മർദിത പക്ഷത്തിന്റെ വിശാലമായ മുന്നണി
ഫാസിസത്തിന്റെ കുന്തമുന ആർക്കെതിരെയൊക്കെ തിരിഞ്ഞിട്ടുണ്ടോ അവരെയൊക്കെ ചേർത്ത് നിർത്തി മർദിത പക്ഷത്തിന്റെ വിശാലമായ ഒരു മുന്നണി കെട്ടിപ്പടുക്കേണ്ടതുണ്ട്
കോൺഗ്രസും, ഇടതുപക്ഷവും സോഷ്യലിസ്റ്റ് പാർട്ടികൾ ഉൾപ്പെടയുള്ള കക്ഷികൾക്ക് ബി.ജെ.പിക്ക് ഒരു ബദലാവാൻ എന്ത്കൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. കോൺഗ്രസിനെ നോക്കിയാൽ 1970 കളിലെ നവലിബറൽ അജണ്ടയുടെ ഭാഗമായി എടുത്ത തീവ്ര വലത് സാമ്പത്തിക നയങ്ങളിലേക്ക് മാറിയ കാലത്താണ് ബാബരി മസ്ജിദ് തകർച്ച ഉൾപ്പെടെയുള്ള സംഭവങ്ങൾ നടക്കുന്നത്. ബാബരി മസ്ജിദ്ന്റെ തകർച്ച നമ്മുടെ രാജ്യത്തുണ്ടായ തീവ്ര വലതുപക്ഷത്തിന്റെ വളർച്ചയുടെ ഭാഗമായി നാം കാണണം. അടിയന്തിരാവസ്ഥാനാന്തരം ഇന്ദിര ഗാന്ധിയുടെ സമീപനത്തിൽ ഉണ്ടായ മാറ്റമുണ്ട്. അന്നത്തെ ആർ.എസ്.എസിന്റെ അധ്യക്ഷനായിരുന്ന ദേവരശിന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതായി നമുക്ക് കാണാം. അയോധ്യയിൽ ശിലാന്യാസം അനുവദിച്ച് കൊണ്ടുള്ള രാജീവ് ഗാന്ധിയുടെ സമീപനവും അതിനുശേഷം വന്ന നരസിംഹ റാവുവിന്റെ സർക്കാർ ബാബരി മസ്ജിദ് തകർച്ചക്ക് എല്ലാവിധ സൗകര്യവും നൽകുന്നതും നാം കണ്ടതാണ്. തീവ്രവലതുപക്ഷ നിലപാടുകൾക്കൊപ്പം സോഫ്റ്റ് ഹിന്ദുത്വ സമീപനവും ഉപയോഗപ്പെടുത്തിയാണ് കോൺഗ്രസ് പിടിച്ചുനിന്നത്. 90 കളുടെ അവസാനം വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിരിക്കുമ്പോൾ കോൺഗ്രസിന് വ്യത്യസ്തമായ ഒരു സമീപനമുണ്ടായിരുന്നില്ല.
2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളാണ് രാജ്യം ഭരിച്ചത്. ആ ഭരണകാലത്ത് പോലും ഗുജറാത്ത് നരഹത്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ ഗൗരവതരമായ ഒരു നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വളരെ വിദഗ്ദമായി മൃദു ഹിന്ദുത്വം ഉപയോഗപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ആ സമീപനത്തിന്റെ സ്വാഭാവിക ഗുണഭോക്താക്കൾ ബി.ജെ.പിയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ഇന്ത്യയിലും അതിന്റെ അനുരണങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോൾ അതിനെ മുതലെടുത്തുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്നത്. കോൺഗ്രസ് ഒരു ഫാസിസ്റ്റ് പാർട്ടിയല്ല. ബിജെപിയിൽ നിന്നും അത് വ്യത്യസ്തമാകുന്നത് ഡിഗ്രിയിൽ മാത്രമാണ്. പഴയ കോൺഗ്രസാണ് ബിജെപി ആയി മാറിയത്. അതിനനുസരിച്ച് കോൺഗ്രസ് ശുഷ്കിച്ച് വന്നത്.
