Quantcast
MediaOne Logo

സോനു സഫീര്‍

Published: 29 July 2024 1:55 PM GMT

കെവിന്‍ പിയേറ്റയുടെ കുഞ്ഞുനടത്തത്തേക്കാള്‍ മനോഹരമായ ദൃശ്യം പാരീസിലുണ്ടാവാന്‍ ഇടയില്ല

വിശ്വകായികമേളയില്‍ മാത്രം സാധ്യമാവുന്ന അത്ഭുതങ്ങളുണ്ട്, അവസാനിക്കാത്ത അത്ഭുതങ്ങളിലെ ഏറ്റവും പുതിയ അധ്യായം മാത്രമാകുന്നു കെവിന്‍ പിയേറ്റ.

കെവിന്‍ പിയേറ്റയുടെ കുഞ്ഞുനടത്തത്തേക്കാള്‍ മനോഹരമായ ദൃശ്യം പാരീസിലുണ്ടാവാന്‍ ഇടയില്ല
X

വിശ്വകായികമേളയുടെ വേദി അത്ഭുതങ്ങളുടേതും കൂടിയാണ്. മത്സരിക്കുക, സ്വര്‍ണം കരസ്ഥമാക്കുക എന്ന സ്വപ്നനേട്ടത്തിനപ്പുറം മെഡല്‍ നേടാതെ തന്നെ ചരിത്രത്തിന്റെ ഭാഗമായവരുടേതും കൂടിയാണ് ഒളിമ്പിക്‌സ്. മനസ്സില്‍ കെടാതെ സൂക്ഷിച്ച ആത്മവിശ്വാസത്തിന്റെയും തകര്‍ക്കപ്പെടാനാവാത്ത നിശ്ചദാര്‍ഢ്യത്തിന്റെയും, സമാനതകളില്ലാത്ത മാനവികതയുടെയും മുഖങ്ങള്‍ ആ മണ്ണില്‍ കാണാനാവും.

കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിലെ ചരിത്രാവകാശികള്‍ ആതിഥേയരായിരുന്ന ജപ്പാന്‍ തന്നെയായിരുന്നു. സകലമേഖലകളും നിശ്ചലമായ, മറ്റ് കായിക-വിനോദങ്ങള്‍-ആഭ്യന്തര ടൂര്‍ണമെന്റുകള്‍ പോലും മുഴുമിപ്പിക്കാനാകാതെ കായികലോകം തന്നെ പരാജയപ്പെട്ട കോവിഡ് മഹാമാരി കാലത്ത്, മനുഷ്യന്‍ മനുഷ്യനോട് രണ്ടടി അകലം പാലിക്കണം എന്ന പുതിയ പാഠം നമ്മെ പഠിപ്പിച്ച കാലത്ത് ലോകത്തെ മുഴുവന്‍ തങ്ങളിലേക്ക് സമന്വയിപ്പിച്ച് വിശ്വകായികമേള ജപ്പാന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഗെയിംസ് നടത്താനുള്ള ഓണ്‍ലൈന്‍ സര്‍വേയില്‍ സ്വന്തം ജനത പോലും കയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു ജപ്പാന്റെ സമാനതകളില്ലാത്ത നേട്ടം.

റിയോ 2016 ല്‍ അമേരിക്കയുടെ അബ്ബിഡി അഗസ്റ്റിന ഓട്ടത്തിനിടെ വീഴുകയും ലക്ഷ്യസ്ഥാനം നോക്കി കുതിക്കുകയായിരുന്ന ന്യൂസിലാന്റുകാരി ഹാംബലിന്‍ അഗ്‌സ്ത്തിനക്ക് നേരെ പിടിച്ചെഴുന്നേല്‍പ്പിക്കാനായി കൈ നീട്ടുകയും ചെയ്തു. പരസ്പരം ആശ്ലേഷിച്ചു മാനവികത കൈമാറിയ ഹംബലിന്‍ - അഗ്സ്റ്റിന മെഡലൊന്നും നേടാതെ തന്നെ ഒളിമ്പിക്‌സ് ചരിത്രത്തിന്റെ ഭാഗമായി.

ടോക്യോ 2020 ല്‍ അതിനുള്ള നിയോഗം ഖത്തറുകാരന്‍ ബര്‍ഷിമിനും ഇറ്റലിക്കാരന്‍ തംബെരിക്കും ആയിരുന്നു. ഹൈജമ്പ് ഫൈനലില്‍ കൃത്യം 2.37 മീറ്റര്‍ പിന്നിട്ട ഇരുവര്‍ക്കും മൂന്ന് അധിക അറ്റംറ്റ് നല്‍കി ജേതാവിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ രണ്ട് ശ്രമങ്ങള്‍ പിന്നിടുമ്പോഴും തുല്യത പാലിച്ചു മൂന്നാം ചാട്ടത്തിന് മുന്നേ കാലിന് സാരമായി പരിക്കേറ്റ തംബെരി കണ്ണീരോടെ പിന്‍വാങ്ങുമ്പോള്‍ ബര്‍ഷിമിന് എതിരാളികള്‍ ഇല്ലാതെ തന്നെ സ്വര്‍ണം കരസ്ഥമാക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍, മത്സരം നിയന്ത്രിച്ചിരുന്ന ഒഫീഷ്യലുകളുടെ സമ്മതത്തോടെ ബര്‍ഷിമും അവസാനശ്രമത്തില്‍ നിന്ന് പിന്മാറുകയും തംബെരിക്കൊപ്പം മെഡല്‍ പങ്കിടാനുമുള്ള മനസ്സ് കാണിച്ചു. പരസ്പ്പരം വാരിപ്പുണര്‍ന്ന് ഹൈജമ്പ് ക്രോസ്സ്ബാറിനുമപ്പുറം മാനവികതക്ക് പുതിയൊരു മാനം നല്‍കിയാണ് ഇരുവരും കളമൊഴിഞ്ഞത്.

