Quantcast
MediaOne Logo

കെ. നജാത്തുല്ല

Published: 23 Feb 2023 7:41 AM GMT

മുഖ്യമന്ത്രി ജന്മിയാകുന്ന സന്ദര്‍ഭങ്ങള്‍

മുസ്ലിം സമുദായത്തിന്റെയും ന്യൂനപക്ഷത്തിന്റെയും മേലുള്ള അവകാശം തനിക്കാണെന്നും അതിന്റെ കൈകാര്യ കര്‍തൃത്വവും ഉടമസ്ഥാവകാശവും തനിക്കാണെന്നും അവ ചോദിക്കാനുള്ള കെല്‍പും സമൃദ്ധിയും നിങ്ങള്‍ക്കില്ല, കാലമിത്രയും അനുഭവിച്ച 'സംരക്ഷണോത്തരവാദിത്തം' വിട്ടുനല്‍കേണ്ട അനിവാര്യതയുണ്ടെങ്കിലും അതിനുള്ള മാനസികാവസ്ഥയിലല്ല താനെന്നും പ്രഖ്യാപിക്കുകയാണ് അട്ടിപ്പേറവകാശ പ്രയോഗത്തിലൂടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്.

മുഖ്യമന്ത്രി ജന്മിയാകുന്ന സന്ദര്‍ഭങ്ങള്‍
X

ജന്മിത്വത്തിനും ഫ്യൂഡല്‍ സാമൂഹ്യഘടനക്കുമെതിരെ സമരം നടത്തിയ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മിത്വ മനോഭാവത്തിലേക്കും ഫ്യൂഡല്‍ ശരീരഭാഷയിലേക്കും എത്തിച്ചേരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ജന്‍മിത്വം അദ്ദേഹത്തില്‍ പരകായപ്രവേശം നടത്തുന്നു എന്നും പറയാം. കേരളത്തിലെ മുസ്ലിം സമുദായം തങ്ങളുടേതായ കര്‍തൃത്വം പ്രഖ്യാപിക്കുമ്പോഴോ സമുദായത്തിന്റെ വികാരം പ്രകടിപ്പിക്കുമ്പോഴോ ആണ്, മുഖ്യമന്ത്രി ഈ നിലക്കുള്ള മാനസികാവസ്ഥ കൈവരിക്കുന്നത്. കേരളത്തിലെ മറ്റേതൊരു സമുദായവും തങ്ങളുടേതായ അവകാശം ചോദിക്കുമ്പോഴും അവരുടേതായ ചുവടുവെപ്പുകള്‍ നടത്തുമ്പോഴും ജനാധിപത്യവാദിയാകാറുള്ള പിണറായി വിജയന്‍, മുസ്ലിം സമുദായമാകുമ്പോള്‍ പഴയകാലത്തിന്റെ വിഴുപ്പുഭാണ്ഡങ്ങളില്‍ അഭയം പ്രാപിക്കുന്നു. ഇത് മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ അട്ടിപ്പേറാവകാശം എന്ന പ്രയോഗത്തെയും അതുപയോഗിച്ച സന്ദര്‍ഭത്തെയും കുറിച്ചറിയണം.

പഴയ ജന്മികാലത്തെ ഭൂവുടമാ സമ്പ്രദായമാണ് അട്ടിപ്പേറവകാശം. ജന്മി പൂര്‍ണമായും അവകാശം കുടിയാന് വിട്ടുകൊടുക്കുന്നതാണ് അട്ടിപ്പേറിവകാശം. ജന്മിയുടെ പൂര്‍ണാവകാശം ഇങ്ങനെ വിട്ടുകൊടുക്കുക എന്നത് അന്തസ്സിന് യോജിച്ച പ്രവൃത്തിയായല്ല കരുതപ്പെട്ടിരുന്നത്. അത്തരം വിട്ടുകൊടുക്കല്‍ അനിവാര്യമായിത്തീരുകയാണെങ്കില്‍ മാത്രം, പല ഘട്ടങ്ങളായി മാത്രമേ ജന്മിമാര്‍ അക്കാര്യം ചെയ്തിരുന്നുള്ളൂ. അവകാശം വിട്ടുകൊടുക്കുന്നതിലെ വിമുഖതയും ദുരഭിമാനവുമാണ് ഈ കാലതാമസം സൃഷ്ടിക്കപ്പെടുന്നതിന് കാരണം. ആദ്യഘട്ടമായ കുഴിക്കാണത്തിലൂടെ ഭൂമിയുടെ എട്ടിലൊന്ന്, കാണത്തിലൂടെ നാലിലൊന്ന്, ഒറ്റിയിലൂടെ രണ്ടിലൊന്ന്, ഒറ്റിക്കമ്പുറത്തിലൂടെ നാലില്‍ മൂന്ന്, ജന്മപ്പണയത്തിലൂടെ എട്ടില്‍ ഏഴ് ഭാഗം ഭൂമിയുടെ അവകാശം ജന്മിക്ക് നഷ്ടപ്പെടുമെങ്കിലും കുടിയാന് അത് കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ടായിരുന്നില്ല. ജന്മപ്പണയം വരെ ജന്മിക്ക് ഭൂമി തിരിച്ചെടുക്കുകയും ചെയ്യാം. അട്ടിപ്പേറ് ലഭിക്കുന്നതോടെയാണ് കുടിയാന് പൂര്‍ണാര്‍ഥത്തില്‍ അവകാശം ലഭിക്കുന്നതും കൈകാര്യം ചെയ്യാനാവുന്നതും.

