Quantcast
MediaOne Logo

ഷിംന സീനത്ത്

Published: 27 May 2024 1:04 PM GMT

ഫോസ്ഫറസ് പൊള്ളലേറ്റ ഫലസ്തീന്‍ കവിതകള്‍

ഫലസ്തീന്‍ ജനതയുടെ ആത്മനൊമ്പരങ്ങളെയും പോരാട്ട വീര്യത്തെയും അടയാളപ്പെടുത്തിയ കവികളെയും കവിതകളെയും കുറിച്ച്.

ഫോസ്ഫറസ് പൊള്ളലേറ്റ ഫലസ്തീന്‍ കവിതകള്‍
X

ഹുസാം മൗറൂഫ്

" ആധുനിക ശ്മശാന രീതി

പൂര്‍ണ്ണശരീരം മറവുചെയ്യലല്ല

അവശിഷ്ടങ്ങള്‍ക്കടിയിലകപ്പെട്ട

ശരീരഭാഗങ്ങളുടെ കൂട്ടിയിടല്‍ മാത്രം"

ഫലസ്തീന്‍ കവിയും നോവലിസ്റ്റുമായ ഹുസാം മൗറൂഫ് കഴിഞ്ഞ നവംബര്‍ ആറിന് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിട്ട വാക്കുകളാണിത്. ബൊദ്‌ലര്‍ എഴുതിയതുപോലെ ശവപ്പെട്ടിയുടെ മൂടിപോലെയാണ് ഗസ്സയിലെ ആകാശം. താഴ്ന്നടിയാനേ ബാക്കിയുള്ളു. തകര്‍ത്ത കെട്ടിടത്തിനകത്തെല്ലാം മനുഷ്യരുണ്ട്. ആരുടെയെങ്കിലും ജീവന്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ തോക്കുമായി ഇസ്രായേല്‍ സൈനികര്‍ വീണ്ടും ചുറ്റിത്തിരിയും. അനക്കമുള്ള നിലയില്‍ കണ്ടാല്‍ വെടിവെച്ചിടും. അവിടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ ശരീരമടക്കാന്‍ കിട്ടാറില്ല. അവയവങ്ങളായിട്ടല്ലാതെ.

" ഇവിടെ ഞങ്ങളുടെ ചരിത്രം

ചെടികള്‍ പോലെ വളരുന്നുണ്ടെന്ന്

അവര്‍ക്കറിയില്ല

ഈ ഭൂമിയിലെ പച്ചയുടെ

അര്‍ഥം

അവര്‍ക്ക് മനസ്സിലാവില്ല"

ഹുസാം യുദ്ധത്തിന്റെ പ്രതലത്തില്‍ ഇരുന്ന് തങ്ങള്‍ക്ക് മാത്രമറിയാവുന്ന നാടിന്റെ രഹസ്യമെഴുതുന്നു. ആരോടും സ്ഥിരീകരിക്കേണ്ടാത്ത, എപ്പോള്‍ വേണേലും മായ്ച്ചുകളയാവുന്ന മങ്ങിയ നമ്പറുകളാണ് തങ്ങളെന്ന് എഴുതിവെക്കുന്നു. ഫലസ്തീന്‍ ജനതയുടെ എണ്ണമെന്നും മായ്‌ക്കേണ്ടി വരുന്നു. ഇന്നലെ എഴുതിയത് വെട്ടിക്കളഞ്ഞാണ് ഇന്നെഴുതുന്നത്. സ്വന്തം വീട് തകര്‍ക്കപ്പെട്ടതിനാല്‍ അഭയാര്‍ഥികേന്ദ്രത്തില്‍ വസിക്കുകയാണ് ഹുസാം ഇപ്പോള്‍. അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ 'ഡെത്ത് സ്‌മെല്‍സ് ലൈക്ക് ഗ്ലാസ്' ന് 2015-ല്‍ മഹ്മൂദ് ദര്‍വിഷ് മ്യൂസിയം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


| ഹുസാം മൗറൂഫ്

മൊസാബ് അബു തോഹ

ഗസ്സയുടെ ഓരോ മുറിവും ആഴത്തില്‍ പേറുന്ന കവിതകളാണ് മൊസാബ് അബു തോഹയുടേത്. അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ നമുക്ക് കഴിയില്ല. കുഞ്ഞുങ്ങളുടെ കരച്ചില്‍, കെട്ടിടങ്ങളുടെ ആളല്‍, മനുഷ്യാവശിഷ്ടങ്ങള്‍, രോഷം, വേദന.

