ഞങ്ങള്‍ വളര്‍ന്ന ഇന്ത്യയിലല്ല ഞങ്ങള്‍ മരിക്കാന്‍ പോകുന്നത് - കെ. സച്ചിദാനന്ദന്‍
ഹിന്ദുത്വവാദികളുടെ മൂന്നു വാദങ്ങളും; ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഇന്ത്യ ഒരു ആര്യ രാഷ്ട്രമാണ്, ഇന്ത്യയുടെ പ്രധാനമായ ഭാഷ ഹിന്ദിയാണ് എന്നിവ അടിസ്ഥാനമില്ലാത്തതും അര്‍ഥശൂന്യവുമാണ്. ഇന്ത്യന്‍ സംസ്‌കാരം - ബഹുസ്വരതയുടെ പ്രതിസന്ധി എന്ന വിഷയത്തില്‍ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ വേദിയില്‍ നടത്തിയ പ്രഭാഷണം. പകര്‍ത്തിയെഴുത്ത്: മീനു മാത്യു
മുട്ടാളന്മാര്‍
അവര്‍ വരുമെന്ന് നമുക്ക് ഉറപ്പായിരുന്നു.
അവര്‍ക്ക് എതിര്‍ നില്‍ക്കുമായിരുന്നവരുടെ വിഗ്രഹങ്ങള്‍
നാമൊന്നന്നായി എറിഞ്ഞുടച്ചു.
അവരെ എതിരേല്‍ക്കാന്‍ കുഞ്ഞുങ്ങളുടെ
രക്തം നിറച്ച പാനപാത്രങ്ങളുമായി
നാം തലസ്ഥാനത്ത് കാത്തുനിന്നു.
ഉടുപ്പുകളൂരി മരവുരികളണിഞ്ഞു.
ചരിത്ര സ്മാരകങ്ങള്‍ക്ക് തീ കൊളുത്തീ
യാഗങ്ങള്‍ക്ക് അഗ്‌നി ഒരുക്കി.
രാജവീഥികളുടെ പേരുകള്‍ മാറ്റി.
നമ്മുടെ ഗ്രന്ഥപ്പുരകള്‍ അവരെ അരിശം പിടിപ്പിച്ചാലോ
എന്നു ഭയന്ന് അവ ഇടിച്ചു നിരത്തി.
ദുര്‍മന്ത്ര വാദം നടത്താനുള്ള താളിയോലകള്‍ മാത്രം സംരക്ഷിച്ചു.
പക്ഷെ അവര്‍ വന്നത് നാം അറിഞ്ഞത് പോലുമില്ല.
നമ്മുടെ തന്നെ വിഗ്രഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്
നമ്മുടെ പതാകയെ വന്ദിച്ച് നമ്മുടെ വസ്ത്രങ്ങളണിഞ്ഞ്
നമ്മുടെ നിയമപുസ്തകം കൈയിലേന്തി
നമ്മുടെ തന്നെ മന്ത്രങ്ങള്‍ ഉരുക്കഴിച്ച്
നമ്മുടെ ഭാഷ സംസാരിച്ച്
രാജസഭയുടെ കല്‍പ്പടവുകള്‍ തൊട്ടു വന്ദിച്ചാണ്
അവര്‍ കയറി വന്നത്.
ഒടുവിലവര്‍ കിണറുകളില്‍ വിഷം കലക്കാനും
കുഞ്ഞുങ്ങളുടെ ഭക്ഷണം തട്ടിപ്പറിക്കാനും
ചിന്തകളുടെ പേരില്‍ മനുഷ്യരെ എയ്തു വീഴ്ത്താനും
തുടങ്ങിയപ്പോഴാണ് നമുക്ക് മനസ്സിലായത്
അവര്‍ നമുക്കിടയില്‍ നമുക്കുള്ളില്‍ തന്നെയായിരുന്നുവെന്ന്.
ഇപ്പോള്‍ നാം അങ്ങോട്ടുമിങ്ങോട്ടും നോക്കി ചോദിക്കുന്നു,
നീയാണോ മുട്ടാളന്‍.
മറുപടിക്കു പകരം നമ്മുടെ ഭാവിയില്‍
മുഴുക്കെ പുക പടര്‍ത്തി തീ ആളിപ്പിടിക്കുന്നതു
മാത്രം നാം കാണുന്നു.
നമ്മുടെ ഭാഷ, മരണത്തിന്റേതാകുന്നതും.
നഗരചത്വരത്തില്‍ ഇപ്പോള്‍ നാം രക്ഷകരെയും കാത്തുനില്‍ക്കുന്നു.
അവരും മറ്റാരോ ആണെന്നപോലെ.
വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥ എന്നെക്കൊണ്ട് എഴുതിച്ച പല കവിതകളില്‍ ഒന്നാണിത്. 'വെയിറ്റിംഗ് ഫോര്‍ ദി ബാര്‍ബേറിയന്‍സ്' എന്ന പേരില്‍ ഗ്രീക്ക് കവി സി.പി കവഫി എഴുതിയ കവിതയും, അതേ പേരില്‍ ജെ.എം. കോട്ട്‌സി എഴുതിയ നോവലും ഈ കവിതയുടെ പിറകിലുണ്ട്.
ഫ്രഞ്ച് കവിയും കഥാകൃത്തുമായിരുന്ന ലൂയി അരഗങ്ങിന്റെ ഒരു കഥയുണ്ട്. അതിലെ നായകന്‍ ഒരു പ്രത്യേക തരം പക്ഷപാതം പിടിച്ച് കിടപ്പിലായ ഒരാളാണ്. അയാള്‍ക്ക് വാക്കുകളൊന്നും തന്നെ ഉച്ചരിക്കാന്‍ കഴിയുന്നില്ല. അയാള്‍ ജീവിതം മുഴുവന്‍ രാഷ്ട്രീയത്തെ, രാഷ്ട്രീയക്കാരെ, രാഷ്ട്രീയഭാഷണത്തെ, രാഷ്ട്രീയഗ്രന്ഥങ്ങളെ, തുടങ്ങി രാഷ്ട്രീയം എന്ന വാക്കിനെ വരെ വെറുത്ത ഒരുവനായിരുന്നു. പക്ഷെ, ഈ പക്ഷപാതം വന്നതോടെ അയാള്‍ക്ക് ആകെ ഒരു വാക്കു മാത്രമേ ഉച്ചരിക്കാന്‍ കഴിയുന്നുള്ളൂ - രാഷ്ട്രീയം. ആ ഒരു വാക്കു തന്നെ ഉച്ചരിച്ച് അയാള്‍ക്ക് തന്റെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങള്‍ എല്ലാം തന്നെ നിറവേറ്റേണ്ടി വരുന്നു. ഈ കഥയിലൂടെ അരഗങ്ങ് പറയുന്നത് എന്തെന്നാല്‍, നമ്മുടെ കാലത്ത് നാം എന്തു വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചാലും-കലയോ രാഷ്ട്രീയമോ സൗന്ദര്യ ബോധത്തിലെ പരിവര്‍ത്തനങ്ങളൊ സംസ്‌കാരത്തിലെ ബഹുസ്വരതയോ-ആത്യന്തികമായി അതെല്ലാം നമ്മളെ രാഷ്ട്രീയത്തിലേക്കും രാഷ്ട്രീയപ്രമേയങ്ങളിലേക്കും രാഷ്ട്രീയ അവസ്ഥകളിലേക്കും നയിക്കും എന്നതാണ്.