ഇനി മുഖ്യമന്ത്രി അട്ടിപ്പേറവകാശ പ്രയോഗം നടത്തിയ സന്ദര്‍ഭങ്ങള്‍ നോക്കാം. രണ്ടാം തവണയും ഇടതുമുന്നണി അധികാരത്തിലെത്തിയതിന് ശേഷം മൂന്നാം തവണയാണ് അദ്ദേഹം അട്ടിപ്പേറവകാശം എന്ന പ്രയോഗം നടത്തിയത്.

ഒന്ന്, ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച വിവാദം നടന്നു കൊണ്ടിരിക്കെയായിരുന്നു അത്. മുസ്ലിം ലീഗിനല്ല മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. വന്‍തോതില്‍ മുസ്ലിം വോട്ടുകള്‍ ലഭിച്ചതുകൊണ്ടാണ് ഇടതുമുന്നണിക്ക് അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത് എന്ന ആത്മവിശ്വാസത്തിലായിരുന്നു അത്.


രണ്ട്, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ മുസ്ലിം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് രണ്ടാമത്തെ പരാമര്‍ശം. മുസ്ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണമെന്നും മുസ്ലംികളുടെ എല്ലാം അട്ടിപ്പേറവകാശം ലീഗ് അവകാശപ്പെടേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


മൂന്നാമത്തേത്, ദല്‍ഹി കേന്ദ്രീകരിച്ച് മുസ്ലിം സംഘടനകളുടെ പ്രതിനിധികളും ആര്‍.എസ്.എസ് പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കിയത് എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ചോദിച്ചത്. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച്, ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയും അതുവഴി ജമാഅത്തെ ഇസ്ലാമി വിരുദ്ധരായ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ആഹ്ലാദം നിലനിര്‍ത്തുകയും 'ന്യൂനപക്ഷ' പ്രയോഗത്തിലൂടെ ക്രൈസ്തവ വോട്ടുകള്‍ പിടിച്ചുനിര്‍ത്തുകയും ചെയ്യുക എന്ന ഭീകരമായ വര്‍ഗീയ അജണ്ടയാണ് മുഖ്യമന്ത്രി നടപ്പാക്കിയത്. മൂന്ന് സന്ദര്‍ഭത്തിലും മുസ്ലിം സമുദായത്തിന്റെയും ന്യൂനപക്ഷത്തിന്റെയും മേലുള്ള അവകാശം തനിക്കാണെന്നും അതിന്റെ കൈകാര്യ കര്‍തൃത്വവും ഉടമവാസ്ഥാവകാശവും തനിക്കാണെന്നും അവ ചോദിക്കാനുള്ള കെല്‍പും സമൃദ്ധിയും നിങ്ങള്‍ക്കില്ല, കാലമിത്രയും അനുഭവിച്ച 'സംരക്ഷണോത്തരവാദിത്തം' വിട്ടുനല്‍കേണ്ട അനിവാര്യതയുണ്ടെങ്കിലും അതിനുള്ള മാനസികാവസ്ഥയിലല്ല താനെന്നും പ്രഖ്യാപിക്കുകയാണ് അട്ടിപ്പേറവകാശത്തിലൂടെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി.

മറ്റൊരു നിലക്ക്കൂടി ഇതിനെ വായിക്കാവുന്നതാണ്. ജാതിമേല്‍ക്കോയ്മക്കും ജന്മിത്വത്തിനും ഫ്യൂഡലിസത്തിനുമെല്ലാമെതിരെയുള്ള സമരങ്ങളിലൂടെയാണ് ആധുനിക, ജനാധിപത്യ കേരളം രൂപപ്പെടുന്നത്. കേരളത്തിലും രാജ്യത്താകെയും ഇന്നും പ്രസക്തവും നടന്നുകൊണ്ടിരിക്കുന്നതും നടന്നുകൊണ്ടിരിക്കേണ്ടതുമായ സമരമാണിത്. പക്ഷെ, ആധുനികതയെയും ജനാധിപത്യത്തെയും കേവലം സാങ്കേതികമായി സ്വീകരിക്കുകയും അത് നല്‍കുന്ന അവബോധത്തെ തിരസ്‌കരിക്കുകയും ചെയ്യുകയാണ് അട്ടിപ്പേറവകാശ വിതരണം ഏറ്റെടുക്കുന്നതിലൂടെ. അധികാര സ്ഥാനത്ത് എത്തിപ്പെടാനും ജനതക്കുമേല്‍ ആധിപത്യം കയ്യാളാനുള്ള ഉപകരണവും പ്രക്രിയയും മാത്രമായി ജനാധിപത്യത്തെ സ്വീകരിക്കുകയും മതവിദ്വേഷവും ജാതിവിവേചനവും പെരുപ്പിക്കുന്ന വിധത്തില്‍ ആധുനിക വിരുദ്ധമായ മൂല്യങ്ങളെ പുനരാനയിക്കുകയും ചെയ്യുന്ന വിപരീത ദിശയിലുള്ള സഞ്ചാരമാണ് മുഖ്യമന്ത്രി ഈ പ്രയോഗത്തിലൂടെ നടത്തുന്നത്. അതിനൂതന വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഴയ ജാതകം പരതുന്ന കമ്പ്യൂട്ടര്‍ ജാതകം പോലെ, പ്ലാസ്റ്റിക് സര്‍ജറി വിദ്യ ഉപയോഗിച്ച് ഗണപതി ശരീരത്തിലേക്കുമുള്ള തിരഞ്ഞോട്ടം പോലെ ആശയലോകത്ത് നടക്കുന്ന ഒരു തിരിച്ചുപോക്ക്.

TAGS :