വരൂ, തെരുവീഥിയിലെ രക്തം കാണൂ; സ്പാനിഷ് ജനതയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം
കഴിഞ്ഞ വര്‍ഷം മുഴുവന്‍ നിരവധി പ്രകടനങ്ങളുമായി സ്‌പെയിന്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുന്‍പന്തിയിലാണ്.
'ഒരിക്കലീ കുഴികളില്‍ നിന്നും
സ്‌പെയിന്‍ ഉയര്‍ന്നുവരും
മരണമടഞ്ഞ കുഞ്ഞുങ്ങളില്‍ നിന്നും
കണ്ണുള്ള കൈത്തോക്കും
കുറ്റകൃത്യങ്ങളില്‍ നിന്നും ബുള്ളറ്റും ജനിക്കും.
അവരൊരു ദിവസം
നിങ്ങളുടെ ക്രൂരഹൃദയമെന്ന ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും.
നിങ്ങള്‍ ചോദിക്കും: എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കവിതകളില്‍
സ്വപ്നങ്ങളും, പച്ചിലകളും,
ജന്മനാട്ടിലെ വലിയ അഗ്‌നിപര്‍വ്വതങ്ങളും കാണാത്തത്..
വരൂ, തെരുവീഥിയിലെ രക്തം കാണൂ.
വന്നു നോക്കൂ
തെരുവുകളില്‍ രക്തം.
വരൂ, രക്തം കാണൂ
തെരുവുകളില്‍!'
1936-38 കാലഘട്ടത്തില്‍ നടന്ന സ്പാനിഷ് യുദ്ധഭീകരതയില്‍ മനംനൊന്ത് പാബ്ലോ നെരൂദ എഴുതിയ ' I am explaining a few തിങ്ങ്സ്, ' എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
ഇന്ന് ഇതേ രക്തക്കുറിപ്പുമേന്തി സ്പാനിഷ് ജനത ഗസ്സയിലേക്ക് വിരല്‍ചൂണ്ടുന്നു. സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വിനോദ സഞ്ചാരികളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഫലസ്തീന്‍ ഫ്‌ളാഗുകളും, കഫിയ്യയും കൊണ്ട് സ്‌പെയിന്‍ വീഥികള്‍ തിങ്ങി നിറഞ്ഞിരുന്നു.
ഇത് യുദ്ധമല്ല വംശഹത്യയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇസ്രയേലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ നാനാതുറകളില്‍നിന്നെത്തിയ ഒരു ബഹുജനസംഘം ആയിരുന്നു അത്. സ്‌പെയിനിലെ 200-ലധികം ട്രേഡ് യൂണിയനുകളും സര്‍ക്കാരിതര സംഘടനകളും (എന്‍ജിഒകള്‍) വെള്ളിയാഴ്ച 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം മുഴുവന്‍ നിരവധി പ്രകടനങ്ങളുമായി സ്‌പെയിന്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുന്‍പന്തിയിലാണ്. മേയ് അവസാനം സ്‌പെയിന്‍ സര്‍ക്കാര്‍ ഗസ്സ മുനമ്പിലെ ഇസ്രയേല്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. എന്നാല്‍, അത് വേണ്ടത്ര മുന്നോട്ട് പോയിട്ടില്ലെന്നാണ് പ്രവര്‍ത്തകരുടെ വാദം. അതാണവര്‍ പൊതുപണിമുടക്കിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത്.
ഫലസ്തീന്‍ വംശഹത്യക്കെതിരെയുള്ള പെഡ്രോ സാഞ്ചസ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്തരല്ല. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങളും ഒരു ബില്യണ്‍ യൂറോയിലധികം മൂല്യമുള്ള ആയുധ വ്യാപാരം ഉള്‍പ്പെടെയുള്ള വാണിജ്യ, സൈനിക ബന്ധങ്ങളും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ് സമര സംഘാടകര്‍ പറയുന്നത്. സമരങ്ങളുടെ തുടക്കം സര്‍വകലാശാലകളില്‍ നിന്നാണ്. ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും ഉണ്ട്.
ഇടതുപക്ഷ പ്രസാധകരായ മാനിഫെസ്റ്റ് ലിബ്രെസ്, ടോപ്പ് മാന്ത പോലുള്ള സ്വതന്ത്ര കമ്പനികളും പണിമുടക്കിനോട് ചേര്‍ന്ന് നിന്ന് കടകള്‍ അടച്ചിട്ടു. ഫലസ്തീനിനെ പിന്തുണച്ച് സ്പാനിഷ് ജനത ഇതാദ്യമായല്ല തെരുവില്‍ ഇറങ്ങുന്നത്. എന്നാല്‍, ഇത്രയും വലിയ ജനപിന്തുണയില്‍ ആദ്യത്തെ സമരമാണ്. ഫലസ്തീന്‍ വംശഹത്യയ്ക്കെതിരായ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായാണ് ഞങ്ങള്‍ ഇവിടെയുള്ളത്, അവര്‍ പറഞ്ഞു. മനുഷ്യരെ രക്ഷിക്കാന്‍ മനുഷ്യര്‍ക്കേ കഴിയൂ എന്ന് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിനെ നിരായുധീകരിക്കല്‍ മാത്രമാണ് ഗസ്സയിലെ രാഷ്ട്രീയപരിഹാരമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ബ്രിട്ടണും സെപ്റ്റംബറില്‍ പ്രഖ്യാപിച്ചു.
എന്നാല്‍, പ്രതിവര്‍ഷം ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിന് നല്‍കുന്നത്. അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയാണ് അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പോലും ലംഘിച്ച്, ഗസ്സയ്ക്കെതിരായ ക്രൂരമായ ആക്രമണം തുടരാന്‍ ഇസ്രായേലിന് കരുത്ത് നല്‍കുന്നത് .
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 41,825 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 96910 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെ ഇസ്രായേല്‍ ഷെല്ലുകളും ബോംബുകളും ഉപയോഗിച്ച് തുടച്ചുനീക്കപ്പെട്ട ഓരോ ഫലസ്തീനിയുടെയും പേര്, വയസ്സ്, ഐഡി നമ്പര്‍ എന്നിവ അടങ്ങിയ 649 പേജുള്ള രേഖ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ആദ്യത്തെ 14 പേജുകളിലും ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ പേരുകളാണ്. ഈ ക്രൂരവംശഹത്യയെ ആണ് ഇസ്രായേല്‍ സ്വയംപ്രതിരോധമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്.
ഗസ്സ മുനമ്പില്‍ അവസാനിക്കാതെ വെസ്റ്റ് ബാങ്ക്, സിറിയ, യെമന്‍, ലെബനാന്‍ എന്നിവിടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളും പരാജയപ്പെടുകയാണ്. യുദ്ധം തടയാനോ അവരുടെ ശക്തിയാല്‍ അതിനെ സ്വാധീനിക്കാനോ വന്‍ശക്തികള്‍ക്ക് കഴിയുന്നില്ലെന്ന് തെളിയിക്കപ്പെട്ടു. ദശാബ്ദങ്ങളിലെ ഏറ്റവും ക്രൂരമായ വംശഹത്യക്കാണ് നാമിന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.