2017 വരെ നമ്പര്‍ വണ്‍ ഓട്ടക്കാരിയായി തുടരുകയും പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി 2019 ല്‍ ഫീല്‍ഡിലേക്ക് തിരിച്ചുവന്ന് സ്പ്രിന്റ് ഇവന്റുകളില്‍ ജമൈക്കന്‍ പതാക പാറിച്ച ഇതിഹാസം ഷെല്ലി, 2004 ഏഥന്‍സില്‍ തുടങ്ങി 2020 ടോക്യോയില്‍ അവസാനിപ്പിച്ച ഒളിമ്പിക് കരിയറുമായി ആല്ലിസന്‍ ഫെലിക്‌സ്. നീന്തല്‍കുളത്തിലെ അത്ഭുതം മൈക്കല്‍ ഫെല്‍പ്‌സ്. പ്രധാന ആകര്‍ഷണമായ 100 മീറ്റര്‍ സ്പ്രിന്റില്‍ ബോള്‍ട്ട്, ബ്ലേക്ക് തുടങ്ങി ഒട്ടനവധി അത്ഭുത-ഇതിഹാസദായകര്‍.


1938 ലെ ഹങ്കേറിയന്‍ ആര്‍മിയിലംഗമായിരുന്ന കരോളി റ്റെകാക്‌സ്, പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഒളിംപിക്‌സ് സ്വര്‍ണമെന്ന ജീവിതാഭിലാഷത്തിലേക്ക് ഉന്നം വെക്കുന്നതിനിടയിലാണ് ആര്‍മി ക്യാമ്പിലെ ഒരാക്രണത്തില്‍ അദ്ദേഹത്തിന് തന്റെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വജ്രായുധമായ വലത് കൈ നഷ്ടപ്പെടുന്നത്.

തോറ്റ് പിന്മാറാന്‍ തയ്യാറാവാതിരുന്ന കരോളി റ്റെകാക്‌സ് ദൗത്യം ഇടത് കയ്യിനെ ഏല്‍പ്പിക്കുകയും പരിശീലനത്തിലേര്‍പ്പെടുകയും ചെയ്തു. എന്നാല്‍, പിന്നീടുള്ള രണ്ട് ഒളിമ്പിക്‌സ് ഈവന്റുകളും ലോകമഹായുദ്ധങ്ങള്‍ കാരണം റദ്ദ് ചെയ്യപ്പെട്ടതോടെ കരോളിന്റെ സ്വപ്നങ്ങള്‍, സ്വപ്നം മാത്രമായി തന്നെ അവശേഷിക്കപ്പെട്ടേക്കുമെന്ന് വിധിയെഴുതിയവരുടെ നെഞ്ചിലേക്ക് തനിക്കൊട്ടും വഴങ്ങാതിരുന്ന ഇടത് കൈ കൊണ്ട് നിറയൊഴിച്ചാണ് റ്റെകാക്‌സ് വിശ്വം കീഴടക്കിയത്. ഒന്നല്ല രണ്ട് തവണ..! മനസ്സില്‍ കെടാതെ സൂക്ഷിച്ച ആത്മവിശ്വാസത്തിന്റെയും തകര്‍ക്കപ്പെടാനാവാത്ത നിശ്ചദാര്‍ഢ്യത്തിന്റെയും തിരികള്‍ ലണ്ടനിലും ഹെല്‍സിങ്കിയിലും കത്തിജ്വലിക്കുമ്പോള്‍ കരോളിന്റെ ജീവിതാഭിലാഷത്തിനും സ്വപ്നസാക്ഷാത്കാരത്തിനും ഇടയില്‍ ഒരു ദശാബ്ദത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു.

ഇന്നിപ്പോള്‍ കെവിന്‍ പിയേറ്റിലൂടെ പാരീസിലും അത്ഭുതം പിറക്കുകയാണ്. ടെന്നീസ് താരമായ കെവിന്‍ 11 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു അപകടത്തില്‍ ഇരുകാലുകളും ചലനമറ്റതാവുകയും കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് അന്യമെന്ന് വിധിയെഴുതിയവരെപ്പോലും അമ്പരപ്പിച്ചു പാരാലിമ്പിക്സിലേക്ക് തിരിച്ചുവന്ന അദ്ദേഹം വീല്‍ചെയറിലിരുന്ന് എയ്‌സുകളുതിര്‍ത്തു. ഇന്നിപ്പോള്‍ 2024 പാരീസ് ഒളിമ്പിക്‌സില്‍ ഫ്രാന്‍സിന് വേണ്ടി ദീപശിഖയേന്തി, അതും ചലനമറ്റതെന്ന് വിധിയെഴുതിയ അതേ കാലുകള്‍ പാരീസ് മണ്ണില്‍ പതിപ്പിച്ചു തന്നെ. ആധുനിക ടെക്നോളജിയുടെ സഹായത്തോടെയാണെങ്കിലും ദീപശിഖയേന്തിയുള്ള കെവിന്‍ പിയേറ്റയുടെ കുഞ്ഞുനടത്തത്തേക്കാള്‍ മനോഹരമായ ദൃശ്യം പാരീസിലുണ്ടാവാന്‍ ഇടയില്ല. വിശ്വകായികമേളയില്‍ മാത്രം സാധ്യമാവുന്ന അത്ഭുതങ്ങളുണ്ട്, അവസാനിക്കാത്ത അത്ഭുതങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായം മാത്രമാകുന്നു കെവിന്‍ പിയേറ്റ.






TAGS :