Quantcast
MediaOne Logo

അനന്ദു രാജ്

Published: 17 Jun 2022 5:26 AM GMT

പ്രതിഷേധത്തിന്റെ കരിങ്കൊടിയും കറുപ്പിന്റെ രാഷ്ട്രീയവും

കറുത്ത തുണി പ്രതിരോധത്തിനായി ഉപയോഗിക്കുന്നവര്‍ ജനാധിപത്യത്തിന്റെ വശത്താണ് എന്ന് പൊതുവില്‍ പറയാമെങ്കിലും യഥാര്‍ഥത്തില്‍ അതൊരു വെള്ളക്കാരന്റെ കാഴ്ചയിലൂടെയുള്ള ബോധ്യമാണെന്ന് ആരോപിക്കാനാവും. അങ്ങനെ പ്രതിഷേധക്കാര്‍ കറുത്ത തുണി പ്രദര്‍ശിപ്പിക്കുന്നതിലൂടെ എതിര്‍വശത്തുള്ള വ്യക്തിയുടെയോ പ്രസ്ഥാനത്തയോ ഫാസിസത്തെയോ, പൈശാചികതയോ ചൂണ്ടികാണിക്കുകയാണ്.

പ്രതിഷേധത്തിന്റെ കരിങ്കൊടിയും  കറുപ്പിന്റെ രാഷ്ട്രീയവും
X
Listen to this Article

ലോകത്താകമാനം വെള്ളക്കാരന്റെ മേധാവിത്വത്തിലുള്ള ഭരണക്രമത്തിനോടും, അവന്റെ സ്വത്വം പേറുന്ന ലോക-സാമൂഹിക ക്രമത്തിനോടും, ഏകാധിപത്യ രാഷ്ട്രീയ-ആത്മീയ അധിനിവേശത്തിനോടും , സമഗ്രാധിപത്യത്തിനോടും കലഹിച്ചുകൊണ്ട്, അതിന് എതിരായിട്ടാണ് കറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ന്നു വന്നത്. കറുപ്പ് ഒരു നിറമെന്ന നിലയില്‍ ഉപയോഗപ്പെടുത്തികൊണ്ട് രാഷ്ട്രീയ-ആത്മീയ എലൈറ്റിസത്തെ എതിര്‍ത്തുകൊണ്ടുള്ള ഒന്നായിട്ടും, അതേപോലെ കറുപ്പ് ഒരു ഐഡന്റിറ്റി ആയി തിരിച്ചറിഞ്ഞുകൊണ്ട് വംശീയ അപ്രമാദിത്വത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന സാമൂഹിക-സാംസ്‌കാരിക സ്വേച്ഛാധിപത്യത്തെ എതിര്‍ത്തുകൊണ്ടുമുള്ള മറ്റൊരു സാംസ്‌കാരിക മുന്നേറ്റമായുമാണ് കറുപ്പിന്റെ രാഷ്ട്രീയത്തെ കാണാന്‍ സാധിക്കുന്നത്. ഇത്തരത്തിലുള്ള ജനാധിപത്യ പ്രതിരോധങ്ങളുടെ ഒരു കൗണ്ടര്‍ കള്‍ചര്‍ എന്ന നിലയില്‍ കറുപ്പിന്റെ ബദല്‍ രാഷ്ട്രീയത്തിന്റെ വികാസത്തെ ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും.