ഇന്ത്യയിലെ പാർലിമെന്ററി ഇടതുപക്ഷത്തിന്റെ നേതൃത്വം സിപിഎമ്മിനാണല്ലോ. സിപിഎം ഇന്ന് പൂർണമായിട്ടും ഒരു നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നു. ബംഗാളിൽ 34 വർഷം ഭരിച്ച സിപിഎമ്മിന്റെ തകർച്ചയെക്കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ. സിംഗൂർ, നന്ദിഗ്രാം ഉൾപ്പെടെയുള്ള സംഭവങ്ങളിലൂടെ നവലിബറൽ നയങ്ങൾ നടപ്പാക്കിയത് മൂലമാണല്ലോ അവിടെ ആ പാർട്ടി ഇല്ലാതായത്. ഇതര സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുമ്പോൾ സി.പി.എമ്മിന്റെ സമീപനം വ്യത്യസ്തമല്ല. വാജ്പേയി സർക്കാരിന്റെ കാലത്ത് ജി.എസ്.ടി ഉൾപ്പെടെ നടപ്പാക്കുന്നത് തുടങ്ങിയപ്പോൾ അതിനുവേണ്ട ബൗദ്ധികമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ജ്യോതിബസുവിന്റെ ധനകാര്യ മന്ത്രിയായിരുന്ന അസിംദാസ് ഗുപ്ത ആയിരുന്നു. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം നയപരമായ ഒരു വ്യത്യാസവും ഇല്ല. അധികാരത്തിലിരിക്കുമ്പോൾ അവർ നടപ്പാക്കുന്നത് മുഴുവൻ തീവ്ര വലത് നയങ്ങളാണ്.
കോർപ്പറേറ്റ് വത്കരണം ഏറ്റവും വിദഗ്ധമായി ഉപയോഗിക്കാൻ കഴിയുന്നത് സിപിഎമ്മിനാണെന്ന് മൂലധന ശക്തികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക ചൂതാട്ട കേന്ദ്രത്തിൽ പോയി മണിയടിച്ച ഏക മുഖ്യമന്ത്രി നമ്മുടെ ആണല്ലോ. എ തിയിൽ നടത്തിയ ഇടപെടലുകളിലൂടെ വന്ന വിദേശ മൂലധന ബാന്ധവുമൊക്കെ ബന്ധപ്പെട്ടാണ് കേരളത്തിലെ വികസന അജണ്ട മുന്നോട്ട് വെക്കുന്നത്. നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രത്യയശാസ്ത്ര വ്യതിയാനങ്ങളും സംഭവിക്കുന്നത്. കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ സിപിഎം പിന്തുടരുന്നത് ഒരു മൃദു ഹിന്ദുത്വ സമീപനമാണെന്ന് നമുക്കറിയാം. തെരഞ്ഞെടുപ്പുകളിലൊക്കെ അവർ അത് വിദഗ്ദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുമാത്രമല്ല വളരെ കൃത്യമായി ഇസ്ലാമോഫോബിയയും അവർ ഉപയോഗിക്കുന്നുണ്ട്. കൃസംഘികളെന്ന് വിളിക്കപ്പെടുന്ന സവർണ്ണ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പാർട്ടി ആയ കേരള കോൺഗ്രസുമായി ഉണ്ടായ ബാന്ധവവും ലവ് ജിഹാദ് വിവാദവും ഒക്കെ അവർ തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയത് നമുക്ക് കാണാൻ കഴിയും.
നവലിബറൽ പക്ഷത്ത് നിൽക്കുന്ന കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർലമെന്ററി പാർട്ടികൾക്ക് എന്തുകൊണ്ടാണ് ബി.ജെ.പിയെ നേരിടാൻ കഴിയാത്തത്. അത് അവർക്ക് വ്യത്യസ്തമായ അജണ്ട ഇല്ല എന്നതുകൊണ്ടാണ്. പ്രാദേശിക പാർട്ടികളെ എടുത്തുകഴിഞ്ഞാൽ ഡിഎംകെ വ്യത്യസ്തമായ ഒരു സമീപനമെടുക്കുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കോർപറേഷൻ ആയിട്ടുള്ള ചെൈന്നയുടെ തലപ്പത്തു ഒരു ദലിത് പെൺകുട്ടി വരുന്നത് ഒരു ചെറിയ കാര്യമൊന്നുമല്ല. തിരുവനന്തപുരത്ത് എന്താണ് നടന്നതെന്ന് നമ്മൾ കണ്ടതാണല്ലോ. സ്റ്റാലിൻ പല ശ്ലാഘനീയമായ നിലപാടുകൾ എടുക്കുന്നുണ്ട്. പക്ഷെ, അത് ദ്രവീഡിയൻ പൊളിറ്റിക്സുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന കാര്യമാണ്. പ്രാദേശിക പാർട്ടികൾ ബി.ജെ.പിയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ഇവരെ ദേശീയമായോ ഒരു മുന്നണിയായോ ബന്ധപ്പെടുത്തുന്നതിൽ ഇവരുടെ തന്നെ നയസമീപനങ്ങളിലെ പ്രശ്നങ്ങൾ കരണമാകാരമുണ്ട്. കേവലം ബി.ജെ.പിയെ എതിർക്കാൻ കൂടിയിട്ട് കാര്യമില്ല. ഇത്തരം പാർട്ടികളുടെ നയസമീപനങ്ങളും പരിശോധിച്ചാൽ അത് മൃദുഹിന്ദുത്വയാണെന്ന് നമുക്ക് കാണാൻ കഴിയും.
