേറുകളായി സാധാരണക്കാരെ വധിക്കുകയാണെങ്കില്‍ നിങ്ങളും ശത്രുക്കളും തമ്മിലെന്താണ് വ്യത്യാസം, ആത്മഹത്യ ഇസ്‌ലാമിന് നീതീകരിക്കാനാകുന്നതല്ല, നിങ്ങളുടെ രക്തസാക്ഷിത്വം പോലും കപടമാണ് തുടങ്ങിയ കാര്യങ്ങള്‍ അവള്‍ സൈദിനെ പിന്തിരിപ്പിക്കാനായി വാദിക്കുന്നു. തന്റെ ദേഹത്ത് നിന്നും ബോംബ് അഴിച്ചു മാറ്റിയ ഖാലിദ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊടുന്നനെ കാറില്‍ നിന്നിറങ്ങി ചാവേറാകാന്‍ ഓടിയകലുന്ന സൈദിനെ കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

ഭീകരതയെക്കുറിച്ചുള്ള നമ്മുടെ ലിബറല്‍ സംവാദത്തിന്റെ പാരമ്പരാഗത സ്ട്രാറ്റജിയെ ബ്രേക്ക് ചെയ്യുന്നിടത്താണ് പാരഡൈസ് നൗ അതിന്റെ സ്ഥാനം പിടിക്കുന്നത്. ചാവേര്‍ സ്‌ഫോടനം നീതീകരിക്കാവുന്നതാണോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും അധിനിവേശം ക്രൂരതയുടെ അന്ധത ബാധിച്ചപോല്‍ ഉറഞ്ഞുതുള്ളുന്നിടത്ത് ഇരകളോട് നീതിയെയും ന്യായത്തെയും കുറിച്ച് സംസാരിക്കുന്നതിലെ യുക്തിയെ സിനിമ ചോദ്യം ചെയ്യുന്നു.

ലെമണ്‍ ട്രീ

ഇസ്രായേലി സംവിധായകനായ എറാന്‍ റിക്ലിസ് 2008 ല്‍ സംവിധാനം ചെയ്ത ഫലസ്തീന്‍ ചിത്രമാണ് ലെമണ്‍ ട്രീ. പാരമ്പര്യമായി ലഭിച്ച നാരകതോട്ടം സ്‌നേഹത്തിന്റെ നനവോടെ പരിചരിക്കുന്ന സല്‍മ എന്ന നായികയും സുരക്ഷാഭീഷണിയുടെ പേരില്‍ തോട്ടം നശിപ്പിക്കുന്ന ഇസ്രായേലി പ്രതിരോധ മന്ത്രിയും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രതിപാദ്യവിഷയം.

അതിരാവിലെ ഭീമന്‍ ശബ്ദം കേട്ടുണരുന്ന സല്‍മ തന്റെ തോട്ടത്തിന് തൊട്ടടുത്ത് ഒരു കൂറ്റന്‍ വാച്ച്ടവറും താത്കാലിക വീടും ഉയര്‍ന്നിരിക്കുന്നത് കാണുന്നു. നിറയെ സുരക്ഷാഉദ്യോഗസ്ഥരും അവരുടെ കോലാഹലങ്ങളും സല്‍മയുടെ സമാധാനജീവിതത്തെ താളംതെറ്റിക്കുന്നു. ഒരു ദിവസം മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് സല്‍മയുടെ തോട്ടം മുഴുവന്‍ കമ്പിവേലി കൊണ്ട് വരിഞ്ഞുകെട്ടുകയും മരങ്ങള്‍ മുറിക്കുകയാണെന്നും നഷ്ടപരിഹാരം നല്‍കാമെന്നും അറിയിച്ചുള്ള കത്ത് സല്‍മക്ക് ലഭിക്കുകയും ചെയ്യുന്നു. ഈ നടപടിയില്‍ നിറഞ്ഞിരിക്കുന്ന അനീതിയും തന്റെ ഭൂമിയോടും തോട്ടത്തോടുമുള്ള കടപ്പാടും കാരണം പ്രതീക്ഷയും ധൈര്യവും മാത്രം കൈവശമുള്ള സല്‍മ ഇസ്രായേല്‍ കോടതികളില്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കാന്‍ തയ്യാറാകുന്നു. തനിക്ക് വേണ്ടി കേസ് വാദിക്കാന്‍ ഫലസ്തീന്‍ അഭിഭാഷകനായ സിയാദിനെ സല്‍മ കണ്ടെത്തുന്നു. കീഴ്‌കോടതികളില്‍ വിധി പ്രതികൂലമായിട്ടും സല്‍മ പ്രയാസപ്പെട്ട് കേസ് സുപ്രിംകോടതിയിലെത്തിക്കുന്നു. ഇതിനിടെ കേസിന് മീഡിയ കവറേജ് ലഭിക്കുന്നത്തോടെ വിഷയം വിവാദമാവുകയും ചെയ്യുന്നു.