കറുപ്പിന്റെ രാഷ്ട്രീയത്തിലെ ചരിത്ര വഴികള്‍

'കറുപ്പ്' ഒരു നിറമെന്ന നിലയില്‍ ചരിത്രത്തില്‍ പലയിടത്തായി പലരീതിയില്‍ ഉപയോഗിക്കുന്നത് കാണാന്‍ സാധിക്കും. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മധ്യവര്‍ഗങ്ങള്‍ വിലകൂടിയ കറുപ്പ് വസ്ത്രങ്ങള്‍ തങ്ങളുടെ ആഡംബര ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുന്നതായി കാണാന്‍ സാധിക്കും. അക്കാലത്ത് അവിടങ്ങളിലെ നോബിള്‍സിന് (Nobles) മാത്രമായിരുന്നു നിയമപരമായി കളര്‍ വസ്ത്രങ്ങള്‍ ഇടാന്‍ പറ്റുമായിരുന്നത് എന്നതുകൊണ്ട് തന്നെ ഈ കറുപ്പ് വസ്ത്രങ്ങളുടെ ഉപയോഗം ഒരു ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തനമായോ, ബദല്‍ സൗന്ദര്യാത്മക സ്വത്വനിര്‍മാണമായോ വിലയിരുത്താവുന്നതാണ്. തുടര്‍ന്ന് കറുപ്പ് ഒരു പ്രധാന ഘടകമായി കാണാന്‍ സാധിക്കുന്നത് ക്രൈസ്തവ പ്രൊട്ടസ്റ്റന്റ് നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. കത്തോലിക്കരുടെ ആഡംബര വര്‍ണങ്ങള്‍ക്ക് എതിരായിട്ട് പ്രതീകാത്മക സ്വഭാവത്തില്‍ കറുപ്പിനെ അവര്‍ ഉപയോഗിക്കുകയും അങ്ങനെ കറുപ്പ് കാല്‍വിനിസത്തിന്റെ (Calvinism) നിറമായി മാറുകയും ചെയ്തു. ക്രിസ്തുമതത്തിനകത്തെ പൗരോഹിത്യത്തിന്റെ സ്വേച്ഛാധിപത്യത്തിനു എതിരെയുള്ള മുന്നേറ്റത്തിന്റെ ഈ കറുപ്പിന്റെ രാഷ്ട്രീയം, അവരിലെ വര്‍ണ മേധാവിത്ത സ്വഭാവത്തിനോട് ഉള്ള കലഹവും കൂടിയായിരുന്നു.


തുടര്‍ന്ന് വ്യത്യസ്ത മേഖലകളില്‍ കറുപ്പിന്റെ രാഷ്ട്രീയം പടര്‍ന്നു പിടിച്ചു. ഇരുപതാം നൂറ്റാണ്ടോടു കൂടി സ്ഥൂല ജനാധിപത്യത്തിന്റെ പ്രധിഷേധ-വിമര്‍ശന പ്രതീകമായി കറുപ്പ് വ്യാപകമായി ഉപയോഗിക്കുന്നതിനു ഒപ്പംതന്നെ സമാന്തരമായി സൂക്ഷ്മ രാഷ്ട്രീയത്തില്‍ അതിജീവന പ്രതീകമായി കറുപ്പിന്റെ രാഷ്ട്രീയം മാറുന്നതും കാണാന്‍ സാധിക്കും. വെളുത്ത വംശജരുടെ സാംസ്‌കാരിക-സാമൂഹിക അധിനിവേശങ്ങള്‍ക്കും, വര്‍ണ വിവേചനത്തിനും എതിരായി കറുപ്പ് തങ്ങളുടെ സ്വത്വപ്രതിനിധാനമായി ലോകത്തെമ്പാടും കറുത്ത വംശജര്‍ ഉയര്‍ത്തികാണിച്ചുകൊണ്ട് വര്‍ണത്തിന്റെ മേധാവിത്ത രാഷ്ട്രീയത്തെ ചെറുക്കുന്ന കറുപ്പിന്റെ രാഷ്ട്രീയം ശക്തി പ്രാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ 'എന്‍.എ.എ.സി.പി'( നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍) നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അമേരിക്കയില്‍ വലിയ മാറ്റങ്ങള്‍ തന്നെ ഉണ്ടായത്. 1947ല്‍ ജാക്കി റോബിന്‍സണ് മേജര്‍ ലീഗ് ബേസ്‌ബോളില്‍ കളിക്കാന്‍ സാധിച്ചതു മുതല്‍ 1948ല്‍ പ്രസിഡന്റ് ഹാരി.എസ് ട്രൂമെന്‍ സായുധ സേനയില്‍ എല്ലാവര്‍ക്കും അവസരം നല്‍കികൊണ്ടുള്ള വര്‍ണവിവേചനത്തിന് തടയിടുകയും 1954ല്‍ കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വ്യത്യസ്ത സ്‌കൂളുകള്‍ എന്ന നീതിനിഷേധത്തിന് എതിരായി യു.എസ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് വരെയും ഈ കറുപ്പിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി മനസ്സിലാക്കേണ്ടതാണ്.