അവര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത് ഒരു പുതിയ ഇന്ത്യ ആണെന്നാണ്. നിശ്ചയമായിട്ടും അതൊരു പുതിയ ഇന്ത്യ തന്നെ ആയിരിക്കും. എന്നിരുന്നാലും അത് പഴയതിനേക്കാളും പഴയതായ ഒരു ഇന്ത്യ തന്നെയെന്നും കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രധാന മുദ്രാവാക്യം നമുക്കെല്ലാവര്‍ക്കുമറിയാവുന്നതു പോലെ, 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' എന്നതാണ്. ഈ അവകാശ വാദങ്ങളെയും ഒപ്പം ഇന്ത്യ ആര്യരുടെ രാഷ്ട്രമാണെന്ന അവകാശത്തെയും ഞാന്‍ പ്രധാനമായും ചോദ്യം ചെയ്യുന്നു.
ഞാന്‍ എഴുപത്തിയാറു വര്‍ഷം മുന്‍പ് ജനിച്ച ഒരാളാണ്. ഞാന്‍ ജനിക്കുമ്പോള്‍ ഇന്ത്യയെക്കുറിച്ച് എനിക്കും എന്റെ തലമുറക്കും വലിയ പ്രത്യാശകളുണ്ടായിരുന്നു. പ്രശ്‌നങ്ങളും അതുപോലെ തന്നെ. കഠിനമായ ദാരിദ്ര്യം, വര്‍ഗവ്യത്യാസം, ചൂക്ഷണം, ജാതിവ്യവസ്ഥ, സവര്‍ണ്ണാധിപത്യം, പുരുഷാധിപത്യം തുടങ്ങി ഇന്നും അവസാനിച്ചിട്ടില്ലാത്ത ഒരുപാട് പ്രശ്‌നങ്ങള്‍. എങ്കിലും അവയ്ക്കിടയിലും ഇന്ത്യ എന്ന ഒരു ആശയം, ഒരു സ്വപ്‌നം - വ്യത്യസ്തമായ ജാതി മത വ്യത്യാസങ്ങളില്ലാതെ മനുഷ്യന്‍ അന്യോന്യം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യ്തുകൊണ്ട്, തങ്ങളുടെ പ്രയത്‌നത്തിലൂടെ ഒരു പുതിയ മാതൃകാരാഷ്ട്രമായി കെട്ടിയുയര്‍ത്താന്‍ പോകുന്ന ഇന്ത്യയെക്കുറിച്ചുള്ള ഒരു മഹാസ്വപ്‌നം - ഇന്നു ഒരു വൃദ്ധന്‍ എന്ന നിലയില്‍ നില്‍ക്കുന്നത്, അന്നു സ്വപ്നം കണ്ട ഇന്ത്യയിലല്ലല്ലോ ഞാന്‍ മരിക്കാന്‍ പോകുന്നത് എന്ന ന്യായമായ ഭീതിയോടുകൂടിയാണ്. എന്റെ തലമുറയില്‍പ്പെട്ട ഒരുപാടാളുകളെ എറ്റവുമധികം വേദനിപ്പിക്കുന്ന കാര്യവും ഇതുതന്നെയാണ്. തങ്ങള്‍ സ്വപ്നം കണ്ടിരുന്ന ഇന്ത്യ നുറുങ്ങു നുറുങ്ങായി സ്വന്തം കണ്ണുകള്‍ക്കു മുന്‍പില്‍ വച്ചു തകരുന്നത് കണ്ടുകൊണ്ട് മരിക്കേണ്ടി വരികയെന്ന അതിഭീക്ഷണമായ ദുരന്തം.
ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നത്തിന്റെ അടിസ്ഥാനം തന്നെ അതിന്റെ ബഹുസ്വരതയായിരുന്നു. അനേകം വിശ്വാസങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, രാഷ്ട്രീയവിചാരങ്ങള്‍, പ്രാദേശിക സംസ്‌കാരങ്ങള്‍, ഭാഷകള്‍, കലാ-സാഹിത്യ രൂപങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന്, യൂറോപ്പിനെപ്പോലൊരു മഹാഭൂഖണ്ഡത്തെപ്പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ അനേകം സ്വരങ്ങളുള്ള ഒരു വീണയെന്നപോലെ പ്രവര്‍ത്തിച്ച് ഒരൊറ്റ രാഗം പുറപ്പെടുവിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു സ്വാതന്ത്രത്തിനു മുന്‍പും ശേഷവും ഉണ്ടായിരുന്നത്. വിദ്വേഷരഹിതമായ, പരസ്പര ബഹുമാനത്തിന്റേതും സഹിഷ്ണുതയുടേതുമായ ഈ ഇന്ത്യ ശൈഥില്യത്തിന്റെ വക്കിലാണ് ഇന്ന് നിലകൊള്ളുന്നതെന്ന്, ബോധമുള്ള, വായിക്കുന്നതും ചിന്തിക്കുന്നതുമായ എല്ലാ ജനതയും തിരിച്ചറിയാന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പെട്ടന്നെന്നപോലെ, എന്നാല്‍ ഒട്ടും പെട്ടെന്നല്ലാതെ നൂറുവര്‍ഷത്തിലേറെയെടുത്ത്, ഇന്ത്യയിലെ ഒരു ചെറിയ വിഭാഗം മനുഷ്യര്‍ ഇവിടെ തങ്ങളുടേതായ ഒരു ഭരണകൂടം നിര്‍മിക്കുകയും വിഭജനകാലത്ത് ആരംഭിച്ച ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ മുന്‍പോട്ടു കൊണ്ടുപോകുകയും അതിന്റെ നിര്‍മാണത്തിനുവേണ്ടിയുള്ള നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് നാം കാണുന്നു. അവര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത് ഒരു പുതിയ ഇന്ത്യ ആണെന്നാണ്. നിശ്ചയമായിട്ടും അതൊരു പുതിയ ഇന്ത്യ തന്നെ ആയിരിക്കും. എന്നിരുന്നാലും അത് പഴയതിനേക്കാളും പഴയതായ ഒരു ഇന്ത്യ തന്നെയെന്നും കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രധാന മുദ്രാവാക്യം നമുക്കെല്ലാവര്‍ക്കുമറിയാവുന്നതു പോലെ, 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' എന്നതാണ്. ഈ അവകാശ വാദങ്ങളെയും ഒപ്പം ഇന്ത്യ ആര്യരുടെ രാഷ്ട്രമാണെന്ന അവകാശത്തെയും ഞാന്‍ പ്രധാനമായും ചോദ്യം ചെയ്യുന്നു.