സിനിമയെ മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയത്തിനപ്പുറം മാനുഷിക ബന്ധങ്ങളെയും വികാരങ്ങളെയും അഡ്രസ് ചെയ്യുന്ന രംഗങ്ങളും സിനിമയില്‍ നിറഞ്ഞിരിക്കുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന മനുഷ്യര്‍ നേരിടുന്ന നിസ്സംഗതയെ സല്‍മയും സിയാദും തമ്മില്‍ ഉടലെടുക്കുന്ന പ്രണയത്തിലും കൊട്ടാരസമാനമായ വീട്ടിലും ഏകാന്തതയനുഭവിക്കുന്ന മിറ എന്ന മന്ത്രിയുടെ ഭാര്യയുടെ വികാരങ്ങളിലൂടെയും സിനിമ വിരാചിക്കുന്നു. മിറയമും സല്‍മയും സംസാരിക്കാന്‍ ആരോരുമില്ലാത്തവരുടെ ശബ്ദമായി സിനിമയില്‍ നിറയുന്നു. വിഭജനത്തിന്റെ യാഥാര്‍ഥ്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതിനപ്പുറം ഉയര്‍ന്നു നില്‍ക്കുന്ന മനുഷ്യത്വത്തെയും സ്‌നേഹത്തെയും കുറിച്ച്, ഒരിക്കല്‍ പോലും തമ്മില്‍ സംസാരിച്ചിട്ടില്ലാത്ത ഈ സ്ത്രീകള്‍ പ്രേക്ഷകരോട് വാചാലമാകുന്നു. സിനിമയുടെ അവസാനം കാമറ മതിലിനുമുകളിലൂടെ തോട്ടത്തിലേക്ക് പറന്നുയരുമ്പോള്‍ വെട്ടിനശിപ്പിക്കപ്പെട്ട മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന സല്‍മയെ കാണിക്കുന്നു. എത്രയെത്ര ഭൂമികള്‍ മോഷ്ടിച്ചാലും, നാരങ്ങ മരങ്ങള്‍ പിഴുതെറിഞ്ഞാലും, കുട്ടികളെ അനാഥരാക്കിയാലും അധിനിവേശ സൈന്യം ഫലസ്തീനിയുടെ ആത്മധൈര്യത്തോടുള്ള ഭയത്തിന്റെ മറവില്‍ തന്നെയായിരിക്കുമെന്ന് സിനിമ വാദിക്കുന്നു.

വെന്‍ ഐ സോ യു

ഫലസ്തീന്‍ സിനിമാ സംവിധായികയും കവയത്രിയുമായ ആന്‍മേരി ജാസിറിന്റെ 2012 ല്‍ പുറത്തിറങ്ങിയ ഫാന്റസി ഡ്രാമ ചിത്രമാണ് When i saw you. 63 ആം ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഏഷ്യന്‍ ചിത്രമായി അവാര്‍ഡ് നേടുകയും ചെയ്ത സിനിമയാണിത്.

1967 ലെ യുദ്ധത്തിന് ശേഷം ജോര്‍ദാനിലെ ഹിരീര്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് വന്നെത്തിയ താരക് എന്ന ബാലന്റെയും ഉമ്മ ഗൈദയുടെയും കഥയാണ് സിനിമ. തന്റെ അച്ഛനെ നഷ്ടപ്പെട്ട വേദനയും നാടും വീടും അപഹരിക്കപ്പെട്ടതിലുള്ള ദുഃഖവുമാണ് താരകിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. താനനുഭവിക്കുന്ന വിരഹവും ആശയക്കുഴപ്പവും ദേഷ്യവും കാരണം ജന്മനാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച താരക് ക്യാമ്പ് വിട്ടിറങ്ങുകകയും തുടര്‍ന്ന് ഒരു ഫലസ്തീന്‍ സായുധ സൈനികരുടെ താവളത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു. ഫിദായിനുകള്‍ എന്നറിയപ്പെടുന്ന ഈ സൈനികരിലൊരാളായി തീര്‍ന്നാല്‍ മാത്രമേ ഫലസ്തീനിലേക്ക് തിരികെപ്പോകാനാകൂ എന്ന് മനസ്സിലാക്കുന്ന താരക് സൈനിക പരിശീലനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. മകനെ തിരഞ്ഞ് സൈനികക്യാമ്പിലെത്തുന്ന ഗൈദയോടൊപ്പം തിരികെപ്പോകാന്‍ താരക് വിസമ്മതിക്കുന്നതിനെ തുടര്‍ന്ന് ഇരുവരും അവിടെ താമസമാക്കുന്നു. നിരന്തരം തന്റെ അച്ഛനെയും ജന്മനാടിനെയും കണ്ടുമുട്ടുന്നതായി ചിന്തിച്ചുകൊണ്ടേയിരിക്കുന്ന താരകിനോട് ഗൈദ ദേഷ്യപ്പെടുമ്പോഴൊക്കെ 'നിങ്ങളെന്നെ ശ്വാസം മുട്ടിക്കുന്നു' എന്ന ഈര്‍ഷ്യത കലര്‍ന്ന മറുപടിയാണ് താരക് നല്‍കുന്നത്.