പിന്നീട് അമേരിക്കയില്‍ നടന്ന മോണ്ട്‌ഗോമറി ബസ് ബോയ്‌കോട്ട് (1955), നോര്‍ത്ത് കരോലീനയില്‍ നടന്ന സിറ്റ്-ഇന്‍ (1960), ഫ്രീഡം റൈഡ് (1961), പിന്നീടങ്ങോട്ട് മാര്‍ട്ടിന്‍ ലുദര്‍ കിങ്ങിന്റെയും, 'എസ്. സി. എല്‍. സി' (സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്) യുടെയും നേതൃത്വത്തില്‍ നടന്ന ബിര്‍മിങ്ങാം, വാഷിങ്ടണ്‍, സെല്‍മ സമരങ്ങള്‍ (196364), മിസ്സിസ്സിപ്പി ഫ്രീഡം സമ്മര്‍ (1964) തുടങ്ങിയവ 'കറുപ്പിന്റെ' സ്വത്വരാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണ്. ഇന്ത്യയിലും ഇത്തരത്തില്‍ കറുപ്പിന്റെ രാഷ്ട്രീയം സ്വത്വപ്രതിസന്ധിയെയും, സാമൂഹിക അസമത്വങ്ങളെയും ഇക്കാലത്തു തന്നെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇവിടെ എന്നാല്‍ കേവലം കറുപ്പ് ഒരു നിറമെന്നതിന് അപ്പുറം 'ജാതികറുപ്പ്' ആയി പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ സങ്കീര്‍ണതയും, രീതികളും വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും പൊളിറ്റിക്കല്‍ മൂവ്‌മെന്റ് എന്ന നിലയില്‍ ഇന്ത്യയില്‍ 'ദലിത് പാന്തേഴ്‌സ് ' ഉണ്ടായിവരുന്നത് അമേരിക്കയിലെ 'ബ്ലാക്ക് പാന്തേഴ്‌സിന്റെ' ചുവടുപറ്റി തന്നെയാണ്. 1968ലെ മാര്‍ട്ടിന്‍ ലുദര്‍ കിങ്ങിന്റെ അസ്സാസ്സിനേഷനും 'ബ്ലാക്ക് പവര്‍' മുന്നേറ്റത്തിന്റെ ശക്തമായ കടന്നുവരവും റാഡിക്കല്‍ ആയ മറ്റൊരു ദിശയിലേക്ക് കൂടി കറുപ്പിന്റെ രാഷ്ട്രീയത്തെ വഴി നടത്തി. അങ്ങനെ വ്യത്യസ്ത രീതിയില്‍ വയലന്‍സിലൂടെയും അല്ലാതെയും ജനാധിപത്യത്തെയും, നീതിയേയും ഉറപ്പിക്കാന്‍ കറുപ്പ് ഒരു സ്വത്വപ്രതിനിധാനമായി ഉപയോഗപ്പെടുത്തുന്ന മുന്നേറ്റങ്ങള്‍ ധാരാളമായി ഉണ്ടായിതുടങ്ങി.




ഇരുപതാം നൂറ്റാണ്ടിലെ ഈ സൂഷ്മരാഷ്ട്രീയത്തിന്റെ ബ്ലാക്ക് പൊളിറ്റിക്സില്‍ നിന്ന് വ്യത്യസ്ത മനോഭാവത്തിലാണ് കറുത്ത നിറത്തിലുള്ള തുണികളുടെയും മറ്റും പ്രതിഷേധ ഉപയോഗങ്ങള്‍ ഉണ്ടാവുന്നത്. എങ്കിലും സ്ഥൂലാര്‍ഥത്തില്‍ നീതിയുടെ പക്ഷം എന്നോണം രണ്ടിനെയും ചേര്‍ത്തുവായിക്കാനും സാധിക്കും. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിലെ റെസിസ്റ്റന്‍സ് പോരാളികള്‍ തലയില്‍ കറുത്ത ബേരെറ്റ് തൊപ്പികള്‍ ധരിച്ചിരുന്നു. ഇതിന് സമാനമായി 1960 കളില്‍ ബ്ലാക്ക് പാന്തര്‍ മുന്നേറ്റത്തിലെ പ്രവര്‍ത്തകരെല്ലാം കറുത്ത ബെരെറ്റ് തൊപ്പികളും, കറുത്ത വസ്ത്രരീതിയും പിന്തുടര്‍ന്നിരുന്നു. ഇവിടെ കറുപ്പ് പ്രതിനിധാനം ചെയ്തത് ഒരേസമയം സംഘടിത സ്വഭാവത്തെയും, ശക്തിയേയുമാണ്. അതേസമയം കറുപ്പിന് ഭരണസംവിധാനങ്ങളോടുള്ള കലഹത്തെയും ചൂണ്ടികാണിക്കാന്‍ സാധിക്കും. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാ സ്വേച്ഛാധിപത്യ-മേധാവിത്ത വ്യവസ്ഥകളെയും ഭരണങ്ങളേയും എതിര്‍ത്തുകൊണ്ടാണ് ചരിത്രത്തിലുടനീളം കറുപ്പ് പ്രത്യക്ഷപ്പെടുന്നത്.