ഇര്‍ഫാന്‍ ഹബീബാകട്ടെ, ആര്‍.എസ്. ശര്‍മയാകട്ടെ, റൊമീല ഥാപ്പറാകട്ടെ, ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്ത വിന്‍ഡി ഡോണിഗറിനെപ്പോലുള്ള പാശ്ചാത്യ ചിന്തകരാകട്ടെ - അവരെല്ലാവരും തന്നെ എടുത്തുപറയുന്നൊരു കാര്യം 'Hindu' എന്ന വാക്ക് ഇന്ത്യയില്‍ വന്ന വിദേശികള്‍ ഇന്ത്യയില്‍ കണ്ട ആളുകളെ മുഴുവന്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് എന്നാണ്.
അവരുടെ ആദ്യത്തെ അവകാശവാദം ഇന്ത്യന്‍ സംസ്‌കാരം ഒരു ഹിന്ദു സംസ്‌കാരമാണെന്നതാണ്. ഇതിലെത്രത്തോളം നേരുണ്ട്. ഹിന്ദു എന്ന പേരിലുള്ള ഒരു മതം ഇവിടെ ഉണ്ടായിരുന്നോ. ഇപ്പോഴും അത്തരമൊരു മതം ഇവിടെ നിലനില്‍ക്കുന്നുണ്ടോ. നാം പലരും സ്വയം ഹന്ദുക്കളാണെന്നു വിശ്വസിക്കുന്നവരാണ്. എന്നാല്‍, ആ ഹിന്ദുത്വം, ഹന്ദുത്വ വാദികള്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്. അപര മതങ്ങളെയും ഇതര പ്രത്യയശാസ്ത്രങ്ങളെയും ആദരിക്കുന്ന, വസുദയെ മുഴുവന്‍ ഒരു കുടുംബമായിക്കാണുന്ന, എല്ലാ ദിക്കില്‍ നിന്നുമുള്ള ഉത്തമമായ ചിന്തകള്‍ ഇവിടെ വന്നു ചേരട്ടെ എന്നു പ്രാര്‍ഥന മുഴക്കുന്ന ഒരു ഹിന്ദുത്വത്തെക്കുറിച്ചുള്ള സങ്കല്‍പ്പമാണത്. അത് വിദ്വേഷത്തില്‍ അതിഷ്ഠിതമായ ഒന്നല്ല, പകരം സ്‌നേഹത്തില്‍ അതിഷ്ഠിതമായ ഒന്നാണ്.
ഹിന്ദു എന്ന വാക്കിന്റെ ഉത്പത്തിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒട്ടേറെ വിചാരങ്ങള്‍ തെളിവുകളോടെ മുന്നോട്ടുവെച്ച ചരിത്രകാരന്‍മാര്‍ നമുക്കു മുന്‍പ് ധാരാളമായി ഉണ്ടായിട്ടുണ്ട്. അത് ഇര്‍ഫാന്‍ ഹബീബാകട്ടെ, ആര്‍.എസ്. ശര്‍മയാകട്ടെ, റൊമീല ഥാപ്പറാകട്ടെ, ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്ത വിന്‍ഡി ഡോണിഗറിനെപ്പോലുള്ള പാശ്ചാത്യ ചിന്തകരാകട്ടെ - അവരെല്ലാവരും തന്നെ എടുത്തുപറയുന്നൊരു കാര്യം 'Hindu' എന്ന വാക്ക് ഇന്ത്യയില്‍ വന്ന വിദേശികള്‍ ഇന്ത്യയില്‍ കണ്ട ആളുകളെ മുഴുവന്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് എന്നാണ്. കാരണം, പുറത്തുനിന്നു വന്ന മതവിശ്വാസികള്‍ക്ക്, പ്രത്യേകിച്ചും സെമറ്റിക്ക് മതങ്ങളില്‍പ്പെട്ടവര്‍ക്ക്, ഇന്ത്യയിലെ ജനങ്ങളെയും അവരുടെ സങ്കീര്‍ണ്ണമായ ജീവിതസമ്പ്രതായങ്ങളെയും അനേകം വരുന്ന സ്വരങ്ങളെയും സംസ്‌കാരങ്ങളെയും മനസ്സിലാകാതിരുന്നതുകൊണ്ട് ഇന്ത്യയിലെ എല്ലാ മനുഷ്യരെയും ഒന്നിച്ച് അവര്‍ക്ക് ഹിന്ദു എന്ന പദം കൊണ്ട് വിശേഷിപ്പിക്കേണ്ടി വന്നു. ഒരുപക്ഷെ ആ വാക്ക് ആദ്യമായി ഉപയോഗിച്ചത് ഇവിടെ കച്ചവടത്തിനായ് വന്ന അറബികളായിരുന്നു. തുടര്‍ന്ന് സെമറ്റിക്ക് മതങ്ങളില്‍പ്പെട്ട ആളുകള്‍ - യഹൂദര്‍, ക്രിസ്ത്യാനികള്‍ - ഇവിടെയെത്തുമ്പോള്‍, അവരും അതേ വാക്ക് ഇന്ത്യയിലെ എല്ലാ ജനങ്ങളെയും പൊതുവായി വിശേഷിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിച്ചു പോന്നു. എന്നാല്‍, ഒരു കാലത്തും ഏകശിലാ രൂപമായ, ഒരേ രീതിയില്‍ ചിന്തിക്കുകയോ, ആചാര-അനുഷ്ഠാന രീതികള്‍ പിന്‍തുടരുകയോ, ഒരേ വിശ്വാസം ഒരുപോലെ പങ്കിടുകയോ ചെയ്യുന്ന, ഒരു ഹിന്ദു മതം ഉണ്ടായിരുന്നിട്ടില്ല. ഇപ്പോഴും വാസ്തവത്തില്‍ ഇല്ലതാനും.