ഒരു ദിവസം രാത്രിയില്‍ സൈനികതാവളത്തില്‍ നിന്ന് ഒളിച്ചോടുന്ന താരകിനെ തിരഞ്ഞെത്തുന്ന ഗൈദയും സൈനികരും കാണുന്നത് ഫലസ്തീന്‍ അതിര്‍ത്തിയിലെ കമ്പിവേലിക്കരികില്‍ ഇസ്രായേല്‍ ജീപ്പ് റോന്ത്ചുറ്റുന്നത് നോക്കിനില്‍ക്കുന്ന താരകിനെയാണ്. ജീപ്പ് പോയിക്കഴിഞ്ഞ ഉടനെതന്നെ അതിര്‍ത്തി ലക്ഷ്യമാക്കി ഓടുന്ന താരകിനെ പിടിക്കാന്‍ പിറകെയോടുന്ന ഗൈദ സൈനികരെ ഞെട്ടിച്ചുകൊണ്ട് അവസാനനിമിഷം മകന്റെ കൈപിടിച്ച് ഫലസ്തീനിലേക്ക് തന്നെ ഓടിയടുക്കുന്നു.

യുദ്ധവും അധിനിവേശവും നിരപരാധികളായ സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ദാരുണമായ അനുഭവങ്ങള്‍ നല്‍കുന്നു. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും കൊച്ചുലോകത്ത് സന്തോഷം കണ്ടെത്തുന്ന ബാല്യങ്ങളുടെ ഗൃഹാതുരത്വത്തിന്റെ വേദനാനുഭവമാണ് താരക്. പതിനൊന്ന് വയസുള്ള കുട്ടിയുടെ വീക്ഷണകോണിലൂടെ യുദ്ധത്തെയും പലായനത്തെയും നിരീക്ഷിക്കുമ്പോള്‍ അതെത്ര വേദനയും നിരാശയും ജനിപ്പിക്കുന്നതാണെന്ന് സിനിമ വിശദീകരിക്കുന്നു. തന്റെ ജീവിതത്തിന്റെ അവസാനധ്യായവും തീര്‍ന്നു എന്ന് വിശ്വസിച്ചിരിക്കുന്ന ഗൈദയെ ജന്മനാട് തിരിച്ചെടുക്കാനാഗ്രഹിക്കുന്നതും അതിനായി പോരാടുന്നതും ജന്മവകാശമാണെന്ന് പഠിപ്പിക്കുന്ന താരകിന്റെ കുസൃതി നിറഞ്ഞ നിഷ്‌കളങ്ക ബാല്യമാണ് സിനിമയുടെ പ്രധാന ഘടകം.