പ്രതിഷേധത്തിന്റെ കറുത്ത കൊടി

'കറുപ്പിന്റെ' രാഷ്ട്രീയ ചരിത്രത്തിലെയും പ്രയോഗത്തിലെയും ഏറ്റവും നിരുപദ്രവകരവും ശക്തവുമായ പ്രതിഷേധ മുറയാണ് കറുത്ത തുണിയൊ, കൊടിയോ ഉയര്‍ത്തുകയോ, വീശുകയോ ചെയ്യുക എന്നത്. ധര്‍ണയോ, സമരങ്ങളോ, റാലിയോ പോലെ ഒരുപാട് ആളുകള്‍ വേണമെന്നോ വലിയ പ്രസംഗങ്ങളുടെ അകമ്പടിയോ ഈ സമരമാര്‍ഗത്തിന് വേണമെന്ന് ഇല്ല. മാധ്യമങ്ങളുടെ പിന്തുണയോ, രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹായമോ ഈ രീതിയ്ക്ക് പ്രധാനവുമല്ല. ഒരു വ്യക്തിക്ക് മാത്രമാണെങ്കില്‍ പോലും ഈ രീതികൊണ്ട് തന്റെ ശക്തമായ വിയോജിപ്പ് അറിയിക്കാനും സാധിക്കും എന്നിടത്താണ് ഈ സമരമാര്‍ഗത്തിന്റെ പ്രാധാന്യം കിടക്കുന്നത്. ഒരു സമഗ്രാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഏറ്റവും ലളിതമായും, ഏറ്റവും സമാധാനപൂര്‍വമായും തങ്ങളുടെ എതിര്‍പ്പ് അറിയിക്കാന്‍ സാധിക്കുമെന്നതുകൊണ്ടും, എത്രപേര്‍ക്ക് വേണമെങ്കിലും യാതൊരു മാര്‍ഗനിര്‍ദ്ദേശവുമില്ലാതെ പ്രതിഷേധിക്കാന്‍ കഴിയുമെന്നത് കൊണ്ടും ലോകമെമ്പാടും വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഈ രീതി.