കാരണം, ഇന്ത്യയിലെ ജനങ്ങള്‍ ആദ്യം മുതല്‍ക്കേ രണ്ടു രീതിയിലെങ്കിലും വിഭജിക്കപ്പെട്ടിരുന്നു. ബ്രാഹ്മണര്‍ (പ്രാഥമികമായും പുരോഹിതര്‍) എന്ന ഒരു കൂട്ടരും ശ്രവണര്‍ (പൗരോഹിത്യത്തെയും ചിലപ്പോഴൊക്കെ ഈശ്വര വിശ്വാസത്തെ തന്നെയും ചോദ്യം ചെയ്യുകയും ചെയ്ത വലിയ ഒരു കൂട്ടം മനുഷ്യര്‍) എന്ന മറ്റൊരു കൂട്ടരും. ആദ്യം മുതല്‍തന്നെ അത്തരത്തിലുള്ള സംവാദ വിവാദങ്ങളുടെ ഒരു ദീര്‍ഘമായ ചരിത്രം നമുക്കുണ്ട്. ഗാര്‍ഗിയെക്കുറിച്ചും അജിത കേശകമ്പിളിയെക്കുറിച്ചും ഈശ്വര വിശ്വാസി അല്ലാതിരുന്ന ചാര്‍വാകരെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. നാം അറിഞ്ഞിട്ടുണ്ട്, ഈശ്വര വിശ്വാസികളല്ലാതിരുന്ന, അന്തിമമായ മനുഷ്യ നീതിയില്‍ അഗാധമായി വിശ്വസിച്ചിരുന്ന ബുദ്ധനെയും മഹാവീരനെയും പോലുള്ള മഹാദാര്‍ശനികരെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇവരെയും ഇവരുടെ അനുയായികളെയും ചേര്‍ത്ത് പറഞ്ഞുപോന്നിട്ടുള്ള ഒരു വാക്കാണ് ശ്രവണര്‍ എന്നത്. ഒരു കാലത്ത് അത് സന്യാസികളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നു. പീന്നീട് ബ്രാഹ്മണ മതത്തെ ചോദ്യം ചെയ്ത എല്ലാവരെയും പൊതുവായി വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വാക്കായി അതു മാറുകയും ചെയ്തിരുന്നു.
ഇവിടെ ഒരു ഹിന്ദു അല്ലായിരുന്നു ഉണ്ടായിരുന്നത്. നാലു വര്‍ണ്ണങ്ങളില്‍പ്പെട്ടവരും അവയ്ക്കു പുറത്തു പഞ്ചമരായി നില്‍ക്കുന്നവരും, പഞ്ചമരില്‍പ്പോലും സ്ഥാനം ഇല്ലാതിരുന്ന ആദിവാസികളായി കരുതപ്പെട്ട മനുഷ്യരും. ഇങ്ങനെ ആനേകം വിഭാഗങ്ങളായി വേര്‍തിരിഞ്ഞ ഒരു ജനതയെയാണ് പുറത്തുനിന്നു വന്നവര്‍ ഇവിടെ കണ്ടത്. ഇതിനുപുറമേ അനേകം ഭാഷകളും ഇവിടെയുണ്ടായിരുന്നു. അതിന്റെ എണ്ണത്തെക്കുറിച്ച് പല തരത്തിലുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ചിലര്‍ ചില ഭാഷകളെ വാമൊഴികളായിക്കരുതുന്നു. ചിലര്‍ അതേ ഭാഷകളെ വരമൊഴികളായിക്കരുതുന്നു. ഇംഗ്‌ളീഷിലെ ഒരു ചൊല്ലില്‍ പറയുന്നതുപോലെ 'ഒരു വാമൊഴിക്ക് ഒരു സൈന്യവും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമുണ്ടെങ്കില്‍ അത് വരമൊഴിയായ് മാറും'. ഇത് സമീപകാല ഇന്ത്യയില്‍ തെളിയിക്കപ്പെട്ട ഒരു കാര്യമാണ്. ആസാമിലെ ഗോത്ര വര്‍ഗ ഭാഷയായ ബോഡോ ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളില്‍ അദ്യം ഉള്‍പ്പെട്ടിരുന്ന ഒന്നല്ല. പക്ഷെ, കലാപം അഴിച്ചുവിട്ടതിനു ശേഷം, അവര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും സൈന്യവും ഉണ്ടായതിനു ശേഷം നമ്മുടെ ഭരണഘടനയ്ക്ക് ആ ഭാഷയ്ക്ക് അംഗീകാരം നല്‍കേണ്ടി വന്നു. അതിനാലാണ് നമ്മുടെ ഭാഷാ സെന്‍സസുകളില്‍ പലപ്പോഴും ഭാഷകളുടെ എണ്ണം മാറി മാറി വരുന്നത്. ഏറ്റവും അവസാനത്തെ ജനങ്ങളുടെ ഭാഷാ സര്‍വ്വേ പ്രകാരം എഴുന്നൂറു സജീവമായ ഭാഷകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും അതില്‍ മഹാഭൂരിപക്ഷവും ആദിവാസി ഭാഷകളാണെന്നുമാണ് പറയുന്നത്.
ആരാധനാ-പ്രാര്‍ഥനാ ക്രമങ്ങള്‍ക്കും, പല രീതിയിലുള്ള സാംസ്‌കാരിക ക്രമങ്ങള്‍ക്കും ഏകരൂപം നല്‍കി, അതുവഴി ഏകസ്വരമായ ഒരു ഹിന്ദുമതം സൃഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ ആരംഭിച്ചത്. അത് കൂടുതല്‍ തീവ്രവാദപരമായ രൂപങ്ങള്‍ കൈക്കൊള്ളുന്നത് പിന്നീടുള്ള വര്‍ഷങ്ങളില്‍ നാം കാണുന്നു. 1920 ആകുമ്പോള്‍ സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും ചിന്തകളും കടന്നു വരുന്നു.