1916 നും 2005 നും ഇടയില്‍ ഏകദേശം 204 സംവിധായകരെ ഉള്‍പ്പെടുത്തി 799 ഫലസ്തീന്‍ സിനിമകള്‍ റിലീസ് ചെയ്യപ്പെട്ടു. 2006 നും 2019 നും ഇടയില്‍ 369 സംവിധായകരെ ഉള്‍പ്പെടുത്തി 547 സിനിമകളും പുറത്തിറങ്ങി. ഫലസ്തീന്‍ ജനതയുടെ രാഷ്ട്രീയപ്രശ്‌നത്തിലുള്ള അറബ്, അന്തര്‍ദേശീയ താല്‍പര്യങ്ങള്‍ കുറയുന്നുണ്ടെങ്കിലും പലസ്തീന്‍ സിനിമാ മേഖലയിലുള്ള താല്‍പര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. അറബ്, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളുടെ എണ്ണം കൂടുന്നതും സിനിമയുടെ നിര്‍മാണത്തിന് ലഭിക്കുന്ന ധനസഹായങ്ങളും മറ്റു വാണിജ്യ താല്‍പര്യങ്ങളുമാണ് ഇതിന് കാരണം. കൂടാതെ കാന്‍സ്, വെനീസ്, ലോകാര്‍ണോ, ടൊറെന്റോ, ബെര്‍ലിന്‍ തുടങ്ങിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ ഫലസ്തീന്‍ ഫീച്ചര്‍ ഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടതും ലോകമെങ്ങും വ്യാപിച്ച ഐക്യദാര്‍ഢ്യ തരംഗവും ഫലസ്തീന്‍ സിനിമകളെയും സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അധിനിവേശ - കൊളോണിയല്‍ വിരുദ്ധത വളര്‍ത്താനും സഹായകമായിട്ടുണ്ട്. ഫലസ്തീനിയന്‍ സിനിമാ ഐഡന്റിറ്റി ഒരു രാഷ്ട്രീയമായ പ്രതിരോധത്തിന്റെ സൂചകം എന്നതിലുപരി സാംസ്‌കാരികവും കലാ-സാഹിത്യപരവുമായി സമര്‍ഥമായ ആശയങ്ങളും മികച്ച ചിത്രീകരണങ്ങളും ഉള്‍പ്പെടുന്ന മേഖല കൂടിയാണ്.

ഇവക്ക് പുറമെ പുറത്തിറങ്ങിയ Farha(2021),Five broken cameras(2011), The syrian bride(2004), Tears of gaza(2010), Eyes of a thief(2014), Salt of this sea(2008), The present(2020) തുടങ്ങിയ സിനിമകളും വലിയ സ്വീകാര്യത നേടിയവയാണ്. കൂടാതെ മെഹ്ദി ഫ്‌ലഫൈല്‍ സംവിധാനം ചെയ്യുന്ന To a land unknown എന്ന സിനിമ ഈയടുത്ത് ഒ.ടി.ടി റിലീസ് ചെയ്യാനിരിക്കുന്നുമുണ്ട്.


1916 നും 2005 നും ഇടയില്‍ ഏകദേശം 204 സംവിധായകരെ ഉള്‍പ്പെടുത്തി 799 ഫലസ്തീന്‍ സിനിമകള്‍ റിലീസ് ചെയ്യപ്പെട്ടു. 2006 നും 2019 നും ഇടയില്‍ 369 സംവിധായകരെ ഉള്‍പ്പെടുത്തി 547 സിനിമകളും പുറത്തിറങ്ങി. ഫലസ്തീന്‍ ജനതയുടെ രാഷ്ട്രീയപ്രശ്‌നത്തിലുള്ള അറബ്, അന്തര്‍ദേശീയ താല്‍പര്യങ്ങള്‍ കുറയുന്നുണ്ടെങ്കിലും ഫലസ്തീന്‍ സിനിമാ മേഖലയിലുള്ള താല്‍പര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. അറബ്, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളുടെ എണ്ണം കൂടുന്നതും സിനിമയുടെ നിര്‍മാണത്തിന് ലഭിക്കുന്ന ധനസഹായങ്ങളും മറ്റു വാണിജ്യ താല്‍പര്യങ്ങളുമാണ് ഇതിന് കാരണം. കൂടാതെ കാന്‍സ്, വെനീസ്, ലോകാര്‍ണോ, ടൊറെന്റോ, ബെര്‍ലിന്‍ തുടങ്ങിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ ഫലസ്തീന്‍ ഫീച്ചര്‍ ഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടതും ലോകമെങ്ങും വ്യാപിച്ച ഐക്യദാര്‍ഢ്യ തരംഗവും ഫലസ്തീന്‍ സിനിമകളെയും സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അധിനിവേശ - കൊളോണിയല്‍ വിരുദ്ധത വളര്‍ത്താനും സഹായകമായിട്ടുണ്ട്. ഫലസ്തീനിയന്‍ സിനിമാ ഐഡന്റിറ്റി ഒരു രാഷ്ട്രീയമായ പ്രതിരോധത്തിന്റെ സൂചകം എന്നതിലുപരി സാംസ്‌കാരികവും കലാ-സാഹിത്യപരവുമായി സമര്‍ഥമായ ആശയങ്ങളും മികച്ച ചിത്രീകരണങ്ങളും ഉള്‍പ്പെടുന്ന മേഖല കൂടിയാണ്.

References :

1. Palestinian cinema in the days of revolution - Nadiya Yakoob

2. https://www.palestine-studies.org/en/node/1653025

3. http://palestine.mei.columbia.edu/dreams-of-a-nation

4. https://tspace.library.utoronto.ca/bitstream/1807/128233/3/Teymouri_Ramtin_202306_PhD_thesis.pdf


TAGS :