തന്റെ വീട് തകര്‍ന്നപ്പോള്‍ നഷ്ടമായ പുസ്തകങ്ങളെ കുറിച്ച് മൊസാബ് പറയാറുണ്ട്. അവശിഷ്ടങ്ങള്‍ മാറ്റുമ്പോള്‍ പുസ്തകം മാത്രം ലഭിച്ചു കൊണ്ടിരിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ ആദ്യവാരത്തില്‍ മൊസാബിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. വടക്കന്‍ ഗസ്സയിലെ ക്രൂരമായ ബോംബാക്രമണത്തില്‍ നിന്ന് അഭയം തേടി തെക്കന്‍ ഗസ്സയിലേക്കുള്ള യാത്രയില്‍ സൈന്യം തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് വിട്ടയച്ചു. അദ്ധേഹത്തിന്റെ 'Things You May Find Hidden in My Ear' എന്ന കവിതാ സമാഹാരത്തില്‍ ഉള്ളതാണ് 'നിശബ്ദമായ തേങ്ങലുകള്‍' എന്ന ഈ കവിത:

" പകലന്തിയോളം വൈദ്യുതി ലഭിക്കുന്ന

ഡ്രോണ്‍ മുഴക്കമോ

വെടിയൊച്ചയോ ഇല്ലാത്ത

കളകൂജനങ്ങള്‍ മാത്രമുള്ള ഒരു ദിനത്തിലേക്കുണരണം.

എഴുത്ത്‌ലോകത്തിലേക്ക്

അല്ലെങ്കില്‍ വായിച്ച കവിതക്കുളളിലേക്ക്

അതുമല്ലെങ്കില്‍

ഒരു നോവലിലൂടെയോ, നാടകത്തിലൂടെയോ ഉഴുതുസഞ്ചരിക്കാന്‍

എഴുത്തുമേശയെന്നെ വിളിക്കണം

എന്നാല്‍ എന്റെ ചുറ്റും

വിതുമ്പിക്കരയുന്ന മനുഷ്യരും നിശ്ശബ്ദ മതിലുകളുമേയുള്ളു"


| മൊസാബ് അബു തോഹ

സലിം അല്‍ നഫാര്‍

2023 ഡിസംബറില്‍ കുടുംബത്തോടൊപ്പം, മണ്ണിനടിയിലകപ്പെട്ട ഗസ്സയുടെ പ്രിയപ്പെട്ട കവിയാണ് സലിം അല്‍ നഫാര്‍. 60 വയസ്സായിരുന്നു പ്രായം. അറബിഭാഷയില്‍ എഴുതിയിരുന്ന സലീമിന്റെ കവിതകള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. കവി മൊസാബ് അബു തൊഹ വിവര്‍ത്തനം ചെയ്ത 'ജീവിതം' എന്ന കവിത എല്ലാവിധ തകര്‍ച്ചകള്‍ക്കിടയിലും പ്രതീക്ഷയുടെ രൂപകം തിരയുന്നതാണ്.

" എന്റെ വാരിയെല്ലുകളില്‍ ശേഷിക്കുന്നത് കത്തികള്‍ ഭക്ഷിച്ചേക്കാം

കല്ലുകളില്‍ ബാക്കിയാകുന്നത് യന്ത്രങ്ങള്‍ തരിപ്പണമാക്കിയേക്കാം

പക്ഷെ നമുക്ക് വേണ്ടി

പുനര്‍ സൃഷ്ടിച്ചുകൊണ്ട്

ജീവിതം, അത് വരിക തന്നെയാണ്

അതാണ് അതിന്റെ രീതി"


| സലിം അല്‍ നഫാര്‍

രെഫാത് അലരീര്‍, ഹെബ അബു നദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പ്രമുഖ കവികള്‍.