ഇതിലും സങ്കീര്‍ണ്ണമായ ഒന്നാണ് പ്രാദേശികമായ സംസ്‌കാരങ്ങളുടെ സവിശേഷതകള്‍. ഭാഷാ സംസ്‌കാരങ്ങളുടെ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും നാം കാണുന്നതെങ്കിലും, സൂക്ഷമമായി നോക്കിയാല്‍ കേരള സംസ്‌കാരം എന്ന മലയാളം പ്രധാന ഭാഷയായി പറയുന്നിടത്തു പോലും പല ഭാഷകള്‍ സജീവമെന്നു മനസ്സിലാക്കാം. ഓരൊ പ്രദേശത്തും സവിശേഷമായ സംസ്‌കാര രൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെയ്യവും തിറയും പോലുള്ള അനുഷ്ഠാനങ്ങള്‍ വടക്കന്‍ കേരളത്തിലുണ്ടെങ്കില്‍ തെക്കോട്ടു പോകുമ്പോള്‍ പടയണി പോലുള്ള മറ്റു ചില അനുഷ്ഠാനങ്ങള്‍ കാണാന്‍ സാധിക്കും. കേരളം പോലുള്ള ഒരു ചെറിയ നാടിന്റെ അവസ്ഥ ഇതാണെങ്കില്‍ കൂടുതല്‍ വലിയ ഇന്ത്യയുടെ ഭാഗങ്ങളുടെ അവസ്ഥ എന്താവും. സമീപകാലത്ത് ആന്ത്രാപ്രദേശ് സംസ്ഥാനം രണ്ടായി വേര്‍പിരിഞ്ഞതു പോലും രണ്ടു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ തമ്മിലുണ്ടായ വ്ത്യാസവും തര്‍ക്കവും മൂലമാണ്.
ഹിന്ദു എന്ന മതം അവതരിക്കപ്പെടുന്നത് ഹിന്ദു മഹാസഭയുടെ ശേഷമാണ്. ആര്യ സമാജികളും ബ്രഹ്മ സമാജികളും ഹിന്ദുക്കളെ തങ്ങള്‍ പരിഷ്‌ക്കരിക്കുന്നു എന്നു അവകാശപ്പെട്ടിരുന്നുവെങ്കിലും ഹിന്ദു മഹസഭ 1914 ല്‍ സ്ഥാപിതമാകുന്നതോടു കൂടിയാണ് ഹിന്ദു മതത്തെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ ആദ്യമായി വലിയ തോതില്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത്. ആരാധനാ-പ്രാര്‍ഥനാ ക്രമങ്ങള്‍ക്കും, പല രീതിയിലുള്ള സാംസ്‌കാരിക ക്രമങ്ങള്‍ക്കും ഏകരൂപം നല്‍കി, അതുവഴി ഏകസ്വരമായ ഒരു ഹിന്ദുമതം സൃഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ ആരംഭിച്ചത്. അത് കൂടുതല്‍ തീവ്രവാദപരമായ രൂപങ്ങള്‍ കൈക്കൊള്ളുന്നത് പിന്നീടുള്ള വര്‍ഷങ്ങളില്‍ നാം കാണുന്നു. 1920 ആകുമ്പോള്‍ സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും ചിന്തകളും കടന്നു വരുന്നു. ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് അവര്‍ രണ്ടുപേരും സംസാരിച്ചു തുടങ്ങുന്നു. അതിനോടുള്ള പ്രതികരണമായിട്ടാണ് ഈ ഹിന്ദു രാഷ്ട്രത്തില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കില്ല എന്ന ഭയം മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കുണ്ടാകുന്നതും, ആ ഭയത്തെ മുതലെടുത്തുകൊണ്ട് ഒരര്‍ഥത്തിലും മുസ്‌ലിം വിശ്വാസിയല്ലാത്ത ജിന്ന പാക്കിസ്ഥാന്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതും. അധികാരം ആവശ്യമായിരുന്നതുകൊണ്ട് ഹിന്ദു മഹാസഭയുടെ ഉയര്‍ച്ചയോടെ മുസ്‌ലിംകളിലും ന്യുനപക്ഷങ്ങളിലുമുണ്ടായ ഭീതിയെ മുതലെടുത്തുകൊണ്ട് അധികാരത്തിലേയ്ക്ക് തന്നെത്തന്നെയും തന്റെ കൂടയുള്ളവരെയും നയിക്കുന്നതിനുവേണ്ടി ജിന്ന പാക്കിസ്ഥാന്‍ വാദം ഉയര്‍ത്താനാരംഭിക്കുന്നു. അങ്ങിനെ ഒരു ഹിന്ദു രാഷ്ട്ര വാദത്തിനോടുള്ള പ്രതികരണമായാണ് ഇന്ത്യയില്‍ ഒരു മുസ്‌ലിം രാഷ്ട്രവാദവും ഉടലെടുക്കുന്നത്.
അഹിംസ മാര്‍ഗം ഉപദേശിച്ച് തിരുക്കുറള്‍ പോലുള്ള ഒരു കൃതിക്ക് ജന്മം നല്‍കിയ ജൈനമതത്തെ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് ഇന്ത്യയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമോ? ക്രിസ്ത്യന്‍ മതത്തെയും ക്രിസ്ത്യന്‍ മിഷനറിമാരുടെ സംഭാവനകളെയും മാറ്റി നിറുത്താന്‍ സാധിക്കുമോ? കേരളത്തില്‍ ബൈബിളിന്റെ പരിഭാഷയിലൂടെ മലയാള ഗദ്യം രൂപീകരിക്കുന്നതിലും, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ സാമൂഹിക ഉന്നമനം സാധ്യമാക്കുന്നതിലും മിഷനറിമാര്‍ വഹിച്ച പങ്കും മറക്കാന്‍ സാധിക്കുന്നതല്ല.