തങ്ങൾക്ക് ബി.ജെ.പി ഒരു അനിവാര്യ ഘടകമല്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് പറഞ്ഞിരുന്നു. ഏത് പാർട്ടി വന്നാലും ആർഎസ്എസിന്റെ അജണ്ട നടപ്പാക്കാൻ കഴിയും. ആർഎസ്എസിന്റെ ഒരു രാഷ്ട്രീയ ഉപകരണം മാത്രമാണല്ലോ ബിജെപി. ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനായ ആർഎസ്എസ് പ്രവർത്തിക്കുന്നത് അതിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നൂറുകണക്കിന് രഹസ്യവും പരസ്യവുമായ സംവിധാനങ്ങളിലൂടെയാണ്.ശരിയായ വിശകലനവും ശരിയായ ഒരു വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മാത്രമേ നമുക്ക് ഒരു പ്രശ്നത്തെ സമീപിക്കാൻ കഴിയൂ. ഏതൊരു രോഗത്തിനും ശരിയായ ഡയഗ്നോസിസ് വേണമല്ലോ. ആ ഒരു തലത്തിൽ നിന്ന്കൊണ്ട് മാത്രമേ ഒരു രാഷ്ട്രീയ ബദൽ നിർണയിക്കാൻ നമുക്ക് കഴിയൂ. നമ്മുടെ രാജ്യത്ത് ശക്തിപ്പെടുന്ന നവഫാസിസം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് നമ്മൾ തിരിച്ചറിയണം. എന്താണ് അതിനോടുള്ള നമ്മുടെ സമീപനം. ഇതിന് ആഗോള-ദേശീയ മാനങ്ങളുണ്ട്. കോർപ്പറേറ്റ് മൂലധന താൽപര്യങ്ങളും ഹിന്ദുത്വ ആശയധാരയും തമ്മിലുള്ള ഒരു ലയനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഇന്ത്യയിൽ ഇത് പ്രവർത്തിക്കുന്നത്. ഇവയെ വിലയിരുത്തുന്ന ശരിയായ ഒരു സമീപനം നമുക്കുണ്ടാവണം. ഇന്ത്യയിലെ ആർഎസ്എസിനെതിരായ നമ്മുടെ കുന്തമുന എന്തായിരിക്കണം? പാർലമെന്റൊക്കെ ഇന്ന് ഒരു എഡിഫിസ് മാത്രമാണ്. നയരൂപവത്കരണങ്ങൾ നടക്കുന്നത് കോർപ്പറേറ്റ് ബോർഡ് മീറ്റിംഗുകളിലാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ട് അവരെ നമ്മൾ എങ്ങനെ സംഘടിപ്പിക്കണമെന്ന് ചിന്തിക്കണം. അങ്ങനൊരു സമരമുന്നണിയായി മാത്രമേ നമുക്ക് ഇന്ന് ഫാസിസത്തെ എതിർക്കാൻ കഴിയൂ. ഫാസിസത്തിന്റെ കുന്തമുന ആർക്കെതിരെയൊക്കെ തിരിഞ്ഞിട്ടുണ്ടോ അവരെയൊക്കെ ചേർത്ത് നിർത്തി മർദിത പക്ഷത്തിന്റെ വിശാലമായ ഒരു മുന്നണി കെട്ടിപ്പടുക്കേണ്ടതുണ്ട്.
(അവസാനിച്ചു)