രെഫാത് അലരീര്‍

കൊലപാതകങ്ങളെക്കാള്‍ ക്രൂരമായ പലതും ഇവിടെ നടക്കുന്നുണ്ടെന്ന് ലോകം അറിയണമെന്ന് എഴുതിവെച്ചിട്ടാണ്, 2023 ഡിസംബര്‍ ഏഴാം തീയതി രെഫാത് മരണത്തിനു കീഴടങ്ങിയത്. 'If I must die' എന്ന അദ്ദേഹത്തിന്റെ കവിത ഫലസ്തീന്‍ അനുകൂലികള്‍ ലോകത്തിന്റെ പല കോണുകളിലിരുന്ന് ഒരുമിച്ചു ചൊല്ലുന്നു. പ്ലക്കാര്‍ഡുകളില്‍ എഴുതി ഉയര്‍ത്തിപ്പിടിക്കുന്നു. കവിത പതിപ്പിച്ച കുപ്പായങ്ങള്‍ ധരിച്ചു തെരുവിലിറങ്ങുന്നു.


| രെഫാത് അലരീര്‍

ഹെബ അബു നദ

2023 ഒക്ടോബര്‍ 20 നാണ് നോവലിസ്റ്റും കവിയും അധ്യാപികയുമായ ഹെബ അബു നദ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 8 ന് പ്രസിദ്ധീകരിച്ച അവരുടെ അവസാന ഫേസ്ബുക്ക് പോസ്റ്റില്‍, ഇങ്ങനെ എഴുതി:

" ഗസ്സയിലെ രാത്രികള്‍ റോക്കറ്റുകളുടെ തിളക്കത്തിലും ഇരുണ്ടതാണ്

ബോംബുകളുടെ ശബ്ദത്തിലും നിശബ്ദമാണ്

പ്രാര്‍ഥനയുടെ ആശ്വാസത്തിലും ഭയപ്പെടുത്തുന്നതാണ്

രക്തസാക്ഷികളുടെ വെളിച്ചത്തിലും ഇരുണ്ടു കിടക്കുന്നു.

ശുഭരാത്രി, ഗസ്സ."

ഹെബയുടെ അവസാന കവിതകളിലൊന്നായ 'I grant You refuge' അമര്‍ത്തിവച്ചിരിക്കുന്നത് താങ്ങാവുന്നതിലധികം ആവൃത്തിയിലുള്ള ദുഃഖമാണ്.

" കൂട്ടിലുറങ്ങുന്ന കിളിക്കുഞ്ഞുങ്ങളെപ്പോലെ കുട്ടികള്‍

അവരുറക്കത്തില്‍ പോലും സ്വപ്നങ്ങളിലേക്ക് നടക്കാറില്ല

വീടിന് വെളിയില്‍ മരണം പതിയിരിക്കുന്നതായി അവര്‍ക്കറിയാം

അവരുടെ ഉമ്മിയുടെ കണ്ണുനീര്‍ ശവപ്പെട്ടി പിന്‍തുടരുന്ന പ്രാക്കളെപ്പോലെയാണിപ്പോള്‍"

ഹെബ ഭാഷയില്‍ മരുന്ന് പുരട്ടുന്നുണ്ട്. നിറയെ ഉപരോധങ്ങളുള്ള നാട്ടിലിരുന്ന് ഒലീവ് പച്ചയും ഓറഞ്ച് പഴങ്ങളും ചേര്‍ത്ത് നിര്‍മിച്ച അഭയത്തിന്റെ, ചേര്‍ത്തണക്കലിന്റെ മരുന്ന്.

കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

" വിശുദ്ധ ഗ്രന്ഥമോതി വേദനയില്‍ നിന്നും,

കഷ്ടതയില്‍ നിന്നും ഞാന്‍ അഭയം തരുന്നു;

ഓറഞ്ചുകളെ ഫോസ്ഫറസ് പൊള്ളലില്‍ നിന്നും

മഴമേഘത്തെ പുകച്ചുരുളിലില്‍ നിന്നും.

ഒരിക്കലീ പൊടി മാറും

ഒരുമിച്ച് പ്രണയിക്കുകയും കൊല്ലപ്പെടുകയും ചെയ്തവര്‍

ഒരു ദിവസം ചിരിക്കും

ഞാന്‍ നിങ്ങളെ ഈ വെളിപ്പെടുത്തലിലേക്ക് ചേര്‍ത്ത് പിടിക്കുന്നു "


| ഹെബ അബു നദ

നൂര്‍ അല്‍ ദീന്‍

2023 ഡിസംബര്‍ രണ്ടിന് തന്റെ ഇരുപത്തിയേഴാം വയസ്സിലാണ് കവിയും നോവലിസ്റ്റുമായിരുന്ന നൂര്‍ അല്‍ ദീന്‍ ഇസ്രായേലിന്റെ വ്യോമാക്രമണമത്തില്‍ കൊല്ലപ്പെടുന്നത്.

" എന്റെ പേര് നൂര്‍ അല്‍-ദിന്‍ ഹജ്ജാജ്, ഒരു ഫലസ്തീന്‍ എഴുത്തുകാരനാണ്. എന്റെ മരണം വാര്‍ത്തയാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്റ്റാമ്പ് ചെയ്യാത്ത പാസ്പോര്‍ട്ടിനോ വിസ നിരസിക്കലിനോ പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത വിധം പേനയ്ക്ക് ചിറകുകള്‍ ഉണ്ടാകണമെന്നതാണ് എന്റെ സ്വപ്നങ്ങളിലൊന്ന് ''- നൂര്‍ അല്‍ ദീന്‍ ന്റെ അവസാന വാക്കുകളാണിത്.

ദി ഗ്രേ വണ്‍സ് (2022), വിങ്സ് ദാറ്റ് നോട്ട് ഫ്ലൈ (2021) തുടങ്ങിയ കൃതികളിലൂടെ ജീവിതത്തോടുള്ള സ്‌നേഹം പകര്‍ത്തി, ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു അദ്ദേഹം.


| നൂര്‍ അല്‍ ദീന്‍

2023 ഒക്ടോബര് 7 നു തുടങ്ങി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധം ഗസ്സയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ത്തുകളഞ്ഞിട്ടുണ്ട്. യു.എന്‍ കണക്കുകള്‍ പ്രകാരം ഏകദേശം 69,000 ഭവന യൂണിറ്റുകള്‍ തകര്‍ക്കപ്പെട്ടു. 35,000 ലധികം മനുഷ്യര്‍ മരണമടഞ്ഞു. ജനസംഖ്യയുടെ 85 ശതമാനവും കുടിയിറക്കപ്പെട്ടു.

യുദ്ധത്തിന്റെ കാതലെപ്പോഴും മാനവികതയ്ക്കും അറിവിനുമെതിരെയാണ്. ചരിത്രത്തെയും നാഗരികതയെയും മോഷ്ടിച്ച്, സാംസ്‌കാരിക പൈതൃകത്തിലേക്ക് സംഭാവന ചെയ്യുന്നവരെയെല്ലാം ഇല്ലാതാക്കി യുദ്ധമതിന്റെ ലക്ഷ്യം നേടുന്നു. കവികള്‍ വേദനയുടെ പ്രതലത്തില്‍ എഴുതുന്നു. അടുത്ത നിമിഷം യുദ്ധമവരെ തേടിയെത്തുന്നു. അവരെ കൊലപ്പെടുത്തിയാലും എഴുതിയത് ഇല്ലാതാക്കാന്‍ കഴിയാതെ യുദ്ധം തോല്‍വി സമ്മതിക്കുന്നു.

TAGS :