1925 ആകുമ്പോഴേക്കും രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിക്കപ്പെടുന്നു. അതോടെ ഒന്നുകൂടി തീവ്രമായ ഒരു ഹിന്ദുത്വ സ്വരൂപവും ഒപ്പം ഹിന്ദുക്കളുടേതു മാത്രമാണ് ഇന്ത്യ എന്ന വാദവും ഇവിടെ നിലവില്‍ വരുന്നു. 1980 കാലത്ത് ജനസംഘവും അതില്‍ നിന്നും പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയുമുണ്ടാകുന്നു. അങ്ങിനെ പലതിനെയും പുറത്തു നിറുത്താന്‍ ആഹ്വാനം ചെയ്യുന്ന ഒരു ഹിന്ദു മതം സൃഷ്ടിക്കാനാരംഭിക്കുന്നു. അതിനാദ്യം അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നു ബുദ്ധമതത്തെയും, ജൈനമതത്തെയും, സാംഖ്യ ചിന്തയെയും, ചാര്‍വാകനെയും ഒപ്പം പല തരത്തില്‍ വേദങ്ങളെ മുഴുവന്‍ ചോദ്യം ചെയ്തിരുന്ന ചിന്താരീതികളെയും പുറത്താക്കി. ക്രമേണ ഇന്ത്യന്‍ സമൂഹത്തെ, വളരെ എക്‌സ്‌ക്‌ളൂസിവായി ചില അംശങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു സങ്കുചിതമായ മതമാക്കി മാറ്റുകയായിരുന്നു ഈ സംഘങ്ങള്‍ ചെയ്തിരുന്നത്. അത്തരമൊരു മതം ഇന്ത്യന്‍ സംസ്‌കാരത്തെ രൂപീകരിച്ചത് ഈ ഹിന്ദുക്കള്‍ എന്ന് അവര്‍ പറയുന്ന ആളുകള്‍ മാത്രമായിരുന്നില്ല എന്ന അതിപ്രധാനമായ ചരിത്രസത്യം മറക്കുകയോ, അഥവാ, ഓര്‍മിച്ചെങ്കില്‍ തന്നെ അത് മറക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തു. വാസ്തവത്തില്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിവിപ്ലവമായ ഒരു വീക്ഷണം പോലും തെളിയിക്കുന്നൊരു കാര്യം അത് അനേകം മതങ്ങളുടേയും മതങ്ങളല്ലാത്ത അനേകം ദര്‍ശനങ്ങളുടേയും പൊതുവായ സൃഷ്ടിയാണെന്നതാണ്.
നമുക്ക് അക്ബറിനെപ്പോലുള്ള ഒരു ചക്രവര്‍ത്തി ഇല്ലാത്ത, സൂഫി വിശ്വാസവും, താജ്മഹലും, ഹുമയൂണിന്റെ ശ്മശാനവും അക്ബറിന്റെ കോട്ടയും മുഗള്‍ മിനിയേച്ചറുകളും ഇല്ലാത്ത, ബുദ്ധജാതക കഥകള്‍ കൊത്തിവയ്ക്കപ്പെടാത്ത അജന്തയും എല്ലോറയും ഇല്ലാത്ത ഒരു ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ സാധിക്കുമൊ? അഹിംസ മാര്‍ഗം ഉപദേശിച്ച് തിരുക്കുറള്‍ പോലുള്ള ഒരു കൃതിക്ക് ജന്മം നല്‍കിയ ജൈനമതത്തെ മാറ്റി നിറുത്തിക്കൊണ്ട് നമുക്ക് ഇന്ത്യയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമോ? ക്രിസ്ത്യന്‍ മതത്തെയും ക്രിസ്ത്യന്‍ മിഷനറിമാരുടെ സംഭാവനകളെയും മാറ്റി നിറുത്താന്‍ സാധിക്കുമോ? കേരളത്തില്‍ ബൈബിളിന്റെ പരിഭാഷയിലൂടെ മലയാള ഗദ്യം രൂപീകരിക്കുന്നതിലും, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ സാമൂഹിക ഉന്നമനം സാധ്യമാക്കുന്നതിലും മിഷനറിമാര്‍ വഹിച്ച പങ്കും മറക്കാന്‍ സാധിക്കുന്നതല്ല. ഗോതിക്ക് ശില്‍പ്പകലയില്‍ നിന്നും പ്രചോദനം സ്വീകരിച്ച് ഇന്ത്യന്‍ ശില്‍പ്പകലയുമായി ചേര്‍ന്ന് പുതിയ വാസ്തു ശില്‍പ്പകലാ സമ്പ്രധായങ്ങള്‍ക്കു ജന്മം നല്‍കിയ ഒന്നുകൂടിയായിരുന്നു ക്രിസ്തുമതം. ക്രിസ്തു-ജൈന-ബുദ്ധ-ഇസ്‌ലാം തുടങ്ങിയ മതങ്ങളുടെ സംഭാനകളെക്കുറിച്ച് സംസാരിക്കാതെ നമുക്ക് ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കാനാവില്ല. പിന്നീട് വന്ന അനേകം ചിന്താഗതികള്‍ - ഗാന്ധിയുടെ, ജയപ്രകാശ് നാരായണന്റെ, നെഹറുവിന്റെ, മാക്‌സിസത്തിന്റെ - ഇവിടെ നിലനില്‍ക്കുകയും പരസ്പരം സംവാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. അങ്ങിനെയാണ് ജനാധിപത്യപരമായ ഒരു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിത്തറ ഇവിടെ നിര്‍മിക്കപ്പെട്ടത്. ആ അടിത്തറ തകര്‍ക്കാനുള്ള ഏറ്റവും വലിയ ഒരായുധം എന്ന നിലയിലാണ് ഹിന്ദുത്വ വാദികള്‍ ഒരു ഹിന്ദു രാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നത്.
അനേകം കുടിയേറ്റങ്ങളുടെ ചരിത്രം അതിനു പിന്നിലുണ്ട്. ആധുനിക ജനിതകശാസ്ത്രവും ഭാഷാശാസ്ത്രവും അതിനു തെളിവുകള്‍ നല്‍കുന്നു. അതിനാല്‍ത്തന്നെ ഇന്നത്തെ ഒരു ഇന്ത്യക്കാരനും താനൊരു ആര്യനാണെന്നു അവകാശപ്പെടാന്‍ കഴിയില്ല. വളരെ സാധാരണമെന്നു തോന്നിക്കുന്ന നമ്മുടെ പല വാക്കുകള്‍ പോലും കുടിയേറ്റങ്ങളുടെ അവശേഷിപ്പുകളാണ്.
അങ്ങിനെ ഒരു കാലത്തും ഏകശിലാരൂപമായി നിന്നിട്ടില്ലാത്ത ഒരു മതത്തെക്കുറിച്ചുള്ള സങ്കല്‍പ്പം കൃതൃമമായി നിര്‍മിച്ചാണ് വിദ്വേഷത്തിന്‍േറതായ ഒരു സംസ്‌കാരം അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒന്നായിരുന്നിട്ടുണ്ട് ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഒരു വശമെങ്കിലും. എന്നാല്‍, അതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ തക്കവണ്ണമുള്ള വെറുപ്പില്‍, വിദ്വഷത്തില്‍, അപരവത്ക്കരണത്തില്‍, ജനങ്ങളെ മുഴുവന്‍ അന്യരും വിദേശികളുമാക്കി അവര്‍ ഹിന്ദുത്വ ഇന്ത്യയെ നിര്‍മിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതര മതങ്ങളുടെയും ഇതര ദര്‍ശനങ്ങളുടെയും വലിയ സംഭാവനകളെ അവര്‍ അവഗണിക്കുന്നു.