'കറുപ്പ് ' എതിര്‍പ്പിന്റെ നിറമായി പൊതുവില്‍ കണക്കാക്കുന്നതിന്റെ ഭാഗമായാണ് കറുത്ത കൊടികളും തുണികളും സ്ഥൂലരാഷ്ട്രീയ പ്രതിഷേധത്തിനായി ഉപയോഗിക്കുന്നത് എന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല (കറുപ്പിന്റെ സ്വത്വരാഷ്ട്രീയത്തെയോ, അതിജീവനത്തിന്റെ ഭാഗമായി കറുപ്പിനെ ഉപയോഗിക്കുന്നതിനെയോ അല്ല പറയുന്നത്). ഇങ്ങനെ കറുത്ത തുണി പ്രതിരോധത്തിനായി ഉപയോഗിക്കുന്നവര്‍ ജനാധിപത്യത്തിന്റെ വശത്താണ് എന്ന് പൊതുവില്‍ പറയാമെങ്കിലും യഥാര്‍ഥത്തില്‍ അതൊരു വെള്ളക്കാരന്റെ കാഴ്ചയിലൂടെയുള്ള ബോധ്യമാണെന്ന് ആരോപിക്കാനാവും. അങ്ങനെ പ്രതിഷേധക്കാര്‍ കറുത്ത തുണി പ്രദര്‍ശിപ്പിക്കുന്നതിലൂടെ എതിര്‍വശത്തുള്ള വ്യക്തിയുടെയോ പ്രസ്ഥാനത്തയോ ഫാസിസത്തെയോ, പൈശാചികതയോ ചൂണ്ടികാണിക്കുകയാണ്. ആ തുണി അതേസമയം ഒരു കണ്ണാടി പോലെ മേല്‍പറഞ്ഞ തന്റെ ഫാസിസത്തെയും, പൈശാചികതയേയും പ്രതിനിധാനം ചെയ്യുന്നു എന്ന ബോധ്യത്തിനാലാണ് എതിര്‍കക്ഷിക്ക് അതിനോട് വലിയ വിയോജിപ്പ് ഉണ്ടാവുന്നതും, മറ്റ് സമരമുറയെക്കാള്‍ ഏറെ ഹത്യസ്വഭാവം തോന്നുന്നതും. എന്നിരുന്നാലും ഇന്നത്തെ പൊതുബോധത്തിന്റെ തലത്തില്‍ കറുത്ത തുണിയുടെ പ്രയോഗം ഒരേപോലെ ജനാധിപത്യ സ്വഭാവത്തിലുള്ളതും, ആധുനിക പൗരന്റെ സമാധാനപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തിന് ഉതകുന്നതുമാണ്. അതുകൊണ്ട് തന്നെ അത്തരം സമരമുറകള്‍ സമകാലീന ലോകത്ത് ഏറെ സാധ്യതകള്‍ ഉള്ളതുമായി കാണാവുന്നതാണ്.


'കറുപ്പിനോടുള്ള' പ്രതിപ്രവര്‍ത്തനം- ചൈന മുതല്‍ കേരളം വരെ

കറുത്ത വസ്ത്രവും കൊടിയും ഉയര്‍ത്തിയുള്ള സമരങ്ങള്‍ ഏറ്റവും സമാധാനപൂര്‍ണവും നിരുപദ്രവകരവുമായിരിക്കെ ഇതിന് നിയന്ത്രണമുള്ളതും, ഇത് നിയമത്തിനുള്ളില്‍ ക്രിമിനല്‍ ഒഫന്‍സ് ആയി പരിഗണിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അത് കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ നിയമമാണ്. അതേസമയം ബ്രിട്ടനില്‍ അത് നിയമവിധേയമാണ് താനും. തങ്ങളുടെ ഭരണത്തിന് എതിരായി ഇന്ത്യക്കാര്‍ ഇത്തരം സമരമുറകള്‍ നടത്തിയതിന്റെ ഭാഗമായിട്ടാണ് അവര്‍ ഇതിന് എതിരെ നിയമം കൊണ്ടുവന്നത്. 1928ല്‍ സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍, ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഉള്‍പ്പടെ അതിനെതിരെ കറുത്ത കൊടിയുയര്‍ത്തി പ്രതിഷേധം അറിയിച്ചതിന് അവരെ ക്രൂരമായി മര്‍ദിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. അങ്ങനെ ഫാഷിസ്റ്റ് സമഗ്രാധിപത്യ കൊളോണിയല്‍ ഭരണകൂടം തുടങ്ങിവെച്ച ജനാധിപത്യത്തിനെതിരെ ഉള്ള ഈ നടപടി തുടര്‍ന്നും ഇന്ത്യയില്‍ പല ഭാഗത്തും ഫാഷിസ്റ്റ് നേതാക്കള്‍ ക്രൂരമായി ഉപയോഗപ്പെടുത്തി. അതിന് ഉദ്ദാഹരണമാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന 11 വിദ്യാര്‍ഥികള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ കറുത്ത കൊടി കാണിച്ചതിന് ജയിലിലകപ്പെട്ടത്. അത്രമേല്‍ അസഹിഷ്ണുതയാണ് ഈ ഫാഷിസ്റ്റ് ഭരണകൂടത്തിന് ഇത്തരമൊരു സമരമുറയോടുള്ളത്.