ഇന്നുയര്‍ന്നു വരുന്ന ഈ ഫാസിസ്റ്റുകളുടെ അടുത്ത വാദം ഇന്ത്യ ഒരു ആര്യന്‍ രാഷ്ട്രമാണെന്നാണ്. ആര്യന്‍ എന്ന വാക്ക് ഒരു യഥാര്‍ഥ ചരിത്രകാരും ഒരു വംശമെന്ന നിലക്ക് അംഗീകരിച്ചിട്ടില്ലാത്ത ഒന്നാണ്. അവരെല്ലാവരും അഭിപ്രായപ്പെടുന്നത് നമ്മള്‍ അനേകം വംശങ്ങളുടെ ഒരു സമ്മിശ്രമാണെന്നാണ്. അനേകം കുടിയേറ്റങ്ങളുടെ ചരിത്രം അതിനു പിന്നിലുണ്ട്. ആധുനിക ജനിതകശാസ്ത്രവും ഭാഷാശാസ്ത്രവും അതിനു തെളിവുകള്‍ നല്‍കുന്നു. അതിനാല്‍ത്തന്നെ ഇന്നത്തെ ഒരു ഇന്ത്യക്കാരനും താനൊരു ആര്യനാണെന്നു അവകാശപ്പെടാന്‍ കഴിയില്ല. വളരെ സാധാരണമെന്നു തോന്നിക്കുന്ന നമ്മുടെ പല വാക്കുകള്‍ പോലും കുടിയേറ്റങ്ങളുടെ അവശേഷിപ്പുകളാണ്. ശുദ്ധ ദ്രാവിഡ ഭാഷയെന്നോ ശുദ്ധ ആര്യന്‍ ഭാഷയെന്നോ പറയാന്‍ കഴിയാത്ത വിധമുള്ള മിശ്രണങ്ങളും അവയില്‍ സംഭവിച്ചിട്ടുണ്ട്. നാസികളും ഉയര്‍ത്തിയിരുന്നത് തങ്ങളും ആര്യന്‍മാരാണെന്ന വാദമാണ്. അനാര്യരായവരെയും യഹൂദരെയും ഒപ്പം തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിനു എതിരു നിക്കുന്നവരെയും നശിപ്പിക്കണം എന്നാതയിരുന്നു അവരുടെ ലക്ഷ്യം. ഇറ്റലിയിലെ ഫാസിസത്തിന്റെ ആരംഭവും ഇതില്‍ നിന്നും വളരെയൊന്നും വ്ത്യസ്തമായിരുന്നില്ല.
മര്‍ദകരെയും തീവ്രവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും അടിച്ചമര്‍ത്താനെന്ന പേരില്‍ വരികയും, അവസാനം സ്വന്തം ബന്ധുക്കളെ ഉള്‍പ്പടെത്തന്നെ ശത്രുക്കളാക്കി മാറ്റുകയും ചെയ്യുന്ന തന്ത്രമാണ് എല്ലായിടങ്ങളിലും ഫാസിസിറ്റുകള്‍ ചെയ്തു പോന്നിരുന്നത്. സങ്കുചിതമായ മതവാദവും അവരുടെ അടിസ്ഥാനങ്ങളിലൊന്നാണ്.
അവരുടെ അടുത്ത വാദം ഹിന്ദിക്കു വേണ്ടിയുള്ളതാണ്. ഞാനൊരു ഹിന്ദി വിരോധിയല്ല. പക്ഷെ, ഹിന്ദു, ആര്യന്‍ എന്നതൊക്കെ പോലെ തന്നെ ഹിന്ദിയും നിലവിലില്ലാത്ത ഒന്നാണ്. അത്തരമൊരു ഭാഷ ഇന്ത്യയിലെ ഭൂരിപക്ഷ ഭാഷയായി മാറ്റപ്പെട്ടത് അതിദീര്‍ഘമായ അടിച്ചമര്‍ത്തലുകളുടെ കഥയാണ്. കാരണം ഹിന്ദി, അനേകം ഭാഷകളുടെ ഒരു സങ്കീര്‍ണ്ണ സങ്കരമാണ്. അതില്‍ ഭോജ്പ്പുരിയും രാജസ്ഥാനിയും ബനാറസിയും ഛത്തീസ്ഗഢിയും ബീഹാറിയുമൊക്കെയുണ്ട്. അങ്ങിനെ അനേകം ഭാഷകളെ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു വാക്കു മാത്രമാണ് ഹിന്ദി. ഇതില്‍ പലര്‍ക്കും തങ്ങള്‍ സംസാരിക്കുന്നത് പരസ്പരം മനസ്സിലാകുക പോലുമില്ല. അതിനാല്‍, ഹിന്ദിയെ ഒരു വലിയ ഭാഷയാക്കണമെങ്കില്‍ ഇവയെല്ലാം ഹിന്ദിയുടെ ഭാഷാഭേദങ്ങള്‍ എന്ന് ഒരുകൂട്ടര്‍ക്ക് പറയേണ്ടി വന്നു. വാസ്തവത്തില്‍ ഈ ഭാഷകള്‍ ആദ്യം ഉണ്ടാവുകയും അവയില്‍ നിന്നു തിരഞ്ഞെടുത്ത വാക്കുകള്‍ ചേര്‍ത്ത് ഒരു ഹിന്ദി ഉണ്ടാക്കുകയും അതിനെ സംസ്‌കൃതവത്കരിക്കുകയുമാണു ചെയ്തത്. ഇതും ഒരു ഭാഷാ ശാസ്ത്രജ്ഞനും വകവച്ചുകൊടുക്കുന്ന കാര്യമല്ല.