ഇത്തരം അസഹിഷ്ണുതകളുടെ ഭാഗമായാണ് പ്രതിഷേധക്കാരുടെ വേഷം നിശ്ചയിക്കുന്നതിലേക്കും, അത്തരം സമരങ്ങളെ ഫാഷിസമായി ചിത്രീകരിക്കുന്നതിലേക്കും ഭരണകര്‍ത്താക്കള്‍ കടക്കുന്നത്. 2019ല്‍ ഹോങ്കോങ് സമരങ്ങളുടെ ഭാഗമായി നടന്ന വലിയ സമരങ്ങളെ ഇല്ലായ്മചെയ്യാനാണ് കറുത്ത വസ്ത്രത്തെയും, കറുത്ത മാസ്‌ക് തുടങ്ങി അണ്ടര്‍വെയര്‍ വരെ ഉള്ളവയെ ഹോങ്കോങ് ബാന്‍ ചെയ്യുന്നത്. കൊളോണിയല്‍ ഭരണത്തെ പിന്‍പറ്റി തന്നെയായിരുന്നു അവിടെ അത് നടപ്പാക്കിയത്. സമാനമായാണ് 2022ല്‍ കേരളത്തിലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായി പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധങ്ങള്‍ നടത്തിയപ്പോള്‍ കറുത്ത വസ്ത്രമോ, മാസ്‌കോ ഇടരുത് എന്ന് നിബന്ധന അധികാരികള്‍ നടപ്പാക്കിയത്. സര്‍ക്കാര്‍ പറഞ്ഞിട്ടില്ല എന്ന് ന്യായവാദങ്ങള്‍ പിന്നീട് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നിയമപാലകരുടെയും, പാര്‍ട്ടിക്കാരുടെയും സമീപനങ്ങളും, മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവരുടെ മൗനവും മറിച്ചാണ് പറയുന്നത്. വാര്‍ത്താമാധ്യമങ്ങള്‍ ഇതിനെ ശരിവയ്ക്കുന്ന നിലയില്‍ ധാരാളം ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവിടുകയും ചെയ്തിരുന്നു. ജനങ്ങളുടെ വസ്ത്രസ്വാതന്ത്ര്യത്തെയും, വ്യക്തിയവകാശങ്ങള്‍ക്കും മുകളിലുള്ള ഫാഷിസ്റ്റ് കടന്നുകയറ്റം തന്നെയാണ് ഇത്തരം നടപടികള്‍. കഴിഞ്ഞ കാലങ്ങളില്‍ കറുത്ത തുണിയുടെ കൊടികളാണ് അസഹിഷ്ണുതയ്ക്ക് കാരണമായെങ്കില്‍ ഈ കോവിഡാനാന്തര കാലത്ത് മാസ്‌ക് പോലും ഇതിന് കാരണമാവുന്നു എന്നതാണ്. പ്രതിപക്ഷമായിരുന്നപ്പോള്‍ ഇത്തരം സമരങ്ങളെ സപ്പോര്‍ട്ട് ചെയ്തിരുന്ന കേരള മുഖ്യമന്ത്രി ഉള്‍പ്പടെ ഈ വിഷയത്തില്‍ മൗനസമ്മതം നല്‍കിയത് ഭരണകൂടം സമഗ്രാധിപത്യത്തെ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്. ഇത്തരം സമഗ്രാധിപതികള്‍ക്കാണ് ചരിത്രത്തില്‍ എല്ലായിടത്തും കറുപ്പിനോടുള്ള വൈര്യം ഏറെയെന്നതും പ്രത്യക്ഷ ബോധ്യമാണല്ലോ. എന്നിരുന്നാലും കറുപ്പിന്റെ രാഷ്ട്രീയം ഇവയ്‌ക്കൊക്കെയും മീതെ നീതിയ്‌ക്കൊപ്പം നില്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഇപ്പോള്‍ നടന്ന ഈ കറുത്ത മാസ്‌കിന്റെ ബാന്‍ ഉള്‍പ്പടെ ഉള്ളവ മുന്നോട്ട് ഉള്ള കറുപ്പിന്റെ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുമെന്ന് തീര്‍ച്ചയാണ്. ഫാഷിസത്തിന്റെ അസഹിഷ്ണുതകളില്‍നിന്നാണല്ലോ സമരമുറകള്‍ ഉയിര്‍കൊള്ളുന്നത്. അതുകൊണ്ട് തന്നെ കറുത്ത മാസ്‌ക് പുതുകാലത്തിന്റെ ശക്തമായ സമരമുറയാകും എന്നത് തീര്‍ച്ചയാണ്.



TAGS :