അപ്രകാരം ഹിന്ദുത്വ വാദികളുടെ മൂന്നു വാദങ്ങളും; ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഇന്ത്യ ഒരു ആര്യ രാഷ്ട്രമാണ്, ഇന്ത്യയുടെ പ്രധാനമായ ഭാഷ ഹിന്ദിയാണ് എന്നിവയെല്ലാം അടിസ്ഥാനമില്ലാത്തതും അര്‍ഥശൂന്യവുമാണ്. ഇന്നത്തെ ഇന്ത്യ ഇന്നത്തെ ഇന്ത്യ നിര്‍മിക്കപ്പെട്ടിട്ടുള്ളത് നിരന്തരമായ സംഭാഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയും സംഘട്ടനങ്ങളിലൂടെയുമാണ്. ഒരുഭാഗത്ത് വന്യമായ ജാതിചിന്തകളും അടിച്ചമര്‍ത്തലുകളും നിലനിന്നിരുന്നപ്പോള്‍ തന്നെ പല തരത്തിലുള്ള ചിന്തകളെയും വിശ്വാസങ്ങളെയും സ്വാഗതം ചെയ്തിരുന്ന ഒരിന്ത്യയും ഇവിടെ നിലനിന്നിരുന്നു. അതില്‍നിന്നുകൂടി ഉയര്‍ന്നുവന്നതാണ് വസുദൈവകുടുംബകം പോലുള്ള ആശയങ്ങളും. അതൊരു മറയായി പ്രയോഗിക്കപ്പെടുന്നുണ്ട് എന്നതും ശരിയാണ്. സംശയവാദവും നിരീശ്വരവാദവും ഒപ്പം ദൈവത്തിന്റെ സൃഷ്ടിയെത്തന്നെ സംശയിക്കുന്ന ഒരു ധാരയും ഋഗ്വേദം പോലുള്ള ആദ്യ കാല ഗ്രന്ഥങ്ങളില്‍ നിലനില്‍ക്കുന്ന ശക്തമായ ഒരു ചിന്താ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. മതവിശ്വാസികളും അല്ലാത്തവരും വളരെ ആഴത്തിലുള്ള ഒരു സാഹോദര്യം ഇവിടെ പുലര്‍ത്തിയിട്ടുണ്ട്. ബഹുതലമെന്നത് ഐക്യവിരുദ്ധമല്ല എന്നു തെളിയിക്കുന്ന രീതിയിലുള്ള മത സാഹോദര്യത്തിന്റെ അനേകം ഉദാഹരണങ്ങള്‍ ഇന്ത്യയിലെവിടെയും കാണാം.
ഞങ്ങള്‍ വളര്‍ന്ന ഇന്ത്യയിലല്ല ഞങ്ങള്‍ മരിക്കാന്‍ പോകുന്നത്. ഞങ്ങള്‍ സ്വപ്നം കണ്ട ഇന്ത്യ നിര്‍മ്മിക്കപ്പെടുകയാണു ചെയ്യുന്നത്. ആ ഇന്ത്യക്ക് വലിയ വെല്ലുവിളികള്‍ കോര്‍പ്പറേറ്റ് മുതലാളിത്വവും ഹിന്ദുത്വവും ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നത് നിരന്തരമായി നമ്മെ എല്ലാം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കേണ്ടതാണ്.
ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ചും നമുക്ക് ഇതു തന്നെ പറയാന്‍ കഴിയും. ഇന്ത്യയിലെ രാമായണങ്ങളുടെ ബാഹുല്യം മാത്രം നോക്കിയാല്‍ മതി അതു മനസ്സിലാകാന്‍. മൂവായിരത്തോളം വരുന്ന രാമായണങ്ങളിലെല്ലാം അനേകം വ്യത്യാസങ്ങളും നാം കാണുന്നുണ്ട്. ഇന്ത്യന്‍ സാഹിത്യം ഒന്നാണോ പലതാണോ എന്നുള്ളത് നാം അനേകം തവണ ചര്‍ച്ച ചെയ്തു കഴിഞ്ഞ ഒന്നാണ്. സാഹിത്യത്തിന്റെ അടിത്തറ തന്നെ ഭാഷയായതുകൊണ്ട് ഇന്ത്യന്‍ സാഹിത്യം എന്നു പറയുന്നതു തന്നെ ഏകവചനത്തിലല്ല, ബഹുവചനത്തില്‍ പ്രയോഗിക്കേണ്ട ഒന്നാണ്. അതിനു പല കാരണങ്ങളുണ്ട് - പൊതുവായ പ്രസ്ഥാനങ്ങളുണ്ട്, പ്രവണതകളുണ്ട്. അതിനേക്കാളേറെ വ്യത്യാസങ്ങളുമുണ്ട്. നമ്മുടെ ഭാഷകള്‍ രൂപപ്പെട്ടതും സാഹിത്യങ്ങള്‍ എഴുതപ്പെട്ടതും പല കാലങ്ങളിലായതുകൊണ്ടും, പ്രസ്ഥാനങ്ങള്‍ പല ഭാഷകളില്‍ കടന്നു വന്നത് ആ ഭാഷയുടെ സവിശേഷമായ പ്രതിഭാസ്വരൂപത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ്. പാശ്ചാത്യ ഭാഷകളുടെ സ്വാധീനവും വിമര്‍ശനങ്ങളും പോലും ഇവിടേയ്ക്കു കടന്നു വന്നതും ഒരേ രൂപത്തിലല്ല.
ഇന്ത്യയെന്നു പറയുന്നതേ ബഹുസ്വരതയാണ്. പക്ഷെ അതിന്നു കല്ലു കല്ലായി തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയും, പകരം ഒരൊറ്റ മതവും സംസ്‌കാരവും ഉള്ള ഒന്നായി നിര്‍മിക്കപ്പെടുകയും ചെയ്യുന്നു. ഇതു കണ്ടു നില്‍ക്കുക എന്നു പറയുന്നത് എന്റെ തലമുറയെ സംബന്ധിച്ചിടത്തോളം വിഷമമുള്ള ഒരു കാര്യമാണ്. ഞങ്ങള്‍ വളര്‍ന്ന ഇന്ത്യയിലല്ല ഞങ്ങള്‍ മരിക്കാന്‍ പോകുന്നത്. ഞങ്ങള്‍ സ്വപ്നം കണ്ട ഇന്ത്യ നിര്‍മ്മിക്കപ്പെടുകയാണു ചെയ്യുന്നത്. ആ ഇന്ത്യക്ക് വലിയ വെല്ലുവിളികള്‍ കോര്‍പ്പറേറ്റ് മുതലാളിത്വവും ഹിന്ദുത്വവും ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നത് നിരന്തരമായി നമ്മെ എല്ലാം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കേണ്ടതാണ്. പ്രതിരോധത്തിന്റെ മഹാഐക്യത്തിന് നഷ്ടപ്പെട്ടുപോകുന്ന നമ്മുടെ ചിന്തകള്‍ സഹായിക്കും എന്നു ഞാന്‍ പ്രത്യാശിക്കുന്നു.